Wednesday, 5 November 2025

മലപ്പുറം കത്തി - കഥ

#മലപ്പുറംകത്തി
കഥ- കെ എ സോളമൻ

​നാട്ടിലെ  ആളൊഴിഞ്ഞ മൂലയിലെ സജീവമായ ഒരു 'സ്ഥാപനമായിരുന്നു' ചിറയിൽ ദേവസ്സി ചേട്ടൻ്റെ പുരയിടം. അവിടെ രാവും പകലും ചീട്ടുകളിയുടെ ആരവമായിരുന്നു.

 കളിയിൽ പങ്കെടുക്കാൻ പണിയെടുക്കാത്തവരും, പണിയെടുത്തിട്ട് സമയം ബാക്കിയുള്ളവരും ഉണ്ടാകും, ഫേസ്ബുക്ക്, വാട്സ്ആപ്പ്, റീൽസ്  ടി.വി. എന്നിവയുടെ ശല്യമില്ലാതിരുന്ന കാലത്ത്  സ്വസ്ഥമായിരിക്കാൻ കണ്ടെത്തിയ ഏക ആശ്രയം. സത്യം പറഞ്ഞാൽ, അന്ന് ഞങ്ങൾക്ക് സമയം പോകാൻ വേറെ വഴിയില്ലായിരുന്നു.

​ഞങ്ങളുടെ സംഘത്തിൽ, കോയകുഞ്ഞ്, ഖാദർ, ഖലീദ്, കുഞ്ഞുമണി, റപ്പേൽ കുഞ്ഞപ്പൻ, കൊച്ചപ്പി, മൈക്കിൾ, പവിത്രൻ, സേവ്യർ, പാക്കരനെന്ന ഭാസ്കരൻ എന്നിങ്ങനെ ഒത്തിരി 'കഥാപാത്രങ്ങൾ' ഉണ്ടായിരുന്നു.
​ദേവസ്സി ചേട്ടൻ്റെ പുരയിടത്തിലേക്കു ഒരു വിധപ്പെട്ട  'പ്രവേശന ഫീസും ഉണ്ടായിരുന്നില്ല.  അവിടെ കളിക്കാരുടെ സൗകര്യത്തിനായി രണ്ടു മൂന്നു ചീട്ടുതറ ഒരുക്കിയിരുന്നു. കളിക്കാർ തന്നെ മണ്ണ് കൂട്ടി ഒരുക്കിയതായിരുന്നു ഈ ചീട്ടുകളിത്തറകൾ

ചീട്ടുമേശയാണ്  ദേവസി ചേട്ടന് കിട്ടുന്നഫീസ്,  ഒരു കുത്ത് ചീട്ട് ഉപയോഗിച്ച് അദ്ദേഹം 20 കുത്ത് ചീട്ട് വാങ്ങാനുള്ള കാശ്  'ചീട്ടുമേശ' എന്ന പേരിൽ ഈടാക്കിയിരുന്നു. ഓരോ ദിവസത്തെ കളി കഴിയുമ്പോഴും, ചീട്ടുകൾ വൃത്തിയായി അടുക്കി, ടാൽക്കം പൗഡറിട്ട് കുളിപ്പിച്ച്, അടുത്ത ദിവസത്തെ വിതരണത്തിനായി അദ്ദേഹം സൂക്ഷിക്കും. കളിക്കാരെ നിലനിർത്തുക എന്നതായിരുന്നു 'ചീട്ട് പരിപാലനത്തിൻ്റെ' ഗുട്ടൻസ്!

​ഈ 'അക്കാദമി'യുടെ പ്രധാന പ്രശ്നം പോലീസായിരുന്നു. വലിയ ഏമാന്മാർ ക്ലബ്ബുകളിൽ ഇരുന്ന് ചീട്ടുകളിക്കുമ്പോൾ, ചെറിയ പോലീസ് ഏമാന്മാർ ഇത്തരം സംഘങ്ങളെ 'കീഴ്പ്പെടുത്തി' ചിലവിനുള്ള വട്ടക്കാശ് ഉണ്ടാക്കുന്നത് ഒരു പതിവായിരുന്നു. പോലീസിൻ്റെ വരവ് ദേവസ്സി ചേട്ടൻ ദൂതൻ മുഖാന്തരം മുൻകൂട്ടി അറിഞ്ഞിരിക്കും.

​പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റുന്ന ദിവസങ്ങളിൽ  പോലീസ് അതിക്രമം നടക്കും. ഓടി രക്ഷപ്പെടാൻ പ്രാപ്തിയുള്ള 'ജിംനാസ്റ്റിക്സ്' താരങ്ങൾ കിഴക്കേ പാടവും തോടും ചാടി രക്ഷപ്പെടും. പോലീസുകാർക്ക് ചെളി അലർജിയായതിനാൽ,കളിക്കാർക്ക് പിന്നാലെ പാടത്തിലൂടെ ഓടാറില്ല. കളിക്കാർക്ക് ചെളിയിൽ കളയാനുള്ളത് 'പോക്കറ്റിലെ കാശ് , പോലീസുകാർക്ക് ചെളിയിൽ കളയാനുള്ളത് 'ബൂട്ടി'ൻ്റെ പ്രൗഢിയും.

​ഒരിക്കൽ, പോലീസ് അതിക്രമത്തിൽ പാക്കരൻ എന്ന ഭാസ്കരൻ കുടുങ്ങി.
"ഏമാന്മാരെ, ഞാൻ ചീട്ടുകളിച്ചിട്ടില്ല! എന്നെ വിട്ടേക്കല്ലേ..." പാക്കരൻ്റെ നിലവിളിയിൽ പോലീസുകാർ പോലും ചിരിച്ചു.. 'വെറുതെ വിട്ടേക്കണേ' എന്ന് പറയേണ്ടയാൾ പരിഭ്രമത്തിൽ 'വിട്ടേക്കല്ലേ' എന്ന് പറഞ്ഞത് സ്വന്തം അറസ്റ്റ് ഉറപ്പിച്ച മട്ടിലായിരുന്നു.

 പോലീസുകാർക്ക് കൊടുത്ത 'വട്ടക്കാശ്' 
,പിറ്റേന്ന് അതിൻ്റെ ഇരട്ടി പിരിവായി ദേവസ്സി ചേട്ടൻ ചീട്ടുകളി സംഘങ്ങളിൽ നിന്ന് ഈടാക്കിയിരിക്കും. കാരണം, 'നഷ്ടപ്പെട്ടത്' പോലീസിന് മാത്രമല്ല, ദേവസ്സി ചേട്ടൻ്റെ 'ബിസിനസ്സി'ന് കൂടിയാണല്ലോ!

​അന്ന് ഒരു സാധാരണ ദിവസത്തെ ചീട്ടുകളിക്ക് സംഘം ചേരുമ്പോഴാണ് കോയകുഞ്ഞ് അരയിൽ ഒരു പ്രത്യേക 'ബഹുമതി'യുമായി എത്തിയത്: മലപ്പുറം കത്തി! സ്വന്തം കൊഞ്ഞാപ്പ സമ്മാനിച്ച ആയുധം

​മലപ്പുറം ജില്ലയിലെ തനതായ പാരമ്പര്യ ആയുധമാണ് മലപ്പുറം കത്തി. എന്തും കുത്തിമറിക്കാനുള്ള ഒരു തരം കഠാര.
കോയകുഞ്ഞ് കത്തി പുറത്തെടുത്ത് നെഞ്ചും വിരിച്ച് നിന്നു. 

പോലീസിനെ നേരിടാനാണോ ഈ കത്തി എന്ന ചോദ്യം ആരും കോയകുഞ്ഞിനോട് ചോദിച്ചില്ല. അതിനുള്ള ധൈര്യം അവനില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പോലീസിനെ കണ്ടാൽ ആദ്യം ഓടുന്നത് കോയകുഞ്ഞാണെന്ന്  ഉറപ്പായിരുന്നു. എങ്കിലും കത്തി ഒരു ഭംഗിയായി അവൻ കണ്ടിരുന്നു.

​"ഈ മലപ്പുറം കത്തിക്ക് കനം കൂടുതലാണ്, നല്ല മൂർച്ചയുമുണ്ട്, നീളവുമുണ്ട്," കോയകുഞ്ഞ് അത് അഭിമാനത്തോടെ പ്രദർശിപ്പിച്ചു. 
"പിടിക്ക് നീളം കുറവാണ്. നോക്ക്, മാൻകൊമ്പ് ഉപയോഗിച്ചാണ് പിടി നിർമ്മിച്ചിരിക്കുന്നത്. നാല് വിരലുകൾക്ക് ഒതുക്കിപ്പിടിക്കാൻ മാത്രമുള്ള നീളമേ പിടിക്ക് ഉള്ളു. ആരെങ്കിലുമായി പോരാട്ടമുണ്ടായിൽ, മറ്റൊരാൾക്ക് കത്തിയിൽ കയറിപ്പിടിക്കാതിരിക്കാനാണ് ഈ ചെറിയ പിടി," കോയകുഞ്ഞ് ഒരു 'ആയുധ വിദഗ്ദ്ധനെ'പ്പോലെ ക്ലാസെടുത്തു. ബാക്കിയുള്ളവർ ചീട്ട് കളി തുടങ്ങാനുള്ള ആകാംഷയിൽ ഇതെല്ലാം കേട്ട് തലയാട്ടി.

​കത്തിയിലെ ചിത്രപ്പണികൾ കാണിച്ച് ഒരിക്കൽ കോയ പറഞ്ഞു: "ചില കത്തികളിൽ മാത്രമേ ഇത്തരം ചിത്രപ്പണികൾ കാണൂ. ഇത് ഒരു 'സ്ഥാനചിഹ്നമായി' പലരും കരുതാറുണ്ട്."

"അതെ, ഇതൊരു സ്ഥാനചിഹ്നമാണ്. ചീട്ടുകളിയിൽ തോറ്റ് പൈസ പോകുമ്പോൾ, പകരമായി വീട്ടിൽ കൊണ്ടുപോയി തൂക്കിയിടാൻ," റപ്പേൽ  തമാശയായി പറഞ്ഞു.

​"ഈ കത്തികൊണ്ട് ഉണ്ടാകുന്ന മുറിവുകൾ കരിയാൻ പ്രയാസമാണ്. കത്തിയുടെ നിർമ്മാണത്തിലെ പ്രത്യേക ലോഹക്കൂട്ടും, പരമ്പരാഗതമായ നിർമ്മാണ രഹസ്യങ്ങളുമാണ് ഇതിന് കാരണം," കോയ പറഞ്ഞു.

​എല്ലാം കേട്ട് കൊച്ചപ്പി ഒരു ദീർഘനിശ്വാസമെടുത്തു: "കോയകുഞ്ഞേ, നീ കൊച്ചാപ്പൻ്റെ വയറ്റിൽ കുത്തി നോക്കരുത്. ഞങ്ങൾക്ക് ചീട്ടുകളിക്കാനുള്ള മൂഡു കളയരുത്." എല്ലാവരും ചിരിച്ചു. 

ഒരു തമാശയായി തുടങ്ങി, ആ കത്തി അവരുടെ സൗഹൃദക്കൂട്ടായ്മയിൽ ഒരു 'ഭീഷണി'യായി മാറുമെന്ന് ആരും അറിഞ്ഞില്ല.

​മലപ്പുറം കത്തിയുമായി എത്തിയ കോയയുടെ ചീട്ടുകളി, ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ കൂട്ടുകാർക്ക് കൗതുകമായിരുന്നു. ഒരു 'ആക്ഷൻ ഹീറോ'വിനെപ്പോലെ കത്തിയുമായി വന്ന് ചീട്ടുകളിക്കുന്നത് അവർ ആസ്വദിച്ചു.
​എന്നാൽ, പതിയെപ്പതിയെ കൂട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. ചീട്ടെടുക്കുമ്പോൾ കത്തി അരയിൽ തട്ടും, കൈയബദ്ധം പറ്റിയാൽ കൈ മുറിയും, കത്തി കണ്ടാൽ പോലീസുകാർക്ക് സംശയം തോന്നും – ഇതായിരുന്നു അവരുടെ പ്രധാന ആശങ്ക.

കളിസംഘത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് കൊച്ചപ്പിയായിരുന്നു. കൊച്ചപ്പിയുടെ 'ശുദ്ധമായ' ചീട്ടുകളിക്ക് കോയയുടെ കത്തി ഒരു 'അലങ്കോലമായി' തോന്നി.

​"കുഞ്ഞേ, കോയേ , മേലാൽ  ഒരിക്കലും ഇവിടെ കത്തിയുമായി വന്ന് കാണരുത്. കത്തി വീട്ടിൽ വെച്ചേക്കണം, എന്നിട്ടേ വരാവൂ," കൊച്ചപ്പി ശക്തമായി താക്കീത് ചെയ്തു.

 കൊച്ചപ്പിയുടെ ഈ 'അധികാര പ്രയോഗം' കോയകുഞ്ഞിന് ഒട്ടും രസിച്ചില്ല.

​"എൻ്റെ കത്തി! ഞാൻ എവിടെ വയ്ക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഇത് എൻ്റെ കൂടെ എന്നും ഉണ്ടാകും," കോയ ഉറപ്പിച്ചു പറഞ്ഞു.

​കോയ, കൊച്ചപ്പിയുടെ വാക്കുകളെ മൈൻഡ് ചെയ്തില്ല. അരയിലെ ബെൽറ്റിൽ കത്തി കുത്തിവെച്ച്,  കോയ വീണ്ടും ചീട്ടുകളിക്കാൻ എത്തി. 'ചീട്ടുകളി സംഘത്തിലെ നിയമങ്ങൾ' കത്തിയുടെ പേരിൽ ലംഘിക്കപ്പെട്ടു. ഇത് കൊച്ചപ്പിയുമായിട്ടുള്ള കടുത്ത  വാക്ക് തർക്കത്തിന് കാരണമായി.
​അങ്ങനെ ഒരു ദിവസം കളി നടക്കുന്നതിനിടെ, കോയകുഞ്ഞിൻ്റെ ഒരു അശ്രദ്ധമായ നീക്കം കൊച്ചപ്പിയുടെ പണം നഷ്ടപ്പെടുത്തി. തർക്കം രൂക്ഷമായപ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ട കോയ, അരയിലെ മലപ്പുറം കത്തി വലിച്ചൂരി.
​അപ്രതീക്ഷിതമായിരുന്നു ആ സംഭവം. മലപ്പുറം കത്തിയുടെ കുത്തേറ്റ് കൊച്ചപ്പിയുടെ അടിവയർ മുറിഞ്ഞു.

"അയ്യോ. അവൻ സീരിയസായി കളിച്ചു!" കൂട്ടുകാർ അലറി.

​മുറിവ് കണ്ട് കോയകുഞ്ഞ് ഭയന്നുവിറച്ചു. കത്തിയുടെ മൂർച്ചയെക്കുറിച്ച് താൻ തള്ളിയ കഥകൾ സത്യമായതോർത്ത് അവൻ ഞെട്ടി. "മുറിവുകൾ കരിയാൻ പ്രയാസമാണ്" എന്ന് കോയ പറഞ്ഞ വാക്കുകൾ അപ്പോൾ എല്ലാവരുടെയും ചെവിയിൽ മുഴങ്ങി. വേദനയിൽ പുളഞ്ഞ കൊച്ചപ്പിയെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

​സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ചീട്ടുകളി നടന്നിടത്തു നിന്നും ചോരപ്പാടുകൾ കണ്ടതും പോലീസുകാർക്ക് 'വട്ടക്കാശി'നേക്കാൾ വലിയ ഒരു കേസ് മണത്തു.

​പോലീസ് ഉടൻ തന്നെ കോയകുഞ്ഞിനെയും, കളിക്കാർക്ക്പുരയിടം വിട്ടുകൊടുത്ത ദേവസ്സി ചേട്ടനെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഒരു കത്തിക്കുത്ത് കേസും, അത് നടന്നത് ഒരു ചീട്ടുകളി കേന്ദ്രത്തിലാണെന്നറിഞ്ഞതും പോലീസിന് ചികരമായി.

​പക്ഷേ, ഇവിടെയാണ് സൗഹൃദത്തിൻ്റെ 'അവസാനത്തെ കൈത്താങ്ങ്' ഉണ്ടായത്. ആശുപത്രിയിൽ കിടന്ന കൊച്ചപ്പി, പോലീസുകാർ മൊഴിയെടുക്കാൻ വന്നപ്പോൾ സത്യം പറയാൻ തയ്യാറായില്ല.

​"ഏമാന്മാരെ, അത് മനപ്പൂർവ്വം സംഭവിച്ചതല്ല. ഒരബദ്ധം പറ്റിയതാണ്. അവനെ വെറുതെ വിട്ടേക്കണം," കൊച്ചപ്പി അപേക്ഷിച്ചു.  സൗഹൃദത്തിൻ്റെ പേരിൽ, തൻ്റെ വയറ്റിലെ മുറിവിനെ കൊച്ചപ്പി 'അബദ്ധം' എന്ന് ലഘൂകരിച്ചു.
​കൊച്ചപ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രത്യേക വ്യവസ്ഥയിൽ കോയകുഞ്ഞിനെയും ദേവസ്സിയെയും പോലീസ് വെറുതെ വിട്ടു.
​പോലീസ് വെച്ച  വ്യവസ്ഥ ഇതായിരുന്നു:
"മേലാൽ ദേവസ്സിയുടെ പുരയിടത്തിൽ ചീട്ടുകളി പാടില്ല. ആ പുരയിടം ഒരു ക്ലബ്ബായി പ്രവർത്തിക്കാൻ പാടില്ല."

 ഒരു മലപ്പുറം കത്തിയും, അതിൻ്റെ ഉടമയുടെ പിടിവാശിയും കാരണം, ചിറയിലെ ദേവസ്സി ചേട്ടൻ്റെ പുരയിടത്തിലെ ചീട്ടുകളിയുടെ 'സുവർണ്ണ കാലഘട്ടം' അവിടെ അവസാനിച്ചു. ഒരു സൗഹൃദക്കൂട്ടായ്മ, ഒരു കത്തിയുടെ തുമ്പിൽ വെച്ച് നിലച്ചുപോയി. പോലീസിൻ്റെ 'വട്ടക്കാശ്' പിരിവിൽ നിന്ന് രക്ഷപ്പെട്ട കളി, ഒടുവിൽ പോലീസിൻ്റെ 'ശാസന'യിൽ പൂർണ്ണമായി നിർത്തേണ്ടി വന്നു.

​ഇനി, മൈക്കിളും പവിത്രനും പാക്കരനും ഖാദറും ഒക്കെ എവിടെയിരുന്ന് ചീട്ടുകളിക്കുമെന്ന ചിന്തയോടെ, ആ പഴയ ചീട്ടുകളി സംഘം ചിറയിൽ ദേവസ്സിയുടെ പുരയിടത്തിൽ നിന്നും പിരിഞ്ഞുപോയി. 

അവിടെ ചീട്ടുകളും കളിത്തറയും ഒരു മേശയും  മാത്രം ബാക്കിയായി.
                           * * *

No comments:

Post a Comment