Friday, 25 November 2011
പിള്ള മൊബൈല്‍ സ്വിച് ഓഫ് ചെയ്തു - കഥ -കെ എ സോളമന്‍
ഉച്ചയുറക്കത്തിന്റെ പാതി വഴിയിലായിരുന്നു പ്രൊഫസ്സര്‍ കൃഷ്ണപിള്ള . എന്തോ ഓര്‍ത്തിട്ടെന്ന പോലെ പെട്ടെന്നെഴുന്നേറ്റു ചുറ്റും നോക്കി.
റിട്ടയേഡ് കോളജു പ്രൊഫസ്സര്‍ ആണ് പിള്ള. പ്രൊഫസ്സറന്നു കൃത്യ മായി പറഞ്ഞു കൂടാ, ലെക്ച്ചറര്‍ ആയാണ് പിരിഞ്ഞത് . സെലെക്ഷന്‍ ഗ്രേഡു ലെക്ച്ചറര്‍ . കോളജിന്റെ വരാന്തയില്‍ കേറി നിന്നവനൊക്കെ പ്രൊഫസ്സറന്നും പറഞ്ഞു നടക്കുന്നതു കൊണ്ട് അങ്ങനെ വിളിക്കുന്നന്നെയുള്ളൂ . പഠിപ്പിച്ചു നടന്ന കാലത്ത് കുട്ടികള്‍ വിളിച്ചത് 'പ്രൊഫസര്‍ ബ്ളാക്ക്' എന്നാണ്. സാറിന്റെ തൊലിയുടെ നിറത്തിന് പറ്റിയ വേറൊരു പേരില്ലെന്ന് ഒരു കുട്ടി പറഞ്ഞതായി ഒരിക്കല്‍ സാറാമ്മ ടീച്ചര്‍ പിള്ളയോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ 'ബ്ളാക്ക് ' സിനിമയ്ക്ക് തന്റെ കോളജിലെ വിദ്യാര്‍ഥികള്മായി ചാനല്‍സുന്ദരി ഒരു സിനിമ നടിയുമായി ചേര്‍ന് സംവാദം നടത്തിയാണ് പേര് കണ്ടു പിടിച്ചത്.
പ്രൊഫസ്സര്‍ പിള്ള മേശപ്പുറത്തിരുന്ന മൊബൈല്‍എടുത്തു ഞെക്കി നോക്കി. അത്യാവശ്യം പരിപാടികള്‍ മോബൈലിലാണ് സേവ് ചെയ്യുക. ഇരട്ട സിമ്മുള്ളതു കൊണ്ട് ഒത്തിരി വിവരങ്ങള്‍ സേവ് ചെയ്യാം. മൂത്ത മകളാണ് മൊബൈല്‍ സമ്മാനിച്ചത്. ജിഗബൈറ്റ് മെമ്മറിയെ ക്കുറിച്ച് അവളാണ് പറഞ്ഞു തന്നത്.
ഇന്ന് വൈകിട്ട് പരിപാടിമൂന്ന് . മൂന്നു കൂട്ടരും നോട്ടീസ് എത്തിച്ചു തരുകയും ഓര്‍മ്മപ്പെടുത്തല്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
കോളേജില്‍ ജോലിയുണ്ടായിരുന്ന കാലത്തി ഇത്രേം തിരക്കില്ലായിരുന്നു. അന്ന് തോന്നുമ്പോള്‍ പഠിപ്പിച്ചാല്‍ മതി യായിരുന്നു. പഠിപ്പിചില്ലേലും കുഴപ്പമില്ല. താന്‍ പഠിപ്പിച്ചിട്ടു കാര്യമില്ലെന്ന് പറഞ്ഞു നടക്കുന്ന ചില വിദ്യാര്‍ഥി വീരന്മാരുമുണ്ട്, കാശിനു കൊള്ളാത്ത ഉഴപ്പാന്‍മാരാണവര്‍ . താന്‍ പഠിപ്പിച്ചത് കൊണ്ടാണ് കെമിസ്ട്രി എന്താണെന്ന് വിവരമുള്ളകുട്ടികള്‍ മനസ്സിലാക്കിയത്. കെമിസ്ട്രി വര്‍ഷമായത്കൊണ്ട് മൂത്തസിനിമ നടന്‍ തൊട്ടു ഏതവനും ഇപ്പോള്‍ കെമിസ്ട്രിയെ ക്കുറിച്ചാണ് സംസാരം.
അത്യാവശ്യം സംഘടനാ പ്രവര്‍ത്തനം ഉണ്ടായിരുന്നത്കൊണ്ട് അന്ന് വലിയ ബോറടി തോന്നിയിരുന്നില്ല. സര്‍വീസ് കാര്യങ്ങളില്‍ ചുക്കേതു ചുണ്ണാന്പേത് എന്നറിയാത്ത സാറാമ്മ ടീച്ചറും സരസമ്മയുമൊക്കെ തന്റെ അടുത്താണ് ഇന്‍കംടാക്സ് കാല്കുലെറ്റു ചെയ്യാന്‍ എത്തുന്നത്. കൃഷ്ണനെന്ന പേര് തനിക്കു യോജിക്കുമെന്നു ആക്ഷേപിച്ച പ്രൊഫസ്സര്‍ മാത്യുവിനു എതിരെ കിട്ടിയ അവസരങ്ങള്‍ താനും പാഴാക്കിയിട്ടില്ല . സെല്‍ഫ് ആപ്രൈസല്‍ -സ്വയം വിലയിരുത്തല്‍ - എത്ര പേര്‍ക്കാണ് താന്‍ എഴുതിക്കൊടുത്തത്. കൃഷ്ണ പിള്ള സാറില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്കാര്‍ക്കും ഗ്രേഡു പ്രൊമോഷന്‍ കിട്ടില്ലായിരുന്നു വെന്നാണ് മറിയം ടീച്ചര്‍ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ചത്.
സംഘടനാ പ്രവര്‍ത്തനത്തിന് അങ്ങനെ കുറച്ചധികം സമയം കളഞ്ഞിട്ടുണ്ട്. എങ്കില്‍ തന്നെ ഇന്നത്തെ തിരക്ക് അന്നില്ലായിരുന്നു. ഇന്ന് ഏതു യോഗത്തിനും താന്‍ തന്നെ വേണം അധ്യക്ഷനായി . " സാറ് അധ്യക്ഷനായില്ലെങ്കില്‍ പറ്റില്ല ", അഖിലേന്ത്യ പാര്‍ട്ടിയുടെ പഞ്ചായത്ത് നേതാവ് ഇന്നലെ വന്നു പറഞ്ഞതും അധ്യക്ഷനാകാനാണ്.
തന്റെ യുണിയന്റെ പാര്‍ട്ടിയുടെ സകല കോര്‍ണര്‍ യോഗങ്ങളിലും താനാണ് അധ്യക്ഷന്‍ . യോഗത്തില്‍ മുഴുവന്‍ സമയവും കുത്തിയിരിക്കുന്നതിലുപരി വല്യ കുഴപ്പം കൂടാതെ യോഗ നടപടി നിയന്ത്രിക്കുന്ന ആളെന്ന പേരുമുണ്ട്. ഹൈക്കോടതി വിധി വന്നതു എന്തു കൊണ്ടും നന്നായി . പെരുവഴിയില്‍ കുത്തിയിരുന്നു മുഴുവന്‍ സമയവും കാറ്റും പൊടിയും എല്‍ക്കേണ്ട. ഇപ്പോള്‍ ഏതെങ്കിലും ഹാളില്‍ കുത്തിയിരുന്നാല്‍ മതി. വഴിയോര മീറ്റിങ്ങുകള്‍ കഴിഞ്ഞു വന്നനാളുകളില്‍ രാത്രി ഉറങ്ങാന്‍ പറ്റില്ല, വല്ലാത്ത ശ്വാസം മുട്ടല്‍ .
ആദ്യ കാലങ്ങളില്‍ പ്രാസംഗികരെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു . തന്റെ അഭിപ്രായം ഉപസംഹാരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടതിന്റെ ആവശ്യം തോന്നിയില്ല. മിക്ക പ്രാസംഗികരും വിളമ്പുന്ന വിവരക്കേടിനു മറുപടി പറയാനിരുന്നാല്‍ അതിനെ നേരം കാണു. പ്രസംഗിക്കുമ്പോള്‍ ചിലരുടെ തല പ്രവര്‍ത്തിക്കാറെയില്ല. വന്നുവന്നു ആര് എന്തു പ്രാസംഗിച്ചാലും ഇപ്പോള്‍ തന്നെ അശേഷം ബാധിക്കാറില്ല. ഐ എസ് ആര്‍ ഒ യുടെ ചന്ദ്രയാന്‍ സൂര്യന്‍ തട്ടി താഴെയിട്ടെന്നു ഒരു വിദ്വാന്‍ തട്ടിവിട്ടിട്ടും താന്‍ അനങ്ങിയില്ല. ജപ്പാനിലെ ഫുകിഷിമായില്‍ അമേരിക്ക ബോംബിട്ടതാണ് ആണവ നിലയം തകരാന്‍ കാരണമെന്ന് പ്രസംഗിച്ച ഒരുത്തനെ തല്ലാനോങ്ങിയവനെ പിടിച്ചു മാറ്റിയത് താനാണ്.
മൂന്നു യോഗങ്ങളാണ് ഇന്ന്. ആദ്യത്തേത് എലിപ്പനിക്കെതിരെ ബോധവല്കരണം. എയിഡ്സ് അവേര്‍ നെസ് കാമ്പയിന്‍ ആണ് രണ്ടാമത്തേത്. പാര്‍ടി സഖാക്കളിലെ കവികള്‍ കൂട്ടായി എഴുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മമാണു ഒടുവില്‍ . മൂന്നു വിഷയങ്ങളും ചിരപരിചിതമായതു കൊണ്ട് തയ്യാറെടുപ്പ് വേണ്ട, പഴയ കുറിപ്പുകള്‍ തപ്പിയെടുത്തു വായിച്ചു നോക്കിയാല്‍ മതി. എലിപ്പനി ഭയാനകം, ചിക്കുന്‍ ഗുനിയ, ഡെങ്കി, പന്നി, ഇവയെല്ലാം സൂക്ഷിക്കണം എന്ന് വിളിച്ചു പറയാന്‍ എന്തിനു പ്രിപ്പറേഷന്‍ ? നമ്മുടെ ശരീരത്തില്‍ മുറിവുള്ള ഭാഗത്ത് എലി മൂത്രമൊഴിക്കാതെ നോക്കണം എന്നൊക്കെ തട്ടിവിട്ടാലും അച്ചടക്കമുള്ള ശ്രോതാക്കള്‍ കേട്ടുകൊണ്ടിരിക്കും. എയിഡ്സിനെ കുറിച്ച് പറയാനാണെങ്കില്‍ ഒടുക്കമില്ല.
ബെന്‍സന്‍ , ബെന്‍സി, ചിത്ര, ആരോഗ്യ മന്ത്രി, ആശുപത്രി തുടങ്ങി ഒട്ടേറെ മനുഷ്യരെയും, സ്ഥാപനങ്ങളെയും കുറിച്ച് പറയാം. ബ്ള ഡ് ട്രന്സ്ഫുഷന്‍ സൂക്ഷിക്കണം , സുരക്ഷിത ലൈംഗികം വേണം ,അതല്ലെങ്കില്‍ പരിചയ മില്ലാത്തവരു മായി ലൈംഗിക ബന്ധം പാടില്ല എന്നൊക്കെ തട്ടി വിടാം. എയിഡ്സ് കന്ട്രോള്‍ പ്രോഗ്രാമിന്റെ ജില്ല കോര്‍ഡിനെറ്റരുടെ സഹനത്തിന്റെയും സാഹസത്തിന്റെയും കഥകള്‍ നിരത്താം, അങ്ങനെ എന്തൊക്കെ.
പുസ്തക പ്രകാശനം കൂടു കൃഷി പോലുള്ള സംരംഭാമാനെന്നു വിവരിക്കാം. പുസ്തകങ്ങള്‍ക്ക് മരണമില്ല- ഉപന്യാസം എഴുതി സമ്മാനം വാങ്ങിയിട്ടുള്ള ആളാണ് താന്‍ .
പിള്ള മൊബൈലില്‍ ഒന്നു കൂടി വിരലമര്‍ത്തി. സമയം നാലു മണി. ഇനി പോയാല്‍ ഒരു യോഗത്തിനും കൃത്യ സമയത്തു എത്തിച്ചേരില്ല . അല്ലെങ്കില്‍ ത്തന്നെ പോയിട്ടെന്തു പ്രയോജനം ? അഞ്ചു പൈസയുടെ നേട്ടമില്ല., പഞ്ചാര ഇടാത്ത ഒരു ചായ കിട്ടും . പഞ്ചസാര വേണ്ടെന്നു പറഞ്ഞിട്ടല്ല, അവരങ്ങനെയങ്ങ് തീരുമാനിക്കും. റിട്ടയര്‍ ചെയ്‌താല്‍ പിന്നെ മധുരം പാടില്ലെന്ന് കെ എസ് ആറില്‍ എഴുതിയുട്ടണ്ടത്രേ!
പിള്ള മൊബൈല്‍ സ്വിച് ഓഫ് ചെയ്തു ദൂരെ മാറ്റി വെച്ചു, റേഡി യേഷന്‍ ! ഉഷ്ണം ജാസ്തി ആണെങ്കിലും പുതപ്പു തലകീഴു വലിച്ചുമൂടി, കണ്ണടച്ചു, സ്വസ്ഥമായി കിടന്നുറങ്ങി.
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment