Wednesday 29 May 2013

KAS Life Blog: ചേര്‍ത്തലെ, നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്

KAS Life Blog: ചേര്‍ത്തലെ, നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്: കവിത –കെ എ സോളമന്‍   ചേര്‍ത്തലെ , അറിഞ്ഞില്ലേ നീ നിനക്കൊത്തിരി ആശംസകള്‍ ഉണ്...

ചേര്‍ത്തലെ, നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്


Photo: PLEASE LIKE >>>> RainDrops


കവിത –കെ എ സോളമന്‍
 

ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നീ തോഴിയായിരിക്കുന്നു
മഹാറാണിയുടെ,
കൊച്ചിയാകുന്ന മഹാറാണിയുടെ!

എന്നിട്ടും  നിനക്കെന്തേ
ഉല്‍സാഹമില്ലാത്തത് ?
മുഖം തെളിയാത്തത്
എന്തേ ഒത്തിരി ഫ്ലാറ്റുകള്‍ പൊങ്ങാത്തത്.
എന്തേ കുടിയൊഴിപ്പിക്കാത്തത്,
നിനയ്ക്കു തോഴിയകേണ്ടെന്നോ?

ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
തെക്കേയങ്ങാടിയിലും കവലയിലും
 നിറമുള്ള ടോയ്ലെറ്റുകള്‍
നീ നാണിച്ചു നില്‍കുന്നതെന്തു
ബട്ടണ്‍  അമര്‍ത്തിയാല്‍ പോരേ
 
 ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നിന്റെദേവി കാര്‍ത്തിയായനിയെ
നീ മറന്നുകളയുമോ ?
ദേവിയുടെ പുന്നാരകോഴികളെ
മഹാറാണിയുടെ ഭടന്മാര്‍ പൊരിച്ചു തിന്നുമോ?

പറയൂ ചേര്‍ത്തലേ, നിന്റെ കഞ്ഞിയും
കപ്പപ്പുഴുക്കുമെവിടെ ?
ഒറ്റച്ചായകിട്ടും കടകള്ലെവിടെ ?
 ഇലയില്‍ വിളമ്പുമ്
പുട്ടും കറിയുമെവിടെ?
ജൂസും ഷാര്‍ജയും ഷവര്‍മയും
ഒരുപാട് വന്‍പന്‍ കാഴ്ചകളും  
ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്


എന്റെ ചേര്‍ത്തലേ
പറയട്ടെ ഞാന്‍
നിനക്കൊത്തിരി മന്ത്രിമാരുണ്ടു
ഡെല്‍ഹിയില്‍ വില്‍ക്കും പത്രാസുണ്ട്
ഒത്തിരി ബൂട്ടി പാര്ലറുകള്‍  ഉണ്ട്
ശരിക്കും നീ തോഴിതന്നെ  
പാരന്വര്യമുദ്രകള്‍ ഒന്നുമില്ലാത്ത തോഴി 
കൊച്ചിയുടെ തോഴി.



ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നിന്റെ അനാഥകുഞ്ഞുങ്ങള്‍ എവിടെ?. 
അവരുടെ പശിയൊടുക്കും
ആ ഞ്ഞലിമരങ്ങളെവിടെ?
പ്ലാവുകള്‍, വഴിയോര തേന്‍മാവുകള്‍ ?
എല്ലാം മതിലുകള്‍ വിഴുങ്ങിയോ
പറയൂ എന്റെ പ്രിയ ചേര്‍ത്തലേ?

ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നീ കൊച്ചിയുടെ തോഴിത്തന്നെ
മന്‍മറഞ്ഞ നിന്റെ പുത്രന്മാര്‍
നിത്യനിദ്രയിലാണ്ട നിന്റെ മക്കള്‍
കേള്‍ക്കുന്നില്ലവര്‍ പള്ളിമണികള്‍
സീമെന്‍റ് വാള്‍ടില്‍ സര്‍വം നിശബ്ദം


ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നീ തോഴിയാകും മുമ്പേ
നിന്റെ ഗ്രാമങ്ങള്‍ ഇരുട്ടിലായി
പവര്‍ കട്ടിന്റെ ഈ ഇരുട്ടിന്
റാന്തല്‍ വെളിച്ചത്തെക്കാള്‍ പ്രൌഡിയുണ്ട്
വൈദ്യുത കാലുകള്‍ക്ക്
വിളക്കുമാടത്തെക്കാള്‍ പൊക്കമുണ്ട്

  
എത്ര മാറിയിരിക്കുന്നു എല്ലാം 
വെള്ളമില്ലാത്ത നാട്
മല്‍സ്യ ചന്തകള്‍ കളം വിട്ടു. 
മെയിന്‍ റോഡിലെ മീന്‍ സ്റ്റാളുകളില്‍  
ഐസും അമ്മോണിയയായും കിട്ടും
പോരെങ്കില്‍ പലരാത്രികള്‍ ഉറങ്ങി
ചീഞ്ഞമീനും കിട്ടും

ചേര്‍ത്തലേ,  അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നിന്റെ കോളെജുകുട്ടികള്‍
ആകെ മാറിയിരിക്കുന്നു.
അവരുടെ കാല്‍സ്രായികല്‍
അരയ്ക്കും ഒത്തിരി താഴെയാണ്
 കഷണ്ടിക്കാരെകാണുന്നതെയില്ല
എല്ലാരും ഹെയര്‍ ഫിക്സില്‍
നാറ്റവും  ചുമന്നു നടക്കുന്നു.

മതി ചേര്‍ത്താലേ
ഇനിയും നിന്റെ പൊങ്ങച്ചങ്ങള്‍
നീ കൊച്ചിയുടെ തോഴി തന്നെ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്

-കെ എ സോളമന്‍


Tuesday 21 May 2013

KAS Life Blog: സ്മരണാഞ്ജലി- കഥ -കെ എ സോളമന്‍

KAS Life Blog: സ്മരണാഞ്ജലി- കഥ -കെ എ സോളമന്‍: ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുലിന്റെ വീട്ടിലെ സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷം കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴിയെ ഞാന്‍ പലകുറി കണ്ടിരു...

സ്മരണാഞ്ജലി- കഥ -കെ എ സോളമന്‍



Photo: Join us===> Sweet Memories Of Past Life.


ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുലിന്റെ വീട്ടിലെ സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷം കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴിയെ ഞാന്‍ പലകുറി കണ്ടിരുന്നു. ചേര്‍ത്തലസംസകാര,  ചേര്‍ത്തല പിറവി, ചേര്‍ത്തല സര്‍ഗ്ഗം, എസ് എല്‍ പുരം ആലോചന, മാരാരിക്കുളം സാരംഗി, ആലപ്പുഴ റൈറ്റേര്‍സ് ഫോറം, പുന്നപ്ര മുഖമുദ്ര തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക സര്‍ഗവേദികളിലും കവി തിരക്കിലായിരുന്നു. സര്‍ഗ സംവാദം ഇല്ലാത്ത സമയങ്ങളില്‍ കടലമ്മയോട് കവി സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.  അതുകൊണ്ടാണ് എനിക്കു കവിയുമായി കൂടുതല്‍ സംസാരിക്കുന്നതിനു അവസരങ്ങള്‍ കുറഞ്ഞത്.

“പോരുന്നോ കവി, എന്റെ കൂടെ?” ഞാന്‍ കവിയെ വിളിച്ചു.

“എന്റെ ഭാര്യയും രണ്ടു മക്കളും? “ 
അവര്‍ എങ്ങനെയെങ്കിലും ജീവിക്കുമെന്ന് ഞാന്‍ പറഞ്ഞില്ല. 

“ തമാശ കളയൂ പീറ്റര്‍, ഞാന്‍ അന്ധകാരനഴി വഴി വരുന്നുണ്ട്, വഴിയരികില്‍ നിന്നാല്‍ മതി. തിരക്ക് വല്ലതും?”

“ചിത്രയെ കാണാന്‍ പോകണമായിരുന്നു, സാറുവിളിച്ചതുകൊണ്ട് വേണേല്‍------"--"

“ഏത് ചിത്ര?

“ നമ്മുടെ സിനിമാ ഗായിക ചിത്ര, ആലപ്പുഴ വരുന്നുണ്ട് “

“അതിനു കവിക്ക് ക്ഷണമുണ്ടോ?”

“അധികപ്രസംഗമായി കരുതരുത് സാര്‍, ക്ഷണിച്ചിട്ടാണോ, ഇക്കണ്ട ജനമൊക്കെ യേശുദാസിനെയും മമ്മൂട്ടിയെയുമൊക്കെ കാണാന്‍ പോണത്?”

“എന്റെ കൂടെ വന്നാല്‍ ബിരിയാണി ഓഫര്‍, ഒരു ആദ്യകുര്‍ബാന ചടങ്ങുണ്ട്,തീരഗ്രാമമായ പള്ളിത്തോട്ടില്‍,”

“വിളിക്കാതെ എങ്ങിനെ സാര്‍.?”

“അപ്പോ, ഇതിന് വിളിക്കണം, അതിനു വിളിക്കണ്ട, കവി വിഷമിക്കണ്ട, ഞാന്‍ ഒത്തിരി സ്ഥലത്തു പോയിട്ടുണ്ട്, വിളിക്കാതെ, സദ്യയ്ക്ക് കയറ്റാതെ  ആട്ടിപ്പായിക്കുന്ന ക്രൂരന്‍മാരേ കണ്ടിട്ടുമുണ്ട്. ഇന്നങ്ങനെയില്ല, ഏത് പാവപ്പെട്ടവന്റെ വീട്ടില്‍ ചെന്നാലും വിശേഷദിവസങ്ങളില്‍ ഒരു വയര്‍ചോറ് കൊടുക്കും. മുതലാളിമാര്‍ നടത്തുന്ന പോഷ് ഹോട്ടല്‍ സദ്യക്ക് മാത്രമേ ആട്ടിപ്പായിക്കലുളളൂ. എനിക്കു ബിരിയാണി കിട്ടിയാല്‍ കവിക്കും കിട്ടിയിരിക്കും”. ഞാന്‍ ഉറപ്പുകൊടുത്തു.

ഞാന്‍ ചെല്ലുന്നതും കാത്തു കവി വഴിയരുകില്‍ നിന്നു. മനോഹരമായ തീരദേശ റോഡിലെ കാര്‍യാത്ര ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. പക്ഷേ അന്ന് കാറില്ലായിരുന്നു, റോഡും. കടല്‍തീര വഴിയിലൂടെ എത്രതവണ നടന്നിട്ടുണ്ട്,പൊരിയുന്ന വയറുമായി.. കമ്പാവലയും നോനാവലയും എത്രയോ തവണ വലിച്ചിരിക്കുന്നു. നോനവല ഇന്നില്ല, അതാരും ഇന്ന് വലിക്കുന്നില്ല. നോനവലയില്‍ കുടുങ്ങിയ കടല്ഞണ്ടൂകളെ പെറുക്കിയെടുത്ത് എറിഞ്ഞുകളയുമായിരുന്നു. കടല്ഞണ്ടുകളെ ആര്‍ക്കും വേണ്ട, ഒട്ടും വിലയില്ല. ഇന്നതിന്റെ വില കിലോയ്ക്ക് 150 രൂപ. നാണ്യപ്പെരുപ്പം കണക്കിലെടുത്താല്‍ തന്നെ ഒരുരൂപ 40 കൊല്ലം കഴിയുമ്പോള്‍ 150 രൂപ ആയേക്കാം പക്ഷേ പൂജ്യം രൂപ എങ്ങനെ 150 രൂപയാകും. പൂജ്യത്തെ എത്രകൊണ്ടു പെരുക്കിയാല്‍ ആണ് 150 ആകുന്നത്? കണക്ക് മാഷന്‍മാര്‍ക്ക് അറിയുമോ ഇത്?

കവി കാത്തുനില്‍ക്കുകായയിരുന്നു എന്നെ, കടലുമായി കിന്നാരത്തില്‍ ഏര്‍പ്പെടുന്ന അന്ധകാരനാഴിയില്‍. . .കയ്യില്‍ കവിതക്കെട്ടുകള്‍ നിറച്ച കിറ്റു മുണ്ടായിരുന്നുകൂടെ ഞങ്ങള്‍ തീരദേശ റോഡിലൂടെ വണ്ടിയോടിച്ച് പള്ളിതോട്ടിലെത്തി. 

കവിക്ക് പളളിത്തോട് പള്ളിയിലെ അമ്മയെ തൊഴണം. ഞാനും കവിക്കൊപ്പം കൂടി.

 മാതാവിനെ കുറിച്ച് ഏഴുതിയ കവിത എന്നെ ചൊല്ലിക്കേല്‍പ്പിച്ചു.

ബിരിയാണി തന്നവരുടെ വയറെല്ലാം കവി, കവിത കൊണ്ട് നിറച്ചു.

കവി എന്നോടു പറഞ്ഞു, നമ്മുക്ക് ഇന്ന് ചേര്‍ത്തല മുനിസിപ്പല്‍ ലൈ ബ്രറിയില്‍ പോകേണ്ടെ,  സ്മരണാഞ്ജലി?.

എനിക്കും അത് ഓര്‍മയുണ്ടായിരുന്നു. ചേര്‍ത്തലയിലെ സര്‍ഗ്ഗസംഗമങ്ങളുടെ സജീവ സാന്നിധ്യമായിരുന്നു വി കെ സുപ്രന്‍ എന്ന ചേര്‍തല സുപ്രന്‍. സര്‍ഗ്ഗം കലാസാഹിത്യവേദിയുടെ സെക്രട്ടറി, ഇതര സര്‍ഗവേദികളുടെ മെംബര്‍,കഥയെഴുത്തുകാരന്‍.

“കാണിപ്പൊന്ന്”- സുപ്രന്‍റെ കഥാസമാഹാരമാണ്. അംബേദ്കര്‍ അവാര്‍ഡും,ഫൊക്കാന അവര്‍ഡും ലഭിച്ച ചേര്‍ത്തലയുടെ കഥാകാരന്‍. . “വീക്ഷണം” സപ്പ്ലിമെന്‍റില്‍ സുപ്രന്‍റെ കഥകല്‍ വരുമായിരുന്നു, കൂട്ടത്തില്‍ എന്റെയും. ഇടയ്ക്കുവെച്ചു വീക്ഷണം സപ്പ്ലിമെന്‍റ് നിലച്ചു. ഞാന്‍ സുപ്രനോട് ചോദിച്ചു “ ഇനിയെങ്ങനെ ജനം നമ്മുടെ കഥകള്‍ വായിക്കും?’

“അത് ശരിയാണല്ലോ? നമ്മുടെ കഥകള്‍ അച്ചടിച്ചു വന്നതാണോ വീക്ഷണം സപ്പ്ലിമെന്‍റ് നിന്നു പോകാന്‍ കാരണം.?” നര്‍മഭാവം അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴുമുണ്ടായിരിന്നു
.
പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകരുമായി കൂടുതല്‍ ഇടപെട്ടിരുന്ന സുപ്രന്‍ ദേശാഭിമാനിക്കൊപ്പം വീക്ഷണവും ജന്‍മഭൂമിയും മുടക്കം കൂടാതെ വായിച്ചിരുന്നു 

സുപ്രനോട് ഞാന്‍ പറഞ്ഞു.:” കഥ  ജനമഭൂമിക്ക് അയ്യച്ചുനോക്ക്”

“പാഴ്വസ്തു” എന്ന സുപ്രന്‍റെ കഥ ഈയിടെ ജന്‍മഭൂമി വാരാദ്യത്തില്‍ വന്നു. വൃദ്ധജന്‍മങ്ങളുടെ ദൈന്യത ഹൃദ്യസ്പര്‍ശിയായി ചിത്രീകരിക്കുന്ന കഥ.  തന്റെ കഥ ജന്‍മഭൂമിയില്‍  പ്രസിദ്ധീകരിച്ചു കണ്ടതില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നു.  പക്ഷേ സുപ്രന്‍റെ കഥ ഇനിമുതല്‍  ജന്‍മഭൂമിയില്‍  വരില്ല.

 ഇക്കഴിഞ്ഞ മെയ് 18-നു സുപ്രന്‍ അന്തരിച്ചു.

കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി ഓര്മപ്പെടുത്തിയത് സുപ്രന്‍റെ സ്മരനാണജലിയെക്കുറിച്ചാണ്. വഴിമദ്ധ്യേ കണ്ടമംഗലത്തു കാര്‍നിര്‍ത്തി കവി കണ്ടമംഗലത്തമ്മയോട് സുപ്രന്ടെ ആത്മാവിന്നു നിത്യശാന്തിക്കായി   പ്രാര്‍തഥിച്ചു.

“സര്‍വമതക്കാരുടെയും അമ്മയല്ലേ, വിളിച്ചാല്‍ കേള്‍ക്കാതിരിക്കില്ല” കവിയുടെ ആത്മഗതം 

“സര്‍ഗ്ഗം” വേദികളില്‍ ഒട്ടനവധി അവസരങ്ങള്‍ കവിക്കു കൊടുത്തിരുന്നു സുപ്രന്‍.

സുപ്രനെ സ്മരിച്ചു  മല്‍സ്യതൊഴിലാളിയായ കവിപാടി:


”സര്‍ഗ്ഗപ്രതിഭകള്‍ സംഗമിച്ചീടുവാന്‍
'സര്‍ഗ്ഗം' എന്നൊരു വേദിയൊരുക്കിയ
വലിയ ലോകത്തിലെ ചെറുകഥാകാരനാം
സൂപ്രന്‍സാറിനു ആദരവേകുന്നു.

നാളേയ്ക്ക് വേദിയേ സമ്പന്നമാക്കുവാന്‍
കാത്തിരുന്നൊരാ “കാണിപ്പൊന്നിനെ”
മരണം കൂടെ കൂട്ടിയെന്നാകിലും
മറക്കില്ല ഞാനും എന്റെ സ്വപ്നങ്ങളും

എഴുത്തിന്റെ ലോകം വിട്ടുപോയെങ്കിലും
എഴുതാകഥകളില്‍ നീ പുനര്‍ജനിക്കും
ചിരിയുടെ പിന്നില്‍ സ്നേഹംജ്വലിപ്പിക്കും  
ആ ധന്യമനസ്സിന് ആദരഞ്ജലികള്‍! “ 

-കെ എ സോളമന്‍ 

Sunday 19 May 2013

ഹോട്ടല്‍ ബീജിംഗ്‌- -കഥ-ജന്‍മഭൂമി -കെ എ സോളമന്‍



ഹോട്ടല്‍ ബീജിംഗ്‌










സ്വന്തമായി ഉണ്ടായിരുന്ന പപ്പടക്കട അടച്ചുപൂട്ടി പകരം ഹോട്ടല്‍ ബീജിങ്‌ തുടങ്ങാന്‍ വാസൂദേവനും ലക്ഷ്മിക്കുട്ടിക്കും രണ്ടുണ്ട്‌ കാരണം. ഒന്നു പപ്പടത്തിന്റെ ഡിമാന്‍ഡ്‌ കുറഞ്ഞു. അധികമാര്‍ക്കും നാടന്‍ പപ്പടം വേണ്ട. വരവ്‌ പപ്പടത്തിനാണ്‌ ആളുകള്‍ക്ക്‌ താല്‍പ്പര്യം. പ്ലാസ്റ്റിക്‌ കവറില്‍ ലേബല്‍ ഒട്ടിച്ച്‌ വരുമ്പോള്‍ ആളുകള്‍ അത്‌ കൂടുതല്‍ വാങ്ങും.

രണ്ടാമത്തെ കാരണം പപ്പടം ബ്ലഡ്‌ പ്രഷര്‍ കൂട്ടും. കിഴക്കെ വീട്ടിലെ രമേശന്‍ നായര്‍ പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റായത്‌ പപ്പടം ഭക്ഷിച്ചു പ്രഷര്‍ കേറിയാണ്‌. ഭാര്യ വീട്ടില്‍ പോയ തക്കം നോക്കി ഒരു ഡസന്‍ പപ്പടം പാമോയിലില്‍ വറുത്തു കഴിച്ചു. പ്രഷര്‍ കേറാന്‍ രണ്ട്‌ പപ്പടം തന്നെ ധാരാളം എന്നാണ്‌ ഡോക്ടര്‍ രമേശ്‌ നായരുടെ ഭാര്യയോട്‌ പറഞ്ഞത്‌.

പപ്പടനിര്‍മാണക്കട ഹോട്ടലാക്കാന്‍ നിര്‍ദ്ദേശിച്ചത്‌ സ്ഥലം എംഎല്‍എ ആണ്‌. വോട്ട്‌ പിടിക്കാറാകുമ്പോള്‍ എംഎല്‍എ വീട്ടിലാണ്‌ ഭക്ഷണം ലക്ഷ്മിക്കുട്ടിയുടെ പാചകം അദ്ദേഹത്തിന്‌ ഏറെ ഇഷ്ടമാണ്‌. അവളുടെ കൈപ്പുണ്യം അദ്ദേഹം പ്രത്യേകം പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്‌.

“വാസുദേവാ നിനക്കെത്ര കാശു വേണം. ഒരുലക്ഷം മതിയോ? നമ്മുടെ ആള്‍ക്കാരല്ലേ ബാങ്ക്‌ ഭരിക്കുന്നത്‌. നമുക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ ലോണ്‍ കിട്ടുക? 10 സെന്റ്‌ ഈട്‌ നല്‍കാന്‍ നിനക്കുണ്ടോ?” കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഊണ്‌ കഴിക്കവേ എംഎല്‍എ ചോദിച്ചു.

” ഈ കടയും വീടും ഉള്‍പ്പെട്ട 12 സെന്റ്‌ എന്റേതാണ്‌. അവളുടെ അച്ഛന്റെ പേരില്‍ 50 സെന്റുണ്ട്‌. അതങ്ങ്‌ ദൂരെയാണ്‌.”
“അതൊന്നും വേണ്ട ഇത്‌ മതി”

എംഎല്‍എ കൂടി ഇടപെട്ടാണ്‌ ഒരുലക്ഷം ബാങ്കില്‍നിന്ന്‌ എടുത്തത്‌. അവിടെത്തന്നെ ഒരു എസ്ബി അക്കൗണ്ടും തുടങ്ങി. തല്‍ക്കാലാവശ്യത്തിന്‌ 20000 രൂപ എടുത്തതിന്‌ ശേഷം 75000 അവിടെ നിക്ഷേപിച്ചു. പിന്നെത്തരാമെന്ന്‌ പറഞ്ഞു എംഎല്‍എ 5000 രൂപ വാങ്ങി. കൂട്ടത്തില്‍ ഒരു ഉപദേശവും വെച്ചു.

“ഭക്ഷണം വില കുറച്ചു വില്‍ക്കണം. വൃത്തിയുള്ള പാത്രത്തില്‍ വിളമ്പണം. ലക്ഷ്മിക്കുട്ടിയുടെ പാചകം രുചികരമായിരിക്കുമെന്നെനിക്കറിയാം.”

അങ്ങനെയാണ്‌ ഭക്ഷണസാധനങ്ങള്‍ എല്ലാം വിലകുറച്ച്‌ വില്‍ക്കാന്‍ ആരംഭിച്ചത്‌. ദോശ- 3 രൂപ, ഇഡ്ഡലി-3 രൂപ, പുട്ട്കഷണം-3 രൂപ, ചായ-4 രൂപ, ഊണ്‌-15 രൂപ, മറ്റ്‌ ഹോട്ടലുകളില്‍ ചായയ്ക്ക്‌ ആറും ഊണിന്‌ 30 ഉം രൂപ ഈടാക്കുമ്പോഴാണ്‌ ഹോട്ടല്‍ ബീജിങ്ങില്‍ ഈ വിലക്കുറവ്‌. ഹോട്ടലിന്‌ ബീജിങ്ങ്‌ എന്ന പേര്‌ നിര്‍ദ്ദേശിച്ചത്‌ തന്നെ എംഎല്‍എ ആണ്‌. ചൈന മഹാരാജ്യത്തോട്‌ അദ്ദേഹത്തിന്‌ വലിയ ഇഷ്ടമാണ്‌. “ഹോട്ടല്‍ താഷ്കന്റ്‌” എന്നു പേരിടാനായിരുന്നു വാസുദേവന്റെ ആഗ്രഹം. പക്ഷേ സോവിയറ്റ്‌ യൂണിയന്‍ ഇല്ലാതായ സ്ഥിതിക്ക്‌ ആ പേരിന്‌ വലിയ പ്രസക്തി ഇല്ലെന്നാണ്‌ എംഎല്‍എ പറഞ്ഞത്‌.

ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വാസുദേവനും ലക്ഷ്മിക്കുട്ടിയും ചേര്‍ന്നാണ്‌. രണ്ടുസ്ത്രീകളെ സഹായത്തിന്‌ വെച്ചിട്ടുണ്ട്‌. അവര്‍ക്കുള്ള വേതനം അന്നന്ന്‌ തന്നെ കൊടുത്തുവിടും. ജോലിക്ക്‌ പുരുഷന്മാരെ വെച്ചാല്‍ ഹോംലി ഫുഡിന്റെ ടേസ്റ്റ്‌ ഉണ്ടാകില്ല. എംഎല്‍എ തന്നെയാണ്‌ ഇതും പറഞ്ഞത്‌. മാസം ഒന്നു പിന്നിട്ടപ്പോള്‍ ഹോട്ടലില്‍ നല്ല തിരക്കായി. ശരാശരി അന്‍പത്‌ ഊണ്‌ പോകും, നൂറ്‌ ഊണ്‌ വരെ വിറ്റ ദിവസങ്ങളുണ്ട്‌. വിലക്കുറവിനെക്കുറിച്ച്‌ അറിഞ്ഞു. പത്രക്കാര്‍ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്തു. താനും ലക്ഷ്മിക്കുട്ടിയും കൂടി എംഎല്‍എക്കും കൂട്ടര്‍ക്കും ഊണ്‌ വിളമ്പുന്ന ഫോട്ടോയാണ്‌ പത്രത്തില്‍ വന്നത്‌. കൂടെ വാര്‍ത്തയും കൊടുത്തിരുന്നു. മൊബെയില്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ ഒത്തിരിപ്പേര്‌ വിളിച്ച്‌ വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. കരിമീന്‍ വറുത്തതിന്‌ എന്താ വില, കള്ള്‌ കിട്ടുമോ, എന്നൊക്കെ ചോദിച്ചവരുമുണ്ട്‌.

ഹോട്ടല്‍ പിരിവ്‌ സഹകരണ ബാങ്കില്‍ തന്നെ ഡെപ്പോസിറ്റ്‌ ചെയ്യും. ലോണ്‍ അടവ്‌ അതില്‍നിന്നാണ്‌. സാധനങ്ങള്‍ വാങ്ങാനും മറ്റുമുള്ള പണം ഈ അക്കൗണ്ടില്‍നിന്നു തന്നെയാണ്‌ എടുക്കുന്നത്‌. ശരാശരി അന്‍പത്‌ ഊണേ പോകുന്നുള്ളൂവെങ്കിലും 500 എന്ന്‌ പത്രക്കാരന്‍ എഴുതിപ്പിടിപ്പിച്ചതിനാല്‍ ഇന്‍കംടാക്സില്‍നിന്ന്‌ എന്നും പറഞ്ഞ്‌ രണ്ടുപേര്‍ ഹോട്ടല്‍ പരിശോധനക്ക്‌ വരുകയും കരിമീന്‍ വറുത്തതും കൂട്ടി ഊണ്‌ കഴിക്കുകയും ചെയ്തു. പോകാന്‍ നേരത്ത്‌ രണ്ട്‌ കരിമീന്‍ വറുത്തത്‌ പാഴ്സലായി കൊണ്ടുപോകുകയും ചെയ്തു.

ആറ്‌ മാസം കഴിഞ്ഞ്‌ സഹകരണബാങ്കിലെ അക്കൗണ്ട്‌ പാസ്ബുക്‌ പഠിച്ചപ്പോഴാണ്‌ വാസുദേവന്‍ ഞെട്ടിയത്‌. 7000 രൂപയുണ്ട്‌ ബാക്കി. 23000 രൂപമുടക്കി ലക്ഷ്മിക്കുട്ടിക്ക്‌ ഒരുവള വാങ്ങാനുള്ള കാശ്‌ ഈ അക്കൗണ്ടില്‍നിന്നാണ്‌ എടുത്തത്‌. എന്നാലും 30000 രൂപയേ ആകൂ. ബാക്കി 70000. ഓര്‍ത്തിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല.

വാസുദേവന്‍ ലക്ഷ്മിക്കുട്ടിയെ വിളിച്ചു.
“ലക്ഷ്മിക്കുട്ടി. ഇങ്ങടുത്ത്‌ വന്നേ?” അത്‌ പതിവിന്‌ വ്യത്യസ്തമായി വിളിയായി ലക്ഷ്മിക്കുട്ടിക്ക്‌ തോന്നി.

“നീ നമ്മുടെ ചേച്ചിമാരോട്‌ പറയണം. നാളെ മുതല്‍ വരണ്ടായെന്ന്‌. നീ വീട്ടില്‍ പോയി അച്ചന്റെ കൂടെ നില്‍ക്കണം. മോനേ അവിടെനിന്ന്‌ സ്കൂളില്‍ വിട്ടാല്‍ മതി. ഈ 5000 രൂപ നീ വെച്ചോളൂ. 2000 എന്റെ കയ്യില്‍ ഇരിക്കട്ടെ. ഒരു വഴിക്ക്‌ പോകല്ലേ. എന്റെ ഒരു സ്നേഹിതന്‍ അങ്ങ്‌ ആന്ധ്രയിലുണ്ട്‌. സ്കൂള്‍ നടത്തുകയാണ്‌. മുന്‍പെ എന്നെ വിളിച്ചതാണ്‌. നിന്നെയും മോനെയും പിരിയുന്നത്‌ ഓര്‍ത്താണ്‌ ഞാന്‍ വേണ്ടെന്ന്‌ വെച്ചത്‌. ഇനി അത്‌ പറ്റില്ല. ഞാന്‍ പറേന്നത്‌ നീ കേള്‍ക്കുന്നുണ്ടോ?”

ലക്ഷ്മിക്കുട്ടി തലയുയര്‍ത്തി വാസുദേവനെ ദയനീയമായി നോക്കി.
സ്ഥലം എംഎല്‍എ രണ്ട്‌ സുഹൃത്തുക്കളുമായി ഹോട്ടല്‍ ബീജിങ്ങില്‍ വീണ്ടും കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഉണ്ണാനെത്തി. ഹോട്ടലിന്‌ മുന്നിലെ ബോര്‍ഡ്‌ എംഎല്‍എയുടെ സുഹൃത്താണ്‌ ആദ്യം കണ്ടത്‌. മുത്തങ്ങാപ്പള്ളി സഹകരണബാങ്ക്‌ വക സ്ഥലവും കെട്ടിടവും ലേലത്തിന്‌.

കെ.എ.സോളമന്‍

Wednesday 15 May 2013

രാത്രിമഴ –കവിത



Photo

നിന്റെ വിരലുകള്‍ തഴുകിയവാക്കുകള്‍  
എന്റെ കണ്ണുകളില്‍  തെളിഞ്ഞു,
ഒരു സെല്‍ ഫോണ്‍ ചിത്രമായ് വന്നു  
നീ ഇമ്പമായ് പാടിയ പുതിയ പാട്ടുകള്‍
എന്റെ കാതുകളില്‍ മുഴങ്ങി.

നിന്റെ മനോഹരമാംമുടിയിഴകളെ
തലോടിയ കാറ്റിനു  സുഗന്ധം  
നീ തനിച്ചല്ല ഞാനറിയുന്നു ചിന്തയില്‍
തെളിവാര്‍ന്ന ചിത്രമായ് എന്നും
ഒരു കനല്‍ പോലെ തെളിയുന്നു ഞാനും  

.
നിന്റെ മിഴിയിലെ നേരിയ നനവ്
നൊമ്പരപ്പെടുത്തന്നുവോ എന്നെ
.നീ പാടിയപാട്ടുകള്‍ എല്ലാമെനിക്കെന്നും  
മധുരം മധുരതരം പ്രിയേ.

ഇന്നലെ  സന്ധ്യയില്‍തനിയെ ഇരുന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നുടെ ജ്വാലാമുഖം   
നിന്നുടെ കവിളില്‍ വിരിയും തുടിപ്പുകള്‍
ഒപ്പിയെടുത്ത് ഞാന്‍ ചൂണ്ടുകളാല്‍.  

മഞ്ഞിന്‍ കുളിര്‍മ്മയും പൂവിന്‍ സുഗന്ധവും
നീയെന്നില്‍ നിറയ്ക്കുകയായിരുന്നു..
ഒരു രാത്രിമഴയുടെ വശ്യമാം മോഹത്തില്‍
നീ എന്നില്‍ അലിയുകയായിരുന്നു.
എന്നെ നീ തലോടുകയായിരുന്നു.

- കെ എ സോളമന്‍ 

Saturday 11 May 2013

ഡോ. എം എസ് ജയപ്രാകാശിന്റെ നിര്യാണത്തില്‍ അനുശോചിച്ചു





പ്രശസ്ത ചരിത്രകാരന്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് ചരിത്ര വിഭാഗം മുന്‍മേധാവി ഡോ. എം എസ് ജയപ്രാകാശിന്റെ നിര്യാണത്തില്‍ എസ് എല്‍ പൂരം ആലോചന സാംസ്കാരിക കേന്ദ്രം അനുശോചിച്ചു. കീഴാള പക്ഷംചേര്‍ന്നുനിന്നു അദ്ദേഹം നടത്തിയിട്ടുള്ള സാമൂഹ്യ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് യോഗം വിലയിരുത്തി.

ആലോചന സാംസ്കാരിക കേന്ദ്രംപ്രസിഡെന്‍റ് പ്രൊഫ കെ എ സോളമന്‍ അദ്ധ്യക്ഷത വഹിച്ചു.ഇ ഖാലിദ് പുന്നപ്ര, സാബ്ജി, പി മോഹനചന്ദ്രന്‍, പ്രസാദ് തൈപ്പറമ്പില്‍, എന്‍ ചന്ദ്രഭാനു, പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, കരപ്പുറം രാജശേഖരന്‍, വാരനാട് ബാനര്‍ജി, വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു