Saturday, 25 November 2023

ഗാന്ധി സ്മാരകത്തിലെ പൂച്ച

#ഗാന്ധിസ്മാരകത്തിലെ #പൂച്ച
"പൂച്ചേ ,  നീ എന്തിനായ് വന്നു പൂച്ചേ .
ഈ അഹിംസാ ഗൃഹത്തിൽ
ആരോടും വിദ്വേഷമില്ലാതെ
സത്യ മാർഗത്തിൽ, സന്മാർഗ്ഗചിന്തയോടെ
അഹിംസ മുഖമുദ്രയാക്കി
 പൂംധ്വജന്മാർക്ക് സംരക്ഷകനായി

നിനക്കു മുണ്ടായിരുന്നില്ലേ ആഗ്രഹം
ഉന്ദുരവർഗ ഉന്മൂലനത്തിന് .
പ്രകൃതിയും അതല്ലേ കാംക്ഷിക്കുന്നത്
എന്നിട്ട് നീ മാത്രം എന്തേ
ഈ സന്മാർഗ ഭവനത്തിൽ ഏകനായ്
ദിശാ ഭ്രംശം ബാധിച്ച്
വിഢാല വർഗത്തിന്  അനഭിമതനായ്
പൃകങ്ങൾൾക്ക് സഹോദരനായി?

പൂച്ചയ്ക്കെന്തു പൊന്നുരുക്കിന്നിടത്തു കാര്യം
തിരുത്തുന്നു ഞാനീ പഴം പഴഞ്ചൊല്ല്
പൂച്ചയ്ക്കെന്തു ഗാന്ധി സ്മാരകത്തിൽ കാര്യം?

പൂച്ചേ ,  നീ എന്തിനായ് വന്നു പൂച്ചേ 
ഈ ശാന്തമാം അഹിംസാഭവനത്തിൽ ?

- കെ എ സോളമൻ

Saturday, 18 November 2023

ജീവന്മരണങ്ങളുടെ വിസ്മൃതി

ജിവന്മരണങ്ങളുടെ വിസ്മൃതി!

Full many a gem of purest ray serene
The dark unfathom'd caves of ocean bear:
Full many a flower is born to blush unseen,
And waste its sweetness on the desert air
-Thomas Gray, An Elegy Written In A Country Churchyard

ഗ്രാമശ്മശാനത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നവരുടെ ജീവന്മരണങ്ങളുടെ വിസ്മൃതമായ സാധാരണതയെക്കുറിച്ച് പരിതപിക്കുന്ന കവി അതിനെ അലംഘ്യമായ മരണവിധിയുടെ നിഴൽ വീണ മനുഷ്യാവസ്ഥയുടെ പശ്ചാത്തലത്തിൽ കാണുന്നു. എല്ലാ മനുഷ്യരുടേയും കാര്യത്തിൽ, പാരമ്പര്യത്തിന്റെ പൊങ്ങച്ചവും അധികാരത്തിന്റെ ഗർവും, സമ്പത്സ്യന്ദര്യങ്ങളുടെ നേട്ടങ്ങളും ചെന്നെത്തുന്നത് മരണത്തിന്റെ അന്തിമനാഴികയിലും ശവക്കുഴിയിലുമാണ്.

ഗ്രാമശ്മശാനത്തിൽ വിസ്മരിക്കപ്പെട്ടു കഴിയുന്ന സാധാരണക്കാരിൽ, ജോൺ ഹാംപ്ഡണും ജോൺ മിൽട്ടണും ഒലിവർ ക്രോംവെല്ലിനും ഒപ്പം പ്രതിഭയുള്ളവർ ഉണ്ടാകാം. എന്നിട്ടും സമുദ്രത്തിന്റെ അഗാധതകളിൽ ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന രത്നങ്ങളുടേയും, ആരും കാണാതെ വാടിക്കൊഴിഞ്ഞുപോകുന്ന വനസുഗന്ധികളുടേയും വിധിയാണ് അവർക്കുണ്ടായത്. എങ്കിലും അവരുടെ നേട്ടങ്ങളെ പെരുപ്പിക്കാതിരുന്ന അപ്രശസ്തി അവരുടെ പാപങ്ങളേയും പരിമിതപ്പെടുത്തി. അവർക്ക് കൊലപാതകങ്ങൾ നടത്തി സിംഹാസനങ്ങൾ പിടിച്ചെടുക്കുകയോ മനുഷ്യവർഗ്ഗത്തിനു മേൽ കരുണയുടെ വാതിൽ അടക്കുകയോ ചെയ്യേണ്ടി വന്നില്ല. ഭ്രാന്തുപിടിച്ച ആൾക്കൂട്ടത്തിന്റെ നെറികെട്ട പോരാട്ടങ്ങളിൽ നിന്നകന്ന് സുബോധത്തോടെയിരുന്നതിനാൽ
 അവരുടെ 
ആഭിലാഷങ്ങൾക്ക് 
വഴിപിഴച്ചില്ല.

സാരാനർഘ പ്രകാശ പ്രചുരിമ തിരളും ദിവ്യരത്നങ്ങളേറെ. പ്പാരാവാരത്തിനുളളിൽപ്പരമിരുൾ നിറയും കന്ദരത്തിൽക്കിടപ്പൂ. ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകിത്തൂമണം വ്യർത്ഥമാക്കു-
ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാളൊന്നു കേളിപ്പെടുന്നു." 
(വി .സി . ബാലകൃഷണപ്പണിക്കർ )

Wednesday, 20 September 2023

കാലം ഇഴപിരിഞ്ഞാൽ - കഥ

#കാലംഇഴപിരിഞ്ഞാൽ - കഥ

"രാവിലെ തന്നെ എത്തിച്ചേരണം " എന്നാണ് തോമസ് എന്നോട് പറഞ്ഞത് 
തോമസ് എൻറെ സുഹൃത്താണ് .ചില ബ്രോക്കിംഗ് ബിസിനസ്സുമായി കഴിയുന്നു. മാര്യേജ് ബ്രോക്കിങ് മുതൽ വാഹന രജിസ്ട്രേഷൻ ബ്റോക്കിംഗ് വരെ ഉണ്ട്  റിയൽ എസ്റ്റേറ്റും കൈകാര്യം ചെയ്യും.

തോമസ് കല്യാണം കഴിച്ചത് അല്പം വൈകി ആയതുകൊണ്ട് രണ്ടു കുട്ടികൾ ഉള്ളത് എങ്ങുമെത്തിയിട്ടില്ല. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.  പെൺകുട്ടിയെ അതിൻറെ അമ്മയ്ക്കൊപ്പം വീട്ടിലിരുത്തിയതിനു ശേഷമാണ് തോമസ് തന്റെ എട്ടുവയസ്സുകാരൻ മകനുമായി ബ്രോക്കിംഗ് സ്ഥാപനത്തിൽ എത്തുക. സ്ഥാപനം എന്നൊന്നും പറയാനില്ല ഒരു കടമുറി ഉണ്ട് . അവിടെ ഇരുന്നും പിന്നെ സൈക്കിൾ യാത്ര ചെയ്തുമാണ് ബിസിനസ് നടത്തുന്നത്. 

 സൈക്കിളുകളും പൊതു വാഹനങ്ങളും ആണ് ജനത്തിന്റെ പ്രധാന യാത്രാസംവിധാനങ്ങൾ. ബൈക്കുകളും കാറുകളും നിരത്തിൽ അപൂർവമായിട്ടാണ് ഓടുന്നത്. ഒരുപക്ഷേ  കാലം പുരോഗമിച്ചതു കൊണ്ടോ അല്ലെങ്കിൽ പിന്നോട്ടു നടന്നതു കൊണ്ട് ആവാംഇങ്ങനെ ഒരു അവസ്ഥ എന്ന് ഞാൻ സംശയിക്കുന്നു. പക്ഷെ സ്മാർട്ട് ഫോൺ പ്രചാരത്തിലുണ്ട് . കാലം ഇഴ പിരിഞ്ഞ കാര്യം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നു ?

ഞാൻ കൃത്യസമയത്ത് തന്നെ തോമസിന്റെ സ്ഥാപനത്തിൽ എത്തിച്ചേർന്നു, സൈക്കിളിൽ. ഹെർക്കുലീസ് സൈക്കിൾ, പുതിയതാണ്. എത്ര ദൂരം വേണമെങ്കിലും അതിൽ യാത്ര ചെയ്യുന്നത് എനിക്ക് ലഹരിയാണ്.

എന്നെ കാത്ത് തോമസിനൊപ്പം ഒരാൾ കൂടി അവിടെ ഇരിപ്പുണ്ടായിരുന്നു. തോമസ് പരിചയപ്പെടുത്തി

"ഇതാണ് ഞാൻ പറഞ്ഞ ക്യാപ്റ്റൻ രാജു തോമസ്. അദ്ദേഹം ആർമി എഡ്യൂക്കേഷൻ സേവനം കഴിഞ്ഞു വന്ന ആളാണ്. അദ്ദേഹത്തിന് ഒരു എൻട്രൻസ് കോച്ചിങ് സ്ഥാപനം തുടങ്ങണം. വിഷയം മാത്തമാറ്റിക്സ്, സാറിൻറെ സഹായം കിട്ടിയാൽ മറ്റു രണ്ടുപേരെ കൂടി കണ്ടുപിടിച്ചാൽ മതിയല്ലോ ?"

ഞാൻ പറഞ്ഞു "അതിനെന്താ ? എല്ലാ സഹായവും  ചെയ്യാൻ ഞാൻ തയ്യാറാണ് . പക്ഷേ ഇത്തരം പല സംരംഭങ്ങളും ആരംഭശൂരത്വത്തിൽ അവസാനിക്കുന്നതാണ് കണ്ടിട്ടുള്ളത്. . പ്രത്യേക ഡെഡിക്കേഷൻ -അർപ്പണബോധം വേണ്ടിവരും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ "

 ക്യാപ്റ്റൻ എന്നോടു പൂരണമായും യോജിച്ചു ഒരു ചായ കുടിക്കാനായി ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.

മകൻ കൂടെ ഉള്ളതുകൊണ്ടാവാം തോമസ് ക്ഷണം ക്ഷമാപൂർവ്വം നിരസിച്ചു.  അല്ലെങ്കിൽ തന്നെ ബ്രോക്കേഴ്സ് കൃത്യമായ ഇടപാടുകൾ ആണല്ലോ നടത്തുക. പറഞ്ഞുറപ്പിച്ച പണം കിട്ടുക എന്നതിൽ കവിഞ്ഞ്  അവർക്ക് മറ്റ് ബന്ധങ്ങളിലൊന്നും  വലിയ താല്പര്യമില്ല.

ക്യാപ്റ്റൻ പറഞ്ഞുകൊണ്ടിരുന്ന ആർമി  വിശേഷങ്ങള്യം കേട്ടു ഞാൻ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു.

" അതു സാർ , റിട്ടയർ ചെയ്തുകഴിഞ്ഞാൽ പലരും പല സംരംഭങ്ങളും ഏറ്റെടുക്കും. അപൂർവം ചിലത് വിജയിക്കും, എന്നാൽ കൂടുതലെണ്ണവും പൊളിഞ്ഞു പോവുകയാണ് പതിവ്. ഇതാകുമ്പോൾ കുറച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തു എന്ന ഒരു സംതൃപ്തി ഉണ്ടാകും. കൂടുതൽ ഫീസൊന്നും വാങ്ങാൻ ഞാനാഗ്രഹിക്കുന്നില്ല "

അമിത ഫീസ് ഇത്തരം കോച്ചിംഗ് ബിസിനസിന്റെ മുഖ്യ ആകർഷണം ആണെന്ന് പറയാനൊന്നും ഞാൻ മിനക്കെട്ടില്ല. വില കൂട്ടി വിറ്റാൽ മേന്മ കൂടും എന്ന വിശ്വസിക്കുന്ന ഒരു  സമൂഹം ഇവിടുണ്ട് എന്നുള്ള കാര്യം അദ്ദേഹം അറിയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഇത്തരം സ്ഥാപനങ്ങൾ ആണല്ലോ എൽ കെ ജി അഡ്മിഷന് 10 ലക്ഷവും കൂടുതലും വാങ്ങുന്നത് ?

രാജു തോമസിനോട് യാത്ര പറഞ്ഞ് ഞാൻ തോമസിന്റെ കടയിലേക്ക് നടന്നു. കടയുടെ മുന്നിൽ എത്തിയപ്പോഴാണ് ആ യാഥാർത്ഥ്യം മനസ്സിലാക്കിയത് : എന്റെ പുതിയ ഹെർകുലീസ് സൈക്കിൾ കാണാനില്ല. തോമസിനോട് തിരക്കാമെന്ന് വിചാരിച്ചപ്പോൾ അദ്ദേഹവും മകനും കൂടി അങ്ങകലെയായി നടന്നു പോകുന്നതാണ് കണ്ടത്. ഒരു പക്ഷെ സൈക്കിൾ കടയിൽ എടുത്തു വെച്ച് പൂട്ടിക്കാണും

ഫോണിൽ വിളിച്ചു ചോദിക്കാം എന്നു വിചാരിച്ചപ്പോൾ എൻറെ ഫോണും കാണാനില്ല. ഫോണും  കടയിൽ തന്നെ കാണുമായിരിക്കും?  ഫോൺ, ഫിംഗർ പ്രിൻറ് ലോക്ക് ചെയ്തതിനാൽ  ആരും അത് തൽക്കാലം ഉപയോഗിക്കാൻ പോകുന്നില്ല എന്നുള്ള ചിന്ത എനിക്ക് അല്‌പം ആശ്വാസം പകർന്നു .

ഞാനാ കിളവനെഓർത്തു, എന്റെ അയൽ വക്കത്തു താമസിക്കുന്ന കിളവൻ. ഞാൻ  പുറത്തിറങ്ങുമ്പോൾ എന്നൊക്കെ ആ കിളവൻ മുണ്ടും മടക്കിക്കുത്തി  പുറം തിരിഞ്ഞു നടന്നു പോകുന്നത്  കണ്ടിട്ടുണ്ടോ അന്നൊക്കെ ഇത്തരം ശകുനപ്പിഴകൾ  പതിവായിരുന്നു. പൂച്ച കുറുകെ ചാടുന്നത് കണി കാണുന്ന പോലുള്ള അനുഭവം.. 

പക്ഷെ, രസകരമായിട്ടുള്ള കാര്യംഅദ്ദേഹം എതിരെ വരുന്നതാണ് കാണുന്നതെങ്കിൽ പ്രശ്നമൊട്ടില്ലതാനും.

എന്തുചെയ്യണമെന്നറിയാതെ ഞാൻ തോമസിൻറെ കടയുടെ മുന്നിൽ അങ്ങനെ കുറെ നേരം നിന്നു .

-കെ എ സോളമൻ

Wednesday, 13 September 2023

ഡെസ്ഡിമോണ

#ഡെസ്ഡിമോണ

അംഗലകവിതാ സ്വപ്നറാണിയാം  ആയുവസുന്ദരി ഡെസ്ഡിമോണയോ ?

1971-ൽ ഇറങ്ങിയ  ലങ്കാദഹനം എന്ന സിനിമയിലെ   "പഞ്ചവടിയിലെ മായാസീതയോ" എന്ന ശ്രീകുമാരൻ തമ്പി രചിച്ച് ജയചന്ദ്രൻ പാടിയ ഗാനത്തിലാണ് ഈ വരികളുള്ളത്. 

പ്രേംനസീറും വിജയശ്രീയും ചേർന്ന് അഭിനയിച്ച രംഗങ്ങളിൽ വിജയശ്രീ, ഡെസ്‌ഡി മോണയുടെ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. ലോകം കണ്ടിട്ടുള്ള അതിസുന്ദരിമാരിൽ ഒരാളാണ്  ഡെസ്ഡിമോണയെന്ന് ആ ഗാനം ആദ്യമായി കേട്ട നാൾ മുതൽ  തോന്നിയിരുന്നു. എഴുപതുകളിൽ മലയാള സിനിമ പ്രേക്ഷകരായ യുവാക്കളുടെ ഹാർട്ട് ത്രോബ്  ആയിരുന്നു വിജയശ്രീ

 വിശ്വ മഹാകവി ഷെയ്ക്സ്പിയറുടെ മാനസപുത്രിമാരിൽ സൗന്ദര്യവും സ്വഭാവ മഹിമയും കൊണ്ട് മുന്നിലാണ് ഡെസ്ഡിമോണ . അവൾക്ക് കാമുകനും പിന്നീടു ഭർത്താവുമായി മാറിയ ഒഥല്ലോയോടു നിസ്സീമ സ്നേഹമായിരുന്നു. കുലീനയും  സമ്പന്നയുമായ ഡെസ്ഡിമോണയുടെ കരംഗ്രഹിക്കാൻ സുന്ദരന്മാരും സമ്പന്നന്മാരുമായ കമിതാക്കൾ നിരവധി പേരുണ്ടായിന്നു. എങ്കിലും അവളുടെ മനോഗതി വേറൊരു വഴിക്കായിരുന്നു.

 പുരുഷന്മാരുടെ നിറത്തെക്കാൾ, ബാഹ്യപ്രകൃതിയേക്കാൾ ആരോഗ്യത്തിനും പെരുമാററ - ഗുണത്തിനുമാണ് മുൻതൂക്കം എന്ന് ഡെസ്ഡിമോണ കരുതി.

 ഒഥല്ലോയുടെ വീരസാഹസിക കഥകൾ സ്ത്രീസഹജമായ കൗതുകത്തോടെ അവൾ കേട്ടിരുന്നു. ഒടുക്കം. ഒഥല്ലോയുമായി രഹസ്യ വിവാഹം നടത്തുകയും വിവാദമായപ്പോൾ അവൾ ഒഥല്ലയോടൊപ്പം ചേർന്നു നിന്നു. സ്വന്തംപിതാവിനോടുള്ള കടപ്പാട് അംഗീകരിച്ചുകൊണ്ടുതന്നെ ഭർത്താവിനോടു  അവൾ ഹൃദയബന്ധം സ്ഥാപിച്ചു.  സംഘർഷഭരിതമായിരുന്നു അക്കാലത്ത് അവളുടെ ജീവിതം .

 പക്ഷേ കൂടുതൽ സംഘർഷഭരിതം ആകുന്നത് ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ് തന്നെ സംശയിക്കുമ്പോഴാണ് . അതിനു കാരണമായി ഒരു തൂവാല കൈമാറ്റവും അതിൻറെ നഷ്ടപ്പെടലുമുണ്ട്. സംശയത്തിന്റെ കരാള ഹസ്തത്തിൽ അകപ്പെട്ട
ഭർത്താവിൽ  നിന്ന്  സ്നേഹം നഷ്ടപ്പെടുമോ എന്ന് അവൾ ഭയപ്പെട്ടു

അവളുടെ ഭയം അസ്ഥാനത്തായില്ല. കോപാക്രാന്തനായ ഒഥല്ലോ അവളെ കഴുത്ത് ഞെരിച്ച കൊല്ലുകയായിരുന്നു

ഭർത്താവിനോടുള് സ്നേഹത്തിൽ അധിഷ്ഠിതമായ നിഷ്കളങ്കത ചിറകറ്റു  വീഴുന്ന കാഴ്ചയാണ് നാടകാന്ത്യത്തിൽ നാം കാണുന്നത്.

ഡെസ്ഡിമോണയുടെ  കഥാപാത്രസൃഷ്ടിയിൽ ഷെയ്ക്സ്പിയർ പ്രദർശിപ്പിച്ച അതുല്യ സർഗവൈഭവമാണ്. അവളെ വിശ്വസുന്ദരിയാക്കിയത്

മാർഗരറ്റ് ഹഗ്സ്, സാറാ സിദോൺ, അന്ന മോവറ്റ്, ഹെലൻ ഫൗസിററ്, എലൻ ടെറി , പെഗ്ഗി ആഷ് കോഫ്റ്റ്, ഉതാ ഹേഗൻ, എലിസബത് സ്‌ലേഡൻ, മാഗി സ്മിത്ത്, വിജയശ്രീ , കറീന കപൂർ,  ജന്നി അഗുറ്റർ, ജൂലിയ സ്‌റ്റെൽസ് തുടങ്ങി മഞ്ജു വാര്യർ വരെ ഡെസ്ഡിമോണയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഡെസ്ഡിമോണ എന്ന വിശ്വസുന്ദരിയുടെ  പരകായ പ്രവേശത്തിന് എത്രയോ സുന്ദരിമാരെ കാലം ഇനിയും കാത്തു വെച്ചിട്ടുണ്ടാകും.

-കെ എ സോളമൻ

Sunday, 10 September 2023

ഏറ്റവും ചെറിയ ചെറുകഥകള്‍

ഏറ്റവും ചെറിയ ചെറുകഥകള്‍

1 ലോകത്തിലെ അവസാനത്തെ മനുഷ്യൻ ഏകനായി മുറിപൂട്ടി ഇരുന്നു. ആരോ വാതിലിൽ മുട്ടി

2 സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു . സ്കോളർഷിപ്പ് നഷ്ടമായി. റോക്കറ്റ്കണ്ടുപിടിച്ചു..
- William Shatner
3 കമ്പ്യൂട്ടർ , ഞങ്ങൾ ബാറ്ററികൾ കൊണ്ടുവന്നു ? കമ്പ്യൂട്ടർ ?
- Eileen Gunn

4 ഓട്ടോമൊബൈൽ വാറന്റി കാലാവധി തീരുന്നു . അതുകൊണ്ട് എഞ്ചിന്ടെ കാലാവധിയും 
- Stan Lee

5 അവനെ കാംക്ഷിച്ചു . അവനെഎനിക്കു കിട്ടി , ഷിറ്റ് .
- Margaret Atwood

6 അവന്റെ ലിംഗം അടര്‍ന്ന് വീണ് പോയി; അവന്‍  ഗർഭിണിയായി 
- Rudy Rucker

7 കത്തിയമരുന്നഅംബരചുംബികളിലെ  മനുഷ്യര്ക്ക്  ചിറകുമുളച്ചു. 
- Gregory Maguire

8 രക്തപാതകമുള്ള കൈകൾ കൊണ്ട്, ഞാൻ ഗുഡ്ബൈ പറയുന്നു
- Frank Miller

9 " നിലവറ ?" " നരകത്തിലേക്കുള്ള ഗേറ്റ്,  തന്നെ?
- Ronald D. Moore

10 ലിഖിതം : ബുദ്ധിഹീനനായ  മനുഷ്യന്‍ , ഭൂമിയില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല, ഒരിക്കലും .
- Vernor Vinge
11 മനുഷ്യനായി ജീവിക്കാന്‍ ചെലവ് ഏറെയാണ്.
- Bruce Sterling
12 ഞങ്ങള്‍  ചുംബിച്ചു . അവൾ ഉരുകിപ്പോയി. പഴന്തുണി തരൂ പ്ലീസ്.
- James Patrick Kelly

13 അത് നിങ്ങളുടെ പിന്നിൽ ഉണ്ട്. അതുകൊണ്ടു വേഗത്തില്‍ ഓടുക.
- Rockne S. O’Bannon

14 ഞാൻ നിന്റെ  ഭാവിയാണ് കുട്ടി, കരയാതിരിക്കൂ .
- Stephen Baxter

15 നുണപരിശോധന കണ്ണടകൾ കുറ്റമറ്റതാക്കി, അതോടെ സംസ്കാരംതരിപ്പണമായി. 
- Richard Powers

16 മഴ പെയ്തു പെയ്തു പെയ്തു ഒരിക്കലും തോര്ന്നി ല്ല
H Waltrop

17 കഥ 
:ചോദ്യം: 
മമ്മതിന്റെ സംസ്കാരയില്‍ പോകുന്നില്ലേ ?
ഉത്തരം:: 
അവിടെന്താ അരിപത്തിരിയും കോഴീന്ടെ കാല് വറുത്തതും കൊടുക്കുനുണ്ടോ?
K A Solaman

Friday, 8 September 2023

യാത്ര തുടരുന്നു

യാത്ര തുടരുന്നു ഞാൻ 
കവിത- കെ എ സോളമൻ

എങ്ങോട്ടെന്നാണെങ്കിൽ അറിയില്ല
അലച്ചിൽ അവസാനിച്ചിട്ടുമില്ല.
യാത്ര തുടങ്ങിയ ഇടം കൃത്യമായുണ്ട്
എത്ര നാളായെന്നെങ്കിൽ അതും നിശ്ചയം

കുളിരു നീക്കിയും ചെറുചൂടേകിയും പിന്നെ
തെളിനീരിൽ കുളിച്ചും അലസമായ് നടന്നും
എങ്ങോട്ടെന്നറിയതെ എന്തിനീ യാത്ര?
അറിയില്ലെന്നു തന്നെയാണുത്തരം

എങ്കിലും എന്തോ തെളിയുന്നു മങ്ങലിൽ
അങ്ങകലെ ചക്രവാളച്ചരിവിനുംകീഴെ
എന്തോ തേടുകയായിരുന്നില്ലേ, നീ?
ഞാൻ എന്നോടു തന്നെ ചോദിച്ചു.

ആരും കാത്തു നില്ക്കാനില്ലെന്ന സത്യം
വെളിവായ് തോന്നിയതിലാവണം
മിണ്ടാതെ, ആരോടും പരിഭവമില്ലാതെ,
മുടങ്ങാതെ യാത്ര ഈ വിധം തുടരുന്നത്.

സത്യം തേടുന്ന ഈ കഥന യാത്രയിൽ
കൂടെക്കൂടിയവർ പലരും വേർപിരിഞ്ഞു
വിശപ്പും കൊടിയനിരാശയും ചുമന്ന്
അലസമാം യാത്ര തുടരുന്നു ഞാനിപ്പോഴും

എങ്ങോട്ടെന്നാണെങ്കിൽ അറിയില്ല 
 അലച്ചിൽ അവസാനിച്ചിട്ടുമില്ല.
യാത്ര തുടങ്ങിയ ഇടം കൃത്യമായുണ്ട്
എത്ര നാളായെന്നെങ്കിൽ അതും നിശ്ചയം

.

മഴയെക്കുറിച്ച് എന്ത് പറയാൻ - കവിത

മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ

മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?  
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു 
കാര്മേ്ഘത്തേരിലേറിവരും 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച് 
ഭൂമിയുടെ സ്വസ്ഥതയിലേക്ക് 
ചരൽവാരിവിതറിക്കൊണ്ട് 
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
 
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ 
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന, 
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
  
കൊടുംതണുപ്പില്‍  ആകെ തളര്‍ന്നു 
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന  രോദനം
പുതുരാഗമെന്നുവാഴ്ത്തിയ 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

കൊടിയമഴയും തണുപ്പും  
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും 
പ്രണയാതുരഗാനമായി പാടിയ 
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Saturday, 29 July 2023

കെ കള്ളുഷപ്പ്

#കെകള്ളുഷാപ്പ്
പോഷകാഹാര കടയായ
ഒരു നൊസ്റ്റാൾജിക്ക് കള്ള് ഷാപ്പിന് (ഇപ്പോൾ ഫാമിലി റസ്റ്റോറൻറ് ) അത്യാവശ്യം വേണ്ട സാമഗ്രികൾ

ഷാപ്പിന്റെ അടുക്കള ഭാഗത്തിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, അവയിൽ നക്കുന്ന രണ്ട് ,പട്ടികൾ, ഒന്ന് ചെറുതും മറ്റൊന്ന് വലുതും. ദൂരെ മാറി ഈ രംഗം വാച്ച് ചെയ്യുന്ന മറ്റു രണ്ടു പട്ടികൾ . കൈ കഴുകുന്ന സ്ഥലത്ത്  മരക്കുറ്റിയിൽ ഉയർത്തിവച്ചിരിക്കുന്ന ടാപ്പ് പിടിപ്പിച്ച കാൻ, ടാപ്പിനു താഴെ തറയിൽ എല്ലിൻ കഷ്ണങ്ങളും മീൻ മുള്ളുകളും  ആഹാരവശിഷ്ടങ്ങളും നിർബ്ബന്ധം.  ടാപ്പിനു താഴെയുള്ള അഴുക്കു വെള്ളം കൈകഴുകുന്ന ആളിന്റെ കാൽ ചുവട്ടിൽ ഒഴുകിയെത്തിയിരിക്കണം. കുറച്ച് അകലെ മാറി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ വിറകു കീറുന്ന എല്ലുംതോലുമവശേഷിപ്പിക്കുന്ന ഒരു അന്ത്യോഖ്യക്കാരൻ .

അകലെ മാറി കുന്തക്കാലിൽ ഇരുന്നു കാരിമീൻ വൃത്തിയാക്കുന്ന ഗോമതി ചേച്ചി.
വൃത്തിയുള്ള ഒരു സാഹചര്യവും കള്ളുഷാപ്പിന് , ഹൈടെക് ആയാലും ലോ ടെക് ആയാലും, ഉണ്ടാകാൻ പാടില്ല

 ആട്ടമുള്ള പഴയബെഞ്ചുകളും ഡസ്കുകളും  ചുവപ്പ് നിറമുള്ള ഏതാനുംപ്ലാസ്റ്റിക് സ്റ്റൂളുകളും നിർബന്ധം . ഛർദിലിന്റെയും പുളിച്ച കള്ളിന്റെയും ദുർഗന്ധം, ചെറിയതോതിൽ ഏത് സമയത്തും ഉണ്ടായിരിക്കണം. ഡസ്കിൽ മീൻ ചാറ് ഒഴുകി ഉണങ്ങിയ പാട് അത്യാവശ്യം. ഉപഭോക്താവിന്റെ കാൽക്കീഴിൽ വാൽ ഉരുമി കറങ്ങുന്ന പൂച്ച, അത് വെളുത്തതോ കറുത്തതോ എന്നത് പ്രശ്നമല്ല, വാല് ഉരസിയിരിക്കണം. ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ പൂച്ച അതിൻറെ നഖം ഉപഭോക്താവിന്റെ പാദത്തിൽ അമർത്തിശ്രദ്ധ ആകർഷിക്കണം

മുറികളിൽ നിന്ന് ഉയരുന്ന അസഭ്യം പറച്ചിൽ, പാരഡി ഗാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. കൂടുതലുംകലാഭവൻ മണിയുടെ നാടൻ പാട്ടുകൾ, കുട്ടനാടൻ കൊഴുത്തുപാട്ടുകളും കൈതോല പാട്ടുകളും ആവശ്യത്തിന് വേണം . കൂട്ടത്തിൽ ഈ ചങ്ങമ്പുഴ കവിതയും ആകാം
വെള്ളംചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, 
ചില്ലിന്‍വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തിലുപരി യൊരു സുഖം – പോക വേദാന്തമേ നീ

പാനം നടന്നുകൊണ്ടിരിക്കെ തറയിലൂടെ എലികൾക്ക് ഓടിപ്പോകാനുള്ള വഴികൾ തീർച്ചയായും സജ്ജമാക്കിയിരിക്കണം.

പാതി ലക്കുകേടിൽ നില്ക്കുന്ന ഷാപ്പ് ജീവനക്കാരൻ പറയുന്ന കണക്ക് കൊട്ടത്താപ്പിലുള്ളതാണെങ്കിലും ചോദ്യം ചെയ്യാതെ പണം കൊടുത്തിട്ടു പോരാൻ ഉപഭോക്താവിന് മനസ്സ് ഉണ്ടാകണം. സ്ഥിരം ഉപഭോക്താക്കൾ സ്ഥിര വരുമാനക്കാരാണ് എങ്കിൽ അവർക്ക് പറ്റുപടി സമ്പ്രദായം പഴയപടി തുടരുകയും വേണം  .ഉപഭോക്താവ് പറയുന്ന ഏത് തെറിയും ക്ഷമയോടെ കേൾക്കാൻ ജീവനക്കാരന് മനസ്സുണ്ടാകുകയും വേണം.

ഷാപ്പിലേക്ക് കയറുമ്പോൾ ഗൗരവത്തിലും ഷാപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ടും ലോട്ടറി കച്ചവടം നടത്തുന്ന ഒന്ന് രണ്ട് പേർ ഷാപ്പിന്റെ പടിവാതിലിൽ നിലയുറപ്പിച്ചിരിക്കണം. ലോട്ടറിയും കള്ളുമാണ് നാടിൻറെ നിലനിൽപ്പിന് അത്യാവശ്യം എന്നുള്ളത് ഉപഭോക്താക്കൾ മാത്രമല്ല ഷാപ്പ് ജീവനക്കാരും ഓർക്കണം

ഷാപ്പിൽ വിന്നാഗരി മോഡൽ മയക്കുകള്ളും കപ്പയും കാരിക്കറിയും മാത്രമേ ഉള്ളൂ എങ്കിലും ആട്, കോഴി താറാവ്, കാട, ആമ (നിയമ വിരുദ്ധം), പോത്ത്, പന്നി, ഞണ്ട്, കൊഞ്ച്, വരാൽ, കരിമീൻ , നെമ്മീൻ, ചൂര, കൊക്ക് (നിയമ വിരുദ്ധം) എന്നിങ്ങനെ സകലമാന പക്ഷി മൃഗാദികളുടെയും പേര് എഴുതി പ്രദർശിപ്പിക്കാനും മറന്നു പോകരുത്.

ഇതൊക്കെ ഒരുക്കിയാൽ ഷാപ്പ് നൊസ്റ്റാൾജിക് ആകും. നൊസ്റ്റാൾജിയക്ക് കൂടുതൽ ആവശ്യക്കാരുള്ള ഇക്കാലത്ത് ആളുകൾ ഫാമിലി റസ്റ്റോറൻറ് എന്ന് കരുതി ഇടിച്ചു കയറും കെ-കള്ള് ഷാപ്പിലേക്ക്. .ഷാപ്പ് എയർകണ്ടീഷൻ ചെയ്യാനെ പാടില്ല.

കെ എ സോളമൻ
( ത്രെഡ് : കെ പി എസ് നായർ )

Friday, 23 June 2023

ഒരു_പ്രീഡിഗ്രി_അപാരത

#ഒരു_പ്രീഡിഗ്രി_അപാരത

ഞാൻ നിങ്ങളുടെ ഫിസിക്സ് അധ്യാപകൻ. ഇന്നു നിങ്ങളുടെ ഫിസിക്സ് ക്ളാസ് ആരംഭിക്കുകയാണ്. ഇക്കൊല്ലം മൂന്നധ്യാപകരാണ് ഓരോ ആഴ്ചയിലും നിങ്ങളെ ഫിസിക് സ്  പഠിപ്പിക്കാൻ വരുന്നത്. അടുത്ത കൊല്ലവും മൂന്നു പേർ. പക്ഷെ രണ്ടു കൊല്ലവും ഞാൻ ഉണ്ടായിരിക്കും, മറ്റു രണ്ടു പേരും മാറാം. ഞാൻ നിങ്ങളുടെ പ്രാക്ടിക്കൽ ചാർജുള്ള അധ്യാപകനാണ് , അതാണ് കാരണം

എന്താണ് പ്രാക്ടിക്കൽ ചാർജ് എന്ന് നിങ്ങളിൽ ചിലർക്കു സംശയമുണ്ടാകാം. അതു വഴിയേ മാറിക്കോളും

ആഴ്ചയിൽ ആകെ 25 മണിക്കൂറാണ് ക്ളാസ് . ഫിസിക്സിൻ്റെ 3 ക്ളാസ് ഒഴിവാക്കിയാൽ ബാക്കി വിഷയങ്ങൾക്ക് 22 ക്ളാസ്.  പത്തിരുപതു അധ്യാപകരെങ്കിലും നിങ്ങളെ പഠിപ്പിക്കാനെത്തും. ഓരോരുത്തരുടെയും മുഖമോർത്തു വെച്ചാൽ നിങ്ങൾക്ക് കൊള്ളാം, കാരണംഅവർ പഠിപ്പിക്കന്നത് എന്താണെന്ന് ഓരോ ക്ളാസിലും വന്ന് നിങ്ങളോടു പറയണമെന്നില്ല, അതനുഭവമാണ് 

ഇത്തരമൊരു കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ് എന്തു വിഷയമാണ്  ഞാൻ പഠിപ്പിക്കുന്നതെന്ന് ആദ്യമേ പറഞ്ഞത്. അടുത്ത മൂന്നാലു കളിസിലും വിഷയം എന്തെന്ന് ഓർമ്മിപ്പിക്കും അല്ലെങ്കിൽ നിങ്ങളിൽ ചിലർ കരുതും ഇതു മ്യൂസിക്‌ സാറാണെന്ന്.

ഒരോ മണിക്കൂർ വെച്ചളള ക്ളാസാണെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു. ദിവസവും അഞ്ചു മണിക്കൂർ. ഉച്ചയ്ക്ക് ഒരു മണിക്കൂർ ലഞ്ച് ബ്റേക്ക്. ഓരോ അവറിന് ശേഷവും 5 മിനിട്ട് ഇൻ്റർവെൽ.

ക്ളാസിൽ നോട്ട്സ് തരണമെന്ന നിബന്ധന ഇല്ല. വേണമെങ്കിൽ തരാം എന്നതാണ് നിലവിലെ രീതി.  ഞാൻ എന്തായാലും നോട്സ് തരുന്നുണ്ട്, പക്ഷെ ഒരു വ്യവസ്ഥ

തരുന്ന നോട്സ് ഒരു 200 പേജിൻ്റെ വരയിടാത്ത നോട്ടുബുക്കിൽ എഴുതണം. ബുക്ക് എല്ലാ ക്ളാസിലും കൊണ്ടുവരണം. നോട്സ് റഫ് ബുക്കിൽ എഴുതി പിന്നീട് നോട്ടുബുക്കിൽ പകർത്താം എന്ന കണ്ടീഷൻ സ്വീകാര്യമല്ല, കാരണം നിങ്ങളൊക്കെ വലിയ തിരക്കുള്ള ആളുകളാണ്. ബുക്കു ചിലപ്പോഴെക്കെ ഞാൻ പരിശോധിക്കും, ബുക്ക് ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് അപ്പോഴെ പറയാൻ പറ്റു. എന്തായാലും സ്കൂളിലെ പോലെ വഴക്കും അടിയും ഉരുട്ടിപ്പിടുത്തവും കൂടെ ഓടി കയറേത്തട്ടിവീഴലും നിർത്തിപ്പൊരിക്കലും ഇല്ല . ചെറിയ രീതിയിൽ ഇരുത്തി പൊരിക്കൽ ചിലപ്പോൾ ഉണ്ടായേക്കാം

പിന്നെ ക്ളാസിൽ കയറുന്ന സമയം. അധ്യാപകർ ബല്ലടിക്കും മുമ്പേ ക്ളാസിലെത്തും എന്നൊക്കെ നിങ്ങൾ ചിലരിൽ നിന്ന് കേൾക്കാനിടയുണ്ട്. പക്ഷെ എൻ്റെ രിതിയിൽ ചെറിയ മാറ്റമുണ്ട്.

ബല്ലടിച്ചു കഴിഞ്ഞാലെ ക്ളാസിലെത്തൂ പക്ഷെ അര മിനിട്ടിൽ കൂടുതൽ വൈകില്ല. എന്തുകൊണ്ടങ്ങനെയെന്നു ചോദിച്ചാൽ വിദ്യർത്ഥികൾ അധ്യാപകനെ പുറത്ത് നിന്ന് ആനയിച്ച്  അകത്തു കയറ്റുന്നതിനോടു താല്പര്യമല്ല. വിദ്യാർത്ഥികൾ ക്ളാസിൽ ഉണ്ടായിരിക്കണം, വൈകി ക്‌ളാസിൽ എത്താനും പാടില്ല.ജനുവിൻ വൈകലിന് അതിൻ്റേതായ പരിഗണന കിട്ടും.

അധ്യാപകൻ ക്ളാസിൽ പ്ളാറ്റഫോമിലോട്ടു കയറുമ്പോൾ എഴുന്നേറ്റു നിന്നു ബഹുമാനം കാണിക്കുന്നത് നല്ല ശീലമാണ്.

പിന്നെ ക്ളാസ് നിർത്തുന്ന കാര്യം. ക്ളാസ് പിരിയാനുള്ള ബല്ലടിച്ചാൽ അപ്പോൾ നിർത്തും . തുടർ ധാരകോരൽ ഇല്ല. ക്ളാസിൻ്റെ അവസാനം "ഇൻഡ്യ ഈസ് മൈ കൺട്രി " എന്നു പൂർണ്ണ മാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൺട്രി അ ടുത്ത ക്ളാസിൽ പറയും.  അതു കൊണ്ട്, ഇങ്ങേരെപ്പോഴാണ് ക്ളാസ് നിർത്തുന്നത് എന്ന ചിന്ത ഈ ഇരിക്കുന്ന 90 പേരിൽ  ആർക്കും തന്നെവേണ്ട.

രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോണിംഗ് കേൾക്കുന്നത് സന്തോഷകള്ള കാര്യമാണ്, എന്നുവെച്ച് ഒരേ ദിവസം തുടരെത്തുടരെ ഗുഡ് മോണിംഗ് പറഞ്ഞ് ബോറടിപ്പിക്കരുത്.

അപ്പോൾ നമുക്ക് ക്ളാസ് തുടങ്ങിയേക്കാം അല്ലേ? ടേക്ക് യുവർ നോട്ടു ബുക്ക്.

എൻ ബി :
2000 എ ഡി ക്ക് മുമ്പ് ഇതൊക്കെ കേട്ടു വിരണ്ടവരും വിരളില്ല എന്നു നടിച്ചവരും ഇന്ന് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിയുന്നത് കാണുമ്പോൾ നല്ല രസം തോന്നുന്നുണ്ട്
-കെ എ സോളമൻ

Sunday, 11 June 2023

#ശുദ്ധീകരണത്തിന്

#ഉന്നത #വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ ചെയ്യണ്ടത്.

1) കോളേജുകളുടെ ഓട്ടോണമസ് പദവി പിൻവലിക്കുക

2) ഇൻറ്റേണൽ മാർക്ക് സമ്പ്രദായം നിർത്തലാക്കുക

3) പരീക്ഷകൾ എക്സ്റ്റേണൽ എക്സാമിനർമാരെ വെച്ച് നടത്തുക.

4) ചോദ്യപേപ്പറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക.

5) മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് മാത്രം ഉപയോഗിച്ചുള്ള പരീക്ഷകൾ നിർത്തലാക്കുക

6) പ്രാക്ടിക്കൽ ക്ലാസുകളും പരീക്ഷകളും കുറ്റമറ്റ രീതിയിൽ നടത്തുക

7) പരീക്ഷ പേപ്പറുകൾ കൃത്യമായി മൂല്യനിർണയം നടത്താത്ത അധ്യാപകരെ ശിക്ഷിക്കുക.

8) പരീക്ഷ, റിസൾട്ട് പ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയ്ക്ക് കൃത്യമായ സമയക്രമം പാലിക്കുക.

9) ക്ലാസ് സമയങ്ങളിൽ അധ്യാപകർ അവരുടെ ക്ലാസ്സ് എടുക്കുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്തുക

10) വിദ്യാർത്ഥികളുടെ ഡിമാൻഡ് അനുസരിച്ച് പരീക്ഷ മാറ്റിവയ്ക്കുകയും റദ്ദാക്കുകയും സിലബസ് പരിഷ്കരിക്കുകയും
 ചെയ്യാതിരിക്കുക

11) വിദ്യാഭ്യാസ കാര്യത്തിൽ വിദ്യാഭ്യാസം കുറഞ്ഞ രാഷ്ട്രീയക്കാർ ഇടപെടുന്നത് അവസാനിപ്പിക്കുക.

12) മെറിറ്റ് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക വിദ്യാർഥികളെ തിരഞ്ഞെടുക്കുക

- കെ എ സോളമൻ

Friday, 12 May 2023

വെന്റിലേറ്റർ - നാനോക്കഥ

#നാനോക്കഥ- #വെന്റിലേറ്റർ .
കുമാരൻ നടന്നാണ് വന്നത്. കണാരനോട് ഒരു ചായ ചോദിച്ചു. ചായ ഒരു കവിൾ കുടിച്ചു.. പരിപ്പുവട ഒന്ന് കടിച്ചു . പെട്ടെന്നു നിലംപൊത്തി.  തൊട്ടടുത്ത് കിടന്ന ഓട്ടോ റിക്ഷയിൽ  ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ കുമാരൻ വെന്റിലേറ്ററിലാണ് !
- കെ എ സോളമൻ

Wednesday, 12 April 2023

#വരാൽ പാടം

#വരാൽപാടം
മറക്കാതെ ബാല്യം കഥ (നാലാം ഭാഗം)

കുഞ്ഞയ്യൻവാപ്പന്റെ സൂക്ഷിപ്പ് പരിധിയിൽ പെടാത്ത ഒരു നെൽപ്പാടത്തെ പരാമർശിച്ചു കൊണ്ടാണല്ലോ നമ്മൾ കഴിഞ്ഞ തവണ നിർത്തിയത്. ഒരേക്കറോളം വരുന്ന ഒറ്റപ്പെട്ടു കിടക്കുന്ന നെൽപ്പാടം . തൊട്ട് പടിഞ്ഞാറ് വശത്തുള്ള കരപ്പാടത്തേക്കാൾ ഇതിന് ആഴം കൂടുതലാണ് മഴക്കാലത്ത് കുട്ടികളുടെ കഴുത്തൊപ്പം. വെള്ളം  ഉണ്ടായിരിക്കും

ഏതാണ്ട് ചെത്ത് കത്തിയുടെ ആകൃതിയിലാണ് ഈ പാടത്തിന്റെ കിടപ്പ്. ചെത്ത് കത്തിയുടെ ആകൃതി എന്ന് പറഞ്ഞാൽ ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് മനസ്സിലാകുമോ എന്ന് സംശയം. അവർ ടിവിയിലും ഓൺലൈനിൽ ക്ലാസിലും ചിലപ്പോൾ കണ്ടു കാണാം, ചൈനക്കാരൊക്കെ മത്സ്യം മുറിക്കാനും നൈസായി ഇറച്ചി പാളിയാക്കാനും ഒക്കെ വീതി കൂടിയ ഇത്തരം കത്തി ഉപയോഗിക്കുന്നത്. നല്ല മൂർച്ചയാണ്  ചെത്ത് കത്തിക്ക് , ഏതാണ്ട് പാക്കുറിച്ചിലിന്‍റെ ആകൃതി. പാകുറിച്ചിൽ എന്ന് പറയുമ്പോൾ അതെപ്പറ്റി കൂടുതൽ കേൾക്കണം എന്ന് തോന്നും ചില കുട്ടികൾക്ക്. ചതുരവടിവ് ചെത്ത് കത്തിക്കാണ് കൂടുതൽ.

 ചെത്ത് കത്തിയുടെ പിടി പോലെ പുറത്തേക്ക് ഒരു കഴുവ ഉണ്ട് ഈ പാടത്തിന് . അതിലൂടെ ചാലിൽ നിന്ന് വരാൽ, പരൽ, പള്ളത്തി പോലെയുള്ള മീനുകൾ ഈ പാടത്ത് കയറി താമസിക്കും. തെറ്റിദ്ധാരണ മൂലം മീനുകൾനടത്തുന്ന അപകടകരമായ കുടിയേറ്റം ആണിത് . ചാലിൽ വെള്ളം കുറയുമെന്നും പാടത്ത് കയറി കിടന്നാൽ ആഴമുള്ള വെള്ളത്തിൽ ദീർഘനാൾ കിടക്കാമെന്നും മീനുകൾ സ്വപ്നം കാണും , മീനുകൾക്ക് പറ്റുന്ന ഓരോരോ മണ്ടത്തരങ്ങൾ !

പക്ഷേ ഇതിന് സാമൂഹികമായ ഒരു വശം കൂടിയുണ്ട്  മീനുകളെല്ലാം ഈ പാടത്ത് കയറി കിടക്കുന്നതു കൊണ്ട് ചില പാവങ്ങളുടെ വയറുകൾ ഏറെ നേരം കരിയാതിരിക്കും

കൊയ്ത്തു കഴിഞ്ഞാൽ പാഠം നോക്കി സംരക്ഷിക്കാൻ അതിൻറെ ഉടയോർ വരില്ല. കൊയ്ത്തു വരെയുള്ളു അവരുടെ ആകാംക്ഷ. കൊയ്ത്തിനു മുമ്പ് പാടത്തിറങ്ങിയാൽ കാണുന്നവരൊക്കെ പിള്ളാരെ വഴക്ക് പറയും. കുട്ടികൾ നെല്ല് ചവിട്ടി വെള്ളത്തിൽ താഴ്ത്തി കളയും എന്നുള്ള ഒരു തോന്നൽ. മനപ്പൂർവം ഒരിക്കൽപോലും നെല്ല് ചവിട്ടി താഴ്ത്തിയിട്ടില്ലെങ്കിലും എത്രയോ തവണ വഴക്ക് കേട്ടിരിക്കുന്നു.

പാടത്ത് ഇറങ്ങുന്നത് പ്രധാനമായും മീൻപിടുത്തം മൂന്നിൽ കണ്ടാണ് പള്ളത്തി പിടിക്കുന്നതിന് പാടത്തിറങ്ങേണ്ട, ചൂണ്ടയുമായി കരയിൽ ഇരുന്നു പിടിച്ചാൽ മതി. മണ്ണിരയാണ് പള്ളത്തിയുടെ ഇഷ്ടഭക്ഷണം. മണ്ണിര ഭക്ഷണത്തിന്റെ പ്രലോഭനത്തിൽ കുടുങ്ങി എത്രയോ ചെറുമീനുകൾ ജീവത്യാഗം. നടത്തിയിരിക്കുന്നു !

പക്ഷേ പാടം നിറയെ ഉള്ള വരാലിനെ പിടിക്കാൻ കരയിൽ ഇരുന്നുള്ള അനായാസ ചൂണ്ടയിടൽ പര്യാപ്തമല്ല. അതിൻറെ സാങ്കേതികവിദ്യ വേറെയാണ്. വരാൽ വലിയ മീൻ ആയതുകൊണ്ട് പള്ളത്തിയുടെ ചൂണ്ട പറ്റില്ല, വലിയ ചുണ്ട കടക്കരപ്പള്ളി ചന്തയിൽ പോയി വാങ്ങേണ്ടിവരും.

കടക്കരപ്പള്ളി ചന്തയിൽ ചൂണ്ട വില്ക്കുന്നത് പ്രധാനമായും രണ്ട് കടയിലാണ്, ഒന്ന് പെട്ടിക്കാരൻപാപ്പു  വല്യപ്പന്റെ കട, തൊട്ടടുത്ത് ലൂക്കുമാൻ ചേട്ടൻറെ കട. കടക്കാർക്ക് ലൂക്ക്മാൻ എന്നൊക്കെ പേരുണ്ടോ എന്നത് അന്ന് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു..

പെട്ടിക്കാരൻ വല്യപ്പന്റെ കടയിൽ എപ്പോഴും നല്ല തിരക്കാണ്. അതുകൊണ്ടുതന്നെ കൂടുതൽ സാധനങ്ങളും അവിടെയാണ് ഉള്ളത് , ചൂണ്ടയും പുതിയത് ആയിരിക്കും. ബാക്കി കടക്കാരുടെ പണപ്പെട്ടിയിൽ നിന്ന് വ്യത്യസ്തമായ പല അറകളുള്ള വലിയ പെട്ടി, വിവിധതരം നോട്ടുകൾ അടുക്കിവയ്ക്കാനാവും , സ്വന്തമായിട്ടുണ്ടായിരുന്നതു കൊണ്ടാവണം അദ്ദേഹത്തെ പെട്ടിക്കാരൻ പാപ്പു എന്ന് വിളിച്ചിരുന്നത്.  അന്നത്തെ 5 രൂപ നോട്ടിന് തച്ചുപായുടെ വലുപ്പം ഉണ്ടായിരുന്നു

തറയിൽ ഇരുന്നാണ് പെട്ടിക്കാരൻ വല്യപ്പൻ കച്ചവടം നടത്തിയിരുന്നത്. പണപ്പെട്ടി കൃത്യമായി സൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് വലതു കാലിൻറെ കീഴിൽ പെട്ടിയുടെ ഒരറ്റം കൊള്ളിച്ചാണ് എപ്പോഴുംഇരുപ്പ്. വിൽക്കാനുള്ള മിക്കവാറും സാധനങ്ങൾ ഇരിക്കുന്നിടത്തുനിന്ന് എഴുന്നേൽക്കാതെ തന്നെ കൈ നീട്ടി എടുത്തു കൊടുക്കാവുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങൾ . ചൂണ്ടകൾ വെച്ചിരുന്നതും അങ്ങനെ തന്നെ. വിലപ്പെട്ട സാധനം എന്ന് തോന്നിക്കുമാറ് വർണ്ണ കടലാസിലാണ് പലതരം വലിപ്പമുള്ള ചൂണ്ടകൾ  സൂക്ഷിച്ചിരുന്നത്. പെട്ടിക്കാരനിൽ നിന്നാണ് കൂടുതൽ പേരും ചൂണ്ട വാങ്ങിയിരുന്നത്. ഞാനും പെട്ടിക്കാരനിൽ നിന്നു തന്നെയാണ് ചൂണ്ട വാങ്ങിയത്.

ചിലപ്പോൾ സങ്കടം തോന്നി ലൂക്കുമാൻ ചേട്ടൻറെ കടയിൽ നിന്നും ചൂണ്ട വാങ്ങുമായിരുന്നു. അദ്ദേഹവും കടയും തുറന്നു വെച്ച് സാധനങ്ങൾ വിൽക്കാൻ ഇരിക്കുകയല്ലേ?സങ്കടങ്ങൾ ഉണ്ടാകാൻ ഓരോരോ കാരണം. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. ലൂക്കുമാൻ ചേട്ടൻറെ ചൂണ്ടകൾ തുരുമ്പ് എടുത്തതും ക്വാളിറ്റി കുറവുള്ളതും ആയിരുന്നു. എന്നാൽ പെട്ടിക്കാരൻ വല്യപ്പന്റെ ചൂണ്ടകൾ പുതിയവയും ഗുണമേന്മ ഉള്ളവയും ആയിരുന്നു.

പെട്ടിക്കാരന്റെ രൂപം ഞാൻ ഇപ്പോഴും ഓർക്കുന്നു. നമ്മുടെ പഴയ സിനിമാനടൻ എസ് പി പിള്ളയുടെ അതേ രൂപം.  ഉദയായുടെ ഭാര്യ എന്ന സത്യൻ - രാഗിണി സിനിമയിൽ " എൻറെ മകൾ യുപി ഗ്രേസി "എന്ന് പറഞ്ഞ് നടക്കുന്ന ഒരു കഥാപാത്രം ഇല്ലേ ? അദ്ദേഹത്തിൻറെ ലക്ഷണം ആയിരുന്നു പെട്ടിക്കാരന് .

പെട്ടിക്കാരൻറെ മരണശേഷം അദ്ദേഹത്തിൻറെ മകൻ അതേ ഇരിപ്പിടത്തിൽ ഇരുന്ന് പുതിയ പെട്ടിക്കടക്കാരനായി ദീർഘനാൾ കച്ചവടം ചെയ്തു. അപ്പോഴും ലൂക്കുമാൻ ചേട്ടൻറെ കട ഗതി പിടിക്കാതെ കിടക്കുകയായിരുന്നു.

ചൂണ്ട വാങ്ങികഴിഞ്ഞാൽ പിന്നെ ചെത്തുകത്തി പാടത്ത് നിന്ന് വരാൽ പിടിക്കുക എന്നുള്ള യജ്ഞമാണ്. സാങ്കേതികവിദ്യ അത്ര ഗഹനമായിട്ടുള്ളതല്ല, ചൂണ്ട കരുതണം , തങ്കീസും വേണം വാഴക്കൈ കണ്ടെത്തണം.

വാഴക്കൈ കണ്ടെത്താൻ വലിയ പ്രയാസമില്ല. എല്ലാവരും കൃഷിക്കാരായതുകൊണ്ട് എല്ലാവരുടെ വീട്ടിലും വാഴ കാണും. വിളവെടുപ്പ് കഴിഞ്ഞ വാഴകൾ വെട്ടിക്കൂട്ടി തെങ്ങിൻ ചുവട്ടിൽ ഇട്ടിരിക്കുന്നത് പതിവു കാഴ്ചയാണ്. അവിടെനിന്ന് വാഴക്കൈ പെറുക്കി എടുക്കും, അതിന് ആരോടും ചോദിക്കേണ്ട കാര്യമില്ല, അതായിരുന്നു അന്നത്തെ രീതി.

ഇങ്ങനെ പെറുക്കി കൊണ്ടുവരുന്ന വാഴക്കയ്കൾ അര അടി നീളത്തിൽ മുറിക്കും. വാഴക്കൈ കഷ്ണത്തിനു നടുവിൽ ഒരു ചെറിയ വിടവ് ഉണ്ടാക്കും. അതിൽ ഏകദേശം ഒരു മീറ്റർ നീളത്തിൽ തങ്കീസ് ചുറ്റി മറ്റേ അറ്റത്ത് ചൂണ്ട കെട്ടും. ഇതാണ് വരാലിനെ പിടിക്കാനായി വരാൽപാടത്ത് നിരത്തുന്നത്. ഒരു മീറ്റർ നീളത്തിൽ തങ്കീസ് കെട്ടുന്നതിന്റെ ഉദ്ദേശ്യം വരാല് ചൂണ്ടയിൽ കുടുങ്ങിയാലും അവിടൊക്കെ ഒന്ന് കറങ്ങി നടക്കട്ടെ എന്നുള്ള ഒരു സൗജന്യമായിരുന്നു അത്.  ഒരു പള്ളത്തി കൂടി കൊളുത്തി വെക്കണം ചൂണ്ടയിൽ, വരാലിനെ കബളിപ്പിക്കാൻ .

പള്ളത്തി മീന് കിട്ടാൻ പ്രയാസം ഇല്ല , ഒന്നുകിൽ സ്വയം പിടിച്ചെടുക്കാം അല്ലെങ്കിൽ മറ്റുള്ളവർ പിടിച്ചത് വാങ്ങാം. അതിന് കാശൊന്നും കൊടുക്കണ്ട, പരസ്പര സഹായം. ആവശ്യം വരുമ്പോൾ അങ്ങോട്ടും സഹായിക്കണം എന്ന് മാത്രം

പറയാതെ വയ്യ, ഈ ചൂണ്ടകൃഷിയിൽ ഞാൻ ഒരു പരാജയമായിരുന്നു. 

ഞങ്ങൾ പലരുണ്ടായിരുന്നു പാടത്തിറങ്ങി വരാല് പിടിക്കാൻ . കുഞ്ഞുമണി, മൈക്കൾ , റപ്പേൽ തുടങ്ങിയവർ. എന്നെക്കാൾ അഞ്ചു വയസ്സ് എങ്കിലും കൂടുതൽ ഉള്ള ആളാണ് റപ്പേൽ.  പുള്ളിയാണ് ഈ മത്സ്യബന്ധനസംഘത്തിലെ എക്സ്പെർട്ട് . എല്ലാവരും കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങിയാണ് ചൂണ്ടകൾ നിരത്തുന്നത്

ഞങ്ങൾ നാലഞ്ചു ലൈൻ ആയിട്ട് പാടത്തിന് കുറുകെ ചൂണ്ടകൾ നിരത്തും. റപ്പേൽ 25 ചൂണ്ടകൾ നിരത്തുമ്പോൾ എനിക്ക് പത്തിൽ താഴെചൂണ്ടകൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ചൂണ്ടകൾ രാവിലെ നിരത്തിയിട്ട് വൈകുന്നേരം വന്നു നോക്കാം, അല്ലെങ്കിൽ വൈകുന്നേരം സ്ഥാപിച്ചിട്ട് പിറ്റേദിവസം രാവിലെ വന്നു നോക്കാം.
അതിരാവിലെ തണുത്ത വെള്ളത്തിൽ ഇറങ്ങുന്നത് ആലോചിക്കാൻ വയ്യ

പാടത്തുനിന്ന് ചൂണ്ടകൾ തിരികെ എടുക്കുമ്പോൾ റപ്പേലിന്റെ ചൂണ്ടകളിൽ ഭൂരിപക്ഷംഎണ്ണത്തിലും വരാലുകൾ കൊളുത്തിയിട്ടുണ്ടാകും. എനിക്ക് ഒരെണ്ണം കിട്ടിയെങ്കിൽ ആയി.  എന്നാൽ തീർച്ചയായും ഒരെണ്ണത്തിൽ ഒരു നീർക്കോലി കൊളുത്തി കിടപ്പുണ്ടാകും

നീർക്കോലി കൊളുത്തിയാൽ ചൂണ്ട ഉപേക്ഷിക്കുകയാണ് പതിവ്. കോലിയുടെ വയറ്റിൽ നിന്ന് ചൂണ്ട വേർപ്പെടുത്തി എടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.

റപ്പേലിന് എങ്ങനെയാണ് ഇത്രയും വരാലുകൾ കിട്ടുയിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ വെളുപ്പിന് ഇയാൾ വന്ന് ചൂണ്ടകൾ മാറ്റിയെടുക്കുന്നുണ്ടോ ? ഏയ്, അങ്ങനെ ചെയ്യാൻ ഇടയില്ല.  റപ്പേലിനെ കണ്ടാൽ അങ്ങനെ സംശയിക്കാനെ എനിക്കന്നു കഴിയുമായിരുന്നില്ല. അയാൾ ഒരു പരോപകാരി ആയിരുന്നു. ഒരുപക്ഷേ ദാരിദ്ര്യം കൊണ്ട് കൂടുതൽ വലയുന്ന  റപ്പേലിനും വീട്ടുകാർക്കും ആയിരിക്കും നമ്മളെക്കാൾ കൂടുതൽ ഇതിന്റെ ആവശ്യം എന്ന് എനിക്ക് അന്ന് തോന്നിയിരിക്കാൻ ഇടയില്ല. അതി ദരിദ്രമായിരുന്നു റപ്പേലിന്റെ കുടുംബം .
അമ്മ കുഞ്ഞേലിയും സഹോദരി മേരിയും ഞങ്ങളുടെ വീടിൻറെ വടക്ക് ഭാഗത്തുള്ള മുതുകുന്നം പുരയിടത്തിൽ വന്ന് ഓല മെടയുമായിരുന്നു. എൻറെ അമ്മയും അവരുടെ കൂടെ കൂടും. സ്ഥലത്തെ ജന്മിയായ വേലിയകന്റെ ഓലയാണ് മെടഞ്ഞു കൊടുത്തിരുന്നത്. വേലിയകന് വേലികെട്ടാനും വിൽക്കാനും ധാരാളം ഓലമടൽ ഉണ്ട് . പത്തമ്പത് മടൽ ഓല മെടഞ്ഞു കൊടുത്താൽ കിട്ടുന്ന കാശുകൊണ്ട് ദിവസചെലവ് നടന്നുപോകും.  

വരാൽപാടത്തെ മീൻപിടുത്തം സീസണൽ ആണ്. സീസൺ കഴിഞ്ഞാൽ മറ്റ് പണി എന്തെങ്കിലും നോക്കണം വരുമാനത്തിന്. വരാൽ പാടംവിട്ടു പടിഞ്ഞാറോട്ട് ഇറങ്ങിയാൽ വലിയ കരപ്പാടം. അതിലൂടെയാണ് മുൻപുപറഞ്ഞ കമ്പി മോഷ്ടാവിന്റെ പതിനെന്നു കെ വി ലൈൻ കടന്നു പോകുന്നത്. 

 മഴക്കാലത്ത് കരപ്പാടത്ത് ആമ്പൽചെടി നിറയും. എത്രമാത്രം ആമ്പ ചെടിയാണ് അവിടെനിന്ന് ആടിൻറെ തീറ്റയ്ക്കായി പറിച്ചെടുത്തിട്ടുള്ളത്. വേനൽകാലത്ത് ഈ പാടത്ത് കൊണ്ടൽ കൃഷിയാണ് പ്രധാനമായും.  അവിടെ കൊണ്ടൽ കൃഷി നടത്തിയിട്ടുള്ളവരിൽ പ്രമുഖൻ പുളിത്തറ ഈശുകുട്ടിയാണ് , ഹൃദയത്തിൽ നന്മകാത്തവൻ. അക്കഥ കേൾക്കണോ ? (തിരക്കില്ലന്നോ , എങ്കിൽ ശരി ....)

Monday, 10 April 2023

കുഞ്ഞയ്യൻ വാപ്പൻ (കഥ)

#കുഞ്ഞയ്യൻ #വാപ്പൻ
മറക്കാതെ ബാല്യം - കഥ (മൂന്നാം ഭാഗം )

അപ്പോൾ പറഞ്ഞവസാനിപ്പത്. കുഞ്ഞച്ചൻ വാപ്പനെ കുറിച്ച്. അദ്ദേഹം ഒരുസംഭവം തന്നെ ആയിരുന്നു , പരിണിതപ്രജ്ഞനായ  ചെത്തുകാരൻ . ഇന്നാണെങ്കിൽ എമിരറ്റസ് ടോഡി ടെക്നീഷ്യൻ എന്നു വിളിക്കാമായിരുന്ന ആൾ.

തന്റെ ആയകാലത്ത് തന്നെ ചെത്ത് തൊഴിലിൽ നിന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് പോകുന്നതുപോലെ ചെത്തുകാരന് റിട്ടയർമെൻറ് ഉണ്ടോ എന്ന് ചിലർ സംശയിക്കാം. അങ്ങനെ കമ്പൽസറി റിട്ടയർമെൻറ് ഒന്നുമില്ല പണിമതിയാക്കാം എന്ന് തോന്നുമ്പോൾ നിർത്താം.  കുറച്ച് ആനുകൂല്യം കള്ള് ഊറ്റിയ ഷാപ്പ് വഴി കിട്ടുകയും ചെയ്യും. ചെത്ത് തൊഴിലാളി യൂണിയൻ അന്ന് വളരെ സജീവമാണ്. ജില്ലാകളക്ടറുടെ ശമ്പളത്തിന് തുല്യമാണ് ചെത്ത് തൊഴിലാളിയുടെ ശമ്പളം എന്നാണ് അന്ന് പറഞ്ഞു കേട്ടിട്ടുള്ളത്.

കുഞ്ഞയ്യൻ വാപ്പൻ വെറുതെ അങ്ങ് ചെത്ത് നിർത്തുകയായിരുനില്ല.
പുറകെ വരുന്ന ആളിന് ബാറ്റൺകൈമാറുന്നത് പോലെ ചെത്തുകത്തിയും കൂടും കുടുക്കയും മകൻ തങ്കന് കൈമാറിയാണ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചത്. തങ്കൻ അച്ഛനേക്കാൾ മിടുക്കൻ, വെളുത്ത സുന്ദരൻ, പലരുടെയും ആരാധനപാത്രം 

മകന് ജോലി കൈമാറാൻ വേണ്ടി മാത്രമല്ല കുഞ്ഞയ്യൻ വാപ്പൻ ജോലി മതിയാക്കിയത്.  പുതിയ ഒരു സംരംഭം തുടങ്ങാൻ കൂടിയാണ് ടാപ്പിംഗ് മതിയാക്കിയത്. ഇന്നാണെങ്കിൽ അതിനെ സ്റ്റാർട്ടപ്പ് എന്ന് വിളിക്കും.

പ്രധാന പള്ളികൾക്കെല്ലാം കുരിശുപള്ളികൾ ഉള്ളതുപോലെ പ്രധാന ഷാപ്പുകൾക്കെല്ലാം അന്ന് ഉപ ഷാപ്പുകൾ ഉണ്ടായിരുന്നു. ഷാപ്പുകളിൽ കള്ളും കറിയും കിട്ടും. വിൽക്കുന്ന കള്ളിന് ഒരു കണക്ക് മെയിൻ ഷാപ്പിൽ കൊടുക്കണം എന്ന് മാത്രം. അതും അത്ര കൃത്യമായിക്കൊള്ളണമെന്നില്ല -

തെങ്ങുചെത്തി കിട്ടിയ കള്ള് മെയിൻ ഷാപ്പിൽ എത്തിച്ചാൽ അവിടെ അളക്കുന്ന കള്ളിനെ കാശു കിട്ടു . ഉപ ഷാപ്പിൽ ആണെങ്കിൽ കള്ളിനും സ്വന്തമായി ഉണ്ടാക്കി വിൽക്കുന്ന കറിക്കും കാശും കിട്ടും, ലാഭകരമായ ബിസിനസ് . കാരി , കരിയണ്ണി , കരിമീൻ , വരാല് , കക്കാറച്ചി ഇതൊക്കെ ആയിരുന്നു ഷാപ്പിലെ കറി വിഭവങ്ങൾ . അത്യാവശ്യഘട്ടങ്ങളിൽ മണങ്ങും നങ്കും ചൂടനും റെഡി.. തിലോപ്പിയ, കടൽഞണ്ട്, കൂന്തൽ പോലെയുള്ളവയൊന്നും ഷാപ്പിൽ കയറ്റില്ല.  ആവശ്യക്കാർ ഇല്ലാതിരുന്നതാണ് കാരണം. അന്ന് കടപ്പുറത്ത് കമ്പാലയിൽ കിട്ടുന്ന ഞണ്ടുകളെല്ലാം പെറുക്കി കടലിലേക്ക് തന്നെ എറിഞ്ഞു കളയുന്ന രീതിയായിരുന്നു.

 ഉപഷാപ്പിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ നല്ല കള്ളു കിട്ടും, നല്ല കറി കിട്ടും, ചിലപ്പോൾ കടവും കിട്ടും, യാതൊരുവിധ മായവും ഇല്ല .

അങ്ങനെയാണ് ചാലുമാട്ടയിൽ ഒരു കുടിലുകെട്ടി ഷാപ്പ് വ്യവസായം വാപ്പൻ  തുടങ്ങിയത്. മകൻ തങ്കനും വേറെ ഒന്ന് രണ്ട് പേരും ആവശ്യത്തിന് കള്ള് ചെത്തി ഷാപ്പിലെത്തിക്കും. കടക്കരപ്പള്ളി ചന്തയിലാണ് മെയിൻ ഷാപ്പ് എങ്കിലും അവിടുന്ന് വരെ ആൾക്കാര്  കുഞ്ഞയ്യൻ വാപ്പന്റെ ഷാപ്പിൽ കുടിക്കാൻ എത്തുമായിരുന്നു.
ഗൂഗിൾ മാപ്പ് ഒന്നും നിലവിൽ ഇല്ലാതിരുന്ന കാലമാതിനാൽ കുഞ്ഞയ്യൻ വാപ്പന്റെ ഉപഷാപ്പു കണ്ടുപിടിക്കാനാവാതെ തോടുനീന്തി  കടന്നുപോയവരും ഉണ്ട് .

കുഞ്ഞയൻ വാപ്പന്റെ ഷാപ്പിൽ നിന്ന് എനിക്ക് കള്ള് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യം എൻറെ ഓർമ്മയിൽ കൃത്യമായി തെളിയുന്നില്ല എങ്കിലും ഷാപ്പിനുള്ളിലെ ബെഞ്ചിൽ ഇരിക്കാൻ അനുവദിച്ച്  എന്നെക്കൊണ്ട് പഞ്ചാംഗം വായിപ്പിച്ച കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു. പഞ്ചാംഗം എന്ന പേരിൽ ഒരു പുസ്തകം ഉണ്ട് എന്ന് ഞാൻ അറിയുന്നതുപോലും അപ്പോഴാണ്

ഷാപ്പിനു മുന്നിലേ കിഴക്കേചാലിൽ ആണല്ലോ ഞാൻ പതിവായി കുളിക്കാനെത്തുന്നത്. എന്നോട് വാപ്പന് കാര്യമായിരുന്നെങ്കിലും എപ്പോഴോ ഒരു പിണക്കം സംഭവിച്ചു. കള്ളുകുടിച്ചിട്ട് കാശ് കൊടുക്കാത്തതു കൊണ്ടായിരുന്നില്ല ആ പിണക്കം.

ഉപഷാപ്പ് നടത്തുക എന്ന ഏക ഉദ്ദേശ്യം മാത്രമായിരുന്നില്ല വാപ്പന്റെ  ഏകാന്ത വാസത്തിന് പിന്നിൽ. ഷാപ്പ് നിൽക്കുന്നത് വലിയ ഒരു പുരയിടത്തിന്റെ മൂലയ്ക്കാണ്. പുരയിടത്തിൽ ജന്മി ഏതോ കർത്താക്കന്മാരോ ചേർത്തലയിലുള്ള പ്രഭുക്കന്മാരോ ആണ് . ലക്ഷ്മണ പ്രഭു, വാമന പ്രഭു, ശിവദാസനുണ്ണി, ഉണ്ണിത്തമ്പുരാൻ തുടങ്ങിയ പ്രഭുക്കന്മാരൊക്കെ ചേർത്തല ഭാഗത്ത് ഉണ്ട് . വലിയ വലിയ കാര്യങ്ങൾ നോക്കാൻ ഉള്ളതുകൊണ്ടാകണം വാപ്പൻ താമസിക്കുന്ന പുരയിടത്തിന്റെ ഉടമ അങ്ങോട്ട് തിരിഞ്ഞു നോക്കാറെ ഇല്ല . തെങ്ങുകേറ്റ സമയമാകുമ്പോൾ ജന്മിയുടെ കാര്യസ്ഥൻ വന്നാണ് ആ ജോലി നടത്തിക്കൊണ്ടു പോവുക. പുരയിട സൂക്ഷിപ്പും കേരസംരക്ഷണവും വാപ്പന്റെ പൂർണ്ണചുമുതലയിൽ  വിട്ട് കൊടുത്തിരിക്കുകയായിരുന്നു ജന്മി . വാപ്പൻ ഇത് കൃത്യമായി ചെയ്യുന്നുമുണ്ടായിരുന്നു.. ചാലിന്റെ മാട്ടയും പറമ്പിന്റെ വശങ്ങളും പാടത്തോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളും എല്ലാം തൂമ്പാപണിക്കാരെ നിർത്തി ജോലി ചെയ്യിപ്പിച്ച് നന്നായി സൂക്ഷിച്ചിരുന്നു വാപ്പൻ. ഷാപ്പിൽ വന്നുകള്ളു കുടിച്ചതിനുശേഷം പെട്ടെന്ന് തിരികെ പോകാതെ കുറച്ചുനേരംപറമ്പിൽ ചുറ്റിക്കറങ്ങാം , ഇരുന്ന് വിശ്രമിക്കാം എന്ന് ആരെങ്കിലും കരുതിയാൽ അത് നടക്കില്ല , വാപ്പൻ അതിനു സമ്മതിക്കില്ല. തന്ത്രപരമായ രീതിയിൽ ആയിരുന്നു വാപ്പൻ ഇത് പ്രാവർത്തികമാക്കിയിരുന്നത്.

ചെത്തു തൊഴിലിൽ നിന്ന് രാജിവെക്കുന്ന സമയത്ത് മകൻ തങ്കന് കൂടും കുടുക്കയും ഒക്കെ കൈമാറിയപ്പോൾ ഒരു സ്പെയർ കൂടും കത്തിയും വാപ്പൻ സ്വന്തമായി കരുതി വെച്ചു. കുടിയന്മാർ കുടിച്ച് ആഹ്ലാദിക്കുമ്പോൾ വാപ്പൻ തന്റെ ചെത്തുകത്തിയെടുത്ത് പുറത്തേക്ക് ഇറങ്ങും. തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാരയെടുത്ത് അതിൻറെ വശത്ത് കത്തി കുടിയന്മാർ കാണ്കെ ഉരസും. എന്നിട്ട് മൂർച്ച കൂട്ടി തിരികെ കൊണ്ടുവന്ന് വീണ്ടും കൂട്ടിൽ ഇട്ട് വെക്കും. ഇത് കാണുന്ന പലകൂടിയന്മാരും അന്നേരം തന്നെ അർഝപ്രാണരാകും, ഷാപ്പിലെ ബഹളവും നിലയ്ക്കും. 

വാപ്പന്റെ കത്തി പ്രയോഗം പല കുറി കണ്ടിട്ടുള്ള എനിക്കും വല്ലാത്ത  പേടി പലപ്പോഴും തോന്നിയിരുന്നു. വാപ്പൻ ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുമില്ല.

പാടവരമ്പത്തും ചിറയിലും കളിക്കാൻ വരുന്ന കുട്ടികളിൽ വേറെയും അലവലാതികൾ ഉണ്ടല്ലോ? തൂമ്പ പണിക്കാരെ കൊണ്ട് നന്നായി പണി ചെയ്യിപ്പിച്ച്, ഒരുക്കി മിനുക്കി തയ്യാറാക്കി വെച്ചിരുന്ന  പുരയിടത്തിന്റെ മട്ടൽ ഒരുത്തൻ ഓടി നടന്ന് ചവിട്ടിത്തെറിപ്പിച്ച് നാശമാക്കി. ഞാനും കൂടി ചേർന്നാണ് മട്ടൽ ചവിട്ടി നശിപ്പിച്ചത് എന്ന് വിചാരിച്ച വാപ്പൻ ചെത്തുകത്തി കൂട്ടിൽ നിന്നെടുത്ത് വീണ്ടും പാരയിൽ തേക്കാൻ തുടങ്ങി. അന്ന് തുടങ്ങിയ പിണക്കം പിന്നെ എപ്പോഴാണ് മാറിയത് എന്ന് ഓർമ്മയില്ല.

നടപ്പ് ഇനി പടിഞ്ഞാറോട്ട് ആണ് . വാപ്പന്റെ പുരയിടത്തിനോട് ചേർന്ന് തൊട്ടു പടിഞ്ഞാറ് ഒരു നെൽപ്പാടമുണ്ട് അത് വാപ്പന്റെ സൂക്ഷിപ്പ് പരിധിയിലുള്ളതല്ല. അവിടെയാണ് അടുത്ത വിളയാട്ടം. അതിനെക്കുറിച്ച് കേൾക്കണ്ടേ ? (വേണ്ടാ .....?)

Saturday, 8 April 2023

മറക്കാതെ ബാല്യം -കഥ (രണ്ടാം ഭാഗം)

മറക്കാതെ ബാല്യം - കഥ (രണ്ടാം ഭാഗം)
അപ്പോൾ പറഞ്ഞുവന്നത് കാളമ്മാമ്മയുടെ മക്കളെക്കുറിച്ചാണ് : കലിയൻ , ദിവാകരൻ, ഭാമാക്ഷി ,മീനാക്ഷി , പൊന്നമ്മ, തങ്കമ്മ, കമലാക്ഷി . കലിയൻ എന്നത് ദിവാകരന്റെ പേരിൻറെ ആദ്യഭാഗം എന്നാണ് ഞാൻ അന്നൊക്കെ കരുതിയിരുന്നത്. പിന്നെ ആരോ പറഞ്ഞു തന്നത് കാളമ്മാമ്മയുടെ ആദ്യം കൂട്ടി പിശാചിൻറെ അവതാരം ആയിരുന്നു എന്നാണ്. അന്നൊക്കെ പിശാചുക്കൾ ചിലർക്കെല്ലാം സന്തതികളായി ജനിക്കാറുണ്ട്. ജനിക്കുന്ന ഉടനെ മരിക്കും, കലിയനും അങ്ങനെ മരിച്ചുപോയി. ജനിച്ച ഉടനെ മരിക്കുക എന്ന പ്രതിഭാസം അന്നത്തെ പതിവ് ചിട്ടവട്ടമായിരുന്നു. ജനനത്തോടെ മരിക്കുന്ന കുട്ടികളെ കലിയന്മാർ അല്ലെങ്കിൽ കലിച്ചികൾ, അങ്ങനെയാണ് നാട്ടുകാർ വിശേഷിപ്പിച്ചിരുന്നത്. 

ഞാൻ കാണുമ്പോഴൊക്കെ കാളമ്മാമ്മയുടെ വേഷം കൈയിലുമുണ്ടും റൗക്കയുമാണ്. റൗക്ക  യെന്നുവെച്ചാൽ മുലക്കച്ച പോലുള്ള ഒരു മേൽവസ്ത്രം. അതില്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്ന വിചാരമായിരുന്നു കാളമ്മാമ്മയുടെത്.  

 നിക്കർ അപൂർവ്വം കുട്ടികൾക്കേ ഉള്ളു. ചെറിയ കൈലി മുണ്ടായിരുന്നു എൻറെ വേഷം. നിക്കർ തയ്പ്പിച്ചു ഉടുക്കുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള  കെട്ടുപാടൊന്നും അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു. പിന്നീട്, എപ്പോഴോ കണ്ണേറ് നടത്തിയിട്ടുള്ള വെളുത്തു സുന്ദരിയായ മോളിയുടെ വേഷം പോലും പാവാടയല്ല, പാളത്താർ ആയിരുന്നു.

കാളമ്മാമ്മയുടെ ചകിരിപിരി സഭയിൽ ഞാൻ ചെന്നിരിക്കുമ്പോള് ചുറ്റുവട്ടത്തുള്ള കുറെ സ്ത്രീകളും പുരുഷന്മാരും അവിടെ ഉണ്ടാകും , എല്ലാവരുടെയും ജോലി കഥ കേൾക്കുക, ഒപ്പം ചകിരി പിരിക്കുക എന്നതാണ്. കൊതുകടി ഏൽക്കാതിരിക്കാൻ കുപ്പ കൂട്ടി അതിൽ തുമ്പച്ചെടി ഇട്ടുകത്തിച്ച് പുകയ്ക്കും വൈകുന്നേരങ്ങളിൽ .  തുമ്പപ്പുക കൊതുകിന് പിടിക്കില്ല.  ഇടയ്ക്കിടയ്ക്ക് തങ്കാലിയുടെ കലാപ്രകടനവും ഉണ്ടാകുമായിരുന്നു.

അന്ന് കാളമ്മാമ്മയുടെ കൂടെ മകൾ കമലാക്ഷി മാത്രമേയുണ്ടായിരുന്നുള്ളു. ദിവാകരൻ വിവാഹമൊക്കെ കഴിച്ച് വേറെ മാറി താമസിച്ചു. മൂത്ത പെണ്മക്കളെ എല്ലാവരെയും കെട്ടിച്ചയച്ചു, കമലാക്ഷി മാത്രമാണ് കാളമ്മാമ്മയുടെ കൂടെ .

കമലാക്ഷിയുടെ കാമുകൻ ആയിരുന്നു പവിത്രൻ. ഈഴവ സമുദായത്തിൽപ്പെട്ട പവിത്രൻ നല്ല തെങ്ങ് കയറ്റക്കാരനായിരുന്നു. അന്ന് അവിടെ തെങ്ങ് കയറിയിരുന്നത് വേലൻ സമുദായത്തിൽപ്പെട്ട ആളുകളായിരുന്നില്ല പകരം ഈഴവനും ക്രിസ്ത്യാനികളും കൂടിയ സംഘം ആയിരുന്നു. സംഘത്തിൽ കുഞ്ഞപ്പൻ , റപ്പേൽ പോലുള്ള മാപ്പിളമാരുണ്ട്, തങ്കിപ്പള്ളി ഇടവക ക്കാരായ ലത്തീൻ കത്തോലിക്കർ . പള്ളി അറിഞ്ഞാൽ സഭയിൽ നിന്ന് പുറത്താക്കാൻ വകുപ്പുള്ള ജോലി, പക്ഷേ പള്ളി അറിഞ്ഞില്ല.

പവിത്രനായിരുന്നു അവരുടെയൊക്കെ ആശാൻ,  ഒരു ഭാഗത്തുനിന്ന് തേങ്ങ ഇട്ടു തുടങ്ങിയാൽ 45 ദിവസം കഴിയുമ്പോൾ വീണ്ടും അവിടെ തന്നെ തിരിച്ചു വരുന്നചാക്രിക പരിപാടി.നല്ല വരുമാനമായിരുന്നു പവിത്രനും കൂട്ടർക്കും

പവിത്രനെ ഒത്തിരി തവണ കാളമ്മാമ്മ വഴക്ക് പറഞ്ഞു ഓടിച്ചു വിട്ടിട്ടുണ്ട്. പക്ഷേ കമലാക്ഷിയുടെ കൺകോണിൽ കുടുങ്ങിയ പവിത്രന് അവിടം വിട്ട് പോകുവാൻ കഴിയുമായിരുന്നില്ല. ഒടുക്കം പവിത്രൻ കമലക്ഷ്മിയെ കല്യാണം കഴിച്ചു , അവർക്ക് കുട്ടികളായി പേരക്കുട്ടികളായി, അതെല്ലാം പിന്നീടുള്ള കഥ .

കാളമ്മാമ്മയുടെ വീടും വിട്ട് കിഴക്കോട്ട് നടന്നാൽ പിന്നെ നെൽപ്പാടമാണ്, കരപ്പാടം. സീസണലായി വ്യത്യസ്ത കൃഷി പരീക്ഷിക്കുന്ന സ്ഥലം. നെൽകൃഷി കഴിഞ്ഞാൽ പാടം ഉണങ്ങുമ്പോൾ വെള്ളരി, മത്തൻ, ഇളവൻ, ചീര ഇവയെല്ലാം കൃഷി ചെയ്യുന്ന സ്ഥലം. ചിലർ പാവലും പടവലവും കൃഷി ചെയ്യും.

ഈ കരപാടത്തിന് നടുവിലൂടെ കടന്നു പോകുന്ന പതിനൊന്ന് കെ വി ലൈൻ, 
അത് എനിക്ക് അന്നും ഇന്നും വിസ്മയമാണ്.  ഇത് ആര് എങ്ങനെ ഇവിടെ ഈ ഓണം കേറാമൂലയിൽ കൊണ്ടുവന്നു സ്ഥാപിച്ചു എന്നതാണ് അന്നത്തെ വിസ്മയത്തിന് കാരണം. ഒരു മാറ്റവും കൂടാതെ ഇന്നും അത് അവിടെ നിലനിൽക്കുന്നതാണ് ഇന്നത്തെ അത്ഭുതത്തിന് കാരണം.

കൂറ്റൻ കമ്പിയിലൂടെ കറണ്ടെല്ലാം പായുന്നത് എങ്ങോട്ടാണെന്ന് ഞാൻ ഭാവനയിൽ കണ്ടു. വളരെ ദൂരത്തേക്ക് ആയിരിക്കും എന്ന് ഉറപ്പ്.

11 കെവിയിലെ വലിയ ചെമ്പ് കമ്പികൾ മോഷ്ടിക്കപ്പെട്ട കഥയും അന്നുപറഞ്ഞു കേട്ടിട്ടുണ്ട്. മോഷ്ടാവിറ ധൈര്യത്തെക്കുറിച്ച് ഞാൻ ഓർത്തു. മോഷ്ടാവ് എൻറെ ആരാധനാപാത്രമായി, അതിനുള്ള കാരണം രണ്ടാണ്. ഇത്രയും ശക്തമായ വോള്‍ട്ടേജ് ഉള്ള ലൈനിൽ കയറി ഇയാൾ എങ്ങനെ കമ്പിമുറിച്ചു എന്നത് ഒന്നാമത്തേത് . മുറിച്ച്  കമ്പി വിൽക്കണമല്ലോ അതെങ്ങനെ  എന്നത് രണ്ടാമത്തത്. 

കമ്പി വിറ്റത് എങ്ങനെ എന്നകാര്യം മോഷണ കഥ എന്നോട് പറഞ്ഞു തന്ന ആള് തന്നെ വിശദീകരിച്ചിട്ടുണ്ട്. വൈദ്യുത ബോർഡിലെ ഉദ്യോഗസ്ഥരുമായി ഒത്തു ചേർന്നുള്ള മോഷണം ആയതിനാൽ വിൽക്കാൻ യാതൊരുവിധ പ്രയാസവും ഇല്ല ! അക്കഥ ഞാൻ വിശ്വസിച്ചു.

11 കെ വി ലൈനും പാടവും കടന്ന് പിന്നെയും നടന്നാൽ  എത്തുന്നത് തോട്ടുംകരയിലാണ്,  പൊന്നാംവെളി - കടക്കരപ്പള്ളി തോട്.  ഞങ്ങൾ കിഴക്കേ ചാൽ എന്നാണ് പറയുന്നത്. പടിഞ്ഞാറ് അതേപോലെ പടിഞ്ഞാറെ ചാൽ ഉണ്ട്.  പടിഞ്ഞാറെ ചാലിന്റെ ഗാംഭീര്യം കിഴക്കേ ചാലിനില്ല. എങ്കിലും കിഴക്കേ ചാലിനോടാണ് എനിക്ക് ഏറെ ആഭിമുഖ്യം. ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിന് ഏറെ സഹായിച്ചിട്ടുള്ളത് ഈ ചാലിലെ തെക്കോട്ടും വടക്കോട്ടും ഉള്ള ഒഴുക്കായിരുന്നു. എന്നെ നീന്തൽ പഠിപ്പിച്ചതും ഈ ചാലാണ്.

ഇന്ന് കിഴക്കേച്ചാൽ നാശോന്മുഖം ആണ് . കൃഷിയുടെ പേരും പറഞ്ഞ് ചിലരെല്ലാം ബണ്ട് കെട്ടി അടച്ച് ഒഴുക്കില്ലാതാക്കും. ചലിന്റെ സമീപത്ത് താമസിക്കുന്നവർ കൈയേറി നികത്തി എടുക്കുകയും ചെയ്യും. 

ആശ്വാസമായിട്ടുള്ളത് പ്രകൃതിയുടെ പരിപാലനമാണ്. ശക്തമായ മഴയുണ്ടാകുന്ന കാലത്ത് ചാലിൽ നീരൊഴുക്ക് കൂടുകയും ബണ്ട് മുറിയുകയും ചെയ്യും. ചാലു സംരക്ഷിക്കാൻ പട്ടണക്കാട് പഞ്ചായത്തിന്റേതായി ചില നിയന്ത്രണങ്ങൾ ഒക്കെ  ഉണ്ടെങ്കിലും അതിന് ഉദ്ദേശിച്ച വിധം ഫലം കിട്ടിയിട്ടില്ല എന്നാണ് അറിവ് .

ചാലിൻകരയിൽ താമസിക്കുന്നവരാണ് വാസുവും ഭാര്യ ഭാരതീയും. എന്നെപ്പോലെ രണ്ട് മക്കൾ സതിയും കൂട്ടപ്പനും അവർക്കുള്ളതിനാൽ വാസു ചേട്ടന് എന്നോട് കാര്യമായിരുന്നു. അദ്ദേഹത്തിൻറെ പ്രധാന ജോലി കയർതടുക്കു നിർമാണമാണ്. അതിന് ആവശ്യമായ ഒറ്റത്തറി വീട്ടിലുണ്ട്.

കയർതടുക്ക് നിർമിക്കാൻ കയറിൽ ചായം മുക്കുന്നത് രസകരമായി തോന്നിയിരുന്നു. മരപ്പലക കൊണ്ട് നിർമ്മിച്ച വലിയതൊട്ടിയിൽ വെള്ളം നിറച്ച് ചായം കലക്കി വെക്കും. അതിൽ കുറെ സൾഫ്യൂറിക് ആസിഡും ഒഴിക്കും തീവെള്ള മെന്നാണ് ആസിഡിന് അന്ന്  അവിടെ വിളിച്ചിരുന്നത്. 

എന്തിനാണ് വെള്ളത്തിൽ തീവെള്ളമൊഴിക്കുന്നത് എന്ന് ഒരിക്കൽ ചോദിച്ചതിന് വാസു ചേട്ടന്റെ  മറുപടി രസകരമായിരുന്നു.

നമ്മൾ ഈ തടുക്ക് നിർമ്മിച്ച റഷ്യ, അമേരിക്ക പോലെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. അവിടൊക്കെ ഭയങ്കര തണുപ്പായതിനാൽ സായിപ്പന്മാർക്ക് ഇവയില്ലാതെ പറ്റില്ല. കയർ തീവെള്ളത്തിൽ മുക്കിയില്ലെങ്കിൽ തടുക്കും പായും ദീർഘനാൾ നിലനിൽക്കും. നമ്മുടെ കയർ വ്യാപാരം കുറയും അതുകൊണ്ട് പെട്ടെന്ന് നശിച്ചു പോകുന്നതിനു വേണ്ടിയാണ് തീ വെള്ളം കലർത്തിയ വെള്ളത്തിൽ മുക്കുന്നത്. വിശദീകരണം വളരെ ന്യായമായിട്ടുള്ളതു തന്നെ എന്നാണ് എനിക്ക് അന്ന് തോന്നിയത് .

എന്തെങ്കിലും കളിയിൽ ഏർപ്പെടാൻ കുട്ടപ്പനോ, സതിയാ മുന്നോട്ടു വരില്ല. അവർക്ക് എപ്പോഴും വീട്ടിൽ പിടിപ്പത് പണിയാണ്. ഭാരതി ചേച്ചി അങ്ങനെയാണ് കുട്ടികളെ വളർത്തിയിരുന്നത്. ഒരിക്കൽ അവർ മക്കളോട് പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തു

" ഒള്ള ചന്തപ്പിള്ളാരുടെ കൂടെ കളിക്കാൻ പോയാൽ പച്ചവെള്ളം തരില്ല " ഭാരതിചേച്ചി മക്കളോട് പറഞ്ഞു.

ഞാൻ അവിടെ നിന്ന് പോന്നതിനുശേഷം ഭാരതി ചേച്ചിക്ക് മക്കളോട് ഇങ്ങനെ പറഞ്ഞാൽ പോരായിരുന്നില്ലേ എന്ന നിരാശ കുറെനാൾ എന്നെ വേട്ടയാടി.

ചാല് കടന്ന് കിഴക്കോട്ടു യാത്രയില്ല അതുകൊണ്ട് വാസു ചേട്ടന്റെ ചിറവാരം  വീട്ടിൽ നിന്ന് തെക്കോട്ട് നടന്നാൽ കുഞ്ഞയ്യൻ വാപ്പന്റെ കുടിലിൽ എത്താം. വാപ്പൻ ഒരു സംഭവമായിരുന്നു. (തുടരാം അല്ലേ...)

മറക്കാതെ ബാല്യം -കഥ (ഒന്നാം ഭാഗം)

#മറക്കാതെ #ബാല്യം - കഥ (ഒന്നാം ഭാഗം)

ബാല്യം എന്ന് പറയുമ്പോൾ 60 കൊല്ലങ്ങൾക്ക് പിന്നിലേക്കുള്ള തിരിഞ്ഞുനോട്ടം. നാട്ടിൽ ഓടിട്ട വീടുകൾ തീരെ കുറവ്. :എല്ലാം ഓലക്കൂരകൾ. അത്തരത്തിൽ ഒന്നിൽ നിന്നാണ് എന്നും പുറത്തേക്ക് ഇറങ്ങാറുള്ളത്

നേരെ കിഴക്കോട്ട് ഇറങ്ങിയാൽ കൊച്ചപ്പന്റെ വീടാണ്. കൊച്ചപ്പന്റെ ഭാര്യ.ത്രേസ്യ. കൊച്ചപ്പന്റെ യഥാർത്ഥ പേര് ജോർജ് തൈപ്പറമ്പിൽ . കൊച്ചപ്പനും കുടുംബവും ഞങ്ങളുടെ വീട്ടിൽ മുന്നിൽ വന്നു താമസിച്ചപ്പോൾ നികർത്തിൽ എന്നായിവീട്ടുപേര്. പണ്ട് പാടമായിരുന്ന സ്ഥലം നികർത്തിയെടുത്തതാണ് ആ പുരയിടം.

കൊച്ചപ്പൻ കയർ കമ്പനി തൊഴിലാളിയാണ്. അങ്ങ് അകലെ ശക്തീശ്വരൻ കവലയിലുള്ള വേലാംമൂപ്പന്റെ കയറുമില്ലിൽ ആണ് ജോലി. വേലാൻ മൂപ്പൻ എന്ന് ഞങ്ങൾ പറയുമെങ്കിലും അദ്ദേഹം വേലായുധൻ മുതലാളിയാണ് . ഇന്നത്തെ  ചേർത്തലയിലെ പ്രശസ്തമായ കെ വി എം ഗ്രൂപ്പിൻറെ തുടക്കക്കാരൻ .

കൊച്ചപ്പൻ രാവിലെ ചോറു പാത്രവും തൂക്കി പോകുന്നതും വൈകിട്ട് തിരികെ വരുന്നതും കാണാമായിരുന്നു, സാമാന്യ വിദ്യാഭ്യാസം ഉണ്ട് , അതുകൊണ്ട് നന്നായിട്ട് പുത്തൻ പാനയും അമ്മാനയും വായിക്കും. പെസഹാ നാളുകളിലാണ് അദ്ദേഹത്തിന്റെ വായന ഞങ്ങളെല്ലാവരും കേൾക്കാറുള്ളത്. ഭാര്യക്ക് അത്രവിദ്യാഭ്യാസമില്ല. തൊട്ടടുത്ത വീട് ആയതുകൊണ്ട് കൂടുതൽ വഴക്കും പിണക്കവും സ്നേഹവും അവരുമായിട്ടായിരുന്നു.

അവരുടെ വീടും കഴിഞ്ഞ് മുന്നോട്ട് നടന്നാൽ തോടും ചിറയും കൂടിക്കലർന്ന ഒരു പുരയിടം. അതും കഴിഞ്ഞ് കിഴക്കോട്ട് നടന്നാൽ ബ്രിജിത്ത വല്യമ്മയുടെ വീട്.  ബ്രിജിത്ത വല്യമ്മ ഇളയമകൻ വറുതിന്റെ കൂടെയാണ് താമസം. വറുതിന് കടപ്പുറം പണിയാണ്. രണ്ടുമൂന്ന് മൈൽ പടിഞ്ഞാറുള്ള കടപ്പുറത്ത് പോയി പണി ചെയ്യുന്ന അപൂർവ്വം ആളുകളെ ആ ഭാഗത്ത് ഉണ്ടായിരുന്നുള്ളൂ അന്ന്. വറുതിന്റെ ഭാര്യ വിരോണി . വിരോണി വെളുത്തവളും വറുതിനെക്കാൾ പൊക്കവുമുള്ള സ്ത്രീയായിരുന്നു. എൻറെ കാഴ്ചപ്പാടിൽ അവർ തമ്മിൽ ചേർച്ച തോന്നിയിരുന്നില്ലെങ്കിലും സന്തോഷമായിട്ടാണ് അവർകഴിഞ്ഞു പോന്നത്.

വല്യമ്മയുടെ വീട്ടിൽ പോയി കുത്തിയിരുന്നാൽ ഒരു കട്ടൻ കാപ്പി പോലും കിട്ടില്ല. ബിജിത്ത വല്യമമ കൂടുതൽ സമയവും ഞങ്ങടെ വീട്ടിൽ ആയിരുന്നു. എന്റെഅമ്മ തിളപ്പിച്ചു കൊടുക്കുന്ന ഒരു ഗ്ലാസ് കട്ടൻചായയും ഒരു ശർക്കര കഷ്ണവും ബിജിത്ത വല്യമ്മയ്ക്ക് വളരെ കാര്യമായിരുന്നു. പറഞ്ഞ കാര്യങ്ങൾ തന്നെ ബ്രിജിത്ത വല്യമ്മ പറഞ്ഞുകൊണ്ടിരിക്കും. എന്നാലും ഇവയെല്ലാം ആദ്യം കേൾക്കുന്ന മട്ടിൽ എന്റെ അമ്മ കേൾക്കുകയും തൊണ്ടുതല്ലുകയും ചകിരി പിരിക്കുകയും ചെയ്യുമായിരുന്നു.  എന്തെങ്കിലും അസുഖം മൂലം  വല്യമ്മ വരാത്ത ദിവസങ്ങളിൽ എൻറെ അമ്മയ്ക്കും ചെറിയ വിഷമം തോന്നിയിരുന്നു.

ബ്രജിത്താ വല്യമ്മയുടെ തറയിൽ വീട് കടന്ന് 20 മീറ്റർ കിഴക്കോട്ട് നടന്നാൽ ഞാൻ ചെന്നു കയറുന്നത് പപ്പുണ്ണി ആശാൻറെ വീട്ടിലാണ്. കല്ല് കെട്ടിയ ഓലമേഞ്ഞ വീട്.

പപ്പുണ്ണി ആശാൻ , ഭാര്യ ആശാട്ടി മകൻ തങ്കാലി - മൂന്നു പേരുള്ള വീട് .
കുട്ടികൾക്ക് മുമ്പ് നിലത്തെഴുത്ത് പഠിപ്പിച്ചത് കൊണ്ടാണ് ആശാനെയും ആശാട്ടിയെയുംഅങ്ങനെ വിളിച്ചിരുന്നത്. എന്നെക്കാൾ മൂന്നാല് വയസ്സ് കുറവുള്ള  തങ്കാലി അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു. പാട്ട് എഴുതും , നാടകം എഴുതും സ്വന്തമായിട്ട് അഭിനയിച്ച് നാട്ടുകാരെ കാണിക്കുകയും ചെയ്യും.

പപ്പുണ്ണി ആശാന് എന്നോട് വലിയ കാര്യമായിരുന്നു. അതിന് കാരണം ചെറിയ ജോലികളൊക്കെ ചെയ്യാൻ എന്നെക്കാൾ ആദായത്തിൽ അവിടെ ആളെ കിട്ടുന്നത് അന്ന് പ്രയാസമായിരുന്നു. പത്തു രൂപ ഒരാൾക്ക് കൂലി ഉണ്ടായിരുന്ന അക്കാലത്ത് അതിൻറെ അഞ്ചിൽ ഒന്ന് അതായത് രണ്ട് രൂപ മുടക്കിയാൽ എന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമായിരുന്നു. മറ്റൊരു വഴിയിൽ രണ്ട് രൂപ കിട്ടാൻ മാർഗമില്ലാതിരുന്ന എനിക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു.

ജോലി പ്രധാനമായിട്ടും തൊണ്ട് തല്ലിക്കാൻ വള്ളത്തിൽ ചെങ്ങണ്ട വരെ കൊണ്ടുപോവുക എന്നതായിരുന്നു. ചെങ്ങണ്ടയിലാണ് തൊണ്ടു തല്ലുമില്ല് ഉള്ളത്. വള്ളമൂന്നലും  നീന്തലും ആ പ്രായത്തിൽ തന്നെ ഞാൻ പഠിച്ചിരുന്നു. ആശാൻ തൊണ്ട് വള്ളത്തിൻറെ അണിയത്തിരിക്കും ഞാൻ അമരത്തിൽ നിന്ന് വള്ളമൂന്നും .

ഒന്നു രണ്ടു തവണ വലിയ അപകടമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ടായി. ചെങ്ങണ്ട മില്ല് അവധിയാണെങ്കിൽ വള്ളം ചേർത്തലയ്ക്കു വിടണം. ചേർത്തലയിൽ എത്താൻ കായൽ കടക്കണം, കായലിൽ നല്ല ആഴവും ചെളിയുമുള്ള സ്ഥലങ്ങൾ ഉണ്ട് . ഒന്നു രണ്ടു തവണ കഴുക്കോൽ ചെളിയിൽ ഉറച്ചതും ഞാൻ കഴുക്കോലിൽ തൂങ്ങി നിന്നതും ഓർക്കുന്നു. 

കഴുക്കോൽ ചെളിയിൽ പൂണ്ടാൽ കുടഞ്ഞു വലിക്കണം  എന്നുള്ള ടെക്നിക്ക് എനിക്ക് അറിയാത്തത് അല്ല പക്ഷേ ഒന്ന് രണ്ട് തവണ അത് പറ്റിയില്ല. കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന ഞാൻ നിലയില്ലാ കയത്തിൽ ഒറ്റയ്ക്ക് വള്ളത്തിൽ ഇരിക്കുന്ന ആശാന്റെ അങ്കലാപ്പ് നേരിട്ട് കണ്ടിട്ടുണ്ട്. തൊട്ടടുത്തുള്ള വള്ളക്കാരന്റെ സഹായത്താൽ കഴുക്കോലും  പറിച്ച് തിരികെ വള്ളത്തിൽ ചെന്ന് കേറുമ്പോഴാണ് ആശാൻറെ ശ്വാസം നേരെ വീഴുന്നത്. ഏറ്റിരുന്ന കൂലി കൃത്യമായി തരുന്നതിന് ആശാൻ ഒരിക്കലും പോലും വീഴ്ച വരുത്തിയിട്ടുമില്ല.

മകൻ തങ്കാലി അദ്ദേഹത്തിന് ജീവനായിരുന്നു, അവനെക്കൊണ്ട് ഈ ജോലിയൊക്കെ ആകുന്നതേയുള്ളൂ എന്നാലും അതല്ലല്ലോ ശരിയായ രീതി, ജോലി ചെയ്യാൻ വേറെ കുട്ടികൾ ഉള്ളപ്പോൾ .

ആ കുടുംബത്തെ ഒന്നാകെ ഉലച്ച സംഭവം തങ്കാലിയുടെ മരണമായിരുന്നു. തങ്കീ കവലയിൽ വെച്ചു നടന്ന ഒരു ആക്സിഡൻറിൽ തങ്കാലി മരണപ്പെട്ടു. തീവ്റ ദുഃഖം സഹിക്കവയ്യാതെ അമ്മ ആശാട്ടിയും വൈകാതെ മരിച്ചു. ആശാൻ വീണ്ടും വിവാഹിതനായി. പിന്നീട് വന്ന സ്ത്രീ കയർ പിരിയിൽ താല്പര്യം കാണിക്കാതിരുന്നതിനാൽ എൻറെ പണി മുടങ്ങി, വരുമാനവും നിലച്ചു.

പപ്പൂണ്ണി ആശാൻറെ വീടും കടന്നു കുറച്ചു നടന്നാൽ കാളമ്മാമ്മയുടെ വീടാണ്. കാളി എന്നായിരിക്കണം അവരുടെ യഥാർത്ഥ പേര്. ഞങ്ങൾ കാളമ്മാമ്മ എന്ന് വിളിക്കും. കാളമ്മാമ്മയ്ക്ക് ഏഴ് മക്കളായിരുന്നു. അവരുടെ പേര് ഒരു പാട്ടിലൂടെ എനിക്ക് പഠിപ്പിച്ചുതന്നത് റപ്പേലായിരുന്നു.

കലിയൻ , ദിവാകരൻ, ഭാമാക്ഷി,  മീനാക്ഷി , പൊന്നമ്മ , തങ്കമ്മ, കമലാക്ഷി (തുടരണോ ?)

Tuesday, 4 April 2023

പാട്ടു പാടും കിളി

#പാട്ടുപാടും #കിളി

കാറ്റത്തുലയും ഇലകളെ
 ഓർക്കുമോ നിങ്ങൾ
മണ്ണിന്റെ പുതുമണവും
പുക്കളിൻ സുഗന്ധവും

പാട്ടുപാടും കിളിയെ
മറക്കുമോ നീ
പോക്കുവെയിലിൽ തിളങ്ങും
കണ്ണും കപോലവും
- ആർ എൻ

Wednesday, 1 February 2023

#തിസീസിലെ #പിശക്

#തിസീസിലെ #പിശക്

യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പി എച്ച് ഡി തിസീസിലെ  "വാഴക്കുല " പിശക് കൊട്ടിഘോഷിക്കാൻ പറ്റിയ തെറ്റൊന്നുമല്ല. ചിന്തയെ ട്രോളാൻ വേണ്ടി ഏഷ്യാനെറ്റ് ചാനൽ ചെയ്ത തരികിട പരിപാടി. ഇങ്ങനെ തെറ്റ് കണ്ടുപിടിക്കാൻ തുടങ്ങിയാൽ ലോകത്തിലുള്ള മിക്കവാറും എല്ലാ തിസീസുകളിലും മിസ്റ്റേക്കുകൾ ധാരാളം കണ്ടെത്താം. കെ ടി ജലീലിന്റെ വാര്യൻ കുന്നൻ തിസീസിൽ ഒക്കെ ചരിത്രപരമല്ലാത്ത എന്തെല്ലാം അബദ്ധങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ടാവും?

ചിന്താ ജെറോമിന് പറ്റിയ കുഴപ്പം അവർ ഇതിനകം തന്നെ ഒട്ടനവധി ആളുകളെ അവരുടെ പെരുമാറ്റം കൊണ്ട് വെറുപ്പിച്ചിട്ടുണ്ട്. എം എ ബേബി "സ്കൂളിൽ " പഠിച്ചു വന്നതിന്റെ കുഴപ്പം . വടിവൊത്തഭാഷയിൽ എന്നു അവർ കരുതുന്ന അവരുടെ പ്രസംഗം കേൾക്കുന്നത് തന്നെ പലർക്കും അലോസരമായി തോന്നും. 

ഇംഗ്ലീഷ് സാഹിത്യത്തിലാണ് അവരുടെ ഡോക്ടറേറ്റ്. ഇംഗ്ലീഷ് ഭാഷയിൽ അവർക്ക് വലിയ പ്രാവീണ്യം ഇല്ലെന്നു അവരുടെ വർത്തമാനം കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.

അവാർഡ് ചെയ്ത പിഎച്ച്ഡി ഉടനെ പിൻവലിക്കണം  എന്ന  ചിലരുടെയൊക്കെ ആവശ്യം അസംബന്ധമാണ്. ഒരിക്കൽ കൺഫർ ചെയ്തു കഴിഞ്ഞാൽ പി എച്ച് ഡി തിരിച്ചെടുക്കാൻ നിലവിൽ നിയമമില്ല. അതിന്റെ ആവശ്യവുമില്ല.

- കെ എ സോളമൻ

Monday, 30 January 2023

. റൈറ്റ് റവ മൊൺ മാത്യു നെറോണ

#റൈറ്റ് #റവ #മൊൺ #മാത്യു #നെറോണ

ആലപ്പുഴ രൂപത മോൺസിഞ്ഞോർ റൈറ്റ് റവ ഫാദർ മാത്യു നെറോണയക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഫ്രറ്റേണിറ്റി സ്വീകരണം നൽകിയത് ഇന്നായിരുന്നു. കോളജിന്റെ അധ്യപക-അനധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുംപൂർവ്വ അധ്യാപക- അനധ്യാപകരും ചേർന്ന് മാത്യു അച്ഛന് മൊൺസിഞ്ഞോർ പദവി ലഭിച്ചതിന് ആദരവ് അർപ്പിക്കുന്ന ചടങ്ങായിരുന്നു അത്.

മുൻ പ്രിൻസിപ്പൽ പ്രൊഫസർ എബ്രഹാം അറക്കൽ അധ്യക്ഷനായ യോഗത്തിൽ കോളേജ് മാനേജർ ഫാദർ നെൽസൺ തൈപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ.സിന്ധു എസ് നായർ, പ്രൊഫസർ ആർ നാരായണപിള്ള , സർവശ്രീ ലൂയിസ്, തോമസ്, ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളജ് ഓഫീസ് സൂപ്രണ്ട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകിയ നിമിഷങ്ങൾ ആയിരുന്നു അത്. പ്രധാന കാരണം, യോഗത്തിൽ വിവിധവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉണ്ടായിരുന്നെങ്കിലും ഫിസിക്സ് കാരുടെ ഒരു സമ്മേളനം പോലെയാണ് എനിക്ക് തോന്നിയത് .

എബ്രഹാം അറക്കൽ സർ  ഫിസിക്സിന്റെ പ്രൊഫസർ ആണ് ആശംസ അർപ്പിച്ച് നാരായണ സാർ ഫിസിക്സിന്റെ പ്രൊഫസറാണ്, സ്റ്റെല്ല ടീച്ചർ ഫിസിക്സ്‌ പ്രൊഫസർ. ഞാൻ പഠിപ്പിക്കുന്ന വിഷയവും മറ്റൊന്നല്ല. ആദരവ് ഏറ്റുവാങ്ങിയ ഫാദർ മാത്യു നെറോണയുടെ വിഷയവും ഫിസിക്സ് തന്നെ !

മാത്യു അച്ഛൻ ഫിസിക്സ് പഠിച്ചതിനെക്കുറിച്ച് ചില കഥയൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പറയാനവസരം ലഭിച്ചിരുന്നെങ്കിൽ ഞാനാക്കഥ അവിടെ പറയുമായിരുന്നു.

കഥ എന്നോട് പറഞ്ഞത് ആലപ്പുഴസനാതന ധർമ്മ കോളേജിലെ ഫിസിക്സ് പ്രൊഫസർ വസന്തമണി സാറാണ്.  ഒരിക്കൽ എക്സാമിനറായി എസ് ഡി കോളജിൽ ചെന്നപ്പോൾ വസന്തമണി സാറായിരുന്നു ലബോറട്ടറിയുടെ ചാർജ്. കുശലാന്വേഷണത്തിൽ  വസന്തമണി സാർ ഫാദർ മാത്യുവിനെ കുറിച്ച് എന്നോടു ചോദിച്ച :

" നിങ്ങളുടെ കോളേജിൽ ഒരു ഫാദർ മാത്യു ഉണ്ടല്ലോ, അദ്ദേഹവുമായിട്ടെങ്ങനെ?"

ഞാൻ പറഞ്ഞു " ഉണ്ട്. ഫാദർ മാത്യു നെറോണ. ഞങ്ങളുടെ കോളജിന്റെ മാനേജർ എൻറെ അപ്പോയ്ന്റ്മെൻറ് ഓർഡർ ഒപ്പിട്ട് തന്നതും അദ്ദേഹമാണ്. വളരെ നല്ല സൗഹൃദമാണ്. "

"ഫാദർ മാത്യുവിന് അങ്ങനെ ആകാനെ കഴിയൂ. ഇവിടെ ഞങ്ങളുടെ ബിഎസ്‌സി സ്റ്റുഡൻറ് ആയിരുന്നു. ഫിസിക്സിനുള്ള സംശയങ്ങൾ കൂടുതലും എന്നോടാണ് ചോദിക്കുക. സംശയങ്ങൾ ചോദിക്കാൻ എൻറെ വീട്ടിലെത്തും. മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടുകാരുമായും നല്ല സൗഹൃദത്തിൽ ആയിരുന്നു.. ഭക്ഷണം ഒന്നും കഴിക്കാത്ത ആളായതുകൊണ്ട് ഒരു കാപ്പിയിൽ കാര്യങ്ങർ ഒതുങ്ങും. ഫിസിക്സ് കട്ടിയായ വിഷയം ആണ് എന്നാണ് മാത്യു എപ്പോഴും പറയാറുണ്ടായിരുന്നത്. ഒരുപക്ഷേ അന്ന് കോളേജിൽ ചിലവിട്ടതിൽ കൂടുതൽ സമയം എൻറെ വീട്ടിൽ ആയിരുന്നു ഫാദർ മാത്യു ഉണ്ടായിരുന്നത്. എനിക്ക് കഴിയാവുന്ന രീതിയിൽ അദ്ദേഹത്തിന് ഞാൻ ചില ലെസൻസ് പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട് "

വസന്തമണിസർ പറഞ്ഞ കാര്യങ്ങൾ ഞാൻ മാത്യു അച്ചനുമായി ഷെയർ ചെയ്തു. വസന്തമണി സാറിനെ മാത്യുഅച്ചനും വളരെ ഇഷ്ടമായിരുന്നു.

ഫിസിക്സ് എന്ന വിഷയത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്
" ഫിസിക്സ് പ്രത്യക്ഷത്തിൽ സിമ്പിൾ ആണ്., എന്നാൽ ഫിസിക്സ് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും അത്ര സിമ്പിൾ അല്ല :

ഈ നിയമം ഏറെക്കുറെ ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാൽ മാത്യു അച്ചനിൽ എത്തുമ്പോൾ ഈ ധാരണ പിശകും. മാത്യു അച്ചൻ വളരെ സിമ്പിൾ ആയിരുന്നു , ആണ്.

സ്വന്തം വിഷയം ഫിസിക്സ് ആയതുകൊണ്ട് ഞങ്ങളുടെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിനോടു അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പരിഗണന ഉണ്ടായിരുന്നു. 

ഒരിക്കൽ ഞാൻ മാത്യു അച്ചനോട് പറഞ്ഞു:
" അച്ചാ നമ്മുടെ ലാബ് വളരെ വിശാലമാണ്, 80 കുട്ടികൾ ഒരുമിച്ചു നിന്നാലും പ്രാക്ടിക്കൽ ക്ലാസ്സ് നടത്തുന്നതിന് പ്രയാസമില്ല. പക്ഷേ ഉള്ള ഒരു കുഴപ്പം ലാബിൽ ലൈറ്റിന്റെ അളവ് കുറവായി തോന്നും. 150 ലക്സ് എങ്കിലും വേണം, അതിപ്പോൾ ഇവിടെ ഇല്ല "

ലക്സ് എന്താണെന്നു അച്ചൻ ചോദിച്ചില്ല. അത് വിശദീകരിക്കാൻ ഞാൻ മിനക്കെട്ടതുമില്ല

അച്ചൻ ചോദിച്ചു" അതിതെന്താ പരിഹാരം? ട്യൂബുകൾ എല്ലാം കത്തുന്നില്ലേ ?"

" ട്യൂബുകൾ കത്തുന്നുണ്ട്. പക്ഷേ മഴക്കാലത്ത് കറണ്ട് പോകുമ്പോൾ ഒന്നും തന്നെ കാണാൻ പറ്റാത്ത അവസ്ഥയാണ്. ഡ്രോയിങ് ബോർഡിൽ കുത്തുന്ന പിന്നുകളും , വെയിറ്റ് ബോക്സിലെ ചെറിയ വെയിറ്റുകളും, കോമ്പസ് നീഡിലും മാറി കിടന്നാൽ കാണില്ല . ഈ ഡെസ്കുകൾ എല്ലാം വൈറ്റ് പെയിൻറ് അടിച് കിട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാം ട്യൂബ് കത്തിക്കാതെ കറണ്ട് ലാഭിക്കുകയും  ചെയ്യാം. ലാബിന്റെ അപ്പീയറൻസും മാറും " ഞാൻ

ഒട്ടും വൈകിയില്ല പെയിന്റിംഗ് തൊഴിലാളികളെ വരുത്തി അദ്ദേഹം പ്രശ്നം പരിഹരിച്ചു. 

അങ്ങനെ എന്ത് പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തോട് പറഞ്ഞാൽ മതി ഒരു തടസ്സവും കൂടാതെ പരിഹരിച്ചു തരുമായിരുന്നു..
ത്രുടരും)

അന്ന് ഫിസിക്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ  വരുത്തിയിരുന്നത് ഇൻഡോറിൽ നിന്നും മറ്റും ആണ്. ഇങ്ങനെ വരുന്ന ചില ഉപകരണങ്ങൾ ചിലപ്പോൾ ലാബിലെ ആവശ്യത്തിന് പറ്റാതെ വരും. ചിലത് ഡിഫക്ടീവ് ആകും . അടയാളപ്പെടുത്തിയിരിക്കുന്ന സ്കെയിൽ പ്രീഡിഗ്രി ലാബിലെ ഉപയോഗത്തിന് യോജിക്കാത്തവയും. ഇത്തരം ഉപകരണങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റിയെടുക്കുക പ്രയാസം

ഇതിന് ഒരു പരിഹാരം തേടിയാണ് തൃശ്ശൂർ പൂങ്കുന്നത്തുള്ള സയൻറിഫിക് അപ്ലയൻസ് എന്ന സ്ഥാപനത്തിൻറെ മേൽവിലാസം  ലഭ്യമാക്കി അവിടെ പോയത്. ഒരു റിട്ടയേർഡ് ഫിസിക്സ് പ്രൊഫസറും അദ്ദേഹത്തിൻറെ മകനും കൂടി വീട്ടിൽ തന്നെ നടത്തുന്ന ഒരു സ്ഥാപനം. അവിടെ നിന്ന് നേരിട്ടു സാധനം  വാങ്ങാമെന്നായിരുന്നു അച്ചന്റെ തീരുമാനം. അതിനു കൂടെ കൂട്ടിയത് എന്നെയാണ്.

വിശേഷങ്ങൾ പങ്കുവെച്ചുള്ള തൃശൂർ യാത്ര. പൂങ്കുന്നത്തുള്ള സ്ഥാപനം കണ്ടെത്താൻ അല്പം പണിപ്പെട്ടു. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ കച്ചവടക്കാരന്റെ സ്ഥാനം അച്ചൻ ഏറ്റെടുത്തു. എന്തെല്ലാം ഉപകരണ വേണമെന്ന് എന്നോടായി അച്ചന്റെയും മാനേജരുടെയും ചോദ്യം.

ലാബിന്റെ റിക്വയർമെൻറ്സ് എനിക്ക് അറിയാമായിരുന്നതുകൊണ്ട് സാധനങ്ങൾ എടുക്കുന്നതിൽ പ്രയാസം നേരിട്ടില്ല. അതുകഴിഞ്ഞുള്ള റിട്ടേൺ യാത്രയായിരുന്നു രസകരം.
അത്യാവശ്യമുള്ള സാധനങ്ങൾ കൈ തൂക്കമായി തന്നെ എടുത്തു ബാക്കിയുള്ള സാധനങ്ങൾ പാഴ്സൽ ചെയ്യാനും പറഞ്ഞു

കുറച്ചു സാധനങ്ങൾ ഞാൻ എടുത്തുകൊള്ളാം എന്ന് അച്ഛൻ കൂടെക്കൂടെ പറഞ്ഞെങ്കിലും അത് ഞാൻ അനുവദിച്ചില്ല. സന്തത സഹചാരികളായ ബാഗും കുടയും കൂടെയുള്ളപ്പോൾ അച്ഛൻ എങ്ങനെയാണ് കൈയിൽ ലാബുസാധനങ്ങൾ അടങ്ങിയ പാർസൽ തൂക്കി എടുക്കുക ?

യാത്രയിൽ അച്ഛൻ ഭക്ഷണം കഴിച്ചില്ല. ഒരു നാരങ്ങ വെള്ളം പോലും വാങ്ങി കുടിക്കണമെന്നില്ലായിരുന്നു. പക്ഷേ എൻറെ അവസ്ഥ അങ്ങനെ അല്ലായിരുന്നതിനാൽ അച്ഛനെ നോക്കിയിരുത്തി ലഘു ഭക്ഷണത്തിൽ ഞാൻ കാര്യങ്ങൾ ഒതുക്കുകയായിരുന്നു.

 ട്രാൻസ്പോർട്ടിങ് ചാർജ് നഷ്ടപ്പെടുത്താതെ കോളേജിൽ ലാബ് സാധനങ്ങൾ എത്തിക്കുന്നതായിരുന്നു അച്ചന്റെ രീതി. അങ്ങനെ പലതവണ ഞങ്ങൾ പൂങ്കുന്നത്തു പോയി ലാബിലെ ആവശ്യത്തിനായി ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്.  എല്ലാതവണയും കൂടെ കൂട്ടിയിരുന്നത് എന്നെയാണ്, സീനിയറും ജൂനിയറുമായ മറ്റ് അധ്യാപകർ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നിട്ടു പോലും.

അച്‌ചൻറെ കൂടെ മധുരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയത് ഞാൻ ഓർക്കുന്നു. കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ഫ്രാൻസിസ് സെൽമ ക്യൂനിയുടെ വിവാഹമായിരുന്നു അത് , 1985-ൽ ആണെന്നു ഓർമ്മ.

കോളേജിൽ നിന്ന് അധ്യാപകരെ പ്രതിനിധീകരിച്ച് ഞാൻ മാത്രമേ മധുരയ്ക്ക് പോകാനുണ്ടായിരുന്നുള്ളു.  വിവാഹ കാർമ്മികൻ ആയതുകൊണ്ട് മാത്യു അച്ചൻ പ്രത്യേക ക്ഷണിതാവ് ആയിരുന്നു.

ഞാനും മാത്യു അച്ചനും എറണാകുളത്തു നിന്നും തമിഴ്നാട് സർക്കാരിൻറെ ലൈൻ ബസ്സിലാണ് മധുരയ്ക്ക് പോയത്. അച്ഛൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് യാത്രാക്ളേശം കാര്യമായി അനുഭവപ്പെട്ടില്ല.

മധുരയിൽ എട്ടുമണിക്ക് മുമ്പായി തന്നെ വധുവിന്റെ വീട്ടിൽ എത്തി. അവിടെ ചെന്നതിനുശേഷം അച്ഛൻ ആ വീട്ടിലെ ഒരു അംഗമായി മാറി. വിവാഹ സൽക്കാരങ്ങൾ കഴിഞ്ഞ് 2 മണിക്ക് ശേഷമാണ് അച്ചനെ വീണ്ടും കൂടെ കൂട്ടാൻ ആയത്. പിന്നെ തിരികെ എറണാകുളത്തേക്കുള്ള യാത്ര.  അങ്ങോട്ടുമിങ്ങോട്ടും ഉള്ള മുഴുവൻ യാത്രയിൽ ഒരിക്കൽ പോലും പതിവും പടി ഒരു നാരങ്ങാവെള്ളം പോലും അച്ചൻ കുടിച്ചില്ല. എനിക്കും കുടിക്കാനായില്ല. ഇന്നത്തെ പോലെ . കൂപ്പി വെള്ളം കൂടെ കരുതുന്ന  കാലമായിരുന്നില്ല അന്ന്.

ഈ ഒരു ഓർമ്മ ഉള്ളതു കൊണ്ടാവാം പിന്നീട് മധുര യാത്ര നടത്തിയപ്പോൾ എല്ലാം കുപ്പിവെള്ളം ഞാൻ കൂടെ കരുതിയിരുന്നു.

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. മാനേജർ ആകും മുമ്പ് അച്ചൻ കോളജിന്റെ അസിസ്റ്റന്റ് മാനേജരും സേക്രഡ് ഹാർട്ട് സെമിനാരിയുടെ റെക്ടറുംആയിരുന്നു. കോളേജിൻറെ വസ്തുവകകൾ സംരക്ഷിക്കപ്പെട്ടിരുന്നതും കോളേജിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നത് അച്ഛൻറെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരുന്നു. 

കോളേജിന്റെ  വടക്കുവശത്തുള്ള കോമ്പൗണ്ടും സീക്രട്ട് ഹാർട്ട് സെമിനാരി കോമ്പൗണ്ടും നിറയെ കശുമാവുകൾ ഉണ്ടായിരുന്നു. ഡിസംബർ- ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കശുമാവുകളിൽ നിറയെ മാങ്ങയും ഉണ്ടായിരുന്നു. ഇവയിൽനിന്ന് ലഭിക്കുന്ന കശുവണ്ടി   നഷ്ടപ്പെടാതെ നോക്കുക ശ്രമകരമായ ഒരു ജോലി ആയിരുന്നു.

അച്ഛൻ രണ്ടു ജോലിക്കാരെ ഇതിനായി നിയമിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൾ കൃത്യമായി കശുവണ്ടി ശേഖരിച്ച് ജോലിക്കാർ സെമിനാരിയിൽ ഏല്പിച്ചിരുന്നെങ്കിലും പിന്നീട് അവയുടെ എണ്ണം കുറയാൻ തുടങ്ങി.500 ഉം 600ഉം കശുവണ്ടികൾ കിട്ടിയിരുന്ന സ്ഥാനത്ത് ചിലപ്പോൾ അത് 50 ലേക്ക് ചുരുങ്ങി. ഇത് അച്ഛൻറെ ശ്രദ്ധയിൽപ്പെട്ടു. അച്ഛൻ ജോലിക്കാരോട് വിവരം അന്വേഷിച്ചു

അവർ പറഞ്ഞു:  "അച്ചോ, ഇപ്പോൾ മാങ്ങയുടെ എണ്ണം തീരെകുറവാണ്. പഴയതുപോലെ മാവ് പൂക്കുന്നില്ല. കുറെയെണ്ണം കാക്ക കൊത്തിക്കൊണ്ടുപോകും. അണ്ണാന്റെ ശല്യവും കൂടുതലാണ് ഇതിന് പരിഹാരം ഉണ്ടാക്കിയാൽ  കൂടുതൽഎണ്ണം കിട്ടും "

അച്ഛൻ പിന്നീട് ഒന്നും ചോദിക്കില്ല. പറഞ്ഞ കഥ അച്ഛൻ വിശ്വസിച്ചിട്ടില്ല എന്ന് ജോലിക്കാർക്കും കേട്ട കഥ ശരിയല്ലെന്നു അച്ഛനും അറിയാം.

ജോലിക്കാർ മദ്യപിക്കുന്നവരല്ല. വിശപ്പ് അകറ്റാൻ വേണ്ടി ചെറിയ കളവ് കാണിക്കുന്നത് വലിയ അപരാധമല്ല എന്ന് അച്ഛൻ കരുതിയിട്ടുണ്ടാവണം

തനിക്ക് നൽകിയ ആദരവിന് നന്ദി  അർപ്പിച്ചുകൊണ്ട്   അദ്ദേഹംപറഞ്ഞു: 

"നിങ്ങളിൽ പലരും ലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നവരാണ്. അത് മുഴുവൻ ചെലവഴിക്കാനും കഴിയും. ഒരു ചെറിയ തുക നമുക്ക് ചുറ്റുമുള്ള പാവങ്ങൾക്കായി,   അർഹതപ്പെട്ടവർക്കായി, മാറ്റി വെച്ചാൽ അതൊരു പുണ്യ പ്രവൃർത്തിയാകും. അങ്ങനെയാണ് നാം ചെയ്യേണ്ടത്. അതിൻറെ പേരിൽ നമ്മൾ ആരിൽ നിന്നും ഒരിക്കലും നന്ദി പ്രതീക്ഷിക്കയുമരുത്. അതിൻറെ ആവശ്യമില്ല "

ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട് ഒരു 100 രൂപ  മാത്യുഅച്ചനെ ഏൽപ്പിച്ചാൽ അത് അർഹതപ്പെട്ട കരങ്ങളിൽ എത്തിച്ചേരുമെന്ന്

82 പിന്നിട്ട അച്ഛൻ ഇപ്പോഴും കർമ്മനിരതനാണ്. ഭവന സന്ദർശനവും ആശുപത്രികളിലെത്തി രോഗികളെ ആശ്വസിപ്പിക്കുന്നതും അർഹതപ്പെട്ടവർക്ക് ആവുന്ന സഹായം എത്തിക്കുന്നതും ഇക്കാര്യങ്ങൾ ഒക്കെ കൃത്യമായി ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതും അച്ചന്റെ ദിനചര്യയിൽ പെട്ട കാര്യങ്ങൾ. ഇവയെല്ലാം  ആരോഗ്യത്തോടെ അഭുംഗരം തുടരട്ടെ എന്ന ആശംസകളോടെ

- കെ എ സോളമൻ