Saturday 20 February 2016

അടിപതറിയ അഹങ്കാരികള്‍- ലേഖനം -കെ എ സോളമാണ്

a.k




അടിപതറിയിട്ടില്ലെന്നായിരുന്നു ഇതുവരെ കേട്ടത്. കിട്ടിയ വോട്ടിന്റെ കണക്കെടുപ്പിലൂടെയാണ് പാര്‍ട്ടിയുടെ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മുതല്‍ സ്‌റ്റേറ്റ് പ്രദേശ് പ്രസിഡന്റ്‌വരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം വിശകലനം ചെയ്തത്. ഇപ്പോള്‍ പറയുന്നു അടിപതറിപ്പോയെന്ന്. പറയുന്നതു മറ്റാരുമല്ല, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗവും മുന്‍പ്രതിരോധമന്ത്രിയും മുന്‍ കേരള മുഖ്യനുമായിരുന്ന എ.കെ. ആന്റണി.
ആന്റണി പറഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ അപ്പീലില്ല. തോല്‍വിയുടെ കാരണവും അച്ചായന്‍ പറയുന്നു- നേതാക്കളുടെ അഹങ്കാരം.
പ്രതിരോധമന്ത്രിയായി കേന്ദ്രത്തില്‍ 10 വര്‍ഷം അടയിരുന്നപ്പോള്‍ കേരളത്തെക്കുറിച്ച് അത്ര മിണ്ടാട്ടമില്ലായിരുന്നു. ഇപ്പോള്‍ പതിവായി കേരളത്തില്‍തന്നെയുണ്ട് പ്രസ്താവനയുമായി.
തന്റെ പാര്‍ട്ടിയില്‍ നേതാക്കള്‍ ചിലപ്പോഴെല്ലാം അഹങ്കാരികള്‍ ആകാറുണ്ട്. അഹങ്കാരം എന്നതു ജന്മനാ ഉള്ളതല്ല. ചിലപ്പോള്‍ മാത്രം ഉണ്ടാകുന്നതുമാണ്.
അരുവിക്കര തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ നേതാക്കള്‍ അഹങ്കാരികളായി. തദ്ദേശതെരഞ്ഞെടുപ്പില്‍ എതിര്‍വോട്ടുചെയ്ത് ജനം അഹങ്കാരം കുറച്ചു. നാലരവര്‍ഷം മുമ്പ് അധികാരമേറ്റതുമുതല്‍ നേതാക്കള്‍ക്കു പിടിപെട്ട അഹങ്കാരരോഗം പൂര്‍ണമായി ശമിക്കുവാന്‍ രണ്ടുമാസം ഇനിയും വേണ്ടിവരുമെന്ന് സൂചന.
അന്തരിച്ച നേതാവ് കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സഹതാപവോട്ടുകള്‍ കിട്ടിയതാണ് അദ്ദേഹത്തിന്റെ മകന്‍ വിജയിക്കാനും തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഹങ്കാരിക്കാനും അവസരമുണ്ടായത്.
കഴിഞ്ഞ നാലരകൊല്ലമായി കോണ്‍ഗ്രസ് നേതാക്കളുടെ അഹങ്കാരത്തിന്റെ ഹുങ്ക് ജനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഹുങ്ക് കേറിയ നേതാക്കള്‍ ഹൈക്കമാന്റിനെ കാണാന്‍ ഓരോന്നു പറഞ്ഞുകൊണ്ടു ദല്‍ഹിയിലോട്ടു വിമാനം കേറുമ്പോഴും യഥാര്‍ത്ഥ ഹൈക്കമാന്റ് ആന്റണിതന്നെ. ആന്റണിക്ക് എന്തു തോന്നുന്നു, അതു സോണിയ പറയുന്നു. അതിനു കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഹൈക്കമാന്റ് എന്നു പറയുന്നു.
ഇന്ന് കേരളത്തില്‍ കോണ്‍്രഗസിന്റെ വര്‍ധിതവീര്യത്തിന് കാരണമായി ആന്റണി ഹൈക്കമാന്റ് കാണുന്നത് കെപിസിസി പ്രസിഡന്റിന്റെ ജനരക്ഷാ ഓട്ടമാണ്.
എന്നാല്‍ സുധീരനെയും ആന്റണിയെയും മറ്റു പലരെയും നേതാക്കളാക്കിയ വയലാര്‍ രവിയെ ജനരക്ഷായാത്രയില്‍ പങ്കെടുപ്പിക്കുന്നില്ല. അദ്ദേഹത്തെ ജനരക്ഷായാത്രയില്‍നിന്നും പുറത്താക്കി മൂലയ്ക്കിരുത്തി എന്നാണ് അദ്ദേഹത്തിന്റെ പ്രമുഖ അനുയായി അബ്ദുള്‍ഖാദര്‍ ഹാജി പറയുന്നത്. വയലാര്‍ജിയെ അവഗണിച്ചതിന്റെ പേരില്‍ ഹൈക്കമാന്റ് സോണിയക്കും ഹൈക്കമാന്റ് ആന്റണിക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇ-മെയില്‍, പോസ്റ്റ്കാര്‍ഡ്, ഇന്‍ലന്റ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പ്രതിഷേധമറിയിച്ചുകൊണ്ടിരിക്കുകയാണ് ഹാജിയാര്‍.
സംസ്ഥാന പെന്‍ഷന്‍കാരെ സന്തോഷിപ്പിക്കാനും ആന്റണി മറന്നില്ല. പെന്‍ഷന്‍കാര്‍ക്ക് മറ്റെന്തെങ്കിലും പേരു കണ്ടുപിടിക്കണമെന്നാണ് ആന്റണിയുടെ നിര്‍ദ്ദേശം. കുറ്റിച്ചൂല്‍, കട്ടന്‍കാപ്പി, തോര്‍ത്തുമുണ്ട് തുടങ്ങിയ സ്ഥിരം ചില പദാവലികള്‍ സ്വന്തമായുണ്ടെങ്കിലും ഇവയൊന്നും പെന്‍ഷന്‍കാര്‍ക്ക് യോജിക്കില്ല. പകുതി പെന്‍ഷന്‍കാരും വെള്ളം തൊടാതെ വീഴ്ത്തുന്നവരായതുകൊണ്ട് അവര്‍ക്ക് പുതിയ പേര് കൂടിയേ തീരൂ.



ജന്മഭൂമി 7-2-16

Thursday 18 February 2016

കപട ദേശീയത



നിയമം അറിയുന്നവരാണ് ഡൽഹിയിലെ വക്കീലന്മാർ എന്നു കരുതുക വയ്യ. പോലീസ് കസ്റ്റഡിയിരിക്കെ കോsതി പരിസരത്തു വെച്ചു കൻഹയ് യ കുമാറിനെ വക്കീലന്മാർ ചേർന്നു മർദിച്ചത് നിയമമറിയാതുള്ള, അങ്ങേയറ്റം അപലപനീയമായ നടപടിയാണ്. കോടതി വേണ്ടതു ചെയ്തു കൊള്ളുമെന്നു കരുതിയാൽ പോലും ഇത്തരമൊരു ഹീന സംഭവം നടന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു ഒരു ജനാധിപത്യ രാജ്യത്തിലെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഒഴിഞ്ഞു മാറാനാവില്ല.
കൻഹയ കു മാറി ന്റെ പ്രസംഗം വായിച്ചവർക്കു മനസ്സിലാവും ദേശദ്രോഹപരമായിട്ടു ഒരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ലായെന്ന്. അദ്ദേഹത്തെ മർദ്ദനത്തിനു വിട്ടു കൊടുത്ത നടപടി മനുഷ്യാവകാശ ലംഘനമാണ്. ഡൽഹി പോലിസിനെപ്പോലെ ഇത്രയും പക്ഷപാതപരമായി പ്രവർത്തിക്കുന്ന പോലീസ് മറ്റെവിടെങ്കിലുമുണ്ടോയെന്നു സംശയം
കപട ദേശീയത യുടെ പേരിലുള്ള ഇത്തരം കയ്യേറ്റങ്ങൾ തകർക്കുന്നതു് ബി.ജെപി യിലുള്ള വിശ്വാസവും പുറം ലോകത്തെ ഇന്ത്യ യുടെ യശസുമാണ്.
കെ എ സോളമൻ