Monday 29 June 2015

ടോയിലെറ്റ് സാഹിത്യം.


നല്ലതും എന്നാല്‍  വളരെ മോശപ്പെട്ടതുമായ സിനിമകള്‍ നിര്‍മ്മിക്കുന്ന ആളാണു സംവിധായകന്‍ രെഞ്ജിത്ത്. “പ്രാഞ്ചിയേട്ടനും സെയിന്റും” അദ്ദേഹത്തിന്റെ നല്ല സിനിമയാണെങ്കില്‍ “സ്പിരിറ്റ്” അറുപൊളിയാണ്. ഇതിനാണ് സംസ്ഥാന സര്ക്കാര്‍ നികുതിയിളവ് ചെയ്തുകൊടുത്തു പ്രേക്ഷകരെ കളിയാക്കിയത്.. രഞ്ജിത് ഒരിക്കല്‍ പറഞ്ഞതിങ്ങനെ .:പണ്ട് കക്കൂസിന്റെ ഭിത്തിയില്‍ സാഹിത്യ രചന നടത്തിയവരാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്

ചേര്‍ത്തലയിലെ ഒരു കവി പുംഗവനു പത്രത്തില്‍ അച്ചടിച്ചുവന്ന ഈ വാചകം വായിക്കാനൊത്തില്ല . മറ്റാരോ പറഞ്ഞുകേട്ടുള്ള അറിവേയുള്ളൂ. ഇപ്പോള്‍ അദ്ദേഹവും പറയുന്നു ഫേസ്ബുക്ക് സാഹിത്യം കക്കൂസ് സാഹിത്യമെന്ന്!

ആയിരം നാടകഗാന മെഴുതിയ വിശ്വമഹാകവിയെന്നാണ് ഇദ്ദേഹത്തിന്റെ സ്വയം വാഴ്ത്തല്‍. ഡോ. സുകുമാര്‍ അഴിക്കോടു തന്റെ പ്രതിഭയെ വാഴ്ത്തിയിട്ടുണ്ടെന്ന്  കാണുന്നവരോടു പൊട്ടന്‍മാരോടെന്നവണ്ണം കൂടെക്കൂടെ പറയുന്നതാണ് മുഖ്യവിനോദം. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏതെങ്കിലും പാട്ടിന്റെ രണ്ടുവരി ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരൊക്കെ ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ എഴുതുന്നുണ്ട്. സംവിധായകന്റെയും മഹാക്‍വിയുടെയും അഭിപ്രായത്തില്‍ ഇവരൊക്കെ ചെയ്യുന്നതും മറ്റോന്നാകാന്‍ ഇടയില്ല.

ഒരു കാര്യം വ്യക്തം. പണ്ട് ടോയിലേറ്റിന്റെ ഭിത്തികള്‍ വായിച്ചു നടന്ന സിനിമാക്കാരനും കവിക്കുമൊക്കെ  ഇന്ന് ഫേസ്ബുക്ക് വായിചില്ലെങ്കില്‍ ഉറക്കം വരാതായിരിക്കുന്നു!


കെ എ സോളമന്‍ 

Thursday 25 June 2015

വായനാ വാരാഘോഷവും സാഹിത്യ സംഗമവും


(സാഹിത്യ സംഗമത്തില്‍ പ്രശസ്ത കവി പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി കവിത ചൊല്ലുന്നു)

ചേര്‍ത്തല  തണ്ണീര്‍മുക്കംപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വായനാ വാരാഘോഷവും    സാഹിത്യ സംഗമവും  പ്രൊഫ കെ എ സോളമന്‍ . ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ഉല്ലല ബാബു മുഖ്യ പ്രഭാഷണം നടത്തി. എം ഡി വിശ്വംഭരന്‍ സദാനന്ദന്‍, പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, വൈരം വിശ്വന്‍, വി എസ് പ്രസന്നകുമാരി, സി എ ജോസഫ് മാരാരിക്കുളം, വരനാട് ബാനര്‍ജി, പി സുകുമാരന്‍ ശിവങ്കുട്ടി മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ലൈബ്രറി സെക്രട്ടറി നന്ദി രേഖപ്പെടുത്തി

Thursday 18 June 2015

അബ്ദുല്ല ഫൌണ്ടേഷന്‍ -കഥ- കെ എ സോളമന്‍





ബാപ്പാന്‍റെ പാന്‍റിന്ടെനീളം കുറക്കണമെന്ന് ആവശ്യപ്പെട്ടു ഒരുകൂട്ടര്‍ ഗോവായില്‍ നിന്നു നാട്ടിലെത്തിസാഹിത്യ അവാര്ഡ് പ്രഖ്യാപിച്ച കാര്യം ഇത്ര പെട്ടെന്നു ആരും മറന്നു കാണില്ലല്ലോ? .ബാപ്പാ ഗോവാകടപ്പുറത്ത് വെച്ചു മയ്യത്താവും മുന്പ് കവിതാ പുസ്തകമൊക്കെ വായിക്കുമായിരുന്ന കാര്യവും അറിയാമല്ലോ? ബാപ്പാന്‍റെ പേരില്‍ കാവ്യപുരസ്കാരം നല്‍കിയതും അതിനു കടല്‍തീരംഎന്നു പേരുള്ള കാര്യവും പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ട കാര്യവുമില്ല . കടല്‍ക്കവി രണ്ടാമന് പുരസ്കാരം കൊടുത്തതിന് ശേഷമാണ്ഇത് തുടര്‍ന്നു നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മമ്മതു ബാപ്പാന്‍റെ പിള്ളാരെ ബോധ്യപ്പെടുത്തിയത്.

ബാപ്പാന്‍റെ പേര് അബ്ദുല്ല എന്നായതുകൊണ്ടു “ അബ്ദുല്ല ഫൌണ്ടേഷന്‍” എന്നു ട്രസ്റ്റിന് പേരുകൊടുത്താല്‍ എന്തെന്ന മമ്മതിന്റെ ചോദ്യത്തിന് മറിച്ചെങ്കിലും പറയാന്‍ബാപ്പാന്‍റെ മക്കള്‍ക്കുതോന്നിയതുമില്ല.

“ഫൌണ്ടേഷന്‍ എന്നൊക്കെ പറയുമ്പോള്‍ ഒത്തിരി കായ് വേണ്ടേ ഇക്കാ?” ബാപ്പാന്‍റെ മൂത്തമകന്‍ അബുബേക്കറിനു ഒരു സംശയം

“നീ ബേജാറാവാണ്ടിരി. ഇവിടെ ഔസേഫിന്റെ മൂത്തമകന്‍ ജോര്‍ജുകുട്ടി ഒരുകാര്യോം പറഞ്ഞു വന്നിട്ടുണ്ട്. അബ്ദുല്ല ഫൌണ്ടേഷന്‍ പോലെ അവന്റെ അപ്പന്റെ പേരിലും ഒരു ഫൌണ്ടേഷന്‍ വേണം, അവനും അവാര്ഡ് കൊടുക്കണം.. അവന്റെ അപ്പന്‍ ഇവിടത്തെ ഗവണ്‍മെന്‍റ് സ്കൂളില്‍ നിന്നു ഹെഡ് മാസ്റ്ററായിപ്പിരിഞ്ഞ ശേഷം ചത്തു പോയ ആളാണ്” മമ്മതു പറഞ്ഞു.

“ എന്നിട്ട് ഇക്കാ എന്തു പറഞ്ഞു?” ബാപ്പാന്‍റെ മൂത്തമകന്‍

ഞാന്‍ പറഞ്ഞു, അതൊന്നു ഒക്കണകാര്യമല്ലെന്ന്. ഫൌണ്ടേഷന്‍ എന്നൊക്കെപ്പറയുമ്പോള്‍ ഇമ്മിണി പണമിറക്കണം, അത് പറ്റില്ലെങ്കില്‍ ട്രസ്റ്റ് ആകാം. എങ്കില്‍ ട്രസ്റ്റ് മതി എന്നാണ് അവന്‍ പറഞ്ഞത്. ഔസേഫ് ട്രസ്റ്റ്, ഔസേഫ് ട്രസ്റ്റിന്ടെ  പേരില്‍ ഒരു പുരസ്കാരം.”

“ ഇക്കാ സമ്മതിച്ചോ?”

“നീ തോക്കില്‍ കേറി ബെടിബെക്കാണ്ടിരി. നമ്മള്‍ സംയുക്തമായി പുരസ്കാരം കൊടുക്കും, എന്നുവെച്ചാല്‍ അബ്ദുല്ല ഫൌന്‍ഡേഷനും ഔസേഫ് ട്രസ്റ്റും ചേര്‍ന്ന്. ഇരുകൂട്ടര്‍ക്കും ലാഭം. പോരാത്തതിന് പുരസ്കാരം നല്കേണ്ട ആളെയും കണ്ടുവെച്ചിട്ടുണ്ട്, അദ്ദേഹം പുരസ്കാരം വാങ്ങാന്‍ റെഡിയാണെന്നും പറഞ്ഞു”

“അപ്പോ, പത്ര പരസ്യവും പത്ര സമ്മേളനവുമൊക്കെ വേണ്ടേ ഇക്കാ “

“ നീ ചുമ്മാണ്ടിരി, എന്നിട്ട് ഞാന്‍ ചെയ്യുന്നത് എന്താണെന്ന് നോക്കിപ്പടീ”

ബാപ്പാന്‍റെ മകനെ യാത്രയാക്കിയശേഷം മമ്മതു പരി പാടി ആവിഷ്കരിച്ചു. അബ്ദുല്ല ഫൌണ്ടേഷന്‍ 15 തരും, ഔസേഫ് ട്രസ്റ്റ് 10ഉം. അങ്ങനെ 25 കയ്യിലെത്തും, അവാര്‍ഡു തുകയും അനാമത്തുമായി 10 പോയാലും ബാകി 15 കയ്യിലിരിക്കും 


അങ്ങനെയാണ് ജൂണ്‍ 11-നു പത്രത്തില്‍ വാര്‍ത്തകൊടുത്തത് 
" അബ്ദുല്ല ഫൌന്‍ഡേഷനുംഔസേഫ് ട്രസ്റ്റും സംയുക്തമായി  നല്കുന്ന കടല് ത്തീ രം സാഹിത്യ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു. 2011 മുതല്‍ 2015 വരെയുള്ള സാഹിത്യപ്രവര്ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്ഡ്. കാഷ് അവാര്ഡും ശില്പ്പമവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വ്യക്തികള്ക്കും സംഘടനകള്ക്കും് അപേക്ഷിക്കാം. ബയോഡാറ്റയും അവസാനം പ്രസിദ്ധീകരിച്ച കൃതിയുടെ കോപ്പിയും കെ കെ മമ്മത്, കണ്‍വീനര്‍, എ ആന്ഡ് ഒ ട്രസ്റ്റ്, ചേര്‍ത്തല  എന്ന വിലാസത്തില്‍ ജൂണ്‍ 17നകം ലഭിച്ചിരിക്കണം."

പരസ്യം കാണാത്ത താമസം ചേര്ത്തല പോസ്റ്റോഫ്ഫെസിലേക്ക് പുസ്തകങ്ങളുടെ പ്രവാഹമായിരുന്നു. പോസ്റ്റ്മാന്‍  സുലൈമാനെ വിവരം അറിയിച്ചിരുന്നതിനാല്‍ ട്രസ്റ്റിന്റെ ഓഫ്ഫീസ് തിരക്കി ആപാവത്തിന് അലയേണ്ടിവന്നില്ല. ദിവസോം വൈകീട്ട് നാലിന് പോസ്റ്റ് ഓഫീസിലെത്തി എന്റ്റികള്‍ എടുത്തോണ്ട് പോകാന്‍ മമ്മത് പ്രത്യേകം ശ്രദ്ധിച്ചു, ആറുദിവസം പോയാല്‍  മതിയല്ലോ


പതിനെട്ടാം തീയതി നേരം വെളുത്തതും മമ്മത് വാര്‍ത്തയുമെഴുതി പത്രമാഫാസിലേക്ക് പാഞ്ഞു. ഇത്തവണ പുരസ്കാരം റിട്ടയര്‍ഡ് കോളേജ് പ്രൊഫസര്‍ക്ക്. പ്രൊഫസ്ര്‍ക്ക് അവാര്ഡ് കൊടുക്കാനുള്ള പ്രധാനകാരണം അദ്ദേഹം മമ്മതിന്റെ ക്ലാസ്മേറ്റാനെന്നതുമാത്രമല്ല.  അവാര്ഡിന്‍റെ കാഷ് വിഹിതംവേണ്ട, കഴിയാനുള്ളതുക പെന്‍ഷനായി കിട്ടുന്നുണ്ട്. ഇക്കൊല്ലത്തെ അവാര്ഡ് പ്രൊഫസര്‍ക്കാകുമ്പോള്‍ മുന്‍ കൊല്ലത്തെ അവാര്‍ഡ് വിതരണത്തിന്റെ പൊലിമ വര്‍ധിക്കുകയും ചെയ്യും.

ഒറ്റരാത്രികൊണ്ടു അവാര്ഡ് നിര്‍ണ്ണയം നടത്തിയത് എങ്ങനെയെന്ന് ആരെങ്കിലും ചോദിച്ചലോ? 

 ആരും ചോദിക്കില്ല, എങ്കിലും അതിനും വഴിമമ്മത് കണ്ടെത്തിയിരുന്നു.

ജൂണ്‍ 21-നു പുരസ്കാരദാനം സ്ഥലത്തെ ക്രിസ്റ്റിയന്‍ പള്ളീ ലച്ചനെ കണ്ടു കാര്യം പറഞ്ഞപ്പോള്‍ അച്ഛന് കാര്യം നന്നേ ബോധിച്ചു.വിഴശുദ്ധകുര്‍ബാന വരെ മാര്‍കേറ്റിങ്ങിന് വിധേയമാക്കിക്കൊണ്ടിരിക്കുന്ന പള്ളിവികാരിപാളിഹാള്‍ തന്നെ ചടങ്ങിനായി വിട്ടുകൊടുത്തു. 

പള്ളി വികാരി യോഗാദ്ധ്യക്ഷന്‍.
കഥയറിയാതെ ആട്ടം കാണുന്ന ജൂറിയില്‍ രണ്ടുപേരാണ് ഉള്ളത്. മമ്മതിന്റെ തട്ടിപ്പില്‍ ഉല്‍ക്കന്ഠാകുലനായ ഒരു ജൂറിമെമ്പര് ചടങ്ങിനു എത്തിയില്ല. അവശേഷിക്കുന്ന ആളിനെ ജൂറി ചെയര്‍മാന്‍ ആക്കിയായിരുന്നു സമ്മേളനം ആസൂത്രണം ചെയ്തത്. ജൂറി ചെയര്‍മാനാകട്ടെ ഒരേ സമയം മദ്യവിരുദ്ധപ്രവര്‍ത്തകനും കവിയുമാണ്.

“ അഹോ ഭാഗ്യവതി നാരി, ഏക ഹസ്തേനെ ഗോപ്യതേ “ എന്ന ആദേഹത്തിന്റെ നാരി എന്ന പ്രസിദ്ധകവിത അദ്ദേഹം തന്നെ ചൊല്ലിയതുകേട്ടു ജോസെഫ് മാത്യു എന്നൊരുത്തന്‍ ആദേഹത്തിനെ തല്ലാന്‍ ഓടിച്ചിട്ടത് കുറച്ചകലെയുള്ള സ്ഥലത്തായതിനാല്‍ പള്ളിഹാളില്‍ കൂടിയിരുന്ന സഹൃദയര്‍ ഇതൊന്നുമറിയാതെ ജൂറി ചെയര്‍മാന്‍ പ്രസംഗിച്ചതു ശ്രദ്ധിച്ചു.

ജൂറി ചെയര്‍മാന്‍ പറഞ്ഞു 
“ സുഹൃത്തുക്കളേ ചില കുബുദ്ധികള്‍ സംശയിച്ചേക്കും,ഒറ്റരാത്രികൊണ്ട് മല്‍സരത്തിന് ലഭിച്ച 57 പുസ്തകങ്ങള്‍  എങ്ങനെ വായിച്ചു വിലയിരുത്തിയെന്ന്? അവരോടു എനിക്കുപറയാനുള്ളത് ഇതാണ്. യന്തിരന്‍എന്നൊരു തമിഴു സിനിമയുണ്ടു, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അഭിനയിച്ചത്. അതിലെ റോബോട്ട് രജനി നിമിഷനേരം കൊണ്ടാണ് എന്‍സൈക്ലോപീഡിയ വരെ മനപ്പാഠമാകുന്നുതു.റോബോട്ട് അല്ലെങ്കിലും അത്തരമൊരു മെഷീന്‍ എന്‍റെകൈവശമുണ്ട്, ഏതുപുസ്തകവും വായിച്ചു വിലയിരുത്താന്നും അധിക നേരം വേണ്ട. കമ്പ്യൂട്ടറിന്റെ കഴിവിനെക്കുറിച്ച് ഞാന്‍ നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നിങ്ങളുടെ കൈവശമുള്ള 3ജി, 4ജി, മൊബൈലോക്കെ എന്തൊന്നു ആണെന്ന വിചാരിക്കുന്നത്, എല്ലാം കമ്പ്യൂട്ടറല്ലെ?”പിന്നെ ഒന്നുള്ളത് കടല്‍ത്തീരം പുരസ്കാരം കടല്‍ക്കവികള്‍ക്ക് മാത്രമായി ഉള്ളതല്ലായെന്നതും  ആണ്. ”

അദ്ധ്യക്ഷനായ പാതിരിയും ഉല്‍ഘാടകനായ പഞ്ചായത്ത് പ്രസിഡണ്ടും മൂക്കത്ത് വിരല്‍വെച്ചുഇരുന്നു പോയി.
 മീറ്റിങ് ഗംഭീര വിജയമായി പര്യവസാനിച്ചതില്‍ മമ്മതു അതിയായി സന്തോഷിച്ചു. അബ്ദുല്ല ഫൌണ്ടേഷന്റെയും ഔസേഫ് ട്രസ്റ്റിന്റെയും ഡയറക്ടര്‍ മാര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ സുലൈമാന്‍ മമ്മതിനെവഴിയില്‍ തടഞ്ഞു.
“ ഇക്കായെ ഇപ്പോ കാണുന്നില്ലല്ലോ? എവിടെയാണ് ട്രസ്റ്റിന്റെ ഓഫീസന്നു പറഞ്ഞാല്‍ ഞാന്‍ അങ്ങോട്ട് കൊണ്ടുവരാം”
“ എന്തോന്നു?’ മമ്മത് സംശയത്തോടെ.
“ പാര്‍സലുകളെ, ഇക്കായല്ലേ പറഞ്ഞത്, വന്നു വാങ്ങിക്കൊള്ളാമെന്ന്”
 “ ഓ പാര്‍സലുകള്‍, എത്രയെണ്ണം വരും, ഒരു ഡസനോ? നീയൊരു കാര്യം ചെയ്യൂ. അതെല്ലാംഒരു കലത്തില്‍വെച്ചു പകുതിവെള്ളമൊഴിച്ചു  പുഴുങ്ങിത്തിന്നൂ? അല്ലാണ്ടു  പിന്നെ!”
-കെ എ സോളമന്‍

Saturday 13 June 2015

ഈ നാടിന്റെ പ്രജ- കവിത –കെ എ സോളമന്‍


ഞാന്‍
അന്ധകാരത്തിൻറെ ഉടമകളും
ആര്‍ത്തിയുടെ ഇരിക്കപ്പിണ്ഡങ്ങളും
അലഞ്ഞു തിരിയുന്ന നായ്ക്കളും
കീഴ്പ്പെടുത്തിയ പ്രജ.
ഈ നാടിന്റെ അടിമയായ പ്രജ

എൻറെ കണ്ണുകളിൽ അഗ്നിയുണ്ട്
ഹൃയത്തില്‍ ആര്‍ത്തിരമ്പും കടലുണ്ട്
ഉഷ്ണക്കാറ്റാവും ശ്വാസമാണു ഞാന്‍
മുള്ളിന്‍ മുനയുടെപ്രതിരോധവും 

ഇല്ല, ഞാനൊരു അടിമയാണ്..
അഴിമതി പേക്കോലങ്ങളുടെഅടിമ  
ആർത്തിരമ്പുന്ന കടലും,
അലഞ്ഞുചുറ്റുന്ന കാറ്റും, ഇല്ല
ശൂന്യമാണ് ഇന്നെൻറെ ഹൃദയം

ഞാന്‍
ശ്വാസക്കാറ്റിൻറെ അഗ്നിച്ചൂളയിൽ
ജീവിക്കാന്‍ തെല്ലു മോഹമില്ലാതെ
ഇടനെഞ്ചുരുകിരുകി വിതുമ്പുന്ന
ഹൃദയം കല്ലാക്കിമാറ്റിയ
കേവലനാം പ്രജ.

മിഴിനീരില്‍ മുങ്ങിയ ജീവിതം
വിലക്കിന്‍ വിലങ്ങുകളുമായി   
ആരുടെയോ നല്ല നാളേയ്ക്കായി
ഉള്ളം വിറങ്ങലിപ്പിച്ചു
കാത്തിരിക്കുന്ന പ്രജ

ഞാനും നിന്നെപ്പോലെ പ്രജയാണ്

ഈ നാടിന്റെ അടിമയായ പ്രജ 

Wednesday 3 June 2015

ബ്ലൈണ്ട് സീസ് ബെറ്റര്‍!

നേരത്തെ വീട്ടിലെത്തുംപോള് ഗേറ്റ് ലോക്കിന്റെ ഹോള്‍ നന്നായി കാണാവുന്നതുകൊണ്ടു താക്കോല്‍ കടത്തി തുറക്കുന്നതു എളുപ്പമാണ്. ഇരുട്ടിയെത്തുംപോള് കണ്ണുകാണാന്‍വയ്യാത്തതിനാല്‍ താക്കോല്‍ ഹോള്‍ കണ്ടുപിടിക്കുന്നതുറക്കുന്നതും ടച്ച് സ്ക്രീന്‍ മോഡലില്‍. എന്നാല്‍ ഇത് മുന്‍പത്തെക്കാള്‍ എളുപ്പം. ഒരു ബ്ലൈണ്ട് കൂടുതല്‍ നന്നായികാണുന്നുവെന്നതിന് ഇതില്‍പ്പരം തെളിവെന്തിന്.?
-കെ എ സോളമന്‍ 

Tuesday 2 June 2015

പ്രവേശനോത്സവം




വാര്‍ഡ് മെംബര്‍ തൊട്ടു മേല്‍പോട്ട് സംസ്ഥാനമന്ത്രിവരെ, എല്ലാവരും തിരക്കിലായിരുന്നു ജൂണ്‍ 1-നു. അന്നായിരുന്നു നാടിന് ഉത്സവമായിസ്കൂള്‍ പ്രവേശനം. കുഞ്ഞുങ്ങള്‍ക്കു കുട, വടി , ബാഗ്, പുസ്തകം, ബലൂണ്‍, പായസം, പരിപ്പുവട. കൂട്ടത്തില്‍ രാഷ്ടീയക്കാരന്റെ ഉപദേശപ്രസം ഗവും...എങ്ങനെ നന്നാവാം എന്നതാണു വിഷയം.
ഭാഗ്യത്തിന് ഈ കോലാഹലം ഗവ-എയിഡെഡ് പള്ളിക്കൂടങ്ങളില്‍ മാത്രമേയുള്ളൂ. അണ്‍എയിഡെഡില്‍ ഇല്ല, അവിടെ എല്‍ കെ ജി അഡ്മിഷനു തന്നെ 5000 തൊട്ടു മേല്‍പോട്ടു ലക്ഷങ്ങള്‍ആണ്.. പായസവും പരിപ്പുവടയുമില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരന് ഗേറ്റ് .ഒട്ടു തുറന്നു കൊടുക്കുകയുമില്ല.
അതിരിക്കട്ടെ ഈ രാഷ്ട്രീയക്കാരന്റെയും ഗവ-എയിഡെഡ് സാറന്‍മാരുടെയും കുട്ടികള്‍ ഗവ-എയിഡെഡ് സ്കൂളികളില്‍ തന്നെയല്ലേ പഠിക്കുന്നത് ?

കെ എ സോളമന്‍