Sunday 28 May 2017

സെൽഫി-കഥ - കെ എ സോളമൻ

കോയാ കുഞ്ഞ് സാഹിബ് ചാരുകസേരയിൽ ഉച്ചമയക്കത്തിലാണ്. സാധാരണ ഇത്തരമൊരു മയക്കമുള്ള തല്ല. എപ്പോഴും സാംസ്കാരരി കപരിപാടിയാണ്. സ്വന്തം ട്രൂപ്പിന് മാസം തോറും മുടങ്ങാതെ രണ്ടു പരിപാടിയുണ്ട്. അതോടൊപ്പം മറ്റു ട്രൂപ്പുകളിലും പങ്കെടുക്കേണം. എല്ലാ ട്രൂപ്പുകളിലും താൻ അത്യാവശ്യ ഘടകമാണ്. ചെന്നില്ലെങ്കിൽ ഉടൻ വിളിക്കും ട്രൂപ്പു മുതലാളിമാർ. താൻ ട്രൂപ്പു നടത്തുന്നതും അവരുടെയൊക്കെ സഹായം കൊണ്ടാണല്ലോ?

കെ എസ് ആർ ടി സി യിൽ നിന്നു പിരിഞ്ഞതിൽ പിന്നെ പെൻഷൻ ഒന്നും കിട്ടുന്നില്ല. ഇപ്പോൾ തന്നെ മൂന്നു മാസം കൂടിശ്ശിക. പുതിയ മന്ത്രി വന്നിട്ടും കിടപ്പു പഴയപടി.. തനിക്കു കാശുള്ളതുകൊണ്ട് മറ്റെല്ലാവർക്കും കാശുണ്ടെന്നാണ് മന്ത്രിയുടെ വിചാരം. ഒരു സാംസ്കാരിക ട്രൂപ്പു നടത്തിക്കൊണ്ടു പോകുന്നതു കൊണ്ടു അത്യാവശ്യം ചെലവിനുള്ള തുക കിട്ടുന്നു.

ആദരിയ്ക്കൽ ചടങ്ങാണ് മുഖ്യ വരുമാന  മാർഗ്ഗം. ആളൊന്നുക്കു ആയിരം വെച്ചു വാങ്ങുമ്പോൾ  100 രൂപാ മതി ഷാൾ ഒരെണ്ണത്തിന് . ചായയ്ക്കും പപ്പടവടയ്ക്കും ചെലവാകുന്ന തുകയും ഹാൾ വാടകയും മറ്റി വെച്ചാൽ പോലും ആഴ്ചയിൽ 2500 രൂപാ ഒക്കും. കുറഞ്ഞതു നാലു പേരെയെങ്കിലും ഒരു ചടങ്ങിൽ ആദരിക്കും
ആഭരവിനുള്ള ആളെ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. വല്ല പൊട്ടക്കവിതയോ കഥയോ ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നാൽ മതി. അതിന് അവസരം ലഭിക്കാത്തവരെയും ആദരിക്കാറുണ്ട്.

ആദരിക്കപ്പെട്ട ഒരുത്തന്റെ യോഗ്യതഅദ്ദേഹം കടും നിറമുള്ള തിളങ്ങുന്ന വസ്ത്രം ധരിക്കുമെന്നതാണ് . ഒരു ദിവസം ചുമപ്പുഷർട്ടെങ്കിൽ പിറ്റെദിവസം മഞ്ഞ, പിന്നെ പച്ച, നീല എന്നിങ്ങനെ. പച്ച നിറത്തോടാണ് കോയക്കുഞ്ഞിനു ഇഷ്ടം.. സ്വന്തം വീടിന്റെ അകവും പുറവും പച്ച പെയിന്റടിച്ചു മനോഹരമാക്കിയിട്ടുണ്ടു. പ്രകൃതി യോടു ഇണങ്ങുന്ന നിറമാണ് പച്ച . അപ്പോൾ ആകാശത്തിന്റെ നീലിമ യെക്കുറിച്ചു പറഞ്ഞാൽ കോയക്കുഞ്ഞു എതിർ വാദമുന്നയിക്കും മഴക്കാറുമൂടിയാൽ എവിടെയാണ് ആകാശത്തിന്റെ നീല നിറം?  സസ്യലാതാദികൾ നിറം മാറാറെയില്ല.

പച്ച സാറ്റിൻ ഷർട്ടുകാരനിൽ നിന്ന് ഇതിനകം വായ്പയായും അല്ലാതെയും ലക്ഷം രൂപ കോയാക്കുഞ്ഞു വണ്ടിയിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഒറ്റ അക്ഷരം സ്വന്തമായി എഴുതില്ലെങ്കിലും സാറ്റിൻ ഷർട്ടു കാരന്  വേദിയിൽ ഇരിയ്ക്കണം, ആദ്യം പ്രസംഗിക്കണം. വരുമാന മോർത്താണ് മറ്റുള്ളവരുടെ എതിർപ്പു അവഗണിച്ച് സാറ്റിനെ കോയക്കുഞ്ഞ് കൂടെ കൊണ്ടു നടക്കുന്നത്,

ആദരിക്കാൻ വേണ്ടി വേറൊരുത്തനെ കണ്ടു പിടിച്ചത് വളരെ രസകരമായിട്ടാണ്‌ . ആരും പാടാത്ത കുറെ  ഗാനങ്ങളെഴുതിയ കവി. എഴുപതു വയസ്സുവരെ ആരും അദ്ദേഹത്തെ അറിഞ്ഞിരുന്നില്ല.  നാട്ടുകാരെ വിളിച്ചു സപ്തതി ആഘോഷമെന്നും പറഞ്ഞു സദ്യകൊടുത്തപ്പോഴാണ് കോയക്കുഞ്ഞു പോലും അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. അപ്പോൾ തോന്നിയതാണ് കോയക്കുഞ്ഞിനു അദ്ദേഹത്തെ ആദരിക്കണമെന്ന് . പക്ഷെ ഒരു കാരണം വേണ്ടേ. ഷഷ്ഠിപൂർത്തി, സപ്തതി ഇതൊക്കെ ആദരവിന്റെ മാനദണ്o മാക്കാത്ത സ്ഥിതിക്ക് എന്താണൊരു മർഗ്ഗം? കുറച്ചു കാശുകിട്ടുന്ന ഏർപ്പാടാണ്, അതു കൊണ്ടു ഉപേക്ഷിക്കാനും വയ്യ.

അപ്പോഴാണ് തപാലാഫീസ് കാരുടെ മൈ സ്റ്റാമ്പ് പദ്ധതിയെക്കുറിച്ച് കേട്ടത്. കത്തെഴുത്തും വിതരണവും ഒരു ദശസന്ധിയിൽ എത്തി നില്ക്കുന്ന കാലത്ത് പിടിച്ചു നില്ക്കാൻ കുറെ പദ്ധതികൾ ആവിഷ്കരിക്കേണ്ടി വന്നു തപാൽ വകുപ്പിന്. ശബരിമല പ്രസാദം, ഗുരുവായൂർ പതക്കം, ഗംഗാജലം ഇവയുടെയൊക്കെ വിതരണം തുടങ്ങിയവ ഇതിന്റെ ഭാഗമായിട്ടാണ്. മൈ സ്റ്റാമ്പും അങ്ങനെ തന്നെ. 300 രുപായും  ചെറിയ ഒരു ഫോട്ടോയും കൊടുത്താൽ ഫോട്ടോ പതിച്ച60 രൂപയുടെ മൈസ്റ്റാമ്പു തിരികെ ത്തരും. 240 രൂപാ വകപ്പങ്ങു സ്വന്തമാക്കും. ആർക്കും ചേരാവുന്ന ഒരു തപാൽ തട്ടിപ്പു പദ്ധതി.

സപ്തതി കവിയും 300 രുപാ മുടക്കി. അതിന്റെ പേരിലാണ് കോയാക്കുഞ്ഞ് സ്വീകരണമൊരുക്കിയത്. 
സ്വീകരണ യോഗത്തിൽ കോയക്കുഞ്ഞു പറഞ്ഞു
" മഹാനായ കവി , 1000 ഗാനങ്ങൾ, അമേരിക്കയിൽ ജനിക്കേണ്ടതായിരുന്നു. എങ്കിൽ ഏതെല്ലാം പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. എന്നാലും സാരമില്ല, നമ്മുടെ ദേശിയ തപാൽ വകുപ്പ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ആദരിച്ചിരിക്കുന്നു. അദ്ദേഹത്തിനു മൈ സ്റ്റാമ്പ് നൾകിയാണ് തപാൽ വകുപ്പ് ആദരിച്ചത് ".

ഇത്രയും പറഞ്ഞു സപ്തതി കവിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് കോയക്കുഞ്ഞ് പൊക്കിക്കാണിച്ചു.

മറുപടി പ്രസംഗത്തിൽ കവി കോയക്കുഞ്ഞിന് നന്ദി പറഞ്ഞു..

" ഒടുക്കം നിങ്ങളെങ്കിലും എന്നെ മനസ്സിലാക്കിയതിൽ എനിക്കു അതിയ സന്തോഷമുണ്ട്. താപാൽ വകുപ്പിനോടുള്ള എന്റെ നന്ദിയും സ്നേഹവും ഞാൻ ഇവിടെ അറിയിച്ചു കൊള്ളുന്നു. മഹാത്മഗാന്ധി, മദർ തെരേസാ, മറ്റു ഗാന്ധിമാർ എന്നിവരുടെ കൂട്ടത്തിൽ തപാൽ സ്റ്റാമ്പിൽ കയറിപ്പറ്റുക വലിയ ബഹുമതിയായി ഞാൻ കാണുന്നു. ഇവിടെ നമ്മോളോടൊപ്പം ഇരിക്കുന്ന ഈ മഹതിയോടുള്ള നന്ദി ഞാൻ പ്രത്യേകം അറിയിക്കുന്നു. അവരാണ് ഈ ആദരവിന് പിന്നിൽ പ്രവർത്തിച്ചത്. അവർ ഇവിടെ ഹെഡ് പോസ്റ്റാഫീസ് പോസ്റ്റുമാസ്റ്ററാണ് ഉടൻ റിട്ടയർ ചെയ്യും."

നമ്രശിരസ്കയായി, സുസ്മേരവദനയായി  കേട്ടതെല്ലാം വാസ്തവം എന്ന മട്ടിൽ ഇരിക്കുകയായിരുന്നു 60 കാരി തപാൽ മിസ്ട്രസ്‌. പള്ളിക്കൂടം കണ്ടവരും പത്രം പതിവായി വായിക്കുന്നവരും സദസ്സിൽ ന്യൂനപക്ഷമായിരുന്നതിനാൽ പരിപാടി യാതൊരു വിധ തലങ്കോലവുമില്ലാതെ അവസാനിച്ചു .

പരിപാടിയിൽ പങ്കെടുത്ത പ്രമുഖരുമൊത്ത് സെൽഫി എടുക്കുകയും അവ ഫേസ്ബുക്കിലിടുകയും ചെയ്യുന്നശീലവും കോയാക്കുഞ്ഞിനുണ്ട്.

പാതിമയക്കത്തിൽ കിടന്ന കോയാക്കുഞ്ഞിനെ ആരോ തട്ടി വിളിച്ചു.
ഒരു പോലിസുകാരൻ.

" ഉം , എന്താ കാര്യം? പ്രശ്നം വല്ലതും?"

" സാരമാക്കാനില്ല സാർ, സാറിനോടു  എസ് ഐ ക്ക് എന്തോ ചോദിച്ചറിയാനുണ്ട് , ഫേസ് ബുക്കിൽ നിന്നാണ് വിവരം കിട്ടിയത്. സാറിനൊപ്പം സെൽഫിയിൽ കണ്ട ഒരാളിന്ഏതോ പെൺവാണിഭ സംഘവുമായി കണക്ഷൻ . അയാളെ ഒരു
കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോ അതിന്റെ യൊക്കെ സീസണാണല്ലോ? കൂടുതൽ ചോദിച്ചറിയാൻ വേണ്ടിയാണെന്നു തോന്നുന്നു. വേണ്ട, ചായവേണ്ട.
നാളെ 10 മണിക്ക്, സ്റ്റേഷനിൽ. പോട്ടെ സാർ" "
- കെ. എ സോളമൻ

Sunday 14 May 2017

വിവേകശൂന്യമായ പ്രസ്താവന

കേരളത്തിൽ എന്തു കൊണ്ടു ബി ജെ പി ഗതി പിടിക്കുന്നില്ലായെന്നറിയണമെങ്കിൽ ആ പാർട്ടിയുടെ ഫയർബ്രാന്റ് പെമ്പിളൈ നേതാവ് ശോഭാ സുരേന്ദ്രനെപ്പോലുള്ളവരുടെ പ്രസ്താവന വായിക്കണം. ഗവര്‍ണര്‍ പി. സദാശിവത്തിന് മുഖ്യമന്തി പിണറായി വിജയനെ പേടിയാണെങ്കില്‍ സ്ഥാനം ഒഴിയുകയാണ് നല്ലതെന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം. ഗവർണർക്കു നിയമമറിയാമെന്നതും ശോഭാ സുരേന്ദനും എം.ടി. രമേശിനുമൊക്കെ നിയമം അറിയാൻ പാടില്ലാത്തതും ഒരു പ്രശ്നമാണ്. ഗവർണർ രാജി വെച്ചൊഴിയാൻ പറയുന്നതിനു പകരം ബി ജെ.പി കേന്ദ്ര നേതാക്കളോടു ആവശ്യ പ്പെട്ടാൽ പോരെ ഗവർണരെ പിരിച്ചു വിടാൻ? അവരാണല്ലോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സദാശിവത്തെ കേരളത്തിൽ ഗവർണരാക്കിയത് .

കേരളത്തിലെ സിപിഎം അക്രമങ്ങൾ നടക്കുന്നുവെന്നതു വാസ്തവം. പക്ഷെ അതിനെതിരെയുള്ള ബിജെപി- ആർ എസ് എസ് അക്രമങ്ങൾക്കം കുറവില്ല. പകരത്തിനു പകരം എന്ന ക്രമമനുസരിച്ചു മുന്നേറുന്ന കൊലപാതകങ്ങൾക്കു ഒടുക്കമുണ്ടാകണമെങ്കിൽ നേതാക്കന്മാർ ടാർഗറ്റ് ചെയ്യപ്പെടണം. അതു സംഭവിക്കാത്തിടത്തോളം കാലം അണികളെന്ന പാവങ്ങൾ വഴിയരുകിൽ ചത്തു വീഴുകയും നേതാക്കൾ വിവേകശൂന്യമായ പ്രസ്താവനകൾ ഇറക്കി പ്രകോപനമുണ്ടാക്കുകയും ചെയ്യും.
നിഷ്പക്ഷ ന്യായാധിപൻ എന്ന പേരെടുത്തിട്ടുള്ള ഗവർണർ സദാശിവം ശരിയായ വിധം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങളാണ് ഗവർണർ പദവി തന്നതു, അതു കൊണ്ടു ഞങ്ങൾ പറയുന്നതു കേൾക്കണം  എന്നതു വിവേകരഹിതമായ സമീപനമാണ്.

എല്ലാ പൗരന്മാരുടേയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്, ഗവര്‍ണർ അതു മനസ്സിലാക്കണം എന്നൊക്കെ പാടുന്നതു കേൾക്കുമ്പോൾ തോന്നുക " പ്രിൻസിപ്പാളിനു കാര്യങ്ങൾ മനസ്സിലാകുന്നുണ്ടോ?"യെന്നു മഹാരാജാസിലെ വാർക്കപ്പണിക്കാർ ചോദിച്ചതു പോലെയാണ്.

ഇനി ശോഭാ സുരേന്ദ്രന്റെ ഭീഷണി കേട്ടു ഭയന്ന് പിണറായി സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടാൽ തന്നെ ബി.ജെ പി യുടെ ഏക എം എൽ എ യെ വെച്ചു് എങ്ങനെ കേരളം ഭരിക്കും ?

കെ എ സോളമൻ