Saturday, 29 November 2025
നന്ദിപൂർവം - കഥ
Sunday, 23 November 2025
പ്രത്യേക അറിയിപ്പ്
Friday, 21 November 2025
ഡിവൈൻ കോമഡി
കഥ - കെ എ സോളമൻ
പത്മനാഭൻ, ചന്ദ്രശേഖരൻ, വാസുദേവൻ, മൂന്ന് പ്രബലരായ രാഷ്ട്രീയ നേതാക്കൾ. കേരള രാഷ്ട്രീയത്തിലെ സകല കളികളും കണ്ടവരും, കളിച്ചവരും.അവസാനത്തെ കളിയും അവർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു
പ്രത്യക്ഷത്തിൽ അവർ അയ്യപ്പഭക്തർ ആണ്. കുളിച്ചു കുറിയും തൊട്ട് ക്ഷേത്രത്തിൻറെ അകത്തും പുറത്തും കറങ്ങി നടക്കുന്നവർ. പ്രസംഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കാനുള്ള' പോരാളികൾ. എന്നാൽ, അവരുടെ മനസ്സിന്റെ അറകളിൽ ഒളിപ്പിച്ച മറ്റൊരു സത്യമുണ്ട്.
ക്ഷേത്രത്തിന്റെ കട്ടിളപ്പടികളിലും ചുമരുകളിലും പൂശാനായി കൊണ്ടുവന്ന സ്വർണ്ണ ത്തകിടുകൾ അവർ തന്ത്രി അറിയാതെ തന്ത്രപൂർവ്വം മാറ്റി.
മൂവർ കൂട്ടത്തിൽ, വിലകുറഞ്ഞ ചെമ്പുതകിടുകൾ വച്ച ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പത്മനാഭനായിരുന്നു. ചന്ദ്രശേഖരൻ ഭരണസംവിധാനത്തിലെ നൂലാമാലകൾ എളുപ്പമാക്കി. വാസുദേവൻ എന്ന മുൻ ദേവസ്വം ഉദ്യോഗസ്ഥൻ അതിന് ഒത്താശ ചെയ്തു. സ്വർണ്ണത്തിന്റെ തിളക്കം അവരുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു,
വിശ്വാസത്തെക്കാൾ വലുത് പണമാണെന്ന് അവർ സ്വയം തിരിച്ചറിഞ്ഞു.
കൊള്ള പുറത്തുവന്നപ്പോൾ നാടൊന്നാകെ ഇളകിമറിഞ്ഞു. പക്ഷെ, അധികാരത്തിന്റെ മറവിൽ അവർ നിയമത്തിന്റെ പിടിയിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറി. കാലം കടന്നുപോയി. അവരുടെ ബാങ്കിലെ അക്കൗണ്ടുകളിൽ പണം പെരുകി.
അങ്ങനെയിരിക്കെ ഒരു മണ്ഡലകാലം കൂടി വന്നു
മൂവർക്കും ഒരേ ദിവസം, ഒരേ സമയം, ഒരേ സ്വപ്നം ഉണ്ടായി.
ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ, കരിമ്പടം പുതച്ച ഒരു വിഗ്രഹം. അവരുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. അടുത്ത ദിവസം, ഒരു അദൃശ്യശക്തിയാൽ പ്രേരിതരായി അവർ മലകയറാൻ തീരുമാനിച്ചു. ഇത്തവണ വി.ഐ.പി. പരിവേഷമില്ല, അംഗരക്ഷകരില്ല. സാധാരണ തീർത്ഥാടകരെപ്പോലെ, കാൽനടയായി.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ അവർ വിയർത്തുലഞ്ഞു നടന്നു.
പക്ഷെ അവരുടെ യഥാർത്ഥ ശിക്ഷ ആരംഭിച്ചത് സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് താഴെയായിരുന്നു.
തിരക്കേറിയ ആ മണ്ഡലകാലത്ത്, തലയിൽ ഒഴിഞ്ഞ ഇരുമുടിക്കെട്ടുമായി അവർ ക്യൂവിൽ നിന്നു. ഒരടി മുന്നോട്ടു നടക്കാൻ പറ്റുന്നില്ല പത്മനാഭന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ കണ്ണിലേക്കിറങ്ങി നീറി. സാധാരണക്കാർ തോളോട് തോൾ ചേർന്ന് നീങ്ങുന്ന ക്യൂ. ഓരോ നിമിഷവും ഓരോ തീർത്ഥാടകൻ അവരെ കടന്നുപോകുമ്പോൾ ഒരു നേർത്ത ശബ്ദം ഉയരും.
“സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
ചന്ദ്രശേഖരന്റെ താടിരോമങ്ങളിൽ വിരലോടിച്ച ഒരു വൃദ്ധ തീർത്ഥാടകൻ, കണ്ണിൽ ദയയുടെ ലാശം പോലുമില്ലാതെ ചോദിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
വാസുദേവന്റെ തോളിൽ ഒരു നിമിഷം കൈവെച്ച്, അവന്റെ ചെവിയിൽ ഒരു ചെറുപ്പക്കാരൻ മന്ത്രിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു, ചേട്ടാ?”
ശബ്ദത്തിൽ കോപമില്ല, ദുഃഖവുമില്ല. വെറും ചോദ്യം മാത്രം. എന്നാൽ ആ ചോദ്യം അവരുടെ ഹൃദയത്തെ നൂറായി കീറിമുറിച്ചു. ആ ചോദ്യം ഒരു ശിക്ഷാമുറയായി അവരെ വേട്ടയാടി. അവരുടെ പേജിൽ അവർ VIP-കൾ ആയിരുന്നു. ഇവിടെ അവർ മോഷ്ടാക്കൾ മാത്രമായി ചുരുങ്ങി.
ഈ ചോദ്യങ്ങൾ നിർത്താതെ ഒഴുകി. ക്യൂ നീങ്ങും തോറും, ചോദിക്കുന്നവരുടെ എണ്ണം കൂടി. അവർ തലകുനിച്ചു നിന്നു. മരണം കാത്തിരിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥ.
ഒടുവിൽ, മരണത്തിന്റെ നിഴലിൽ നിന്ന് അവർക്ക് മോചനം കിട്ടി. മൂവരും ഒരേ രാത്രി, ഏകദേശം ഒരേ സമയം മരണപ്പെട്ടു. രാഷ്ട്രീയ ലോബിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത ദുരൂഹതയായി അവരുടെ അന്ത്യം.
എന്നാൽ, അത് അവരുടെ കഥയുടെ അന്ത്യമായിരുന്നില്ല, മറിച്ച് ഒരു ദിവ്യനാടകത്തിന്റെ രണ്ടാം അങ്കമായിരുന്നു.
കണ്ണ് തുറന്നപ്പോൾ അവർ മൂന്നുപേരും ഒരു വിശാലമായ, ഇരുണ്ട ഇടത്തിൽ എത്തിച്ചേർന്നു. ആകാശമോ ഭൂമിയോ ഇല്ല, സമയത്തിന് അവിടെ ഒട്ടും പ്രസക്തിയില്ല:സമയമാം രഥം അവിടെ പ്രവർത്തിക്കില്ല. ചുറ്റും നേരിയൊരു മണിനാദം മാത്രം.
അവരുടെ മുന്നിലായി, അനേകം ക്ഷേത്ര മണികൾ തൂങ്ങിക്കിടക്കുന്നു.. ചെറുത് മുതൽ ഭീമാകാരമായത് വരെ. ഓരോ മണിയിലും സ്വർണ്ണത്തിന്റെ നേർത്ത ഒരു പൊടിപോലും കാണാനില്ല. എല്ലാം വൃത്തികേടായ, പഴകി ദ്രവിച്ച് ക്ളാവ് പിടിച്ച ചെമ്പുമണികൾ.
"നിങ്ങൾ സ്വന്തം ദൈവത്തെയാണ് കബളിപ്പിച്ചത്. അതുകൊണ്ട്, നിങ്ങൾക്കായുള്ള നരകവും, അല്പം കടുപ്പമേറിയതാണ്," മുന്നിൽ പ്രകാശത്തിന്റെ രൂപത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു.
"ഇതാണ് നിങ്ങളുടെ സേവന നരകം.. സ്വർണ്ണം എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് നിങ്ങൾ മോചിതരായി. ഇനി നിങ്ങൾ ഈ മണികൾ പോളിഷ് ചെയ്യണം. നിത്യതയിലുടനീളം."
ആദ്യമൊക്കെ ഇതൊരു ലളിതമായ ശിക്ഷയായി അവർക്ക് തോന്നി. ഒരു മണി പോളിഷ് ചെയ്യാൻ എന്താണ് പ്രയാസം?.
പക്ഷെ, പോളിഷിംഗിനായി അവർക്ക് നൽകപ്പെട്ട തുണിക്കഷ്ണം പഴയതും പരുപരുത്തതുമായിരുന്നു. അവർ പോളിഷ് ചെയ്യുന്ന ഓരോ മണിയും നിമിഷങ്ങൾക്കുള്ളിൽ പഴയതുപോലെ മങ്ങാൻ തുടങ്ങി. അവർ എത്ര വേഗത്തിൽ ജോലി ചെയ്താലും, അവർക്ക് പൂർണ്ണ തിളക്കമുള്ള ഒരു മണി പോലും പുനർസൃഷ്ടിക്കാൻ കഴിഞ്ഞില്ല.
ഏറ്റവും വലിയ ശിക്ഷ മറ്റൊന്നായിരുന്നു:
അവർ പോളിഷ് ചെയ്ത് വൃത്തിയാക്കുന്ന ഓരോ മണിയുടെയും ഉപരിതലത്തിൽ, അവരുടെ മുഖം പ്രതിഫലിക്കില്ല. പകരം, അവർ മോഷ്ടിച്ച സ്വർണ്ണ തകിടുകളുടെ രൂപം തെളിഞ്ഞുവന്നു. മണി പൂർണ്ണമായി തിളങ്ങുമ്പോൾ, അതിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മിന്നുന്ന സ്വർണ്ണപ്രഭയുടെ പ്രതിഫലനം തെളിഞ്ഞു. അടുത്ത നിമിഷം അത് വീണ്ടും മാഞ്ഞുപോകുകയും ചെയ്തു.
പത്മനാഭൻ ഒരു മണി പോളിഷ് ചെയ്ത് അതിൽ തെളിഞ്ഞ സ്വർണ്ണത്തെ നോക്കി ദീർഘമായി നിശ്വസിച്ചു.
"ഇതാണ് പുണ്യ മോഷണങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രതിഫലനങ്ങൾ," അയ്യപ്പൻ അരുളിച്ചെയ്തു.
ചന്ദ്രശേഖരൻ തുണികൊണ്ട് മണിയിൽ നിർത്താതെ ഉരച്ചു കൊണ്ടിരുന്നു. വിരലുകൾ പൊട്ടി ചോരയൊലിച്ചിട്ടും എ അയാൾ നിർത്തിയില്ല. ഓരോ നിമിഷവും, സ്വർണ്ണത്തെക്കുറിച്ചുള്ള ചിന്തകൾ അയാളുടെ സമനില തെറ്റിച്ചു.
ദിവസങ്ങൾ, മാസങ്ങൾ, യുഗങ്ങൾ കടന്നുപോയി. സമയത്തിന്റെ കണക്കെടുക്കാൻ അവർ ശ്രമിച്ചില്ല. അവരുടെ ജീവിതം ഒരേയൊരു പ്രവൃത്തിയിലേക്ക് ചുരുങ്ങി: ചെമ്പുമണികൾ പോളിഷ് ചെയ്ത്, സ്വർണ്ണത്തിന്റെ മായക്കാഴ്ച കാണുക.
ചിലപ്പോൾ, ഏറ്റവും വൃത്തികേടായ മണിയിൽ, അവർ കഷ്ടപ്പെട്ട് പോളിഷ് ചെയ്ത് കഴിഞ്ഞാൽ, അതിൽ അവരുടെ ഇപ്പോഴത്തെ, ദുരിതമയമായ മുഖം ഒരു നിമിഷം പ്രതിഫലിക്കും. ആ കാഴ്ച അവരെ ഭയപ്പെടുത്തി. ജീവിച്ചിരുന്നപ്പോൾ അവർ ധരിച്ച VIP മുഖം അവിടെ ഉണ്ടായിരുന്നില്ല. ഭയവും, നിരാശയും, ചെയ്ത തെറ്റിന്റെ കുറ്റബോധവും മാത്രം പേറുന്ന മൂന്ന് മനുഷ്യരുടെ രൂപമായിരുന്നു അത്.
"നിങ്ങൾ സ്വന്തം ദൈവത്തെ കബളിക്കാൻ കഴിയുമെന്ന് കരുതി. എന്നാൽ, ഈ ക്ഷേത്രമണികൾ നിങ്ങളെ കബളിപ്പിക്കില്ല. അവർ നിങ്ങളുടെ പാപത്തെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോകും," അയ്യപ്പൻ പറയുന്നതായി അവർക്ക് തോന്നി.
വർഷങ്ങൾക്കു ശേഷം...
വാസുദേവൻ ചിരിക്കാൻ തുടങ്ങി. ആദ്യം ചെറുതായി, പിന്നെ ഉറക്കെ. അയാളുടെ ചിരിയിൽ ഭ്രാന്തിന്റെ ലക്ഷണമുണ്ടായിരുന്നു.
"സ്വർണ്ണം! സ്വർണ്ണം! ഇവിടെ സ്വർണ്ണമില്ല! എങ്കിലും ഞാൻ അത് കാണുന്നു!" അയാൾ മണിയിലേക്ക് ആവേശത്തോടെ നോക്കി.
പത്മനാഭൻ അയാളെ പിടിച്ചുമാറ്റി. അവന്റെ കണ്ണുകളിൽ ജ്ഞാനത്തിന്റെ ഒരു നേർത്ത തിളക്കം. "ഇത് നമ്മുടെ ശിക്ഷയാണ്, നമ്മുടെ വിധിയാണ് വാസു. നമ്മൾ കണ്ട സ്വർണ്ണമെല്ലാം മായയായിരുന്നു. ഈ മണിയിൽ തെളിയുന്ന തിളക്കം പോലും ശാശ്വതമല്ല. നമ്മൾ മോഷ്ടിച്ചത് വെറും ചെമ്പ് മാത്രമായിരുന്നു, അതിന് സ്വർണ്ണം പൂശാൻ ശ്രമിച്ച നമ്മളും ചെമ്പായി മാറി. സത്യമായ സ്വർണ്ണം ഭക്തരുടെ വിശ്വാസമായിരുന്നു. നമ്മളത മനസ്സിലാക്കിയില്ല."
അവൻ പോളിഷിംഗ് നിർത്തി.
"ഞാൻ പോളിഷിംഗ് നിർത്തിയിരിക്കുന്നു. ഇനി എന്നെ ശിക്ഷിക്കൂ," പത്മനാഭൻ വിളിച്ചുപറഞ്ഞു.
അയ്യപ്പൻ പുഞ്ചിരിച്ചു. "നീ മനസ്സിലാക്കിയെങ്കിൽ നിനക്ക് മോചനം. ഈ നരകത്തിന്റെ ശിക്ഷ, നീ ചെയ്ത പാപത്തെക്കുറിച്ച് നിത്യമായി ബോധവാനായിരിക്കുക എന്നതാണ്. നീ അത് നേടിയെടുത്തു."
അങ്ങനെ, സ്വന്തം ദൈവത്തെ കബളിപ്പിക്കാൻ കഴിയുമെന്ന് കരുതിയ ശബരിമലയിലെ സ്വർണ്ണ മോഷ്ടാക്കൾ അഭിനയിച്ച നിത്യതയിലെ ഡിവൈൻ കോമഡിക്ക് ഒരു താൽക്കാലിക തിരശ്ശീല വീണു. അവരിൽ ഒരാൾ മാത്രം മോചനം നേടി. മറ്റുള്ളവർ, സ്വർണ്ണത്തിന്റെ മായക്കാഴ്ചയിൽ എന്നും പോളിഷ് ചെയ്തുകൊണ്ടേയിരുന്നു.
Saturday, 15 November 2025
രമണിയും രഥോത്സവവും
കഥ - കെ എ സോളമൻ
ചേർത്തലക്കാരനായ ഞാനാണ് കഥാകാരൻ, വേണമെങ്കിൽ വി.ഡി. എന്നു വിളിക്കാം.വി. ദാസപ്പൻ എന്നാണെൻ്റെ മുഴുവൻ പേര്
കൈയ്യിലൊരു മുഷിഞ്ഞ കൈയ്യെഴുത്തുപ്രതിയും പേനയും തോൾസഞ്ചിയുമില്ലെങ്കിൽ എന്നെ ഒരു സാധാരണക്കാരനായേ ആരും കണക്കാക്കൂ. പക്ഷേ എൻ്റെ മനസ്സിൽ അപ്പോൾത്തന്നെ ഒരു വായനാവാരം ഒതുങ്ങിക്കിടപ്പുണ്ടാവും.
എൻ്റെ കഥാപാത്രങ്ങൾ പലപ്പോഴും ഒരു പ്രത്യേക സമുദായത്തിലോ ഭൂപ്രദേശത്തോ ഒതുങ്ങിനിൽക്കാറില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ പാലക്കാട്ടെ കൽപ്പാത്തിയിലാണ്. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ രഥോത്സവം കാണാൻ.
1425-ൽ നിർമ്മിച്ചതാണത്രേ ഈ പുരാതന ക്ഷേത്രം! അത്രയും പഴക്കമുണ്ടെങ്കിൽത്തന്നെ അതൊരു കഥാപാത്രമായി എൻ്റെ കഥയിൽ. അങ്ങനെ ഒരു നവംബർ മാസത്തെ തണുപ്പിൽ, പത്തുദിവസത്തെ ഉത്സവത്തിൻ്റെ ചൂടിലേക്ക് ഞാനങ്ങു പറിച്ചുനടപ്പെടുകയായിരുന്നു.
അവസാനത്തെ മൂന്നുദിവസത്തെ കാഴ്ചയാണ് ഹൈലൈറ്റ്. നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവരഥങ്ങൾ ഒരുമിച്ചുചേരുന്ന 'ദേവരഥ സംഗമം'.
ആർത്തുല്ലസിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കിടയിൽ തലയിൽ കൈവെച്ച് അത്ഭുതത്തോടെ ഞാൻ നിന്നു. ഒരല്പം മാറി, ആ നാല് രഥങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ച് വലിക്കുന്ന ഘോഷയാത്ര കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു മിന്നായം പോലെ ചില ചിന്തകൾ.
"അല്ലയോ രഥങ്ങളേ, നിങ്ങളെന്തിനാണ് കൽപ്പാത്തിയുടെ തെരുവുകളിൽ മാത്രം കറങ്ങുന്നത്? നിങ്ങൾക്കൊരു ബ്രേക്ക് എടുത്ത് വെളിനിലം വരെ വന്നാൽ എന്താണ് കുഴപ്പം?"
അതെ, എൻ്റെ സ്വന്തം ചേർത്തലയിലെ വെളിനിലം അമ്പലം. അവിടെയിപ്പോൾ 'തുള്ളുന്ന അമ്മംകുടങ്ങൾ' എന്ന പേരിൽ കുറച്ച് ചായപ്പൊടി ടിന്നുകൾക്ക് മുകളിൽ കുടങ്ങൾ വെച്ച് കറങ്ങുന്നതല്ലാതെ ഒരു രഥപ്രതാപവും ഇല്ല. ഈ കൽപ്പാത്തി രഥങ്ങളെപ്പോലെ നാലെണ്ണം വെളിനിലത്തെത്തിയാൽ എങ്ങനെയുണ്ടാവും?
ആ നാല് രഥങ്ങളിലും എൻ്റെ നാല് പ്രധാന കഥാപാത്രങ്ങളെ ഇരുത്തണം.
അങ്ങനെ വെളിനിലം രഥോത്സവത്തിൻ്റെ തിരക്കഥ മനസ്സിൽ എഴുതി മുന്നോട്ട് പോകുമ്പോളാണ് രഥം വലിക്കാൻ ഉപയോഗിക്കുന്ന വലുപ്പമുള്ള കയറുകൾ ഞാൻ ശ്രദ്ധിച്ചത്.
"ഹും, എന്ത് മനോഹരമായ കയറുകൾ! രഥം വലിക്കാൻ എന്നതിലുപരി ഇതിന് മറ്റുപയോഗങ്ങളുണ്ട്." എൻ്റെ കണ്ണുകൾ തിളങ്ങി.
രമണിപ്പശു. അമ്മ പോയപ്പോൾ എനിക്ക് ബാക്കിവെച്ച് പോയതാണ്. എന്തുകൊണ്ടോ അവളെ ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല. രമണിക്ക് , അതിപ്പോൾ കെട്ടഴിച്ചാൽ കാളയുടെ ചൈതന്യമാണ്. എവിടെപ്പോയാലും അതിന് കെട്ടാൻ കട്ടിയുള്ള കയറുകൾ കിട്ടാനില്ല. കടയിൽ ചോദിച്ചാൽ 300 രൂപ പറയും. ഈ ദേവരഥം വലിക്കുന്ന കമ്പാകളിൽ ഒരെണ്ണം സംഘടിപ്പിച്ചാൽ?
'രമണിക്ക് പുതിയ കയറ്, ഫ്രീ ഓഫ് കോസ്റ്റ്, അതും പുണ്യത്തിൻ്റെ കെട്ടുകൾ! കഥാകാരനെന്ന നിലയിൽ എനിക്കീ നർമ്മരസ സാധ്യത എങ്ങനെ ഒഴിവാക്കാൻ കഴിയും?' രഥത്തെ നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ നടന്നു.
കൽപ്പാത്തി രഥോത്സവം കാണാൻ വന്നതാണെങ്കിലും എൻ്റെ താമസരീതി ഒരു ആഢംബര ഹോട്ടലിലായിരുന്നില്ല. അല്ല അതിനവിടെ ആഡംബര ഹോട്ടൽ ഏതാണ് ഉള്ളത് ?
എന്നെ ഹഠാതാകർഷിച്ചത് ബ്രാഹ്മണ സമൂഹം മഠത്തിലെ 10 ദിവസത്തെ താമസമാണ്.
"അതിപ്പോൾ ഒരാൾക്ക് 100 രൂപ റൂം ഉണ്ട്. ഒരു ദിവസം രണ്ട് നേരം ശുദ്ധമായ വെജിറ്റേറിയൻ ഫുഡ് തൈര് സാദം അടക്കം."
ഈ 'തൈര് സാദം അടക്കം' എന്ന വാചകമാണ് എന്നെ പിടിച്ചിരുത്തിയത്. എൻ്റെ വീട്ടിലാണെങ്കിൽ, കടുക് താളിച്ച തൈര് ഒരു സാദമായി കൂട്ടാൻ പോലും എളുപ്പമല്ല. എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ അത് ഞാൻ തന്നെ ഉണ്ടാക്കണം. ഭാര്യ ആകും ഒരിക്കൽ എന്ന് ഉദ്ദേശിച്ച് നടന്നവൾ കൂടെ കൂടിയില്ല, അതാണ് കാരണം.
എന്നാൽ ഇവിടെ ഈ പത്തുദിവസം? വെറും തൈര് സാദവും, പായസവും, പരിപ്പു കറിയും. ഉരുളന്നാണെങ്കിൽ തൊലി കളയില്ല, തൊലിയിലാണ് ഗുണമത്രയും അത്യധികം ചെലവ് കുറഞ്ഞ, ശുദ്ധമായ ആഹാരം!
പത്താം ദിവസം, ഞാനാ മഠത്തിൽ വെച്ച് ഒരു തീരുമാനമെടുത്തു: "ഇനി വീട്ടിൽ ചെന്നാൽ വെജിറ്റേറിയൻ ആഹാരം മാത്രം! അത് ഞാൻ തന്നെ എൻറെ കൈകൊണ്ട് തയ്യാറാക്കും, എന്തുകൊണ്ടെന്നാൽ അത് തയ്യാറാക്കാൻ വേറെ ആരും എൻറെ കൂടെയില്ല ഞാൻ ഒറ്റയ്ക്കാണ്. അതുകൊണ്ട് എപ്പോഴും എൻ്റെ വയറും ആത്മാവും ശുദ്ധമാണ്. ഒരു കഥാകാരനാകുമ്പോൾ സ്വന്തമായി ഒരു ഉറച്ച നിലപാട് ഉണ്ടാകണം
ഈ തീരുമാനത്തിൽ ഞാൻ തെരുവിലൂടെ നടക്കുമ്പോളാണ് വഴിയോരക്കച്ചവടക്കാരുടെ മുത്തുമാല കടകൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പല വർണ്ണത്തിലുള്ള മുത്തുകൾ. കണ്ടാൽ പഴയ കാലത്തിലേക്ക് മനസ്സു പറന്നു പോകും.
അവിടെ ഒരു മുത്തുമാല കഴുത്തിൽ അണിഞ്ഞ, ചിരിക്കുന്ന ഒരു യുവതിയുടെ ചിത്രം എൻ്റെ മനസ്സിൽ തെളിഞ്ഞു. ശ്രീദേവി. എൻ്റെ പ്രിയകാമുകിയായിരുന്നു അവൾ. എപ്പോഴും ചിരിക്കുന്ന അവൾക്ക് മുത്തു പോലുള്ള പല്ലുകൾ ആയിരുന്നു.
വർഷങ്ങൾക്കുമുമ്പ്, ഞാനവൾക്ക് ഒരു മുത്തുമാല വാങ്ങി നൽകിയിട്ടുണ്ട്. അതിന് പിന്നിലൊരു രഹസ്യമുണ്ട്. അന്ന് എൻ്റെ കൈയ്യിൽ അധികം പണയില്ല. അവളുടെ പിറന്നാളിന് കൊടുക്കാൻ വേണ്ടിയുള്ള പണവുമായി കടയിൽ പോയപ്പോൾ, "ഇതൊരു പ്ലാസ്റ്റിക് മുത്തുമാലയാണ് ചേട്ടാ, ഒറിജിനലിൻ്റെ രൂപത്തിലുള്ളത്. വില 25 രൂപ."
ഞാനത് വാങ്ങി, വലിയ വില കൊടുത്ത് വാങ്ങിയതാണെന്ന് അവളോട് കള്ളം പറഞ്ഞു. അവളത് വിശ്വസിച്ചു.
"ശ്രീദേവി, ആ മുത്തുമാല ഇന്നും നിൻ്റെ അലമാരയിൽ ഉണ്ടാകുമോ?" ഞാനൊരു നെടുവീർപ്പിൽ വീണു.
വിധി മറ്റൊന്ന് ആയതിനാൽ, പിന്നീട് അവളുടെ ജീവിതത്തിൽ എനിക്ക് സ്ഥാനമുണ്ടായില്ല.
കയ്യിൽ, പ്ലാസ്റ്റിക് മുത്തുമാല വാങ്ങാൻ പോലും പൈസയില്ലാത്ത ഒരു കഥാകാരന്, ഒരു ഡോക്ടറെ കാത്തിരുന്ന അവളുടെ ലോകത്ത് എങ്ങനെ ഇടം കിട്ടാനാണ്? അവളെവിടെയെന്ന് പിന്നീട് ഞാൻ അന്വേഷിച്ചില്ല
'കൽപ്പാത്തിയിലെ ഈ മുത്തുകൾ പോലും എന്നെ വേദനിപ്പിക്കുന്നുണ്ടല്ലോ,' ഞാൻ നിർവികാരതയോടെ ഓർത്തു.
മുത്തുമാലക്കടയിലെ ഓർമ്മകളിൽനിന്നും ബ്രാഹ്മണ മഠത്തിലെ തൈര് സാദത്തിൻ്റെ രുചിയിലേക്ക് ഞാൻ പെട്ടെന്ന് മടങ്ങി വന്നു. എന്തിനാണ് പഴയ കാര്യങ്ങൾ ഓർത്ത് എൻ്റെ വെജിറ്റേറിയൻ തീരുമാനങ്ങളുടെ പവിത്രത കളയുന്നത്?
ഞാൻ വീണ്ടും രഥോത്സവത്തിൻ്റെ മനോഹാരിതയിലേക്ക് ശ്രദ്ധ കൊടുത്തു
വിളനിലം ക്ഷേത്രത്തിൽ ഒരു മെഗാ ദേവരഥ സംഗമം സംഘടിപ്പിക്കണം. എല്ലാവർഷവും അത് ആവർത്തിക്കുകയും വേണം. രഥങ്ങൾ ഉണ്ടാക്കാനുള്ള പണം കണ്ടെത്തുന്നതെങ്ങനെ? നിസ്സാരം, ഭക്തിയുടെ കാര്യം പറഞ്ഞാൽ പണം മുടക്കാൻ ഒരു പടതന്നെ ഉണ്ട് നാട്ടിൽ.
വീട്ടിലെ രമണിക്ക് രഥം വലിക്കുന്ന കമ്പാകൾ സംഘടിപ്പിക്കണം. ആരും കാണാതെ ഒരെണ്ണം മുറിച്ചെടുത്താലോ? എന്നാലേ രഥോത്സവത്തിൻ്റെ പുണ്യം പൂർണ്ണമാവൂ.
ഇനി ജീവിതത്തിൽ വെജിറ്റേറിയൻ മാത്രം. ഇതൊരു ഉറച്ച തീരുമാനമാണ്, തൈര് സാദത്തിൻ്റെ മണം എപ്പോഴും പിന്തുടരുന്നു
ഇങ്ങനെയുള്ള ഒത്തിരി സ്മരണകളും ഭാവനകളുമാണ് എൻ്റെ ചിന്തയിലൂടെ കടന്നുപോയത്. കൽപ്പാത്തിയുടെ പത്തുദിവസത്തെ മഠം വാസവും, രഥോത്സവത്തിലെ കാഴ്ചകളും, പഴയ പ്രണയത്തിൻ്റെ മുത്തുമാലയും - എല്ലാം എൻ്റെ മനസ്സിൽ ഒരു വലിയ ബാഗിലാക്കി ഞാൻ തോളത്തിട്ടു. ഒരു തമിഴ് നോവൽ " അഗ്രഹാരത്തിൽ കളുതൈ " എഴുതണം.
"എൻ്റെ കഥാകാരജീവിതത്തിന് ഒരു ബൂസ്റ്റ് നൽകുന്നതായിരുന്നു കൽപ്പാത്തി വാസം, "ആണ്ടവാ , കാത്തുകൊള്ളണേ!"
ഈ ചിന്തകളോടെ, കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ നിന്നും ഞാൻ ചേർത്തലയിലേക്ക് യാത്ര തിരിച്ചു.
വീട്ടിലെത്തിയതിൻ്റെ പിറ്റേന്ന് രാവിലെ, തൊഴുത്തിൽ ചെന്നപ്പോൾ രമണി സന്തോഷവതിയായി കാണപ്പെട്ടു. 10 ദിവസവും അയൽ വീട്ടിലെ തങ്കമ്മ ചേച്ചി രമണിയെ നന്നായി പരിപാലിച്ചിരിക്കുന്നു. അമ്മ വഴി ചേച്ചി ഒരു ബന്ധു കൂടിയാണ്.
എൻ്റെ കയ്യിലെ സാധാരണ കയറിൽ കിടന്ന് കറങ്ങുന്നവളായിരുന്നു രമണി.
"നിനക്കൊരു രഥക്കയർ ഒപ്പിക്കാൻ ഞാൻ ശ്രമിച്ചില്ലേ രമണീ...?" അവളോട് ഞാൻ ചോദിച്ചു. അവൾ തലയാട്ടി.
രഥോത്സവത്തിൻ്റെ എല്ലാ പുണ്യവും, രമണിയുടെ കയറും, തൈര് സാദത്തിൻ്റെ ഓർമ്മകളും എൻ്റെ മനസ്സിൽ ഒരു കഥയായി അലയടിക്കുന്നുണ്ടായിരുന്നു. ആ കഥയ്ക്ക് ഒരു പേരും ഞാനിട്ടു: 'രമണിയും രഥോത്സവവും,
* * *
Friday, 14 November 2025
ഡൈനാമിക് വിഷൻ ചാനൽ - കഥ
ഡൈനാമിക് വിഷൻ ചാനൽ
കഥ കെ എ സോളമൻ.
ചാനലിന്റെ തലപ്പത്ത് ഒരു പുതിയ 'വിപ്ലവം' കൊണ്ടുവരാനുള്ള തത്രപ്പാടിലായിരുന്നു 'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ മുതലാളി, ശ്രീ. കാന്താരി പ്രകാശ്.
അദ്ദേഹം വിളിച്ചുചേർത്ത ഗൂഗിൾ മീറ്റിന്റെ പേരുപോലും 'അടിയന്തരാവശ്യം: സെർവർ തകർന്ന രഹസ്യം' എന്നായിരുന്നു. യോഗത്തിന്, ചാനലിന്റെ പ്രമുഖ ആങ്കർമാരും റിപ്പോർട്ടർമാരും എത്തിച്ചേർന്നു.
മീറ്റിംഗിന്റെ തുടക്കത്തിൽ കാന്താരി പ്രകാശ് തന്റെ ഐപാഡിൽ നോക്കി ഒരു ദീർഘനിശ്വാസമെടുത്തു.
"പ്രിയപ്പെട്ടവരെ, ഞാൻ വളരെയധികം വിഷമത്തിലാണ്," അദ്ദേഹം തുടങ്ങി. റിപ്പോർട്ടർമാർ പരസ്പരം നോക്കി, ശമ്പളത്തിന്റെ കാര്യം വല്ലതുമാണോ എന്ന് സംശയിച്ചു.
"നമ്മുടെ ചാനൽ, 'ഡൈനാമിക് വിഷൻ'. എത്ര പയറ്റിയിട്ടും, എത്ര സെമിനാറുകൾ സംഘടിപ്പിച്ചിട്ടും, എത്ര സർവേ ഫലങ്ങൾ മാറ്റിമറിച്ചിട്ടും 'നമ്പർ വൺ' ആകുന്നില്ല. എല്ലാ മാസവും 'നമ്പർ ത്രീ' അല്ലെങ്കിൽ 'നമ്പർ ഫോർ' എന്നതിലെല്ലാം തൂങ്ങിക്കിടക്കുകയാണ്. ഇത് എന്നെ മാനസികമായി തളർത്തുന്നു," മുതലാളി സ്വരം താഴ്ത്തി.
"എന്നാൽ, കഴിഞ്ഞ ദിവസത്തെ റീച്ച്... അതപാരം! സെർവർ തകർക്കുന്ന രീതിയിലായിരുന്ന ഡൗൺലോഡിംഗ്! നമ്മുടെ ടെക് ടീം തലകറങ്ങി വീഴാത്തത് ഭാഗ്യം!"
മീറ്റിംഗിൽ പങ്കെടുത്തവർ ആകാംഷയോടെ കാതോർത്തു. 'ഡൈനാമിക് വിഷൻ' എന്താണ് ഇത്രയും വലുതായി സംപ്രേക്ഷണം ചെയ്തത്?
നയൻതാരയുടെ പുത്തൻ സിനിമയുടെ റിവ്യൂ ആയിരിക്കുമോ?
അതോ അൽഫാം തയ്യാറാക്കുന്നന്നതിലെ രഹസ്യകൂട്ടുകളോ?
കാന്താരി പ്രകാശ് വിജയീഭാവത്തോടെ ചിരിച്ചു. "നമ്മുടെ സൂപ്പർസ്റ്റാർ ആങ്കർ രാമദാസ് പള്ളിപ്പുറം സംഘടിപ്പിച്ച, 'ഓട്ടുമുക്ക്' എന്ന പരിപാടിയാണ് ഞാൻ ഉദ്ദേശിച്ചത്. അതൊരു ചരിത്രസംഭവമായിരുന്നു!"
അദ്ദേഹം ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു. ഒരു വഴിയോര തട്ടിക്കൂട്ട് സ്റ്റുഡിയോയിൽ, ചൂടേറിയ ചർച്ചയ്‌ക്കിടെ, ഒരു യുവനേതാവ് മറ്റേ നേതാവിന്റെ നേരെ കൈ ഓങ്ങിയതും, രാമദാസ് അത് തടയാൻ ശ്രമിക്കുന്നതിനിടെ, യുവനേതാവിന്റെ മൂക്കിനിട്ട് വീക്കിയ ഒരു രംഗം!
"കണ്ടോ? കണ്ടോ? ആളുകൾക്ക് വേണ്ടത് ഇതാണ്! ഈ ആക്ഷൻ! ഈ റിയാക്ഷൻ! യുവ നേതാവിന്റെ മൂക്കിനിട്ട് വീക്കുന്ന സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ചാനലിന് ഇത്രയും റീച്ച് ഉണ്ടായത്. ഇതാണ് നമ്മുടെ പുതിയ ഫോർമുല!"
കാന്താരി പ്രകാശ് എഴുന്നേറ്റുനിന്ന് ഷർട്ടിലെ ചുളിവ് നിവർത്തി. "ഇനി അനാവശ്യമായ വിവരങ്ങളോ, വസ്തുനിഷ്ഠമായ ചർച്ചകളോ വേണ്ട! ന്യൂസ് റൂമിൽ ഇരുന്ന്, 'വികസന'ത്തെക്കുറിച്ചും 'ദാരിദ്ര്യ'ത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന പഴയ ബോറൻ പരിപാടി അവസാനിപ്പിക്കുക. ആർക്കാണ് അതറിയേണ്ടത്? ആളുകൾക്ക് വേണ്ടത് എന്റർടൈൻമെന്റാണ്. സമൂഹത്തിൽ കലഹത്തിലൂടെ സമാധാനം, ചാനൽ വിസ്‌ഫോടനം – ഇതാണ് നമ്മുടെ ലക്ഷ്യം."
"അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: 'ഓട്ടുമുക്ക്' പോലെ നൂറല്ല, ആയിരം പരിപാടികൾ സംഘടിപ്പിക്കുക!" മുതലാളിയുടെ ശബ്ദം കനത്തു.
നേതാക്കളെ സെലക്‌ട് ചെയ്യുക: പങ്കെടുക്കുന്ന നേതാക്കളെ നന്നായി തിരഞ്ഞടുക്കണം. അവർക്ക് ചൂടൻ സ്വഭാവം ഉണ്ടായിരിക്കണം.
ചോദ്യങ്ങൾ: അവരുടെ ഉറക്കം കളയുന്ന, ക്ഷമയുടെ നെല്ലിപ്പലക തകർക്കുന്ന ചോദ്യങ്ങൾ ചോദിക്കണം.
ചർച്ചയുടെ പാരമ്യത്തിൽ, നേതാക്കക്കളെ തമ്മിലടിപ്പിച്ചിരിക്കണം. അത് ചോദ്യങ്ങൾ വഴിയോ, അല്ലെങ്കിൽ 'ആങ്കർ അബദ്ധത്തിൽ കൈ തട്ടിയ'െന്ന മട്ടിൽ ഒരു 'പുഷ്' കൊടുത്തിട്ടോ ആവാം.
ഈ 'തമ്മിലടി' കൃത്യമായി, ക്ലോസപ്പിൽ ചിത്രീകരിക്കുകയും വേണം. ഒരു തല്ല് പോലും നഷ്ടപ്പെടരുത്.
"10 പരിപാടി ഇതുപോലെ സംപ്രേക്ഷണം ചെയ്താൽ, നമ്മളായിരിക്കും ഏറ്റവും മുന്നിൽ.
പഞ്ചായത്ത് / മുൻസിപ്പൽ ഇലക്ഷൻ കഴിഞ്ഞാൽ ഉടൻ നിയമസഭാ ഇലക്ഷൻ വരും. ഇത്തരം പരിപാടികൾക്ക് നല്ല സ്‌കോപ്പുണ്ട്. നിങ്ങൾക്കറിയാലോ, രാഷ്ട്രീയം ഇന്ന് ഒരു തല്ലിന്റെ കളിയാണ്. നമുക്കത് വിറ്റ് കാശാക്കണം," കാന്താരി പ്രകാശ് ഗൂഗിൾ മീറ്റിലെ തൻ്റെ വിരലുകൾ വിക്ടറി സൈൻ ആക്കി മാറ്റി.
മുതലാളി ഒരു കാര്യം കൂടി പറഞ്ഞു വച്ചു
"മികച്ച രീതിയിൽത്തന്നെ ഈ 'കലയ്യറ്റ കലാപരിപാടികൾ' റിപ്പോർട്ട് ചെയ്യുന്ന എല്ലാ റിപ്പോർട്ടർമാർക്കും, അതോടെ പതിനായിരം രൂപയുടെ 'വീക്ക് അലവൻസ്' ഇൻക്രിമെന്റ് ഉണ്ടായിരിക്കും. ഇത് 'പെർഫോമൻസ് ബോണസ്' അല്ല. ഇതൊരു 'ശാരീരിക ആഘാത സാധ്യത അലവൻസ്' ആണ്. അതുകൊണ്ട് നിങ്ങളുടേതാണ് സമയം. നമുക്ക് കലക്കണം!"
മുതലാളി കൈകൾ കൂട്ടിത്തിരുമ്മി.
"ഓ.കെ. നിങ്ങൾക്ക് ഒന്നും പറയാനില്ലല്ലോ? വസ്തുതകളെക്കുറിച്ചോ, മാധ്യമ ധർമ്മത്തെക്കുറിച്ചോ ഉള്ള പഴഞ്ചൻ ചോദ്യങ്ങൾ ചോദിക്കാനാണ് ഭാവമെങ്കിൽ, ആ ചോദ്യങ്ങൾ നിങ്ങൾ വീട്ടിൽ പോയി ചോദിച്ചാൽ മതി. യോഗം പിരിച്ചു വിട്ടിരിക്കുന്നു!"
മീറ്റിംഗ് അവസാനിച്ചു. രാമദാസ് പള്ളിപ്പുറം സ്വന്തം കവിളിൽ തലോടി. ആദ്യത്തെ 'ഓട്ടുമുക്ക്' പരിപാടിയിൽ, യുവ നേതാവിനെ വീക്കുന്നതിനിടെ തനിക്ക് കിട്ടിയ അടി കൊണ്ടഭാഗം ഇപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു.
'വീക്ക് അലവൻസ്' പതിനായിരം രൂപയാണെങ്കിൽ, അടുത്ത പരിപാടിയിൽ എത്ര അടി വാങ്ങേണ്ടിവരും എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.
'ഡൈനാമിക് വിഷൻ' ന്യൂസ് ചാനലിന്റെ പുതിയ യുഗം ആരംഭിക്കുകയായിരുന്നു. ഇനി വാർത്തയില്ല, അടിയോടുള്ള സ്വാർത്ഥതാല്പര്യം മാത്രം.
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഇനി ചർച്ചയ്ക്ക് വരുമ്പോൾ, തങ്ങളുടെ മൂക്ക് ഭദ്രമാണോയെന്ന് ഒന്നു തൊട്ടുനോക്കിയിട്ട് മാത്രമേ സ്റ്റുഡിയോയിലേക്ക് കയറുകയുള്ളൂ എന്ന് തീരുമാനിക്കണം
ഓട്ടുമുക്കു ചർച്ചക്കായി ജനം കാത്തിരിക്കണം.
കെ എ സോളമൻ
Friday, 7 November 2025
പരിശുദ്ധ മാതാവ്
Thursday, 6 November 2025
ചകിരിയുടെ മണമുള്ള വീട്
Wednesday, 5 November 2025
മലപ്പുറം കത്തി - കഥ
Monday, 3 November 2025
അശോകൻ ചേർത്തലയുടെ ലോകം
മലയാള കഥാസാഹിത്യത്തിന് ചേർത്തല നൽകിയ അതുല്യമായ സംഭാവനയാണ് പ്രിയപ്പെട്ട എഴുത്തുകാരൻ അശോകൻ ചേർത്തല. ചേർത്തലയിലെയും മാരാരിക്കുളത്തെയും സാംസ്കാരിക വേദികളിൽ അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ, സാധാരണ എഴുത്തുകാരിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു പ്രത്യേക കൈയ്യൊപ്പ് ഈ കലാകാരന് സ്വന്തമായുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.. ജീവിതത്തിന്റെ നേർക്കാഴ്ചകളെ, പ്രത്യേകിച്ചും നർമ്മത്തിന്റെയും, ദുഃഖത്തിൻ്റെയും നേർത്ത നൂലുകൾ തുന്നിച്ചേർത്ത് കഥകളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനാർഹമാണ്.
കഥയിൽ നർമ്മം ചേര്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ഒരു സർജനെപ്പോലെ സൂക്ഷ്മമായ കൈയ്യടക്കം ആവശ്യമുള്ള കലയാണ്. കൃത്യമായ അളവിലും സമയത്തിലും നർമ്മം ഉപയോഗിച്ചാൽ മാത്രമേ വായനക്കാരന്റെ മനസ്സിനെ സ്പർശിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയൂ. ഈ പുസ്തകത്തിലെ ഓരോ കഥയിലും അശോകൻ ചേർത്തല ആ ധർമ്മം എത്ര മനോഹരമായി നിർവഹിച്ചിരിക്കുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു.
കണ്ണീരിന്റെ ആഴവും ആത്മാർത്ഥതയുടെ ഓർമ്മകളും: "കണ്ണീർ പൂക്കൾ"
ഈ സമാഹാരത്തിലെ ആദ്യ കഥയായ "കണ്ണീർ പൂക്കൾ" നർമ്മത്തിന്റെ ലോകത്തുനിന്ന് മാറി, മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരവും ആഴമേറിയതുമായ വികാരങ്ങളിലൊന്നായ ദുഃഖത്തെയാണ് വിഷയമാക്കുന്നത്. മീനാക്ഷിയുടെയും മങ്കമാമ്മയുടെയും കഥയിൽ, മഴവെള്ളപ്പാച്ചിലിന്റെ പശ്ചാത്തലത്തിൽ വിടരുന്ന ഈ സൗഹൃദം ഹൃദയസ്പർശിയാണ്.
മീനാക്ഷിയുടെയും മങ്കയുടെയും സംഭാഷണങ്ങൾ കേവലം വാക്കുകളല്ല; അത് ആത്മാർത്ഥതയുടെ പോയകാലസ്മൃതികൾ ഉണർത്തുന്ന, ഒട്ടും കാപട്യമില്ലാത്ത, ഹൃദയത്തിൽ നിന്ന് പൊന്തിവരുന്ന വികാരങ്ങളാണ്. എന്നാൽ, കഥയുടെ അന്ത്യത്തിൽ ഒരു മഴവെള്ളപ്പാച്ചിലിന്റെ വരവോടെ മങ്ക, മീനാക്ഷിയെയും മകനെയും വിട്ടു പിരിയുന്നത് വായനക്കാരന്റെ ഉള്ളിൽ ഒരു നോവായി അവശേഷിക്കുന്നു.
പ്രിയപ്പെട്ടവരുടെ വേർപാട്, സ്വപ്നങ്ങളുടെ നഷ്ടം തുടങ്ങിയ സന്ദർഭങ്ങളിലാണ് മനുഷ്യൻ ദുഃഖം അനുഭവിക്കുന്നത്. എന്നാൽ, ഈ ദുഃഖത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെ നാം തിരിച്ചറിയുന്നത് എന്ന ശക്തമായ സത്യം ഈ കഥ ഓർമ്മിപ്പിക്കുന്നു. ദുഃഖം മനുഷ്യന്റെ ഏറ്റവും വലിയ തിരിച്ചറിവുകളിലേക്ക് നയിക്കുന്ന വഴികാട്ടിയാണ്. കഥാകൃത്ത് നർമ്മമില്ലാതെ, എന്നാൽ ആഴമുള്ള വികാരങ്ങളിലൂടെ കഥ പറഞ്ഞു തുടങ്ങുന്നത് ഈ സമാഹാരത്തിന്റെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.
കാലത്തിനൊത്ത നർമ്മം: "ഗൂഗിൾ കല്യാണം"
ദുഃഖത്തിൽ നിന്ന് നർമ്മത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് രണ്ടാമത്തെ കഥയായ "ഗൂഗിൾ കല്യാണം". കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാമൂഹിക അകലം പാലിക്കേണ്ടി വന്നപ്പോൾ, ഗൂഗിൾ മീറ്റ് വഴിയുള്ള വിവാഹങ്ങൾ ഒരു പ്രധാനപ്പെട്ടതും പ്രായോഗികവുമായ പരിഹാരമായി മാറിയിരുന്നു. വലിയ ആഘോഷങ്ങൾ ഒഴിവാക്കി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നുകൊണ്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചടങ്ങുകളിൽ പങ്കെടുക്കാൻ ഇത് അവസരം നൽകി.
ഇന്ന് ഇത് സാധാരണമാണെങ്കിലും, ഗൂഗിൾ മീറ്റ് തുടങ്ങിയ കാലത്ത് ഇത്തരം ഒരു വാർത്ത ആശ്ചര്യം ഉണർത്തുന്നതായിരുന്നു. പിന്നീട് ഇത് സാധ്യമാണെന്ന് വാർത്തകളിലൂടെ നമ്മൾ മനസ്സിലാക്കി. വധൂവരന്മാരുടെ ബന്ധുക്കൾക്ക് ഒരുമിച്ച് മീറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിൽ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവാഹം എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് കഥാകൃത്ത് നർമ്മരസം ചാലിച്ച് പറയുന്നു. സാങ്കേതികവിദ്യ എങ്ങനെ നമ്മുടെ ജീവിതത്തിലെ പരമ്പരാഗതമായ ചടങ്ങുകളിൽ പോലും മാറ്റം വരുത്തുന്നു എന്ന് ഈ കഥ ചിരിയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.
സ്വപ്നത്തിന്റെ അതിരുകൾ തേടി: "സ്വപ്ന സാക്ഷാത്കാരം"
ചന്ദ്രപ്പൻ എന്ന സാധാരണക്കാരനായ ചായക്കടക്കാരന്റെയും മകൻ കിഷൻ ചന്ദ് എന്ന ബഹിരാകാശ ശാസ്ത്രജ്ഞന്റെയും സാഹസികതയുടെ കഥയാണ് "സ്വപ്ന സാക്ഷാത്കാരം".
ചന്ദ്രപ്പനെ ബഹിരാകാശ യാത്രയ്ക്ക് കൊണ്ടുപോകാൻ കിഷൻ ചന്ദിന് ഭാഗ്യം ലഭിക്കുന്നതും, യാത്രയിൽ അവർക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് കഥയുടെ പ്രതിപാദ്യം. ഈ കഥയിലൂടെ അശോകൻ ചേർത്തല കേവലം ഒരു ഫാന്റസി മാത്രമല്ല അവതരിപ്പിക്കുന്നത്. ചാന്ദ്രദൗത്യങ്ങൾ വിദ്യാർത്ഥികളുടെ ഭാവനയെയും ജിജ്ഞാസയെയും എങ്ങനെ ഉണർത്തുന്നു എന്നതിനെക്കുറിച്ചുള്ള ശക്തമായ സന്ദേശം ഇതിലുണ്ട്.
ഒരുകാലത്ത് മനുഷ്യന്റെ സാധ്യതകൾക്ക് അപ്പുറമെന്ന് കരുതിയ കാര്യങ്ങൾ ഇന്ന് സാധ്യമാവുകയാണ്. ഇത് കേവലം ശാസ്ത്രപരമായ ഒരു വിജയം എന്നതിലുപരി, എഞ്ചിനീയറിംഗ്, ഗണിതം, സാങ്കേതികവിദ്യ എന്നിവയുടെയെല്ലാം ഒരു മാസ്റ്റർക്ലാസ് കൂടിയാണ്. വലിയ വെല്ലുവിളികളെ കൂട്ടായ പരിശ്രമത്തിലൂടെയും നൂതനമായ ചിന്തകളിലൂടെയും എങ്ങനെ മറികടക്കാം എന്ന് ഈ കഥ വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നു.
"അസാധ്യമായതൊന്നും ഇല്ല" എന്ന ശക്തമായ സന്ദേശം നൽകി, അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കാൻ ഈ കഥ പ്രചോദനം നൽകുന്നു എന്ന് നിസ്സംശയം പറയാം. ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഒരു കരിയർ തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് ഇത് പ്രേരണയായേക്കാം.
സ്നേഹത്തിന്റെ തണൽ: "അമ്മ കിളിക്കൂട്"
ഈ സമാഹാരത്തിലെ നാലാമത്തെ കഥയായ "അമ്മ കിളിക്കൂട്" നാൻസിയുടെ ജീവിതത്തിന്റെയും അവർ അനുഭവിച്ച ക്ലേശങ്ങളുടെയും വിവരണം നൽകുന്നു. ക്രൂരനായ മാത്തച്ചൻ മുതലാളിയുടെയും മകൻ സണ്ണിയുടെയും കഥ ഇതിനിടയിൽ കടന്നുവരുന്നുണ്ട്.
വിശന്നു വലഞ്ഞ് എങ്ങുനിന്നോ വന്ന ഒരു പയ്യൻ എങ്ങനെ നാൻസിയുടെ ജീവിതം വർണ്ണാഭമാക്കുന്നു എന്നതിലൂടെ കഥാകൃത്ത് സ്നേഹത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും പ്രാധാന്യം അടിവരയിട്ട് പറയുന്നു. ക്ലേശങ്ങളിൽപ്പെട്ട് ഉഴലുന്ന ഒരു ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു കിരണം കടന്നുവരുന്നതിന്റെ മനോഹരമായ കാഴ്ചയാണ് ഈ കഥ. നാൻസിയുടെ ജീവിതം ഒരു 'കിളിക്കൂട്' പോലെ സുരക്ഷിതമാകുന്നത് കാണുമ്പോൾ വായനക്കാർക്ക് ആശ്വാസം ലഭിക്കുന്നു.
ചിരിയും ചിന്തയും നിറഞ്ഞ വായനാനുഭവം
അങ്ങനെ, ഒരേ സമയം ഏറെ ചിരിക്കാനും ചിന്തിക്കാനുമുള്ള വക നൽകുന്നതാണ് അശോകൻ ചേർത്തലയുടെ ഈ കഥാസമാഹാരം.
ദുഃഖത്തിൽ തുടങ്ങി,.നർമ്മത്തിലേക്ക് കടന്ന്,ബഹിരാകാശത്തിന്റെ ശാസ്ത്രചിന്തകൾ നൽകി,, ഒടുവിൽ മനുഷ്യസ്നേഹത്തിന്റെ മധുരം വിളമ്പുന്ന ഈ കഥകളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണ്. തുടർന്നുള്ള ബാക്കി 11 കഥകളും ഇതേ ശ്രേണിയിൽ പെടുത്താവുന്നതാണ്.
അശോകൻ ചേർത്തലയുടെ ഭാഷയുടെ ഒഴുക്കും, ചുറ്റുപാടുമുള്ള കാഴ്ചകളെ വിവരിക്കുന്നതിലെ ലാളിത്യവും ഈ പുസ്തകത്തെ മികച്ച ഒരു വായനാനുഭവമാക്കി മാറ്റുന്നു. കഥാപാത്രങ്ങളെ നമ്മുടെ കൺമുന്നിൽ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാമാന്യമാണ്. പ്രാദേശികമായ തനിമയും നർമ്മത്തിന്റെ മേമ്പൊടിയും ചേർത്തലയുടെ സാംസ്കാരിക പശ്ചാത്തലവും ഈ കഥകളെ കൂടുതൽ മനോഹരമാക്കുന്നു.
വായനക്കാർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ മികച്ച കഥാസമാഹാരം മലയാള സാഹിത്യത്തിന് ഒരു മുതൽക്കൂട്ട് തന്നെയാകുമെന്നതിൽ സംശയമില്ല. അശോകൻ ചേർത്തലയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ആശംസകളോടെ
കെ എ സോളമൻ
3 - 11 - 2025