Thursday 22 January 2015

റേഷന്‍ സമസ്യാപൂരണം

Kannan Arappura's photo.

ശ്രേഷ്ഠ ഭാഷയാണ് മലയാളം, അതോടൊപ്പം കേരളസംസ്ഥാന ഭരണ ഭാഷയും. എല്ലാ സംസ്ഥാന  ഇടപാടുകളും മലയാളത്തില്‍ തന്നെ വേണം. അതുകൊണ്ടാണ് കോളേജിയേറ്റ് എഡ്യുകേഷന്‍ ഡിപാര്ട്ട്മെന്റ് കോ. വി വ ആയത്. കോ.വി. വ എന്നു വെച്ചാല്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ്, ഉല്സവകമ്മിട്ടി സെക്രറ്ററിയെ ഉ. ക. സെ.എന്നു വിളിക്കും പോലെ.

മലയാളത്തില്‍ ഇറങ്ങുന്ന ഒരുവിധപ്പെട്ട പൊളിസിനിമകള്ക്കെല്ലാം ഇടക്കാലത്ത് ടൈറ്റില്‍ ഇംഗ്ലിഷിലായിരുന്നു.മലയാളസിനിമക്ക് മലയാളത്തില്‍ തന്നെ പേരുവേണമെന്ന് ശഠിക്കാന്‍ കാരണം തന്നെ പൊളികളെല്ലാം മലയാളത്തില്‍ മതിയെന്ന വാശികൊണ്ടാണ്. സിനിമയ്ക്കു മലയാളം പേരില്ലെങ്കില്‍ സബ്സിഡിയില്ല. പക്ഷേ ഇംഗ്ലിഷ് ടൈറ്റിലും സബ് ടൈറ്റിലുമായി ഇറങ്ങിയ “ഹൌ ഓള്ഡ്ി ആര്‍ യു” എന്ന സിനിമയ്ക്കു സബ്സിഡിയും ഇതര ആനുകൂല്യങ്ങളും നിഷേധിച്ചില്ല. പേറും പൊറുതിയുമുപേക്ഷിച്ചു പടം നടിപ്പിനു തിരികെയെത്തിയ മഞ്ജു വാരിയരെ അഭിനന്ദിച്ചുകളയാമെന്ന് സര്ക്കാര്‍ കരുതി. പോരാത്തതിന് അവരെ വിളിച്ചു ജൈവ കൃഷിയുടെ അംബാസഡറുമാക്കി. അതുകൊണ്ടിപ്പോള്‍ സാധാരണ ജനത്തിന് മുറ്റത്തു വല്ല ചേമ്പോ ചേനയോ കുഴിച്ചുവെക്കാന്‍ മഞ്ജുവോ , മമ്മൂട്ടിയോ, ശ്രീനിവാസനോ ആരെങ്കിലും വേണം. ഇവരാണല്ലോ കേരളത്തിലെ ജൈവ കൃഷിയുടെ മൊത്ത വിതരണക്കാര്‍.

ഇങ്ങനെ ജനം നീരകുടിച്ചും ജൈവകൃഷിയില്‍ സന്തുഷ്ടരായും കഴിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അശനിപാതം പോലെ റേഷന്‍ കാര്ഡ് പൂരണം വന്നു വീണത്. മഹാവ്യാധികള്‍ പലതുകണ്ടിട്ടുണ്ടെങ്കിലും കേരളത്തെ ഒന്നായി ബാധിച്ച ഇതുപോലൊന്നു വേറെയില്ല. കാര്ഡിനുള്ള അപേക്ഷ പൂരിപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക കോച്ചിങ് ക്ലാസുകള്‍ തന്നെ ചില എന്റ്റന്സ്കേ ന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്റ്റന്സ് ഇല്ലാതെയും അഡ്മിഷന്‍ ആകാം എന്ന മാനദണ്ഡം വെച്ചു കോച്ചിങ് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്ക്ക് ഫാറം ഒന്നിനു അന്പത് രൂപ നിരക്കില്‍ പൂരിപ്പിച്ചു കൊടുക്കുന്ന ഏജന്സികളുമുണ്ട്.

മലയാള സിനിമയില്‍ എന്നതുപോലെ റേഷന്‍ അപേക്ഷ പൂരണത്തിലും ശ്രേഷ്ഠ ഭാഷ ഔട്ട്. കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഇംഗ്ലിഷ് അക്ഷരങ്ങളായ വൈ(Y), എന്‍(N) എന്നിവ ഉപയോഗിക്കണം. ഇവയ്ക്കുപകരമുള്ള മലയാള അക്ഷരങ്ങള്‍ കണ്ടുപിടിക്കാത്തതുംഒരു പ്രശ്നമാണ് . ഏത് അപേക്ഷകിട്ടിയാലും ഉടന്‍ പൂരിപ്പിച്ചുകളയുമെന്ന് ധിക്കാരം പറയുന്ന അര്ദ്ധശതോല്ഭവന്‍  എന്ന ഗവ. കോളേജ് അദ്ധ്യാപകന്‍ റേഷന്‍ ഫാറത്തിന്റെ കാര്യത്തില്‍ തോറ്റുതുന്നം പാടി. തൊഴിലിന്റെ കോളത്തില്‍ അധ്യാപനത്തിന്റെ കോഡ് പൂരിപ്പിക്കണോ അതോ സര്ക്കാര്‍ സേവനത്തിന്ടേതു മതിയോ എന്നതാണു സംശയം. മണിക്കൂറുകള്‍  ഇടവിട്ടു സര്ക്കാര്‍ വാര്ത്താ ക്കുറിപ്പ് ഇറക്കുന്നതുകൊണ്ടു ഒടുക്കം ഫാറം തന്നെ വേണ്ടെന്ന് വെയ്ക്കില്ലെന്ന് ആരറിഞ്ഞു? അതെന്തായാലും പൊതുജനത്തിനു റേഷന്‍ നല്കാന്‍വേണ്ടിയുള്ള അപേക്ഷ ഫാറത്തില്ഇലത്രയും കോംപ്ളികേഷന്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥവിരുതനെ നമിക്കാതെ വിട്ടുകൂടാ.

പുതിയ റേഷന്‍ കാര്ഡിില്‍ കുടുംബ നാഥയ്ക്കാണ് പ്രാധാന്യം, നാഥനല്ല. അതെന്തുകൊണ്ടും നന്നായി എന്നതാണു രാമന്‍ നായരുടെ അഭിപ്രായം.  ഇത്രയും നാള്‍ കുടുംബനാഥന്ടെ നുകവും കഴുത്തില്‍ വെച്ചു നടക്കുകയായിരുന്നു. എന്നിട്ടും ഭാര്യ കാര്ത്തിയായനിപ്പിളളക്കു വലിയ മതിപ്പില്ല. ഇനിയിപ്പോ പോയി കാത്തുനിന്നു മനസ്സിലാക്കട്ടെ റേഷന്‍ കാര്ഡിിനുള്ള ഫോടോയെടുപ്പിന്റെ സുഖം.

അടിസ്ഥാന രേഖയായ ‘ആധാറി’ല്‍ ഫോട്ടോയുണ്ടെകിലും റേഷന്കാര്ഡിനു അതുപോര.. ആധാറിലെ ഫോട്ടോ കണ്ടാല്‍ അപ്പുപ്പനാണോ കൊച്ചുമോളാണോ എന്നു മനസ്സിലാവില്ല. ഇനി റേഷന്‍ കാര്ഡു്കൂടി കിട്ടിയിട്ടു വേണം ഫോട്ടോനോക്കി “അമ്മയാര്, അച്ഛനാര്?” എന്ന കളികളിക്കാന്‍.
                                                   -----------------------

Thursday 15 January 2015

അടിമാന്തുന്ന പ്രാഥമിക വിദ്യാഭ്യാസം! -കെ എ സോളമന്‍


പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ കുട്ടികളുടെ നിലവാരം ഇടിയുന്നുവെന്ന് കണ്ടെത്താന്‍ സര്‍വേ വേണ്ടിവന്നു. സര്‍വേ ഇല്ലാതെ തന്നെ  കേരളത്തിലെ സാമാന്യജനത്തിന് അറിയാവുന്ന കാര്യം സര്‍വേയിലൂടെ വെളിപ്പെട്ടെന്ന് മാത്രം. സംസ്ഥാനത്ത് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാനറിയില്ല. നാലാം ക്ലാസ്കാര്‍ ഒന്നാം പാഠ പുസ്തകവും വായിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് സങ്കലനം വ്യവകലനം, ഗുണനം ഹരണം ഇവയൊന്നും പിടിയില്ല.  

രാജ്യത്തെ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 2014-ലെ അസര്‍ റിപ്പോര്‍ട്ടിലാണ് ഈ കണക്കൊക്കെ പറയുന്നത് അസര്‍ എന്നു വെച്ചാല്‍ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുകേഷന്‍ റിപ്പോര്‍ട്.

റിപ്പോര്‍ടിലെ കണ്ടെത്തലുകള്‍ക്ക് ഒട്ടും അതിശയോക്തി ഇല്ലെന്നു നിലവിലെ സ്കൂള്‍ പാഠ്യ പദ്ധതി നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും. ടൈലിട്ട തറ, ടോയ് ലെറ്റ്, കുട്ടികള്‍ക്ക് കളികോപ്പുകള്‍, ജൈവ കൃഷി, തേനീച്ച വളര്‍ത്തല്‍, പ്രാവിന്‍ കൂട്, നിരവധി കമ്പ്യൂട്ടറുകള്‍, ഇവയൊക്കെയാണ് പ്രൈമറി സ്കൂളിലെ സംവിധാനം, അധ്യയനം മാത്രം ജാസ്തി. കുട്ടികളെ അക്ഷരം പഠിപ്പിക്കില്ല, അവര്‍ തനിയെ പഠിക്കണം പോലും. പണ്ട് സ്കൂളുകളില്‍ 16-ന്റെ പെരുക്കപ്പട്ടിക വരെ പഠിപ്പിക്കുമായിരുന്നു. പിന്നീടത് പത്തിന്റേതായി ചുരുങ്ങിയെങ്കിലും പഠിപ്പിക്കാത്ത അവസ്ഥ ഉണ്ടായിരുന്നില്ല. ഇന്നാകട്ടെ ഗുണനപ്പട്ടികയെ പാടില്ലെന്നാണ്. കുട്ടികളെ മാനസികമായി പീഠിപ്പിക്കാന്‍ പാടില്ല! ഇങ്ങനെ കൂട്ടാനും  ഗുണിക്കാനുമാറിയാത്ത, സ്വന്തം പേരുപോലും തെറ്റുകൂടാതെ എഴുതാനറിയാത്ത കുട്ടികളാണ് പ്ലസ് ടു വും കഴിഞ്ഞു കോളേജിലെത്തുന്നത്.

കോളേജിലാണ് വിദ്യാഭ്യാസകളിയുടെ ക്ലൈമാക്സ്. സ്കൂളില്‍ അദ്ധ്യാപകര്‍ പഠിപ്പിക്കാന്‍ ചെറിയ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ കോളേജില്‍ അതുപോലുമില്ല.. ഇവിടെയെല്ലാം അസൈന്ന്‍മെന്‍റാണ്. അക്ഷരം കൂട്ടിവായിക്കാനാറിയാത്തവര്‍ അസ്സൈന്‍മെന്റിന്റെ പേരില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നു. കൂടുതല്‍ സമയവും എക്സ്ട്രാ-കരിക്കുലര്‍ ആക്റ്റിവിറ്റീസ് ആണ്.ഇവയില്‍ പശു കറവ  മുതല്‍ നീര ടെക്നോളജി വരെയുണ്ട്. കോളേജ് വിദ്യാര്‍ഥി നീരടെക്നീഷ്യന്‍  എന്നറിയപ്പെന്നത് ഒരു ഗമതന്നെ.

 പ്ലസ് ടു ക്ലാസിലെ ഫിസിക്സ് അദ്ധ്യാപകന്‍ ജലത്തിന്റെ ഡെന്‍സിറ്റി എത്രയെന്ന് ചോദിച്ചാല്‍ ഒരുകുട്ടിക്കും അറിയില്ല. സ്കൂളില്‍ അത് പഠിപ്പിച്ചിട്ടില്ല എന്നതാണു അവരുടെ ഉത്തരം.
ഇങ്ങനെ ഒന്നും അറിയാതെ, ഒന്നും പഠിക്കാതെ പരീക്ഷയ്ക്ക് എത്തുന്നവരെ ചോദ്യങ്ങള്‍ ചോദിച്ചു പരിഹസിക്കുന്നതാണ് ചോദ്യ കര്‍ത്താക്കളായ ചില അദ്ധ്യാപകരുടെ രീതി. സംശയ മുണ്ടെങ്കില്‍ 2014-ലെ സി ബി എസ് ഇ പരീക്ഷ്യ്ക്കു ചോദിച്ച ഒരു ചോദ്യം ശ്രദ്ധിയ്ക്കുക. ചോദ്യത്തിന്റെ നാടന്‍പരിഭാഷ ഇങ്ങനെ.

“ കുറച്ചുകാലമായി രാധയ്ക്ക് ക്ഷീണം , ശരീരം നേരെ നില്‍ക്കുന്നില്ല. എപ്പോഴും തലവേദനയെന്ന് പറയും. അവളുടെ അസുഖം കണ്ടുപിടിച്ചത് സഹോദരി ആരതിയാണ്. ആരതിയാണ് അച്ഛനമ്മമാരോട് പറഞ്ഞത് രാധയെ ഡോക്ടറെ കാണിക്കാന്‍. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു അവള്‍ക്ക് ടൂമറാണെന്ന്, തലച്ചോറില്‍. നിങ്ങളുടെ നോട്ടത്തില്‍ ഇവിടെ ആരതി പ്രകടിപ്പിച്ച മൂല്യങ്ങള്‍ എന്തൊക്കെ? റേഡിയോ ഐസോടോപ് ഉപയോഗിച്ച് ഡോക്ടര്‍ രോഗം നിര്‍ണയിച്ചത് എങ്ങനെ?
സംശയിക്കേണ്ട, പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യം തന്നെ.

ഇതിനേക്കാള്‍ വിചിത്രമാണ് കേരള ഹൈയര്‍സെക്കണ്ടറി പരീക്ഷയുടെ ചില ചോദ്യങ്ങളും.
പഠനം മതിയാക്കി കുട്ടികള്‍ മാവോ വാദികള്‍ ആയില്ലെങ്കിലെ അല്‍ഭുത പ്പെടേണ്ടതുള്ളൂ.


              -------------------------------------------------------

Saturday 10 January 2015

മലയാള സാഹിത്യത്തിലെ പുതിയ പ്രവണതകള്‍


ലേഖനം-കെ എ സോളമന്‍



മാറ്റത്തിന് വിധേയമാണ് ജീവിതം, അതുകൊണ്ടു സാഹിത്യവും മാറ്റത്തിന് വിധേയം. നിത്യ ജീവിതത്തിൽവന്നുകൂടുന്ന വ്യതിയാനങ്ങൾ മനുഷ്യമനസ്സിൽ പുതിയ ഭാവതലങ്ങള്‍ സൃഷ്ടിക്കുകയും അവ കലയിലും സാഹിത്യത്തിലും പ്രത്യക്ഷ മാവുകയും ചെയ്യുന്നു. നമ്മുടെ എഴുത്തുകാരെല്ലാം തന്നെ  കാലത്തിന്ടെ ഈ മാറ്റത്തിനൊത്തുനീങ്ങിയവരാണ്..
മലയാളിയുടെ സാമൂഹ്യ-സാഹിത്യ ജീവിതത്തിൽ മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വിപുലമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ അച്ചടിക്കൊപ്പം റേഡിയോ, സിനിമ എന്നീ രണ്ടു പുതിയ മാധ്യമങ്ങള്‍ സാഹിത്യത്തെ പരിപോഷിപ്പിച്ചു. ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവ മലയാള സാഹിത്യത്തില്‍ ശക്തമായ മാറ്റങ്ങള്‍ക്ക് നിദാനമായി.

ഉത്തരാധുനികത
ആഗോളതലത്തിൽ മാധ്യമരംഗത്തുണ്ടായ വിസ്‌മയകരമായ കുതിപ്പും  ഉപഭോഗസംസ്‌കാരവും എഴുത്തുകാരെ പുതിയ ചില നിലപാടുകളിലേക്ക്‌ നയിച്ചു. ഇക്കാര്യത്തിൽ അവർക്ക്‌ സൈദ്ധാന്തികമായ പിൻബലം നൽകാൻ പാശ്ചാത്യ ചിന്തകരുടെ സംഭാവനകളും ഉണ്ടായിരുന്നു. ഇതിനെ നമ്മുടെ സാഹിത്യവേദികളില്‍  ആധുനികോത്തരത അഥവാ ഉത്തരാധുനികത എന്നു പറഞ്ഞുതുടങ്ങി. എന്നാൽ ഇപ്പോഴും ഉത്തരാധുനികത ഒരു പ്രസ്ഥാനമെന്നരീതിയില്‍  മലയാളത്തിൽ പ്രതിഷ്‌ഠ നേടിയിട്ടില്ല.എന്നതാണു വാസ്തവം.  

എഴുത്തിന്റെ പുതുരീതി
എത്ര സങ്കീര്‍ണമായ യാഥാർത്ഥ്യത്തെയും  ചോദ്യരൂപത്തിൽ അവതരിപ്പിക്കാനാണ്‌ പുതിയ എഴുത്തുകാർ ശ്രമിക്കുന്നത്‌. മാത്രമല്ല. മലയാള കഥയിൽ ഈ മാറ്റം ഏത്‌ അളവിൽ സംഭവിച്ചു എന്നറിയാൻ എം.മുകുന്ദൻ, കാക്കനാടൻ ആനന്ദ്‌, എൻ.എസ്‌.മാധവൻ, ടി.വി.കൊച്ചുബാവ എന്നിവരുടെ രചനകല്‍ വായിച്ചാൽ മതി. കവിതയിൽ സംഭവിച്ച മാറ്റം ബോദ്ധ്യപ്പെടാന്‍ , അയ്യപ്പപണിക്കർ, സച്ചിദാനന്ദന്‍  എന്നിവരുടെ കവിതകള്‍ വായിക്കണം.

സുതാര്യത.
മാധ്യമരംഗത്തെ വിസ്ഫോടനങ്ങുളും സൌകര്യങ്ങളും എഴുത്തുകാരെ സംബന്ധിച്ചിടത്തോളം കാമ്പില്ലായ്മ  എന്ന അവസ്ഥയിലേക്ക്‌ നയിച്ചു.. സൃഷ്ടികള്‍ എല്ലാം വളരെ സുതാര്യമായി, ഒന്നും ഒളിച്ചുവയ്‌ക്കാനില്ലാത്ത അവസ്ഥ. ഇത് നല്ലതെന്നും അല്ലെന്നും അഭിപ്രായമുണ്ട്.. അതോടൊപ്പം പുതിയ വിജ്ഞാനശാഖകളിലെ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ ഭാഷയെ നവീകരിക്കാനുള്ള  ശ്രമങ്ങള്‍ പുതിയ എഴുത്തുകാര്‍ നടത്തുകയും ചെയ്യുന്നു.  

വികലചരിത്ര നിര്‍മ്മിതി.
ചരിത്രത്തെ വികലമാക്കന്‍ എന്നും എഴുത്തുകാരുടെ ഭാഗത്ത് നിന്നു ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. രചനകൾ ആഴമുളളതാക്കാൻ ചരിത്ര സന്ദർഭങ്ങളെ ആശ്രയിക്കുന്ന ഈ എഴുത്തുകാര്‍ . ജീവചരിത്രവും  ദേശചരിത്രവും മാറ്റിയെഴുതുന്നു. ഒരു ബദൽ ചരിത്രം എഴുത്തുകാരന്‍ സൃഷ്ടിക്കാന്‍ശ്രമിക്കുന്നത്‌ പലപ്പോഴും വിവാദത്തിന് വേണ്ടിയാണ്.  കാലത്തെ തടവിലിടുന്ന ഇവരുടെ കൃതികൾ സാംസ്‌കാരിക വിമർശം ഒരു ബാദ്ധ്യതയായി എറ്റെടുക്കുന്നു. ഇക്കൂട്ടരുടെ ഭാവനയില്‍ ഗാന്ധിജിയെക്കാള്‍ മഹാനായി മഹാസഭാസ്ഥാപകന്‍മാരെയും ഗോദ്സെയുമൊക്കെ അവരോധിക്കപ്പെടുന്നു. മാഹാത്മഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ കന്ദസ്വാമികള്‍ മാത്രമല്ല ബുക്കര്‍ പ്രൈസ് ജേതാക്കള്‍ വരെയുണ്ട്. വിവാദം എന്നു വിറ്റഴിക്കപ്പെടുന്ന ചരക്കായി ഇവര്‍ കരുതുന്നു. ജവഹര്‍ലാല്‍ നെഹ്രുവിനെക്കാള്‍ മഹാനാണ് പട്ടേല്‍ എന്നു വാദിക്കുന്ന രാഷ്ട്രീയ പാര്‍ടിക്കുവേണ്ടി ചരിത്രം തിരുത്തുന്ന സാഹിത്യകാരന്‍മാരും മലയാളത്തിലുമുണ്ട്. പട്ടേലാണ് മിടുക്കന്‍ എന്നു ഉത്തമ ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയായില്ല എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു.  

പെണ്ണെഴുത്ത്
പുതിയ ലോകത്ത്‌ സ്‌ത്രീ നേരിടുന്ന സ്വത്വപ്രതിസന്ധികൾ അവളുടെതന്നെ കാഴ്‌ചപ്പാടിൽ അവതരിപ്പിക്കുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. അവയെ    ‘പെണ്ണെഴുത്ത്‌’ എന്ന പേരില്‍ വിളിക്കാനാണ് ഇത്തരം സൃഷ്ടികളോട് ആഭിമുഖ്യം കുറവുള്ളവര്‍ ശ്രമിക്കുന്നത്. .അതുകൊണ്ടു സാറാ ജോസഫ്‌, ഗ്രേസി, അഷിത, പ്രിയ.എ.എസ്‌., റോസ്‌മേരി, വി.എം.ഗിരിജ എന്നിവരുടെ കൃതികളെ പെണ്ണെഴുത്തില്‍പ്പെടുന്നതായി കരുതുകയും ചെയ്യുന്നു.   
.
സമാന്തര സാഹിത്യം
പുതിയകാലത്തിന്റെ സംഭാവനയാണു സമാന്തര സാഹിത്യം. സമാന്തരസാഹിത്യത്തില്‍ സാഹിത്യ സദസ്സുകള്‍ക്കും ചെറുപ്രസിദ്ധീകരണങ്ങള്ക്കും ഉള്ള പങ്ക് വളരെ വലുതാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെവളര്‍ച്ച മനുഷ്യന്റ. പുരോഗതിയിലേക്കുള്ള   വഴിയിലെ നാഴികക്കല്ലാണ്. മനുഷ്യരാശിയുടെ ധൈഷണിക വികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാധ്യമങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയുംപുതിയ  ലോകം തുറന്നുവെച്ചിരിക്കുന്നു. മുഖ്യധാരാ മാധ്യമത്തമ്പുരാക്കന്മാരുടെ നിഷേധമനസ്ഥിതി മൂലം സൈബര്‍സാഹിത്യമെന്ന സമാന്തരസാഹിത്യമേഖല വളര്‍ന്നു.. സ്വന്തം കയ്യക്ഷരത്തിലുള്ള എഴുത്തു ഉപേക്ഷിച്ചു നവ എഴുത്തുകാര്‍ കീബോര്‍ഡു എഴുത്തിലേക്ക് മാറി. എല്ലാവര്ക്കും ഒരേകയ്യക്ഷരം എന്ന മനോഹരമായ അവസ്ഥ, വേണമെങ്കില്‍ ചെറിയമാറ്റം വരുത്താം, അതിനെ ടൈംസ് ന്യൂ റോമന്‍ എന്നോ, കൂരിയര്‍ ന്യൂ, ജോര്‍ജിയ, കാര്‍ത്തിക, മഞ്ജരി എന്നക്കൊയോ  വിളിക്കാം.

ബ്ലോഗെഴുത്ത്.
പ്രതിഭാസ്പര്‍ശമുള്ള ചെയിയ  എഴുത്തുകാര്‍  പക്ഷപാതിത്വ- നിയന്ത്രണങ്ങളുമുള്ള കുത്തക മാധ്യമതന്പുരാക്കാന്‍മാരുടെ പുറകെ നടക്കാതെ ഓണ്‍ ലൈനായി സ്വയം പബ്ലിഷ് ചെയ്യാന്‍തുടങ്ങി. ഇങ്ങനെ പബ്ലിഷ് ചെയുന്ന ഇടത്തെ ബ്ലോഗ്, ഫേസ്ബുക്ക്, ട്വിറ്റെര്‍, ലിങ്ക്ഡെന്‍ എന്നൊക്കെ വിളിക്കാം. ലക്ഷക്കണക്കിന് വായനക്കാരേകിട്ടില്ലെങ്കിലും  ആയിരമൊയാ പതിനായിരമോ പേര്‍ സൃഷ്ടികള്‍ വായിച്ചെന്നിരിക്കും. മിക്ക ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ആയിരവും അന്‍പത്തിനായിരവും പേര്‍ ആംഗങ്ങളായുണ്ട്. . അങ്ങനെ കെട്ടിയമര്‍ത്തിവെച്ചിരുന്ന ഭാവനകള്‍ക്ക് ചേക്കേറാനൊരു ചില്ലയായിത്തീര്‍ന്നു ഇന്റര്‍നെറ്റുലോകം. മലയാളസാഹിത്യത്തിലെ അതിനൂതനപ്രവണതയായി ഇന്‍റര്‍നെറ്റ് പ്രസിദ്ധീകരണത്തെ കാണണം.  

ഇ-എഴുത്ത്

കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോഎന്ന തര്‍ക്കം തുടര്‍ന്നുകൊണ്ടേ യിരിക്കുന്നു. എന്നാല്‍ മറ്റുചിലരുടെ അഭിപ്രായ്ത്തില്‍ ഇതിന് രണ്ടിനുമല്ല കല മറിച്ചു , സാമൂഹിക പരിവര്‍ത്തനത്തിന്നുവേണ്ടിയുള്ളതാണെന്ന്.  ഈ തര്‍ക്കത്തില്‍ തീരെ ശ്രദ്ധിക്കാതെയാണ് ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങി എഴുത്ത് ഉണ്ടായത്. ഇവായെ  പൊതുവായി ഇ-എഴുത്ത് എന്നു വിളിക്കാം.ഇ-എഴുത്തില്‍ ഓരോരുത്തര്‍ക്കും അവനവന്റെ ഇടം സ്വയം നിശ്ചയിക്കാന്‍ കഴിയുന്നു. തന്റെ സൃഷ്ടിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരുത്തുക എന്നുള്ളത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവഴിയില്‍ ഏറ്റവും ലളിതമാണ്. അതാതുസമയങ്ങളിലെ അവനവന്റെ ഭാവനകളെ, നിലപാടുകളെ സ്വയം പ്രസിദ്ധം ചെയ്യാനുള്ള വഴിയാണ് ഇ-എഴുത്ത്. ഇ-എഴുത്തില്‍ എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെ. ഇ-എഴുത്തു മുഖ്യധാരാമാധ്യമങ്ങളും അവയിലെ എഴുത്തുകാരും വിമര്‍ശിക്കുന്നു. എന്നാല്‍ ത തിരികെവിമര്‍ശിച്ചു സമയം കളയാന്‍ ഇ-എഴുത്തുകാര്രില്‍ അധികംപേരും തയ്യാറാകുന്നില്ല.  ഒട്ടുമിക്കപ്പോഴും ഇ-എഴുത്തുകാര്‍ക്കെതിരെയുള്ള വിമര്‍ശം അപക്വവും അല്‍പത്തവും  ആയിത്തീരാറുണ്ട്.

ടോയിലെറ്റ് സാഹിത്യം.

നല്ലതും എന്നാല്‍  വളരെ ചീത്തയും ആയ സിനിമകല്‍ നിര്‍മ്മിക്കുന്ന ആളാണു രെഞ്ജിത്ത്. പ്രാഞ്ചിയേട്ടനും സെയിന്റും അദ്ദേഹത്തിന്റെ നല്ല സിനിമയാണെങ്കില്‍ സ്പിരിറ്റ് അറുപൊളിയാണ്. ഇതിനാണ് സംസ്ഥാന സര്ക്കാര്‍ നികുതിയിളവ് ചെയ്തുകൊടുത്തതെന്നത് വലിയതമാശ. രഞ്ജിത് പറയുന്നതിങ്ങനെ.:”പണ്ട് കക്കൂസിന്റെ ഭിത്തിയില്‍ സാഹിത്യ രചന നടത്തിയവരാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്” എന്നു വെച്ചാല്‍ പണ്ട്  കക്കൂസിന്റെ ഭിത്തികള്‍ നോക്കി വായിച്ചുനടന്നവര്‍ ഇന്ന് ഫേസ്ബുക്ക് വായിക്കുന്നു എന്നര്‍ഥം. എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കാന്‍ ഫെസുബുക്കിനാകുന്നുഎന്നത് വലിയ കാര്യം തന്നെ.

അപക്വ വിമര്‍ശം

ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം മലയാളകവിതയേയില്ല എന്ന് ഈയിടെ ഒരു നിരൂപകപറഞ്ഞിരുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ അപക്വം മാത്രമല്ല അര്‍ഥശൂന്യവുമാന്. . ചുള്ളിക്കാട് എത്ര ഭാവനാവിലാസമുള്ള കവിയായാലും  അദ്ദേഹത്തിന്റെ എഴുത്തിന് ശേഷവും മലയാളത്തില്‍ നല്ല കവിതകള്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊടിരിക്കുകയും ചെയുന്നു,

ഇ-എഴുത്തിനെ കുറിച്ചു ‘വെറും കൊള്ളിമീനുകള്‍ ‘ മാത്രമാണെന്നാണ് പറഞ്ഞു ആക്ഷേപിക്കുന്നവരും ഉണ്ട്. .എന്നാല്‍ ഇത്തരം കൊള്ളിമീനുകളിലെ ഒരുവരിക്ക് പരണിത പ്രഞ്ജന്റെ ഒരു പേജിനെക്കാള്‍ കൂടുതല്‍ ആദരം കിട്ടുന്നു എന്നതും വാസ്തവം.  മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും ഈ കൊള്ളിമീനുകള്‍ നീതി പുലര്‍ത്തുകയും ചെയ്യുന്നു..

അച്ചടി മാധ്യമങ്ങളില്‍ പിറക്കുന്ന പ്രമുഖരുടെ എല്ലാ എഴുത്തുകളുംസംപൂര്‍ണമെന്ന് പറയാന്‍ കഴിയില്ല. ഇവയെക്കുറിച്ചുള്ള വിമര്‍ശവും അവര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ ഇ-എഴുത്തു വായിക്കുന്ന സമയത്ത് തന്നെ വായനക്കാര്‍ എഴുതുന്ന കമന്റുകളിലൂടെ തന്റെ രചനയെ കുറിച്ചൊരു രൂപം രചയിതാവിന് കിട്ടുന്നു. തന്റെ എഴുത്ത് നവീകരിക്കാന്‍ ഇത് ഏറെ സഹായകകരമാവുകയും ചെയ്യുന്നു.നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ  നവീകരിക്കുക്കാന്‍ ഇ-എഴുത്തുകാരന് കഴിയുന്നു വെന്നത് സാഹിത്യത്തിലെ ഓരു നൂതന്ന പ്രവണതയാണ്.  .
2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ‘ആടുജീവിത’ത്തിന്റെ കര്‍ത്താവായ ബെന്യാമിന്‍ പറയുന്നത്ഇങ്ങനെ.
“സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമൊക്കെ ഇന്നൊരു സാമൂഹിക യാഥാത്ഥ്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കി ക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം പരിജ്ഞാനക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതാണ്”.

സാഹിത്യത്തിന്റെഭാവി കയ്യക്ഷരത്തിലും, പത്രപുസ്തകവായനയിലും മാത്രം ഒതുങ്ങുന്നില്ല. അത് ഇ-എഴുത്തിലും ഇ-വായനയിലുംഅധിഷ്ഠിതമാണ്.. മലയാളസാഹിത്യത്തിന്റെ കുതിപ്പും അങ്ങനെതന്നെ.,    

                =========================

Sunday 4 January 2015

സ്വയംഭരണ സെര്ടിഫിക്കറ്റുകള്‍

കൊച്ചിയിലെ സ്വയംഭരണ കോളേജുകൾ അടുത്ത ജൂൺ മുതൽ കരിക്കുലം വീണ്ടും രൂപകല്പന ചെയ്യുന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ഉറപ്പുവരുത്തുന്നതിനാണ് ഈ മാറ്റം എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയംഭരണ കോളേജുകളിൽ അവയുടെ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ 2015-16 അധ്യയന വർഷം മുതല്‍ നിലവിലുള്ള പാഠ്യപദ്ധതിയിൽ 20 ശതമാനം മാറ്റം വരുത്തുകയും ചെയ്യും.

ഇത് കേട്ടാല്‍ തോന്നുക ഈ കോളേജുകളിലെ പാഠ്യക്രമം അഫിലിയേറ്റ് കോളജുകളിൽ ഉള്ളവയെക്കാള്‍ മികച്ചതാണെന്ന്. എന്നാൽ സത്യത്തിൽ ഈ കോളേജുകളിൽ പ്രവര്ത്തി1ക്കുന്ന ബോർഡ് ഓഫ് സ്റ്റഡീസ് സര്‍വ കലാശാലകളില്‍ പ്രവര്ത്തിൽക്കുന്നവയെക്കാള്‍ നിലവാരം കുറഞ്ഞവയാണ്. അദ്ധ്യയനത്തെക്കാള്‍ ഗുമസ്തപ്പണിയാണ് അദ്ധ്യാപകരുടെ മുഖ്യ ജോലി. സ്വയംഭരണ കോളേജിന്റെ പ്രവര്ത്തകനം പ്രാദേശിക-ദേശീയ വികസന ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുമെന്നും സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നൊക്കെയുള്ള സ്വയംഭരണ കോളേജ് കൗൺസിൽ ചെയർമാന്റെ അവകാശവാദം വെറും വാചകമടിയാകാനെ തരമുള്ളൂ.

യഥാർത്ഥത്തിൽ ശ്രദ്ധേയമായ ഒരു പ്രവര്ത്തെനവും കേരളത്തിലെ സ്വയംഭരണ കോളേജുകളിൽ നടക്കാന്‍ പോകുന്നില്ല . ഈ കോളേജുകല്‍ വിദ്യാർത്ഥികൾക്ക് നൽകുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ക്ക് പുറം രാജ്യങ്ങളില്‍ എത്രമാത്രം സ്വീകാര്യത കിട്ടുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട വിഷയമാണ് .

കെ എ സോളമന്‍ .

ഫാസിസത്തിനു എതിരെ ചുംബനം



'ഫാസിസം' എന്ന പദത്തിനു ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ 'സ്നേഹം' എന്ന വാക്കിനേക്കാള്‍ സ്വീകാര്യത ഉണ്ട്. ‘സ്നേഹ ചുംബന’ത്തിന്റെ ആലപ്പുഴഎഡിഷനു ‘ഫാസിസത്തിനു എതിരെ ചുംബനം 'എന്നു പേര് വന്നത് അങ്ങനെയാണ്. ചുംബന പ്രതിഷേധത്തെ . സിപിഎം സെക്രട്ടറി പിണറായി വിജയൻ തള്ളിപ്പറഞ്ഞതോടെ തുടക്കത്തില്‍ പ്രതിഷേധത്തെ പിന്തുണച്ചുഎത്തിയ ആലപ്പുഴ ഡി.വൈ.എഫ്.ഐ യൂണിറ്റിന് നേരിട്ട് ചുംബനമേള നടത്താന്‍ കഴിയില്ല എങ്കിലും അവരുടെ പിന്തുണ പ്രകടമാക്കുന്നതാണ് പ്രതിഷേധത്തിന്റെ പുതിയ പേര്. ഫാസിസമാണല്ലോ കമ്യൂണിസം, യാഥാസ്ഥിതികത, പാർലമെന്ററി ലിബറലിസം എന്നിവയ്ക്കെതിരെ ചരിത്രപരമായ ആക്രമണം നടത്തിയിട്ടുള്ളത് ഒരു തുറന്ന ചുംബനം കമ്മ്യൂണിസംവളരാന്‍ പ്രയോജനപ്പെടുമെന്ന് അവര്‍ കരുതുന്നു.
ഫാസിസത്തിനെതിരെ യുള്ള ചുംബന വേദിയായ ആലപ്പുഴ ബീച്ച് വഴിവിട്ട ദൃശ്യങ്ങള്ക്ക്ത സാക്ഷിയാകാന്‍ സാധ്യത ഉള്ളതിനാല്‍ പോലീസ് ജാഗ്രത പുലര്ത്തേ ണ്ടതുണ്ട്. ആലപ്പുഴയിലെ പ്രോഗ്രാം സംഘാടകർ അത്ര പ്രസിദ്ധരല്ല. ഈ ആളുകല്‍ ഇതപ്ര്യന്തം സമൂഹത്തിനു ചെയ്ത സംഭാവന എന്തെന്ന്ആര്ക്കുതമറിയില്ല . കുപ്രസിദ്ധി നേടുക എന്നതാണു ചിലയാളുകളുടെ രീതി. സത്ക്കീര്ത്തി്യെക്കാള്‍ ദുഷ്ക്കീര്ത്തി ക്കാണു പ്രാമുഖ്യം എന്നു ചിലരെങ്കിലും ധരിച്ചുവെച്ചിരിക്കുന്നു.
കെ എ സോളമന്‍

Friday 2 January 2015

ജൈവ കൃഷി?



ഇപ്പോൾ കേരളത്തിൽ ഏറെ കേള്‍ക്കുന്ന ഒരു വാക്കാണ്‍ ജൈവ കൃഷി. നിനയ്ക്കു എത്ര വയസ്സായി?’(How old are you?) എന്ന മഞ്ജു വാര്യര്‍ സിനിമയ്ക്കു ശേഷമാണ് ഈ കൃഷിക്ക് കേരളത്തില്‍ ആക്കം കൂടിയത്. അതോടെ സർക്കാർ ജൈവ കൃഷിയുടെ  ബ്രാന്റ് അംബാസഡറായി ശ്രീമതി വാര്യരെ നിയമിക്കുകയും ചെയ്തു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ സര്ക്കാര്‍ നേരിട്ടു ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും കീടനാശിനികൾക്കു യാതൊരു ക്ഷാമവുമില്ല ഇല്ല. വാസ്തവത്തിൽ 'ജൈവകൃഷിഒരു പരിമിധിയാണ്. കര്‍ഷകര്‍ യെഥേഷ്ടം  കീടനാശിനികൾ ഉപയോഗിക്കുകയും ജൈവകൃഷി ഉല്‍പ്പന്നം എന്ന ലേബലില്‍ അവ വിൽക്കുകയും ചെയുന്നു. ജൈവകൃഷിയുടെ പേരില്‍  വളരെയധികം തുക ചെലവഴിച്ച് സിനിമാ താരങ്ങളായ  മമ്മൂട്ടി,  ശ്രീനിവാസൻ തുടങ്ങിയവര്‍ നടത്തുന്ന കൃഷി  പ്രകടമായിത്തന്നെ കള്ളപ്പണം വൈറ്റ്  ആക്കുന്നതിനുള്ള തന്ത്രപരമായ ഏര്‍പ്പാടായ് കാണണം. ജൈവ കൃഷി രീതികളിലേക്ക്  മാറാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് താരങ്ങൾ ഏറ്റെടുത്ത  സംരംഭം പാവപ്പെട്ട  കർഷകരെ പറ്റിക്കാന്‍ വേണ്ടിയാണ്.  250 കി.ഗ്രാം പച്ചക്കറിഉല്‍പാദിപ്പിക്കാന്‍ ഒരു സാധാരണ കർഷകനു 25000 ചെലവഴിക്കാന്‍ കഴിയില്ല.

ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരിന് അതീവ താല്പര്യമുണ്ടെങ്കില്‍  ആദ്യം ചെയ്യേണ്ടത്  സംസ്ഥാനത്തെ എല്ലാവിധ  കീടനാശിനി ഉല്പാദനവും വില്പനയും തടയുക എന്നതാണ്.

കെ എ സോളമന്‍ 
\

Thursday 1 January 2015

തകര്‍ക്കാം വരമ്പുകള്‍ –കവിത




ജാതിഭേദം മതദ്വേഷം
മദ്യവിഷലിപ്തമീനാട്
വിദ്വേഷത്താല്‍ കലുഷിതം
മഹാപ്രവാചകഗുരോ-
ക്ഷമിക്കുകമനുഷ്യന്‍ നന്നാവുവോളം.

ധര്‍മ്മ സംഹിതതന്‍ പ്രഭവസ്ഥാനം
അതേന്നറിയുകനീ മനുഷ്യാ-
മനുഷ്യന്‍ നന്നായാല്‍ മതി,
മനുഷ്യത്വമാകട്ടെ സദ്മതം.

മരുത്വാ മലയിലെ തപസ്സും,
ലോക രക്ഷക്കായുള്ള പ്രയാണവും,
കര്‍മ്മകാണ്ഡവിശുദ്ധിയും
സന്ദേശമായിക്കണ്ട മഹാശ്രേഷ്ഠ
ക്ഷമിക്കുക,
കാലാതിവര്‍ത്തിതവദര്ശനം

പ്രകൃതിക്കുണ്ടൊരുതാളം
മനുഷ്യജീവിതത്തിന്‍ മഹാതാളം
ഒളിയമ്പെയ്യരുത്തളര്‍ത്തരുത്,
മുറിവേല്‍ക്കപ്പെടരുത്,
മനസ്സും ശരീരവും

സര്‍വസംഗ പരിത്യാഗിയാം ഗുരു
നല്‍കീഹൃദയങ്ങള്‍ക്ക് പ്രാര്‍ഥനാബലം
വിദ്യാലയമോ മുഖ്യദേവാലയം
മുഴങ്ങി-
അക്ഷരജ്ഞാനത്തിന്‍  പാഞ്ചജന്യം

കാണുക പരമാര്‍ത്ഥങ്ങള്‍
തിരിച്ചറിയുക വിവേകമേതെന്ന്,
പ്രകൃതിയോടൊപ്പം നടക്കാം,
പഠിക്കാംനിസ്വാര്‍ത്ഥമായ്
തകര്‍ക്കാം ജാതിഭേദവര്‍ണ്ണവരമ്പുകള്‍.