Thursday 12 July 2018

അഴിമതിനിയമനം

മൂല്യങ്ങളെക്കുറിച്ച് വാചാലമാകുന്നവർ മൂല്യങ്ങൾ കാറ്റിൻ പറത്തുന്ന കാലം. വിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം കൊടുത്തത് തെളിവ്. തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്‍റെ ഭാര്യ സഹല ഷംസീറിനാണ് സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കിയത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ആദ്യ റാങ്ക് നേടിയ ഉദ്യോഗാർത്ഥി.

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അധ്യാപന പരിചയം, ദേശീയ - അന്തര്‍ ദേശീയ തലത്തിലുളള സെമിനാര്‍ പ്രസന്‍റേ‍ഷന്‍, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14ന് നടന്ന അഭിമുഖത്തില്‍ എം.എല്‍.എയുടെ ഭാര്യയും മറ്റൊരു അധ്യാപികയായ ബിന്ദുവും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ബിന്ദുവായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ, എം.എല്‍.എയുടെ ഭാര്യക്കും.

ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിന് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചത് അങ്ങേയറ്റം അപലപനീയം

ഉദ്യോഗാർത്ഥികളുടെ സ്വാധീനം അനുസരിച്ച് വേക്കൻസികൾ നിർണ്ണയിക്കന്നതിൽ സർവ്വകലാശാലകളിൽ തട്ടിപ്പുകൾ അരങ്ങേറാറുണ്ട്. അതിനു തെളിവാണ് ഡിപ്പാർട്ട്മെന്റ് സംവരണത്തിനു പകരം സർവ്വകലാശാലയിലെമൊത്തം അധ്യാപകർക്കുമായി സംവരണം നിശ്ചയിക്കന്നത്. ഡിപ്പാർട്ടുമെന്റ് മ്പംവരണം ഒഴിവാക്കിയാൽ ചില വകുപ്പുകളിൽ ഇതര ജാതിയിൽ പെട്ട അധ്യാപകരാരും ഇല്ലാതെവരും. ഇത്തരം നീക്കങ്ങൾ സ്വന്തക്കാരെ തിരുകിക്കയറ്റാൻ അധികാരിവർഗ്ഗം നടത്തുന്ന തിരിമറിയാണ്. പക്ഷെ, നോട്ടിഫിക്കേഷൻ ഇറക്കിക്കഴിഞ്ഞാൽ അതിൽ മാറ്റം വരുത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യം.

രണ്ടു പേര് പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ ഒഴിവാക്കി വിജ്ഞാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയെന്നും ചെയ്തത് അഴിമതിയാണ്
ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിനു വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചതിന്നുപിന്നിൽ സർവ്വകലാശാല അധികാരികൾക്കും രാഷ്ട്രീയ നേതൃത്വത്തിന്നും പങ്കുണ്ട്.

അദ്ധ്യാപക തസ്തികയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ആളെ ഒഴിവാക്കിയ തെറ്റായ നടപടി വിദ്യാഭ്യാസ വകപ്പ് ഇടപെട്ട് തിരുത്താൻ ആവശ്യപ്പെടേണ്ടതായിരുന്നു. സ്വയംഭരണ സ്ഥാപനമായ സർവ്വകലാശാലയിൽ ഇടപെടാൻ പറ്റില്ലായെന്നതാണ് സർക്കാരിനറ വാദമെങ്കിൽ ഒന്നാം റാങ്കുകാരിയോടുള്ള നീതി നിഷേധം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ രണ്ടാം റാങ്കുകാരിയുടെ നിയമനം അസാധുവാകുമെന്ന് സർക്കാരിന് സർവ്വകലാശാലയെ ഉപദേശിക്കാമായിരുന്നു. ഏതു കാര്യത്തിനും നീതിനിർവഹണം നടന്നു കിട്ടാൻ ജനങ്ങൾ കോടതിയെ സമീപിക്കുകയെന്ന സാഹചര്യം ഒരു ജനകീയ സർക്കാരിന് ചേർന്നതല്ല.

കെ എ സോളമൻ