Friday 31 January 2014

കഥാ-കാവ്യ സംഗമം,പുസ്തക പ്രകാശനം


Photo


ചേര്‍ത്തല: പിറവി സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കഥാ-കാവ്യ സംഗമവും പുസ്തക പ്രകാശനവും ഫെബ്രു. രണ്ടു ഞായര്‍  3-നു ചേര്‍ത്തല വൂഡ് ലാന്‍റ്സ് ആഡിറ്റോറിയാതില്‍ വെച്ചു നടത്തുന്നു. സമ്മേളനം ചേര്‍ത്തല നഗരസഭ ചെയര്‍ പേര്‍സണ്‍  ജയലക്ഷ്മീ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും, സാഹിത്യകാരന്‍ ഉല്ലല ബാബു അധ്യ ക്ഷത വഹിക്കും.

പി സുകുമാരന്‍ രചിച്ച “ ഇപ്പോള്‍ അതും ഓര്‍ക്കുന്നില്ല” എന്ന കഥാസമാഹാരം വിദ്വാന്‍  കെ രാമകൃഷ്ണന്‍  പ്രകാശനം ചെയ്യും, കെ ശിവദാസ് ഏറ്റുവാങ്ങും. കെ എ സോളമന്‍ എഴുതിയ“ ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട്  “ എന്ന കവിതാ സമാഹാരം കവി പൂച്ചാക്കല്‍ ഷാഹുല്‍ പ്രകാശനം ചെയ്യും, പ്രൊഫ. ലേഖാറോയ് സ്വീകരിക്കും. 

ആദ്യപുസ്തകം മണി കെ ചെന്താപ്പൂരും രണ്ടാമത്തേതു ഉല്ലല ബാബുവും അവലോകനം നടത്തും. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് വെട്ടയ്ക്കല്‍ മജീദ്( സംസ്കാര), ഈ ഖാലിദ് (ആലപ്പി ആര്‍ട്സ് ആന്ഡ് കമ്മുനികേഷന്‍സ്) , ഡോ. ഷാജി ഷണ്‍മുഖം( ശ്രീ ശങ്കര യൂണിവേഴ്സിറ്റി), പി മോഹന ചന്ദ്രന്‍ (സാരംഗി),ഇ കെ തമ്പി(സര്‍ഗം),  എം ഡി വിശ്വംഭരന്‍ (സാഹിതി), കെ പി ശശിധരന്‍ നായര്‍ (കോളമിസ്റ്റ്), വടുതല ഗോപാലന്‍ മാസ്റ്റര്‍ (ഫോക് ലോര്‍), മുരളി ആലിശ്ശേരി (റൈറ്റേര്‍സ് ഫോറം)തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്നു നടക്കുന്ന കഥാ-കാവ്യ സംഘമത്തില്‍ പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, ഗൌതമന്‍ തുറവൂര്‍, അല്‍ഫോണ്‍സ്‌വില്ല ജോസഫ്, വാരനാട് ബാനര്‍ജി, വൈരം വിശ്വന്‍, വി കെ ഷേണായി, എ.എന്‍. ചിദംബരന്‍, കാവ്യദാസ് , എന്‍.ടി.ഓമന, പ്രസന്നന്‍ അന്ധകാരനഴി എന്‍.എന്‍. വേലായുധന്‍, കെ.വി. ബാബു, ബാബു ആലപ്പുഴ,  എന്‍ ചന്ദ്രഭാനു, ഡി ശ്രീകുമാര്‍, വി എസ് പ്രസന്നകുമാരി, കൊക്കോത മംഗലം എ വി നായര്‍, തോമസ് കുടവെച്ചൂര്‍, തോമസ് ചേര്‍ത്തല, പ്രകാശന്‍ പുത്തന്‍ തറ, ശക്തീശ്വരംപണിക്കര്‍ , കരപ്പുറം രാജശേഖരന്‍ , ശിവന്‍ കുട്ടി മേനോന്‍ , ദേവസ്യ അരമന, ബേബി സരോജം, വിജയമ്മ ടീച്ചര്‍, വിശ്വന്‍ വെട്ടക്കല്‍, അപര്‍ണ്ണ ഉണ്ണിക്കൃഷ്ണന്‍, സതീശന്‍ ചെറുവാരണം, വി വിജയപ്പന്‍ നായര്‍, ശരത് വര്‍മ്മ തുടങ്ങിയവര്‍  പങ്കെടുക്കും.

Tuesday 21 January 2014

കേശദാനം മഹാദാനം

Photo

രക്തദാനം മഹാദാനം എന്നതായിരുന്നു പഴയ മുദ്രാവാക്യം. നിലവില്‍ അത് കേശദാനം മഹാദാനം എന്നായി മാറി. കേശാലങ്കാര മേഖലയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ഏതാണ്ട് ഈ ഡയറക്ഷനിലാണ്.
കാന്‍സര്‍ രോഗം എപ്പോള്‍, എങ്ങനെ പിടിപെടുമെന്ന് ആര്‍ക്കും നിശ്ചയം പോരാ. പുകവലി, മദ്യപാനം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ബേക്കറി പലഹാരങ്ങള്‍ ഇവയെല്ലാം കാന്‍സറിന്  കാരണമാകുമെന്ന് പറയപ്പെടുന്നു. പാരമ്പര്യ രോഗമാണ് കാന്‍സറെന്ന് മറ്റു ചിലര്‍. ഹോളിവുഡു നടി എഞ്ചലീന ജോളി മുല മുറിച്ചു കളഞ്ഞത് പാരമ്പര്യ  കാന്‍സര്‍ ഭയന്നിട്ടാണ്. തണ്ണീര്‍മുക്കത്തും വാരനാട്ടും വ്യാപകമായി കാണുന്ന കാന്‍സര്‍ അവിടെ ഒരു മദ്യക്കമ്പനി വേമ്പനാട്ടു കായല്‍ 

മലിനീകരിക്കുന്നതുകൊണ്ടാണെന്ന് പഠനങ്ങള്‍ പറയുന്നു. വ്യാപകമായിട്ടുള്ള മൊബൈല്‍ ടവറുകളും സെല്‍ഫോണുകളും കാന്‍സറിനു കാരണമല്ലെന്ന് പറയുന്നത് മൊബൈല്‍ കമ്പനിക്കാരുടെ പണം കൈപ്പറ്റി പ്രസ്താവന ഇറക്കുന്ന ചില അലോപ്പതി ഡോക്ടര്‍മാര്‍ മാത്രമാണ്. മൊബൈല്‍ റേഡിയേഷന്‍ ഹസാര്‍ഡ്‌സിനെക്കുറിച്ച് ഒത്തിരി ലിറ്ററേച്ചര്‍ ഇന്റര്‍സെറ്റില്‍ ലഭ്യം. ഇവയെല്ലാം റേഡിയേഷന്‍ മൂലമുള്ള കാന്‍സര്‍ സാധ്യതയ്ക്ക് അടിവരയിടുന്നു.

കേരള സംസ്ഥാനത്ത് കാന്‍സര്‍ രോഗം വന്‍ ഭീഷണിയാണ്. അതുകൊണ്ടുതന്നെ കാന്‍സര്‍ ചികിത്സയ്ക്കുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ‘പിഴിച്ചില്‍’ സെന്ററുകളും പെരുകിക്കൊണ്ടിരിക്കുന്നു. കാന്‍സറിനെതിരെയുള്ള രണ്ടു ചികിത്സാ രീതികളാണ് റേഡിയേഷന്‍ ചികിത്സയും കീമോ തെറാപ്പിയും. രണ്ടും കൃത്യമായ ഡോസില്‍ ചെയ്തില്ലെങ്കില്‍ രോഗി നേരത്തെ തന്നെ വിടപറയും. അത്രയ്ക്ക് ശക്തമാണ് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍. രോഗിയുടെ ഭാരം കുറയുന്നത് സൈഡ് എഫക്ടിന്റെ ഭാഗമാണ്, മുടിയുടെ നിറം മാറാം, കൊഴിയാം, അങ്ങനെയൊരു കാഴ്ച മമ്മൂട്ടി സിനിമ ‘ഇമ്മാനുവേലി’ലുണ്ട്. മുടി നഷ്ടപ്പെട്ടു പോകുകയെന്നത് കാന്‍സര്‍ ചികിത്സയുടെ ഭാഗമാണ്.

ഇങ്ങനെ മുടി നഷ്ടപ്പെടുന്നവര്‍ക്കുള്ള സാന്ത്വനമായാണ് കേശദാനം. മുടിയുള്ളവര്‍ക്കെല്ലാം ദാനം ചെയ്യാം. കാന്‍സര്‍ രോഗിക്കാണ് ഇത് നല്‍കുന്നതെന്നതുകൊണ്ട് മഹാദാനവുമാണ്. ഈ മഹാദൗത്യത്തില്‍ ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്. തലയിലെ ആല്‍മരമാണ് പന്ന്യന് മുടി.

വയലാര്‍ സ്റ്റാലിന്റെ പുത്രന്‍ സി.കെ.ചന്ദ്രപ്പന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ഒരു ആര്‍ജവം-ഗര്‍വ് ഉണ്ടായിരുന്നു. എന്നുവെച്ചാല്‍ ഒരു മമ്മൂട്ടി സ്റ്റൈല്‍. ചന്ദ്രപ്പന്‍ പോയി, പന്ന്യന്‍ വന്നതോടെ അത് മാമുക്കോയ സ്റ്റൈലായി, എല്ലാം ഒരു തമാശ. മുടി വകഞ്ഞു മുന്നിലോട്ടിട്ട് പന്ന്യന്‍ സമരമുഖത്തുനിന്നാല്‍ ലാത്തിച്ചാര്‍ജ്ജിനെത്തിയ പോലീസ് ലാത്തി മറന്നു ചിരിക്കും. പണ്ടെങ്ങോ പുലിക്കോടന്‍ നാരായണന്‍ എന്ന നക്‌സലൈറ്റ് വിരുദ്ധ പോലീസുകാരന്‍ ഓടിച്ചിട്ടു മുടിവെട്ടാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് പന്ന്യന്റെ മുടി. ഒരിക്കലും ഒടുങ്ങാത്ത വൈരാഗ്യമുണ്ടോ മനുഷ്യന്? പുലിക്കോടന്‍ ഇന്ന് സന്ന്യാസത്തിലാണ്.

തന്റെ മുടിക്ക് നാലുലക്ഷം രൂപാ തരാമെന്ന് ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി വാഗ്ദാനം ചെയ്‌തെന്നാണ് പന്ന്യന്‍  പറയുന്നത്. വിസ്‌കി മൂക്കുമുട്ടെ കുടിച്ചാല്‍ തമാശ പറയുന്നതും, വാളെടുക്കുന്നതും ചില സായിപ്പന്മാരുടെ സ്വഭാവമാണ്. എടുത്ത വാളു (താഴെ)വെയ്ക്കാതിരിക്കാന്‍ മുടി മണക്കുന്ന ശീലം സൗത്ത് ആഫ്രിക്കയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമുണ്ട്. അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കന്‍ സായിപ്പ് നാലുലക്ഷം വില പറഞ്ഞത്.

പന്ന്യന്റെ കേശദാനത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചത് തനി ബൂര്‍ഷ്വാ ഏജന്‍സികളാണ്. മുടി മുറി സ്റ്റൈലിസ്റ്റുകളായ അംബികാ പിള്ളയുടേയും മറ്റേ പിള്ളയുടേയും മുടി സ്റ്റൈല്‍ കണ്ടാല്‍ , മുടി തന്നെ വേണ്ടെന്ന് വയ്ക്കും കാന്‍സര്‍ രോഗികള്‍. കൂട്ടത്തില്‍ നിഷാ കെ.മാണിയുമുണ്ട്. ജോസ് കെ.മാണിയെ ഒരിക്കല്‍ മീനച്ചിലാറ് നീന്തിക്കേറ്റി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കാന്‍ തന്നാലായത്, അത്രേയുള്ളൂ നിഷയ്ക്ക്.

മനുഷ്യശരീരം, ഏതു ഫോറിന്‍ വസ്തുവിനെതിരേയും പ്രതികരിക്കും, അതു വെപ്പു പല്ലായാലും പന്ന്യന്റെ മുടികൊണ്ടുള്ള വിഗ്ഗായാലും കാന്‍സര്‍ രോഗികള്‍ അതുകൊണ്ട് ദാനം കിട്ടുന്ന വിഗ് വേണ്ടെന്ന് വയ്ക്കണം. മുടിയില്ലെങ്കില്‍ സൗന്ദര്യമില്ലെന്ന് ആരു പറഞ്ഞു. ബ്രൂസ് വില്ലിസ്, ജാസണ്‍ സാന്റം, ഡി ജോണ്‍സണ്‍ എന്നീ ഹോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ മുടിയില്ലാത്തതു കൊണ്ടു സുന്ദരന്മാര്‍ക്കല്ലെന്ന് പറയാന്‍ കഴിയുമോ? 72000കോടി രൂപയായിരുന്നു ജോണ്‍സന്റെ 2013 ലെ മാത്രം വരുമാനം.

കെ. എ. സോളമന്‍

Wednesday 15 January 2014

ചൂലെ ചൂല്‍



ആംആദ്മിയെന്ന തൊപ്പിപ്പാര്‍ട്ടി ദല്‍ഹിയില്‍ ഏതാനും സീറ്റു പിടിച്ചതോടെ സകലരും ചൂലുമായി ഇറങ്ങിയിരിക്കുകയാണ്‌. ചൂലാണ്‌ ആം ആദ്മിയുടെ ചിഹ്നം. ചൂലും പിടിച്ചു നില്‍ക്കുന്നവനെ കണി കണ്ടാല്‍ അന്നു യാത്ര മുടക്കുന്നവര്‍ പോലും ചൂലേ, ചൂല്‍! എന്നു വിളിച്ചുകൂവുകയാണ്‌. പ്ലാസ്റ്റിക്‌ ചൂല്‍, പുല്‍ച്ചൂല്‍ ഇവയ്ക്ക്‌ ഡിമാന്റ്‌ കുറവ്‌, ഈര്‍ക്കില്‍ ചൂലിനാണ്‌ കേരളത്തില്‍ ഡിമാന്റ്‌. എല്ലാവരും ചൂലെടുക്കണമെന്നാണ്‌ തൊണ്ണൂറു പിന്നിട്ട മുതിര്‍ന്ന സഖാവ്‌ മുതല്‍ ഫേസ്ബുക്ക്‌ കുട്ടന്മാര്‍ വരെ പറയുന്നത്‌. അരിവാള്‍ ചുറ്റികയെന്നത്‌ അരിവാള്‍ ചൂല്‍ എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശവും വാര്‍ഡുതല യോഗങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. പൂഴ്ത്തിവെയ്പുകാരും, കരിഞ്ചന്തക്കാരും തൊട്ടു കള്ളവാറ്റുകാര്‍വരെ കേരളത്തില്‍ ‘ആം ആദ്മി’യുടെ ആവശ്യക്കാരായി മാറി.

ചൂല്‍ പ്രേമക്കാരില്‍ ഒടുക്കം വാചകമേളയില്‍ വന്നുപെട്ടത്‌ നോവലിസ്റ്റ്‌ എം.മുകുന്ദനാണ്‌. ഇടയ്ക്കിടെ വാര്‍ത്തയില്‍ കേറിയില്ലെങ്കില്‍ ഇരിക്കപ്പൊറുതി ഇല്ലാതാകും. കുറച്ചുകാലമായി പ്രസ്താവനകളില്‍നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. അതു പറ്റില്ലായെന്നു തോന്നിയതുകൊണ്ടാണ്‌ ചൂല്‍ മേന്മ വാഴ്ത്തി പ്രസ്താവന ഇറക്കിയത്‌.

ഇടതു സഹയാത്രികനെന്നാണ്‌ വയ്പ്‌. സഹയാത്ര നടത്തുമ്പോള്‍, യാത്രയില്‍ കാണുന്ന കാര്യങ്ങള്‍ പറയാതെ വയ്യ. പക്ഷേ ഇപ്പോള്‍ നിക്ഷ്പക്ഷനാകണമെന്ന തോന്നല്‍. അതുകൊണ്ടാണ്‌ വീഴ്ചകളില്‍നിന്നു സിപിഎം പാഠം പഠിച്ചിട്ടില്ലായെന്ന്‌ അദ്ദേഹം പ്രസ്താവിച്ചത്‌.

വല്ലാത്ത തന്റേടം കാണിച്ച ഒരു സ്ത്രീ ക്ലിഫ്‌ ഹൗസിന്‌ പുറകില്‍ താമസമുണ്ട്‌, പേര്‌ സന്ധ്യ. ‘അദൃശ്യചൂല്‍’കയ്യിലേന്തി പ്രതികരിക്കുകയായിരുന്നു സന്ധ്യയെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ തിരിച്ചടി കളില്‍നിന്ന്‌ സിപിഎം പാഠം പഠിച്ചില്ലായെന്ന്‌ നോവലിസ്റ്റ്‌ കണ്ടെത്തിയത്‌. സന്ധ്യയുടെ കയ്യിലെ ചൂല്‍ സിപിഎം കാണേണ്ടതായിരുന്നു.

‘കേശവന്റെ വിലാപം’എഴുതി പണ്ടേ തന്നെ പാര്‍ട്ടി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്‌. മുതിര്‍ന്ന സഖാവിനെ വാഴ്ത്തപ്പെട്ട പുണ്യവാളന്‍ എന്നു വിളിച്ച്‌ ആദരിച്ചത്‌ അദ്ദേഹം നന്നേ ആസ്വദിക്കുകയും ഔദ്യോഗിക ലാവ്ലിന്‍ ഗ്രൂപ്പില്‍ അംഗത്വമെടുക്കുകയും ചെയ്തതാണ്‌. ആയതുകൊണ്ട്‌ ഇപ്പോഴത്തെ ‘നിഷ്പക്ഷ വെളിപാട്‌’ ഏവര്‍ക്കും ദുരൂഹമാണ്‌.

സന്ധ്യ വലിയൊരു റിസ്ക്‌ ഏറ്റെടുക്കുകയായിരുന്നു. യുവത്വത്തിന്റെ തിളപ്പോ വിവരക്കുറവോ എന്നു പറയാം. കൊച്ചൗസേഫ്‌ ചിറ്റിലപ്പിള്ളി പോലും കാട്ടാന്‍ മടിക്കുന്ന ധൈര്യം. അഞ്ചുലക്ഷം പോയെങ്കില്‍ എന്ത്‌, പത്തിരുപതു ലക്ഷത്തിന്റെ പരസ്യ മെയിലേജാണ്‌ ചിറ്റിലപ്പിള്ളിയുടെ സ്ഥാപനങ്ങള്‍ക്ക്‌ ലഭിച്ചത്‌.
സന്ധ്യയുടെ നടപടി വന്‍ റിസ്കായിരുന്നുവെന്ന്‌ പറയാന്‍ കാരണമുണ്ട്‌. മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുകയും മുതലാളിമാര്‍ സമ്മാനം നല്‍കുകയും ചെയ്താല്‍ ആരെങ്കിലും തല കുരുക്കിലിടുമോ? പ്രത്യേകിച്ച്‌ ഉപരോധമുണ്ടാകുമ്പോള്‍ വീടുപൂട്ടി നാടുവിടുന്ന മുഖ്യമന്ത്രിയും ദിവസങ്ങള്‍ക്ക്‌ മുമ്പേ സെക്രട്ടറിയേറ്റ്‌ കെട്ടിടത്തില്‍ മാറി താമസിച്ച്‌ ഊണും ഉറക്കവും ശൗചവും നടത്തുന്ന മന്ത്രിമാരും കേരളം ഭരിക്കുമ്പോള്‍ സന്ധ്യയ്ക്കും കുടുംബത്തിനും എന്തു നഷ്ടമുണ്ടായാലും ഭരണ-പ്രതിപക്ഷങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി രസിച്ചുകൊണ്ടിരിക്കും.

ഒട്ടനവധി ആക്രോശങ്ങള്‍ നടത്തിയിട്ടുള്ള കടകംപള്ളിയുടെ താടിരോമങ്ങളില്‍ ഒന്നുരണ്ടെണ്ണം കൊഴിച്ചു കളഞ്ഞതായിരുന്നു സന്ധ്യയുടെ പ്രകടനം എന്നു പറയാതെ വയ്യ. അതിന്‌ തെളിവാണ്‌ ആനത്തലയുടെ പൂരപ്പാട്ടും, ഉഴവൂര്‍ വിജയന്റെ ഹരികഥാ കാലക്ഷേപവും.

സന്ധ്യയ്ക്ക്‌ മുമ്പെ ചൂലെടുത്തവരാണ്‌ അജിതയും സാറാ ജോസഫുമെന്നു മുകുന്ദന്‍. സാറാ ജോസഫിനെ വിടൂ, കോംഗ്ങ്ങാട്ടു നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയതായിരിക്കും അജിതയുടെ ചൂല്‍ പ്രയോഗം?
കെ.എ.സോളമന്‍

Sunday 5 January 2014

ഓര്‍മ്മകള്‍ ഉറങ്ങട്ടെ



പിറന്നുവീണ ആറുകാല്പ്പുര
ചാണകമെഴുതിയ തിണ്ണ
പിച്ച നടന്ന മണ്ണ്
തുളസിത്തറയില്ല, തുളസിയും
ഒറ്റപ്പല്‍ കാട്ടി ചിരിക്കു അമ്മൂമ്മ
പാട്ടുപാടിയുറക്കിയ എന്റമ്മ .
കളിപ്പാട്ടങ്ങളില്ല
പുത്തനുടുപ്പില്ല  
കളിയ്ക്കാന്‍ ഒത്തിരികൂട്ടുകാര്‍
ഓര്‍മ്മതന്‍  പച്ചപ്പുകളില്‍
ഇവയെല്ലാം മങ്ങിയകാഴ്ച.
എല്ലാമൊരു പഴങ്കഥ
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട,
 ആറുകാല്‍ പുരഎവിടെ?
എവിടെ ചാണകം മെഴുകിയ തിണ്ണ?
വരുമ്മോ എന്നമ്മ തിരികെ.
പാട്ടുപാടിയുറക്കാനായ് 

എന്റെ  കൊച്ചുപള്ളിക്കൂടം
ഓലമേഞ്ഞു തണുപ്പിച്ച ഷെഡ്
ആദ്യാക്ഷരം കുറിച്ച ഗുരുനാഥന്‍
സ്കൂളിന്പിന്നിലെ കളിമുറ്റം
ഒത്തിരി മാമ്പഴം വീഴ്ത്തിയ തേന്മാവ്.
തണലേകിയ ആല്മരം
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട
അവടൊത്തിരി കംപുട്ടെറുകള്‍
മൊബൈലില്‍ കളിക്കും സാറന്മാര്‍
പ്രോജക്ടുകള്‍ ചെയ്യും കുട്ടികള്‍  
തെന്നിവീഴ്ത്താന്‍ ടൈലിട്ടതറ
വരുമോ തിരികെ
എന്റെ പ്രിയപ്പെട്ട ടീച്ചര്‍
പേരെഴുതിപഠിപ്പിച്ച ടീച്ചര്‍ ?

നടവഴിയിലെ വയല്‍പ്പരപ്പുകള്‍
ആമ്പല്‍വിരിയും പൂക്കുളങ്ങള്‍
പരല്‍ മീനുകള്‍ തെന്നിയോടുംപാടം
ഒറ്റക്കാലില്‍ തപസ്സുചെയ്യും നീളന്‍കൊക്ക്
കൊയ്ത്തുപാട്ടു പാടുംകിളികള്‍
തിരികെപ്പോകണമെന്നുണ്ട്
എങ്കിലും വേണ്ട
വയലെല്ലാംവറ്റി വരുണ്ടുപോയി
വരുമോയെന്‍ കിളികള്‍
ഇനിയുമൊരിക്കല്‍ക്കൂടി
കൊയ്തുപ്പാട്ട് വീണ്ടും മൂളാന്‍

എഴുതാന്‍പഠിച്ച നാള്‍
നിറമുള്ള ഓര്‍മ്മക്കായ്
നീ തന്ന സ്വര്ണമനിറമുള്ളപേന  
ചന്ദന സുഗന്ധം, ആദ്യചുംബനം
തുളസികതിരിന്‍ മണം
പുസ്തകത്താളിനുള്ളിലെ
മയില്പ്പീലിത്തുണ്ട്
എങ്കിലും വേണ്ട
നിന്ടെ കണ്ണു നിറയുന്നതു
കാണാന്‍ എനിക്കാവില്ല
 ഓര്‍മ്മകള്‍ഉറങ്ങട്ടെ, ഇല്ല
തിരികെ ഞാനില്ല
പുസ്തകത്താളിനുള്ളില്‍
ഇനിയുമുണ്ടോ എനിക്കായി
ഒരുമയില്‍പ്പീലിത്തുണ്ടുകൂടി?

-കെ എ സോളമന്‍