#കാലംഇഴപിരിഞ്ഞാൽ - കഥ
"രാവിലെ തന്നെ എത്തിച്ചേരണം " എന്നാണ് തോമസ് എന്നോട് പറഞ്ഞത്
തോമസ് എൻറെ സുഹൃത്താണ് .ചില ബ്രോക്കിംഗ് ബിസിനസ്സുമായി കഴിയുന്നു. മാര്യേജ് ബ്രോക്കിങ് മുതൽ വാഹന രജിസ്ട്രേഷൻ ബ്റോക്കിംഗ് വരെ ഉണ്ട് റിയൽ എസ്റ്റേറ്റും കൈകാര്യം ചെയ്യും.
തോമസ് കല്യാണം കഴിച്ചത് അല്പം വൈകി ആയതുകൊണ്ട് രണ്ടു കുട്ടികൾ ഉള്ളത് എങ്ങുമെത്തിയിട്ടില്ല. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. പെൺകുട്ടിയെ അതിൻറെ അമ്മയ്ക്കൊപ്പം വീട്ടിലിരുത്തിയതിനു ശേഷമാണ് തോമസ് തന്റെ എട്ടുവയസ്സുകാരൻ മകനുമായി ബ്രോക്കിംഗ് സ്ഥാപനത്തിൽ എത്തുക. സ്ഥാപനം എന്നൊന്നും പറയാനില്ല ഒരു കടമുറി ഉണ്ട് . അവിടെ ഇരുന്നും പിന്നെ സൈക്കിൾ യാത്ര ചെയ്തുമാണ് ബിസിനസ് നടത്തുന്നത്.
സൈക്കിളുകളും പൊതു വാഹനങ്ങളും ആണ് ജനത്തിന്റെ പ്രധാന യാത്രാസംവിധാനങ്ങൾ. ബൈക്കുകളും കാറുകളും നിരത്തിൽ അപൂർവമായിട്ടാണ് ഓടുന്നത്. ഒരുപക്ഷേ കാലം പുരോഗമിച്ചതു കൊണ്ടോ അല്ലെങ്കിൽ പിന്നോട്ടു നടന്നതു കൊണ്ട് ആവാംഇങ്ങനെ ഒരു അവസ്ഥ എന്ന് ഞാൻ സംശയിക്കുന്നു. പക്ഷെ സ്മാർട്ട് ഫോൺ പ്രചാരത്തിലുണ്ട് . കാലം ഇഴ പിരിഞ്ഞ കാര്യം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നു ?
ഞാൻ കൃത്യസമയത്ത് തന്നെ തോമസിന്റെ സ്ഥാപനത്തിൽ എത്തിച്ചേർന്നു, സൈക്കിളിൽ. ഹെർക്കുലീസ് സൈക്കിൾ, പുതിയതാണ്. എത്ര ദൂരം വേണമെങ്കിലും അതിൽ യാത്ര ചെയ്യുന്നത് എനിക്ക് ലഹരിയാണ്.
എന്നെ കാത്ത് തോമസിനൊപ്പം ഒരാൾ കൂടി അവിടെ ഇരിപ്പുണ്ടായിരുന്നു. തോമസ് പരിചയപ്പെടുത്തി
"ഇതാണ് ഞാൻ പറഞ്ഞ ക്യാപ്റ്റൻ രാജു തോമസ്. അദ്ദേഹം ആർമി എഡ്യൂക്കേഷൻ സേവനം കഴിഞ്ഞു വന്ന ആളാണ്. അദ്ദേഹത്തിന് ഒരു എൻട്രൻസ് കോച്ചിങ് സ്ഥാപനം തുടങ്ങണം. വിഷയം മാത്തമാറ്റിക്സ്, സാറിൻറെ സഹായം കിട്ടിയാൽ മറ്റു രണ്ടുപേരെ കൂടി കണ്ടുപിടിച്ചാൽ മതിയല്ലോ ?"
ഞാൻ പറഞ്ഞു "അതിനെന്താ ? എല്ലാ സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ് . പക്ഷേ ഇത്തരം പല സംരംഭങ്ങളും ആരംഭശൂരത്വത്തിൽ അവസാനിക്കുന്നതാണ് കണ്ടിട്ടുള്ളത്. . പ്രത്യേക ഡെഡിക്കേഷൻ -അർപ്പണബോധം വേണ്ടിവരും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ "
ക്യാപ്റ്റൻ എന്നോടു പൂരണമായും യോജിച്ചു ഒരു ചായ കുടിക്കാനായി ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.
മകൻ കൂടെ ഉള്ളതുകൊണ്ടാവാം തോമസ് ക്ഷണം ക്ഷമാപൂർവ്വം നിരസിച്ചു. അല്ലെങ്കിൽ തന്നെ ബ്രോക്കേഴ്സ് കൃത്യമായ ഇടപാടുകൾ ആണല്ലോ നടത്തുക. പറഞ്ഞുറപ്പിച്ച പണം കിട്ടുക എന്നതിൽ കവിഞ്ഞ് അവർക്ക് മറ്റ് ബന്ധങ്ങളിലൊന്നും വലിയ താല്പര്യമില്ല.
ക്യാപ്റ്റൻ പറഞ്ഞുകൊണ്ടിരുന്ന ആർമി വിശേഷങ്ങള്യം കേട്ടു ഞാൻ അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു.
" അതു സാർ , റിട്ടയർ ചെയ്തുകഴിഞ്ഞാൽ പലരും പല സംരംഭങ്ങളും ഏറ്റെടുക്കും. അപൂർവം ചിലത് വിജയിക്കും, എന്നാൽ കൂടുതലെണ്ണവും പൊളിഞ്ഞു പോവുകയാണ് പതിവ്. ഇതാകുമ്പോൾ കുറച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തു എന്ന ഒരു സംതൃപ്തി ഉണ്ടാകും. കൂടുതൽ ഫീസൊന്നും വാങ്ങാൻ ഞാനാഗ്രഹിക്കുന്നില്ല "
അമിത ഫീസ് ഇത്തരം കോച്ചിംഗ് ബിസിനസിന്റെ മുഖ്യ ആകർഷണം ആണെന്ന് പറയാനൊന്നും ഞാൻ മിനക്കെട്ടില്ല. വില കൂട്ടി വിറ്റാൽ മേന്മ കൂടും എന്ന വിശ്വസിക്കുന്ന ഒരു സമൂഹം ഇവിടുണ്ട് എന്നുള്ള കാര്യം അദ്ദേഹം അറിയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഇത്തരം സ്ഥാപനങ്ങൾ ആണല്ലോ എൽ കെ ജി അഡ്മിഷന് 10 ലക്ഷവും കൂടുതലും വാങ്ങുന്നത് ?
രാജു തോമസിനോട് യാത്ര പറഞ്ഞ് ഞാൻ തോമസിന്റെ കടയിലേക്ക് നടന്നു. കടയുടെ മുന്നിൽ എത്തിയപ്പോഴാണ് ആ യാഥാർത്ഥ്യം മനസ്സിലാക്കിയത് : എന്റെ പുതിയ ഹെർകുലീസ് സൈക്കിൾ കാണാനില്ല. തോമസിനോട് തിരക്കാമെന്ന് വിചാരിച്ചപ്പോൾ അദ്ദേഹവും മകനും കൂടി അങ്ങകലെയായി നടന്നു പോകുന്നതാണ് കണ്ടത്. ഒരു പക്ഷെ സൈക്കിൾ കടയിൽ എടുത്തു വെച്ച് പൂട്ടിക്കാണും
ഫോണിൽ വിളിച്ചു ചോദിക്കാം എന്നു വിചാരിച്ചപ്പോൾ എൻറെ ഫോണും കാണാനില്ല. ഫോണും കടയിൽ തന്നെ കാണുമായിരിക്കും? ഫോൺ, ഫിംഗർ പ്രിൻറ് ലോക്ക് ചെയ്തതിനാൽ ആരും അത് തൽക്കാലം ഉപയോഗിക്കാൻ പോകുന്നില്ല എന്നുള്ള ചിന്ത എനിക്ക് അല്‌പം ആശ്വാസം പകർന്നു .
ഞാനാ കിളവനെഓർത്തു, എന്റെ അയൽ വക്കത്തു താമസിക്കുന്ന കിളവൻ. ഞാൻ പുറത്തിറങ്ങുമ്പോൾ എന്നൊക്കെ ആ കിളവൻ മുണ്ടും മടക്കിക്കുത്തി പുറം തിരിഞ്ഞു നടന്നു പോകുന്നത് കണ്ടിട്ടുണ്ടോ അന്നൊക്കെ ഇത്തരം ശകുനപ്പിഴകൾ പതിവായിരുന്നു. പൂച്ച കുറുകെ ചാടുന്നത് കണി കാണുന്ന പോലുള്ള അനുഭവം..
പക്ഷെ, രസകരമായിട്ടുള്ള കാര്യംഅദ്ദേഹം എതിരെ വരുന്നതാണ് കാണുന്നതെങ്കിൽ പ്രശ്നമൊട്ടില്ലതാനും.
എന്തുചെയ്യണമെന്നറിയാതെ ഞാൻ തോമസിൻറെ കടയുടെ മുന്നിൽ അങ്ങനെ കുറെ നേരം നിന്നു .
No comments:
Post a Comment