Sunday 28 January 2018

പാസ്പോർട്ട് നിറംമാറ്റം അനാവശ്യം

പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റുന്നതു കൊണ്ട് പ്രത്യേകിച്ചു ലാഭമില്ലാതിരിക്കെ കേന്ദ്ര മന്ത്രാലയത്തിന്റെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ എന്താണ് ലക്ഷ്യമെന്നു വ്യക്തമല്ല. പ്രവാസി ഇന്ത്യക്കാരെ രണ്ടുതട്ടായി തിരിക്കുന്നത്  നിയമപരമായി നിലനില്ക്കില്ല.  നിലവിലെ പാസ്‌പോര്‍ട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്തി  ഓറഞ്ച് പാസ്‌പോര്‍ട്ട് നൾ കിയാൽ അതു കൈവശം വെയ്ക്കുന്ന  ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി വിദേശികൾ കാണാനിടയുണ്ട്. കേരളത്തിൽ റേഷൻ കാർഡിന്  നിറം മാറ്റി സബ്സിഡി കിട്ടാത്തവനും, കിട്ടുന്നവനും അന്തോഖ്യനുമാക്കിയതു പോലുള്ള വിവേചനം പാസ്‌പോര്‍ട്ട് നിറം മാറ്റി ജനങ്ങളെ വേര്‍തിരിക്കുന്നതിലുമുണ്ട്. റേഷൻ കാർഡിൽ പറ്റിയ അമളി ഒഴിവാക്കാൻ കേരള സർർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷെ ഇതു കാരഡുടമകളിൽ പുതുതായി സൃഷ്ടിക്കുന്ന  ക്ളേശങ്ങൾ കാത്തിരുന്നു കാണണം. ചതുർവർണ്ണ റേഷൻ കാർഡു വിതരണത്തിലെ കോലാഹലം ഇതു വരെ കെട്ടടങ്ങിയിട്ടിയില്ല. അപ്പോഴാണ്
ഈ നാലു നിറങ്ങൾ  ചേർത്തു ഒറ്റനിറമാക്കാൻ പോകുന്നത് . റേഷൻ കാർഡിൽ മറ്റിയ മണ്ടത്തരം പോസ്പോർട്ടിൽ ഉണ്ടാകാൻ പാടില്ല.
പാസ്പോർട്ട് നിറം മാറ്റം സംബസിച്ച്  നിയമനിര്‍മാണത്തിന് കേന്ദ്ര സർക്കാർ മുതിരാതിരിക്കന്നതാണ് വിവേകം.

പാസ്പോർട്ടിന്റെ അവസാനപേജില്‍ ചേര്‍ത്തുവന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തിലും  സർക്കാരിന്റെ  പുനർചിന്തനം ആവശ്യമായി വരുന്നു .വിദേശയാത്രയില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട്, മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ ഇപ്പോൾ കഴിയുന്നുണ്ട്. അവസാനപേജിലെ എൻട്രീസ് ഒഴിവാക്കുന്നത് കുറച്ചധികം ആളുകൾക്ക് പ്രശ്നമായി പരിണമിക്കും. വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കനല്ലാതെ ഉപദ്രവമുണ്ടാക്കുന്ന രീതിയിൽ പാസ്പോർട്ട് നിർമ്മിക്കാനുള്ള നീക്കം ഒഴിവാക്കപ്പെടേണ്ടതാണ്.

കെ എ സോളമൻ

Friday 19 January 2018

ആസ്ഥാന വിദഗ്ധനും ആഗോള വിദഗ്ധയും

ഇന്ത്യക്കു എതിരും ചൈനയ്ക്ക് അനുകൂലവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ചിലരുടെയെങ്കിലും  ഉള്ളിൽ അദ്ദേഹത്തെ ക്കുറിച്ച് അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. മുന്നോക്ക കമ്മിഷൻ ചെയർമാനും ഇപ്പോൾ ഇടതു സഹയാത്രികനുമായ ആർ ബി പിള്ള മുമ്പൊരിക്കൽ ചോദിച്ചു: അമേരിക്കയും ഇന്ത്യയും തമ്മിൽ യുദ്ധം പ്രഖ്യാപിച്ചൽ മന്ത്രി തോമസ് ഐസക്കും ആർക്കൊപ്പം നില്ക്കുമെന്ന്? മറ്റു തിരക്കുകൾ  ഉള്ളതു കൊണ്ടാവണം ഐസക്ക് ഇതുവരെ പരസ്യമായി മറുപടി പറഞ്ഞിട്ടില്ല. ഒരു പക്ഷെ നിലവിൽ ഒരുമിച്ചു ഉണ്ണുന്നതു കാരണം പിള്ളയുടെ ചെവിയിൽ  മറുപടി പറഞ്ഞു കാണണം .

ചോദിക്കാൻ പറ്റിയ മറ്റൊരു ചോദ്യം കോടിയേരിയോടു ഇങ്ങനെ ആവാം. ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധപ്രഖ്യാപനമുണ്ടായാൽ കോടിയേരി ആർക്കൊപ്പം നില്ക്കുമെന്ന്. ചോദിക്കുന്ന ആൾക്കു തന്നെ ഉത്തരം ഊഹിച്ചെടുക്കാവുന്നതേയുള്ളു.

ഇന്ത്യയെ മാറ്റിനിർത്തി  ഐസക്കിനോടും കോടിയേരിയോടും സംയുക്തമായി ചോദിക്കാവുന്ന ചോദ്യമുണ്ട്: അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഇവർ രണ്ടാളും ആർക്കൊപ്പം നില്ക്കുമെന്ന് ?

കേന്ദ്രകമ്മിറ്റി അംഗമാണങ്കിലും ആലപ്പുഴ ജില്ലയിൽ സംസ്ഥാന കമ്മിറ്റി അംഗത്തിനാണ് പ്രാമുഖ്യം. ജില്ലയിൽ ജി.സുധാകരൻ പറയുന്നതാണ് പാർട്ടി നയം, ഐസക്ക് പറയുന്നതല്ല. അതു കൊണ്ടാണ് ഐസക്ക് കൈകാര്യം ചെയ്യുന്ന കയർ വകുപ്പ് അദ്ദേഹത്തിന്റെ ചുമതലയിൽ നിന്ന്  മാറ്റി സുധാകരനെ ഏല്പിക്കാൻ ചില ഏരിയാ കമ്മിറ്റി സമ്മേളനങ്ങൾ ആവശ്യപ്പട്ടത്. ധനവകുപ്പ് തന്നെ ഐസക്കിന്റെ കൈയ്യിൽ ഒതുങ്ങാത്ത സ്ഥിതിക്ക് ഇത്തരമൊരു ആവശ്യത്തിന് പ്രസക്തിയുണ്ട്.

കഴിഞ്ഞ ബജറ്റിൽ 50000 കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്ക്  അദ്ദേഹം വകയിരുത്തിയത്. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയാൽ 50000 കോടിക്കു പകരം ലക്ഷം കോടി ഈയർമാർക്കു ചെയ്താലും കുഴപ്പമില്ലെന്ന് മനസ്സിലാകും. മലർപ്പൊടിക്കാരന് പലലക്ഷം കോടികൾ സ്വപ്നം കാണാമല്ലോ?

ഐസക്കിന്റെ സ്വപ്ന പദ്ധതിയായ കിഫ് ബി ആയിരുന്നു വരുമാനത്തിന്റെ ശ്രോതസ് . കോൺഗ്രസിന്റെ മുട്ടുശാന്തി പ്രസിഡന്റ് ഹസൻ കിഡ്നിയെന്നു വിളിക്കുന്ന കിഫ്ബി യിൽ വിചാരിച്ച പോലെ പണമെത്തുന്നില്ല, അതു കൊണ്ടു വികസന പ്രവർത്തനവുമില്ല.

കിഫ്ബി, ബജറ്റിന്റെ ഭാഗമാണെന്ന് ആധികാരികമായിപ്പറയാൻ അവകാശമുള്ളത് ആസ്ഥാന സാമ്പത്തിക വിദഗ്ധനായ ധനമന്ത്രിക്കാണെങ്കിലും അങ്ങനെയല്ലെന്നാണ് മുഖ്യമന്ത്രിയുട ഉപദേഷ്ടാവും.ആഗോള സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിന്റെ അഭിപ്രായം . കിഫ്ബി
പൊതിഞ്ഞു കെട്ടി മൂലയ്ക്കു വെച്ചിട്ട് ചെലവുചുരുക്കാനാണ് ആഗോള വിദഗ്ധയുടെ ഒട്ടും അഭികാമ്യമല്ലാത്ത നിർദ്ദേശം

സംഗതി വളരെ സിമ്പിൾ. സംസ്ഥാനത്തിന്റെ മുഖ്യ ചെലവ് ശമ്പളവും പെൻഷനും ആണ്. ചെലവുചുരുക്കുമ്പോൾ ഇവരണ്ടും കൊടുക്കാതിരിക്കണം, അല്ലെങ്കിൽ കൊടുക്കുന്നത് കുറയ്ക്കണം . ശമ്പളം കുറയ്ക്കാൻ ജീവനക്കാർ സമ്മതിക്കില്ല. ബലാൽക്കാരമായി കുറച്ചാൽ എം എൽ എ മാരുടെയും മന്ത്രിമാരുടെയും റ്റി എ- ഡിഎ പോലും അവർ എഴുതില്ല. പിന്നെയുള്ളത് പെൻഷൻകാരാണ്.

കെ എസ്  ആർ ടി സി പെൻഷൻകാർക്കു കൂട്ടായി. സംസ്ഥാന പെൻഷൻകാരെ  കാത്തിരിക്കുന്നത് അവരുടെ അവസ്ഥയാണെന്നതിൽ ആർക്കാണ് അപ്പോൾ  തർക്കം?

കെ എ സോളമൻ

Tuesday 9 January 2018

സ്തുതിയായിരിക്കട്ടെ! - കഥ

കോളജിൽ പഠിക്കാൻ വന്നതാണല്ലേ?
ബഹുമാനപ്പെട്ട സിസ്റ്ററിന്റെചോദ്യത്തിൽ പരിഹാസമാണോ സ്നേഹമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഏയ്, പരിഹാസമാവില്ല. കന്യാസ്ത്രിമാർക്ക് പരിഹസിക്കനാവില്ല അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പാഠങ്ങളാണ് പരിശീലന കാലത്ത് അവർ അഭ്യസിക്കുന്നത്.
അല്ല, പരിഹാസമാണ് ചോദ്യത്തിലെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്റെ വേഷവും മുടിയുമൊക്കെ കണ്ടാൽ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു, ചാരക്കൂനയിൽ നിന്ന് എഴുന്നേറ്റു വന്നു നടൂ നിവർത്തുന്ന നാടൻ ശുനകനെ പോലെ.
" അതേ, ഒരു ആപ്ളിക്കേഷൻ, അല്ല അപേക്ഷഫാറം വേണം, എത്രയാ?"
"രണ്ടു രൂപാ "
ഫാറം വില്ക്കുന്ന സിസ്റ്ററും മറ്റു രണ്ടു സിസ്റ്റർ മാരും വലിയ പ്രൗഢിയിലാണു് ഇരുപ്പ്. ബഞ്ചുകൾ കൂട്ടിയിട്ട് തട്ടുണ്ടാക്കി തട്ടിനു പുറത്ത് കയർമാറ്റ് വിരിച്ച് അതിനു മുകളിൽ മേശയും കസേരയു മിട്ടാണ് ഇരുപ്പ്. അക്ഷേഫാറം വാങ്ങനെത്തുന്നവർ കൈയുയർത്തി വേണം പണം ന ൾകാനും ഫാറം വാങ്ങാനും . മറ്റു ജീവനക്കാർ അവിടവിടങ്ങളിലായി ഇരുന്നു ജോലി ചെയ്യുന്നുണ്ട്. സിസ്റ്റർമാർ മാത്രം ഉയരത്തിൽ. ഉയർന്ന ജോലി ചെയ്യുന്നവരും പണം കൈകാര്യം ചെയ്യുന്നവരും ഉയർന്നു തന്നെ ഇരിക്കണം എന്ന് നിയമമുണ്ടാകാം. സ്ഥലം സബ്ട്രഷറിയിൽ നോട്ട് പുറത്തേക്കു വലിച്ചെറിഞ്ഞു കൊടുക്കുന്ന ഒരു കാഷ്യർ തട്ടിലിരുന്നു ജോലി ചെയ്ത സംഭവം ഓർമ്മയിലുണ്ട്.

രണ്ടു രൂപാ വാങ്ങി മേശയിൽ ഇടുമ്പോൾ സിസ്റ്റർ ചോദിച്ചു, "എത്ര മാർക്കുണ്ട് ?"

ആ ചോദ്യത്തിലും എന്തോ പിശകുണ്ട്. കഷ്ടിച്ചു കടന്നു കൂടിയതാണെന്നും ഈ കോളജിൽ അഡ്മിഷൻ കിട്ടാൻ സാധ്യതയില്ലായെന്ന ധ്വനിയും ആ ചോദ്യത്തിൽ ഉള്ളതായി തോന്നി- ഇവിടെ സെന്റ് മൈക്കിൾസിൽ അല്ലാതെ അടുത്തുള്ള എസ് എൻ കോളജിലും എൻ എസ് എസ് കോളജിലും അഡ്മിഷൻ കിട്ടില്ലെന്നു ഉറപ്പ്. ജാതി വെറി ഇന്നത്തെ അത്രയുമില്ലെങ്കിലും അന്ന് എസ് എൻ കോളജിൽ ഈഴവർക്കും, എൻ എസ് എസിൽ നായന്മാർക്കുമായിരുന്നു പ്രിഫറൻസ്. അതിലാകാട്ടെ തെറ്റുകാണാനുമില്ല. ജാതി സംഘടനകൾ നടത്തുന്ന കലാലയങ്ങളിൽ അവരുടെ ആൾക്കാർക്കല്ലാതെ മറ്റാർക്കാണ് മുൻഗണന കൊടുക്കുക?

അഡ്മിഷൻ കിട്ടില്ലായെന്ന തോന്നൽ കൊണ്ടാവാം എന്റെമുഖത്തിന്റെ ഇടതു വശത്ത് കറുപ്പു ബാധിക്കുന്നതായി ഒരു തോന്നൽ. ഒരു പക്ഷെ മരവിക്കുന്നതാകാം, കറുപ്പു പരക്കുന്നതായാണ് അനുഭവപ്പെടുക. അങ്ങനെ തോന്നിയാൽ പ്രയാസം തരണം ചെയ്യാൻ മനസ്സുസജ്ജമാകുകയും ചെയ്യും. ഇന്നും ആ പതിവുതുടരുന്നു

" 376 മാർക്ക്, ഇംഗ്ലീഷ് 53, മലയാളം 52, ഹിന്ദി 51, സോഷ്യൽ സ്റ്റഡീസ് 66, ജനറൽ സയൻസ് 73, കണക്ക് 81. ഫസ്റ്റു ക്ളാസ് ഉണ്ടു സിസ്റ്റർ "

സിസ്റ്റർക്കറിയുമോ ഇതു എസ് എസ് എൽ സി ടാബ്ലറ്റിലെ മുസ്തഫാ റാവുത്തരും രത്തൻ ലാൽ സേട്ടും അനുഗ്രഹിച്ചു കിട്ടിയ മാർക്കാണെന്ന് ?

കസേരയിൽ നിന്ന് എഴുന്നേറ്റുനിന്ന് സിസ്റ്റർ എന്റെ നേരെ കൈകൂപ്പി. ഇതെന്തൽഭുതം. സ്തുതി പറയേണ്ടത് സാധാരണ അങ്ങോട്ടല്ലേ, സിസ്റ്റർ ഇങ്ങോട്ടു സ്തുതി പറയുന്നോ?
"ഓരോ വിഷയത്തിനും കിട്ടിയ മാർക്കു പറയേണ്ടതില്ല. മൊത്തം പറഞ്ഞാൽ മതി. ഇതാ അപേക്ഷാ ഫാറവും പ്രോസ്പെക്ടസും. വേറെ ഒരു കോളജിലും പോകരുത് കേട്ടോ, ഇവിടെത്തന്നെ ചേരണം"
ഞാൻ അവിടെത്തന്നെ ചേർന്നു പഠിച്ചു.

ഇന്നുസിസ്റ്ററെ ചില മരണവീടുകളിൽ വെച്ചു കാണാറുണ്ട്‌. വിവാഹ സത്കാരങ്ങളിൽ അവർ അപൂർവ്വമായേ പങ്കെടുക്കാറുള്ളു. ഒരിക്കൽ ഞാൻ സിസ്റ്ററോടു ചോദിച്ചു.
" സിസ്റ്ററെന്തിനാ അന്നു അപേക്ഷഫാറം തരാൻ നേരത്തു എന്നോടു സ്തുതി പറഞ്ഞത് ?"
" അതോ, ഞാൻ ഫാറവിതരണത്തിനു ഇരുന്നിട്ട് വാങ്ങാൻ വരുന്നതെല്ലാം 220 കാർ. ഒരുത്തനു പോലെ 300 മാർക്കിൽ കൂടുതലില്ല. ആദ്യമായാണ് ഒരു ഒന്നാം ക്ളാസ് കാരൻ ഫാറം വാങ്ങാൻവരുന്നത്, എങ്ങനെ വണങ്ങാതിരിക്കും, അതു കൊണ്ടാണ് എഴുന്നേറ്റു കൈകൂപ്പിയത് "

- കെ എ സോളമൻ