Friday, 21 November 2025

ഡിവൈൻ കോമഡി

ഡിവൈൻ കോമഡി
കഥ  - കെ എ സോളമൻ
​പത്മനാഭൻ, ചന്ദ്രശേഖരൻ, വാസുദേവൻ, മൂന്ന് പ്രബലരായ രാഷ്ട്രീയ നേതാക്കൾ. കേരള രാഷ്ട്രീയത്തിലെ സകല കളികളും കണ്ടവരും, കളിച്ചവരും.അവസാനത്തെ കളിയും അവർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു

പ്രത്യക്ഷത്തിൽ അവർ അയ്യപ്പഭക്തർ ആണ്. കുളിച്ചു കുറിയും തൊട്ട് ക്ഷേത്രത്തിൻറെ അകത്തും പുറത്തും കറങ്ങി നടക്കുന്നവർ. പ്രസംഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കാനുള്ള' പോരാളികൾ. എന്നാൽ, അവരുടെ മനസ്സിന്റെ അറകളിൽ ഒളിപ്പിച്ച മറ്റൊരു സത്യമുണ്ട്.

​ക്ഷേത്രത്തിന്റെ കട്ടിളപ്പടികളിലും ചുമരുകളിലും പൂശാനായി കൊണ്ടുവന്ന സ്വർണ്ണ ത്തകിടുകൾ അവർ തന്ത്രി അറിയാതെ തന്ത്രപൂർവ്വം മാറ്റി.

മൂവർ കൂട്ടത്തിൽ, വിലകുറഞ്ഞ ചെമ്പുതകിടുകൾ വച്ച ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പത്മനാഭനായിരുന്നു. ചന്ദ്രശേഖരൻ ഭരണസംവിധാനത്തിലെ നൂലാമാലകൾ എളുപ്പമാക്കി. വാസുദേവൻ എന്ന മുൻ ദേവസ്വം ഉദ്യോഗസ്ഥൻ അതിന് ഒത്താശ ചെയ്തു. സ്വർണ്ണത്തിന്റെ തിളക്കം അവരുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു,

വിശ്വാസത്തെക്കാൾ വലുത് പണമാണെന്ന് അവർ സ്വയം തിരിച്ചറിഞ്ഞു.

​കൊള്ള പുറത്തുവന്നപ്പോൾ നാടൊന്നാകെ ഇളകിമറിഞ്ഞു. പക്ഷെ, അധികാരത്തിന്റെ മറവിൽ അവർ നിയമത്തിന്റെ പിടിയിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറി. കാലം കടന്നുപോയി. അവരുടെ  ബാങ്കിലെ അക്കൗണ്ടുകളിൽ പണം പെരുകി.

​അങ്ങനെയിരിക്കെ ഒരു മണ്ഡലകാലം കൂടി വന്നു
​മൂവർക്കും ഒരേ ദിവസം, ഒരേ സമയം, ഒരേ സ്വപ്നം ഉണ്ടായി.

ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ, കരിമ്പടം പുതച്ച ഒരു വിഗ്രഹം. അവരുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. അടുത്ത ദിവസം, ഒരു അദൃശ്യശക്തിയാൽ പ്രേരിതരായി അവർ മലകയറാൻ തീരുമാനിച്ചു. ഇത്തവണ വി.ഐ.പി. പരിവേഷമില്ല, അംഗരക്ഷകരില്ല. സാധാരണ തീർത്ഥാടകരെപ്പോലെ, കാൽനടയായി.
​പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ അവർ വിയർത്തുലഞ്ഞു നടന്നു.

പക്ഷെ അവരുടെ യഥാർത്ഥ ശിക്ഷ ആരംഭിച്ചത് സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് താഴെയായിരുന്നു.

​തിരക്കേറിയ ആ മണ്ഡലകാലത്ത്, തലയിൽ ഒഴിഞ്ഞ ഇരുമുടിക്കെട്ടുമായി അവർ ക്യൂവിൽ നിന്നു. ഒരടി മുന്നോട്ടു നടക്കാൻ പറ്റുന്നില്ല പത്മനാഭന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ കണ്ണിലേക്കിറങ്ങി നീറി. സാധാരണക്കാർ തോളോട് തോൾ ചേർന്ന് നീങ്ങുന്ന ക്യൂ. ഓരോ നിമിഷവും ഓരോ തീർത്ഥാടകൻ അവരെ കടന്നുപോകുമ്പോൾ ഒരു നേർത്ത ശബ്ദം ഉയരും.

​“സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”

​ചന്ദ്രശേഖരന്റെ താടിരോമങ്ങളിൽ വിരലോടിച്ച ഒരു വൃദ്ധ തീർത്ഥാടകൻ, കണ്ണിൽ ദയയുടെ ലാശം പോലുമില്ലാതെ ചോദിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
​വാസുദേവന്റെ തോളിൽ ഒരു നിമിഷം കൈവെച്ച്, അവന്റെ ചെവിയിൽ ഒരു ചെറുപ്പക്കാരൻ മന്ത്രിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു, ചേട്ടാ?”

​ശബ്ദത്തിൽ കോപമില്ല, ദുഃഖവുമില്ല. വെറും ചോദ്യം മാത്രം. എന്നാൽ ആ ചോദ്യം അവരുടെ ഹൃദയത്തെ നൂറായി കീറിമുറിച്ചു. ആ ചോദ്യം ഒരു ശിക്ഷാമുറയായി അവരെ വേട്ടയാടി. അവരുടെ പേജിൽ അവർ VIP-കൾ ആയിരുന്നു. ഇവിടെ അവർ മോഷ്ടാക്കൾ മാത്രമായി ചുരുങ്ങി.

ഈ ചോദ്യങ്ങൾ നിർത്താതെ ഒഴുകി. ക്യൂ നീങ്ങും തോറും, ചോദിക്കുന്നവരുടെ എണ്ണം കൂടി. അവർ തലകുനിച്ചു നിന്നു. മരണം കാത്തിരിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥ.

​ഒടുവിൽ, മരണത്തിന്റെ നിഴലിൽ നിന്ന് അവർക്ക് മോചനം കിട്ടി. മൂവരും ഒരേ രാത്രി, ഏകദേശം ഒരേ സമയം മരണപ്പെട്ടു. രാഷ്ട്രീയ ലോബിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത ദുരൂഹതയായി അവരുടെ അന്ത്യം.
​എന്നാൽ, അത് അവരുടെ കഥയുടെ അന്ത്യമായിരുന്നില്ല, മറിച്ച് ഒരു ദിവ്യനാടകത്തിന്റെ രണ്ടാം അങ്കമായിരുന്നു.

​കണ്ണ് തുറന്നപ്പോൾ അവർ മൂന്നുപേരും ഒരു വിശാലമായ, ഇരുണ്ട ഇടത്തിൽ എത്തിച്ചേർന്നു. ആകാശമോ ഭൂമിയോ  ഇല്ല, സമയത്തിന് അവിടെ ഒട്ടും പ്രസക്തിയില്ല:സമയമാം രഥം  അവിടെ പ്രവർത്തിക്കില്ല. ചുറ്റും നേരിയൊരു മണിനാദം മാത്രം.

​അവരുടെ മുന്നിലായി, അനേകം ക്ഷേത്ര മണികൾ തൂങ്ങിക്കിടക്കുന്നു.. ചെറുത് മുതൽ ഭീമാകാരമായത് വരെ. ഓരോ മണിയിലും സ്വർണ്ണത്തിന്റെ നേർത്ത ഒരു പൊടിപോലും കാണാനില്ല. എല്ലാം വൃത്തികേടായ, പഴകി ദ്രവിച്ച് ക്ളാവ് പിടിച്ച ചെമ്പുമണികൾ.
​"നിങ്ങൾ സ്വന്തം ദൈവത്തെയാണ് കബളിപ്പിച്ചത്. അതുകൊണ്ട്, നിങ്ങൾക്കായുള്ള നരകവും, അല്പം കടുപ്പമേറിയതാണ്," മുന്നിൽ പ്രകാശത്തിന്റെ രൂപത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു.

​"ഇതാണ് നിങ്ങളുടെ സേവന നരകം.. സ്വർണ്ണം എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് നിങ്ങൾ മോചിതരായി. ഇനി നിങ്ങൾ ഈ മണികൾ പോളിഷ് ചെയ്യണം. നിത്യതയിലുടനീളം."

​ആദ്യമൊക്കെ ഇതൊരു ലളിതമായ ശിക്ഷയായി അവർക്ക് തോന്നി. ഒരു മണി പോളിഷ് ചെയ്യാൻ എന്താണ് പ്രയാസം?.

പക്ഷെ, പോളിഷിംഗിനായി അവർക്ക് നൽകപ്പെട്ട തുണിക്കഷ്ണം പഴയതും പരുപരുത്തതുമായിരുന്നു. അവർ പോളിഷ് ചെയ്യുന്ന ഓരോ മണിയും നിമിഷങ്ങൾക്കുള്ളിൽ പഴയതുപോലെ മങ്ങാൻ തുടങ്ങി. അവർ എത്ര വേഗത്തിൽ ജോലി ചെയ്താലും, അവർക്ക് പൂർണ്ണ തിളക്കമുള്ള ഒരു മണി പോലും പുനർസൃഷ്ടിക്കാൻ കഴിഞ്ഞില്ല.

​ഏറ്റവും വലിയ ശിക്ഷ മറ്റൊന്നായിരുന്നു:
​അവർ പോളിഷ് ചെയ്ത് വൃത്തിയാക്കുന്ന ഓരോ മണിയുടെയും ഉപരിതലത്തിൽ, അവരുടെ മുഖം പ്രതിഫലിക്കില്ല. പകരം, അവർ മോഷ്ടിച്ച സ്വർണ്ണ തകിടുകളുടെ രൂപം തെളിഞ്ഞുവന്നു. മണി പൂർണ്ണമായി തിളങ്ങുമ്പോൾ, അതിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മിന്നുന്ന സ്വർണ്ണപ്രഭയുടെ പ്രതിഫലനം തെളിഞ്ഞു. അടുത്ത നിമിഷം അത് വീണ്ടും മാഞ്ഞുപോകുകയും ചെയ്തു.

​പത്മനാഭൻ ഒരു മണി പോളിഷ് ചെയ്ത് അതിൽ തെളിഞ്ഞ സ്വർണ്ണത്തെ നോക്കി ദീർഘമായി നിശ്വസിച്ചു.
"ഇതാണ് പുണ്യ മോഷണങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രതിഫലനങ്ങൾ," അയ്യപ്പൻ അരുളിച്ചെയ്തു.
​ചന്ദ്രശേഖരൻ  തുണികൊണ്ട് മണിയിൽ നിർത്താതെ ഉരച്ചു കൊണ്ടിരുന്നു. വിരലുകൾ പൊട്ടി ചോരയൊലിച്ചിട്ടും എ അയാൾ നിർത്തിയില്ല. ഓരോ നിമിഷവും, സ്വർണ്ണത്തെക്കുറിച്ചുള്ള ചിന്തകൾ അയാളുടെ സമനില തെറ്റിച്ചു.

​ദിവസങ്ങൾ, മാസങ്ങൾ, യുഗങ്ങൾ കടന്നുപോയി. സമയത്തിന്റെ കണക്കെടുക്കാൻ അവർ ശ്രമിച്ചില്ല. അവരുടെ ജീവിതം ഒരേയൊരു പ്രവൃത്തിയിലേക്ക് ചുരുങ്ങി: ചെമ്പുമണികൾ പോളിഷ് ചെയ്ത്, സ്വർണ്ണത്തിന്റെ മായക്കാഴ്ച കാണുക.

ചിലപ്പോൾ, ഏറ്റവും വൃത്തികേടായ മണിയിൽ, അവർ കഷ്ടപ്പെട്ട് പോളിഷ് ചെയ്ത് കഴിഞ്ഞാൽ, അതിൽ അവരുടെ ഇപ്പോഴത്തെ, ദുരിതമയമായ മുഖം ഒരു നിമിഷം പ്രതിഫലിക്കും. ആ കാഴ്ച അവരെ ഭയപ്പെടുത്തി.  ജീവിച്ചിരുന്നപ്പോൾ അവർ ധരിച്ച VIP മുഖം അവിടെ ഉണ്ടായിരുന്നില്ല. ഭയവും, നിരാശയും, ചെയ്ത തെറ്റിന്റെ കുറ്റബോധവും മാത്രം പേറുന്ന മൂന്ന് മനുഷ്യരുടെ രൂപമായിരുന്നു അത്.

​"നിങ്ങൾ സ്വന്തം ദൈവത്തെ കബളിക്കാൻ കഴിയുമെന്ന് കരുതി. എന്നാൽ, ഈ ക്ഷേത്രമണികൾ നിങ്ങളെ കബളിപ്പിക്കില്ല. അവർ നിങ്ങളുടെ പാപത്തെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോകും," അയ്യപ്പൻ പറയുന്നതായി അവർക്ക് തോന്നി.

​വർഷങ്ങൾക്കു ശേഷം...
​വാസുദേവൻ ചിരിക്കാൻ തുടങ്ങി. ആദ്യം ചെറുതായി, പിന്നെ ഉറക്കെ. അയാളുടെ ചിരിയിൽ ഭ്രാന്തിന്റെ  ലക്ഷണമുണ്ടായിരുന്നു.

​"സ്വർണ്ണം! സ്വർണ്ണം! ഇവിടെ സ്വർണ്ണമില്ല! എങ്കിലും ഞാൻ അത് കാണുന്നു!" അയാൾ മണിയിലേക്ക് ആവേശത്തോടെ നോക്കി.
​പത്മനാഭൻ അയാളെ പിടിച്ചുമാറ്റി. അവന്റെ കണ്ണുകളിൽ ജ്ഞാനത്തിന്റെ ഒരു നേർത്ത തിളക്കം. "ഇത് നമ്മുടെ ശിക്ഷയാണ്, നമ്മുടെ വിധിയാണ് വാസു. നമ്മൾ കണ്ട സ്വർണ്ണമെല്ലാം മായയായിരുന്നു. ഈ മണിയിൽ തെളിയുന്ന തിളക്കം പോലും ശാശ്വതമല്ല. നമ്മൾ മോഷ്ടിച്ചത് വെറും ചെമ്പ് മാത്രമായിരുന്നു, അതിന് സ്വർണ്ണം പൂശാൻ ശ്രമിച്ച നമ്മളും ചെമ്പായി മാറി. സത്യമായ സ്വർണ്ണം ഭക്തരുടെ വിശ്വാസമായിരുന്നു. നമ്മളത മനസ്സിലാക്കിയില്ല."

​അവൻ പോളിഷിംഗ് നിർത്തി.
​"ഞാൻ പോളിഷിംഗ് നിർത്തിയിരിക്കുന്നു. ഇനി എന്നെ ശിക്ഷിക്കൂ," പത്മനാഭൻ വിളിച്ചുപറഞ്ഞു.

​അയ്യപ്പൻ പുഞ്ചിരിച്ചു. "നീ മനസ്സിലാക്കിയെങ്കിൽ നിനക്ക് മോചനം. ഈ നരകത്തിന്റെ ശിക്ഷ, നീ ചെയ്ത പാപത്തെക്കുറിച്ച് നിത്യമായി ബോധവാനായിരിക്കുക എന്നതാണ്. നീ അത് നേടിയെടുത്തു."
​അങ്ങനെ, സ്വന്തം ദൈവത്തെ കബളിപ്പിക്കാൻ കഴിയുമെന്ന് കരുതിയ ശബരിമലയിലെ സ്വർണ്ണ മോഷ്ടാക്കൾ അഭിനയിച്ച നിത്യതയിലെ ഡിവൈൻ കോമഡിക്ക് ഒരു താൽക്കാലിക തിരശ്ശീല വീണു. അവരിൽ ഒരാൾ മാത്രം മോചനം നേടി. മറ്റുള്ളവർ, സ്വർണ്ണത്തിന്റെ മായക്കാഴ്ചയിൽ എന്നും പോളിഷ് ചെയ്തുകൊണ്ടേയിരുന്നു.  

No comments:

Post a Comment