Friday 27 April 2018

നിഷ്പക്ഷ പോലീസ്?


ആളുകളെ ലോക്കപ്പിൽ തല്ലിക്കൊന്നുന്ന പോലിസിൽ നന്ന് പ്രതീക്ഷിക്കേണ്ടതെന്ത് എന്നതിനു തെളിവാണ് പാലക്കാട് നെന്മാറയിൽ കണ്ടത് . നെന്മാറ സിഐയുടെ നേതൃത്വത്തില്‍ പാലക്കാട് പോലീസുകാര്‍ മൃഗബലി നടത്തി. ഒര് ആടിന് കൊന്നു, പാകം ചെയ്തു ശാപ്പിട്ടു.

കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിലാണ് പോലീസുകാര്‍ ആടിനെ ബലി നല്‍കി പൂജ നടത്തിയത്. നെന്മാറ വേല, പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് രാജ്യത്ത് നിരോധിച്ച മൃഗബലി പോലീസുകാര്‍ തന്നെ നടത്തിയത്.. നിരോധിക്കപ്പെട്ടതും നിയമ വിരുദ്ധവുമായ കാര്യങ്ങൾ ചെയ്യുന്നവരായി മാറിയിരിരിക്കുന്നു ഇവിടത്തെ പോലിസ്.

പോലിസ് അസോസിയേഷൻ വാർഷിക  സമ്മേളനത്തോടനുബന്ധിച്ച്‌ ഒട്ടു മിക്ക പോലിസ് സ്റ്റേഷൻ പരിസരത്തും ഫ്ളക്സ് ബോർഡുകൾ പൊങ്ങിയിട്ടുണ്ട്. തൊപ്പി തെറിച്ചു പോയ പോലിസ്, വിദ്യാർത്ഥി സമരക്കാരിൽ നിന്ന് ലാത്തിയടി ഏറ്റുവാങ്ങുന്ന പോലീസ്', കാൽമുട്ടിൽ ചോര ഒലിപ്പിച്ച പോലീസ്, വൃദ്ധയെ റോഡുകടക്കാൻ സഹായിക്കുന്ന പോലീസ് ഇങ്ങനെ പോകുന്നു ഫ്ളക്സുകൾ. ലോക്കപ്പ് കൊലയിൽ  വിറങ്ങലിച്ച് നിലക്കുന്ന ജനത്തെ തങ്ങൾക്കൊപ്പം നിർത്താൻ വേണ്ടിയാണ്  മുമ്പെങ്ങും കാണാത്ത രീതിയിലുള്ള പോസ്റ്ററ്റുകൾ. ഇക്കൂട്ടത്തിൽ
പോലിസിന്റെ പുതിയ സംരഭമായ മൃഗബലി  പോസ്റ്റർ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറെ വിശ്വാസികളെ  കൂടെ നിർത്താമായിരുന്നു:

എല്ലാ വര്‍ഷവും പോലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാർ.
ഇതു അവസാനപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ട്. മുഗബലി പ്റോക്താക്കളായ സി ഐ യേയും കൂട്ടരെയും അവിടെ നിന്നു സ്ഥലംമാറ്റിയിട്ട് അങ്ങനെ അല്ലാത്തവരെ അവിടെ നിയമിക്കണം'

ആടിനെ അറുത്ത് പാചകം ചെയ്ത് കഴിഞ്ഞാൽ  സിഐയ്ക്കും  പോലീസുകാർക്കും പോലീസ് വാഹനത്തിൽ.ക്ഷേത്രത്തില്‍ പോയി തൊഴുതിറങ്ങി തിരികെ വന്നിട്ട് പാകം ചെയ്ത ഭക്ഷണം കഴിക്കാമെന്ന നടപടി തെറ്റാണ്, ആവർത്തിക്കാൻ പഠില്ലാത്തതാണ്. മുഗബലിയും, താലപ്പൊലിയും തിരുവാതിര കളിയും, പെരുന്നാൾ ഊട്ടും, ചിറപ്പും, അസോസിയേഷൻ പ്രവർത്തനവും നിഷ്പക്ഷ പോലീസിന് ചേർന്ന രീതികളല്ല.

കെ എ സോളമൻ

Monday 23 April 2018

അങ്ങനെ അവൾ അജ്ഞാതയായി.

കഥ - കെ എ സോളമൻ

ഈരാറ്റുപേട്ടക്കാരനാണ് വർക്കിച്ചൻ. വർക്കിച്ചന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പിന് 5 മണിക്ക് പഞ്ചായത്ത് സൈറൺ മുഴങ്ങുമ്പോഴാണ്. സൈറൺ ശല്യമാണ്, ഉറക്കഭംഗം വരുത്തുമെന്നു  പലരും പറയാറുണ്ടെങ്കിലും വർക്കിച്ചന് അങ്ങനെ ഒരു തോന്നലില്ല. സൈറൺ എന്നും അനുഗ്രഹമായിട്ടാണ് തോന്നിയിട്ടുള്ളത്, കൃത്യ സമയത്ത് എഴുന്നേൽക്കാമമല്ലാ?

ചില ദിവസങ്ങളിൽ സൈറൺ ഊതും മുമ്പുതന്നെ എഴുന്നേൾക്കും. അന്നേരം കാണുന്ന കാഴ്ച രസകരമാണ്. സൈറൺ ഊതുന്ന കുട്ടിയച്ചൻ പഞ്ചായത്ത് പാർട്ട് ടൈം ജോലിക്കാരനാണ്, വീട്ടിൽ നിന്നു വന്നു ഊതിയാൽ മതി. ചില ദിവസം കൂട്ടിയച്ചൻ ഒന്നോ രണ്ടോ മിനുട്ട് വൈകും. പഞ്ചായത്ത് മതില്  ചാടിപ്പോയാണ് അത്തരം അവസരങ്ങളിൽ  സൈറൺ ഓണാക്കുന്നത് - ചാട്ടത്തിനിടെ മതിലിൽ കുരുങ്ങിപ്പോകുന്ന മുണ്ട്  തിരികെ വന്ന് വീണ്ടും ഉടുക്കും. വെളുപ്പിനല്ലേ, ആരും കാണില്ല എന്നാണ് വിശ്വാസം. പക്ഷെ വർക്കിച്ചൻ ഇതെത്ര തവണ കണ്ടിരിക്കുന്നു! ഒന്നു രണ്ടു മിനിട്ടു വൈകിയാൽ മാത്രമേ മതിലു ചാടി ഓടു, അല്ലാത്ത സമയങ്ങളിൽ ഓഫീസ് ഗേറ്റ്  തുറന്നു സാവധാനം ചെന്നാണ് സൈറൺ മുഴക്കുന്നത്.

വർക്കിച്ചൻ രാവിലെ എഴുന്നേറ്റ് പറമ്പിലെ കുരുമുളക് ചെടികൾക്ക് വെള്ളമൊഴിക്കും . കൊടിയ ചൂടിൽ അല്ലെങ്കിൽ അവ വാടിപ്പോകും
കുരുമുളക് കൃഷി തുടങ്ങിയതിനു  വർക്കിച്ചനു കാരണമുണ്ട് -

ചേട്ടൻ തോമച്ചന്റെ അത്യാഗ്രഹം കാരണം കൃഷിയൊന്നുമില്ലാത്ത 20 സെന്റ് സ്ഥലമണ് വീതം വെയ്പ്പിൽ 
കിട്ടിയത്. നല്ല സ്ഥലം ചേട്ടൻ എടുത്തിട്ടു് ബാക്കിയുള്ള സ്ഥലമാണ് വർക്കിക്കു കൊടുത്തത്. പത്തു മൂടുറബ്ബർ ഉണ്ടെങ്കിലും അവ കടും വെട്ടിലായിരുന്നു. അതുകൊണ്ട് കുരുമുളകു കൃഷി തുടങ്ങി. കഴിഞ്ഞ മാസം വിറ്റത് 6000 രൂപയുടെ കുരുമുളകാണ്.

അയൽക്കാരനായ ചക്കോച്ചന്റ റബ്ബർ തോട്ടം നോക്കുന്നത് വർക്കിച്ചൻ തന്നെ. ചാക്കോച്ചന് രണ്ടാണ് ആൺമക്കൾ, ഒരാൾ കാലിഫോർണിയായിലും രണ്ടാമത്തെയാൾ ന്യൂഓർക്കിലും. വർഷത്തിൽ ഒരിക്കൽ വന്നെങ്കിലായി.ചാക്കോച്ചൻ ഭാര്യയും  മൊത്താണ് താമസം. അകന്ന ബന്ധത്തിലെ ഒരു ചേടത്തി വീട്ടുജോലിക്കു സഹായിക്കാനുണ്ട്.

രണ്ടേക്കർ റബ്ബർ പുരയിടമുള്ളത് ചാക്കോച്ചനു നോക്കിനടത്താൻ വയ്യ. 2 വർഷമായി ഒരേ ഇരുപ്പാണ്, ആമവാതമായിരുന്നെന്നും അതു മരുന്നു കഴിച്ചു മാറ്റിയെന്നും ചാക്കോച്ചന്റെ ഭാര്യ പെണ്ണമ്മ തന്റെ ഭാര്യ റോസമ്മയോടു പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ചാക്കോച്ചൻ കുറച്ചു നാളായി മുറ്റത്തു പോലും നടക്കുന്നതു കണ്ടിട്ടില്ല.

ചാക്കോച്ചനാണ് പറഞ്ഞത്
തന്റെ സ്ഥലത്തെ മരങ്ങൾ കൂടി ടാപ്പ് ചെയ്യാൻ. അങ്ങനെ യാണ് കാര്യസ്ഥനും വേലക്കാരനുമല്ലാത്ത രീതിയിൽ വർക്കി ചാക്കോച്ചന്റ ജോലിക്കാരനായത്. എന്തെങ്കിലും തരണമെന്ന കാര്യത്തിൽ ചാക്കോച്ചന് നല്ല മനസ്സാണുളളത്. കൈയ്യയച്ചു സഹായിക്കും. മകളുടെ പ്ളസ് ടു അഡ്മിഷനുള്ള ഡൊണേഷൻ ചാക്കോച്ചനാണ് തന്നത്. വേണ്ടെന്നു പറഞ്ഞിട്ടും പിടിച്ചേൽപ്പിക്കുകയായിരുന്നു.

കുരുമുളകിൽ നിന്നു കിട്ടുന്ന വരുമാനവും ചാക്കോച്ചന്റെ റബ്ബർ കൃഷി നോക്കി നടത്തുന്നതിലെ കൂലിയും കൊണ്ട് ഒരു വിധമങ്ങനെ ജീവിച്ചു പോകുന്നു

വർക്കിച്ചന്റ ഭാര്യ റോസമ്മ, രണ്ടു മക്കൾ മൂത്തവൾ സെലിൻ, അവൾ കട്ടപ്പനയിൽ ബി എക്ക് ' രണ്ടാം വർഷം പഠിക്കുന്നു, ഇളയത് മകൻ തങ്കച്ചൻ പ്ളസ് വണ്ണിന് സ്വന്തം പഞ്ചായത്തിൽ പെട്ട ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറിയിൽ. രണ്ടു പേരും പഠിക്കാൻ അത്ര പേരാ, ശരാശരിയെന്നു വേണേൽ പറയാം

സെലിൻ പ്ളസ് ടു ജയിച്ചപ്പോൾ റോസമ്മ പറഞ്ഞതാണ് സെലിന്റെ പഠിത്തം ഇവിടെ അവസാനിപ്പിക്കാമെന്ന് ' അപ്പനുമമ്മയ്ക്കും പത്താം ക്ളാസ് പോലുമില്ല, പിന്നെത്തിന് ഇവളെ വീണ്ടും പഠിപ്പിക്കണം?

റോസമ്മയുടെ ചോദ്യം ശരിയായി തോന്നിയെങ്കിലും വർക്കിച്ചനു മനസ്സു വന്നില്ല. 
"മക്കൾക്കു വേണ്ടി ചെയ്യാൻ കഴിയുന്ന നല്ല കാര്യം അവർക്കു കൊടുക്കാവുന്ന വിദ്യാഭ്യാസമാണ് "

വർക്കിച്ചന്റെ തീരുമാനത്തിന് റോസമ്മ എതിരുനിന്നില്ല അങ്ങനെയാണ് ഇരാറ്റുപേട്ടയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള കട്ടപ്പന ഗവണ്മെന്റ് കോളജിൽ സെലിനെ ബി എ ഹിസ്റ്ററിക്ക് ചേർത്തത്. സമീപത്തുള്ള കോളജിൽ ചേർന്നു പഠിക്കാരനുള്ള മാർക്ക് സെലിന് ഇല്ലായിരുന്നു. സെലിനെക്കാൾ കുറവു മാർക്കുള്ളവർ  തൊട്ടടുത്ത കോളജിൽ പഠിക്കുന്നുണ്ടെങ്കിലും മാർക്കില്ലാത്തവർക്ക് സ്വകാര്യ കോളജിൽ അഡ്മിഷൻ കിട്ടുന്നതിന് എന്താണ് ചെയ്യുകയെന്നതു വർക്കിക്ക് അറിവില്ലായിരുന്നു,

കട്ടപ്പന കോളജിൽ സെലിൻ പഠിക്കാൻ പോകുന്നത് കെ എസ് ആർ ടി സി ബസിലാണ് . അതാകുമ്പോൾ തിരക്കില്ല എഴരയ്ക്കു ഈരാറ്റുപേട്ടയിൽ നിന്നു വിട്ടാൽ ഒമ്പതരയ്ക്ക് മുമ്പായി കട്ടപ്പനയിൽ. തിരിച്ചു കട്ടപ്പനയിൽ നിന്ന് നാലരയ്ക്കു അതേ ബസ് തന്നെയാണ്, ആറരയോടെ ഈരാറ്റുപേട്ടയിൽ എത്തും. പ്രൈവറ്റു ബസ് ഏറെയുണ്ടെങ്കിലും അവയിൽ തിരക്കാണ്, അമിതമായ സ്പീഡും മത്സര ഓട്ടവും. ട്രാൻസ്പോർട്ടാവുമ്പോൾ പിള്ളേർക്ക് ഇരുന്നു വർത്തമാനമൊക്കെ പറഞ്ഞു പോകാം
" ബസിൽ നല്ല രസമാണെന്മച്ചി " സെലിൻ റോസമ്മയോടു പറയുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും

"എന്താടി ഇത്ര രസം?" എന്നു ഒരിക്കൽ പോലും ചോദിച്ചിട്ടില്ല

തനിക്കും റോസമ്മയ്ക്കും മൊബൈൽ ഇല്ലെങ്കിലും മക്കൾക്ക്‌ രണ്ടുപേർക്കും വാങ്ങിക്കൊടുത്തിട്ടുണ്ട്. മറ്റു കുട്ടികളുടെ കൂട്ടത്തിൽ തന്റെ മക്കൾ മോശക്കാരാകരുതല്ലോ?  വാടാനപ്പള്ളിയിൽ താമസിക്കുന്ന റോസമ്മയുടെ അനിയത്തി വിശേഷങ്ങൾ തിരക്കുന്നത് സെലിന്റെ ഫോണിലാണ്. അവൾ ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും വിളിക്കും

സെലിൻ  കോളജിൽ പോകുമ്പോൾ എല്ലാദിവസവും ഫോൺ എടുക്കാറില്ല.

"മറ്റു കുട്ടികൾ ആവശ്യപ്പെടും, ചുമ്മ കാശു കളയുന്നതെന്തിനാ? " എന്നൊക്കെ അവൾ ചോദിക്കുകയും ചെയ്യും

ഒരു ദിവസം വർക്കി, ചാക്കോച്ചന്റെ റബ്ബർ വെട്ടും  കഴിഞ്ഞ്  വീട്ടിൽ വന്ന് ഊണുകഴിക്കാൻ ഇരിക്കുമ്പോഴാണ് ഫോൺ നിർത്താതെ ബല്ലടിക്കുന്നത് കേട്ടത്. "വാടാനപ്പള്ളിയിലെ അനിയത്തി ആവും. നീ അതെങ്ങ് എടുക്കെടി "
വർക്കിച്ചൻ ഭാര്യയോടു പറഞ്ഞു

'' ഇച്ചായനെടുക്കൂ, വല്ല കമ്പനിക്കാരുമായിരിക്കും "

വർക്കി തന്നെ ഫോൺ എടുത്തു
" ഇതു ഇൻറർനാഷണൽ ചാനലിൽ നിന്നാണ്, ആര് സെലിനിണോ? വാട്ട് സാപ്പിലെ ഫോൺ കോൾ ഷെയറിന്  2 ലക്ഷം ലൈക്കു കഴിഞ്ഞു. ആദ്യം ഇന്റർവ്യു ഞങ്ങൾക്ക്, അഡാർ ലവ് നായികയെക്കാൾ റേറ്റിംഗ് കൂട്ടാം വേറെ ആർക്കും ഇൻറർവ്യൂ കൊടുക്കരുത്. ഞങ്ങളുടെ ലേഖകൻ പീറ്റർ പത്രോസും കാമറമാൻ ആറുമുഖനും അവിടെ എത്തുന്നതാണ്. ലൊക്കേഷൻപറയു, അവിടെ എത്താനുള്ള റൂട്ട്?"

"നിർത്തെട്ടാ പുല്ലേ " വർക്കിച്ചൻ ഇത്ര കണ്ടു രോഷാകുലനായി ആദ്യമായാണ് റോസമ്മ കാണന്നത്
" കാര്യം പറ ഇച്ചായ " വർക്കി പല്ലിറുമ്മുന്നതു മാത്രമേ റോസമ്മ കേട്ടുള്ളു. വർക്കി എഴുന്നേറ്റ് ഗൗരവത്തിൽചാക്കോപ്പന്റ വീട്ടിലോട്ടു പോയി. റോസമ്മ ഭിത്തിയിലിരുന്ന മാതാവിനെ നോക്കിയിട്ടു സാവധാനം കണ്ണുകൾ  അടച്ച് തൊഴു കയ്യോടെ നിന്നു

വർക്കിയെ കണ്ടതും ചാക്കോ
" എടാ വർക്കി നിന്റെ മോളു കൊള്ളാ മല്ലോ? അവളുടെ ഫോൺ സംഭാഷണമാണ്  ജയശീ ചാനലിൽ. അവളും കൂട്ടുകാരും യാത്ര ചെയ്യുന്ന ബസ് ചങ്കു ബസാണെന്നും ആലുവായിലോട്ടു കൊണ്ടു പോയ ബസ് തിരികെ വേണമെന്നും. പകരം ബസുണ്ടല്ലോയെന്നു ചോദിച്ചതിന് അതു വേണ്ടെന്നും നിന്റെ മോൾ ഫോൺ ചെയ്യ പറഞ്ഞിരിക്കുന്നു, നിന്റെ മോൾക്ക് ആരോടെങ്കിലും പ്രേമമുണ്ടോടാ വർക്കി? ബസിൽ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടോ ?"

" ചേട്ടൻ തന്നെ അതു ചോദിക്കണം. അങ്ങനെയല്ലല്ലോ ഞങ്ങൾ മക്കളെ വളർത്തിയത്. ഇപ്പോൾ ഫോണിൽ നിറയെ കാളുകൾ വന്നുകൊണ്ടിരിക്കുകയാണ്, ആ കാര്യം പറയാൻ കൂടിയാണ് ഞാൻ അകത്തോട്ടു കയറിയത് "

" നിന്റെ മകളേതായാലും കൊള്ളാം. അവളുടെ ഫോൺ കോൾ വാട്ട്സ്ആപ്പിൽ ഷെയർ ചെയ്തതു കാരണം ലോകം മുഴുവൻ അറിഞ്ഞു. നിന്റെ മകളുടെ കൊഞ്ചലിൽ ആകൃഷ്ടനായ കെ എസ് ആർ ടി സി എം ഡി ബസ് തിരികെ ഈരാറ്റുപേട്ടയിലേക്ക നൾ,കാൻ ഉത്തരവിട്ടിരിക്കുകയാണ്. അതു മാത്രമല്ല, ബസിന്റെ മുമ്പിൽ ചങ്കിന്റെ പടവും വരച്ചു വെയ്ക്കാൻ ഉത്തരവായിട്ടുണ്ട്"

" ഞാൻ എന്താണ് ചെയ്യേണ്ടതു,  ചേട്ടൻ തന്നെ പറ"

" ഇതൊരു ട്രാപ്പാണ് വർക്കി, കെണി. പിടി കൊടുത്താൽ നാണം കെടും. നീ മകളോടു ദേഷ്യപ്പെടുകയൊന്നും വേണ്ട. റോസമ്മ യെക്കൊണ്ടു് പറയിപ്പിച്ചാൽ മതി. ആദ്യം ആ ഫോണങ്ങു തല്ലിപ്പൊട്ടിച്ചു കള. സിമ്മും ഒടിച്ചു കളയണം, പുതിയ ഒരെണ്ണം വാങ്ങാനുള്ള കാശു ഞാൻ തരാം"

" അവൾ ഫോൺ ചോദിച്ചാൽ ഞാൻ എന്ന പറയും "
" നിന്റെ മകൾ പരുന്തിൻ കാലിൽ പോകുന്നതിനെക്കാൾ നല്ലതല്ലേ റബ്ബർഷീറ്റിന്റെ മുകളിൽ  വെച്ചിരുന്ന ഫോൺ കാക്ക എടുത്തോണ്ടു പോയെന്നു പറയുന്നത്. നീ അവളെ ശാസിക്കാനൊന്നും നിൽക്കേണ്ട, കെട്ട കാലമാണിത്., അവളുടെ അമ്മയെ കൊണ്ടു രണ്ടു പറയിപ്പിച്ചാൽ മതി, പുതിയ ഫോൺ കൊടുക്കുകയും  വേണം, അപ്പോൾ എങ്ങനെയാ ഫോൺ നശിപ്പിക്കുകയല്ലേ, വൈകിട്ടുപുതിയ ഫോണിനുള്ള പണം ഞാൻ തരാം"

വർക്കിച്ചൻ വീട്ടിലെത്തി കാര്യങ്ങളുടെ വശപ്പിശക് റോസമ്മയെപറഞ്ഞു ധരിപ്പിച്ചു

" എടീ, ഇതൊരു കൈവിട്ട കളിയാണ്, നമ്മളാണ് സൂക്ഷിക്കേണ്ടത് "

റോസമ്മയ്ക്കും സമ്മതമായിരുന്നു, ഫോൺ അടപ്പു കല്ലിൻമേൽ വെച്ച് ടാപ്പിംഗ് കത്തിയുടെ മാടിന് രണ്ടു കീറ് . ക്ഷണങ്ങൾ രണ്ടു പേരും തപ്പി പെറുക്കിയെടുത്ത് പുറകിലെ തോട്ടിലെറിഞ്ഞു.

അങ്ങനെ ചങ്ക് ബസിലെ നായിക കെ. എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടറെയും, എംഡി യെയും, ബസ് യാത്രക്കാരെയും,  സകലമാന ചാനലുകളെയും നിരാശപ്പെടുത്തി അജ്ഞാത പെൺകുട്ടി യായി മാറി.


Friday 20 April 2018

സർവകലാശാല നിയമം തിരുത്തണം

ഉത്തരക്കടലാസ്‌ യൂണിവേഴ്‌സിറ്റിയിൽ എത്തിക്കാൻ കോളേജ്‌ അധികൃതർ അനാസ്ഥ കാണിച്ചത്‌ മൂലം വിദ്യാർഥികൾ പരീക്ഷയിൽ തോറ്റതായി പരാതി. ചേർത്തല എൻഎസ്‌എസ്‌ കോളേജിനെതിരെയാണ്  കേരളാ യൂണിവേഴ്സിറ്റിയിൽപരാതി പോയിരിക്കുന്നത്.  കോളേജ്‌ അധികൃതരുടെ അനാസ്ഥ മൂലമാണ് വിദ്യാർത്ഥികൾക്ക്  ഒരു വർഷം നഷ്‌ടമാകുന്നസാഹചര്യം ഉണ്ടായിരിക്കുന്നെന്നും സൂചനയുണ്ട്.

ഇത്തരമൊരു റിപ്പോർട്ട് കണ്ടാൽ കോളജു പ്രിൻസിപ്പാളിനെതിരെ യുദ്ധത്തിനു പോകുക എന്നതാണ് നിലവിലെ രീതി. ചില കാര്യങ്ങൾ പരിഗണിച്ചതിനു ശേഷം പ്രിൻസിപ്പലിനെതിരെ വിധിയെഴുതുന്നതായിരിക്കും അഭികാമ്യം

കോളജിന്റ അച്ചടക്കവും കുറ്റമറ്റ പരീക്ഷാ നടത്തിപ്പും പ്രിൻസിപ്പലിന്റെ  പ്രധാന ചുമതലയാണ്. കളാസിൽ കയറാത്ത വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പ്രകാരം പരീക്ഷ നടത്താനാവില്ല. പരീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥിക്കും 75 ശതമാനം അറ്റന്റൻസ് വേണമെന്ന് നിബന്ധനയുണ്ട്.

ക്ളാസിൽ കയറിയിരുന്നു പഠിക്കേണ്ട സമയത്ത് പ്രിൻസിപ്പാളിന്റെ കസേര കത്തിക്കുന്നവർക്കും ശവമടക്കുന്നവർക്കും വാർക്കപ്പണിക്കു പോകുന്നവർക്കും പടക്കം പൊട്ടിക്കുന്നവർക്കും ഹാജർ കാണില്ല. അതു കൊണ്ട് ഇവരെ പരീക്ഷയ്ക്കു ഇരുത്താനുമാകില്ല. കോളജ് ഡിസിപ്ളിന്റെ പേരിൽ ഏതെങ്കിലും പ്രിൻസിപ്പൾ  ഈ നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ അയാളെ നാണം കെടുത്തുന്നതാണ് സർവകലാശാല നിയമം. പ്രിൻസിപ്പാളിന് മുകളിൽ ആളു കളിക്കുന്നത് കൂട്ടക്കോപ്പിയടിയിലൂടെ ജോലി കരസ്ഥമാക്കിയ സർവ്വകലാശാല ക്ളാർക്കാണ്. സർവകലാശാലയിൽ നിശ്ചിത തുക ഫീസ്കെട്ടിയാൽ ഹാജരിന്റെ അപര്യാപ്തത സർവകലാശാല കണ്ടോൺ ചെയ്തു കൊടുക്കും. ഏതുതരം കാടൻ നിയമമാണിത്- ? ക്ളാസിൽ കയറാത്തവർക്ക് ഹാജരുണ്ടെന്നു എങ്ങനെ യൂണിവേഴ്സിറ്റി ക്ളാർക്കിനു തീ രുമാനിക്കാൻ കഴിയും?

പണം മുടക്കി ഹാജരും വാങ്ങി കോളജിൽ വന്നു ഞെളിയുന്ന വിദ്യാർത്ഥി വേഷക്കാരെ കാണുമ്പോൾ പ്രിൻസിപ്പലാണ് ചൂളിപ്പോകുന്നത്. ഇത്തരം അവതാരങ്ങളെപരീക്ഷയ്ക്ക ഇരുത്തുകയേ പ്രിൻസിപ്പലിനു നിർവാഹമുള്ളു. ഈ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയാലും അലങ്കോലമാണ്, ഹാൾ ടിക്കറ്റ് കൊണ്ടു വരില്ല, ഇൻവിജിലേറ്റർ പറഞ്ഞാൽ കേൾക്കില്ല, ശരിയാംവണ്ണം ഉത്തരക്കടലാസ് തിരികെ ഏല്ലിക്കില്ല -ഇതൊക്കെ യായിരിക്കും പരീക്ഷാസമയങ്ങളിൽ. ഹാൾ ടിക്കറ്റ് പിന്നീട് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ പരീക്ഷയ്ക്ക് അനുവദിച്ചാൽ തന്നെ ഹാജരാക്കില്ല. പിന്നെങ്ങനെയാണു് യൂണിവേഴ്സിറ്റിയിലോട്ടു പരീക്ഷ പേപ്പർ മൂല്യനിർണയത്തിനായി അയക്കാൻ കഴിയുക?  വൈകിയെത്തിയാൽ ട്രെയിൻ കിട്ടില്ലായെന്ന സാമന്യ വിവരമെങ്കിലും ഈ വിദ്യാർത്ഥികൾ അറിയണ്ടേ?

അതുകൊണ്ട് ചേർത്തല എൻ എസ് എസ് കോളജിലെ 3 വിദ്യാർത്ഥികളെപ്പോലു ള്ളവരുടെ ഒരു വർഷം നഷ്ടമാകുന്നതിൽ ഒരു കുഴപ്പവുമില്ല. പഠിച്ചതുകൊണ്ടു പ്രയോജനം കിട്ടാൻ സാധ്യതയില്ലാത്തവർ ഒരു വർഷം കൊണ്ട് എന്തെങ്കിലും പണി പഠിക്കട്ടെ.

വിദ്യാർത്ഥികൾ ക്ളാസിൽ ഇരുന്നു പഠിക്കുന്നതിനും കോളജ് സുഗമമായി പ്രവർത്തിക്കുന്നതിനും ക്ളാസിൽ കയറാത്തവർക്ക് പണം വാങ്ങി ഹാജർഇളവു നൾ കുന്ന സർവകലാശാല നിയമം എടുത്തുകളയുകയാണ് വേണ്ടത്. അതു പറ്റില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഹാജർ ആവശ്യമില്ലെന്നു തീരുമാനമെടുക്കണം.. കോളജു പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടും മനുഷ്യരാണെന്ന പരിഗണനയെങ്കിലും അവർക്കു നല്കിക്കൂടേ?

-കെ എ സോളമൻ

Wednesday 4 April 2018

നഴ്സ്മാരുടെ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സമരവുമായി തെരുവിലിറങ്ങിയിട്ട് മാസങ്ങളായി. ചേർത്തല കെ വി എം ആശുപത്രിയിലെ സമരം തന്നെയാണ് ഉദാഹരണം. 100-ൽ പരം നഴ്സുമാർ കഴിഞ്ഞ 8 മാസത്തോളമായി അധികാരികളുടെ ദയയും പ്രതീക്ഷിച്ചു റോഡു പുറംപോക്കിൽ കുത്തിയിരിക്കുന്നു. ജനങ്ങളുടെ പൂർണ്ണ സഹകരണം നഴ്സുമാർക്ക് ലഭിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ഭാഗത്താണ് ഞങ്ങൾ എന്നു വാ നിറയെ പ്രസംഗിക്കുന്ന ഭരണ വർഗ്ഗം അവരെ തിരിഞ്ഞു നോക്കുന്നതേയില്ല.

ജനങ്ങളെ സേവിച്ചേ അടങ്ങൂ എന്നു വാശി പിടിക്കുന്ന മന്ത്രിമാരും എം എൽ എ മാരും ലക്ഷങ്ങൾ മാസശമ്പളമായി എഴുതിവാങ്ങുമ്പോൾ ചെയ്യുന്ന ജോലിക്കുള്ള കൂലി നമ്മുടെ നാട്ടിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല. നഴ്സുമാരുടെ അവകാശങ്ങളും ജോലിക്കുള്ള വേതനവും നിരാകരിക്കപ്പെടുകയായിരുന്നു ഇക്കാലമത്രയും.
തൊഴിലാളിയുടെ അവകാശ പോരാട്ടങ്ങൾ നഴ്സ് മാരുടെ സമരങ്ങളിലൂടെയാണ് ഇന്നു കേരളത്തിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നത്. ഒരു പക്ഷെ ഡോക്ടർമാരെക്കാൾ കൂടുതൽ
ആതുരശ്രുശൂഷാരംഗത്ത്  ആവശ്യമായിരിക്കുന്ന ഇവരെ ഇവ്വിധം തെരുവിലിറക്കി ദ്രോഹിക്കുന്നത്  അപലപനീയമാണ്‌.

ന്യായമായ അവകാശത്തിന് വേണ്ടി സമാധാനപരമായ സമരം ചെയ്യുന്ന നേഴ്സുമാർക്ക് നേരെ പോലീസ് തേർവാഴ്ചയും റിപ്പോർട്ടു ചെയ്യപ്പെടുന്നു.  ചേര്ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്ക് നേരെ പൊലീസ് നടത്തിയ  ലാത്തിചാര്‍ജ് ഉദാഹരണം. പെണ്‍കുട്ടികളെയടക്കം തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ അഞ്ചു പേര്‍ക്ക് അന്നുപരിക്കേറ്റിരുന്നു.. പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കിലേക്കു പോകേണ്ട സാഹചര്യവും ഇതുമൂലമുണ്ടായി. മിനിമം ശമ്പളം, ജോലിക്രമീകരണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോടു മുഖം തിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ച രീതിയല്ല,
ആശുപത്രി മാനേജ്‌മെന്റ്  നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ വ്യാജചരണങ്ങള്‍ നടത്തുകയും ചെയ്തു. 2013ലെ ശമ്പള വര്‍ധനവ് പോലും ലഭിക്കാതിരുന്നതിനെതിരെ നഴ്സുമാര്‍ കോടതിയെ സമീപിക്കുകയും പിഴയടക്കം മൂന്നരക്കോടി രൂപ നഴ്സുമാര്‍ക്ക് നല്‍കണമെന്ന് കോടതി വിധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഴ്സുമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള പകപോക്കൽ എന്നതും ശ്രദ്ധേയം.

നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സര്‍ക്കാർ വിജ്ഞാപനത്തിനു സ്റ്റേ വാങ്ങിയ മാനേജുമെന്റ് നടപടി  നഴ്സുമാർക്ക് മെച്ചപ്പെട്ട വേതനം കൊടുക്കുന്നത് തടയനായിരുന്നു. വിവിധ കോടതികളിൾ കേസ് നടത്തി കോടതിയും സർക്കാരും നിശ്ചയിച്ച മിനിമം വേതനം നിഷേധിക്കാനുള്ള ഹീനമായ ശ്രമമാണ് മാനേജ്മെന്റ് ഭാഗത്തു നിന്നുണ്ടാകുന്നത്. മാനേജുമെന്റിന്റെ സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരാകരിച്ചതോടെ  പ്രവർത്തിക്കാനള്ള അവസരമാണ് സർക്കാരിനു മുന്നിൽ തുറന്നു കിട്ടിയത്.
സ്വകാര്യ ആശുപത്രിമാനേജുമെന്റിന്റെ കുതന്ത്രങ്ങൾക്കു കീഴ്പ്പെടാതെ സുപ്രിം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം ഉടൻ അംഗീകരിച്ചു നൾകുവാൻ നടപടി സർക്കാർ ഉടൻ സ്വീകരിക്കണം. വിസമ്മതിക്കുന്നന്ന മനേജുമെന്റുകളുടെ ആശുപത്രിപ്രവർത്തനം തടയുകയും അത്തരം സ്ഥാപനഞൾ കണ്ടു കെട്ടി സർക്കാർ ആശുപത്രികളാക്കി മാറ്റുകയും വേണം
കെ എ സോളമൻ