#ചകിരിയുടെ #മണമുള്ള #വീട്
കഥ കെ എ സോളമൻ
ഞങ്ങളുടെ വീട്, അതൊരു കൊച്ചുകുടിലായിരുന്നു. ഓല മേഞ്ഞ, ചാണകം മെഴുകിയ ഒരു കൊച്ചു ആറുകാൽ കൂടാരം. അവിടെ ദാരിദ്ര്യത്തിന്റെ കയ്പുരസമുണ്ടായിരുന്നു, എങ്കിലും അമ്മയുടെ സാന്ത്വനത്തിന്റെ മധുരം അതിനെ എന്നും മറികടന്നു. ഞങ്ങളുടെ കുടുംബം അമ്മയാണ്, അമ്മയും ഞങ്ങൾ മൂന്ന് മക്കളും അമ്മൂമ്മയും അടങ്ങുന്ന കൊച്ചുകുടുംബം. അച്ഛനില്ലാത്ത വീടിന്റെ എല്ലാ ചുമടുകളും താങ്ങുന്നത് ആ ഒറ്റ സ്ത്രീയാണ്.
അമ്മയുടെ തൊഴിൽ, അത് കഠിനമായ ഒന്നായിരുന്നു.
നാലണക്കും എട്ടണക്കും അധികം അഴുകാത്ത പച്ചത്തൊണ്ടുകൾ തലച്ചുമടായി കൊണ്ടുവന്ന് തല്ലി ചകിരിയാക്കി മാറ്റണം. കൈകൾ വേദനിച്ച് വീർക്കുമ്പോഴും, ആ ചകിരിനാരുകൾ കൈകൊണ്ട് പിരിച്ച് കയറാക്കണം. ആ കയർ മുടികൾ ചന്തയിൽ വിറ്റാൽ കിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ടാണ് ഞങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നത്.
വിശപ്പിന്റെ കടുപ്പം കുറയ്ക്കാൻ, അല്ലെങ്കിൽ ഒരു നേരത്തെ കഞ്ഞിക്കുള്ള വക കണ്ടെത്താൻ... ഓരോ ചകിരി നാരിനും അതിന്റേതായ കഥയുണ്ടായിരുന്നു.
എനിക്കമ്മയെ ഏറെ ഇഷ്ടമായിരുന്നു. അമ്മയുടെ സാമീപ്യം, അതാണ് എനിക്കേറ്റവും വലിയ ആശ്വാസം. നേരം കിട്ടുമ്പോഴെല്ലാം ഞാൻ അമ്മയുടെ ഓരംചാരി ഇരിക്കും, ആ തൊണ്ടിൻ്റെയും ചകിരിയുടെയും മണം എന്റെ ഓർമ്മകളിൽ ഇന്നും മായാതെ നിൽക്കുന്നു. ആ കൈകൾ എന്നെ തലോടുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വത്തിലാണ് ഞാനെന്ന് തോന്നും.
സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ഞങ്ങളുടെ വീട് മറ്റൊരു ലോകമാകും. മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ അമ്മ കയർ പിരിക്കാൻ ഇരിക്കും. ആ വെളിച്ചത്തിൽ അമ്മയുടെ മുഖത്ത് കഷ്ടപ്പാടിന്റെ നിഴലുകൾ വ്യക്തമായി കാണാം. കൈത്തണ്ടയിലെ ഞരമ്പുകൾ തെളിഞ്ഞുവരും, കണ്ണുകളിൽ ഉറക്കമില്ലാത്ത രാവുകളുടെ ക്ഷീണം ഉണ്ടാകും. ഉറക്കം വരാതിരിക്കാൻ കട്ടൻ ചായയും ഒരു തുണ്ടു ശർക്കര കഷണവും.
അയലത്തെ ഒന്നുരണ്ടു താത്തിമാർ രാത്രിയിലെ കയർ കൂട്ടത്തിൽ കാണും.
രാവ് കുറച്ച് എത്തിയാൽ അവർ അവരുടെ വീടുകളിലേക്ക് മടങ്ങും. പിന്നെ
അമ്മ ഒറ്റയ്ക്ക്. ഒറ്റയ്ക്കിരുന്ന് അമ്മ കയർ പിരിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം വരും. ഞാൻ ഉറങ്ങാൻ പോകാതെ അമ്മയ്ക്ക് കൂട്ടിരിക്കും.
"മോൻ പോയി കിടന്നുറങ്ങിക്കോ, നാളെ നേരത്തെ എഴുന്നേൽക്കണ്ടേ പരീക്ഷയില്ലേ," പരീക്ഷ ഇല്ലെങ്കിലും അമ്മ അങ്ങനെയാണ് ചോദിക്കുക.. എങ്കിലും ഞാൻ പോവില്ല. എൻ്റെ കൈകൊണ്ട് എനിക്കാകുന്നതുപോലെ ചകിരി പിരിച്ച് അമ്മയ്ക്ക് കൊടുക്കും.
"നീ പിരിക്കുന്ന കയറിന് മുറുക്കം കുറവാണ്" കേട്ടാ" എന്ന് അമ്മ ചിരിച്ചുകൊണ്ട് പല തവണ പറഞ്ഞിട്ടുണ്ട് . എങ്കിലും, ആ കയർ അമ്മയുടെ നല്ല മണി മണി പോലുള്ള മുറുക്കമുള്ള കയറുകൾക്കൊപ്പം കൂട്ടി മാടി മുടികൾ ഉണ്ടാക്കും. എന്റെ കുഞ്ഞു പരിശ്രമത്തെ അമ്മ ഒരിക്കലും ചെറുതാക്കി കണ്ടില്ല. ആ കയർ മുടികളാണ് ഞങ്ങളുടെ വിശപ്പ് മാറ്റാനുള്ള അന്നത്തെഏക വഴി.
അമ്മയ്ക്ക് കൂട്ടിരുന്ന ആ രാത്രികൾ, അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു. വെറും കയർ പിരിക്കൽ മാത്രമായിരുന്നില്ല അവിടെ നടന്നിരുന്നത്. അതൊരു കഥ പറച്ചിലിന്റെയും പാഠം പഠിപ്പിക്കലിന്റെയും സമയമായിരുന്നു.
കയർ പിരിക്കുന്നതിനിടെ അമ്മ പല കഥകളും പറഞ്ഞുതരും. വിശുദ്ധ സിനാപക യോഹന്നാനെക്കുറിച്ചുള്ള കഥകൾ, യേശുദേവൻ്റെ കുട്ടിക്കാലം, പിന്നീടുണ്ടായ ത്യാഗങ്ങൾ, വല്ലാർപാടത്തമ്മയുടെ ചരിത്രം ' വിക്രമാദിത്യൻ കഥകൾ എല്ലാം.
വല്ലാർപാടത്തമ്മയുടെ ചരിത്രം എന്നും എനിക്ക് ഒരു അത്ഭുതലോകം തുറന്നു തന്നിരുന്നു. എൻ്റെ അമ്മയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ ആ കഥകൾ ഒരു സാന്ത്വനമായിരുന്നു.
വല്ലാർപാടത്തമ്മയുടെ ചിത്രത്തിൽ ഒരമ്മയും കുഞ്ഞും ഒരുമിച്ചിരിപ്പുണ്ടല്ലോ. കഥ കേട്ട് കണ്ണടച്ചിരിക്കുമ്പോൾ ഞാൻ വിചാരിക്കും, അത് എന്റെ അമ്മയും ഞാനുമാണെന്ന്.
ഞങ്ങളുടെ ദുരിതക്കടലിൽ നിന്ന് കരകയറ്റാൻ വന്ന ദൈവത്തിന്റെ രൂപമാണ് എന്റെ അമ്മ. അമ്മയെ ചേർന്നിരിക്കുമ്പോൾ ആ രൂപം എനിക്ക് കൂടുതൽ തെളിഞ്ഞു വരും.
ഞാൻ എന്റെ പാഠപുസ്തകങ്ങൾ അമ്മയെ വായിച്ചുകേൾപ്പിക്കും. അമ്മയ്ക്ക് എഴുത്തും വായനയും വശമില്ല. എങ്കിലും, ഞാൻ വായിച്ചു കൊടുക്കുന്ന പാഠഭാഗങ്ങൾ കേൾക്കാൻ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ഞാൻ വായിച്ചു നിർത്തുമ്പോൾ അമ്മ ആ പാഠഭാഗങ്ങൾ തിരികെ പറഞ്ഞു കേൾപ്പിക്കും. അത്ഭുതത്തോടെ ഞാൻ അമ്മയെ നോക്കി ഇരിക്കും.
അമ്മ എനിക്ക് ഒരേ കഥ തന്നെ പലപ്രാവശ്യം പറഞ്ഞു തരും. ഞാനും ഒരേ പാഠഭാഗം തന്നെ അമ്മയെ പലപ്രാവശ്യം വായിച്ചു കേൾപ്പിക്കും.. ഒരേ കാര്യം വീണ്ടും വീണ്ടും കേൾക്കുമ്പോൾ അതിന് പുതിയൊരു അർത്ഥവും ആഴവും ഉണ്ടാകുന്നതായി എനിക്ക് തോന്നി. അമ്മയുടെ കഥകൾ ഞങ്ങളുടെ ദുരിത ജീവിതത്തിന് ഒരു ദിശാബോധം നൽകി, എന്റെ പാഠപുസ്തകങ്ങൾ അമ്മയുടെ അറിവിന്റെ ലോകം വലുതാക്കി.
സമയംരാത്രി ഒത്തിരി പിന്നിടുമ്പോൾ കയർ പിരിക്കുന്നതിനിടയിൽ അമ്മയുടെ കണ്ണുകൾ അറിയാതെ അടയും. അപ്പോൾ അമ്മ കണ്ണുകൾ ശക്തിയായി തുറന്ന് വീണ്ടും കയർ പിരിക്കാൻ തുടങ്ങും. മക്കളെ പട്ടിണിക്കിടരുത്, അതാണ് ആ ഉറക്കമില്ലാത്ത ഇരുപ്പിലെ അമ്മയുടെ ചിന്ത. വിശപ്പെന്ന തീ കെടുത്താനുള്ള ഒരമ്മയുടെ കഠിനമായ ശ്രമം..
കുറെ നേരം ഇരുന്നുകഴിഞ്ഞാൽ എനിക്ക് വല്ലാതെ ഉറക്കം വരും. മുറ്റത്തിരുന്ന് കയർ പിരിക്കുന്ന അമ്മയെ വിട്ട്, പുരയ്ക്കകത്ത് കയറി കിടന്നുറങ്ങാൻ എനിക്ക് മടിയാണ്. അമ്മയെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സു വരില്ല. അതുകൊണ്ട് ഞാൻ അമ്മയെ ഉറങ്ങാൻ വിളിക്കാറില്ല.
ഉറക്കം വല്ലാതെ പിടികൂടുമ്പോൾ ഞാൻ മെല്ലെ അമ്മയുടെ ചകിരിത്തടയുടെ അടുത്ത് തലവച്ച് താനേ കിടക്കും. ആ ചകിരിയുടെ പരുപരുത്ത പ്രതലം എന്റെ ഏറ്റവും മൃദലമായ തലയിണയായി തോന്നും.. അപ്പോൾ അറിയാതെ ഞാൻ ഉറങ്ങിപ്പോകും.
പിറ്റേദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ പുരയ്ക്കകത്തെ പായിലായിരിക്കും കിടക്കുന്നത്. എപ്പോഴാണ് അമ്മ കയറുപിരി നിർത്തിയത്? എപ്പോഴാണ് എന്നെ വിളിച്ച് അകത്ത് കൊണ്ടുപോയ് കിടത്തിയത്? എനിക്കൊരു പിടിയും കിട്ടിയിരുന്നില്ല.
അമ്മയുടെ തളർച്ചയില്ലാത്ത കൈകളാണ് എന്നെ സുരക്ഷിതത്വത്തിലേക്ക് എടുത്തുയർത്തിയത്. ആ കൈകൾക്ക് എപ്പോഴും ചകിരിയുടെ ഒരു നേർത്ത ഗന്ധമുണ്ടായിരുന്നു. ആ ഗന്ധമാണ് എന്റെ ഏറ്റവും വലിയ ഓർമ്മ.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. അമ്മ യാത്ര പറഞ്ഞു പോയി. ഇന്ന് ഞങ്ങളുടെ വീട്ടിൽ ദാരിദ്ര്യമുണ്ടെന്ന് പറയാനില്ല. കഞ്ഞിക്കു വകയില്ലാത്ത ഒരു കാലം ഇന്ന് ഓർമ്മകൾ മാത്രമാണ്. സുഖമായി ഉറങ്ങാൻ എല്ലാ സൗകര്യങ്ങളുമുണ്ടിന്ന്.
എങ്കിലും, രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓർക്കും. വിശപ്പിന്റെയും ദുഃഖത്തിന്റെയും ആ ഇരുണ്ട കാലം.
ഉറക്കം വരാൻ വൈകുമ്പോൾ അന്ന് അമ്മയുടെ ചകിരിത്തടയിൽ തലവച്ചുറങ്ങിയ ആ നിമിഷം ഞാൻ ഓർക്കും .ഉറങ്ങാൻ വേണ്ടി ഒരു തലയിണ എൻ്റെ തലയോട് ചേർത്തുപിടിക്കും. അത് അമ്മയുടെ ചകിരിത്തടയാണെന്ന് വിചാരിക്കും. ആ തലയിണയിൽ അമ്മയുടെ കൈകളുടെ വാത്സല്യവും കയറിൻ്റെ മണവും ഞാൻ അറിയാതെ തിരയും. അപ്പോൾ എന്റെ കണ്ണുകൾ താനേ അടയും. പെട്ടെന്ന് ഞാൻ ഉറക്കത്തിലേക്ക് തെന്നിവീഴും.
ദാരിദ്ര്യത്തെ അതിജീവിച്ച, ദുഃഖങ്ങളിൽ സാന്ത്വനം കണ്ടെത്തിയ, ഒരു അമ്മയുടെ കരുതലിന്റെ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങുന്ന ആ പഴയ കുഞ്ഞിനെപ്പോലെ!
എല്ലാ ദാരിദ്ര്യത്തിന്റെയും ദുഃഖത്തിന്റെയും മുകളിൽ അമ്മയുടെ സ്നേഹം ഒരു നേർത്ത കയർപോലെ സന്ത്യന സ്പർശം നൽകി നിൽപ്പുണ്ടായിരുന്നു. അത് ഇന്നും എന്നെ താങ്ങി നിർത്തുന്നു. അമ്മയുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും മകനായ എനിക്ക് എന്നും പ്രചോദനവും മാതൃകയുമായിരുന്നു.
എൻറെ സകല പ്രയാസങ്ങളിലും ഇപ്പോഴും കൂടെ നിൽക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്യുന്ന ആൾ, എൻറെ അമ്മ. ചകിരിയുടെ മണുള്ള വീട്ടിലെ എൻ്റെ അമ്മ |
No comments:
Post a Comment