Saturday 28 June 2014

ഗ്രന്ഥാവലോകനം-ഭാഷാതിലകം- കൊക്കോതമംഗലം എ വി നായര്‍.


മനുഷ്യന്‍ സമൂഹജീവിയാണ്. ആ നിലയില്‍ചുറ്റുപാടുമുള്ളവരുമായി സംവദിക്കാതെ  മനുഷ്യന് സ്വാഭാവിക ജീവിതം നയിക്കാനാവില്ല. ജീവിതത്തെ സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസത്തെ മനസ്സില്‍ സൂക്ഷിച്ചുവെയ്ക്കാന് മനുഷ്യന്‍ ശ്രദ്ധിക്കുന്നു. ആവശ്യം വരുമ്പോള്‍ അവ പുറത്തെടുത്തു  പ്രയോഗിക്കുകയും ചെയ്യുന്നു.

ഭാഷയെ ചേതോഹരമാക്കുന്നവയാണ് ശൈലികള്‍. ശൈലി എന്നത് ശീലം  എന്നവാക്കില്‍ നിന്നു ഉല്‍ഭവിച്ചത്.  അനുഭവങ്ങളിലൂടെ സമൂഹം ശീലിച്ചുവന്ന പ്രയോഗങ്ങളാണ് ശൈലികള്‍. വ്യംഗ്യമായ അര്‍ത്ഥം വരുന്ന ഭാഷാപ്രയോഗമാണിത്. ഒരു പദം വാച്യാര്‍ഥത്തില്‍ പ്രയോഗിച്ചാല്‍ ശൈലിയാവില്ല. ശൈലികള്‍ വാക്കുകളായും വാക്യങ്ങളായും വരാം. ശരീരാവയവങ്ങള്‍, ജീവിത പരിസരം, പുരാണ കഥാപാത്രങ്ങള്‍, മൃഗങ്ങള്‍, തൊഴിലുകള്‍, അഭ്യാസമുറകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ശൈലിക്ക് കാരണമാകുന്നു. ഏറെപ്രതീക്ഷയോടെ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നു  ട്രയിന്‍ ചാര്‍ജ് വര്‍ദ്ധന, ഗ്യാസ്–പെട്രോള്‍ വിലവര്‍ധന എന്നൊക്കെ വാര്ത്ത ശ്രവിക്കുമ്പോള്‍ “വല്ലാത്ത ഇരുട്ടടി” എന്നു ജനം പറഞ്ഞുപോകും. ഇവിടെ ഇരുട്ടടി എന്നത്  - രഹസ്യമായി നേരിടുന്ന അപകടം എന്നാണ്.

."കറവപ്പശു" പതിവായുപയോഗിക്കുന്ന ഒരു ശൈലിയാണ്. കറക്കുന്ന പശുതന്നെ. ഉദ്യോഗമുള്ള മക്കളെ ഈ ശൈലികൊണ്ടാണ് ഇക്കാലത്ത് വിശേഷിപ്പിക്കുന്നത്. ശമ്പളം മുഴുവന്‍ അച്ഛന്റെ കൈയില്‍ കൊണ്ടുക്കൊടുക്കുന്ന മക്കളെ വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ വേറൊരു ശൈലിയുണ്ടോ? "മിണ്ടാപ്പൂച്ച കലമുടച്ചു" എന്ന് കേട്ടാലോ? പൂച്ചയെക്കുറിച്ചും കലത്തെക്കുറിച്ചും ആരെങ്കിലും ചിന്തിക്കാറുണ്ടോ? പാവത്താനെന്ന് തോന്നിച്ചിരുന്ന ആരോ അതിസാഹസികമായ കൃത്യം ചെയ്തു എന്നേ അര്‍ത്ഥമാക്കൂ. "അണ്ടികളഞ്ഞ അണ്ണാന്‍"-പുതിയ കാലത്ത് വളരെയധികം പ്രയോഗിക്കപ്പെടുന്ന ശൈലിയാണിത്. സ്ഥാനം കിട്ടുമെന്ന് കരുതി ആറ്റുനോറ്റിരിക്കയും ഒടുവില്‍, സ്ഥാനം കിട്ടാതെ അപമാനിതനാവുകയും ചെയ്ത ആളെനോക്കി ഇങ്ങനെ കളിയാക്കാറുണ്ട്. “കണ്ണേ കരളേ വി എസ്സെ”എന്നു ഏതെങ്കിലും കോംറെഡ് മുദ്രാവാക്യം മുഴക്കിയാല്‍ അത് നേതാവിനോടുള്ള സ്നേഹാധിക്യമാണ് കാണിക്കുന്നത്.

“കണ്ണിലെണ്ണയൊഴിച്ച്” കാത്തുസംരക്ഷിച്ചു എന്ന് കേള്‍ക്കുമ്പോള്‍, ജാഗ്രതയോടെ  കാവലിരുന്നു എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ ആരും കണ്ണിലെണ്ണ ഒഴിക്കാറില്ല. ചെമ്പ് തെളിയുക, കുതിര കയറുക, കാല് പിടിക്കുക, മറുകണ്ടം ചാടുക, മുടന്തന്‍ന്യായം, പൊടിക്കൈപ്രയോഗം, ചെണ്ടകൊട്ടിക്കുക..... തുടങ്ങി ഭാഷയെ ചോതോഹരമാക്കിത്തീര്‍ക്കുന്ന എത്രയെത്ര ശെലികള്‍.
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ്. ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .


 ഏതാനും ശൈലികളും അവയുടെ പൊരുളും ഇങ്ങനെ വായിയ്ക്കാം  
 അക്കരപ്പച്ച – മിഥ്യാഭ്രമം,       അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
·അബദ്ധപഞ്ചാംഗം – പരമാബദ്ധം,  ആകാശക്കോട്ട - മനോരാജ്യം
·ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
·ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
·ഉരുളയ്ക്കുപ്പേരി - തക്ക മറുപടി, ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
·ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
·എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു, ഏട്ടിലെ പശു - നിഷ്ഫല വസ്തു
ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
കടശ്ശിക്കൈ - അവസാനകര്‍മ്മം, കണ്ടകശനി - വലിയ കഷ്ടകാലം
കാക്കപ്പൊന്ന് - വിലകെട്ട വസ്തു, കുറുപ്പില്ലാകളരി - നാഥനില്ലായ്മ
ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം, ഗോപി തൊടുക - വിഫലമാവുക
ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
·ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തു, തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
·നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
പള്ളിയില്‍ പറയുക – വിലപ്പോവാതിരിക്കുക,
പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക, മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
കുതികാല്‍വെട്ടുക – വഞ്ചിക്കുക, മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
വളംവച്ചു കൊടുക്കുക – പ്രോത്സാഹിപ്പിക്കുക, വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
വെടിവട്ടം – നേരംപോക്ക്,  വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
·                    
എല്ലാം ശൈലികളും കണ്ടെത്തി പഠിക്കുകയും  എഴുതിവെയ്ക്കുകയും ചെയ്യുന്നത് ഭാഷാസ്നേഹികളുടെ രീതിയാണ്. വിദ്യാര്‍ഥികള്‍ക്ക്, പ്രാസംഗികര്‍ക്ക്,  എഴുത്തുകാര്‍ക്ക് ശൈലിയിലുള്ള ജ്ഞാനം കൂടിയേ തീരൂ.

ഒട്ടുമിക്ക ശൈലികളും എഴുതിവെയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ് തന്റെ “ഭാഷാതിലകം” എന്ന ഗ്രന്ഥത്തിലൂടെ ശ്രീ കൊക്കോതമംഗലം എ വി നായര്‍ നിര്‍വഹിച്ചിരിക്കുന്നത്. ശൈലികല്‍ എഴുതി നേരിട്ടു അര്ത്ഥം പറയുന്നതിന് പകരം ഒരു നൂതന സമീപനം എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നു. പതിനഞ്ചു ചാര്‍ട്ടുകളിലായാണ് അദ്ദേഹം ശൈലികല്‍ക്രോഡീകരിച്ചിരിക്കുന്നത്. തലങ്ങും വിലങ്ങുംകോണോടുകോണും ശൈലികല്‍ വായിച്ചെടുക്കകയും അര്ത്ഥം കണ്ടെത്തുകയുമാവാം. ഭാഷാപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വളരെ പ്രയോജനപ്പെടുന്നതാണ് ഈ ഗ്രന്ഥം. ഒരു മല്‍സരക്കളിയുടെ രൂപത്തിലും ഗ്രന്ഥപാരായണം സാധ്യമാകുന്നു.

ശ്രീ കൊക്കോതമംഗലം എ വി നായര്‍ എഴുതിയ ഇരുപതാമത്തെ പുസ്തകമാണിത്. കഥ, കവിത, നാടകം എന്നിവയായിരുന്നു 19 പുസ്തകങ്ങളും. ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന് ശ്രീ നായര്‍ നല്കിയ മികച്ച സംഭാവനയാണ് അദ്ദേഹത്തിന്റെ “ ഭാഷാതിലകം”.    
എഴുത്തുകാരന്റെ സൃഷ്ടികള്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന സമൂഹമാണ് വളര്‍ന്ന് വരുന്നത്. പത്ര-പുസ്തക വായനയില്‍നിന്നു ജനം ചാനല്‍-ലാപ് ടോപ്-മൊബൈല്‍ പോലുള്ള  ഇ- വായനയിലേക്ക് മാറുകയും ചെയ്യ്ന്നു. എഴുത്തിലെ വിഷയങ്ങള്‍ അതുകൊണ്ടുതന്നെ ഏറിയ പങ്കും പ്രണയം,വാണിഭം, പീഡനം, ക്രൂരത, കുറ്റപത്രം തുടങ്ങിയവയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ “ഭാഷാതിലകം” പോലുള്ളവേറിട്ട ഗ്രന്ഥം എഴുതാന്‍ തയ്യാറായ ഈ എഴുത്തുകാരനെ അഭിനന്ദിക്കണം. നമ്മുടെ പൈതൃകവും,  സംസ്‌കാരവും, നന്മയുമെല്ലാം വരും തലമുറകള്ക്കു കൈമാറാന്‍ എളിയ ശ്രമംനടത്തിയ . ശ്രീ കൊക്കോതമംഗലം എ വി നായര്‍ക്കു സര്വ്വവിധ  ആശംസകളും! .
ചേര്‍ത്തല                           പ്രൊഫ. കെ എ സോളമന്‍
28-6-2014                      
 


Friday 27 June 2014

പ്രകൃതിയും മനുഷ്യനും എന്റെ കവിതകളില്‍- കെ എ സോളമന്‍


ഒട്ടുമിക്ക കവിതകളിലെയും പ്രമുഖമായ ഉള്ളടക്കം പ്രകൃതിയും മനുഷ്യനുമാണ്.  ഇവ രണ്ടും അവലംബമാക്കി തന്നെയാണ് മറ്റു ഉള്ളടക്കങ്ങൾ. ഈ ഉള്ളടക്കങ്ങളില്‍ കഥകള്‍ കാണും, ദര്‍ശനമുണ്ടാകും, തത്വചിന്തയും ജീവിതവീക്ഷണവും വിശകലനവുമൊക്കെയുണ്ടാകും. മാനുഷികഭാവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ പ്രകൃതി യഥേഷ്ടം കടന്നു വരിക യാദൃച്ഛികമല്ല .

കവിതയിലും  കലാസൃഷ്ടികളിലുംപ്രകൃതിയും മന്‍ഷ്യനും ഇഴചേർന്നു നില്ക്കുന്നു.  ഇക്കാണാവുന്ന പ്രകൃതിഭംഗിയെ മനോഹരമായി  വർണ്ണിക്കുന്നതി ലൂടെ മാത്രമല്ല, കാവ്യത്തിന്റെ ഭാഷ, താളം, പദാവലി, പ്രമേയം, ദർശനം എന്നിവയിലെല്ലാം ഈ  പ്രകൃതി സൌന്ദര്യം നമുക്ക് കണ്ടെടുക്കാനാവും.  അതു കാവ്യത്തിന്റെ അല്ലെങ്കില്‍ കലാശില്‍പത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കും..

പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ടത് സര്‍ഗാത്മകതയുടെ സാദൃശ്യ മാണെന്ന തിരിച്ചറിവാണ് പ്രകൃതി സൌന്ദര്യത്തിന്റെ കാതല്‍. ജൈവവൈവിധ്യങ്ങളുടെ നാശം ഈ സാദൃശ്യത്തെ  കാര്യമായി ബാധിക്കുന്നു.  ഒരു കുന്നിടിച്ചാല്‍, ഒരു പുഴവരണ്ടാല്‍  അത് പ്രകൃതിയെ നൊംബരപ്പെടുത്തും, മനുഷ്യനെയും.  മരവും പക്ഷിയും പൂക്കളും തവളയും  മല്‍സ്യങ്ങളും ചെറുപ്രാണികളും മൃഗങ്ങളും  മനുഷ്യനുമൊക്കെ തമ്മിലുള്ള ബന്ധങ്ങള്‍ ലോകത്താകമാനമുള്ള കവിഹൃദയങ്ങളില്‍ രൂപം കൊണ്ടിട്ടുണ്ട്.  

ഈ ലോകപ്രകൃതി മനുഷ്യനു മാത്രമായി സ്വന്തമല്ല. കോടാനുകോടി  സൂക്ഷ്മജീവികളുടെയും അനേകം ചെറുപ്രാണികളടക്കമുള്ളവയുടെയും ആവാസകേന്ദ്രമാണ് ഈ ഭൂമി. ഭൂമിയെ ഈ വിധം സംരക്ഷിക്കുന്നതില്‍ മനുഷ്യനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം സൂക്ഷ്മജീവികള്‍ കാട്ടുന്നതുകൊണ്ടു. ഭൂമിയുടെ മേല്‍ അവയ്ക്കുള്ള അവകാശം നിഷേധിക്കാനാവില്ല. ഇതുകൊണ്ടുതന്നെയാണ് കവിതകളില്‍പരിസ്ഥിതി വാദം ശക്തമായി കടന്നു വരുന്നത്.

‘തോരത്തെ മഴയെന്‍ നിരാശ’ എന്ന എന്റെ കവിത ഒരുപക്ഷേ ഒരു വിരോധാഭാസമായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. മഴയെ സ്നേഹിക്കാത്ത കവിയോ? പ്രകൃതിയെ സ്നേഹിക്കുന്ന കവിക്കും എന്തുകൊണ്ട് മഴയയെ സ്നേഹിക്കാന്‍ കഴിയുന്നില്ല? അതിനു കാരണം മഴ ഈ കവിയെ സംബന്ധിച്ചിടത്തോളം പട്ടിണിയുടെ പ്രതീകമാണ്. തോരാത്ത മഴ കര്‍ഷകര്‍ക്കും, കായല്‍, കടല്‍ എന്നിവിടങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്നവര്‍ക്കും വറുതി യുടെ കാലമാണ്. പണിയില്ലാതെ കഷ്ടപ്പെടുകയും അടുപ്പില്‍ തീ പുകയാതെ സങ്കടപ്പെടുകയും ചെയ്യുന്ന മഴക്കാലം എങ്ങനെ സന്തോഷദായകമാവും. മഴയില്ലെങ്കില്‍ ജലമില്ല, കായലില്ല, മരങ്ങളില്ല എന്നൊക്കെയുള്ള വലിയകാര്യങ്ങള്‍ മഴമൂലം വയര്‍  പൊരിയുന്നകുട്ടിക്ക്  മനസ്സിലാവില്ല. മഴയുടെ രാവ് ഇന്നും ഈ കവിക്ക് തരുന്നത് പേക്കിനാവിന്റെ ഓര്‍മ്മകളാണ്. എങ്കിലും മഴയെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണു കഴിയുക.? മഴയെ വര്‍ണ്ണിക്കുക മാത്രം ചെയ്യുന്നവരുടെ ബോധമില്ലായ്മ തിരുത്താനകില്ലെങ്കിലും ഈ ലോകത്ത്  മഴകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉണ്ട് എന്നു ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ കവിത.

മാനം കറുത്താല്‍ ഉള്ളില്‍ തീയാണെന്ന് എഴുതിയത് സത്യം തന്നെ. പക്ഷേ എല്ലാവര്‍ക്കുമുണ്ടല്ലോ  ജീവിതത്തില്‍ പല ഋതുക്കള്‍.

പ്രകൃതിയിലെ എന്തിനെയും സ്നേഹിക്കാനും മരങ്ങളോട് സംവദിക്കാനും ഈ കവിക്ക് ഇന്നും കഴിയുന്നുവെന്നത് യാഥാര്‍ഥ്യം. ഇപ്പോള്‍ മഴയും ഇഷ്ടമാണ്. ദശാ സന്ധികള്‍ പിന്നിടുംബോള് മനുഷ്യനു ഇഷ്ടങ്ങള്‍ മാറും എന്നത് തന്നെ ന്യായീകരണം.

നിര്‍മലവും നിഷ്കളങ്കവുമായ മനുഷ്യഹൃദയത്തെയും സ്നേഹിക്കാന്‍ ഈ കവിക്ക് കഴിയും. ഈ ലോകം ഗുസ്തിക്കാര്‍ക്ക് മാത്രമല്ല നിസ്സഹായനും ജീവിക്കാനുള്ളതാണ് എന്നു കവിയാകുമ്മുന്‍പേ കണ്ടുപിടിച്ചിരുന്നു. ഈ കവിയുടെ മനുഷ്യസ്നേഹം അറിയിക്കുന്നകവിതകളാണ് മരം, മറയില്ല മായില്ല നിന്റെ മന്ദസ്മിതം, പറക്കുകപ്പക്ഷി , പച്ചമരതകക്കല്ല്, മൃദുസ്പര്‍ശങ്ങള്‍ തുടങ്ങിയവ. മരത്തിന്റെ വിലാപം ഹൃദയസ്പര്‍ശിയായി തോന്നുന്നുവെങ്കില്‍ അനുവാചകന് ആര്‍ദ്രമായ ഒരു ഹൃദയമുണ്ട്, പ്രകൃതിയോട് ആകൃത്രിമമായ ഒരടുപ്പമുണ്ട്. പ്രകൃതിയെയും മരങ്ങളെയും നശിപ്പിക്കുന്നവരുടെ തിരിച്ചറിവിനായുള്ള ചോദ്യ്ങ്ങല്‍ ഉള്ളില്‍ത്തട്ടി വന്നതാണ്.

പറക്കുക പക്ഷി എന്ന കവിത തീര്‍ച്ചയായും ജീവിതാഹ്വാനത്തിന്റെ കവിതയാണ്. പ്രതീക്ഷ ആരും കൈവിടരുത്. ആയിരം വാതിലുകള്‍ അടഞ്ഞുകണ്ടാലും ഒരുവാതില്‍ തുറന്നു കിടപ്പുണ്ടാകും.
മനുഷ്യന്‍ എന്ന കവിതയില്‍ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എങ്ങനെയെന്ന് വെളിപ്പെടുത്താന്‍ തന്നെയാണ് ശ്രമിച്ചത്.
മധുരം, സുഖം, സന്തോഷം മാലാഖയുടെ
ഈ സ്വര്‍ഗജീവിതം എനിക്കു മടുത്തു
ഞാന്‍ പിശാചാകാന്‍ തീരുമാനിച്ചു
കൈപ്പു, ദു:ഖം, കൊലവെറി, കൊല
ഈ നരകവും എനിക്കു മടുത്തു
ഒടുക്കം
ഞാന്‍ മനുഷ്യനാകാന്‍ തീരുമാനിച്ചു.!

സുഖദുഖ സമ്മിശ്രമല്ല മനുഷ്യ ജീവിതം എന്നാര്‍ക്കാണു പറയാന്‍ കഴിയുക?

മുതിര്‍ന്ന പൌരന്‍ എന്ന കവിതയില്‍ വാര്‍ദ്ധക്യകാല വ്യെഥതന്നെയാണ് വിഷയം
മരവിച്ചുപോയൊരു മാനസവും
ചിരിയൊടുങ്ങിപ്പോയ ചൂണ്ടുകളുമായി
നഷ്ടപ്പെടാനായി ഒന്നുമില്ലാതെ നടന്നുപോകുന്ന മുതിര്‍ന്ന പൌരന്‍ എന്റെ എക്കാലത്തെയും ദുഖമാണ്.

ആലപ്പുഴ ആര്‍ ബ്ളോക്ക് കേന്ദ്രമായിനടക്കുന്ന കായല്‍ ടൂറിസത്തില്‍ മനുഷ്യന്‍ പ്രകൃതിയെകാണാതെ മദ്യത്തില്‍ അഭിരമിക്കുന്ന കാഴ്ച ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ‘പരല്‍ മീന്‍’ എന്ന കവിതയില്‍.

ഇങ്ങനെ സ്വന്തം കവിതയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ കവികള്‍ക്ക് മതിവരില്ല ഈ സത്യം ഉള്‍ക്കൊണ്ട് എന്റെ കുറിപ്പുഇവിടെ അവസാനിപ്പിക്കുന്നു. നന്ദി.

  
-കെ എ സോളമന്‍   

Saturday 21 June 2014

അദ്ധ്യാപകന്റെ ചിരി! –കഥ- കെ എ സോളമന്‍

Photo: Andhakaranazhy Beach

ബ്ലാക്കു ബോര്ഡിാല്‍ അദ്ധ്യാപകന്‍ നിര്ത്താ തെ എഴുതിക്കൊണ്ടിരുന്നു. ബോര്ഡില്‍ നോക്കി കുട്ടികളും. ഇടയ്ക്കു അദ്ധ്യാപകന്‍ തിരിഞു നോക്കും. കുട്ടികള്‍ അപ്പോഴും എഴുത്ത് തന്നെ. അദ്ധ്യാപകനു സന്തോഷം തോന്നി.

ധ്യാപകന്‍ എഴുതിക്കൊണ്ടിരുന്ന ചോക്കില്‍ നിന്നു ഒരു കഷണം ഒടിഞ്ഞു ദൂരെ തെറിച്ചുവീണത് അദ്ധ്യാപകന്‍ കണ്ടു, കുട്ടികളും.

പിന്നീടെപ്പോഴോ, അദ്ധ്യാപകന്റെ എഴുത്ത് ബോര്ഡ് കവിഞ്ഞു കുമ്മായം തേച്ച ഭിത്തിയിലേക്ക് നീണ്ടു. കുട്ടികള്‍ ചിരിച്ചു, അദ്ധ്യാപകനും. തങ്ങള്ക്ക് വായിക്കാന്‍ പറ്റുന്നില്ലെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. അദ്ധ്യാപകന്‍ അപ്പോഴും ചിരിച്ചു.

ദൂരെക്കിടന്നിരുന്ന ചോക്കുകഷണത്തില്‍ അദ്ധ്യാപകന്‍ നോക്കി.

കുട്ടികളുടെ ചിരി കുറഞ്ഞുകുറഞ്ഞു വരുന്നതായി അദ്ധ്യാപകന് തോന്നി. ഇപ്പോഴിതാ ചിരി നിശ്ശേഷം നിലച്ചു. കുട്ടികലെല്ലാം മുഖം ഇല്ലാത്തവരായി അദ്ധ്യാപകന് തോന്നി.

ദൂരെക്കിടന്നിരുന്ന ചോക്കു കഷണത്തിലേക്ക് അദ്ധ്യാപകന്‍ നോക്കി. അതവിടെക്കിടന്നു ചിരിക്കുന്നു.
ആഹ് ഹ ഹ,..... അദ്ധ്യാപകനു ചിരിയടക്കാനേ കഴിഞ്ഞില്ല..


-കെ എ സോളമന്‍

Saturday 7 June 2014

ഇന്നലെയ്ക്കായ് വീണ്ടും ! -കവിത- കെ എ സോളമന്‍

Babu Arjun's photo.


പോയദിനങ്ങളെ വന്നിട്ടുപോവുമോ
ഓര്മ്മിച്ചിടാനായി ഒരിക്കല്ക്കൂ ടി.
കാത്തിരിക്കുന്നു ഞാന് എന്നുംകൊതിച്ചീടും
ഓര്മ്മകള്‍ തങ്ങുമായിന്നലേക്കായി.

അമ്മതന്‍ കൈവിരല്‍തുമ്പില്‍ പിടിച്ചുകൊണ്ട- 
ഞ്ചാറു ചുവടങ്ങു ഞാന്‍ നടക്കേ 
കണ്ടെത്ര പുലരികള്‍ കുങ്കുമ സന്ധ്യകള്‍ 
കാണാത്ത കാഴ്ചകള്‍ ഇല്ല വേറെ

തന്നിട്ടുപോകുമോ കാലമേ നീയെനിക്കെ-
ന്നമ്മതന്‍ചാരത്തെ സ്വപ്നലോകം.
ഇനിയാകില്ലൊരിക്കലുംഅമ്മതന്‍ പൈതലെ—
ന്നാകിലും കൊതിക്കുന്നാ താരാട്ടിനായി

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ 
പാതി തകര്‍ന്നോരാ ശീലക്കുട 
വന്നിട്ടുപോകുമോ കാലമേഎന്‍ഹൃത്തില്‍  
വര്ണ്ണലപുഷ്പങ്ങള്‍ വിതറി വീണ്ടും

പോയദിനങ്ങളെ വന്നിട്ടുപോവുമോ
ഓര്മ്മിച്ചിടാനായി ഒരിക്കല്ക്കൂടി.
കാത്തിരിക്കുന്നു ഞാന് എന്നുംകൊതിച്ചീടും
ഓര്മ്മരകള്‍ തങ്ങുമായിന്നലേക്കായി

-കെ എ  സോളമന്‍