Tuesday 29 November 2011

കാത്തിരുപ്പ് - കഥ -കെ എ സോളമന്‍








ഇമ്മാനുവേലിനു അമ്മ  മാത്രമേ  ഉള്ളു , ഇമ്മാനുവേലിനോട്  അമ്മ പറയും , " നീ  ചെല്ല് , നിനക്ക്  വേണ്ടപ്പെട്ടയാള്‍ അവിട്ടെയുണ്ട്, എന്തെങ്കിലും തരും, തരാതിരിക്കില്ല". അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല. ആളങ്ങു ദൂരെ യാണ്, പത്തു  കിലോമീറ്റര്‍  നടക്കണം. കടല്‍  തീരത്ത്‌ കൂടിയുള്ള നടപ്പ് പത്തു വയസ്സുകാരന് കടുപ്പമാണെങ്കി ലും  അമ്മയുടെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ മടി തോന്നില്ല. നടപ്പിനൊടുവില്‍ ലഭിക്കുന്ന  വലിയ ഭാഗ്യവും കൂടി യാകുന്പോള്‍   യാത്ര ആവേശം പകര്‍ന്നിരുന്നു.

കടലമ്മയോടു  വര്‍ത്തമാനം പറഞ്ഞു നടക്കാന്‍  ഒരു രസമുണ്ട്. എന്ത് ചോദിച്ചാലും കടലമ്മ ഒരേ ടോണിലാണ്  മറുപടി പറയുക . ഒരിക്കല്‍ കണ്ണടച്ച് നടക്കുമ്പോള്‍ തിരയില്‍ പെട്ട്  പോകേണ്ടതായിരുന്നു, കടലമ്മയാണ് പറഞ്ഞത്.: " കണ്ണ് തുറന്നു പിടിക്കു ഇമ്മാനുവേല്‍ " . ഭാഗ്യം , തിരയില്‍ പെട്ടില്ല, അല്ലായിരുന്നെകില്‍ ഇന്ന് കടലമ്മയുടെ കൊട്ടാരത്തിലായേനെ ജീവിതം.

യാത്രയുടെ ഒടുക്കം എത്തിച്ചേരുക ഒരു പള്ളി മുറ്റത്തായിരിക്കും, കടലിലേക്ക്‌ ദര്‍ശനമുള്ള പള്ളി. പള്ളിക്ക് ചുറ്റുമതിലില്ല. പള്ളിക്കടപ്പുറത്തെ തെങ്ങും ചുവട്ടില്‍ ഒരു ചീട്ടുകളി സംഘ മുണ്ട്, തനിക്കു വേണ്ടപ്പെട്ടയാള്‍  , ആ സംഘത്തില്‍ കാണും. ചാടി ക്കേറിച്ചെന്നു കാശു ചോദിച്ചാല്‍ ദ്വേഷ്യപ്പെടു മെന്നറിയാവുന്നതുകൊണ്ട് അതിനു മുതിരില്ല. ഒരു തെങ്ങിന്റെ തണലില്‍ , തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ തണലില്‍  കാത്തിരിക്കും, മണിക്കൂറുകളോളം . കൂടുകാരന്  ഇംഗ്ളിഷില്‍ ' ഫ്രെണ്ട് ' എന്ന് വിളിക്കും, കാര്‍ത്തിയായനി  ടീച്ചര്‍ പറഞ്ഞു തന്നതാണ്.

ഇമ്മാനുവേല്‍ തന്റെ കൂട്ടുകാരനോട് ചോദിച്ചു :
" ഫ്രെണ്ട് , നീ എത്ര നേരമായി ഇങ്ങനെ നില്കുന്നു, നിനക്ക് എങ്ങോട്ടും  പോവണ്ടേ?. കടലമ്മയെ നോക്കി നില്‍ക്കുന്നത് നിനയ്ക്കു അത്ര ഇഷ്ടമാണോ ?  എത്രതവണ  നീ അസ്തമനം  കണ്ടിട്ടുണ്ട് ? എന്നെ പ്പോലെ നിനയ്ക്കു ഇത്രയും നേരം ആരെയെങ്കിലും  കാത്തു നില്‍ക്കേണ്ടി  വന്നിട്ടുണ്ടോ ? അയാള്‍    എന്നെ കാണാന്‍ ഇങ്ങോട്ട് വരുമോ, അതോ ഞാന്‍ അങ്ങോട്ട് ചെല്ലണോ ? നീ മിണ്ടാതിരിക്കുമ്പോഴും എനിക്കറിയാം, നിനക്കെല്ലമറിയാമെന്നു . നിങ്ങള്‍ വൃക്ഷങ്ങള്‍ ത്രികാലജ്ഞാന മുള്ളവരല്ലെ, കിളികളെ പ്പോലെ, മഴയും ഇടിമിന്നലും  ഭൂകമ്പവും  നിങ്ങള്‍ക്കു  മുന്‍കൂട്ടി അറിയാന്‍ കഴിയും, ഞാന്‍ ഒരു കഥയില്‍ വായിച്ചതാണ്.  എനിക്ക് മനസ്സിലായി , ഇന്നു വെറും  കയ്യോടെയാണ് മടക്കമെന്ന്. അതാണ്‌ നിന്റെ മുഖത്തെ ഈ നിരാശയ്ക്ക് കാരണം. നിന്റെ കണ്‍തടത്തിലെ നനവു കൊണ്ട് എന്റെ ദുഃഖം  പങ്കിടുകയാണോ ? ഈ കടപ്പുറത്ത് നിന്നിട്ടു പോലും നിന്റെ ഓലകള്‍ തെല്ലും ഇളകാത്തതിന്റെ  കാരണം എനിക്കു മനസ്സിലാകും . പ്രതീക്ഷയര്‍പ്പിച്ചു നില്‍ക്കുന്നവന്  ഉണ്ടാകാന്‍ പോകുന്ന നിരാശ നീ കണ്മുമ്പില്‍ കാണുന്നു . നീ പലകുറി  എന്നോട് പറഞ്ഞിട്ടുണ്ട് , ' ഇമ്മാനു വേല്‍ നീ എന്തിനു ഇങ്ങനെ കാത്തു നില്കുന്നു, നിനയ്ക്കു ഇന്നു ഒന്നും  കിട്ടാന്‍ പോകുന്നില്ല, നീ  പോയ്കോള് '  ,  നീ എന്നോട് സത്യമേ പറഞ്ഞിട്ടുള്ളൂ   . " 

" ഞാന്‍ നിന്റെ കാല്‍ച്ചുവട്ടില്‍ ചടഞ്ഞു കൂടി   തലകുമ്പിട്ടിരിക്കും.എന്റെ വിരല്‍ നഖം നിന്റെ ശരീരത്തില്‍ മൃദുവായ് അമര്‍ത്തും, നിനയ്ക്കു നോവരുതല്ലോ. അതുകാണുമ്പോള്‍  നിനയ്ക്കു ഉള്ളില്‍ ചിരിയായിരിക്കും, എനിക്കറിയാം, നിന്റെ മേല്‍ പറ്റിയിരിക്കുന്ന പൂച്ചികളെ എടുത്തു ഞാന്‍ ദൂരെഎറിയും . ഒരിക്കല്‍ നീ പറഞ്ഞു, അല്ലെങ്കില്‍ എനിക്കങ്ങനെ തോന്നി, ' 
'ഈമ്മാനുവേല്‍ , എന്തിനാണു നീ അതിനെ എടുത്തുകളയുന്നത്   ? അതും നിന്നെ പ്പോലെ എന്നോടു ചേര്‍ന്നു ഇരിക്കുന്നതല്ലേ? ' ഞാന്‍ അതിനെ തിരികെ വെച്ചതും അതു ചാടിക്കളഞ്ഞു. നിന്റെ ശരീരത്തില്‍   പറ്റിയിരുന്ന പൂപ്പലുകള്‍  ഞാന്‍ നഖമമര്‍ത്തി അടര്‍ത്തിക്കളഞ്ഞത് നിനയ്ക്കു വളരെ ഇഷ്ടമുള്ളതായ്‌ തോന്നി."


കാത്തിരുപ്പിനിടയില്‍ എപ്പോഴെങ്കിലും തലയുയര്‍ത്തി ഇമ്മാനുവേല്‍ ചീട്ടു കളി സംഘത്തെ നോക്കും സംഘമവിടെ ത്തന്നെയുണ്ടാകും.  ഇമ്മാനുവേല്‍ ഫ്രെണ്ടിനോടു ചോദിച്ചു. " ഒത്തിരി തെങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടും നിന്നോട് മാത്രം എനിക്കു ഇത്രയും ഇഷ്ടം തോന്നാന്‍ കാരണമെന്ത് ?  അതിനു കൃത്യ മായ മറുപടി എനിക്കില്ലെങ്കിലും നിന്റെ ചുവട്ടില്‍ ഇരുന്നാല്‍ ചീട്ടു കളി സംഘത്തെ  നന്നായ് കാണാം. അതു തന്നെ  , മറ്റുള്ളവര്‍ക്ക് ഇല്ലാത്തൊരു സ്നേഹം എന്നോടു നിനക്കുണ്ടെന്നൊരു  തോന്നല്‍ .  കൂടക്കൂടെ  നോക്കും ഞാന്‍ നിന്നെ നോക്കും, സാന്ത്വനിപ്പിക്കുന്നതായിരിക്കും അപ്പോള്‍ നിന്റെ  നോട്ടം . ഞാന്‍ നിന്നോട് ഒരിക്കല്‍ ചോദിച്ചു, ' നീ മറ്റാരെയെങ്കിലും ഇങ്ങനെ സമധാനിപ്പിച്ചിട്ടുണ്ടോ ? '  അതിനു നീപറഞ്ഞ മറുപടി ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. നീ അന്നു പറഞ്ഞു:  ' നിന്നെ പ്പോലെ വേറെ യാരും എന്റെ തണലില്‍ ഇത്ര നേരം ഇരുന്നിട്ടില്ല, നിന്നെ പ്പോലെ വേറെയാരും എന്റെവാര്‍ത്തമാനം ഇത്ര കേട്ടിട്ടില്ല, നിന്നെ പ്പോലെ വേറെ യാരും എന്നോടു ഇത്ര മധുരമായി സംസാരിച്ചിട്ടില്ല. എനിക്കു നടക്കാന്‍ കഴിയു മായിരുന്നെങ്കില്‍ ഞാന്‍ നിന്നോടൊപ്പം വരുമായിരുന്നു.'. എന്റെ ഉള്ളം കുളിര്‍പ്പിച്ച   വാര്‍ത്തമാനമായിരുന്നു  അത്‌, എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ. "

നേരം സന്ധ്യയാകാറായി , ഇമ്മാനുവേല്‍തലയുയര്‍ത്തി നോക്കി. ചീട്ടു കളി സംഘം പിരിഞ്ഞു പോയിരിക്കുന്നു താന്‍ കാണാന്‍ വന്നയാളും അപ്രത്യക്ഷനായി  . തൊണ്ടയിലെ വെള്ളം വറ്റി വലിഞ്ഞു കണ്ണീരായി  ഒഴുകി. ഫ്രെണ്ട് ഇമ്മാനുവേലിനോട് പറഞ്ഞു , " ഇമ്മാനു വേല്‍ , നീ കരയാതെ, കണ്ണു തുടയ്ക്കു,  നിന്റെ കണ്ണീരില്‍  തൊട്ട വിരലുകള്‍ കൊണ്ടു എന്റെ മേത്തു സ്പര്‍ശിച്ചു കൊള്ളു.  വെറും കയ്യോടെ മടങ്ങിപ്പോയി അമ്മയെ  കാണുന്ന വിഷമമായിരിക്കും നിനയ്ക്ക്, സാരമില്ല, നിന്റെ അമ്മയ്ക്ക് കാര്യങ്ങള്‍ മനസിലാകും, നീ വലിയ ആളാകും, അന്നു വരണം എന്നെ കാണാന്‍ , ഈ തീരത്തു തന്നെ യുണ്ടാകും, 
ഞാന്‍ കാത്തിരിക്കും ."

നൂറു കിലോമീറ്റര്‍ അകലെ  നിന്നുള്ള   ഇമ്മാനുവലിന്റെ ഈ യാത്ര ആ പഴയ സാന്ത്വനകാഴ്ചയിലേക്കാണ്   . ഹോണ്ടസിറ്റിയിലാകുമ്പോള്‍  നൂറു കിലോമീറ്റര്‍ യാത്ര അത്രദുഷ്കരമല്ല. വെയില്‍ മങ്ങിയ നേരം, പള്ളിമുറ്റവും  പരിസരവും മാറിപ്പോയിരിക്കുന്നു.
പഴയ ചീട്ടുകളി സംഘമില്ല , നടവഴികള്‍ താറിട്ട റോഡുകളായി, പള്ളി സിമിത്തേരിയിലെ മണ്‍കുഴികള്‍  സിമെന്റ് വാള്‍ട്ടുകളായി.    തനിക്കു സാന്ത്വനമേകിയ ഫ്രെണ്ടിനെ ഇമ്മാനുവേല്‍ അവിടെ എല്ലാം അന്വേഷിച്ചു. ഇല്ല, സ്ഥലം മാറിയിട്ടില്ല . എവിടെ പ്പോയി തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ?  കണ്ണില്‍  നനവു പടരുന്നതു പോലെ ഇമ്മാനുവേലിനു തോന്നി.

മാസങ്ങള്‍ക്കു മുമ്പുണ്ടായ സുനാമിയില്‍ കടലമ്മയുടെ കൊട്ടാരത്തിലേക്കു താമസം മാറിയ ഫ്രെണ്ടിനെക്കുറിച്ചു ഇമ്മാനുവേലിനോട്   പറയാന്‍  മറ്റൊരു തൈത്തെങ്ങു പോലും
അവിടെങ്ങും    ഇല്ലായിരുന്നു.

-കെ എ സോളമന്‍

Monday 28 November 2011

വഴിയോര മരച്ചീനി കൃഷിയുടെ പ്രയോജനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അമ്പലപ്പുഴ ബ്ലോക്കില്‍ നടപ്പാക്കിയ പാതയോര മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്നതിനാണ് സന്നദ്ധസംഘടനയായ പുന്നപ്ര യുവധാര രംഗത്തിറങ്ങിയത് രസകരമായിരിക്കുന്നു . മരച്ചീനികാടുകളും, വാഴത്തോപ്പുകളും  അപ്രത്യക്ഷമായതാണ്  യുവതിയുവാക്കള്‍ തങ്ങളുടെ താല്‍കാലിക ആവശ്യത്തിനു മാളുകളിലും മള്‍ടീപ്ളെക്സിലും  ചേക്കേറാന്‍ കാരണമെന്ന് ഒരു വിദ്വാന്റെ അഭിപ്രായമായി പത്രത്തില്‍ എഴുതി ക്കണ്ട സാഹചര്യത്തില്‍ പുന്നപ്ര കപ്പക്കടയില്‍ പാത യോരത്തു  മള്‍ടീപ്ളെക്സില്ലാത്തതിന്റെ കുറവ്  ഇതോടെപരിഹരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായ സ്ത്രീകള്‍ നട്ടുവളര്‍ത്തിയ മരച്ചീനി ക്കൃഷിക്ക് അങ്ങനെ രണ്ടുണ്ടു പ്രോയോജനം .
-കെ എ സോളമന്‍

മുല്ലപ്പെരിയാര്‍ - രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് .




മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പൊടുന്നനെ ജനത്തെ ഇളക്കി വിടേണ്ട കാര്യമെന്തെന്ന് രാഷ്ട്രീയ നേതൃത്വം ചിന്തിക്കണം. പുരച്ചി തലൈവിക്കു ഡാമിന്റെ ഗുരുതരാവസ്ഥ മനസ്സിലാകില്ലെന്നുണ്ടോ ? തമിഴ് നാടിനു വെള്ളം നിഷേധിക്കില്ലെങ്കില്‍ അവര്‍ എന്തിനു പുതിയ ഡാമിന് എതിരുനില്കണം? ജനത്തെ തെരുവിലറക്കാതെ പ്രശനം പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതു രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് . പെട്ടെന്നു പുതിയ ഡാം നിര്‍മിക്കാന്‍ സാധ്യത കുറവായതിനാല്‍ , ജലനിരപ്പ് കുറച്ചു നിര്‍ത്തുകയാണ്  അവശ്യം വേണ്ടത്.
ശാസ്ത്രജ്ഞന്‍മാര്‍ ഉറപ്പിക്കുന്ന പക്ഷം അപകട സാധ്യത കണക്കിലെടുത്തു ഡാം പൊളിച്ചു നീക്കണം. 30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തമിഴ് നാടിന്റെ പച്ചക്കറി കൃഷി.
-കെ എ സോളമന്‍