കഥ - കെ എ സോളമൻ
ചേർത്തലക്കാരനായ ഞാനാണ് കഥാകാരൻ, വേണമെങ്കിൽ വി.ഡി. എന്നു വിളിക്കാം.വി. ദാസപ്പൻ എന്നാണെൻ്റെ മുഴുവൻ പേര്
കൈയ്യിലൊരു മുഷിഞ്ഞ കൈയ്യെഴുത്തുപ്രതിയും പേനയും തോൾസഞ്ചിയുമില്ലെങ്കിൽ എന്നെ ഒരു സാധാരണക്കാരനായേ ആരും കണക്കാക്കൂ. പക്ഷേ എൻ്റെ മനസ്സിൽ അപ്പോൾത്തന്നെ ഒരു വായനാവാരം ഒതുങ്ങിക്കിടപ്പുണ്ടാവും.
എൻ്റെ കഥാപാത്രങ്ങൾ പലപ്പോഴും ഒരു പ്രത്യേക സമുദായത്തിലോ ഭൂപ്രദേശത്തോ ഒതുങ്ങിനിൽക്കാറില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ പാലക്കാട്ടെ കൽപ്പാത്തിയിലാണ്. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ രഥോത്സവം കാണാൻ.
1425-ൽ നിർമ്മിച്ചതാണത്രേ ഈ പുരാതന ക്ഷേത്രം! അത്രയും പഴക്കമുണ്ടെങ്കിൽത്തന്നെ അതൊരു കഥാപാത്രമായി എൻ്റെ കഥയിൽ. അങ്ങനെ ഒരു നവംബർ മാസത്തെ തണുപ്പിൽ, പത്തുദിവസത്തെ ഉത്സവത്തിൻ്റെ ചൂടിലേക്ക് ഞാനങ്ങു പറിച്ചുനടപ്പെടുകയായിരുന്നു.
അവസാനത്തെ മൂന്നുദിവസത്തെ കാഴ്ചയാണ് ഹൈലൈറ്റ്. നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവരഥങ്ങൾ ഒരുമിച്ചുചേരുന്ന 'ദേവരഥ സംഗമം'.
ആർത്തുല്ലസിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കിടയിൽ തലയിൽ കൈവെച്ച് അത്ഭുതത്തോടെ ഞാൻ നിന്നു. ഒരല്പം മാറി, ആ നാല് രഥങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ച് വലിക്കുന്ന ഘോഷയാത്ര കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു മിന്നായം പോലെ ചില ചിന്തകൾ.
"അല്ലയോ രഥങ്ങളേ, നിങ്ങളെന്തിനാണ് കൽപ്പാത്തിയുടെ തെരുവുകളിൽ മാത്രം കറങ്ങുന്നത്? നിങ്ങൾക്കൊരു ബ്രേക്ക് എടുത്ത് വെളിനിലം വരെ വന്നാൽ എന്താണ് കുഴപ്പം?"
അതെ, എൻ്റെ സ്വന്തം ചേർത്തലയിലെ വെളിനിലം അമ്പലം. അവിടെയിപ്പോൾ 'തുള്ളുന്ന അമ്മംകുടങ്ങൾ' എന്ന പേരിൽ കുറച്ച് ചായപ്പൊടി ടിന്നുകൾക്ക് മുകളിൽ കുടങ്ങൾ വെച്ച് കറങ്ങുന്നതല്ലാതെ ഒരു രഥപ്രതാപവും ഇല്ല. ഈ കൽപ്പാത്തി രഥങ്ങളെപ്പോലെ നാലെണ്ണം വെളിനിലത്തെത്തിയാൽ എങ്ങനെയുണ്ടാവും?
ആ നാല് രഥങ്ങളിലും എൻ്റെ നാല് പ്രധാന കഥാപാത്രങ്ങളെ ഇരുത്തണം.
അങ്ങനെ വെളിനിലം രഥോത്സവത്തിൻ്റെ തിരക്കഥ മനസ്സിൽ എഴുതി മുന്നോട്ട് പോകുമ്പോളാണ് രഥം വലിക്കാൻ ഉപയോഗിക്കുന്ന വലുപ്പമുള്ള കയറുകൾ ഞാൻ ശ്രദ്ധിച്ചത്.
"ഹും, എന്ത് മനോഹരമായ കയറുകൾ! രഥം വലിക്കാൻ എന്നതിലുപരി ഇതിന് മറ്റുപയോഗങ്ങളുണ്ട്." എൻ്റെ കണ്ണുകൾ തിളങ്ങി.
രമണിപ്പശു. അമ്മ പോയപ്പോൾ എനിക്ക് ബാക്കിവെച്ച് പോയതാണ്. എന്തുകൊണ്ടോ അവളെ ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല. രമണിക്ക് , അതിപ്പോൾ കെട്ടഴിച്ചാൽ കാളയുടെ ചൈതന്യമാണ്. എവിടെപ്പോയാലും അതിന് കെട്ടാൻ കട്ടിയുള്ള കയറുകൾ കിട്ടാനില്ല. കടയിൽ ചോദിച്ചാൽ 300 രൂപ പറയും. ഈ ദേവരഥം വലിക്കുന്ന കമ്പാകളിൽ ഒരെണ്ണം സംഘടിപ്പിച്ചാൽ?
'രമണിക്ക് പുതിയ കയറ്, ഫ്രീ ഓഫ് കോസ്റ്റ്, അതും പുണ്യത്തിൻ്റെ കെട്ടുകൾ! കഥാകാരനെന്ന നിലയിൽ എനിക്കീ നർമ്മരസ സാധ്യത എങ്ങനെ ഒഴിവാക്കാൻ കഴിയും?' രഥത്തെ നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ നടന്നു.
കൽപ്പാത്തി രഥോത്സവം കാണാൻ വന്നതാണെങ്കിലും എൻ്റെ താമസരീതി ഒരു ആഢംബര ഹോട്ടലിലായിരുന്നില്ല. അല്ല അതിനവിടെ ആഡംബര ഹോട്ടൽ ഏതാണ് ഉള്ളത് ?
എന്നെ ഹഠാതാകർഷിച്ചത് ബ്രാഹ്മണ സമൂഹം മഠത്തിലെ 10 ദിവസത്തെ താമസമാണ്.
"അതിപ്പോൾ ഒരാൾക്ക് 100 രൂപ റൂം ഉണ്ട്. ഒരു ദിവസം രണ്ട് നേരം ശുദ്ധമായ വെജിറ്റേറിയൻ ഫുഡ് തൈര് സാദം അടക്കം."
ഈ 'തൈര് സാദം അടക്കം' എന്ന വാചകമാണ് എന്നെ പിടിച്ചിരുത്തിയത്. എൻ്റെ വീട്ടിലാണെങ്കിൽ, കടുക് താളിച്ച തൈര് ഒരു സാദമായി കൂട്ടാൻ പോലും എളുപ്പമല്ല. എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ അത് ഞാൻ തന്നെ ഉണ്ടാക്കണം. ഭാര്യ ആകും ഒരിക്കൽ എന്ന് ഉദ്ദേശിച്ച് നടന്നവൾ കൂടെ കൂടിയില്ല, അതാണ് കാരണം.
എന്നാൽ ഇവിടെ ഈ പത്തുദിവസം? വെറും തൈര് സാദവും, പായസവും, പരിപ്പു കറിയും. ഉരുളന്നാണെങ്കിൽ തൊലി കളയില്ല, തൊലിയിലാണ് ഗുണമത്രയും അത്യധികം ചെലവ് കുറഞ്ഞ, ശുദ്ധമായ ആഹാരം!
പത്താം ദിവസം, ഞാനാ മഠത്തിൽ വെച്ച് ഒരു തീരുമാനമെടുത്തു: "ഇനി വീട്ടിൽ ചെന്നാൽ വെജിറ്റേറിയൻ ആഹാരം മാത്രം! അത് ഞാൻ തന്നെ എൻറെ കൈകൊണ്ട് തയ്യാറാക്കും, എന്തുകൊണ്ടെന്നാൽ അത് തയ്യാറാക്കാൻ വേറെ ആരും എൻറെ കൂടെയില്ല ഞാൻ ഒറ്റയ്ക്കാണ്. അതുകൊണ്ട് എപ്പോഴും എൻ്റെ വയറും ആത്മാവും ശുദ്ധമാണ്. ഒരു കഥാകാരനാകുമ്പോൾ സ്വന്തമായി ഒരു ഉറച്ച നിലപാട് ഉണ്ടാകണം
ഈ തീരുമാനത്തിൽ ഞാൻ തെരുവിലൂടെ നടക്കുമ്പോളാണ് വഴിയോരക്കച്ചവടക്കാരുടെ മുത്തുമാല കടകൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പല വർണ്ണത്തിലുള്ള മുത്തുകൾ. കണ്ടാൽ പഴയ കാലത്തിലേക്ക് മനസ്സു പറന്നു പോകും.
അവിടെ ഒരു മുത്തുമാല കഴുത്തിൽ അണിഞ്ഞ, ചിരിക്കുന്ന ഒരു യുവതിയുടെ ചിത്രം എൻ്റെ മനസ്സിൽ തെളിഞ്ഞു. ശ്രീദേവി. എൻ്റെ പ്രിയകാമുകിയായിരുന്നു അവൾ. എപ്പോഴും ചിരിക്കുന്ന അവൾക്ക് മുത്തു പോലുള്ള പല്ലുകൾ ആയിരുന്നു.
വർഷങ്ങൾക്കുമുമ്പ്, ഞാനവൾക്ക് ഒരു മുത്തുമാല വാങ്ങി നൽകിയിട്ടുണ്ട്. അതിന് പിന്നിലൊരു രഹസ്യമുണ്ട്. അന്ന് എൻ്റെ കൈയ്യിൽ അധികം പണയില്ല. അവളുടെ പിറന്നാളിന് കൊടുക്കാൻ വേണ്ടിയുള്ള പണവുമായി കടയിൽ പോയപ്പോൾ, "ഇതൊരു പ്ലാസ്റ്റിക് മുത്തുമാലയാണ് ചേട്ടാ, ഒറിജിനലിൻ്റെ രൂപത്തിലുള്ളത്. വില 25 രൂപ."
ഞാനത് വാങ്ങി, വലിയ വില കൊടുത്ത് വാങ്ങിയതാണെന്ന് അവളോട് കള്ളം പറഞ്ഞു. അവളത് വിശ്വസിച്ചു.
"ശ്രീദേവി, ആ മുത്തുമാല ഇന്നും നിൻ്റെ അലമാരയിൽ ഉണ്ടാകുമോ?" ഞാനൊരു നെടുവീർപ്പിൽ വീണു.
വിധി മറ്റൊന്ന് ആയതിനാൽ, പിന്നീട് അവളുടെ ജീവിതത്തിൽ എനിക്ക് സ്ഥാനമുണ്ടായില്ല.
കയ്യിൽ, പ്ലാസ്റ്റിക് മുത്തുമാല വാങ്ങാൻ പോലും പൈസയില്ലാത്ത ഒരു കഥാകാരന്, ഒരു ഡോക്ടറെ കാത്തിരുന്ന അവളുടെ ലോകത്ത് എങ്ങനെ ഇടം കിട്ടാനാണ്? അവളെവിടെയെന്ന് പിന്നീട് ഞാൻ അന്വേഷിച്ചില്ല
'കൽപ്പാത്തിയിലെ ഈ മുത്തുകൾ പോലും എന്നെ വേദനിപ്പിക്കുന്നുണ്ടല്ലോ,' ഞാൻ നിർവികാരതയോടെ ഓർത്തു.
മുത്തുമാലക്കടയിലെ ഓർമ്മകളിൽനിന്നും ബ്രാഹ്മണ മഠത്തിലെ തൈര് സാദത്തിൻ്റെ രുചിയിലേക്ക് ഞാൻ പെട്ടെന്ന് മടങ്ങി വന്നു. എന്തിനാണ് പഴയ കാര്യങ്ങൾ ഓർത്ത് എൻ്റെ വെജിറ്റേറിയൻ തീരുമാനങ്ങളുടെ പവിത്രത കളയുന്നത്?
ഞാൻ വീണ്ടും രഥോത്സവത്തിൻ്റെ മനോഹാരിതയിലേക്ക് ശ്രദ്ധ കൊടുത്തു
വിളനിലം ക്ഷേത്രത്തിൽ ഒരു മെഗാ ദേവരഥ സംഗമം സംഘടിപ്പിക്കണം. എല്ലാവർഷവും അത് ആവർത്തിക്കുകയും വേണം. രഥങ്ങൾ ഉണ്ടാക്കാനുള്ള പണം കണ്ടെത്തുന്നതെങ്ങനെ? നിസ്സാരം, ഭക്തിയുടെ കാര്യം പറഞ്ഞാൽ പണം മുടക്കാൻ ഒരു പടതന്നെ ഉണ്ട് നാട്ടിൽ.
വീട്ടിലെ രമണിക്ക് രഥം വലിക്കുന്ന കമ്പാകൾ സംഘടിപ്പിക്കണം. ആരും കാണാതെ ഒരെണ്ണം മുറിച്ചെടുത്താലോ? എന്നാലേ രഥോത്സവത്തിൻ്റെ പുണ്യം പൂർണ്ണമാവൂ.
ഇനി ജീവിതത്തിൽ വെജിറ്റേറിയൻ മാത്രം. ഇതൊരു ഉറച്ച തീരുമാനമാണ്, തൈര് സാദത്തിൻ്റെ മണം എപ്പോഴും പിന്തുടരുന്നു
ഇങ്ങനെയുള്ള ഒത്തിരി സ്മരണകളും ഭാവനകളുമാണ് എൻ്റെ ചിന്തയിലൂടെ കടന്നുപോയത്. കൽപ്പാത്തിയുടെ പത്തുദിവസത്തെ മഠം വാസവും, രഥോത്സവത്തിലെ കാഴ്ചകളും, പഴയ പ്രണയത്തിൻ്റെ മുത്തുമാലയും - എല്ലാം എൻ്റെ മനസ്സിൽ ഒരു വലിയ ബാഗിലാക്കി ഞാൻ തോളത്തിട്ടു. ഒരു തമിഴ് നോവൽ " അഗ്രഹാരത്തിൽ കളുതൈ " എഴുതണം.
"എൻ്റെ കഥാകാരജീവിതത്തിന് ഒരു ബൂസ്റ്റ് നൽകുന്നതായിരുന്നു കൽപ്പാത്തി വാസം, "ആണ്ടവാ , കാത്തുകൊള്ളണേ!"
ഈ ചിന്തകളോടെ, കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ നിന്നും ഞാൻ ചേർത്തലയിലേക്ക് യാത്ര തിരിച്ചു.
വീട്ടിലെത്തിയതിൻ്റെ പിറ്റേന്ന് രാവിലെ, തൊഴുത്തിൽ ചെന്നപ്പോൾ രമണി സന്തോഷവതിയായി കാണപ്പെട്ടു. 10 ദിവസവും അയൽ വീട്ടിലെ തങ്കമ്മ ചേച്ചി രമണിയെ നന്നായി പരിപാലിച്ചിരിക്കുന്നു. അമ്മ വഴി ചേച്ചി ഒരു ബന്ധു കൂടിയാണ്.
എൻ്റെ കയ്യിലെ സാധാരണ കയറിൽ കിടന്ന് കറങ്ങുന്നവളായിരുന്നു രമണി.
"നിനക്കൊരു രഥക്കയർ ഒപ്പിക്കാൻ ഞാൻ ശ്രമിച്ചില്ലേ രമണീ...?" അവളോട് ഞാൻ ചോദിച്ചു. അവൾ തലയാട്ടി.
രഥോത്സവത്തിൻ്റെ എല്ലാ പുണ്യവും, രമണിയുടെ കയറും, തൈര് സാദത്തിൻ്റെ ഓർമ്മകളും എൻ്റെ മനസ്സിൽ ഒരു കഥയായി അലയടിക്കുന്നുണ്ടായിരുന്നു. ആ കഥയ്ക്ക് ഒരു പേരും ഞാനിട്ടു: 'രമണിയും രഥോത്സവവും,
* * *
No comments:
Post a Comment