Friday, 5 December 2025

മുതിർന്ന പൗരന്മാർക്ക് സൗജന്യ കുപ്പി

#മുതിർന്നപൗരന്മാർക്ക് '#സൗജന്യകുപ്പി'. 
​കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്. എം.എൽ.എ. ഇലക്ഷനോ എം.പി. ഇലക്ഷനോ ഒന്നുമല്ല, നമ്മുടെ അയൽപക്കത്തെ ചേട്ടനും ചേച്ചിയും പിള്ളേച്ചനും കോയായും ഒക്കെ "സ്ഥാനാർത്ഥി" കുപ്പായമണിഞ്ഞ് ഇറങ്ങുന്ന തികച്ചും 'കുടുംബപരമായ' ഒരു ഉത്സവം.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഒരു 'ആഗോള' എപ്പിസോഡ് ഇവിടെ അരങ്ങേറുകയാണ്. ​പക്ഷേ, ഇത്തവണത്തെ ട്രെൻഡ് അൽപ്പം വെറൈറ്റിയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കേണ്ടി വരില്ല എന്ന കീഴ് വഴക്കമുള്ളതിനാൽ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ പ്രയോഗിക്കാം.

പണ്ടൊക്കെ വാർഡിലെ പൊട്ടിയ പൈപ്പ് നന്നാക്കാം, വഴിവിളക്ക് ഇടാം, ഇടവഴി ടാർ ചെയ്യാം എന്നൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ കാലം മാറി, കോലം മാറി, കഥയും മാറി . ഇന്നത്തെ സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾ കേട്ടാൽ അമേരിക്കൻ പ്രസിഡന്റ് പോലും ഒന്ന് ഞെട്ടും. പുടിൻ്റെ കാര്യം പറയാനുമില്ല

​കുടിവെള്ളമാർക്കു വേണം, അത് സുലഭമാണല്ലോ, പൊട്ടിയ പൈപ്പുകൾക്ക് സമീപം ബക്കറ്റ് പിടിച്ചാൽ മതി, നമുക്ക് വേണ്ടത് വിമാനത്താവളം!
​ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ് വികസന വാഗ്ദാനങ്ങളാണ്. ഒരു സ്ഥാനാർത്ഥി മൈക്കിലൂടെ അനൗൺസ് ചെയ്യുന്നത് കേട്ടു: "പ്രിയപ്പെട്ട വോട്ടർമാരെ, ഞാൻ ജയിച്ചാൽ നമ്മുടെ മൂന്നാം വാർഡിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുവരും!" മറ്റ് ഒരു വാർഡ് മെമ്പർക്കും അവകാശപ്പെടാൻ പറ്റാത്ത കാര്യമാണിത്.

​ഇത് കേൾക്കുന്ന വോട്ടർ അന്തംവിട്ടു നിൽക്കും.. ആകെ അഞ്ഞൂറ് വീടുകളും നാലു കപ്പകൃഷി തോട്ടവും, ഒരു ജൈവപൂകൃഷി എന്ന് വിശേഷിപ്പിക്കുന്ന രാസവളപൂകൃഷിയും പിന്നെ 
 4 വഴിയോര മീൻ വെട്ടു കേന്ദ്രങ്ങളു മാണുള്ളത്.  ഒന്നിനുപോലും വൃത്തിയില്ല.പണ്ട് രാജാക്കന്മാരുടെ കാലത്ത് വൃത്തിയായി സൂക്ഷിച്ചിരുന്ന ഗ്രാമീണ മീൻചന്തകൾ എല്ലാം അപ്രത്യക്ഷമായി. മീൻവരുന്നതും കാത്ത് കിടന്നിരുന്ന ചന്തപ്പട്ടികൾ ഇപ്പോൾ വഴിയോര മീൻതട്ടുകേന്ദ്രങ്ങളിലാണ് വിശ്രമിക്കുന്നത്. മീൻ കിട്ടിയില്ലെങ്കിൽ നായ്ക്കൾ സ്കൂളിൽ പോകുന്ന കുഞ്ഞു കുട്ടികളുടെമേൽ ചാടി വീഴും
ചന്തപ്പിരിവും ചന്ത പിരിയലും ഇന്നില്ല

അങ്ങനെയുള്ള ഈ പഞ്ചായത്ത്  വാർഡിൽ എവിടെയാണ് വിമാനത്താവളം പണിയുക? റൺവേ ഒരുപക്ഷേ പഞ്ചായത്ത് കുളത്തിന് മുകളിലൂടെയാകാം. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ വാർഡിലെ തെങ്ങോലകളിൽ തട്ടാതിരിക്കാൻ തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമോ എന്ന കാര്യത്തിൽ ആലോചന വേണ്ടി വരും. മരം വെട്ടിൽ കേമനായ ഒരു ചാനൽ മുതലാളിയോട് പറഞ്ഞാൽ അദ്ദേഹം സൗജന്യമായി തെങ്ങല്ലാം വെട്ടി കൊണ്ടു പോയ്ക്കൊള്ളും. തെങ്ങുകൾ  വേണമെന്നില്ല, "വാർഡിൽ നിന്നൊരു ഫ്ലൈറ്റ് പിടിച്ച് ദുബായിൽ പോകാൻ പറ്റുമല്ലോ" എന്ന ആശ്വാസത്തിലാണ് വോട്ടർമാർ.

​ഇതുകൊണ്ടൊന്നും തീർന്നില്ല. അടുത്ത വാഗ്ദാനം 'മൊബിലിറ്റി ഹബ്ബ്' ആണ്. ഓട്ടോറിക്ഷ കഷ്ടിച്ച് കടന്നുപോകുന്ന ഇടവഴി വികസിപ്പിച്ച് അവിടെ വമ്പൻ ബസ് ടെർമിനലും മെട്രോ സ്റ്റേഷനും പണിയുമത്രേ. എ എസ് കനാൽ ആഴം കൂട്ടി വാട്ടർ  മെട്രോക്ക് ഉപയോഗിക്കും.

വാർഡിലെ ചായക്കടയുടെ മുന്നിലുള്ള റോഡിലെ കുഴി അടയ്ക്കാൻ ഫണ്ടില്ലാത്ത പഞ്ചായത്തിലാണോ മെട്രോയും മോണോറയിലും വരാൻ പോകുന്നത്? ചിലർ വിമർശിച്ചേക്കാം അത് കാര്യമാക്കി എടുക്കേണ്ടതില്ല.

​വികസന പ്രവർത്തനങ്ങൾക്കൊപ്പം, ജനങ്ങൾക്ക് നേരിട്ട് കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആരും വോട്ട് ചെയ്തുപോകും. സൗജനം​വീടും വസ്ത്രവും: "ജയിച്ചാൽ എല്ലാവർക്കും ഇരുനില വീട്, അലമാര നിറയെ പട്ടുസാരിയും ബ്രാൻഡഡ് ഷർട്ടും. പാൻ്റ്സും. കുളിക്കാൻ രാംരാജ് മുണ്ടുകൾ. തോർത്ത് പൊറോട്ട അടിക്കാർക്ക് മാത്രമായി സംവരണം ചെയ്യും 

റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ ക്യൂ നിൽക്കുന്ന ജനങ്ങൾ അപ്രത്യക്ഷമാകും. സോമാറ്റോ എല്ലാവർക്കും  ഭക്ഷണ പാഴ്സലുകൾ വീട്ടിലെത്തിക്കും. ഓരോ വീട്ടിലും 55 ഇഞ്ച് എൽ.ഇ.ഡി ടിവിയും, വീട്ടിലെ എല്ലാവർക്കും ഐഫോണും! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടി സൗജന്യമായി നൽകുമോ എന്ന് ചോദിക്കേണ്ടതില്ല, അതുണ്ടാവും.

സൊമാറ്റോ സർവീസ് ആവശ്യമില്ലാത്തവർക്ക് ​ദിവസവും ഭക്ഷ്യക്കിറ്റ്.  പണ്ട് ഓണത്തിനും വിഷുവിനും കിട്ടിയിരുന്ന കിറ്റ് ഇനി മുതൽ ദിവസവും രാവിലെ വീട്ടുപടിക്കൽ എത്തും. അടുക്കളയിൽ തീ പുകയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് ഈ പ്രത്യേകസംവിധാനം.

​മുതിർന്ന പൗരന്മാരോടുള്ള 'കരുതൽ'
​വാഗ്ദാനങ്ങളിൽ ഏറ്റവും ആവേശം കൊള്ളിക്കുന്നതാണ് അവർക്ക് മാത്രമായുള്ള  "സൗജന്യ കുപ്പി!"  യുവാക്കൾ ആരെങ്കിലും വയസ്സ് തിരുത്തി ഈ സൗജന്യം അവകാശപ്പെട്ടാൽ അത് കർശനമായി നേരിടും. വയോജന വാഗ്ദാനം കേട്ട് നാട്ടിൻ പുറത്തേ  വയസ്സൻ ക്ലബ്ബുകൾ ഉണർന്നു കഴിഞ്ഞു.

 "പെൻഷൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, വൈകുന്നേരത്തെ കാര്യം കുശാലായാൽ മതി" എന്നാണ് ചില മുതുക്കന്മാരുടെ ലൈൻ. ബിവറേജസ് കോർപ്പറേഷന്റെ ഒരു ശാഖ ഓരോ വാർഡിലും സ്ഥാപിക്കും. ഇതോടെ മദ്യവിരുദ്ധ സമിതി എന്ന ഒരു കൂട്ടം വികസന വിരോധികൾ പാടെ അപ്രത്യക്ഷരാകും.
എതിർ സ്ഥാനാർത്ഥിയുടെ ക്യാമ്പിലെ വോട്ടർമാർ  മറുകണ്ടം ചാടാൻ ഇത്തരം വാഗ്ദാനങ്ങൾ വളരെ ഫലപ്രദമാണ്.
​ഇതൊക്കെ കേൾക്കുമ്പോൾ പാവം വോട്ടർമാർക്ക് ചിരിക്കണോ കരയണോ എന്ന് തോന്നിയേക്കാം. പഞ്ചായത്ത് മെമ്പർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക്  പരിധി നിശ്ചയിക്കാത്തത് കൊണ്ട് സ്ഥാനാർത്ഥികൾക്ക് എന്തും പറയാം.

ഒരു ജനന സർട്ടിഫിക്കറ്റിനോ, വീട്ടുനമ്പറിനോ വേണ്ടി പഞ്ചായത്ത് ഓഫീസ് ചെന്നാൽ സ്വന്തം ജോലി ചെയ്യാതെ അക്ഷയ കേന്ദ്രത്തിലേക്ക് പറഞ്ഞു വിടുന്ന ഉദ്യോഗസ്ഥർ ഉള്ള നാട്ടിലെ ജനത്തോടാണ് ഈ "സ്വർഗ്ഗരാജ്യം" പണിയുമെന്ന് സ്ഥാനാർത്ഥികൾ പറയുന്നത്.

​ജയിച്ചു കഴിഞ്ഞാൽ പിന്നെ വിമാനത്താവളം പോയിട്ട്, വാർഡിലെ ഓട വൃത്തിയാക്കാൻ പോലും ഫണ്ട് ഉണ്ടാകില്ല എന്നതാണ് സത്യം. "വിമാനത്താവളം പണിയാൻ നോക്കിയതാ, പക്ഷെ സ്ഥലം അക്വയർ ചെയ്യാൻ പറ്റിയില്ല, അതുകൊണ്ട് നമുക്ക് ആ ഫണ്ട് കൊണ്ട് ഒരു പുതിയ ചിരിക്ളബ്ബ തുടങ്ങാം" എന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇവർ തന്നെ പറയും.

​എന്തായാലും തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ ഉത്സവമാണല്ലോ.? സ്ഥാനാർത്ഥികൾക്ക് എന്തും പറയാം, വോട്ടർമാർക്ക് എന്തും കേൾക്കാം. വോട്ടെണ്ണൽ കഴിയുന്നത് വരെ ഈ വാഗ്ദാനങ്ങളുടെ ബലൂണുകൾ ഇങ്ങനെ അന്തരീക്ഷത്തിൽ പറന്നു നടക്കും.
​നാളെ നമ്മുടെ വീട്ടുമുറ്റത്ത് വിമാനം ഇറങ്ങിയില്ലെങ്കിലും, സൗജന്യമായി ഐഫോൺ കിട്ടിയില്ലെങ്കിലും, നമുക്ക് കിട്ടുന്ന ഈ 'തമാശകൾ' ആസ്വദിക്കുക തന്നെ. കാരണം, അടുത്ത അഞ്ച് വർഷത്തേക്ക് ചിരിക്കാൻ വക നൽകുന്നത് ഈ വാഗ്ദാനങ്ങൾ മാത്രമായിരിക്കും!
-കെ എ സോളമൻ

Saturday, 29 November 2025

നന്ദിപൂർവം - കഥ

നന്ദിപൂർവം - കഥ - കെ എ സോളമൻ

ഏഴ് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ് ഞാൻ.  പുറംലോകവുമായി പൊരുത്തപ്പെടാൻ തുടങ്ങുന്നതേയുള്ളൂ. എനിക്ക് സംസാരിക്കാൻ ആവില്ല. എൻറെ അമ്മ എന്നെ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അമ്മത്തൊട്ടിലിൽ എത്തുന്നവരെല്ലാം അനാഥരാണെങ്കിൽ ഞാനും അങ്ങനെയാണ്. എൻ്റെ അമ്മയെ കുറ്റപ്പെടുത്താൻ എനിക്കാവില്ല, സാഹചര്യം അതായിരിക്കണം. എൻറെ അമ്മ സുരക്ഷിതയായി വീട്ടിൽ തിരികെ എത്തിക്കാണുമെന്ന് വിശ്വസിച്ച് ഞാൻ ആശ്വാസം കൊള്ളുന്നു. 

ഈ സമയത്ത്  ലോകം എനിക്ക്  വളരെ പരിമിതമാണെങ്കിലും, അത്ഭുതകരമായ പല കാര്യങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും.
എനിക്ക് നിറങ്ങൾ തിരിച്ചറിയാൻ പറ്റുമോയെന്നു ചോദിച്ചാൽ 
​ഇല്ല, ഇപ്പോൾ സാധിക്കില്ല. ജനിച്ച് ഒരാഴ്ചയാകുമ്പോൾ കുഞ്ഞുങ്ങളുടെ കാഴ്ചശക്തി പൂർണ്ണമായും വികസിച്ചിട്ടുണ്ടാവില്ല. കറുപ്പ്, വെളുപ്പ്, ഇവ രണ്ടു ചേർന്ന ചാരനിറം എന്നിവ മാത്രമേ ഈ സമയത്ത് കാണാൻ സാധിക്കൂ.

കടും നിറങ്ങളോടും  വെളിച്ചത്തോടും എല്ലാ കുഞ്ഞുങ്ങൾക്കും എന്നപോലെ എനിക്കും താൽപ്പര്യമുണ്ട്.
ഏകദേശം  12 ഇഞ്ച് അകലം വരെയുള്ള കാഴ്ചകൾ മാത്രമേ എനിക്കു വ്യക്തമായി കാണാൻ കഴിയൂ.
 അമ്മ മുലയൂട്ടുമ്പോൾ മുഖത്തേക്ക് ഉള്ള ദൂരം മാത്രം. പക്ഷെ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല. അതുകൊണ്ട് ആ കാഴ്ചകളും അതിനപ്പുറമുള്ളതുമെല്ലാം എനിക്ക് അവ്യക്തമാണ്
തീർച്ചയായും എനിക്ക് ശബ്ദം തിരിച്ചറിയാൻ പറ്റും 

ചിന്തിക്കാൻ കഴിയാത്ത ഒരു കുഞ്ഞിന് ഇതൊക്കെ എങ്ങനെ പറയാൻ കഴിയും എന്നതായിരിക്കും നിങ്ങളുടെ ചിന്ത. 
ചിന്തിക്കാൻ ആകുമെങ്കിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്. 

കേൾവി ശക്തി  എല്ലാ കുഞ്ഞുങ്ങളുടേതും എന്നപോലെ ഗർഭപാത്രത്തിൽ വെച്ചുതന്നെ വികസിച്ചതാണ്. അതിനാൽ, എനിക്ക്  പരിചിതമായ ശബ്ദങ്ങൾ, പ്രത്യേകിച്ച് എൻ്റെ അമ്മയുടെ ശബ്ദം ഞാൻ വേഗത്തിൽ തിരിച്ചറിയും. പക്ഷേ എൻ്റെ അമ്മ? എനിക്ക് ആ ഭാഗ്യം വെറും ഏഴു ദിവസം മാത്രമേ വിധി അനുവദിച്ചിരുന്നുള്ളു. ഇനി ചിലപ്പോൾ ഏതെങ്കിലും ഒരമ്മ,  അല്ലെങ്കിൽ  അനേകം അമ്മയാർ.

പുതിയ ശബ്ദങ്ങൾ  തിരിച്ചറിയാൻ എനിക്ക് ഭാഗ്യമുണ്ടാകേണ്ടിയിരിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടുകയോ  കരയുകയോ ചെയ്തേക്കാം. താരാട്ടുപാട്ടുകളോ മൃദുവായ വർത്തമാനങ്ങളോ എന്നെ ശാന്തമാക്കാൻ സഹായിക്കും.
ഒരുപക്ഷേ ഭാഗ്യമു ണ്ടെങ്കിൽ എനിക്ക് ലഭിക്കാൻ പോകുന്നത് റെക്കോർഡ് ചെയ്ത താരാട്ട് പാട്ടുകളായിരിക്കും.  " ഓമനത്തിങ്കൾ കിടാവോ " പോലുള്ളവ '

​സംസാരിക്കാൻ കഴിയില്ലെങ്കിലും എനിക്ക്  എൻ്റെ ആവശ്യങ്ങൾ അറിയിക്കാൻ പല വഴികൾ ഉണ്ട്. കരച്ചിൽ ആണ് മുഖ്യം. 

വിശപ്പ്, അസ്വസ്ഥത, ഉറക്കം, അല്ലെങ്കിൽ അമ്മയുടെ സാമീപ്യം വേണം എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഞാൻ കരച്ചിലിലൂടെ പ്രതികരിക്കും. ഓരോ ആവശ്യത്തിനും കരച്ചിലിന്റെ രീതി വ്യത്യസ്തമായിരിക്കും. 

കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് സ്പർശനമാണെന്ന് നിങ്ങൾക്കറിയാമല്ലോ?  അമ്മ നെഞ്ചോട് ചേർത്തുപിടിക്കുന്നതും  തലോടുന്നതും ഏതു കുഞ്ഞാണ് ആഗ്രഹിക്കാത്തത്? അമ്മയുടെ ലാളന എല്ലാ കുഞ്ഞുങ്ങൾക്കും സുരക്ഷിതബോധം നൽകും. ഏതമ്മ  എന്നത് എന്നെ സംബന്ധിച്ച്  ഒരു പ്രഹേളികയായി അവശേഷിക്കുകയാണ് -

ഞാൻ ഇപ്പോൾ  അറിഞ്ഞുകൊണ്ട് ചിരിക്കില്ലെങ്കിലും, ഉറക്കത്തിലോ മറ്റോ എൻ്റെ മുഖത്ത് ചെറിയ ഭാവവ്യത്യാസങ്ങൾ കണ്ടേക്കാം. സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാകും'
ഒരാഴ്ച മാത്രം പ്രായമുള്ള എനിക്ക് ഗന്ധം തിരിച്ചറിയാനുള്ള  കഴിവ് വളരെ കൂടുതലാണ്. അമ്മയുടെ ശരീരഗന്ധവും മുലപ്പാലിന്റെ മണവും എനിക്ക്  കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വരുംദിവസങ്ങളിൽ എങ്ങനെ എന്നത് ഒരു ചോദ്യചിഹ്നമായി എൻറെ മുന്നിൽ അവശേഷിക്കുകയാണ്.
എൻ്റെ കൈവിള്ളയിൽ നിങ്ങൾ വിരൽ വെച്ചു നോക്കു. ഞാൻ അതിൽ മുറുകെ പിടിക്കും, ഒരു ആശ്രയത്തിനു വേണ്ടി.
എൻറെ.കവിളിൽ മൃദുവായ് ഒന്നു തൊട്ടു നോക്കു. 'തൊട്ടാൽ ഞാൻ  ആ ഭാഗത്തേക്ക് തല തിരിക്കുകയും വായ തുറക്കുകയും ചെയ്യും. 

ഈ പ്രായത്തിൽ ഞാൻ  ദിവസത്തിൽ 16 മുതൽ 18 മണിക്കൂർ വരെ  ഉറങ്ങും. എന്നാൽ തുടർച്ചയായി ഉറങ്ങാനാവില്ല, ഓരോ 2-3 മണിക്കൂറിലും വിശന്ന് ഉണരും. അമ്മയെ നോക്കി എൻ്റെ കണ്ണുകൾ പതറും
മുലപ്പാലിൻ്റെ മധുരമുള്ള രുചികൾ എനിക്ക്  പ്രിയം.
അപ്പോൾ ഞാൻ പറഞ്ഞു നിർത്തട്ടെ, ഈ പ്രായത്തിൽ ഞാൻ ലോകത്തെ അറിയുന്നത് പ്രധാനമായും സ്പർശനത്തിലൂടെയും, ഗന്ധത്തിലൂടെയും, കേൾവിയിലൂടെയുമാണ്. കാഴ്ചയിലൂടെ അല്ല

പിന്നെ എൻ്റെ ഭാവി? അതു എന്നെ ദത്തെടുക്കാൻ വരുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ തീരുമാനിക്കും. ഒരു പക്ഷെ ഭാവിയിൽ ഞാൻ ഡോക്ടറോ എഞ്ചിനിയറോ, കളക്ടറോ, മന്ത്രിയോ, കള്ളിയോ, കളവുമുതൽ സൂക്ഷിക്കുന്നവളോ ആകും. അവയൊന്നും എൻ്റെ മുൻഗണനകളിൽ പെടുന്ന കാര്യങ്ങളല്ല.

വെറും ഏഴുദിവസം മാത്രം പ്രായുള്ള എനിക്ക് ഇപ്പോൾ കൃത്യമായ ഒരു പേരില്ല. PC 310, AK 147, എന്ന മട്ടിൽ പോലീസിനും തോക്കിനും ഇടുന്നതുപോലെ ഒരു നമ്പർ ആണ് എൻ്റെ പേര് , AT 49, അതായത് അമ്മത്തൊട്ടിൽ 49. വൈകാതെ എനിക്ക് നല്ല ഒരു പേര് ലഭിക്കും, അത് അർച്ചനയെന്നോ, ആതിരയെന്നോ അഹാന എന്നോ ആവും. ഈ മനോഹര തീരഭൂമിയിൽ ഒരു അനാഥ കുട്ടിയായി, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കടക്കാരിയായി നിങ്ങളോടൊപ്പം കൂടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനിവിടെ അവസാനത്തെ ആളാവില്ല..എനിക്ക് പിന്നാലെയും കൂട്ടുകാർ  വരും, എല്ലാവരുടെയും കൂടിയുള്ള ഈ ഭൂമിയിലേക്ക്

ഞാൻ നിങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കുന്നില്ല. 

ഈ അനാഥ കുഞ്ഞിൻ്റെ സാങ്കൽപികവർത്തമാനങ്ങൾ a.കേട്ടിരുന്ന നല്ലവരായ നിങ്ങൾക്കെല്ലാവർക്കും നന്ദി.

ആശംസകളോടെ,
നിങ്ങളുടെ സ്വന്തം  AT 49
c/o അമ്മത്തൊട്ടിൽ
ജില്ലാ ആശുപത്രി
ആലപ്പുഴ 

Sunday, 23 November 2025

പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ്
23 11 2025 സാബ്ജി ലളിതാംബികയുടെ കുറിപ്പ്
ആലോചന സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റും പ്രമുഖ എഴുത്തുകാരനുമായ പ്രൊഫ കെ എ സോളമൻ സാറിൻ്റെ ജന്മ ദിനം ഇന്നലെയായിരുന്നു.  കഴിഞ്ഞ 50 വർഷമായി സാമൂഹിക രംഗത്ത് ചലനാത്മകമായി പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനായ സോളമൻ സാറിൻ്റെ ജന്മ ദിനം അറിവിൻ്റെ വലിയ അടയാള പ്പെടുത്തലായി ആഘോഷിക്കപ്പെടേണ്ടേ തുണ്ട്.  അദ്ദേഹത്തിൻ്റെ എഴുത്ത് വഴിയുടെ രമണീയത കാണാതെ ആലപ്പുഴയിലെ ഒരു സാംസ്കാരിക സംഘടനയ്ക്കും മുന്നോട്ട് പോകാനാവില്ല.  എളിയ നിലയിൽ തളിർത്ത് വലിയ തണൽ വൃക്ഷമായും ഫല വൃക്ഷമായും പൂ പാത്രവുമായി മാറിയ കാലത്തിൻ്റെ  ആഴത്തിലുള്ള ജൈവ മുദ്രയാണ് സോളമൻ സാറിൻ്റെ വ്യക്തി മഹത്വം.സോളമൻ സാറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ആലോചന സാംസ്കാരിക കേന്ദ്രം  ഒരു സ്നേഹ വിരുന്ന് ഒരുക്കുകയാണ്. മല്ലൻസ്‌ കിച്ചണിൽ നാളെ (24.11.2025, തിങ്കൾ) വൈകുന്നേരം 7 ന് നടക്കുന്ന സ്നേഹവിരുന്നിൽ ബഹുമാനപ്പെട്ട എല്ലാ ആലോചന അംഗങ്ങളും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം
സാബ്ജി ലളിതാംബിക
സെക്രട്ടറി
ആലോചന
23.11.25.

Friday, 21 November 2025

ഡിവൈൻ കോമഡി

ഡിവൈൻ കോമഡി
കഥ  - കെ എ സോളമൻ
​പത്മനാഭൻ, ചന്ദ്രശേഖരൻ, വാസുദേവൻ, മൂന്ന് പ്രബലരായ രാഷ്ട്രീയ നേതാക്കൾ. കേരള രാഷ്ട്രീയത്തിലെ സകല കളികളും കണ്ടവരും, കളിച്ചവരും.അവസാനത്തെ കളിയും അവർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു

പ്രത്യക്ഷത്തിൽ അവർ അയ്യപ്പഭക്തർ ആണ്. കുളിച്ചു കുറിയും തൊട്ട് ക്ഷേത്രത്തിൻറെ അകത്തും പുറത്തും കറങ്ങി നടക്കുന്നവർ. പ്രസംഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കാനുള്ള' പോരാളികൾ. എന്നാൽ, അവരുടെ മനസ്സിന്റെ അറകളിൽ ഒളിപ്പിച്ച മറ്റൊരു സത്യമുണ്ട്.

​ക്ഷേത്രത്തിന്റെ കട്ടിളപ്പടികളിലും ചുമരുകളിലും പൂശാനായി കൊണ്ടുവന്ന സ്വർണ്ണ ത്തകിടുകൾ അവർ തന്ത്രി അറിയാതെ തന്ത്രപൂർവ്വം മാറ്റി.

മൂവർ കൂട്ടത്തിൽ, വിലകുറഞ്ഞ ചെമ്പുതകിടുകൾ വച്ച ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പത്മനാഭനായിരുന്നു. ചന്ദ്രശേഖരൻ ഭരണസംവിധാനത്തിലെ നൂലാമാലകൾ എളുപ്പമാക്കി. വാസുദേവൻ എന്ന മുൻ ദേവസ്വം ഉദ്യോഗസ്ഥൻ അതിന് ഒത്താശ ചെയ്തു. സ്വർണ്ണത്തിന്റെ തിളക്കം അവരുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു,

വിശ്വാസത്തെക്കാൾ വലുത് പണമാണെന്ന് അവർ സ്വയം തിരിച്ചറിഞ്ഞു.

​കൊള്ള പുറത്തുവന്നപ്പോൾ നാടൊന്നാകെ ഇളകിമറിഞ്ഞു. പക്ഷെ, അധികാരത്തിന്റെ മറവിൽ അവർ നിയമത്തിന്റെ പിടിയിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറി. കാലം കടന്നുപോയി. അവരുടെ  ബാങ്കിലെ അക്കൗണ്ടുകളിൽ പണം പെരുകി.

​അങ്ങനെയിരിക്കെ ഒരു മണ്ഡലകാലം കൂടി വന്നു
​മൂവർക്കും ഒരേ ദിവസം, ഒരേ സമയം, ഒരേ സ്വപ്നം ഉണ്ടായി.

ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ, കരിമ്പടം പുതച്ച ഒരു വിഗ്രഹം. അവരുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. അടുത്ത ദിവസം, ഒരു അദൃശ്യശക്തിയാൽ പ്രേരിതരായി അവർ മലകയറാൻ തീരുമാനിച്ചു. ഇത്തവണ വി.ഐ.പി. പരിവേഷമില്ല, അംഗരക്ഷകരില്ല. സാധാരണ തീർത്ഥാടകരെപ്പോലെ, കാൽനടയായി.
​പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ അവർ വിയർത്തുലഞ്ഞു നടന്നു.

പക്ഷെ അവരുടെ യഥാർത്ഥ ശിക്ഷ ആരംഭിച്ചത് സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് താഴെയായിരുന്നു.

​തിരക്കേറിയ ആ മണ്ഡലകാലത്ത്, തലയിൽ ഒഴിഞ്ഞ ഇരുമുടിക്കെട്ടുമായി അവർ ക്യൂവിൽ നിന്നു. ഒരടി മുന്നോട്ടു നടക്കാൻ പറ്റുന്നില്ല പത്മനാഭന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ കണ്ണിലേക്കിറങ്ങി നീറി. സാധാരണക്കാർ തോളോട് തോൾ ചേർന്ന് നീങ്ങുന്ന ക്യൂ. ഓരോ നിമിഷവും ഓരോ തീർത്ഥാടകൻ അവരെ കടന്നുപോകുമ്പോൾ ഒരു നേർത്ത ശബ്ദം ഉയരും.

​“സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”

​ചന്ദ്രശേഖരന്റെ താടിരോമങ്ങളിൽ വിരലോടിച്ച ഒരു വൃദ്ധ തീർത്ഥാടകൻ, കണ്ണിൽ ദയയുടെ ലാശം പോലുമില്ലാതെ ചോദിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
​വാസുദേവന്റെ തോളിൽ ഒരു നിമിഷം കൈവെച്ച്, അവന്റെ ചെവിയിൽ ഒരു ചെറുപ്പക്കാരൻ മന്ത്രിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു, ചേട്ടാ?”

​ശബ്ദത്തിൽ കോപമില്ല, ദുഃഖവുമില്ല. വെറും ചോദ്യം മാത്രം. എന്നാൽ ആ ചോദ്യം അവരുടെ ഹൃദയത്തെ നൂറായി കീറിമുറിച്ചു. ആ ചോദ്യം ഒരു ശിക്ഷാമുറയായി അവരെ വേട്ടയാടി. അവരുടെ പേജിൽ അവർ VIP-കൾ ആയിരുന്നു. ഇവിടെ അവർ മോഷ്ടാക്കൾ മാത്രമായി ചുരുങ്ങി.

ഈ ചോദ്യങ്ങൾ നിർത്താതെ ഒഴുകി. ക്യൂ നീങ്ങും തോറും, ചോദിക്കുന്നവരുടെ എണ്ണം കൂടി. അവർ തലകുനിച്ചു നിന്നു. മരണം കാത്തിരിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥ.

​ഒടുവിൽ, മരണത്തിന്റെ നിഴലിൽ നിന്ന് അവർക്ക് മോചനം കിട്ടി. മൂവരും ഒരേ രാത്രി, ഏകദേശം ഒരേ സമയം മരണപ്പെട്ടു. രാഷ്ട്രീയ ലോബിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത ദുരൂഹതയായി അവരുടെ അന്ത്യം.
​എന്നാൽ, അത് അവരുടെ കഥയുടെ അന്ത്യമായിരുന്നില്ല, മറിച്ച് ഒരു ദിവ്യനാടകത്തിന്റെ രണ്ടാം അങ്കമായിരുന്നു.

​കണ്ണ് തുറന്നപ്പോൾ അവർ മൂന്നുപേരും ഒരു വിശാലമായ, ഇരുണ്ട ഇടത്തിൽ എത്തിച്ചേർന്നു. ആകാശമോ ഭൂമിയോ  ഇല്ല, സമയത്തിന് അവിടെ ഒട്ടും പ്രസക്തിയില്ല:സമയമാം രഥം  അവിടെ പ്രവർത്തിക്കില്ല. ചുറ്റും നേരിയൊരു മണിനാദം മാത്രം.

​അവരുടെ മുന്നിലായി, അനേകം ക്ഷേത്ര മണികൾ തൂങ്ങിക്കിടക്കുന്നു.. ചെറുത് മുതൽ ഭീമാകാരമായത് വരെ. ഓരോ മണിയിലും സ്വർണ്ണത്തിന്റെ നേർത്ത ഒരു പൊടിപോലും കാണാനില്ല. എല്ലാം വൃത്തികേടായ, പഴകി ദ്രവിച്ച് ക്ളാവ് പിടിച്ച ചെമ്പുമണികൾ.
​"നിങ്ങൾ സ്വന്തം ദൈവത്തെയാണ് കബളിപ്പിച്ചത്. അതുകൊണ്ട്, നിങ്ങൾക്കായുള്ള നരകവും, അല്പം കടുപ്പമേറിയതാണ്," മുന്നിൽ പ്രകാശത്തിന്റെ രൂപത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു.

​"ഇതാണ് നിങ്ങളുടെ സേവന നരകം.. സ്വർണ്ണം എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് നിങ്ങൾ മോചിതരായി. ഇനി നിങ്ങൾ ഈ മണികൾ പോളിഷ് ചെയ്യണം. നിത്യതയിലുടനീളം."

​ആദ്യമൊക്കെ ഇതൊരു ലളിതമായ ശിക്ഷയായി അവർക്ക് തോന്നി. ഒരു മണി പോളിഷ് ചെയ്യാൻ എന്താണ് പ്രയാസം?.

പക്ഷെ, പോളിഷിംഗിനായി അവർക്ക് നൽകപ്പെട്ട തുണിക്കഷ്ണം പഴയതും പരുപരുത്തതുമായിരുന്നു. അവർ പോളിഷ് ചെയ്യുന്ന ഓരോ മണിയും നിമിഷങ്ങൾക്കുള്ളിൽ പഴയതുപോലെ മങ്ങാൻ തുടങ്ങി. അവർ എത്ര വേഗത്തിൽ ജോലി ചെയ്താലും, അവർക്ക് പൂർണ്ണ തിളക്കമുള്ള ഒരു മണി പോലും പുനർസൃഷ്ടിക്കാൻ കഴിഞ്ഞില്ല.

​ഏറ്റവും വലിയ ശിക്ഷ മറ്റൊന്നായിരുന്നു:
​അവർ പോളിഷ് ചെയ്ത് വൃത്തിയാക്കുന്ന ഓരോ മണിയുടെയും ഉപരിതലത്തിൽ, അവരുടെ മുഖം പ്രതിഫലിക്കില്ല. പകരം, അവർ മോഷ്ടിച്ച സ്വർണ്ണ തകിടുകളുടെ രൂപം തെളിഞ്ഞുവന്നു. മണി പൂർണ്ണമായി തിളങ്ങുമ്പോൾ, അതിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മിന്നുന്ന സ്വർണ്ണപ്രഭയുടെ പ്രതിഫലനം തെളിഞ്ഞു. അടുത്ത നിമിഷം അത് വീണ്ടും മാഞ്ഞുപോകുകയും ചെയ്തു.

​പത്മനാഭൻ ഒരു മണി പോളിഷ് ചെയ്ത് അതിൽ തെളിഞ്ഞ സ്വർണ്ണത്തെ നോക്കി ദീർഘമായി നിശ്വസിച്ചു.
"ഇതാണ് പുണ്യ മോഷണങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രതിഫലനങ്ങൾ," അയ്യപ്പൻ അരുളിച്ചെയ്തു.
​ചന്ദ്രശേഖരൻ  തുണികൊണ്ട് മണിയിൽ നിർത്താതെ ഉരച്ചു കൊണ്ടിരുന്നു. വിരലുകൾ പൊട്ടി ചോരയൊലിച്ചിട്ടും എ അയാൾ നിർത്തിയില്ല. ഓരോ നിമിഷവും, സ്വർണ്ണത്തെക്കുറിച്ചുള്ള ചിന്തകൾ അയാളുടെ സമനില തെറ്റിച്ചു.

​ദിവസങ്ങൾ, മാസങ്ങൾ, യുഗങ്ങൾ കടന്നുപോയി. സമയത്തിന്റെ കണക്കെടുക്കാൻ അവർ ശ്രമിച്ചില്ല. അവരുടെ ജീവിതം ഒരേയൊരു പ്രവൃത്തിയിലേക്ക് ചുരുങ്ങി: ചെമ്പുമണികൾ പോളിഷ് ചെയ്ത്, സ്വർണ്ണത്തിന്റെ മായക്കാഴ്ച കാണുക.

ചിലപ്പോൾ, ഏറ്റവും വൃത്തികേടായ മണിയിൽ, അവർ കഷ്ടപ്പെട്ട് പോളിഷ് ചെയ്ത് കഴിഞ്ഞാൽ, അതിൽ അവരുടെ ഇപ്പോഴത്തെ, ദുരിതമയമായ മുഖം ഒരു നിമിഷം പ്രതിഫലിക്കും. ആ കാഴ്ച അവരെ ഭയപ്പെടുത്തി.  ജീവിച്ചിരുന്നപ്പോൾ അവർ ധരിച്ച VIP മുഖം അവിടെ ഉണ്ടായിരുന്നില്ല. ഭയവും, നിരാശയും, ചെയ്ത തെറ്റിന്റെ കുറ്റബോധവും മാത്രം പേറുന്ന മൂന്ന് മനുഷ്യരുടെ രൂപമായിരുന്നു അത്.

​"നിങ്ങൾ സ്വന്തം ദൈവത്തെ കബളിക്കാൻ കഴിയുമെന്ന് കരുതി. എന്നാൽ, ഈ ക്ഷേത്രമണികൾ നിങ്ങളെ കബളിപ്പിക്കില്ല. അവർ നിങ്ങളുടെ പാപത്തെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോകും," അയ്യപ്പൻ പറയുന്നതായി അവർക്ക് തോന്നി.

​വർഷങ്ങൾക്കു ശേഷം...
​വാസുദേവൻ ചിരിക്കാൻ തുടങ്ങി. ആദ്യം ചെറുതായി, പിന്നെ ഉറക്കെ. അയാളുടെ ചിരിയിൽ ഭ്രാന്തിന്റെ  ലക്ഷണമുണ്ടായിരുന്നു.

​"സ്വർണ്ണം! സ്വർണ്ണം! ഇവിടെ സ്വർണ്ണമില്ല! എങ്കിലും ഞാൻ അത് കാണുന്നു!" അയാൾ മണിയിലേക്ക് ആവേശത്തോടെ നോക്കി.
​പത്മനാഭൻ അയാളെ പിടിച്ചുമാറ്റി. അവന്റെ കണ്ണുകളിൽ ജ്ഞാനത്തിന്റെ ഒരു നേർത്ത തിളക്കം. "ഇത് നമ്മുടെ ശിക്ഷയാണ്, നമ്മുടെ വിധിയാണ് വാസു. നമ്മൾ കണ്ട സ്വർണ്ണമെല്ലാം മായയായിരുന്നു. ഈ മണിയിൽ തെളിയുന്ന തിളക്കം പോലും ശാശ്വതമല്ല. നമ്മൾ മോഷ്ടിച്ചത് വെറും ചെമ്പ് മാത്രമായിരുന്നു, അതിന് സ്വർണ്ണം പൂശാൻ ശ്രമിച്ച നമ്മളും ചെമ്പായി മാറി. സത്യമായ സ്വർണ്ണം ഭക്തരുടെ വിശ്വാസമായിരുന്നു. നമ്മളത മനസ്സിലാക്കിയില്ല."

​അവൻ പോളിഷിംഗ് നിർത്തി.
​"ഞാൻ പോളിഷിംഗ് നിർത്തിയിരിക്കുന്നു. ഇനി എന്നെ ശിക്ഷിക്കൂ," പത്മനാഭൻ വിളിച്ചുപറഞ്ഞു.

​അയ്യപ്പൻ പുഞ്ചിരിച്ചു. "നീ മനസ്സിലാക്കിയെങ്കിൽ നിനക്ക് മോചനം. ഈ നരകത്തിന്റെ ശിക്ഷ, നീ ചെയ്ത പാപത്തെക്കുറിച്ച് നിത്യമായി ബോധവാനായിരിക്കുക എന്നതാണ്. നീ അത് നേടിയെടുത്തു."
​അങ്ങനെ, സ്വന്തം ദൈവത്തെ കബളിപ്പിക്കാൻ കഴിയുമെന്ന് കരുതിയ ശബരിമലയിലെ സ്വർണ്ണ മോഷ്ടാക്കൾ അഭിനയിച്ച നിത്യതയിലെ ഡിവൈൻ കോമഡിക്ക് ഒരു താൽക്കാലിക തിരശ്ശീല വീണു. അവരിൽ ഒരാൾ മാത്രം മോചനം നേടി. മറ്റുള്ളവർ, സ്വർണ്ണത്തിന്റെ മായക്കാഴ്ചയിൽ എന്നും പോളിഷ് ചെയ്തുകൊണ്ടേയിരുന്നു.  

Saturday, 15 November 2025

രമണിയും രഥോത്സവവും

രമണിയും രഥോത്സവവും
കഥ - കെ എ സോളമൻ

ചേർത്തലക്കാരനായ ഞാനാണ് കഥാകാരൻ, വേണമെങ്കിൽ വി.ഡി. എന്നു വിളിക്കാം.വി. ദാസപ്പൻ എന്നാണെൻ്റെ മുഴുവൻ പേര്


കൈയ്യിലൊരു മുഷിഞ്ഞ കൈയ്യെഴുത്തുപ്രതിയും പേനയും തോൾസഞ്ചിയുമില്ലെങ്കിൽ എന്നെ  ഒരു സാധാരണക്കാരനായേ ആരും കണക്കാക്കൂ. പക്ഷേ എൻ്റെ മനസ്സിൽ അപ്പോൾത്തന്നെ ഒരു വായനാവാരം ഒതുങ്ങിക്കിടപ്പുണ്ടാവും.

എൻ്റെ കഥാപാത്രങ്ങൾ പലപ്പോഴും ഒരു പ്രത്യേക സമുദായത്തിലോ ഭൂപ്രദേശത്തോ ഒതുങ്ങിനിൽക്കാറില്ല.
​കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ പാലക്കാട്ടെ കൽപ്പാത്തിയിലാണ്. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ രഥോത്സവം കാണാൻ.

1425-ൽ നിർമ്മിച്ചതാണത്രേ ഈ പുരാതന ക്ഷേത്രം! അത്രയും പഴക്കമുണ്ടെങ്കിൽത്തന്നെ അതൊരു കഥാപാത്രമായി എൻ്റെ കഥയിൽ. അങ്ങനെ ഒരു നവംബർ മാസത്തെ തണുപ്പിൽ, പത്തുദിവസത്തെ ഉത്സവത്തിൻ്റെ ചൂടിലേക്ക് ഞാനങ്ങു പറിച്ചുനടപ്പെടുകയായിരുന്നു.

അവസാനത്തെ മൂന്നുദിവസത്തെ കാഴ്ചയാണ് ഹൈലൈറ്റ്. നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവരഥങ്ങൾ ഒരുമിച്ചുചേരുന്ന 'ദേവരഥ സംഗമം'.

ആർത്തുല്ലസിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കിടയിൽ തലയിൽ കൈവെച്ച് അത്ഭുതത്തോടെ ഞാൻ നിന്നു. ഒരല്പം മാറി, ആ നാല് രഥങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ച് വലിക്കുന്ന ഘോഷയാത്ര കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു മിന്നായം പോലെ ചില ചിന്തകൾ.

​"അല്ലയോ രഥങ്ങളേ, നിങ്ങളെന്തിനാണ് കൽപ്പാത്തിയുടെ തെരുവുകളിൽ മാത്രം കറങ്ങുന്നത്? നിങ്ങൾക്കൊരു ബ്രേക്ക് എടുത്ത് വെളിനിലം വരെ വന്നാൽ എന്താണ് കുഴപ്പം?"
​അതെ, എൻ്റെ സ്വന്തം ചേർത്തലയിലെ വെളിനിലം അമ്പലം. അവിടെയിപ്പോൾ 'തുള്ളുന്ന അമ്മംകുടങ്ങൾ' എന്ന പേരിൽ കുറച്ച് ചായപ്പൊടി ടിന്നുകൾക്ക് മുകളിൽ കുടങ്ങൾ വെച്ച് കറങ്ങുന്നതല്ലാതെ ഒരു രഥപ്രതാപവും ഇല്ല. ഈ കൽപ്പാത്തി രഥങ്ങളെപ്പോലെ നാലെണ്ണം വെളിനിലത്തെത്തിയാൽ എങ്ങനെയുണ്ടാവും?

ആ നാല് രഥങ്ങളിലും എൻ്റെ നാല് പ്രധാന കഥാപാത്രങ്ങളെ ഇരുത്തണം.

​അങ്ങനെ വെളിനിലം രഥോത്സവത്തിൻ്റെ തിരക്കഥ മനസ്സിൽ എഴുതി മുന്നോട്ട് പോകുമ്പോളാണ് രഥം വലിക്കാൻ ഉപയോഗിക്കുന്ന വലുപ്പമുള്ള  കയറുകൾ ഞാൻ ശ്രദ്ധിച്ചത്.

​"ഹും, എന്ത് മനോഹരമായ കയറുകൾ! രഥം വലിക്കാൻ എന്നതിലുപരി ഇതിന് മറ്റുപയോഗങ്ങളുണ്ട്." എൻ്റെ കണ്ണുകൾ തിളങ്ങി.
രമണിപ്പശു. അമ്മ പോയപ്പോൾ എനിക്ക് ബാക്കിവെച്ച് പോയതാണ്. എന്തുകൊണ്ടോ അവളെ ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല. രമണിക്ക് , അതിപ്പോൾ കെട്ടഴിച്ചാൽ കാളയുടെ ചൈതന്യമാണ്. എവിടെപ്പോയാലും അതിന് കെട്ടാൻ കട്ടിയുള്ള കയറുകൾ കിട്ടാനില്ല. കടയിൽ ചോദിച്ചാൽ 300 രൂപ പറയും. ഈ ദേവരഥം വലിക്കുന്ന കമ്പാകളിൽ ഒരെണ്ണം സംഘടിപ്പിച്ചാൽ?

​'രമണിക്ക് പുതിയ കയറ്, ഫ്രീ ഓഫ് കോസ്റ്റ്, അതും പുണ്യത്തിൻ്റെ കെട്ടുകൾ! കഥാകാരനെന്ന നിലയിൽ എനിക്കീ നർമ്മരസ സാധ്യത എങ്ങനെ ഒഴിവാക്കാൻ കഴിയും?' രഥത്തെ നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ നടന്നു.

​കൽപ്പാത്തി രഥോത്സവം കാണാൻ വന്നതാണെങ്കിലും എൻ്റെ താമസരീതി ഒരു ആഢംബര ഹോട്ടലിലായിരുന്നില്ല. അല്ല അതിനവിടെ ആഡംബര ഹോട്ടൽ ഏതാണ് ഉള്ളത് ?

എന്നെ ഹഠാതാകർഷിച്ചത് ബ്രാഹ്മണ സമൂഹം  മഠത്തിലെ 10 ദിവസത്തെ താമസമാണ്.

​"അതിപ്പോൾ ഒരാൾക്ക് 100 രൂപ റൂം ഉണ്ട്. ഒരു ദിവസം രണ്ട് നേരം ശുദ്ധമായ വെജിറ്റേറിയൻ ഫുഡ് തൈര് സാദം അടക്കം."

​ഈ 'തൈര് സാദം അടക്കം' എന്ന വാചകമാണ് എന്നെ പിടിച്ചിരുത്തിയത്. എൻ്റെ വീട്ടിലാണെങ്കിൽ, കടുക് താളിച്ച തൈര് ഒരു സാദമായി കൂട്ടാൻ പോലും എളുപ്പമല്ല. എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ അത് ഞാൻ തന്നെ ഉണ്ടാക്കണം. ഭാര്യ ആകും ഒരിക്കൽ എന്ന് ഉദ്ദേശിച്ച് നടന്നവൾ കൂടെ കൂടിയില്ല, അതാണ് കാരണം.

എന്നാൽ ഇവിടെ ഈ പത്തുദിവസം? വെറും തൈര് സാദവും, പായസവും, പരിപ്പു കറിയും. ഉരുളന്നാണെങ്കിൽ തൊലി കളയില്ല, തൊലിയിലാണ് ഗുണമത്രയും അത്യധികം ചെലവ് കുറഞ്ഞ, ശുദ്ധമായ ആഹാരം!

​പത്താം ദിവസം, ഞാനാ മഠത്തിൽ വെച്ച് ഒരു തീരുമാനമെടുത്തു: "ഇനി വീട്ടിൽ ചെന്നാൽ വെജിറ്റേറിയൻ ആഹാരം മാത്രം! അത് ഞാൻ തന്നെ എൻറെ കൈകൊണ്ട് തയ്യാറാക്കും, എന്തുകൊണ്ടെന്നാൽ അത് തയ്യാറാക്കാൻ വേറെ ആരും എൻറെ കൂടെയില്ല ഞാൻ ഒറ്റയ്ക്കാണ്. അതുകൊണ്ട് എപ്പോഴും എൻ്റെ വയറും ആത്മാവും  ശുദ്ധമാണ്. ഒരു കഥാകാരനാകുമ്പോൾ  സ്വന്തമായി ഒരു ഉറച്ച നിലപാട് ഉണ്ടാകണം

​ഈ തീരുമാനത്തിൽ  ഞാൻ തെരുവിലൂടെ നടക്കുമ്പോളാണ് വഴിയോരക്കച്ചവടക്കാരുടെ മുത്തുമാല കടകൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പല വർണ്ണത്തിലുള്ള മുത്തുകൾ. കണ്ടാൽ പഴയ കാലത്തിലേക്ക് മനസ്സു പറന്നു പോകും.
​അവിടെ ഒരു മുത്തുമാല കഴുത്തിൽ അണിഞ്ഞ, ചിരിക്കുന്ന ഒരു യുവതിയുടെ ചിത്രം എൻ്റെ മനസ്സിൽ തെളിഞ്ഞു. ശ്രീദേവി. എൻ്റെ  പ്രിയകാമുകിയായിരുന്നു അവൾ. എപ്പോഴും ചിരിക്കുന്ന അവൾക്ക് മുത്തു പോലുള്ള പല്ലുകൾ ആയിരുന്നു.

​വർഷങ്ങൾക്കുമുമ്പ്, ഞാനവൾക്ക് ഒരു മുത്തുമാല വാങ്ങി നൽകിയിട്ടുണ്ട്. അതിന് പിന്നിലൊരു രഹസ്യമുണ്ട്. അന്ന് എൻ്റെ കൈയ്യിൽ അധികം പണയില്ല. അവളുടെ പിറന്നാളിന് കൊടുക്കാൻ വേണ്ടിയുള്ള പണവുമായി കടയിൽ പോയപ്പോൾ, "ഇതൊരു പ്ലാസ്റ്റിക് മുത്തുമാലയാണ് ചേട്ടാ, ഒറിജിനലിൻ്റെ രൂപത്തിലുള്ളത്. വില 25 രൂപ."
​ഞാനത് വാങ്ങി, വലിയ വില കൊടുത്ത് വാങ്ങിയതാണെന്ന് അവളോട് കള്ളം പറഞ്ഞു. അവളത് വിശ്വസിച്ചു.
​"ശ്രീദേവി, ആ മുത്തുമാല ഇന്നും നിൻ്റെ അലമാരയിൽ ഉണ്ടാകുമോ?" ഞാനൊരു നെടുവീർപ്പിൽ വീണു.
​വിധി മറ്റൊന്ന് ആയതിനാൽ, പിന്നീട് അവളുടെ ജീവിതത്തിൽ എനിക്ക് സ്ഥാനമുണ്ടായില്ല. 

കയ്യിൽ, പ്ലാസ്റ്റിക് മുത്തുമാല വാങ്ങാൻ പോലും പൈസയില്ലാത്ത ഒരു കഥാകാരന്, ഒരു ഡോക്ടറെ കാത്തിരുന്ന അവളുടെ ലോകത്ത് എങ്ങനെ ഇടം കിട്ടാനാണ്? അവളെവിടെയെന്ന് പിന്നീട് ഞാൻ അന്വേഷിച്ചില്ല

​'കൽപ്പാത്തിയിലെ ഈ മുത്തുകൾ പോലും എന്നെ വേദനിപ്പിക്കുന്നുണ്ടല്ലോ,' ഞാൻ നിർവികാരതയോടെ ഓർത്തു.

​മുത്തുമാലക്കടയിലെ ഓർമ്മകളിൽനിന്നും ബ്രാഹ്മണ മഠത്തിലെ തൈര് സാദത്തിൻ്റെ രുചിയിലേക്ക് ഞാൻ പെട്ടെന്ന് മടങ്ങി വന്നു. എന്തിനാണ് പഴയ കാര്യങ്ങൾ ഓർത്ത് എൻ്റെ വെജിറ്റേറിയൻ തീരുമാനങ്ങളുടെ പവിത്രത കളയുന്നത്?
​ഞാൻ വീണ്ടും രഥോത്സവത്തിൻ്റെ മനോഹാരിതയിലേക്ക് ശ്രദ്ധ കൊടുത്തു

വിളനിലം ക്ഷേത്രത്തിൽ ഒരു മെഗാ ദേവരഥ സംഗമം സംഘടിപ്പിക്കണം. എല്ലാവർഷവും അത് ആവർത്തിക്കുകയും വേണം. രഥങ്ങൾ ഉണ്ടാക്കാനുള്ള പണം കണ്ടെത്തുന്നതെങ്ങനെ? നിസ്സാരം, ഭക്തിയുടെ  കാര്യം പറഞ്ഞാൽ പണം മുടക്കാൻ ഒരു പടതന്നെ ഉണ്ട് നാട്ടിൽ.


വീട്ടിലെ രമണിക്ക് രഥം വലിക്കുന്ന കമ്പാകൾ സംഘടിപ്പിക്കണം. ആരും കാണാതെ ഒരെണ്ണം മുറിച്ചെടുത്താലോ? എന്നാലേ രഥോത്സവത്തിൻ്റെ പുണ്യം പൂർണ്ണമാവൂ.

ഇനി ജീവിതത്തിൽ വെജിറ്റേറിയൻ മാത്രം. ഇതൊരു ഉറച്ച തീരുമാനമാണ്, തൈര് സാദത്തിൻ്റെ മണം എപ്പോഴും പിന്തുടരുന്നു

​ഇങ്ങനെയുള്ള ഒത്തിരി സ്മരണകളും ഭാവനകളുമാണ് എൻ്റെ ചിന്തയിലൂടെ കടന്നുപോയത്. കൽപ്പാത്തിയുടെ പത്തുദിവസത്തെ മഠം വാസവും, രഥോത്സവത്തിലെ കാഴ്ചകളും, പഴയ പ്രണയത്തിൻ്റെ മുത്തുമാലയും - എല്ലാം എൻ്റെ മനസ്സിൽ ഒരു വലിയ ബാഗിലാക്കി ഞാൻ തോളത്തിട്ടു. ഒരു തമിഴ് നോവൽ " അഗ്രഹാരത്തിൽ കളുതൈ " എഴുതണം.
​"എൻ്റെ കഥാകാരജീവിതത്തിന് ഒരു ബൂസ്റ്റ് നൽകുന്നതായിരുന്നു കൽപ്പാത്തി വാസം, "ആണ്ടവാ , കാത്തുകൊള്ളണേ!"

​ഈ ചിന്തകളോടെ, കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ നിന്നും ഞാൻ ചേർത്തലയിലേക്ക് യാത്ര തിരിച്ചു.

 
​വീട്ടിലെത്തിയതിൻ്റെ പിറ്റേന്ന് രാവിലെ, തൊഴുത്തിൽ ചെന്നപ്പോൾ രമണി സന്തോഷവതിയായി കാണപ്പെട്ടു. 10 ദിവസവും അയൽ വീട്ടിലെ തങ്കമ്മ ചേച്ചി രമണിയെ  നന്നായി പരിപാലിച്ചിരിക്കുന്നു. അമ്മ വഴി ചേച്ചി ഒരു ബന്ധു കൂടിയാണ്.

എൻ്റെ കയ്യിലെ സാധാരണ കയറിൽ കിടന്ന് കറങ്ങുന്നവളായിരുന്നു രമണി.
"നിനക്കൊരു രഥക്കയർ ഒപ്പിക്കാൻ ഞാൻ ശ്രമിച്ചില്ലേ രമണീ...?" അവളോട് ഞാൻ ചോദിച്ചു. അവൾ തലയാട്ടി.

​രഥോത്സവത്തിൻ്റെ എല്ലാ പുണ്യവും, രമണിയുടെ കയറും, തൈര് സാദത്തിൻ്റെ ഓർമ്മകളും എൻ്റെ മനസ്സിൽ ഒരു കഥയായി അലയടിക്കുന്നുണ്ടായിരുന്നു. ആ കഥയ്ക്ക് ഒരു പേരും ഞാനിട്ടു: 'രമണിയും രഥോത്സവവും,
                  * * * 

Friday, 14 November 2025

ഡൈനാമിക് വിഷൻ ചാനൽ - കഥ

ഡൈനാമിക് വിഷൻ ചാനൽ
കഥ കെ എ സോളമൻ.

​ചാനലിന്റെ തലപ്പത്ത് ഒരു പുതിയ 'വിപ്ലവം' കൊണ്ടുവരാനുള്ള തത്രപ്പാടിലായിരുന്നു 'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ മുതലാളി, ശ്രീ. കാന്താരി പ്രകാശ്.
​അദ്ദേഹം വിളിച്ചുചേർത്ത ഗൂഗിൾ മീറ്റിന്റെ പേരുപോലും 'അടിയന്തരാവശ്യം: സെർവർ തകർന്ന രഹസ്യം' എന്നായിരുന്നു. യോഗത്തിന്, ചാനലിന്റെ പ്രമുഖ ആങ്കർമാരും  റിപ്പോർട്ടർമാരും എത്തിച്ചേർന്നു.

​മീറ്റിംഗിന്റെ തുടക്കത്തിൽ കാന്താരി പ്രകാശ് തന്റെ ഐപാഡിൽ നോക്കി ഒരു ദീർഘനിശ്വാസമെടുത്തു.
​"പ്രിയപ്പെട്ടവരെ, ഞാൻ വളരെയധികം വിഷമത്തിലാണ്," അദ്ദേഹം തുടങ്ങി. റിപ്പോർട്ടർമാർ പരസ്പരം നോക്കി, ശമ്പളത്തിന്റെ കാര്യം വല്ലതുമാണോ എന്ന് സംശയിച്ചു.

​"നമ്മുടെ ചാനൽ, 'ഡൈനാമിക് വിഷൻ'. എത്ര പയറ്റിയിട്ടും, എത്ര സെമിനാറുകൾ സംഘടിപ്പിച്ചിട്ടും, എത്ര സർവേ ഫലങ്ങൾ മാറ്റിമറിച്ചിട്ടും 'നമ്പർ വൺ' ആകുന്നില്ല. എല്ലാ മാസവും 'നമ്പർ ത്രീ' അല്ലെങ്കിൽ 'നമ്പർ ഫോർ' എന്നതിലെല്ലാം തൂങ്ങിക്കിടക്കുകയാണ്. ഇത് എന്നെ മാനസികമായി തളർത്തുന്നു," മുതലാളി സ്വരം താഴ്ത്തി.

​"എന്നാൽ, കഴിഞ്ഞ ദിവസത്തെ റീച്ച്... അതപാരം! സെർവർ തകർക്കുന്ന രീതിയിലായിരുന്ന ഡൗൺലോഡിംഗ്! നമ്മുടെ ടെക് ടീം തലകറങ്ങി വീഴാത്തത് ഭാഗ്യം!"

​മീറ്റിംഗിൽ പങ്കെടുത്തവർ ആകാംഷയോടെ കാതോർത്തു. 'ഡൈനാമിക് വിഷൻ' എന്താണ് ഇത്രയും വലുതായി സംപ്രേക്ഷണം ചെയ്തത്?
നയൻതാരയുടെ പുത്തൻ സിനിമയുടെ റിവ്യൂ ആയിരിക്കുമോ?
അതോ അൽഫാം തയ്യാറാക്കുന്നന്നതിലെ രഹസ്യകൂട്ടുകളോ?

​കാന്താരി പ്രകാശ്  വിജയീഭാവത്തോടെ ചിരിച്ചു. "നമ്മുടെ സൂപ്പർസ്റ്റാർ ആങ്കർ രാമദാസ് പള്ളിപ്പുറം സംഘടിപ്പിച്ച, 'ഓട്ടുമുക്ക്' എന്ന പരിപാടിയാണ് ഞാൻ ഉദ്ദേശിച്ചത്. അതൊരു ചരിത്രസംഭവമായിരുന്നു!"

​അദ്ദേഹം ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു. ഒരു വഴിയോര തട്ടിക്കൂട്ട് സ്റ്റുഡിയോയിൽ, ചൂടേറിയ ചർച്ചയ്‌ക്കിടെ, ഒരു യുവനേതാവ് മറ്റേ നേതാവിന്റെ നേരെ കൈ ഓങ്ങിയതും, രാമദാസ് അത് തടയാൻ ശ്രമിക്കുന്നതിനിടെ, യുവനേതാവിന്റെ മൂക്കിനിട്ട് വീക്കിയ ഒരു രംഗം!

​"കണ്ടോ? കണ്ടോ? ആളുകൾക്ക് വേണ്ടത് ഇതാണ്! ഈ ആക്ഷൻ! ഈ റിയാക്ഷൻ! യുവ നേതാവിന്റെ മൂക്കിനിട്ട് വീക്കുന്ന സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ചാനലിന് ഇത്രയും റീച്ച് ഉണ്ടായത്. ഇതാണ് നമ്മുടെ പുതിയ ഫോർമുല!"

​കാന്താരി പ്രകാശ് എഴുന്നേറ്റുനിന്ന് ഷർട്ടിലെ ചുളിവ് നിവർത്തി. "ഇനി അനാവശ്യമായ വിവരങ്ങളോ, വസ്തുനിഷ്ഠമായ ചർച്ചകളോ വേണ്ട! ന്യൂസ് റൂമിൽ ഇരുന്ന്, 'വികസന'ത്തെക്കുറിച്ചും 'ദാരിദ്ര്യ'ത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന പഴയ ബോറൻ പരിപാടി അവസാനിപ്പിക്കുക. ആർക്കാണ് അതറിയേണ്ടത്? ആളുകൾക്ക് വേണ്ടത് എന്റർടൈൻമെന്റാണ്. സമൂഹത്തിൽ കലഹത്തിലൂടെ  സമാധാനം, ചാനൽ വിസ്‌ഫോടനം – ഇതാണ് നമ്മുടെ ലക്ഷ്യം."

​"അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: 'ഓട്ടുമുക്ക്' പോലെ നൂറല്ല, ആയിരം പരിപാടികൾ സംഘടിപ്പിക്കുക!" മുതലാളിയുടെ ശബ്ദം കനത്തു.

​നേതാക്കളെ സെലക്‌ട് ചെയ്യുക: പങ്കെടുക്കുന്ന നേതാക്കളെ നന്നായി തിരഞ്ഞടുക്കണം. അവർക്ക് ചൂടൻ സ്വഭാവം ഉണ്ടായിരിക്കണം.
​ചോദ്യങ്ങൾ: അവരുടെ ഉറക്കം കളയുന്ന, ക്ഷമയുടെ നെല്ലിപ്പലക തകർക്കുന്ന ചോദ്യങ്ങൾ ചോദിക്കണം.

ചർച്ചയുടെ പാരമ്യത്തിൽ, നേതാക്കക്കളെ തമ്മിലടിപ്പിച്ചിരിക്കണം. അത് ചോദ്യങ്ങൾ വഴിയോ, അല്ലെങ്കിൽ 'ആങ്കർ അബദ്ധത്തിൽ കൈ തട്ടിയ'െന്ന മട്ടിൽ ഒരു 'പുഷ്' കൊടുത്തിട്ടോ ആവാം.

​ഈ 'തമ്മിലടി' കൃത്യമായി, ക്ലോസപ്പിൽ ചിത്രീകരിക്കുകയും വേണം. ഒരു തല്ല് പോലും നഷ്ടപ്പെടരുത്.
​"10 പരിപാടി ഇതുപോലെ സംപ്രേക്ഷണം ചെയ്താൽ, നമ്മളായിരിക്കും ഏറ്റവും മുന്നിൽ.

പഞ്ചായത്ത് / മുൻസിപ്പൽ ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ നിയമസഭാ ഇലക്ഷൻ വരും. ഇത്തരം പരിപാടികൾക്ക് നല്ല സ്‌കോപ്പുണ്ട്. നിങ്ങൾക്കറിയാലോ, രാഷ്ട്രീയം ഇന്ന് ഒരു തല്ലിന്റെ കളിയാണ്. നമുക്കത് വിറ്റ് കാശാക്കണം," കാന്താരി പ്രകാശ് ഗൂഗിൾ മീറ്റിലെ തൻ്റെ വിരലുകൾ വിക്ടറി സൈൻ ആക്കി മാറ്റി.

മുതലാളി ഒരു കാര്യം കൂടി പറഞ്ഞു വച്ചു
​"മികച്ച രീതിയിൽത്തന്നെ ഈ 'കലയ്യറ്റ കലാപരിപാടികൾ' റിപ്പോർട്ട് ചെയ്യുന്ന എല്ലാ റിപ്പോർട്ടർമാർക്കും, അതോടെ പതിനായിരം രൂപയുടെ 'വീക്ക് അലവൻസ്' ഇൻക്രിമെന്റ് ഉണ്ടായിരിക്കും. ഇത് 'പെർഫോമൻസ് ബോണസ്' അല്ല. ഇതൊരു 'ശാരീരിക ആഘാത സാധ്യത അലവൻസ്' ആണ്. അതുകൊണ്ട് നിങ്ങളുടേതാണ് സമയം. നമുക്ക് കലക്കണം!"

​മുതലാളി കൈകൾ കൂട്ടിത്തിരുമ്മി.
​"ഓ.കെ. നിങ്ങൾക്ക് ഒന്നും പറയാനില്ലല്ലോ? വസ്തുതകളെക്കുറിച്ചോ, മാധ്യമ ധർമ്മത്തെക്കുറിച്ചോ ഉള്ള പഴഞ്ചൻ ചോദ്യങ്ങൾ ചോദിക്കാനാണ് ഭാവമെങ്കിൽ, ആ ചോദ്യങ്ങൾ നിങ്ങൾ വീട്ടിൽ പോയി ചോദിച്ചാൽ മതി. യോഗം പിരിച്ചു വിട്ടിരിക്കുന്നു!"

​മീറ്റിംഗ് അവസാനിച്ചു. രാമദാസ് പള്ളിപ്പുറം സ്വന്തം കവിളിൽ തലോടി. ആദ്യത്തെ 'ഓട്ടുമുക്ക്' പരിപാടിയിൽ, യുവ നേതാവിനെ വീക്കുന്നതിനിടെ തനിക്ക് കിട്ടിയ അടി കൊണ്ടഭാഗം ഇപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു.

'വീക്ക് അലവൻസ്' പതിനായിരം രൂപയാണെങ്കിൽ, അടുത്ത പരിപാടിയിൽ എത്ര അടി വാങ്ങേണ്ടിവരും എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.

​'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ പുതിയ യുഗം ആരംഭിക്കുകയായിരുന്നു. ഇനി വാർത്തയില്ല, അടിയോടുള്ള സ്വാർത്ഥതാല്പര്യം മാത്രം.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇനി ചർച്ചയ്ക്ക് വരുമ്പോൾ, തങ്ങളുടെ മൂക്ക് ഭദ്രമാണോയെന്ന് ഒന്നു തൊട്ടുനോക്കിയിട്ട് മാത്രമേ സ്റ്റുഡിയോയിലേക്ക് കയറുകയുള്ളൂ എന്ന് തീരുമാനിക്കണം

ഓട്ടുമുക്കു ചർച്ചക്കായി ജനം കാത്തിരിക്കണം.
കെ എ സോളമൻ

Friday, 7 November 2025

പരിശുദ്ധ മാതാവ്

#പരിശുദ്ധമാതാവ്
പരിശുദ്ധ മാതാവിന് എതിരായി വത്തിക്കാൻ  എന്തോപറഞ്ഞു എന്ന രീതിയിൽ ചില ചർച്ചകൾ കാണുന്നു. അപ്രസക്തമാണ് ഇത്തരം പല ചർച്ചകളുടെയും കണ്ടെത്തലുകൾ

വത്തിക്കാൻ പറഞ്ഞത് "പരിശുദ്ധ മാതാവിൻ്റെ സഹ-രക്ഷക (Co-Redemptrix) പദവി ഔദ്യോഗികമായി സഭാ സ്വീകരിച്ചിട്ടില്ല" എന്നതാണ്. അതായത്, യേശു ക്രിസ്തുവാണ് ഏക രക്ഷകൻ (the one and only Redeemer) എന്ന സത്യത്തിൽ യാതൊരു മാറ്റവും വരുത്താനാകില്ല' എന്ന്.

പക്ഷേ അതുകൊണ്ട് മാതാവിന്റെ മഹത്വം കുറയുകയോ, മാതാവിനോടുള്ള ഭക്തി നിരസിക്കപ്പെടുകയോ ചെയ്യുന്നില്ല.
വത്തിക്കാൻ തന്നെ മാതാവിനെ ദൈവത്തിന്റെ മാതാവായി (Mother of God), സഭയുടെ മാതാവായി (Mother of the Church), എല്ലാ വിശ്വാസികളുടെയും മാതാവായി (Mother of all the faithful) അംഗീകരിച്ചിട്ടുണ്ട്.
മാതാവിന്റെ ഇടപെടൽ, കരുണ, പ്രാർത്ഥന എന്നിവയെ സഭ എല്ലായിപ്പോഴും വിലമതിക്കുന്നു.

യേശു ക്രൂശിൽ കിടന്ന് “ഇതാ, നിന്റെ അമ്മ” എന്ന് പറഞ്ഞപ്പോൾ (യോഹന്നാൻ 19:27),  മാതാവിനെ മുഴുവൻ മനുഷ്യരാശിക്കും മാതാവായി നൽകുകയായിരുന്നു. ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ.

അതിനാൽ മാതാവിനോടുള്ള പ്രാർത്ഥനയും, മറിയൻ പള്ളികളിലേക്കുള്ള തീർത്ഥാടനവും, ജപമാല പ്രാർത്ഥന  എന്നിവയിൽ യാതൊരു തർക്കവുമില്ല. വത്തിക്കാൻ ഉപക്ഷിച്ചത് ഒരു പദപ്രയോഗത്തിലെ തെറ്റിദ്ധാരണ മാത്രമാണ്, മാതാവിന്റെ സ്ഥാനത്തെല്ല.

സമഗ്രമായ സന്ദേശം ഇതാണ്:
യേശു മാത്രമാണ് രക്ഷകൻ; എന്നാൽ അമ്മ മറിയം നമ്മുടെ രക്ഷകനിലേക്കുള്ള വഴിയാണ്.

അതുകൊണ്ട് വിശ്വാസികൾ നിരാശപ്പെടേണ്ടതായ ഒരു കാര്യവും ഇവിടെ ഉത്ഭവിക്കുന്നില്ല
പരിശുദ്ധമാതാവിന്റെ സ്നേഹവും പ്രാർത്ഥനയും ഒരിക്കലും മാറ്റമില്ലാതെ തുടരും. മാതാവ് ഇന്നും എന്നും വിശ്വാസികളുടെ പ്രാർത്ഥനകൾ ദൈവസിംഹാസനത്തിന് മുന്നിൽ സമർപ്പിക്കുന്നു.

​പരിശുദ്ധ മാതാവിനെ 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന വത്തിക്കാൻ പ്രസ്താവനയെ ചില ക്രിസ്തുമത വിരോധികൾ തങ്ങളുടെ അജണ്ടയുടെ വിജയമായി ആഘോഷിക്കുന്നത് തികച്ചും അജ്ഞതയയാണ്,  അൽപ്പജ്ഞാനത്തിന്റെ പ്രതിഫലനമാണ്. 

മാതാവിനെ 'സഹരക്ഷക' എന്ന് വിളിക്കുന്നത്, ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ ഏകത്വത്തെ മറച്ചുവെച്ചേക്കാം എന്ന ദൈവശാസ്ത്രപരമായ സൂക്ഷ്മമായ വിശദീകരണമാണ് കത്തോലിക്കാ സഭ നൽകിയിട്ടുള്ളത്. ഈ പ്രസ്താവന ഒരർത്ഥത്തിലും മാതാവിന്റെ മഹത്വത്തെ കുറയ്ക്കുകയോ, രക്ഷാകര ചരിത്രത്തിലെ സമാനതകളില്ലാത്ത പങ്കിനെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്നും, മറിയം ആ രക്ഷകന് ജന്മം നൽകിക്കൊണ്ട് രക്ഷാകര പദ്ധതിയിൽ ഉദാത്തമായി സഹകരിച്ച വ്യക്തിയാണെന്നും സഭയുടെ പ്രബോധനം കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. 

ഈ ദൈവശാസ്ത്രപരമായ വ്യക്തതയെ മാതാവിനോടുള്ള ഭക്തിയുടെ 'അവസാനമായി' ചിത്രീകരിക്കുന്നത്, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ വികലമായ വ്യാഖ്യാനവും ദുരുദ്ദേശപരമായ പ്രചാരണവുമാണ്.
​മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ലാതാകുമെന്നും മറിയത്തോടുള്ള ഭക്തി കുറയുമെന്നുമുള്ള ക്രിസ്തുമത വിരോധികളുടെ വാദങ്ങൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. വത്തിക്കാൻ പുറത്തിറക്കിയ പ്രബോധന രേഖയിൽ പോലും, മറിയത്തിന്റെ മാതൃപരമായ സംരക്ഷണത്തിലുള്ള വിശ്വാസികളുടെ ഭക്തിയെയും സ്നേഹത്തെയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

മറിയം 'രക്ഷക'യുടെ പങ്കല്ല, മറിച്ച് 'വിശ്വാസികളുടെ അമ്മ'യുടെയും 'ദൈവത്തിന്റെ അമ്മ'യുടെയും പങ്കാണ് വഹിക്കുന്നത്. ഈ അടിസ്ഥാനപരമായ സത്യത്തിലാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ മരിയൻ ഭക്തിയുടെയും തീർത്ഥാടന കേന്ദ്രങ്ങളുടെയും അടിത്തറ. മറിയത്തിന്റെ 'അതെ' എന്ന സമ്മതമാണ് രക്ഷകന്റെ ജനനത്തിന് കാരണമായത്. ഈ അമ്മയെ എങ്ങനെയാണ് വിശ്വാസികൾക്ക് മറക്കാനാവുക?

 'സഹരക്ഷക' എന്ന പദത്തെ ദൈവശാസ്ത്രപരമായ കൃത്യതയോടെ സമീപിക്കുക എന്നത് മതവിനോടുള്ള യഥാർത്ഥ ഭക്തിയെ കൂടുതൽ ശക്തമാക്കാനെ സഹായിക്കു. അതിനാൽ, മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ലാതാകുമെന്ന ചിലരുടെ വാദം, വിശ്വാസത്തിന്റെ ശക്തിയെയും, മാതാവിനോടുള്ള മക്കളുടെ വിശ്വാസബന്ധത്തെയും വിലയിരുത്തുന്നതിലെ അവരുടെ പരാജയമാണ്.
കെ എ സോളമൻ

Thursday, 6 November 2025

ചകിരിയുടെ മണമുള്ള വീട്

#ചകിരിയുടെ #മണമുള്ള #വീട്
കഥ കെ എ സോളമൻ

ഞങ്ങളുടെ വീട്, അതൊരു കൊച്ചുകുടിലായിരുന്നു. ഓല മേഞ്ഞ, ചാണകം മെഴുകിയ ഒരു കൊച്ചു ആറുകാൽ  കൂടാരം. അവിടെ ദാരിദ്ര്യത്തിന്റെ കയ്പുരസമുണ്ടായിരുന്നു, എങ്കിലും അമ്മയുടെ സാന്ത്വനത്തിന്റെ മധുരം അതിനെ എന്നും മറികടന്നു. ഞങ്ങളുടെ കുടുംബം അമ്മയാണ്, അമ്മയും ഞങ്ങൾ മൂന്ന് മക്കളും അമ്മൂമ്മയും അടങ്ങുന്ന കൊച്ചുകുടുംബം. അച്ഛനില്ലാത്ത വീടിന്റെ എല്ലാ ചുമടുകളും താങ്ങുന്നത് ആ ഒറ്റ സ്ത്രീയാണ്.
​അമ്മയുടെ തൊഴിൽ, അത് കഠിനമായ ഒന്നായിരുന്നു.

 നാലണക്കും എട്ടണക്കും അധികം അഴുകാത്ത പച്ചത്തൊണ്ടുകൾ തലച്ചുമടായി കൊണ്ടുവന്ന് തല്ലി ചകിരിയാക്കി മാറ്റണം.  കൈകൾ വേദനിച്ച് വീർക്കുമ്പോഴും, ആ ചകിരിനാരുകൾ കൈകൊണ്ട്  പിരിച്ച് കയറാക്കണം. ആ കയർ മുടികൾ  ചന്തയിൽ വിറ്റാൽ കിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ടാണ് ഞങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നത്. 

വിശപ്പിന്റെ കടുപ്പം കുറയ്ക്കാൻ, അല്ലെങ്കിൽ ഒരു നേരത്തെ കഞ്ഞിക്കുള്ള വക കണ്ടെത്താൻ... ഓരോ ചകിരി നാരിനും അതിന്റേതായ കഥയുണ്ടായിരുന്നു.
​എനിക്കമ്മയെ ഏറെ ഇഷ്ടമായിരുന്നു. അമ്മയുടെ സാമീപ്യം, അതാണ് എനിക്കേറ്റവും വലിയ ആശ്വാസം. നേരം കിട്ടുമ്പോഴെല്ലാം ഞാൻ അമ്മയുടെ ഓരംചാരി ഇരിക്കും, ആ തൊണ്ടിൻ്റെയും ചകിരിയുടെയും മണം എന്റെ ഓർമ്മകളിൽ ഇന്നും മായാതെ നിൽക്കുന്നു. ആ കൈകൾ എന്നെ തലോടുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വത്തിലാണ് ഞാനെന്ന് തോന്നും.

​സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ഞങ്ങളുടെ വീട് മറ്റൊരു ലോകമാകും. മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ അമ്മ കയർ പിരിക്കാൻ ഇരിക്കും. ആ വെളിച്ചത്തിൽ അമ്മയുടെ മുഖത്ത് കഷ്ടപ്പാടിന്റെ നിഴലുകൾ വ്യക്തമായി കാണാം. കൈത്തണ്ടയിലെ ഞരമ്പുകൾ തെളിഞ്ഞുവരും, കണ്ണുകളിൽ ഉറക്കമില്ലാത്ത രാവുകളുടെ ക്ഷീണം ഉണ്ടാകും. ഉറക്കം വരാതിരിക്കാൻ കട്ടൻ ചായയും ഒരു തുണ്ടു ശർക്കര കഷണവും.

അയലത്തെ ഒന്നുരണ്ടു താത്തിമാർ രാത്രിയിലെ കയർ കൂട്ടത്തിൽ കാണും.
രാവ് കുറച്ച് എത്തിയാൽ അവർ അവരുടെ വീടുകളിലേക്ക് മടങ്ങും. പിന്നെ
​അമ്മ ഒറ്റയ്ക്ക്. ഒറ്റയ്ക്കിരുന്ന് അമ്മ കയർ പിരിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം വരും. ഞാൻ ഉറങ്ങാൻ പോകാതെ അമ്മയ്ക്ക് കൂട്ടിരിക്കും.

 "മോൻ പോയി കിടന്നുറങ്ങിക്കോ, നാളെ നേരത്തെ എഴുന്നേൽക്കണ്ടേ പരീക്ഷയില്ലേ,"  പരീക്ഷ ഇല്ലെങ്കിലും അമ്മ അങ്ങനെയാണ് ചോദിക്കുക.. എങ്കിലും ഞാൻ പോവില്ല. എൻ്റെ കൈകൊണ്ട് എനിക്കാകുന്നതുപോലെ ചകിരി  പിരിച്ച് അമ്മയ്ക്ക് കൊടുക്കും.

​"നീ പിരിക്കുന്ന കയറിന് മുറുക്കം കുറവാണ്" കേട്ടാ" എന്ന് അമ്മ ചിരിച്ചുകൊണ്ട് പല തവണ പറഞ്ഞിട്ടുണ്ട് . എങ്കിലും, ആ കയർ അമ്മയുടെ നല്ല മണി മണി പോലുള്ള മുറുക്കമുള്ള കയറുകൾക്കൊപ്പം കൂട്ടി മാടി മുടികൾ ഉണ്ടാക്കും. എന്റെ കുഞ്ഞു പരിശ്രമത്തെ അമ്മ ഒരിക്കലും ചെറുതാക്കി കണ്ടില്ല. ആ കയർ മുടികളാണ് ഞങ്ങളുടെ വിശപ്പ് മാറ്റാനുള്ള അന്നത്തെഏക വഴി.

​അമ്മയ്ക്ക് കൂട്ടിരുന്ന ആ രാത്രികൾ, അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു. വെറും കയർ പിരിക്കൽ മാത്രമായിരുന്നില്ല അവിടെ നടന്നിരുന്നത്. അതൊരു കഥ പറച്ചിലിന്റെയും പാഠം പഠിപ്പിക്കലിന്റെയും സമയമായിരുന്നു.
​കയർ പിരിക്കുന്നതിനിടെ അമ്മ പല കഥകളും പറഞ്ഞുതരും. വിശുദ്ധ സിനാപക യോഹന്നാനെക്കുറിച്ചുള്ള കഥകൾ, യേശുദേവൻ്റെ കുട്ടിക്കാലം, പിന്നീടുണ്ടായ ത്യാഗങ്ങൾ, വല്ലാർപാടത്തമ്മയുടെ ചരിത്രം ' വിക്രമാദിത്യൻ കഥകൾ എല്ലാം. 

 വല്ലാർപാടത്തമ്മയുടെ ചരിത്രം എന്നും എനിക്ക് ഒരു അത്ഭുതലോകം തുറന്നു തന്നിരുന്നു. എൻ്റെ അമ്മയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ ആ കഥകൾ ഒരു സാന്ത്വനമായിരുന്നു.

​വല്ലാർപാടത്തമ്മയുടെ ചിത്രത്തിൽ ഒരമ്മയും കുഞ്ഞും ഒരുമിച്ചിരിപ്പുണ്ടല്ലോ. കഥ കേട്ട് കണ്ണടച്ചിരിക്കുമ്പോൾ ഞാൻ വിചാരിക്കും, അത് എന്റെ അമ്മയും ഞാനുമാണെന്ന്. 

ഞങ്ങളുടെ ദുരിതക്കടലിൽ നിന്ന് കരകയറ്റാൻ വന്ന ദൈവത്തിന്റെ രൂപമാണ് എന്റെ അമ്മ. അമ്മയെ ചേർന്നിരിക്കുമ്പോൾ ആ രൂപം എനിക്ക് കൂടുതൽ തെളിഞ്ഞു വരും.

​ഞാൻ എന്റെ പാഠപുസ്തകങ്ങൾ അമ്മയെ വായിച്ചുകേൾപ്പിക്കും. അമ്മയ്ക്ക് എഴുത്തും വായനയും വശമില്ല. എങ്കിലും, ഞാൻ വായിച്ചു കൊടുക്കുന്ന പാഠഭാഗങ്ങൾ കേൾക്കാൻ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ഞാൻ വായിച്ചു നിർത്തുമ്പോൾ അമ്മ ആ പാഠഭാഗങ്ങൾ തിരികെ പറഞ്ഞു കേൾപ്പിക്കും. അത്ഭുതത്തോടെ ഞാൻ അമ്മയെ നോക്കി ഇരിക്കും.

​അമ്മ എനിക്ക് ഒരേ കഥ തന്നെ പലപ്രാവശ്യം പറഞ്ഞു തരും. ഞാനും ഒരേ പാഠഭാഗം തന്നെ അമ്മയെ പലപ്രാവശ്യം വായിച്ചു കേൾപ്പിക്കും.. ഒരേ കാര്യം വീണ്ടും വീണ്ടും കേൾക്കുമ്പോൾ അതിന് പുതിയൊരു അർത്ഥവും ആഴവും ഉണ്ടാകുന്നതായി എനിക്ക് തോന്നി. അമ്മയുടെ കഥകൾ ഞങ്ങളുടെ ദുരിത ജീവിതത്തിന് ഒരു ദിശാബോധം നൽകി, എന്റെ പാഠപുസ്തകങ്ങൾ അമ്മയുടെ അറിവിന്റെ ലോകം വലുതാക്കി.

​സമയംരാത്രി ഒത്തിരി പിന്നിടുമ്പോൾ  കയർ പിരിക്കുന്നതിനിടയിൽ അമ്മയുടെ കണ്ണുകൾ അറിയാതെ അടയും. അപ്പോൾ അമ്മ കണ്ണുകൾ ശക്തിയായി തുറന്ന് വീണ്ടും കയർ പിരിക്കാൻ തുടങ്ങും. മക്കളെ പട്ടിണിക്കിടരുത്, അതാണ് ആ ഉറക്കമില്ലാത്ത ഇരുപ്പിലെ അമ്മയുടെ ചിന്ത. വിശപ്പെന്ന തീ കെടുത്താനുള്ള ഒരമ്മയുടെ കഠിനമായ ശ്രമം..

​കുറെ നേരം ഇരുന്നുകഴിഞ്ഞാൽ എനിക്ക് വല്ലാതെ ഉറക്കം വരും. മുറ്റത്തിരുന്ന് കയർ പിരിക്കുന്ന അമ്മയെ വിട്ട്, പുരയ്ക്കകത്ത് കയറി കിടന്നുറങ്ങാൻ എനിക്ക് മടിയാണ്. അമ്മയെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സു വരില്ല. അതുകൊണ്ട് ഞാൻ അമ്മയെ ഉറങ്ങാൻ വിളിക്കാറില്ല.
​ഉറക്കം വല്ലാതെ പിടികൂടുമ്പോൾ ഞാൻ മെല്ലെ അമ്മയുടെ ചകിരിത്തടയുടെ അടുത്ത് തലവച്ച് താനേ കിടക്കും. ആ ചകിരിയുടെ പരുപരുത്ത പ്രതലം എന്റെ ഏറ്റവും മൃദലമായ തലയിണയായി തോന്നും.. അപ്പോൾ അറിയാതെ ഞാൻ ഉറങ്ങിപ്പോകും.

​പിറ്റേദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ  പുരയ്ക്കകത്തെ പായിലായിരിക്കും കിടക്കുന്നത്. എപ്പോഴാണ് അമ്മ കയറുപിരി നിർത്തിയത്? എപ്പോഴാണ് എന്നെ വിളിച്ച് അകത്ത് കൊണ്ടുപോയ് കിടത്തിയത്? എനിക്കൊരു പിടിയും കിട്ടിയിരുന്നില്ല. 

അമ്മയുടെ തളർച്ചയില്ലാത്ത കൈകളാണ് എന്നെ സുരക്ഷിതത്വത്തിലേക്ക് എടുത്തുയർത്തിയത്. ആ കൈകൾക്ക് എപ്പോഴും ചകിരിയുടെ ഒരു നേർത്ത ഗന്ധമുണ്ടായിരുന്നു. ആ ഗന്ധമാണ് എന്റെ ഏറ്റവും വലിയ ഓർമ്മ.

​വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. അമ്മ യാത്ര പറഞ്ഞു പോയി. ഇന്ന് ഞങ്ങളുടെ വീട്ടിൽ ദാരിദ്ര്യമുണ്ടെന്ന് പറയാനില്ല. കഞ്ഞിക്കു വകയില്ലാത്ത ഒരു കാലം ഇന്ന് ഓർമ്മകൾ മാത്രമാണ്. സുഖമായി ഉറങ്ങാൻ എല്ലാ സൗകര്യങ്ങളുമുണ്ടിന്ന്.
​എങ്കിലും,  രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓർക്കും. വിശപ്പിന്റെയും ദുഃഖത്തിന്റെയും ആ ഇരുണ്ട കാലം.

ഉറക്കം വരാൻ വൈകുമ്പോൾ  അന്ന് അമ്മയുടെ ചകിരിത്തടയിൽ തലവച്ചുറങ്ങിയ ആ നിമിഷം ഞാൻ ഓർക്കും .ഉറങ്ങാൻ വേണ്ടി ഒരു തലയിണ എൻ്റെ തലയോട് ചേർത്തുപിടിക്കും. അത് അമ്മയുടെ ചകിരിത്തടയാണെന്ന് വിചാരിക്കും. ആ തലയിണയിൽ അമ്മയുടെ കൈകളുടെ വാത്സല്യവും കയറിൻ്റെ മണവും ഞാൻ അറിയാതെ തിരയും. അപ്പോൾ എന്റെ കണ്ണുകൾ താനേ അടയും. പെട്ടെന്ന് ഞാൻ ഉറക്കത്തിലേക്ക് തെന്നിവീഴും.
​ദാരിദ്ര്യത്തെ അതിജീവിച്ച, ദുഃഖങ്ങളിൽ സാന്ത്വനം കണ്ടെത്തിയ, ഒരു അമ്മയുടെ കരുതലിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങുന്ന ആ പഴയ കുഞ്ഞിനെപ്പോലെ!

​എല്ലാ ദാരിദ്ര്യത്തിന്റെയും ദുഃഖത്തിന്റെയും മുകളിൽ അമ്മയുടെ സ്നേഹം ഒരു നേർത്ത കയർപോലെ സന്ത്യന സ്പർശം  നൽകി നിൽപ്പുണ്ടായിരുന്നു. അത് ഇന്നും എന്നെ താങ്ങി നിർത്തുന്നു. അമ്മയുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും മകനായ എനിക്ക് എന്നും പ്രചോദനവും മാതൃകയുമായിരുന്നു. 

എൻറെ സകല പ്രയാസങ്ങളിലും  ഇപ്പോഴും  കൂടെ നിൽക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്യുന്ന ആൾ, എൻറെ അമ്മ. ചകിരിയുടെ മണുള്ള വീട്ടിലെ എൻ്റെ അമ്മ |
                       * * *

Wednesday, 5 November 2025

മലപ്പുറം കത്തി - കഥ

#മലപ്പുറംകത്തി
കഥ- കെ എ സോളമൻ

​നാട്ടിലെ  ആളൊഴിഞ്ഞ മൂലയിലെ സജീവമായ ഒരു 'സ്ഥാപനമായിരുന്നു' ചിറയിൽ ദേവസ്സി ചേട്ടൻ്റെ പുരയിടം. അവിടെ രാവും പകലും ചീട്ടുകളിയുടെ ആരവമായിരുന്നു.

 കളിയിൽ പങ്കെടുക്കാൻ പണിയെടുക്കാത്തവരും, പണിയെടുത്തിട്ട് സമയം ബാക്കിയുള്ളവരും ഉണ്ടാകും, ഫേസ്ബുക്ക്, വാട്സ്ആപ്പ്, റീൽസ്  ടി.വി. എന്നിവയുടെ ശല്യമില്ലാതിരുന്ന കാലത്ത്  സ്വസ്ഥമായിരിക്കാൻ കണ്ടെത്തിയ ഏക ആശ്രയം. സത്യം പറഞ്ഞാൽ, അന്ന് ഞങ്ങൾക്ക് സമയം പോകാൻ വേറെ വഴിയില്ലായിരുന്നു.

​ഞങ്ങളുടെ സംഘത്തിൽ, കോയകുഞ്ഞ്, ഖാദർ, ഖലീദ്, കുഞ്ഞുമണി, റപ്പേൽ കുഞ്ഞപ്പൻ, കൊച്ചപ്പി, മൈക്കിൾ, പവിത്രൻ, സേവ്യർ, പാക്കരനെന്ന ഭാസ്കരൻ എന്നിങ്ങനെ ഒത്തിരി 'കഥാപാത്രങ്ങൾ' ഉണ്ടായിരുന്നു.
​ദേവസ്സി ചേട്ടൻ്റെ പുരയിടത്തിലേക്കു ഒരു വിധപ്പെട്ട  'പ്രവേശന ഫീസും ഉണ്ടായിരുന്നില്ല.  അവിടെ കളിക്കാരുടെ സൗകര്യത്തിനായി രണ്ടു മൂന്നു ചീട്ടുതറ ഒരുക്കിയിരുന്നു. കളിക്കാർ തന്നെ മണ്ണ് കൂട്ടി ഒരുക്കിയതായിരുന്നു ഈ ചീട്ടുകളിത്തറകൾ

ചീട്ടുമേശയാണ്  ദേവസി ചേട്ടന് കിട്ടുന്നഫീസ്,  ഒരു കുത്ത് ചീട്ട് ഉപയോഗിച്ച് അദ്ദേഹം 20 കുത്ത് ചീട്ട് വാങ്ങാനുള്ള കാശ്  'ചീട്ടുമേശ' എന്ന പേരിൽ ഈടാക്കിയിരുന്നു. ഓരോ ദിവസത്തെ കളി കഴിയുമ്പോഴും, ചീട്ടുകൾ വൃത്തിയായി അടുക്കി, ടാൽക്കം പൗഡറിട്ട് കുളിപ്പിച്ച്, അടുത്ത ദിവസത്തെ വിതരണത്തിനായി അദ്ദേഹം സൂക്ഷിക്കും. കളിക്കാരെ നിലനിർത്തുക എന്നതായിരുന്നു 'ചീട്ട് പരിപാലനത്തിൻ്റെ' ഗുട്ടൻസ്!

​ഈ 'അക്കാദമി'യുടെ പ്രധാന പ്രശ്നം പോലീസായിരുന്നു. വലിയ ഏമാന്മാർ ക്ലബ്ബുകളിൽ ഇരുന്ന് ചീട്ടുകളിക്കുമ്പോൾ, ചെറിയ പോലീസ് ഏമാന്മാർ ഇത്തരം സംഘങ്ങളെ 'കീഴ്പ്പെടുത്തി' ചിലവിനുള്ള വട്ടക്കാശ് ഉണ്ടാക്കുന്നത് ഒരു പതിവായിരുന്നു. പോലീസിൻ്റെ വരവ് ദേവസ്സി ചേട്ടൻ ദൂതൻ മുഖാന്തരം മുൻകൂട്ടി അറിഞ്ഞിരിക്കും.

​പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റുന്ന ദിവസങ്ങളിൽ  പോലീസ് അതിക്രമം നടക്കും. ഓടി രക്ഷപ്പെടാൻ പ്രാപ്തിയുള്ള 'ജിംനാസ്റ്റിക്സ്' താരങ്ങൾ കിഴക്കേ പാടവും തോടും ചാടി രക്ഷപ്പെടും. പോലീസുകാർക്ക് ചെളി അലർജിയായതിനാൽ,കളിക്കാർക്ക് പിന്നാലെ പാടത്തിലൂടെ ഓടാറില്ല. കളിക്കാർക്ക് ചെളിയിൽ കളയാനുള്ളത് 'പോക്കറ്റിലെ കാശ് , പോലീസുകാർക്ക് ചെളിയിൽ കളയാനുള്ളത് 'ബൂട്ടി'ൻ്റെ പ്രൗഢിയും.

​ഒരിക്കൽ, പോലീസ് അതിക്രമത്തിൽ പാക്കരൻ എന്ന ഭാസ്കരൻ കുടുങ്ങി.
"ഏമാന്മാരെ, ഞാൻ ചീട്ടുകളിച്ചിട്ടില്ല! എന്നെ വിട്ടേക്കല്ലേ..." പാക്കരൻ്റെ നിലവിളിയിൽ പോലീസുകാർ പോലും ചിരിച്ചു.. 'വെറുതെ വിട്ടേക്കണേ' എന്ന് പറയേണ്ടയാൾ പരിഭ്രമത്തിൽ 'വിട്ടേക്കല്ലേ' എന്ന് പറഞ്ഞത് സ്വന്തം അറസ്റ്റ് ഉറപ്പിച്ച മട്ടിലായിരുന്നു.

 പോലീസുകാർക്ക് കൊടുത്ത 'വട്ടക്കാശ്' 
,പിറ്റേന്ന് അതിൻ്റെ ഇരട്ടി പിരിവായി ദേവസ്സി ചേട്ടൻ ചീട്ടുകളി സംഘങ്ങളിൽ നിന്ന് ഈടാക്കിയിരിക്കും. കാരണം, 'നഷ്ടപ്പെട്ടത്' പോലീസിന് മാത്രമല്ല, ദേവസ്സി ചേട്ടൻ്റെ 'ബിസിനസ്സി'ന് കൂടിയാണല്ലോ!

​അന്ന് ഒരു സാധാരണ ദിവസത്തെ ചീട്ടുകളിക്ക് സംഘം ചേരുമ്പോഴാണ് കോയകുഞ്ഞ് അരയിൽ ഒരു പ്രത്യേക 'ബഹുമതി'യുമായി എത്തിയത്: മലപ്പുറം കത്തി! സ്വന്തം കൊഞ്ഞാപ്പ സമ്മാനിച്ച ആയുധം

​മലപ്പുറം ജില്ലയിലെ തനതായ പാരമ്പര്യ ആയുധമാണ് മലപ്പുറം കത്തി. എന്തും കുത്തിമറിക്കാനുള്ള ഒരു തരം കഠാര.
കോയകുഞ്ഞ് കത്തി പുറത്തെടുത്ത് നെഞ്ചും വിരിച്ച് നിന്നു. 

പോലീസിനെ നേരിടാനാണോ ഈ കത്തി എന്ന ചോദ്യം ആരും കോയകുഞ്ഞിനോട് ചോദിച്ചില്ല. അതിനുള്ള ധൈര്യം അവനില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പോലീസിനെ കണ്ടാൽ ആദ്യം ഓടുന്നത് കോയകുഞ്ഞാണെന്ന്  ഉറപ്പായിരുന്നു. എങ്കിലും കത്തി ഒരു ഭംഗിയായി അവൻ കണ്ടിരുന്നു.

​"ഈ മലപ്പുറം കത്തിക്ക് കനം കൂടുതലാണ്, നല്ല മൂർച്ചയുമുണ്ട്, നീളവുമുണ്ട്," കോയകുഞ്ഞ് അത് അഭിമാനത്തോടെ പ്രദർശിപ്പിച്ചു. 
"പിടിക്ക് നീളം കുറവാണ്. നോക്ക്, മാൻകൊമ്പ് ഉപയോഗിച്ചാണ് പിടി നിർമ്മിച്ചിരിക്കുന്നത്. നാല് വിരലുകൾക്ക് ഒതുക്കിപ്പിടിക്കാൻ മാത്രമുള്ള നീളമേ പിടിക്ക് ഉള്ളു. ആരെങ്കിലുമായി പോരാട്ടമുണ്ടായിൽ, മറ്റൊരാൾക്ക് കത്തിയിൽ കയറിപ്പിടിക്കാതിരിക്കാനാണ് ഈ ചെറിയ പിടി," കോയകുഞ്ഞ് ഒരു 'ആയുധ വിദഗ്ദ്ധനെ'പ്പോലെ ക്ലാസെടുത്തു. ബാക്കിയുള്ളവർ ചീട്ട് കളി തുടങ്ങാനുള്ള ആകാംഷയിൽ ഇതെല്ലാം കേട്ട് തലയാട്ടി.

​കത്തിയിലെ ചിത്രപ്പണികൾ കാണിച്ച് ഒരിക്കൽ കോയ പറഞ്ഞു: "ചില കത്തികളിൽ മാത്രമേ ഇത്തരം ചിത്രപ്പണികൾ കാണൂ. ഇത് ഒരു 'സ്ഥാനചിഹ്നമായി' പലരും കരുതാറുണ്ട്."

"അതെ, ഇതൊരു സ്ഥാനചിഹ്നമാണ്. ചീട്ടുകളിയിൽ തോറ്റ് പൈസ പോകുമ്പോൾ, പകരമായി വീട്ടിൽ കൊണ്ടുപോയി തൂക്കിയിടാൻ," റപ്പേൽ  തമാശയായി പറഞ്ഞു.

​"ഈ കത്തികൊണ്ട് ഉണ്ടാകുന്ന മുറിവുകൾ കരിയാൻ പ്രയാസമാണ്. കത്തിയുടെ നിർമ്മാണത്തിലെ പ്രത്യേക ലോഹക്കൂട്ടും, പരമ്പരാഗതമായ നിർമ്മാണ രഹസ്യങ്ങളുമാണ് ഇതിന് കാരണം," കോയ പറഞ്ഞു.

​എല്ലാം കേട്ട് കൊച്ചപ്പി ഒരു ദീർഘനിശ്വാസമെടുത്തു: "കോയകുഞ്ഞേ, നീ കൊച്ചാപ്പൻ്റെ വയറ്റിൽ കുത്തി നോക്കരുത്. ഞങ്ങൾക്ക് ചീട്ടുകളിക്കാനുള്ള മൂഡു കളയരുത്." എല്ലാവരും ചിരിച്ചു. 

ഒരു തമാശയായി തുടങ്ങി, ആ കത്തി അവരുടെ സൗഹൃദക്കൂട്ടായ്മയിൽ ഒരു 'ഭീഷണി'യായി മാറുമെന്ന് ആരും അറിഞ്ഞില്ല.

​മലപ്പുറം കത്തിയുമായി എത്തിയ കോയയുടെ ചീട്ടുകളി, ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ കൂട്ടുകാർക്ക് കൗതുകമായിരുന്നു. ഒരു 'ആക്ഷൻ ഹീറോ'വിനെപ്പോലെ കത്തിയുമായി വന്ന് ചീട്ടുകളിക്കുന്നത് അവർ ആസ്വദിച്ചു.
​എന്നാൽ, പതിയെപ്പതിയെ കൂട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. ചീട്ടെടുക്കുമ്പോൾ കത്തി അരയിൽ തട്ടും, കൈയബദ്ധം പറ്റിയാൽ കൈ മുറിയും, കത്തി കണ്ടാൽ പോലീസുകാർക്ക് സംശയം തോന്നും – ഇതായിരുന്നു അവരുടെ പ്രധാന ആശങ്ക.

കളിസംഘത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് കൊച്ചപ്പിയായിരുന്നു. കൊച്ചപ്പിയുടെ 'ശുദ്ധമായ' ചീട്ടുകളിക്ക് കോയയുടെ കത്തി ഒരു 'അലങ്കോലമായി' തോന്നി.

​"കുഞ്ഞേ, കോയേ , മേലാൽ  ഒരിക്കലും ഇവിടെ കത്തിയുമായി വന്ന് കാണരുത്. കത്തി വീട്ടിൽ വെച്ചേക്കണം, എന്നിട്ടേ വരാവൂ," കൊച്ചപ്പി ശക്തമായി താക്കീത് ചെയ്തു.

 കൊച്ചപ്പിയുടെ ഈ 'അധികാര പ്രയോഗം' കോയകുഞ്ഞിന് ഒട്ടും രസിച്ചില്ല.

​"എൻ്റെ കത്തി! ഞാൻ എവിടെ വയ്ക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഇത് എൻ്റെ കൂടെ എന്നും ഉണ്ടാകും," കോയ ഉറപ്പിച്ചു പറഞ്ഞു.

​കോയ, കൊച്ചപ്പിയുടെ വാക്കുകളെ മൈൻഡ് ചെയ്തില്ല. അരയിലെ ബെൽറ്റിൽ കത്തി കുത്തിവെച്ച്,  കോയ വീണ്ടും ചീട്ടുകളിക്കാൻ എത്തി. 'ചീട്ടുകളി സംഘത്തിലെ നിയമങ്ങൾ' കത്തിയുടെ പേരിൽ ലംഘിക്കപ്പെട്ടു. ഇത് കൊച്ചപ്പിയുമായിട്ടുള്ള കടുത്ത  വാക്ക് തർക്കത്തിന് കാരണമായി.
​അങ്ങനെ ഒരു ദിവസം കളി നടക്കുന്നതിനിടെ, കോയകുഞ്ഞിൻ്റെ ഒരു അശ്രദ്ധമായ നീക്കം കൊച്ചപ്പിയുടെ പണം നഷ്ടപ്പെടുത്തി. തർക്കം രൂക്ഷമായപ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട കോയ, അരയിലെ മലപ്പുറം കത്തി വലിച്ചൂരി.
​അപ്രതീക്ഷിതമായിരുന്നു ആ സംഭവം. മലപ്പുറം കത്തിയുടെ കുത്തേറ്റ് കൊച്ചപ്പിയുടെ അടിവയർ മുറിഞ്ഞു.

"അയ്യോ. അവൻ സീരിയസായി കളിച്ചു!" കൂട്ടുകാർ അലറി.

​മുറിവ് കണ്ട് കോയകുഞ്ഞ് ഭയന്നുവിറച്ചു. കത്തിയുടെ മൂർച്ചയെക്കുറിച്ച് താൻ തള്ളിയ കഥകൾ സത്യമായതോർത്ത് അവൻ ഞെട്ടി. "മുറിവുകൾ കരിയാൻ പ്രയാസമാണ്" എന്ന് കോയ പറഞ്ഞ വാക്കുകൾ അപ്പോൾ എല്ലാവരുടെയും ചെവിയിൽ മുഴങ്ങി. വേദനയിൽ പുളഞ്ഞ കൊച്ചപ്പിയെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

​സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ചീട്ടുകളി നടന്നിടത്തു നിന്നും ചോരപ്പാടുകൾ കണ്ടതും പോലീസുകാർക്ക് 'വട്ടക്കാശി'നേക്കാൾ വലിയ ഒരു കേസ് മണത്തു.

​പോലീസ് ഉടൻ തന്നെ കോയകുഞ്ഞിനെയും, കളിക്കാർക്ക്പുരയിടം വിട്ടുകൊടുത്ത ദേവസ്സി ചേട്ടനെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഒരു കത്തിക്കുത്ത് കേസും, അത് നടന്നത് ഒരു ചീട്ടുകളി കേന്ദ്രത്തിലാണെന്നറിഞ്ഞതും പോലീസിന് ചികരമായി.

​പക്ഷേ, ഇവിടെയാണ് സൗഹൃദത്തിൻ്റെ 'അവസാനത്തെ കൈത്താങ്ങ്' ഉണ്ടായത്. ആശുപത്രിയിൽ കിടന്ന കൊച്ചപ്പി, പോലീസുകാർ മൊഴിയെടുക്കാൻ വന്നപ്പോൾ സത്യം പറയാൻ തയ്യാറായില്ല.

​"ഏമാന്മാരെ, അത് മനപ്പൂർവ്വം സംഭവിച്ചതല്ല. ഒരബദ്ധം പറ്റിയതാണ്. അവനെ വെറുതെ വിട്ടേക്കണം," കൊച്ചപ്പി അപേക്ഷിച്ചു.  സൗഹൃദത്തിൻ്റെ പേരിൽ, തൻ്റെ വയറ്റിലെ മുറിവിനെ കൊച്ചപ്പി 'അബദ്ധം' എന്ന് ലഘൂകരിച്ചു.
​കൊച്ചപ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രത്യേക വ്യവസ്ഥയിൽ കോയകുഞ്ഞിനെയും ദേവസ്സിയെയും പോലീസ് വെറുതെ വിട്ടു.
​പോലീസ് വെച്ച  വ്യവസ്ഥ ഇതായിരുന്നു:
"മേലാൽ ദേവസ്സിയുടെ പുരയിടത്തിൽ ചീട്ടുകളി പാടില്ല. ആ പുരയിടം ഒരു ക്ലബ്ബായി പ്രവർത്തിക്കാൻ പാടില്ല."

 ഒരു മലപ്പുറം കത്തിയും, അതിൻ്റെ ഉടമയുടെ പിടിവാശിയും കാരണം, ചിറയിലെ ദേവസ്സി ചേട്ടൻ്റെ പുരയിടത്തിലെ ചീട്ടുകളിയുടെ 'സുവർണ്ണ കാലഘട്ടം' അവിടെ അവസാനിച്ചു. ഒരു സൗഹൃദക്കൂട്ടായ്മ, ഒരു കത്തിയുടെ തുമ്പിൽ വെച്ച് നിലച്ചുപോയി. പോലീസിൻ്റെ 'വട്ടക്കാശ്' പിരിവിൽ നിന്ന് രക്ഷപ്പെട്ട കളി, ഒടുവിൽ പോലീസിൻ്റെ 'ശാസന'യിൽ പൂർണ്ണമായി നിർത്തേണ്ടി വന്നു.

​ഇനി, മൈക്കിളും പവിത്രനും പാക്കരനും ഖാദറും ഒക്കെ എവിടെയിരുന്ന് ചീട്ടുകളിക്കുമെന്ന ചിന്തയോടെ, ആ പഴയ ചീട്ടുകളി സംഘം ചിറയിൽ ദേവസ്സിയുടെ പുരയിടത്തിൽ നിന്നും പിരിഞ്ഞുപോയി. 

അവിടെ ചീട്ടുകളും കളിത്തറയും ഒരു മേശയും  മാത്രം ബാക്കിയായി.
                           * * *

Monday, 3 November 2025

അശോകൻ ചേർത്തലയുടെ ലോകം


അവതരിക 
വ്യത്യസ്ത വികാരങ്ങൾ തുന്നിച്ചേർത്ത കഥകൾ: അശോകൻ ചേർത്തലയുടെ ലോകം

​മലയാള കഥാസാഹിത്യത്തിന് ചേർത്തല നൽകിയ അതുല്യമായ സംഭാവനയാണ് പ്രിയപ്പെട്ട എഴുത്തുകാരൻ അശോകൻ ചേർത്തല. ചേർത്തലയിലെയും മാരാരിക്കുളത്തെയും സാംസ്കാരിക വേദികളിൽ അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ, സാധാരണ എഴുത്തുകാരിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു പ്രത്യേക കൈയ്യൊപ്പ് ഈ കലാകാരന് സ്വന്തമായുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.. ജീവിതത്തിന്റെ നേർക്കാഴ്ചകളെ, പ്രത്യേകിച്ചും നർമ്മത്തിന്റെയും, ദുഃഖത്തിൻ്റെയും നേർത്ത നൂലുകൾ തുന്നിച്ചേർത്ത് കഥകളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനാർഹമാണ്.

​കഥയിൽ നർമ്മം ചേര്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ഒരു സർജനെപ്പോലെ സൂക്ഷ്മമായ കൈയ്യടക്കം ആവശ്യമുള്ള കലയാണ്. കൃത്യമായ അളവിലും സമയത്തിലും നർമ്മം ഉപയോഗിച്ചാൽ മാത്രമേ വായനക്കാരന്റെ മനസ്സിനെ സ്പർശിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയൂ. ഈ പുസ്തകത്തിലെ ഓരോ കഥയിലും അശോകൻ ചേർത്തല ആ ധർമ്മം എത്ര മനോഹരമായി നിർവഹിച്ചിരിക്കുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു.
കണ്ണീരിന്റെ ആഴവും ആത്മാർത്ഥതയുടെ ഓർമ്മകളും: "കണ്ണീർ പൂക്കൾ"
​ഈ സമാഹാരത്തിലെ ആദ്യ കഥയായ "കണ്ണീർ പൂക്കൾ" നർമ്മത്തിന്റെ ലോകത്തുനിന്ന് മാറി, മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരവും ആഴമേറിയതുമായ വികാരങ്ങളിലൊന്നായ ദുഃഖത്തെയാണ് വിഷയമാക്കുന്നത്. മീനാക്ഷിയുടെയും മങ്കമാമ്മയുടെയും കഥയിൽ, മഴവെള്ളപ്പാച്ചിലിന്റെ പശ്ചാത്തലത്തിൽ വിടരുന്ന ഈ സൗഹൃദം ഹൃദയസ്പർശിയാണ്.
​മീനാക്ഷിയുടെയും മങ്കയുടെയും സംഭാഷണങ്ങൾ കേവലം വാക്കുകളല്ല; അത് ആത്മാർത്ഥതയുടെ പോയകാലസ്മൃതികൾ ഉണർത്തുന്ന, ഒട്ടും കാപട്യമില്ലാത്ത, ഹൃദയത്തിൽ നിന്ന് പൊന്തിവരുന്ന വികാരങ്ങളാണ്. എന്നാൽ, കഥയുടെ അന്ത്യത്തിൽ ഒരു മഴവെള്ളപ്പാച്ചിലിന്റെ വരവോടെ മങ്ക, മീനാക്ഷിയെയും മകനെയും വിട്ടു പിരിയുന്നത് വായനക്കാരന്റെ ഉള്ളിൽ ഒരു നോവായി അവശേഷിക്കുന്നു.
പ്രിയപ്പെട്ടവരുടെ വേർപാട്, സ്വപ്നങ്ങളുടെ നഷ്ടം തുടങ്ങിയ സന്ദർഭങ്ങളിലാണ് മനുഷ്യൻ ദുഃഖം അനുഭവിക്കുന്നത്. എന്നാൽ, ഈ ദുഃഖത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെ നാം തിരിച്ചറിയുന്നത് എന്ന ശക്തമായ സത്യം ഈ കഥ ഓർമ്മിപ്പിക്കുന്നു. ദുഃഖം മനുഷ്യന്റെ ഏറ്റവും വലിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്ന വഴികാട്ടിയാണ്. കഥാകൃത്ത് നർമ്മമില്ലാതെ, എന്നാൽ ആഴമുള്ള വികാരങ്ങളിലൂടെ കഥ പറഞ്ഞു തുടങ്ങുന്നത് ഈ സമാഹാരത്തിന്റെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

കാലത്തിനൊത്ത നർമ്മം: "ഗൂഗിൾ കല്യാണം"
​ദുഃഖത്തിൽ നിന്ന് നർമ്മത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് രണ്ടാമത്തെ കഥയായ "ഗൂഗിൾ കല്യാണം". കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാമൂഹിക അകലം പാലിക്കേണ്ടി വന്നപ്പോൾ, ഗൂഗിൾ മീറ്റ്  വഴിയുള്ള വിവാഹങ്ങൾ ഒരു പ്രധാനപ്പെട്ടതും പ്രായോഗികവുമായ പരിഹാരമായി മാറിയിരുന്നു. വലിയ ആഘോഷങ്ങൾ ഒഴിവാക്കി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നുകൊണ്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചടങ്ങുകളിൽ പങ്കെടുക്കാൻ ഇത് അവസരം നൽകി.
​ഇന്ന് ഇത് സാധാരണമാണെങ്കിലും, ഗൂഗിൾ മീറ്റ് തുടങ്ങിയ കാലത്ത് ഇത്തരം ഒരു വാർത്ത ആശ്ചര്യം ഉണർത്തുന്നതായിരുന്നു.  പിന്നീട് ഇത് സാധ്യമാണെന്ന് വാർത്തകളിലൂടെ നമ്മൾ മനസ്സിലാക്കി. വധൂവരന്മാരുടെ ബന്ധുക്കൾക്ക് ഒരുമിച്ച് മീറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിൽ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവാഹം എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് കഥാകൃത്ത് നർമ്മരസം ചാലിച്ച് പറയുന്നു. സാങ്കേതികവിദ്യ എങ്ങനെ നമ്മുടെ ജീവിതത്തിലെ പരമ്പരാഗതമായ ചടങ്ങുകളിൽ പോലും മാറ്റം വരുത്തുന്നു എന്ന് ഈ കഥ ചിരിയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

സ്വപ്നത്തിന്റെ അതിരുകൾ തേടി: "സ്വപ്ന സാക്ഷാത്കാരം"
​ചന്ദ്രപ്പൻ എന്ന സാധാരണക്കാരനായ ചായക്കടക്കാരന്റെയും മകൻ കിഷൻ ചന്ദ് എന്ന ബഹിരാകാശ ശാസ്ത്രജ്ഞന്റെയും സാഹസികതയുടെ കഥയാണ് "സ്വപ്ന സാക്ഷാത്കാരം".
​ചന്ദ്രപ്പനെ ബഹിരാകാശ യാത്രയ്ക്ക് കൊണ്ടുപോകാൻ കിഷൻ ചന്ദിന് ഭാഗ്യം ലഭിക്കുന്നതും, യാത്രയിൽ അവർക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് കഥയുടെ പ്രതിപാദ്യം. ഈ കഥയിലൂടെ അശോകൻ ചേർത്തല കേവലം ഒരു ഫാന്റസി മാത്രമല്ല അവതരിപ്പിക്കുന്നത്. ചാന്ദ്രദൗത്യങ്ങൾ വിദ്യാർത്ഥികളുടെ ഭാവനയെയും ജിജ്ഞാസയെയും എങ്ങനെ ഉണർത്തുന്നു എന്നതിനെക്കുറിച്ചുള്ള ശക്തമായ സന്ദേശം ഇതിലുണ്ട്.
​ഒരുകാലത്ത് മനുഷ്യന്റെ സാധ്യതകൾക്ക് അപ്പുറമെന്ന് കരുതിയ കാര്യങ്ങൾ ഇന്ന് സാധ്യമാവുകയാണ്. ഇത് കേവലം ശാസ്ത്രപരമായ ഒരു വിജയം എന്നതിലുപരി, എഞ്ചിനീയറിംഗ്, ഗണിതം, സാങ്കേതികവിദ്യ എന്നിവയുടെയെല്ലാം ഒരു മാസ്റ്റർക്ലാസ് കൂടിയാണ്. വലിയ വെല്ലുവിളികളെ കൂട്ടായ പരിശ്രമത്തിലൂടെയും നൂതനമായ ചിന്തകളിലൂടെയും എങ്ങനെ മറികടക്കാം എന്ന് ഈ കഥ വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നു.

"അസാധ്യമായതൊന്നും ഇല്ല" എന്ന ശക്തമായ സന്ദേശം നൽകി, അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ ഈ കഥ പ്രചോദനം നൽകുന്നു എന്ന് നിസ്സംശയം പറയാം. ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഒരു കരിയർ തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് ഇത് പ്രേരണയായേക്കാം.

സ്നേഹത്തിന്റെ തണൽ: "അമ്മ കിളിക്കൂട്"
​ഈ സമാഹാരത്തിലെ നാലാമത്തെ കഥയായ "അമ്മ കിളിക്കൂട്" നാൻസിയുടെ ജീവിതത്തിന്റെയും അവർ അനുഭവിച്ച ക്ലേശങ്ങളുടെയും വിവരണം നൽകുന്നു. ക്രൂരനായ മാത്തച്ചൻ മുതലാളിയുടെയും മകൻ സണ്ണിയുടെയും കഥ ഇതിനിടയിൽ കടന്നുവരുന്നുണ്ട്.
​വിശന്നു വലഞ്ഞ് എങ്ങുനിന്നോ വന്ന ഒരു പയ്യൻ എങ്ങനെ നാൻസിയുടെ ജീവിതം വർണ്ണാഭമാക്കുന്നു എന്നതിലൂടെ കഥാകൃത്ത് സ്നേഹത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും പ്രാധാന്യം അടിവരയിട്ട് പറയുന്നു. ക്ലേശങ്ങളിൽപ്പെട്ട് ഉഴലുന്ന ഒരു ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു കിരണം കടന്നുവരുന്നതിന്റെ മനോഹരമായ കാഴ്ചയാണ് ഈ കഥ. നാൻസിയുടെ ജീവിതം ഒരു 'കിളിക്കൂട്' പോലെ സുരക്ഷിതമാകുന്നത് കാണുമ്പോൾ വായനക്കാർക്ക് ആശ്വാസം ലഭിക്കുന്നു.

ചിരിയും ചിന്തയും നിറഞ്ഞ വായനാനുഭവം
​അങ്ങനെ, ഒരേ സമയം ഏറെ ചിരിക്കാനും ചിന്തിക്കാനുമുള്ള വക നൽകുന്നതാണ് അശോകൻ ചേർത്തലയുടെ ഈ കഥാസമാഹാരം.
ദുഃഖത്തിൽ തുടങ്ങി,.നർമ്മത്തിലേക്ക് കടന്ന്,ബഹിരാകാശത്തിന്റെ ശാസ്ത്രചിന്തകൾ നൽകി,, ഒടുവിൽ മനുഷ്യസ്നേഹത്തിന്റെ മധുരം വിളമ്പുന്ന ഈ കഥകളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണ്. തുടർന്നുള്ള ബാക്കി 11 കഥകളും ഇതേ ശ്രേണിയിൽ പെടുത്താവുന്നതാണ്.

അശോകൻ ചേർത്തലയുടെ ഭാഷയുടെ ഒഴുക്കും, ചുറ്റുപാടുമുള്ള കാഴ്ചകളെ വിവരിക്കുന്നതിലെ ലാളിത്യവും ഈ പുസ്തകത്തെ മികച്ച ഒരു വായനാനുഭവമാക്കി മാറ്റുന്നു. കഥാപാത്രങ്ങളെ നമ്മുടെ കൺമുന്നിൽ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാമാന്യമാണ്. പ്രാദേശികമായ തനിമയും നർമ്മത്തിന്റെ മേമ്പൊടിയും ചേർത്തലയുടെ സാംസ്കാരിക പശ്ചാത്തലവും ഈ കഥകളെ കൂടുതൽ മനോഹരമാക്കുന്നു.
​വായനക്കാർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ മികച്ച കഥാസമാഹാരം മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ട് തന്നെയാകുമെന്നതിൽ സംശയമില്ല. അശോകൻ ചേർത്തലയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ആശംസകളോടെ
കെ എ സോളമൻ
3 - 11 - 2025

Thursday, 30 October 2025

കരുണൻ മുതലാളിയും മക്കളും - കഥ

#കരുണൻ #മുതലാളിയും #മക്കളും
കഥ -കെ എ സോളമൻ 
​ഒരുകാലത്ത് ഐശ്വര്യത്തിൻ്റെ പര്യായമായിരുന്നു "കരുണൻ തമ്പുരാൻ". പക്ഷേ കാലം മാറി, കഥ മാറി. ഇന്ന് തമ്പുരാൻ പണയ വസ്തുവായ ഒരു കൊട്ടാരത്തിലിരിക്കുന്ന 'കരുണാൻ'മുതലാളിയാണ്. ഖജനാവിലെ പണം കണ്ടിട്ട്  ഒരുപാട് കാലമായെന്ന് തമ്പുരാൻ തന്നെ സ്വകാര്യമായി പറയുന്നുണ്ട്.

​തമ്പുരാൻ്റെ തലവേദനയ്ക്ക് പ്രധാന കാരണം അദ്ദേഹത്തിൻ്റെ  മക്കളാണ്. കൃഷിമുതൽ കലാരംഗം വരെ, വിദ്യാഭ്യാസം മുതൽ വിനോദം വരെ ഓരോ മേഖലയും ഓരോ മകനാണ് നോക്കുന്നത്. ഓരോ മകനും വന്നാൽ പറയുന്നത് ഒറ്റ കാര്യമേയുള്ളൂ: "അച്ഛാ, ഫണ്ട്! ഫണ്ട് ഇല്ലെങ്കിൽ എല്ലാം തകരും!"

​ഇതിനിടയിലാണ് നാട്ടിൽ ഒരു  സംസാരം''തമ്പുരാന് അധികാരം വിട്ട് അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിപ്പോകേണ്ടി വരുമത്രെ. ഈ അഞ്ച് മാസം എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം. അധികാരം നഷ്ടപ്പെടാതെ നോക്കുകയും വേണം.

​ഒരു ദിവസം തമ്പുരാൻ്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അദ്ദേഹം  മക്കളെ വിളിച്ചുകൂട്ടി. ഹാളിൻ്റെ നടുക്ക് ഒരു വലിയ കസേരയിലിരുന്ന് അദ്ദേഹം അധികം അലങ്കാരമില്ലാത്ത ഒരു കടലാസ് കയ്യിലെടുത്തു.

​"പ്രിയപ്പെട്ട മക്കളേ," തമ്പുരാൻ ഗൗരവം അഭിനയിച്ചു. "നമ്മുടെ കുടുംബം... ക്ഷമിക്കണം, നമ്മുടെ സാമ്രാജ്യം ഇപ്പോൾ ലോകത്തിൻ്റെ നെറുകയിലാണ്, അതായത് നമ്പർ വൺ ! :ഇനി അധികാരം എൻ്റെ കയ്യിൽ എത്രകാലം ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല. അതിനാൽ ഇതാ, ഞാൻ എൻ്റെ സ്വത്തുക്കൾ ഭാഗം വെക്കാൻ തീരുമാനിച്ചിരിക്കുന്നു!"

​മക്കൾ പരസ്പരം നോക്കി. സ്വത്തോ? കഴിഞ്ഞ മാസം ശമ്പളം തരാൻ പോലും അച്ഛൻ പാടുപെട്ടത് അവർക്കോർമ്മ വന്നു.

​ആദ്യം വിളിച്ചത് മൂത്തമകൻ 'വിദ്യാഭ്യാസനെയാണ്. 
"വിദ്യാഭ്യാസൻ, നിനക്കായി ഞാൻ 2000 കോടി വിലമതിക്കുന്ന 'വിജ്ഞാന വിഹാരം' എന്ന പദ്ധതി പ്രഖ്യാപിക്കുന്നു! ലോകോത്തര നിലവാരത്തിലുള്ള 10 പുതിയ യൂണിവേഴ്‌സിറ്റികൾ! ഇതാ, അതിൻ്റെ പ്രെസ്‌നോട്ടീസിൻ്റെ പകർപ്പ്!"

​വിദ്യാഭ്യാസൻ കൈകൂപ്പി. 
"അച്ഛാ, നിലവിലുള്ള യൂണിവേഴ്‌സിറ്റികളിൽ ലൈറ്റ് ഇടാൻ പോലും പണമില്ല."
​തമ്പുരാൻ ചെവി കേൾക്കാത്തപോലെ അടുത്ത മകനെ ആരോഗ്യ ദാസനെ വിളിച്ചു.

​ "ദാസാ, നിനക്ക് ഞാൻ 1500 കോടിയുടെ 'ആയുസ്സാരോഗ്യം' പ്രഖ്യാപിക്കുന്നു! 5 പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ! ഇതാ, പേപ്പറിൽ ഒപ്പിട്ടത് നോക്കൂ!"
​ദാസൻ്റെ കണ്ണുകൾ നിറഞ്ഞുപോയി.

. "അച്ഛാ, കഴിഞ്ഞ വർഷം വാങ്ങിയ പഞ്ഞിയുടെയും നൂലിൻ്റെയും  സിറിഞ്ചിൻ്റെയും കടം വീട്ടാൻ പോലും ഞാൻ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ്."

​"അതൊന്നും സാരമില്ല മോനേ. ഇതൊരു സുവർണ്ണാവസരമാണ്!" തമ്പുരാൻ ചിരിച്ചു.

​പിന്നീട്, 'ഗതാഗതനെ' വിളിച്ചു.
 "നിനക്ക് 4000 കോടിയുടെ 'സൂപ്പർ ഫാസ്റ്റ് പാത'! ആകാശത്തുകൂടി പോകുന്ന പാത, ഭൂമിയിലൂടെ പോകുന്ന മെട്രോ ലൈൻ... ഇതാ, ഒരു ഭീമൻ മാപ്പ് ഞാൻ നിനക്കായി വരച്ചിരിക്കുന്നു!"

​ഗതാഗതൻ ആ മാപ്പ് വാങ്ങി നോക്കി. അത് സാധാരണ കടലാസിൽ  പെൻസിൽ കൊണ്ട് വരച്ച ഒരു രൂപരേഖയായിരുന്നു. 

"അച്ഛാ, ബസ് ഓടിക്കാനുള്ള ഡീസൽ  വാങ്ങാൻ പണമില്ല, അപ്പോഴാണ് ആകാശപ്പാത!"
​തമ്പുരാൻ്റെ മുഖത്ത് അപ്പോഴാണ് കലിപ്പ് വന്നത്. 

"എന്താടാ, നീ എൻ്റെ വാക്കിനെ ചോദ്യം ചെയ്യുകയാണോ? കരുണൻ  തമ്പുരാൻ ഒരു വാക്ക് പറഞ്ഞാൽ, അത് നടന്നിരിക്കും! നീ എൻ്റെ പ്രഖ്യാപനത്തിൻ്റെ മഹിമയെ കുറയ്ക്കാൻ ശ്രമിക്കരുത്, ശ്രമിച്ചാൽ കടക്കു പുറത്ത് "

​അപ്പോഴാണ് 'കൃഷിനാഥൻ' അലമുറയിട്ടത്. 

"അച്ഛാ, എൻ്റെ കർഷകർക്ക് ഒരു വർഷത്തെ സബ്‌സിഡി കുടിശ്ശികയുണ്ട്. ഇല്ലാത്ത സ്വത്ത് വേണ്ട, ദയവായി ആ കുടിശ്ശികയെങ്കിലും..."

​"എന്താ മോനേ," തമ്പുരാൻ ചിരിച്ചു, "കുടിശ്ശികയോ? നിനക്ക് ഞാൻ 500 കോടിയുടെ 'സമ്പൂർണ്ണ സമൃദ്ധി' പദ്ധതി പ്രഖ്യാപിക്കുന്നു! എല്ലാവർക്കും സൗജന്യമായി അഞ്ചേക്കർ ഭൂമി! ഇതാ 'അഞ്ചേക്കർ വിതരണ പ്രഖ്യാപനത്തിൻ്റെ നോട്ടീസ്'."

​അഞ്ചേക്കർ വിതരണ നോട്ടീസ് കണ്ടപ്പോൾ കൃഷിനാഥൻ തല കറങ്ങി വീഴാതിരിക്കാൻ ചുമരിൽ പിടിച്ചു നിന്നു. 

അപ്പോഴാണ് 'സാമൂഹ്യ സുരക്ഷിതൻ' മുന്നോട്ട് വന്നത്. 

"എൻ്റെ പെൻഷൻകാർക്ക് 5 മാസമായി പെൻഷൻ കൊടുത്തിട്ടില്ല, അച്ഛാ!"

​തമ്പുരാൻ വാത്സല്യത്തോടെ അവനെ നോക്കി.

 "അതിനാണ് മോനേ, നിനക്ക് ഞാൻ 5000 കോടിയുടെ 'ചാന്ദ്ര-പെൻഷൻ' പദ്ധതി പ്രഖ്യാപിക്കുന്നത്! ഇനി പെൻഷൻകാർക്ക് ഓരോ മാസവും ചന്ദ്രനിൽ നിന്ന് നേരിട്ട് പണം എത്തിക്കും! അതിന് വേണ്ട 'സ്‌പേസ് ഏജൻസി കോൺട്രാക്ട് ലെറ്റർ' ഇതാ എൻ്റെ കയ്യിലുണ്ട്! ഇലോൺ മസ്കാണ് സംരംഭകൻ""

​ഒരിടത്തും ഇല്ലാത്ത സ്വത്ത്
​അങ്ങനെ ഓരോ മകനും വേണ്ടി തമ്പുരാൻ ഭാഗിച്ചു  പതിനായിരം കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. കയ്യിലുള്ളത് മൊത്തം അച്ചടിച്ച പ്രെസ്‌നോട്ടുകളും, കൈകൊണ്ട് വരച്ച രൂപരേഖകളും, കള്ള ഒപ്പിട്ട കരാറുകളുമാണ്.

 മക്കളെല്ലാം തമ്പുരാൻറെ മുന്നിൽ തലകുനിച്ച് നിന്നു. തമ്പുരാൻ വിജയിയുടെ ഭാവത്തിൽ കസേരയിൽ ചാരിയിരുന്നു.

​"ഇനി നിങ്ങൾ സന്തോഷത്തോടെ പോയി പദ്ധതികൾ നടപ്പാക്കാൻ തുടങ്ങുക. പേടിക്കേണ്ട, ഈ കരുണൻ മുതലാളിക്ക് ഒരു വാക്കേ ഉള്ളൂ! പണം ഒരു പ്രശ്‌നമല്ല, പ്രഖ്യാപനമാണ് പ്രധാനം!"

​എല്ലാവരും പുറത്തിറങ്ങി.  മക്കളിൽ മൂത്തവരെല്ലാം വിഷമിച്ചിരിക്കുമ്പോൾ, 'സാംസ്‌കാരികൻ' എന്ന ഇളയ മകൻ ചിരിച്ചുകൊണ്ട് മുന്നോട്ട് വന്നു.

​"നിങ്ങളെന്താ ഇങ്ങനെ വിഷമിക്കുന്നത്?" അവൻ ചോദിച്ചു.
​"വിഷമിക്കാതിരിക്കാൻ പറ്റുമോ? നമുക്ക് ആർക്കും ഒരു ചായ കുടിക്കാനുള്ള കാശ് പോലും ഇപ്പോൾ കയ്യിലില്ല. അപ്പോഴാണ് പതിനായിരം കോടിയുടെ പദ്ധതികൾ!" ഗതാഗതൻ നെടുവീർപ്പിട്ടു.

​"അതുതന്നെയാണ് അച്ഛൻ്റെ 'മാസ്റ്റർ പ്ലാൻ'," സാംസ്‌കാരികൻ ചിരി തുടർന്നു.

 "ആരെങ്കിലും എവിടെയെങ്കിലും ഈ സ്വത്ത് കാണാൻ വന്നാൽ, നമുക്ക് ധൈര്യമായി പറയാമല്ലോ: 'അതിൻ്റെ രേഖകൾ ദാ ഇരിക്കുന്നു! പക്ഷേ ഈ സ്വത്ത് എവിടെയാണ് ചോദിച്ചാൽ, ഒരിടത്തും ഇല്ല! അച്ഛൻ പ്രഖ്യാപിച്ചതേയുള്ളൂ. അത് നടപ്പാക്കുന്നത് അടുത്ത അഞ്ച് വർഷത്തെ പ്രകടന പത്രികയിലാണ്!'."

​എല്ലാവരും അവനെ നോക്കി. അതൊരു കിടിലൻ ആശയമായിരുന്നു.
​അപ്പോഴാണ് കൃഷിനാഥൻ ചോദിച്ചത്:

 "അപ്പോൾ, നമ്മുടെ കർഷകരുടെ കുടിശ്ശികയോ?"

​സാംസ്‌കാരികൻ തൻ്റെ കയ്യിലുള്ള കറുത്ത പേപ്പർ ഉയർത്തിക്കാട്ടി. "ഇതാ, അച്ഛൻ എനിക്ക് തന്നത് 'സമ്പൂർണ്ണ സാഹിത്യ വിപ്ലവ'ത്തിനായുള്ള 100 കോടിയുടെ പദ്ധതിയാണ്. അതിൽ നിന്ന് ഞാൻ 20 രൂപ എടുത്ത് നിങ്ങൾക്ക് ചായ വാങ്ങിത്തരാം. ബാക്കി 99 കോടി 99 ലക്ഷത്തി 99 ആയിരത്തി 980 രൂപ അടുത്ത സർക്കാരിൻ്റെ ചുമതലയാണ്!"

​എല്ലാവരും ആ തമ്പുരാൻ്റെ ബുദ്ധിയോർത്ത് ചിരിച്ചുപോയി. കടലാസിലെ കോടീശ്വരന്മാരായി അവർ ആ തകർന്നുപോയ സാമ്രാജ്യത്തിൽ ആ കറുത്ത ചായ (ബ്ളാക് ടീ) കുടിച്ച് നിന്നു. 

ഒരു കാര്യം അവർക്ക് ഉറപ്പായിരുന്നു: പ്രഖ്യാപനങ്ങൾ ഒരിക്കലും കടം കയറി മുടിഞ്ഞുപോവുകയില്ല!
- കെ എ സോളമൻ

Monday, 27 October 2025

ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങൾ -നവ കേരളത്തിൻറെ അടിത്തറ

#ആലോചന #സാംസ്കാരിക #കേന്ദ്രം എസ് എൽ പുരം (Reg.No. A249/10 )
26-10- 2025 ൽ പെരുന്നേർമംഗലം യോഗശാലയിൽ വെച്ച് നടത്തിയ ആലോചന സെമിനാറിലെ അധ്യക്ഷ പ്രസംഗത്തിൻ്റെ ചുരുക്കം

 #നവകേരളത്തിന്റെ #അടിത്തറ: #ശ്രീനാരായണഗുരുവിൻ്റെ #ഉപദേശങ്ങൾ

​കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന യുഗപുരുഷനാണ് ശ്രീനാരായണഗുരു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത്തായ സന്ദേശമുയർത്തിപ്പിടിച്ച്, ജാതിയുടെയും അനാചാരങ്ങളുടെയും ഇരുട്ടിൽ ആണ്ടിരുന്ന കേരള സമൂഹത്തിന് അദ്ദേഹം വെളിച്ചം പകർന്നു. ഗുരുദേവൻ്റെ ഉപദേശങ്ങളും പ്രായോഗിക പ്രവർത്തനങ്ങളുമാണ് ഇന്നത്തെ നവകേരളത്തിൻ്റെ അടിത്തറ എന്ന് നിസ്സംശയം പറയാം.

​19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ജാതിവ്യവസ്ഥയുടെ പിടിയിലായിരുന്ന കേരളത്തിൽ, താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം, വിദ്യാഭ്യാസം, പൊതുവഴികളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനാരായണഗുരു തൻ്റെ ഉപദേശങ്ങളിലൂടെ സാമൂഹിക പരിഷ്കരണത്തിന് തുടക്കമിട്ടത്.

 ബ്രാഹ്മണർക്ക് മാത്രം അവകാശമുണ്ടായിരുന്ന ക്ഷേത്രപ്രതിഷ്ഠാകർമ്മം ഒരു ഈഴവ സമുദായക്കാരനായ ഗുരു നിർവ്വഹിച്ചത് സവർണ്ണാധിപത്യത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു. "നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സാമൂഹിക സമത്വത്തിനും ജാതിരഹിത സമൂഹത്തിനും വേണ്ടിയുള്ള ഒരു വിപ്ലവത്തിൻ്റെ തുടക്കമായി.

​"മനുഷ്യൻ്റെ ജാതി, മനുഷ്യത്വം": ജാതി ലക്ഷണം, ജാതി നിർണ്ണയം തുടങ്ങിയ കൃതികളിലൂടെ ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് മനുഷ്യൻ മഹത്വമുള്ളവനാകേണ്ടതെന്ന് ഗുരു പഠിപ്പിച്ചു. മനുഷ്യരെ വേർതിരിക്കുന്ന എല്ലാ മതിലുകളെയും തകർക്കാൻ ഈ ഉപദേശം പ്രേരണ നൽകി.

 "ഓം സാഹോദര്യം സർവത്ര" എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ ​അദ്വൈതാശ്രമം (ആലുവ, 1913): സ്ഥാപിച്ചതിലൂടെ മതസൗഹാർദ്ദത്തിനും വിശ്വ സാഹോദര്യത്തിനും ഗുരു ഊന്നൽ നൽകി.

​വൈക്കം സത്യാഗ്രഹത്തിന് (1924) പ്രചോദനം: പൊതുവഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഈ പ്രക്ഷോഭത്തിന് ഗുരുദേവൻ്റെ ദർശനങ്ങൾ വലിയ ഊർജ്ജം പകർന്നു.

​അനാചാരങ്ങൾക്കെതിരായ പോരാട്ടം: കെട്ടുകല്യാണം, പുലകുളി പോലുള്ള ദുർവ്യയം ഉണ്ടാക്കുന്ന ആചാരങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു.

​കേരളീയ സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഗുരു മുന്നോട്ട് വെച്ച രണ്ട് പ്രധാനപ്പെട്ട വഴികളാണ് വിദ്യാഭ്യാസവും സംഘടനയും.
​വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം നേടുക:
​"വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക"
(Education to Enlighten, Organization to Strengthen)
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ, വിദ്യാഭ്യാസം മാത്രമാണ് അജ്ഞതയിൽ നിന്നും അടിമത്തത്തിൽ നിന്നും മോചനം നേടാനുള്ള വഴിയെന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. ശിവഗിരിയിലും മറ്റ് സ്ഥലങ്ങളിലും സ്കൂളുകൾ സ്ഥാപിക്കുകയും എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യ നൽകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
​സംഘടനയിലൂടെ ശക്തി നേടുക:
ഛിന്നഭിന്നമായി കിടന്നിരുന്ന സമുദായങ്ങളെ ഒരുമിപ്പിച്ച് നിർത്താനായി ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) സ്ഥാപിച്ചത് (1903) ഗുരുവിൻ്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. അവകാശങ്ങൾ നേടിയെടുക്കാനും സാമൂഹിക മാറ്റങ്ങൾ വരുത്താനും ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

​ വ്യവസായം, കൃഷി, കൈത്തൊഴിൽ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ മാത്രമേ സാമൂഹിക സ്വാതന്ത്ര്യം പൂർണ്ണമാകൂ എന്ന് അദ്ദേഹം പഠിപ്പിച്ചു.

​ആധുനിക കേരളത്തിൻ്റെ വഴികാട്ടിയാണ് ശ്രീനാരായണഗുരു.
​ജാതിയുടെ പേരിൽ വേർതിരിക്കപ്പെടാത്ത, എല്ലാവർക്കും വിദ്യാഭ്യാസം നേടാൻ അവകാശമുള്ള, തുല്യതയും സാഹോദര്യവും നിലനിൽക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ ഒരു മതത്തിലോ സമുദായത്തിലോ ഒതുങ്ങിനിൽക്കാതെ, ലോകമെമ്പാടുമുള്ള മനുഷ്യൻ്റെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ്. ഈ ദർശനങ്ങളാണ് സാമൂഹികമായി മുന്നിട്ട് നിൽക്കുന്ന ഇന്നത്തെ കേരളം എന്ന ആശയത്തിന് ജീവൻ നൽകിയത്. അതുകൊണ്ട് തന്നെ, ഗുരുവിൻ്റെ തത്വങ്ങൾ നവകേരളത്തിൻ്റെ എന്നത്തേക്കുമുള്ള അടിസ്ഥാനശിലയായി നിലനിൽക്കുന്നു.
- കെ എ സോളമൻ

വിവരാവകാശ നിയമബോധനം

#പ്രസക്തഭാഗങ്ങൾ
#അക്ഷരസമിതി #കലാസാംസ്കാരിക #വേദി
#മാരാരിക്കുളം
25 ഒക്ടോ 2025 സാംസ്കാരിക സംഗമത്തിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ.

#ആമുഖം
ചില സാഹിത്യപണ്ഡിതന്മാർ സാധാരണ എഴുത്തുകാർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിമർശകർ തങ്ങളുടെതായി സാഹിത്യത്തിൽ എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നോ, അവരുടെ രചനകളുടെ നിലവാരം എന്താണെന്നോ ആർക്കും അറിയില്ല.. അസംബന്ധങ്ങൾക്ക് മഹത്തായ കഥയുടെ പരിവേഷം നൽകാൻ ശ്രമിക്കുന്നതും, ആർക്കും വേണ്ടാത്ത വിമർശന സാഹിത്യം വിളമ്പുന്നതുമല്ല യഥാർത്ഥ സാഹിത്യപ്രവർത്തനം
സാധാരണ എഴുത്തുകാരുടെ വേദികളാണ് ഇത്തരം സാഹിത്യ സമിതികൾ, പ്രശസ്തിയല്ല,  മറിച്ച് ആസ്വാദകരുമായി സംവദിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള വികാരം. സ്വയം കൂട്ടിലടക്കാതെജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം ചില കൂടികാഴ്ചകൾ ആവശ്യമാണ്

ആൻടൺ ചെക്കോവിൻ്റെ ഒരു ഉദ്ധരണിയുണ്ട്
​Don't tell me the moon is shining; show me the glint of light on broken glass.
​- Anton Chekhov
അലങ്കാര വാക്കുകളിലൂടെയോ പാണ്ഡിത്യം കൊണ്ടോ കേവലം 'ചന്ദ്രൻ പ്രകാശിക്കുന്നു' എന്ന് പറയുന്നതിനേക്കാൾ, സാധാരണക്കാരന് മനസ്സിലാകുന്ന, എന്നാൽ തീവ്രമായ ഒരു ബിംബം (തകർന്ന ചില്ലിൽ പതിച്ച പ്രകാശത്തിൻ്റെ തിളക്കം) കാണിച്ചു കൊടുക്കുന്നതിലാണ് യഥാർത്ഥ കലയുടെ ശക്തി. സാധാരണക്കാരുടെ കവിതകൾ ഈ ചിന്താഗതിയുടെ മികച്ച ഉദാഹരണമാണ് - അത് ലളിതമാണ്, അർത്ഥപൂർണ്ണമാണ്..

​സാഹിത്യത്തിലെ മഹാമനീഷികൾഎന്ന് അവകാശപ്പെടുന്നവർ ഇത് മനസ്സിലാക്കിയാൽ നന്ന്

തുടർന്ന് അല്പം വിവരാവകാശ നിയമ ബോധനം
#വിവരാവകാശ #മറുപടി
നമ്മുടെ പഞ്ചായത്തിൽ വിവരാവകാശനിയമം 2005 പ്രകാരം 
സമർപ്പിച്ച അപേക്ഷയ്ക്കു ലഭിച്ച മറുപടിയിൽ പറയുന്നത്

ചോ 1) : എൻ്റെ പേര് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള കാരണം എന്താണ്?

മറുപടി : വിവരാവകാശ നിയമം 2025 സെപ്റ്റംബർ 2(എഫ്) പ്രകാരം വിവരം എന്നാൽ തത്സമയം പ്രാബല്യത്തിലുള്ള
മറ്റേതെങ്കിലും നിയമപ്രകാരം ഒരു പബ്ളിക് അതോറിട്ടിക്ക് കരസ്ഥമാക്കാവുന്ന രേഖകൾ പ്രമാണങ്ങൾ, മെമ്മോകൾ, ഇമെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പ്രസ് റിലീസുകൾ, സർക്കുലർകൾ ,  ഉത്തരവുകൾ, ലോഗ് ബുക്കുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ, തുടങ്ങിയ ഏതു രൂപത്തിലുള്ള വസ്തുതകളം, ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകളും ആകാം. ആയതിനാൽ ടി ചോദ്യം വിവരാവകാശ പരിധിയിൽ വരുന്നതല്ല. എജ്ജാതി മറുപടി !

ഇതിലും മികച്ച മറുപടി വേണ്ടവർ വിവിധ പഞ്ചായത്തുകൾക്ക് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുക.

#വിവരാവകാശ നിയമം 2005: അറിയേണ്ട കാര്യങ്ങളും കേരളത്തിലെ പ്രസക്തിയും

​ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമനിർമ്മാണങ്ങളിലൊന്നാണ് 2005-ലെ വിവരാവകാശ നിയമം. സർക്കാരിന്റെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ സുതാര്യതയും (Transparency) ഉത്തരവാദിത്തവും (Accountability) ഉറപ്പുവരുത്തുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. ഓരോ പൗരനും സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ അറിയാൻ അവകാശമുണ്ട് എന്ന തത്വത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.

​🌟 വിവരാവകാശ നിയമത്തെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
​1. നിയമത്തിൻ്റെ ലക്ഷ്യം
​സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും: സർക്കാർ ഓഫീസുകളിലെ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കി കാര്യക്ഷമവും സംശുദ്ധവുമായ ഒരു ഭരണക്രമം ഉറപ്പാക്കുന്നു.
​പൗരാവകാശം: ജനാധിപത്യത്തിൽ പൗരന്മാർക്ക് ഭരണത്തെക്കുറിച്ച് അറിയാനുള്ള അടിസ്ഥാനപരമായ അവകാശം നിയമം നൽകുന്നു.

​2. വിവരങ്ങൾ തേടുന്ന പ്രക്രിയ
​അപേക്ഷാ ഫീസ്: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. അല്ലാത്തവർക്ക് ₹10 രൂപയാണ് അപേക്ഷാ ഫീസ്.
​വിവരം ലഭിക്കേണ്ട സമയം: അപേക്ഷ ലഭിച്ച് 30 ദിവസങ്ങൾക്കുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO) മറുപടി നൽകണം.

​ജീവൻ/സ്വാതന്ത്ര്യം: ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.
​സൗജന്യ വിവരം: നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടാൽ, വിവരം സൗജന്യമായി നൽകണം.

​ഒഴിവാക്കിയ വിവരങ്ങൾ: രാജ്യസുരക്ഷ, വിദേശബന്ധങ്ങൾ, കാബിനറ്റ് രേഖകൾ, ഒരാളുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്ന വിവരങ്ങൾ തുടങ്ങിയവ (സെക്ഷൻ 8 പ്രകാരം) ഒഴിവാക്കപ്പെട്ടിരിക്കുന്നു.

​3. അപ്പീൽ സംവിധാനം
​വിവരം നിഷേധിക്കപ്പെടുകയോ സമയപരിധിക്കുള്ളിൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ, അപേക്ഷകൻ താഴെ പറയുന്ന അധികാരികളെ സമീപിക്കാം:
​ഒന്നാം അപ്പീൽ: വിവരങ്ങൾ നൽകേണ്ട ഉദ്യോഗസ്ഥൻ്റെ (PIO) ഉന്നത ഉദ്യോഗസ്ഥൻ (അപ്പീൽ അതോറിറ്റി) - 30 ദിവസത്തിനുള്ളിൽ.

​രണ്ടാം അപ്പീൽ: സംസ്ഥാന വിവരാവകാശ കമ്മീഷൻ (State Information Commission) അല്ലെങ്കിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ - ഒന്നാം അപ്പീലിലെ തീരുമാനം ലഭിച്ച് 90 ദിവസത്തിനുള്ളിൽ.

​#കേരളത്തിലെ അനുഭവം: 
നിയമത്തിന് തുരങ്കം വയ്ക്കുന്ന ഉദ്യോഗസ്ഥർ
​വിവരാവകാശ നിയമത്തിൻ്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നില്ല എന്ന പൊതുവായ അഭിപ്രായം ശക്തമാണ്. സാക്ഷരതാ നിരക്കിൽ മുന്നിലുള്ള സംസ്ഥാനമായിട്ടും, നിയമത്തിൻ്റെ സാധ്യതകൾ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. ഇതിന് പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളും നിസ്സഹകരണവുമാണ്.

​ഉദ്യോഗസ്ഥർ നിയമത്തിന് തുരങ്കം വെക്കുന്ന വഴികൾ:
​വിവരം നിഷേധിക്കൽ: വിവരം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ (PIO-കൾ) പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ (Personal matters), ദേശീയ സുരക്ഷ (National Security) തുടങ്ങിയ സെക്ഷൻ 8-ലെ ഒഴിവാക്കലുകൾ ദുരുപയോഗം ചെയ്ത് അപേക്ഷകൾ നിരസിക്കുന്നു.

​കാലതാമസം വരുത്തൽ: 
30 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതിന് പകരം, അപേക്ഷ ഒന്നിലധികം ഓഫീസുകളിലേക്ക് കൈമാറ്റം ചെയ്യുകയോ, കൃത്യമായ മറുപടി നൽകാതെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഇത് അപേക്ഷകരെ മടുപ്പിച്ച് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
​പൂർണ്ണമല്ലാത്ത മറുപടി: ചോദിച്ച വിവരങ്ങൾക്ക് വ്യക്തവും പൂർണ്ണവുമായ മറുപടി നൽകാതെ, ഭാഗികമായതോ, അവ്യക്തമായതോ ആയ വിവരങ്ങൾ നൽകുന്നു.
​രേഖകൾ നശിപ്പിക്കുക/ക്രമീകരിക്കാതിരിക്കുക (Section 4 Failure): നിയമത്തിലെ സെക്ഷൻ 4 പ്രകാരം എല്ലാ പൊതു അധികാര സ്ഥാപനങ്ങളും തങ്ങളുടെ എല്ലാ രേഖകളും കൃത്യമായി കമ്പ്യൂട്ടർവത്കരിക്കുകയും, തരംതിരിച്ച് സൂചിക തയ്യാറാക്കുകയും, സ്വമേധയാ പ്രസിദ്ധീകരിക്കുകയും ചെയ്യണം. കേരളത്തിലെ പല ഓഫീസുകളിലും ഇത് പൂർണ്ണമായി നടപ്പിലാക്കാത്തതിനാൽ വിവരങ്ങൾ "കൈവശമില്ല" എന്ന് പറഞ്ഞ് നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് എളുപ്പമാവുന്നു.

#പരാതിക്കാരനോടുള്ള പ്രതികാര നടപടി: 
വിവരങ്ങൾ തേടുന്ന വ്യക്തികളെ, പ്രത്യേകിച്ച് സാമൂഹ്യ പ്രവർത്തകരെ, ഭീഷണിപ്പെടുത്തുകയോ, വ്യക്തിപരമായ കേസുകളിൽ കുടുക്കുകയോ, ഓഫീസുകളിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

#നടപടിക്രമങ്ങളിലെ കാലതാമസവും പരിഹാരവും
​വിവരം നിഷേധിക്കുകയോ, സമയപരിധി തെറ്റിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്ക് വ്യവസ്ഥയുണ്ട്. എന്നിട്ടും നടപടികൾക്ക് കാലതാമസം നേരിടുന്നു.

​#പിഴ ചുമത്താനുള്ള വ്യവസ്ഥ:
​വിവരം നൽകുന്നതിൽ മനഃപൂർവം കാലതാമസം വരുത്തുകയോ, തെറ്റായ വിവരം നൽകുകയോ, അപേക്ഷ മനഃപൂർവം നിഷേധിക്കുകയോ ചെയ്താൽ, വൈകിയ ഓരോ ദിവസത്തിനും ₹250 രൂപ വീതം പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. പിഴയുടെ പരമാവധി തുക ₹25,000 ആണ്. പിഴ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നാണ് ഈടാക്കേണ്ടത്.

​#കാലതാമസത്തിൻ്റെയും പ്രശ്‌നങ്ങളുടെയും കാരണം:
​കമ്മീഷൻ്റെ പ്രവർത്തനം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അംഗങ്ങളുടെ കുറവ്, കേസുകളുടെ ബാഹുല്യം, കമ്മീഷൻ്റെ സിറ്റിംഗുകളിലെ കാലതാമസം എന്നിവ തീർപ്പാക്കൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

#ഭരണപരമായ മനോഭാവം: 

വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്ന കോളോണിയൽ കാലഘട്ടത്തിലെ ഉദ്യോഗസ്ഥ മനോഭാവം പലരിലും നിലനിൽക്കുന്നു. സുതാര്യത ഒരു ബാധ്യതയായിട്ടാണ് പല ഉദ്യോഗസ്ഥരും കണക്കാക്കുന്നത്.

#രാഷ്ട്രീയസ്വാധീനം: ഉന്നത ഉദ്യോഗസ്ഥർ തെറ്റുകൾ ചെയ്യുമ്പോൾ, രാഷ്ട്രീയ ഇടപെടലുകൾ കാരണം ശിക്ഷാ നടപടികൾ വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥ.

#പരിശീലനത്തിൻ്റെ കുറവ്: പല ഓഫീസുകളിലെയും പി.ഐ.ഒമാർക്ക് നിയമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യമായ പരിശീലനമോ അവബോധമോ ഇല്ലാത്തത് വീഴ്ചകൾക്ക് കാരണമാകുന്നു.

​#പരിഹാരമാർഗ്ഗങ്ങൾ:
​ബോധവൽക്കരണം: വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിലും പൊതുജന തലത്തിലും കൂടുതൽ ശക്തമായ ബോധവൽക്കരണം നൽകണം.
​കമ്മീഷൻ്റെ ശാക്തീകരണം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമനങ്ങൾ കൃത്യ സമയത്ത് നടത്തുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യണം.

#ശിക്ഷാനടപടികൾ: 
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ, പ്രത്യേകിച്ച് പിഴ ചുമത്തപ്പെട്ട കേസുകളിൽ, സർവ്വീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി എടുക്കണം. പിഴ ചുമത്തുന്നതിലൂടെ മാത്രം നിയമം പൂർണ്ണമായി നടപ്പിലാവില്ല.

#സെക്ഷൻ 4 നടപ്പിലാക്കൽ: എല്ലാ സർക്കാർ ഓഫീസുകളും തങ്ങളുടെ എല്ലാ രേഖകളും സ്വയമേവ പ്രസിദ്ധീകരിക്കുന്ന (Pro-active Disclosure) സെക്ഷൻ 4 പൂർണ്ണമായി നടപ്പിലാക്കിയാൽ അപേക്ഷകളുടെ എണ്ണം കുറയുകയും നിയമം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.

​വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണ്, അത് ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുകയും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ അവരുടെ കടമകൾ കൃത്യമായി നിർവ്വഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് അതിൻ്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ.
- കെ എ സോളമൻ

ഷ്റോഡിംഗറുടെ പൂച്ച

#ഷ്റോഡിംഗറുടെ #പൂച്ച 
(Schrödinger's Cat) 
​🐱 ഷ്റോഡിംഗറുടെ പൂച്ച: 
ഇതൊരു  ചിന്താപരീക്ഷണം (Thought experiment) ആണ്. യഥാർത്ഥത്തിൽ ഇത് ഒരു പരീക്ഷണമല്ല, മറിച്ച് ക്വാണ്ടം ഭൗതികത്തിലെ വിചിത്രമായ ചില ആശയങ്ങൾ സാധാരണ ലോകത്ത് പ്രയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന അസംബന്ധം കാണിക്കാൻ വേണ്ടിയുള്ളതാണ്.

 ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനായ എർവിൻ ഷ്റോഡിംഗർ രൂപകൽപ്പന ചെയ്ത ഒരു ചിന്താപരീക്ഷണം.

​എന്താണ് ഈ പരീക്ഷണം?

​ഒരു അടച്ച പെട്ടിക്കുള്ളിൽ താഴെ പറയുന്ന സാധനങ്ങളെല്ലാം വെച്ചിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക:
1 ) ​ഒരു പൂച്ച.
2) ​ഒരു വിഷക്കുപ്പി.
3) ​ഒരു ഗീഗർ കൗണ്ടർ (Geiger counter) -
റേഡിയോ ആക്ടീവ് വികിരണങ്ങൾ (radioactive radiation) അളക്കാനുള്ള ഉപകരണമാണ് ഗീഗർ കൗണ്ടർ
4) ​ഒരു ചെറിയ അളവ് റേഡിയോ ആക്ടീവ് പദാർത്ഥം. (ഒരു മണിക്കൂറിനുള്ളിൽ ആ പദാർത്ഥത്തിലെ ഒരു ആറ്റം വിഘടിക്കാനുള്ള സാധ്യത 50% ആണ്).

​ഇവയെല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്: റേഡിയോ ആക്ടീവ് പദാർത്ഥത്തിലെ ആറ്റം വിഘടിക്കുകയാണെങ്കിൽ, ഗീഗർ കൗണ്ടർ അത് തിരിച്ചറിയുകയും, അതോടൊപ്പം ഒരു ചുറ്റിക ചലിക്കുകയും, അത് വിഷക്കുപ്പി ഉടച്ച് വിഷം പുറത്തുവിടുകയും, തൽഫലമായി പൂച്ച ചാകുകയും ചെയ്യും. 

ആറ്റം വിഘടിച്ചില്ലെങ്കിൽ, വിഷം പുറത്തുവരില്ല, പൂച്ച ജീവനോടെ ഇരിക്കും.

​ക്വാണ്ടം ഭൗതികത്തിലെ പ്രത്യേകത.

​ക്വാണ്ടം ഫിസിക്സ് എന്നത് ആറ്റങ്ങളെപ്പോലുള്ള വളരെ ചെറിയ കണികകളെക്കുറിച്ചുള്ള പഠനമാണ്. ഈ ലോകത്ത്, ഒരു കണിക ഒരേ സമയം പല അവസ്ഥകളിൽ ഇരിക്കാൻ സാധ്യതയുണ്ടെന്ന് ക്വാണ്ടം നിയമങ്ങൾ പറയുന്നു. ഇതിനെയാണ് സൂപ്പർപൊസിഷൻ (Superposition) എന്ന് വിളിക്കുന്നത്.

​ഇവിടെ റേഡിയോ ആക്ടീവ് പദാർത്ഥത്തിലെ ആറ്റം ഒരു മണിക്കൂറിന് ശേഷം വിഘടിച്ച അവസ്ഥയിലും വിഘടിക്കാത്ത അവസ്ഥയിലും ഒരേസമയം ഇരിക്കുന്നു, അഥവാ സൂപ്പർപൊസിഷനിലാണ്.

​ക്വാണ്ടം നിയമങ്ങൾ ഈ പെട്ടിക്കകത്തുള്ള എല്ലാ വസ്തുക്കൾക്കും ബാധകമാക്കുകയാണെങ്കിൽ, പൂച്ചയുടെ അവസ്ഥ എന്തായിരിക്കും?
​ആറ്റം ഒരേ സമയം "വിഘടിച്ച അവസ്ഥയിലും", "വിഘടിക്കാത്ത അവസ്ഥയിലും" ആണെങ്കിൽ, അതിനോട് ബന്ധിപ്പിച്ച പൂച്ചയും ഒരേ സമയം:
​ജീവനോടെയുള്ള പൂച്ച
​ചത്ത പൂച്ച
​എന്നീ രണ്ട് അവസ്ഥകളുടെ സൂപ്പർപൊസിഷനിൽ ആയിരിക്കണം!
​അതായത്, നിങ്ങൾ പുറത്തുനിന്ന് നോക്കുമ്പോൾ, പെട്ടി തുറക്കുന്നത് വരെ, പൂച്ച ഒരേ സമയം ജീവനോടെയും മരിച്ച നിലയിലും ഇരിക്കുന്നു!

​വൈരുദ്ധ്യം (Paradox)
​പൂച്ചയെപ്പോലെ ഒരു വലിയ വസ്തുവിന് (macro-object) ഒരേ സമയം ജീവനോടെയും മരിച്ച നിലയിലും ഇരിക്കാൻ സാധിക്കില്ല. നമ്മൾ പെട്ടി തുറന്നു നോക്കുമ്പോൾ, പൂച്ച ഒന്നുകിൽ ജീവനോടെ ഇരിക്കും അല്ലെങ്കിൽ ചത്ത നിലയിൽ ആയിരിക്കും; രണ്ടുംകൂടി ഒരുമിച്ച് ഉണ്ടാകില്ല.
​ഇവിടെയാണ് ഈ പരീക്ഷണത്തിന്റെ കാതൽ

​ക്വാണ്ടം ലോകത്തെ (വളരെ ചെറിയ കണികകൾ) നിയമങ്ങൾ നമ്മുടെ സാധാരണ ലോകത്തേക്ക് (പൂച്ചയെപ്പോലെ വലിയ വസ്തുക്കൾ) കൊണ്ടുവരുമ്പോൾ അത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാകുന്നു.
​നമ്മൾ പെട്ടി തുറന്ന് നിരീക്ഷിക്കുമ്പോൾ മാത്രമാണ് ആറ്റത്തിന്റെ സൂപ്പർപൊസിഷൻ തകരുകയും (collapse), അത് ഒരു അവസ്ഥയിലേക്ക് (വിഘടിക്കുകയോ വിഘടിക്കാതിരിക്കുകയോ) മാറുകയും, അതനുസരിച്ച് പൂച്ചയുടെ അവസ്ഥ (ജീവിച്ചിരിക്കുകയോ ചത്തിരിക്കുകയോ) സ്ഥിരമാവുകയും ചെയ്യുന്നത്.

​ഷ്റോഡിംഗറുടെ പൂച്ച എന്ന ഈ ചിന്താപരീക്ഷണം ക്വാണ്ടം മെക്കാനിക്സിലെ നിരീക്ഷണത്തിന്റെ പങ്ക് (Role of Observer) എന്താണ്, എപ്പോഴാണ് സൂപ്പർപൊസിഷൻ എന്ന അവസ്ഥ ഇല്ലാതാകുന്നത് എന്നതിനെക്കുറിച്ചുള്ള ചെറു വിവരണമാണ്.

-കെ എ സോളമൻ
(ചിത്രത്തിൽ കാണുന്നത് ഷ്റോസിംഗറുടെ  പൂച്ച അല്ല. ഷ്റോഡിംഗറുടെ പൂച്ചയുടെ കൂടെ പെട്ടി, വിഷ കുപ്പി, റേഡിയോആക്റ്റീവ് മെറ്റീരിയൽ, ഹാമർ, കൗണ്ടർ തുടങ്ങിയ സജ്ജീകരണങ്ങൾ വേണം. ചിന്താ പരീക്ഷണം ആയതുകൊണ്ട് ഇവയുടെ ഒന്നും ആവശ്യം വരുന്നുമില്ല)

Saturday, 25 October 2025

. #അക്ഷരസമിതിയിലെ ഉദ്ഘാടന പ്രസംഗം

#അക്ഷരസമിതി #കലാസാംസ്കാരിക #വേദി 25 10- 2025
#മാരാരിക്കുളം
25 ഒക്ടോ 2025 സാംസ്കാരിക സംഗമത്തിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ.

#ആമുഖം
ചില സാഹിത്യപണ്ഡിതന്മാർ സാധാരണ എഴുത്തുകാർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിമർശകർ തങ്ങളുടെതായി സാഹിത്യത്തിൽ എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്നോ, അവരുടെ രചനകളുടെ നിലവാരം എന്താണെന്നോ ആർക്കും അറിയില്ല.. അസംബന്ധങ്ങൾക്ക് മഹത്തായ കഥയുടെ പരിവേഷം നൽകാൻ ശ്രമിക്കുന്നതും, ആർക്കും വേണ്ടാത്ത വിമർശന സാഹിത്യം വിളമ്പുന്നതുമല്ല യഥാർത്ഥ സാഹിത്യപ്രവർത്തനം
സാധാരണ എഴുത്തുകാരുടെ വേദികളാണ് ഇത്തരം സാഹിത്യ സമിതികൾ, പ്രശസ്തിയല്ല,  മറിച്ച് ആസ്വാദകരുമായി സംവദിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള വികാരം. സ്വയം കൂട്ടിലടക്കാതെജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം ചില കൂടികാഴ്ചകൾ ആവശ്യമാണ്

ആൻടൺ ചെക്കോവിൻ്റെ ഒരു ഉദ്ധരണിയുണ്ട്
​Don't tell me the moon is shining; show me the glint of light on broken glass.
​- Anton Chekhov
അലങ്കാര വാക്കുകളിലൂടെയോ പാണ്ഡിത്യം കൊണ്ടോ കേവലം 'ചന്ദ്രൻ പ്രകാശിക്കുന്നു' എന്ന് പറയുന്നതിനേക്കാൾ, സാധാരണക്കാരന് മനസ്സിലാകുന്ന, എന്നാൽ തീവ്രമായ ഒരു ബിംബം (തകർന്ന ചില്ലിൽ പതിച്ച പ്രകാശത്തിൻ്റെ തിളക്കം) കാണിച്ചു കൊടുക്കുന്നതിലാണ് യഥാർത്ഥ കലയുടെ ശക്തി. സാധാരണക്കാരുടെ കവിതകൾ ഈ ചിന്താഗതിയുടെ മികച്ച ഉദാഹരണമാണ് - അത് ലളിതമാണ്, അർത്ഥപൂർണ്ണമാണ്..

​സാഹിത്യത്തിലെ മഹാമനീഷികൾഎന്ന് അവകാശപ്പെടുന്നവർ ഇത് മനസ്സിലാക്കിയാൽ നന്ന്

തുടർന്ന് അല്പം വിവരാവകാശ നിയമ ബോധനം
#വിവരാവകാശ #മറുപടി
നമ്മുടെ പഞ്ചായത്തിൽ വിവരാവകാശനിയമം 2005 പ്രകാരം 
സമർപ്പിച്ച അപേക്ഷയ്ക്കു ലഭിച്ച മറുപടിയിൽ പറയുന്നത്

ചോ 1) : എൻ്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാനുള്ള കാരണം എന്താണ്?

മറുപടി : വിവരാവകാശ നിയമം 2025 സെപ്റ്റംബർ 2(എഫ്) പ്രകാരം വിവരം എന്നാൽ തത്സമയം പ്രാബല്യത്തിലുള്ള
മറ്റേതെങ്കിലും നിയമപ്രകാരം ഒരു പബ്ളിക് അതോറിട്ടിക്ക് കരസ്ഥമാക്കാവുന്ന രേഖകൾ പ്രമാണങ്ങൾ, മെമ്മോകൾ, ഇമെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പ്രസ് റിലീസുകൾ, സർക്കുലർകൾ ,  ഉത്തരവുകൾ, ലോഗ് ബുക്കുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ, തുടങ്ങിയ ഏതു രൂപത്തിലുള്ള വസ്തുതകളം, ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിലുള്ള വസ്തുതകളും ആകാം. ആയതിനാൽ ടി ചോദ്യം വിവരാവകാശ പരിധിയിൽ വരുന്നതല്ല. എജ്ജാതി മറുപടി !

ഇതിലും മികച്ച മറുപടി വേണ്ടവർ വിവിധ പഞ്ചായത്തുകൾക്ക് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുക.

#വിവരാവകാശ നിയമം 2005: അറിയേണ്ട കാര്യങ്ങളും കേരളത്തിലെ പ്രസക്തിയും

​ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമനിർമ്മാണങ്ങളിലൊന്നാണ് 2005-ലെ വിവരാവകാശ നിയമം. സർക്കാരിന്റെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ സുതാര്യതയും (Transparency) ഉത്തരവാദിത്തവും (Accountability) ഉറപ്പുവരുത്തുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. ഓരോ പൗരനും സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ അറിയാൻ അവകാശമുണ്ട് എന്ന തത്വത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.

​🌟 വിവരാവകാശ നിയമത്തെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
​1. നിയമത്തിൻ്റെ ലക്ഷ്യം
​സുതാര്യതയും അഴിമതി നിർമ്മാർജ്ജനവും: സർക്കാർ ഓഫീസുകളിലെ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കി കാര്യക്ഷമവും സംശുദ്ധവുമായ ഒരു ഭരണക്രമം ഉറപ്പാക്കുന്നു.
​പൗരാവകാശം: ജനാധിപത്യത്തിൽ പൗരന്മാർക്ക് ഭരണത്തെക്കുറിച്ച് അറിയാനുള്ള അടിസ്ഥാനപരമായ അവകാശം നിയമം നൽകുന്നു.

​2. വിവരങ്ങൾ തേടുന്ന പ്രക്രിയ
​അപേക്ഷാ ഫീസ്: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. അല്ലാത്തവർക്ക് ₹10 രൂപയാണ് അപേക്ഷാ ഫീസ്.
​വിവരം ലഭിക്കേണ്ട സമയം: അപേക്ഷ ലഭിച്ച് 30 ദിവസങ്ങൾക്കുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO) മറുപടി നൽകണം.

​ജീവൻ/സ്വാതന്ത്ര്യം: ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.
​സൗജന്യ വിവരം: നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടാൽ, വിവരം സൗജന്യമായി നൽകണം.

​ഒഴിവാക്കിയ വിവരങ്ങൾ: രാജ്യസുരക്ഷ, വിദേശബന്ധങ്ങൾ, കാബിനറ്റ് രേഖകൾ, ഒരാളുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്ന വിവരങ്ങൾ തുടങ്ങിയവ (സെക്ഷൻ 8 പ്രകാരം) ഒഴിവാക്കപ്പെട്ടിരിക്കുന്നു.

​3. അപ്പീൽ സംവിധാനം
​വിവരം നിഷേധിക്കപ്പെടുകയോ സമയപരിധിക്കുള്ളിൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ, അപേക്ഷകൻ താഴെ പറയുന്ന അധികാരികളെ സമീപിക്കാം:
​ഒന്നാം അപ്പീൽ: വിവരങ്ങൾ നൽകേണ്ട ഉദ്യോഗസ്ഥൻ്റെ (PIO) ഉന്നത ഉദ്യോഗസ്ഥൻ (അപ്പീൽ അതോറിറ്റി) - 30 ദിവസത്തിനുള്ളിൽ.

​രണ്ടാം അപ്പീൽ: സംസ്ഥാന വിവരാവകാശ കമ്മീഷൻ (State Information Commission) അല്ലെങ്കിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ - ഒന്നാം അപ്പീലിലെ തീരുമാനം ലഭിച്ച് 90 ദിവസത്തിനുള്ളിൽ.

​#കേരളത്തിലെ അനുഭവം: 
നിയമത്തിന് തുരങ്കം വയ്ക്കുന്ന ഉദ്യോഗസ്ഥർ
​വിവരാവകാശ നിയമത്തിൻ്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നില്ല എന്ന പൊതുവായ അഭിപ്രായം ശക്തമാണ്. സാക്ഷരതാ നിരക്കിൽ മുന്നിലുള്ള സംസ്ഥാനമായിട്ടും, നിയമത്തിൻ്റെ സാധ്യതകൾ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല. ഇതിന് പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളും നിസ്സഹകരണവുമാണ്.

​ഉദ്യോഗസ്ഥർ നിയമത്തിന് തുരങ്കം വെക്കുന്ന വഴികൾ:
​വിവരം നിഷേധിക്കൽ: വിവരം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ (PIO-കൾ) പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ (Personal matters), ദേശീയ സുരക്ഷ (National Security) തുടങ്ങിയ സെക്ഷൻ 8-ലെ ഒഴിവാക്കലുകൾ ദുരുപയോഗം ചെയ്ത് അപേക്ഷകൾ നിരസിക്കുന്നു.

​കാലതാമസം വരുത്തൽ: 
30 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതിന് പകരം, അപേക്ഷ ഒന്നിലധികം ഓഫീസുകളിലേക്ക് കൈമാറ്റം ചെയ്യുകയോ, കൃത്യമായ മറുപടി നൽകാതെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഇത് അപേക്ഷകരെ മടുപ്പിച്ച് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു.
​പൂർണ്ണമല്ലാത്ത മറുപടി: ചോദിച്ച വിവരങ്ങൾക്ക് വ്യക്തവും പൂർണ്ണവുമായ മറുപടി നൽകാതെ, ഭാഗികമായതോ, അവ്യക്തമായതോ ആയ വിവരങ്ങൾ നൽകുന്നു.
​രേഖകൾ നശിപ്പിക്കുക/ക്രമീകരിക്കാതിരിക്കുക (Section 4 Failure): നിയമത്തിലെ സെക്ഷൻ 4 പ്രകാരം എല്ലാ പൊതു അധികാര സ്ഥാപനങ്ങളും തങ്ങളുടെ എല്ലാ രേഖകളും കൃത്യമായി കമ്പ്യൂട്ടർവത്കരിക്കുകയും, തരംതിരിച്ച് സൂചിക തയ്യാറാക്കുകയും, സ്വമേധയാ പ്രസിദ്ധീകരിക്കുകയും ചെയ്യണം. കേരളത്തിലെ പല ഓഫീസുകളിലും ഇത് പൂർണ്ണമായി നടപ്പിലാക്കാത്തതിനാൽ വിവരങ്ങൾ "കൈവശമില്ല" എന്ന് പറഞ്ഞ് നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് എളുപ്പമാവുന്നു.

#പരാതിക്കാരനോടുള്ള പ്രതികാര നടപടി: 
വിവരങ്ങൾ തേടുന്ന വ്യക്തികളെ, പ്രത്യേകിച്ച് സാമൂഹ്യ പ്രവർത്തകരെ, ഭീഷണിപ്പെടുത്തുകയോ, വ്യക്തിപരമായ കേസുകളിൽ കുടുക്കുകയോ, ഓഫീസുകളിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

#നടപടിക്രമങ്ങളിലെ കാലതാമസവും പരിഹാരവും
​വിവരം നിഷേധിക്കുകയോ, സമയപരിധി തെറ്റിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്ക് വ്യവസ്ഥയുണ്ട്. എന്നിട്ടും നടപടികൾക്ക് കാലതാമസം നേരിടുന്നു.

​#പിഴ ചുമത്താനുള്ള വ്യവസ്ഥ:
​വിവരം നൽകുന്നതിൽ മനഃപൂർവം കാലതാമസം വരുത്തുകയോ, തെറ്റായ വിവരം നൽകുകയോ, അപേക്ഷ മനഃപൂർവം നിഷേധിക്കുകയോ ചെയ്താൽ, വൈകിയ ഓരോ ദിവസത്തിനും ₹250 രൂപ വീതം പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. പിഴയുടെ പരമാവധി തുക ₹25,000 ആണ്. പിഴ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നാണ് ഈടാക്കേണ്ടത്.

​#കാലതാമസത്തിൻ്റെയും പ്രശ്‌നങ്ങളുടെയും കാരണം:
​കമ്മീഷൻ്റെ പ്രവർത്തനം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അംഗങ്ങളുടെ കുറവ്, കേസുകളുടെ ബാഹുല്യം, കമ്മീഷൻ്റെ സിറ്റിംഗുകളിലെ കാലതാമസം എന്നിവ തീർപ്പാക്കൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

#ഭരണപരമായ മനോഭാവം: 

വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്ന കോളോണിയൽ കാലഘട്ടത്തിലെ ഉദ്യോഗസ്ഥ മനോഭാവം പലരിലും നിലനിൽക്കുന്നു. സുതാര്യത ഒരു ബാധ്യതയായിട്ടാണ് പല ഉദ്യോഗസ്ഥരും കണക്കാക്കുന്നത്.

#രാഷ്ട്രീയസ്വാധീനം: ഉന്നത ഉദ്യോഗസ്ഥർ തെറ്റുകൾ ചെയ്യുമ്പോൾ, രാഷ്ട്രീയ ഇടപെടലുകൾ കാരണം ശിക്ഷാ നടപടികൾ വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥ.

#പരിശീലനത്തിൻ്റെ കുറവ്: പല ഓഫീസുകളിലെയും പി.ഐ.ഒമാർക്ക് നിയമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യമായ പരിശീലനമോ അവബോധമോ ഇല്ലാത്തത് വീഴ്ചകൾക്ക് കാരണമാകുന്നു.

​#പരിഹാരമാർഗ്ഗങ്ങൾ:
​ബോധവൽക്കരണം: വിവരാവകാശ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിലും പൊതുജന തലത്തിലും കൂടുതൽ ശക്തമായ ബോധവൽക്കരണം നൽകണം.
​കമ്മീഷൻ്റെ ശാക്തീകരണം: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമനങ്ങൾ കൃത്യ സമയത്ത് നടത്തുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യണം.

#ശിക്ഷാനടപടികൾ: 
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ, പ്രത്യേകിച്ച് പിഴ ചുമത്തപ്പെട്ട കേസുകളിൽ, സർവ്വീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി എടുക്കണം. പിഴ ചുമത്തുന്നതിലൂടെ മാത്രം നിയമം പൂർണ്ണമായി നടപ്പിലാവില്ല.

#സെക്ഷൻ 4 നടപ്പിലാക്കൽ: എല്ലാ സർക്കാർ ഓഫീസുകളും തങ്ങളുടെ എല്ലാ രേഖകളും സ്വയമേവ പ്രസിദ്ധീകരിക്കുന്ന (Pro-active Disclosure) സെക്ഷൻ 4 പൂർണ്ണമായി നടപ്പിലാക്കിയാൽ അപേക്ഷകളുടെ എണ്ണം കുറയുകയും നിയമം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യും.

​വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണ്, അത് ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുകയും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ അവരുടെ കടമകൾ കൃത്യമായി നിർവ്വഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് അതിൻ്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുകയുള്ളൂ.
- കെ എ സോളമൻ