നന്ദിപൂർവം - കഥ - കെ എ സോളമൻ
ഏഴ് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ് ഞാൻ. പുറംലോകവുമായി പൊരുത്തപ്പെടാൻ തുടങ്ങുന്നതേയുള്ളൂ. എനിക്ക് സംസാരിക്കാൻ ആവില്ല. എൻറെ അമ്മ എന്നെ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അമ്മത്തൊട്ടിലിൽ എത്തുന്നവരെല്ലാം അനാഥരാണെങ്കിൽ ഞാനും അങ്ങനെയാണ്. എൻ്റെ അമ്മയെ കുറ്റപ്പെടുത്താൻ എനിക്കാവില്ല, സാഹചര്യം അതായിരിക്കണം. എൻറെ അമ്മ സുരക്ഷിതയായി വീട്ടിൽ തിരികെ എത്തിക്കാണുമെന്ന് വിശ്വസിച്ച് ഞാൻ ആശ്വാസം കൊള്ളുന്നു.
ഈ സമയത്ത് ലോകം എനിക്ക് വളരെ പരിമിതമാണെങ്കിലും, അത്ഭുതകരമായ പല കാര്യങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും.
എനിക്ക് നിറങ്ങൾ തിരിച്ചറിയാൻ പറ്റുമോയെന്നു ചോദിച്ചാൽ
ഇല്ല, ഇപ്പോൾ സാധിക്കില്ല. ജനിച്ച് ഒരാഴ്ചയാകുമ്പോൾ കുഞ്ഞുങ്ങളുടെ കാഴ്ചശക്തി പൂർണ്ണമായും വികസിച്ചിട്ടുണ്ടാവില്ല. കറുപ്പ്, വെളുപ്പ്, ഇവ രണ്ടു ചേർന്ന ചാരനിറം എന്നിവ മാത്രമേ ഈ സമയത്ത് കാണാൻ സാധിക്കൂ.
കടും നിറങ്ങളോടും വെളിച്ചത്തോടും എല്ലാ കുഞ്ഞുങ്ങൾക്കും എന്നപോലെ എനിക്കും താൽപ്പര്യമുണ്ട്.
ഏകദേശം 12 ഇഞ്ച് അകലം വരെയുള്ള കാഴ്ചകൾ മാത്രമേ എനിക്കു വ്യക്തമായി കാണാൻ കഴിയൂ.
അമ്മ മുലയൂട്ടുമ്പോൾ മുഖത്തേക്ക് ഉള്ള ദൂരം മാത്രം. പക്ഷെ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല. അതുകൊണ്ട് ആ കാഴ്ചകളും അതിനപ്പുറമുള്ളതുമെല്ലാം എനിക്ക് അവ്യക്തമാണ്
തീർച്ചയായും എനിക്ക് ശബ്ദം തിരിച്ചറിയാൻ പറ്റും
ചിന്തിക്കാൻ കഴിയാത്ത ഒരു കുഞ്ഞിന് ഇതൊക്കെ എങ്ങനെ പറയാൻ കഴിയും എന്നതായിരിക്കും നിങ്ങളുടെ ചിന്ത.
ചിന്തിക്കാൻ ആകുമെങ്കിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്.
കേൾവി ശക്തി എല്ലാ കുഞ്ഞുങ്ങളുടേതും എന്നപോലെ ഗർഭപാത്രത്തിൽ വെച്ചുതന്നെ വികസിച്ചതാണ്. അതിനാൽ, എനിക്ക് പരിചിതമായ ശബ്ദങ്ങൾ, പ്രത്യേകിച്ച് എൻ്റെ അമ്മയുടെ ശബ്ദം ഞാൻ വേഗത്തിൽ തിരിച്ചറിയും. പക്ഷേ എൻ്റെ അമ്മ? എനിക്ക് ആ ഭാഗ്യം വെറും ഏഴു ദിവസം മാത്രമേ വിധി അനുവദിച്ചിരുന്നുള്ളു. ഇനി ചിലപ്പോൾ ഏതെങ്കിലും ഒരമ്മ, അല്ലെങ്കിൽ അനേകം അമ്മയാർ.
പുതിയ ശബ്ദങ്ങൾ തിരിച്ചറിയാൻ എനിക്ക് ഭാഗ്യമുണ്ടാകേണ്ടിയിരിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടുകയോ കരയുകയോ ചെയ്തേക്കാം. താരാട്ടുപാട്ടുകളോ മൃദുവായ വർത്തമാനങ്ങളോ എന്നെ ശാന്തമാക്കാൻ സഹായിക്കും.
ഒരുപക്ഷേ ഭാഗ്യമു ണ്ടെങ്കിൽ എനിക്ക് ലഭിക്കാൻ പോകുന്നത് റെക്കോർഡ് ചെയ്ത താരാട്ട് പാട്ടുകളായിരിക്കും. " ഓമനത്തിങ്കൾ കിടാവോ " പോലുള്ളവ '
സംസാരിക്കാൻ കഴിയില്ലെങ്കിലും എനിക്ക് എൻ്റെ ആവശ്യങ്ങൾ അറിയിക്കാൻ പല വഴികൾ ഉണ്ട്. കരച്ചിൽ ആണ് മുഖ്യം.
വിശപ്പ്, അസ്വസ്ഥത, ഉറക്കം, അല്ലെങ്കിൽ അമ്മയുടെ സാമീപ്യം വേണം എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഞാൻ കരച്ചിലിലൂടെ പ്രതികരിക്കും. ഓരോ ആവശ്യത്തിനും കരച്ചിലിന്റെ രീതി വ്യത്യസ്തമായിരിക്കും.
കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് സ്പർശനമാണെന്ന് നിങ്ങൾക്കറിയാമല്ലോ? അമ്മ നെഞ്ചോട് ചേർത്തുപിടിക്കുന്നതും തലോടുന്നതും ഏതു കുഞ്ഞാണ് ആഗ്രഹിക്കാത്തത്? അമ്മയുടെ ലാളന എല്ലാ കുഞ്ഞുങ്ങൾക്കും സുരക്ഷിതബോധം നൽകും. ഏതമ്മ എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രഹേളികയായി അവശേഷിക്കുകയാണ് -
ഞാൻ ഇപ്പോൾ അറിഞ്ഞുകൊണ്ട് ചിരിക്കില്ലെങ്കിലും, ഉറക്കത്തിലോ മറ്റോ എൻ്റെ മുഖത്ത് ചെറിയ ഭാവവ്യത്യാസങ്ങൾ കണ്ടേക്കാം. സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാകും'
ഒരാഴ്ച മാത്രം പ്രായമുള്ള എനിക്ക് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് വളരെ കൂടുതലാണ്. അമ്മയുടെ ശരീരഗന്ധവും മുലപ്പാലിന്റെ മണവും എനിക്ക് കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വരുംദിവസങ്ങളിൽ എങ്ങനെ എന്നത് ഒരു ചോദ്യചിഹ്നമായി എൻറെ മുന്നിൽ അവശേഷിക്കുകയാണ്.
എൻ്റെ കൈവിള്ളയിൽ നിങ്ങൾ വിരൽ വെച്ചു നോക്കു. ഞാൻ അതിൽ മുറുകെ പിടിക്കും, ഒരു ആശ്രയത്തിനു വേണ്ടി.
എൻറെ.കവിളിൽ മൃദുവായ് ഒന്നു തൊട്ടു നോക്കു. 'തൊട്ടാൽ ഞാൻ ആ ഭാഗത്തേക്ക് തല തിരിക്കുകയും വായ തുറക്കുകയും ചെയ്യും.
ഈ പ്രായത്തിൽ ഞാൻ ദിവസത്തിൽ 16 മുതൽ 18 മണിക്കൂർ വരെ ഉറങ്ങും. എന്നാൽ തുടർച്ചയായി ഉറങ്ങാനാവില്ല, ഓരോ 2-3 മണിക്കൂറിലും വിശന്ന് ഉണരും. അമ്മയെ നോക്കി എൻ്റെ കണ്ണുകൾ പതറും
മുലപ്പാലിൻ്റെ മധുരമുള്ള രുചികൾ എനിക്ക് പ്രിയം.
അപ്പോൾ ഞാൻ പറഞ്ഞു നിർത്തട്ടെ, ഈ പ്രായത്തിൽ ഞാൻ ലോകത്തെ അറിയുന്നത് പ്രധാനമായും സ്പർശനത്തിലൂടെയും, ഗന്ധത്തിലൂടെയും, കേൾവിയിലൂടെയുമാണ്. കാഴ്ചയിലൂടെ അല്ല
പിന്നെ എൻ്റെ ഭാവി? അതു എന്നെ ദത്തെടുക്കാൻ വരുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ തീരുമാനിക്കും. ഒരു പക്ഷെ ഭാവിയിൽ ഞാൻ ഡോക്ടറോ എഞ്ചിനിയറോ, കളക്ടറോ, മന്ത്രിയോ, കള്ളിയോ, കളവുമുതൽ സൂക്ഷിക്കുന്നവളോ ആകും. അവയൊന്നും എൻ്റെ മുൻഗണനകളിൽ പെടുന്ന കാര്യങ്ങളല്ല.
വെറും ഏഴുദിവസം മാത്രം പ്രായുള്ള എനിക്ക് ഇപ്പോൾ കൃത്യമായ ഒരു പേരില്ല. PC 310, AK 147, എന്ന മട്ടിൽ പോലീസിനും തോക്കിനും ഇടുന്നതുപോലെ ഒരു നമ്പർ ആണ് എൻ്റെ പേര് , AT 49, അതായത് അമ്മത്തൊട്ടിൽ 49. വൈകാതെ എനിക്ക് നല്ല ഒരു പേര് ലഭിക്കും, അത് അർച്ചനയെന്നോ, ആതിരയെന്നോ അഹാന എന്നോ ആവും. ഈ മനോഹര തീരഭൂമിയിൽ ഒരു അനാഥ കുട്ടിയായി, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ കടക്കാരിയായി നിങ്ങളോടൊപ്പം കൂടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനിവിടെ അവസാനത്തെ ആളാവില്ല..എനിക്ക് പിന്നാലെയും കൂട്ടുകാർ വരും, എല്ലാവരുടെയും കൂടിയുള്ള ഈ ഭൂമിയിലേക്ക്
ഞാൻ നിങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കുന്നില്ല.
ഈ അനാഥ കുഞ്ഞിൻ്റെ സാങ്കൽപികവർത്തമാനങ്ങൾ a.കേട്ടിരുന്ന നല്ലവരായ നിങ്ങൾക്കെല്ലാവർക്കും നന്ദി.
ആശംസകളോടെ,
നിങ്ങളുടെ സ്വന്തം AT 49
c/o അമ്മത്തൊട്ടിൽ
ജില്ലാ ആശുപത്രി
No comments:
Post a Comment