Thursday 31 December 2020

ഓർമ്മകൾ


*വറ്റിയ കരപ്പാടങ്ങളിൽ മഴയോടുകൂടി വെള്ളം നിറയുമ്പോൾ ഒത്തിരി ഞമണിക്ക ഉണ്ടാകും. ഇവ പെറുക്കിയെടുത്ത് വറുത്തരച്ച് കറിവെയ്ക്കും. നല്ല ടേസ്റ്റാണ്, പക്ഷെ ഇതു പാവങ്ങൾക്ക് മാത്രം വിധിക്കപ്പെട്ടതാണ്. ഞമണിക്ക പെറുക്കൽ നാണക്കേടായി കണ്ടവർ ഇതിൻ്റെ ടേസ്റ്റ് അറിഞ്ഞു കാണില്ല. എൻ്റെ അമ്മകറി വെച്ചു തന്ന ഞമണിക്ക കറിയുടെ ടേസ്റ്റ് ഇന്നും നാവിൻതുമ്പിൽ.
ഞമണിക്ക മൂത്താൽ കൊള്ളില്ല

*തിരി പിടുത്തത്തിനു മുമ്പ് അമ്പല കുളത്തിൽ മുങ്ങി ഈറനണിയുന്ന സ്ത്രീകളുടെയും അവർക്കായുള്ള മൈക്ക് അനൗൺസ്മെൻ്റിൻ്റെയും കഥ പ്രസിദ്ധമാണ്. " ആണുങ്ങാ തെക്കേക്കടവിലുടെയും പെണ്ണുങ്ങാ വടക്കേക്കടവിലൂടെയും കുളത്തിൽ ഇറങ്ങേണ്ടതാണ് " ഇതു വകവെക്കാതെ ഇരു കടവിലൂടെയും ഇറങ്ങിയ പെണ്ണുങ്ങളെ കണ്ട അനൗൺസർ മുതലാളി അസിസ്റ്റൻ്റിനോട്  " രാകവാ, സമ്മതിക്കേല ......... കാ (ഭരണിപ്പാട്ടു സ്റ്റൈൽ). മൈക്ക് ഓൺ ആണെന്നതു ഓർത്തില്ല

*അന്നും ടീച്ചർ എന്ന വിളിയുണ്ടായിരുന്നു സ്കൂളുകൾ മറുമ്പോൾ വ്യത്യാസപ്പെടും. തങ്കി സ്കൂളിൽ ഏഴാം ക്ളാസ്സുവരെ എനിക്ക് റിസോളി ടീച്ചർ ഉണ്ടായിരുന്നു. 8 - ൽ കണ്ടമംഗലത്ത് എത്തിയപ്പോൾ രാധ സാർ, ലീലാമണി സാർ, കൗസല്യ സാർ എന്നിവരായി. കൗസല്യ സാറാണ് മലയാള അക്ഷരങ്ങൾ പൂർണ്ണമായും പഠിപ്പിച്ചത്. സാർ എങ്ങനെ മനസ്സിലാക്കിയാവോ എട്ടാംക്ളാസിലെ മുഴുവൻ എണ്ണത്തിനും അക്ഷരങ്ങൾ പൂർണ്ണമായി അറിയില്ലെന്ന് .

*പഴയ തലമുറയിൽ പെട്ട സാധാരണക്കാരായ എല്ലാവരുടെയും കഥ ഇതൊക്കെ തന്നെ. ദേവിയിൽ, അല്ലെങ്കിൽ മാതാവിൽ അതുമല്ലെങ്കിൽ പുണ്യാളച്ചനിൽ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുക. മരുന്നു പോലും വിശ്വസിച്ച കഴിച്ചാലെ ഫലമുണ്ടാകു. അതു കൊണ്ടു വിശ്വാസത്തിന് അന്നും ഇന്നും ഫലം നഷ്ടപ്പെട്ടിട്ടില്ല. എൻ്റെ അമ്മ മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു, അതു കൊണ്ടു ഞാനും. അവിടെ ശാസ്ത്രീയ വിശകലനത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. കണിച്ചുകുളങ്ങര ദേവിയും അർത്തുങ്കൽ പുണ്യാളനും ഒത്തിരി പേരെ സൗഖ്യപ്പെടുത്തിയിട്ടുണ്ട്.
*അന്നത്തെ നാട്ടുമരുന്നുകളുടെ പ്രാധാന്യം ഇന്നു വർദ്ധിച്ചിട്ടേയുള്ളു. പക്ഷെ ഇതു സംബന്ധിച്ച് അറിവുള്ളവരുടെ എണ്ണം കുറഞ്ഞു. മുക്കുറ്റി പോലും തിരിച്ചറിയാനാവാത്ത പുതുതലമുറ. എല്ലാവരും അലോപ്പതിയിലോട്ടു തിരിഞ്ഞു. അതിലെ ചതി കറെ പേരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങി. ആയുർവേദവും ഇന്ന് ബിസിനസാണ്‌.
വാഹനവുമായി കുട്ടികൾ പുറത്തിറങ്ങുന്നത് എല്ലാ മുതിർന്നവരിലും ആശങ്കയുളവാക്കുന്നു. അതു തുടരും

*സ്കൂളിൽ ഉപ്പുമാവ് ഉണ്ടായിരുന്നു. പക്ഷെ 4-ാം ക്ളാസ് വരെ മാത്രം. അഞ്ചാം ക്ളാസ് കാരൻ്റെ വിശപ്പ് നാലാം ക്ളാസ് കാരൻ്റെ വിശപ്പിനും മേലെയായിരുന്നുവെന്ന് അന്നത്തെ സ്കൂൾ ഭരണാധികാരികൾക്ക് അറിയില്ലായിരുന്നു. പ്രൈമറി കുട്ടികൾ ഉപ്പുമാവ് കഴിക്കുന്നത് നോക്കി നില്ക്കാനുള്ള വിഷമം കൊണ്ടു പള്ളിയിൽ  പോയി കുറെ നേരമിരിക്കും. അങ്ങനെയിരുന്നാൽ വിശപ്പൊക്കെ താനെ മറക്കും. ഇതു കണ്ട മലയാളം പഠിപ്പിക്കുന്ന റിസോളി ടീച്ചർ എത്രയോ തവണ അവരുടെ മകനോടൊപ്പം വിളിച്ചിരുത്തി ചോറു തന്നിരിക്കുന്നു. ചില മനുഷ്യർ അങ്ങനെയാണ്. ടീച്ചർ വിളിച്ചാൽ ചെല്ലാതിരിക്കാനുള്ള അഭിമാനബോധമൊന്നും അന്നില്ലായിരുന്നു. എല്ലാവർക്കും തോന്നുന്ന പ്രവൃത്തി അല്ലത്

വേറെയും ചില പട്ടിണിക്കാർ കൂടെയുണ്ടായിരുന്നത് ആശ്വാസം. ഒട്ടുമിക്ക മനഷ്യരുടെയും കഥ സമാനമെന്നതുകൊണ്ട് വായിക്കാൻ രസമുണ്ട്.
കഥ തുടരട്ടെ

*പുഴുക്കു വഴിപാട് അർത്ഥവത്തായ ഒന്നാണ്. പൂക്കളും കരിമരുന്നു പ്രയോഗവും പോലെ വേസ്റ്റ് ആകുന്നില്ല.. പുഴുക്കുവഴിപാടിലെ  ചെറിയൊരു പ്രശ്നമെന്തെന്നു വെച്ചാൽ ഓരോരുത്തരുടെ പുഴുക്കിനും ഓരോരോ ടേസ്റ്റ്. ചേരുവകളുടെ ഏറ്റക്കുറച്ചിലാകാം കാരണം. ചിലതിൽ മണ്ണു കടിക്കുകയും ചെയ്യും. പൊങ്കാല അടുപ്പുകൾക്ക് സമീപത്തുകൂടി നടന്നു പോകുന്നവരുടെ കാലിൽനിന്നു കലങ്ങളിലേക്ക് തെറിച്ചു വീഴുന്ന മൺതരികളാണ് മണ്ണു കടിക്കു കാരണം

*ഏറ്റവും അർത്ഥവത്തായ പൂജയാണ് സൂര്യപൂജ.. സൂര്യനമസ്കാരവും അങ്ങനെ തന്നെ. ലോകത്തിലെ സർവ്വ ഊർജത്തിനും ഉറവിടം സൂര്യൻ. സുര്യൻ അടുത്തു വന്നാലും അകന്നാലും ഭൂമിയിൽ ജീവനില്ല, ഇതു ശാസ്ത്രം. അതുകൊണ്ട് സൂര്യഭഗവാനെ ജാതി മതഭേദമെന്യേ പൂജിക്കേണ്ടതാണ്.

ചെറുപ്പത്തിൽ  അടുത്തുള്ള ഡ്റൈവർ തങ്കപ്പൻ സാറിൻ്റെ സൂര്യ പൂജാ ചടങ്ങു നടക്കുന്ന കരപ്പാടത്തായിരുന്നു ഞങ്ങളുടെ നടപ്പും കിടപ്പുമെല്ലാം. രണ്ടു ദിവസത്തെ ഭക്ഷണം കുശാൽ.. 
പൂജാപ്പവും തരും. അപ്പം മുറിച്ച് ഓരോ കഷണം ഓരോ വീട്ടിലും കൊടുക്കും. ഒരു മുഴുവൻ അപ്പം കിട്ടുകയെന്നത് നടക്കില്ല. പക്ഷെ പല വീടുകളിൽ നിന്നാവുമ്പോൾ ഒരപ്പത്തിൽ കൂടുതലൊക്കെ ലഭിക്കും. തങ്കപ്പൻ സാർ ഇന്നില്ല . മക്കൾ പൂജ നടത്തുന്നുണ്ട്. പക്ഷെ പോകാനോ കാണാനോ ഉള്ള ചാൻസ് ഇനിവിരളം

എൻ്റെ പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതും ഞാൻ തന്നെയായിരുന്നു. അതും അമ്മയെ കാണിച്ചതിനു ശേഷം. ഒരു കുരിശു വരച്ച് വട്ടത്തിലാക്കുന്നതായിരുന്നു ഒപ്പ്. ഒരു വര വട്ടം വരച്ച് നീളത്തിലുള്ള വര താഴെ നിന്ന് കറക്കിക്കൊണ്ടുവന്ന് മുകളിൽ മുട്ടിക്കുക പലപ്പോഴും മുട്ടാറില്ല. ഇത് ഞാൻ മനസ്സിലാക്കിയതിനാൽ എല്ലാ ഒപ്പും ഞാൻ തന്നെയാണ് ഇടുക. കുരിശു വട്ടത്തിനുളളിൽ ആക്കുന്ന ഏതവസരം വന്നാലും ഞാൻ എൻ്റെ അമ്മയെ ഓർക്കും, ഇന്നു പോലും. ഓൺലൈനിൽ തയ്യാറാക്കുന്ന ക്ളാസിൽ എക്സോർ ഗയിറ്റ് എന്നൊരു വിഷയമുണ്ട്. അവിടെ റൗണ്ടിനകത്ത് കരിശിടുന്ന ഏർപ്പാടുണ്ട്. അതു ചെയ്യന്നോൾ തെളിയുന്ന ചിത്രം മറ്റാരുടെ ആകാനാണ്, കൂടെ ഒരു നിശ്വാസവും
*
പുര കെട്ടി മേയുന്നത് ഞങ്ങൾക്കും ഉത്സവമായിരുന്നു. ആറുകാൽ പുര കെട്ടി മേയാൻ 3-4 പേർ കാണും. എല്ലാവർക്കും നല്ല ഭക്ഷണവും കൂലിയും. കടക്കരപ്പള്ളി മാർക്കറ്റിൽ അന്നു കിട്ടുന്ന ഏറ്റവും നല്ല മീൻ വാങ്ങും. അമ്മ നന്നായി മീൻ കറിവെയ്ക്കും. പുര കെട്ടുകാർക്ക് ഉച്ചയക്ക് പന്തിഭോജനമാണ്. അമ്മ മക്കളെയും പണിക്കാരുടെ കൂടെയിരുത്തും. പന്തിയിൽ പക്ഷാ ഭേദമില്ല എല്ലാ പുരകെട്ടി മേയലും നല്ല ഭക്ഷണത്തിൻ്റെ ദിവസങ്ങളായിരുന്നു. ഇതു ഞാൻ ബി എസ് സി രണ്ടാം വർഷം പഠിക്കുന്നതുവരെ തുടർന്നു. അതിനു ശേഷമാണ് ഇഷ്ടിക കെട്ടി രണ്ടു മുറി വീടുണ്ടാക്കിയത്. തേയ്ക്കാൻ കുമ്മായം വാങ്ങാൻ കാശില്ലാതിരുന്നതിനാൽ കുറെ നാൾ അങ്ങനെ കിടന്നു. ജനലുമില്ലായിരുന്നു. പഴന്തുണികൊണ്ടു മറച്ചാലും ജനലിലൂടെ അരിച്ചു വരുന്ന ഡിസംബറിലെ മരം കോച്ചുന്ന തണുപ്പ് സഹിക്കാവുന്നതിനുമപ്പുറം. കറണ്ടുകിട്ടാൻ പിന്നെയും കാലം പിടിച്ചു. പെർമിഷന് വിസമ്മതിച്ച അയൽക്കാരനെ സാന്ത്വനപ്പെടുത്താൻ ആദ്യമായി ഞാൻ കളക്ടറെ നേരിൽ പോയി കണ്ടു.

പിന്നെ തൊണ്ടു തല്ലിൻ്റെ കാര്യം, അതു കഥനകഥയാണ്. അതൊക്കെ എഴുതി ഹരികുമാറിൻ്റെ കഥയുടെഒഴുക്കിന് തടസ്സമുണ്ടാക്കുന്നില്ല.
ഒരു തരത്തിൽ സാറും അമ്മുമ്മയും ഭാഗ്യം ചെയ്തവരാണ്. സ്വന്തമായി തെങ്ങും പുരയിടവുമൊക്കെ ഉണ്ടായിരുന്നല്ലോ? ഇതൊന്നുമില്ലാത്ത കുടികിടപ്പുകാരൻ്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുണ്ടോ?
 ഞങ്ങൾ കുടികിടപ്പായിരുന്നു.. രണ്ടാം മാസം തെങ്ങുകയറാൻ മൊതലാളൻ വരുമ്പോൾ 10 തേങ്ങ ആനുകൂല്യം.. പക്ഷെ കുല വെട്ടിയിടുമ്പോൾ നല്ല തേങ്ങയൊക്കെ മാറ്റിയിടീക്കും. അവയ്ക്ക് വെളിച്ചെണ്ണ തേങ്ങയെന്ന് ഓമനപ്പേർ. മറ്റു തേങ്ങകളിൽ നിന്ന് വെളിച്ചെണ്ണ കിട്ടില്ലേ എന്ന് ആരോടു ചോദിക്കാൻ? കുടികിടപ്പവകാശത്തിൽ വെളിച്ചെണ്ണ തേങ്ങ ഉൾപ്പെടില്ല. ഓരോരോ തമാശകൾ

വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കുന്നതിന് പ്രത്യേകം തേങ്ങ തരും. ഒരു തെങ്ങിന് നാലു തൂക്കു വെള്ളം. മൺകുട മാണ് ഉപയോഗിച്ചിരുന്നത്. അലൂമിനിയം കുടം പ്രചാരത്തിലില്ല. എല്ലാ തെങ്ങിനും നാലു തൂക്കം വെള്ളം തീർത്തും ഒഴിക്കണമെന്ന് എൻ്റെ അമ്മയ്ക്ക് നിർബ്ബന്ധമുണ്ടായിരുന്നു, ഒരു തൂക്കു രണ്ടു കുടം. അതു തെങ്ങുകളോടുള്ള സ്നേഹം കൊണ്ടു തന്നെയായിരുന്നു. ഇതിനൊക്കെ മാറ്റം വന്നത് പത്ത് സെൻ്റ് അവകാശം കിട്ടിയതോടെയാണ്. പത്തു സെൻ്റ് അനുവദിച്ചതിൻ്റെ എല്ലാം കെഡിറ്റും, മറ്റാരു തന്നെ അവകാശവാദമുന്നയിച്ചാലും, കെ.ആർ ഗൗരിയമ്മയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ അമ്മയുടെ എല്ലാ കാലത്തേയും വോട്ട് ഗാരിയമ്മയ്ക്കായിരുന്നു.

അതിരിക്കട്ടെ, അമ്മുമ്മയെ പറ്റിയല്ലാതെ അമ്മയെക്കുറിച്ച് ഒന്നും പറയാത്തത് എന്ത്?

*സമാന്തര രേഖകളിലെ താഴെത്തെ ലൈനിൽ ഇതു കൂടി ചേർത്തു വായിക്കാവുന്നതാണ്. ഞാൻ ആശാൻ കളരി കണ്ടിട്ടില്ല. പൂജയെടുപ്പിന് അമ്മ സ്കൂളിലെത്തിച്ചു. വൃശ്ചികം 6 (നവം 22) എന്ന ജനനത്തീയതി അമ്മ കൃത്യമായി പറഞ്ഞെങ്കിലും സ്കൂൾ അധികൃതർ പത്തു മാസതോളം പുറകോട്ടു മാറ്റി ഫെബ്രു 13 ആക്കി. അങ്ങനെയാണ് 13 എൻ്റെ ലക്കീ നമ്പർ ആയത്.
ദൈവത്തിൻ്റെ കണക്കിൽ പെടാതെ ഏകദേശം ഒരു കൊല്ലം നഷ്ടം. ഇത് പലരുടെയും കേസിൽ സംഭവിച്ചിട്ടുള്ളതാണ്. 

5 മാസം തുടർച്ചയായി ഒന്നാം ക്ളാസിൽ ഇരുന്നിട്ടും കുറെ കഞ്ഞിയും കപ്പക്കുഴയും കഴിച്ചതല്ലാതെ ഒരക്ഷരം പഠിച്ചില്ല. വാർഷിക പരീക്ഷയിൽ 1 എന്ന് എഴുതാൻ അറിയാഞ്ഞിട്ട് ഹെഡ്മാസ്റ്ററുടെ പൂരത്തല്ല്. വലിയ വായിൽ നിലവിളിച്ച നില്ക്കുന്ന ഒരുകൂട്ടി,  ഇപ്പോഴും ആ രംഗം മനസ്സിൽ ഓടിയെത്തും. അറിഞ്ഞിട്ട് വേണ്ടേ 1 എന്നു വരയ്ക്കാൻ . ആരോ പുറകിൽ നിന്ന് പറഞ്ഞു ഒരു വര സ്ളേറ്റിൽ വരക്കാൻ . ഇല്ല, അതുപറഞ്ഞുതന്ന ആളെ എനിക്കോർമ്മയുണ്ട്. നീളത്തിൽ ഞാൻ വരച്ച വരയാണ് ഹെഡ്മാസ്റ്ററുടെ കലിയടക്കിയത്.
വളരെ ദാരുണമായ, ദയനീയമായ സംഭവങ്ങൾ വേറെയും. നന്ദികേടു് എന്ന് വിവക്ഷിക്കുമെങ്കിലും സത്യം സത്യമല്ലാതാകുന്നില്ല.
5 മുതലാണ് എന്തെങ്കിലും പഠിച്ചു തുടങ്ങിയത്.  ABCD..... മുഴുവൻ അഞ്ചാം ക്ളാസിൽ  കൂട്ടുകാരൻ പഠിപ്പിച്ചു. മലയാള അക്ഷരങ്ങൾ മുഴുവൻ കണ്ടമംഗലം ഹൈസ്കൂളിലെ കൗസല്യ സാർ എട്ടാം ക്ളാസിൽ പഠിപ്പിച്ചു.

അന്നൊക്കെ കൂടുതൽ വിജ്ഞാനമുണ്ടായിരുന്ന എൻ്റെ സഹപാഠികൾ തേങ്ങാ വെട്ടും കൊപ്രാ കച്ചവടവുമായി കൂടി. എനിക്ക് ഇങ്ങനെയൊരു വിധി. ദൈവമുണ്ടെന്ന് ഒത്തിരി തവണ തോന്നിയിട്ടുണ്ട്‌.