Saturday 22 May 2021

#അശുഭസംഖ്യ?


13- ഒരു അശുഭ സംഖ്യയാണെന്ന് ചിലർ കരുന്നു., അതിന് കാരണങ്ങളും ഉണ്ട്. അതുപറയും മുമ്പ് ഭാഗ്യ സംഖ്യകൾ അഥവാ തികഞ്ഞ സംഖ്യകൾ ഏതെന്ന് നാം അറിയണം

6 എന്നത് ഒരു തികഞ്ഞ സംഖ്യയാണ്. അതിന്റെ ഘടകങ്ങളുടെ ആകെത്തുകയ്ക്ക് തുല്യമാണ് ആ സംഖ്യ. 6-ൻ്റെ ഘടക സംഖ്യകളാണ് 1, 2, 3. ഇവ മൂന്നും കൂട്ടിയാൽ അതായത് 1 + 2 + 3 = 6 ആണ്. ഇങ്ങനെ ഘടകങ്ങൾ എല്ലാം കൂട്ടിയാൽ സഖ്യ കിട്ടിയാൽ അത്തരം സംഖ്യകളെ തികഞ്ഞ സംഖ്യ.കൾ എന്ന വിളിക്കും. 6 എന്നത് ആദ്യത്തെ തികഞ്ഞ സംഖ്യയാണ്.

38 - ഓളം തികഞ്ഞ സംഖ്യകളെ  ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പുതിയൊരെണ്ണം കണ്ടെത്തിയാൽ ഒരു ഡോക് റേറ്റ് തരപ്പെടുത്താവുന്നതേയുള്ളു..

4 ഒരു തികഞ്ഞ സംഖ്യയല്ല, കാരണം അതിന്റെ ഘടകങ്ങളുടെ ആകെത്തുക 1 + 2 എന്നത് 4 ൽ കുറവാണ്. 

12-ഉം ഒരു തികഞ്ഞ സംഖ്യയല്ല, കാരണം അതിന്റെ ഘടകങ്ങളുടെ ആകെത്തുക, 1 + 2 + 3 + 4 + 6 എന്നത് 12 നെക്കാൾ വലുതാണ്. 12 പോലുള്ള സംഖ്യകളെ സമൃദ്ധ സംഖ്യകൾ എന്ന് വിളിക്കുന്നു. 

എന്നാൽ 13-നെ സന്തുഷ്ട സംഖ്യ ( ഹാപ്പി നമ്പർ) എന്നാണ് വിളിക്കക. അതിൻ്റെ കാരണമിതാണ്
1^{2}+3^{2}=10
. 1^{2}+0^{2}=1
13-ൻ്റെ അക്കങ്ങളുടെ വർഗ്ഗങ്ങളുടെ തുക കണ്ടാൽ 10 കിട്ടും. അങ്ങനെ കിട്ടുന്ന 10-ൻ്റെ അക്കങ്ങളുടെ തുക കണ്ടാൽ 1 കിട്ടും. ഇതിൽ കൂടുതൽ സന്തോഷം വെറെന്തുണ്ട്. അപൂർവമായ  ഈ ഭാഗ്യം മറ്റു സംഖ്യങ്ങൾക്കില്ല.

12-നെ ഡസൻ എന്ന വിളിക്കുമെങ്കിൽ 13-നെ ബേക്കേഴ്സ് ഡസൻ എന്നു പറയും. പാശ്ചാത്യ ബോർമകളിൽ നിന്ന് ഒരു ഡസൻ റൊട്ടി വാങ്ങിയാൽ ഇപ്പോഴും 13- എണ്ണം കിട്ടും.

13-ൻ്റെ മേൻമകൾ പറഞ്ഞാൽ തീരില്ല.

എന്നാൽ ഈ സന്തുഷ്ട സംഖ്യ13 പലർക്കും അൺ ലക്കി നമ്പരാണ്. കാരണങ്ങൾ പലതുണ്ടെങ്കിലും പ്രധാനമായവ പുരാതന ങ്ങളാണ്.

ക്രിസ്തുമത വിശ്വാസത്തിൽ പതിമൂന്നാമത്തെ അതിഥിയെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്. അവസാനത്തെ അത്താഴത്തിൽ 13-ാമത്തെ അതിഥിയായി എത്തിയ യൂദാസ് സ്‌കറിയോത്ത യേശുവിനെ ഒറ്റിക്കൊടുക്കുന്ന വ്യക്തിയാണ്. സ്വന്തം ഗുരുവിനെ ചതിക്കുന്നതാനെക്കാൾ ഹീനമായ പ്രവൃത്തി വെറെ എന്തുണ്ട്?  ഈ ദൗർഭാഗ്യത്തിൽ കുറെ13- എന്ന സംഖ്യയ്ക്കും ചുമക്കേണ്ടി വന്നു.

പുരാതന നോർസ് കഥയിൽ പറയുന്നത് ലോകത്ത് ആദ്യമായി തിന്മയും പ്രക്ഷുബ്ധതയും അവതരിപ്പിക്കപ്പെട്ടത് വാൽഹല്ലയിലെ ഒരു അത്താഴവിരുന്നിൽ വെച്ചായിരുന്നുവെന്നാണ്. വഞ്ചകനും നികൃഷ്ടനുമായ ലോകി എന്നയാൾ പ്രത്യക്ഷപ്പെട്ടതാണ് സന്ദർഭം.  പതിമൂന്നാമത്തെ അതിഥിയായുള്ള ലോകിയുടെ വരവ്, വിരുന്നിൽ പങ്കെടുത്ത 12 ദേവന്മാരെയും അസ്വസ്ഥരാക്കി.

13-ൻ്റെ ദൗർഭാഗ്യം ഇപ്പോഴും തുടരുന്നു അതു കൊണ്ട് ഹോട്ടലുകൾക്ക് 13 നമ്പർ ഉള്ള മുറിയില്ല. ഉണ്ടെങ്കിൽ തന്നെ താമസിക്കാൻ പലർക്കും താല്പര്യമില്ല. 13-ാം നമ്പർ ബസുകൾ കൂട്ടിയിടികളിൽ മികച്ചത് എന്ന പഠന പിൻബലമില്ലാത്ത നിഗമനങ്ങളുമുണ്ട്.

13-ാം നമ്പർ സ്റ്റേറ്റുകാറിനോടുള്ള വിരക്തിയും അങ്ങനെയുണ്ടായതാവണം.

പക്ഷെ 13 നെ  ഭാഗ്യ സംഖ്യയായി കാണുന്ന ഒത്തിരി പേരുണ്ട്. ലോട്ടറി ടിക്കറ്റു പോലും 13-ൽ അവസാനിക്കുന്നവ എടുക്കന്നവർ ഏറെ. 13-ൻ്റെ എല്ലാ ഭാഗ്യ നിർഭാഗ്യങ്ങളും ഓരോരുത്തരുടെ വിശ്വാസമനുസരിച്ച് വ്യഖ്യാനിക്കപ്പെടുന്നു.

13 ഒരു സന്തോഷദായകമായ സംഖ്യയാണ്.

കെ എ സോളമൻ