#വരാൽപാടം
മറക്കാതെ ബാല്യം കഥ (നാലാം ഭാഗം)
കുഞ്ഞയ്യൻവാപ്പന്റെ സൂക്ഷിപ്പ് പരിധിയിൽ പെടാത്ത ഒരു നെൽപ്പാടത്തെ പരാമർശിച്ചു കൊണ്ടാണല്ലോ നമ്മൾ കഴിഞ്ഞ തവണ നിർത്തിയത്. ഒരേക്കറോളം വരുന്ന ഒറ്റപ്പെട്ടു കിടക്കുന്ന നെൽപ്പാടം . തൊട്ട് പടിഞ്ഞാറ് വശത്തുള്ള കരപ്പാടത്തേക്കാൾ ഇതിന് ആഴം കൂടുതലാണ് മഴക്കാലത്ത് കുട്ടികളുടെ കഴുത്തൊപ്പം. വെള്ളം ഉണ്ടായിരിക്കും
ഏതാണ്ട് ചെത്ത് കത്തിയുടെ ആകൃതിയിലാണ് ഈ പാടത്തിന്റെ കിടപ്പ്. ചെത്ത് കത്തിയുടെ ആകൃതി എന്ന് പറഞ്ഞാൽ ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് മനസ്സിലാകുമോ എന്ന് സംശയം. അവർ ടിവിയിലും ഓൺലൈനിൽ ക്ലാസിലും ചിലപ്പോൾ കണ്ടു കാണാം, ചൈനക്കാരൊക്കെ മത്സ്യം മുറിക്കാനും നൈസായി ഇറച്ചി പാളിയാക്കാനും ഒക്കെ വീതി കൂടിയ ഇത്തരം കത്തി ഉപയോഗിക്കുന്നത്. നല്ല മൂർച്ചയാണ് ചെത്ത് കത്തിക്ക് , ഏതാണ്ട് പാക്കുറിച്ചിലിന്‍റെ ആകൃതി. പാകുറിച്ചിൽ എന്ന് പറയുമ്പോൾ അതെപ്പറ്റി കൂടുതൽ കേൾക്കണം എന്ന് തോന്നും ചില കുട്ടികൾക്ക്. ചതുരവടിവ് ചെത്ത് കത്തിക്കാണ് കൂടുതൽ.
ചെത്ത് കത്തിയുടെ പിടി പോലെ പുറത്തേക്ക് ഒരു കഴുവ ഉണ്ട് ഈ പാടത്തിന് . അതിലൂടെ ചാലിൽ നിന്ന് വരാൽ, പരൽ, പള്ളത്തി പോലെയുള്ള മീനുകൾ ഈ പാടത്ത് കയറി താമസിക്കും. തെറ്റിദ്ധാരണ മൂലം മീനുകൾനടത്തുന്ന അപകടകരമായ കുടിയേറ്റം ആണിത് . ചാലിൽ വെള്ളം കുറയുമെന്നും പാടത്ത് കയറി കിടന്നാൽ ആഴമുള്ള വെള്ളത്തിൽ ദീർഘനാൾ കിടക്കാമെന്നും മീനുകൾ സ്വപ്നം കാണും , മീനുകൾക്ക് പറ്റുന്ന ഓരോരോ മണ്ടത്തരങ്ങൾ !
പക്ഷേ ഇതിന് സാമൂഹികമായ ഒരു വശം കൂടിയുണ്ട് മീനുകളെല്ലാം ഈ പാടത്ത് കയറി കിടക്കുന്നതു കൊണ്ട് ചില പാവങ്ങളുടെ വയറുകൾ ഏറെ നേരം കരിയാതിരിക്കും
കൊയ്ത്തു കഴിഞ്ഞാൽ പാഠം നോക്കി സംരക്ഷിക്കാൻ അതിൻറെ ഉടയോർ വരില്ല. കൊയ്ത്തു വരെയുള്ളു അവരുടെ ആകാംക്ഷ. കൊയ്ത്തിനു മുമ്പ് പാടത്തിറങ്ങിയാൽ കാണുന്നവരൊക്കെ പിള്ളാരെ വഴക്ക് പറയും. കുട്ടികൾ നെല്ല് ചവിട്ടി വെള്ളത്തിൽ താഴ്ത്തി കളയും എന്നുള്ള ഒരു തോന്നൽ. മനപ്പൂർവം ഒരിക്കൽപോലും നെല്ല് ചവിട്ടി താഴ്ത്തിയിട്ടില്ലെങ്കിലും എത്രയോ തവണ വഴക്ക് കേട്ടിരിക്കുന്നു.
പാടത്ത് ഇറങ്ങുന്നത് പ്രധാനമായും മീൻപിടുത്തം മൂന്നിൽ കണ്ടാണ് പള്ളത്തി പിടിക്കുന്നതിന് പാടത്തിറങ്ങേണ്ട, ചൂണ്ടയുമായി കരയിൽ ഇരുന്നു പിടിച്ചാൽ മതി. മണ്ണിരയാണ് പള്ളത്തിയുടെ ഇഷ്ടഭക്ഷണം. മണ്ണിര ഭക്ഷണത്തിന്റെ പ്രലോഭനത്തിൽ കുടുങ്ങി എത്രയോ ചെറുമീനുകൾ ജീവത്യാഗം. നടത്തിയിരിക്കുന്നു !
പക്ഷേ പാടം നിറയെ ഉള്ള വരാലിനെ പിടിക്കാൻ കരയിൽ ഇരുന്നുള്ള അനായാസ ചൂണ്ടയിടൽ പര്യാപ്തമല്ല. അതിൻറെ സാങ്കേതികവിദ്യ വേറെയാണ്. വരാൽ വലിയ മീൻ ആയതുകൊണ്ട് പള്ളത്തിയുടെ ചൂണ്ട പറ്റില്ല, വലിയ ചുണ്ട കടക്കരപ്പള്ളി ചന്തയിൽ പോയി വാങ്ങേണ്ടിവരും.
കടക്കരപ്പള്ളി ചന്തയിൽ ചൂണ്ട വില്ക്കുന്നത് പ്രധാനമായും രണ്ട് കടയിലാണ്, ഒന്ന് പെട്ടിക്കാരൻപാപ്പു വല്യപ്പന്റെ കട, തൊട്ടടുത്ത് ലൂക്കുമാൻ ചേട്ടൻറെ കട. കടക്കാർക്ക് ലൂക്ക്മാൻ എന്നൊക്കെ പേരുണ്ടോ എന്നത് അന്ന് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു..
പെട്ടിക്കാരൻ വല്യപ്പന്റെ കടയിൽ എപ്പോഴും നല്ല തിരക്കാണ്. അതുകൊണ്ടുതന്നെ കൂടുതൽ സാധനങ്ങളും അവിടെയാണ് ഉള്ളത് , ചൂണ്ടയും പുതിയത് ആയിരിക്കും. ബാക്കി കടക്കാരുടെ പണപ്പെട്ടിയിൽ നിന്ന് വ്യത്യസ്തമായ പല അറകളുള്ള വലിയ പെട്ടി, വിവിധതരം നോട്ടുകൾ അടുക്കിവയ്ക്കാനാവും , സ്വന്തമായിട്ടുണ്ടായിരുന്നതു കൊണ്ടാവണം അദ്ദേഹത്തെ പെട്ടിക്കാരൻ പാപ്പു എന്ന് വിളിച്ചിരുന്നത്. അന്നത്തെ 5 രൂപ നോട്ടിന് തച്ചുപായുടെ വലുപ്പം ഉണ്ടായിരുന്നു
തറയിൽ ഇരുന്നാണ് പെട്ടിക്കാരൻ വല്യപ്പൻ കച്ചവടം നടത്തിയിരുന്നത്. പണപ്പെട്ടി കൃത്യമായി സൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് വലതു കാലിൻറെ കീഴിൽ പെട്ടിയുടെ ഒരറ്റം കൊള്ളിച്ചാണ് എപ്പോഴുംഇരുപ്പ്. വിൽക്കാനുള്ള മിക്കവാറും സാധനങ്ങൾ ഇരിക്കുന്നിടത്തുനിന്ന് എഴുന്നേൽക്കാതെ തന്നെ കൈ നീട്ടി എടുത്തു കൊടുക്കാവുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങൾ . ചൂണ്ടകൾ വെച്ചിരുന്നതും അങ്ങനെ തന്നെ. വിലപ്പെട്ട സാധനം എന്ന് തോന്നിക്കുമാറ് വർണ്ണ കടലാസിലാണ് പലതരം വലിപ്പമുള്ള ചൂണ്ടകൾ സൂക്ഷിച്ചിരുന്നത്. പെട്ടിക്കാരനിൽ നിന്നാണ് കൂടുതൽ പേരും ചൂണ്ട വാങ്ങിയിരുന്നത്. ഞാനും പെട്ടിക്കാരനിൽ നിന്നു തന്നെയാണ് ചൂണ്ട വാങ്ങിയത്.
ചിലപ്പോൾ സങ്കടം തോന്നി ലൂക്കുമാൻ ചേട്ടൻറെ കടയിൽ നിന്നും ചൂണ്ട വാങ്ങുമായിരുന്നു. അദ്ദേഹവും കടയും തുറന്നു വെച്ച് സാധനങ്ങൾ വിൽക്കാൻ ഇരിക്കുകയല്ലേ?സങ്കടങ്ങൾ ഉണ്ടാകാൻ ഓരോരോ കാരണം. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. ലൂക്കുമാൻ ചേട്ടൻറെ ചൂണ്ടകൾ തുരുമ്പ് എടുത്തതും ക്വാളിറ്റി കുറവുള്ളതും ആയിരുന്നു. എന്നാൽ പെട്ടിക്കാരൻ വല്യപ്പന്റെ ചൂണ്ടകൾ പുതിയവയും ഗുണമേന്മ ഉള്ളവയും ആയിരുന്നു.
പെട്ടിക്കാരന്റെ രൂപം ഞാൻ ഇപ്പോഴും ഓർക്കുന്നു. നമ്മുടെ പഴയ സിനിമാനടൻ എസ് പി പിള്ളയുടെ അതേ രൂപം. ഉദയായുടെ ഭാര്യ എന്ന സത്യൻ - രാഗിണി സിനിമയിൽ " എൻറെ മകൾ യുപി ഗ്രേസി "എന്ന് പറഞ്ഞ് നടക്കുന്ന ഒരു കഥാപാത്രം ഇല്ലേ ? അദ്ദേഹത്തിൻറെ ലക്ഷണം ആയിരുന്നു പെട്ടിക്കാരന് .
പെട്ടിക്കാരൻറെ മരണശേഷം അദ്ദേഹത്തിൻറെ മകൻ അതേ ഇരിപ്പിടത്തിൽ ഇരുന്ന് പുതിയ പെട്ടിക്കടക്കാരനായി ദീർഘനാൾ കച്ചവടം ചെയ്തു. അപ്പോഴും ലൂക്കുമാൻ ചേട്ടൻറെ കട ഗതി പിടിക്കാതെ കിടക്കുകയായിരുന്നു.
ചൂണ്ട വാങ്ങികഴിഞ്ഞാൽ പിന്നെ ചെത്തുകത്തി പാടത്ത് നിന്ന് വരാൽ പിടിക്കുക എന്നുള്ള യജ്ഞമാണ്. സാങ്കേതികവിദ്യ അത്ര ഗഹനമായിട്ടുള്ളതല്ല, ചൂണ്ട കരുതണം , തങ്കീസും വേണം വാഴക്കൈ കണ്ടെത്തണം.
വാഴക്കൈ കണ്ടെത്താൻ വലിയ പ്രയാസമില്ല. എല്ലാവരും കൃഷിക്കാരായതുകൊണ്ട് എല്ലാവരുടെ വീട്ടിലും വാഴ കാണും. വിളവെടുപ്പ് കഴിഞ്ഞ വാഴകൾ വെട്ടിക്കൂട്ടി തെങ്ങിൻ ചുവട്ടിൽ ഇട്ടിരിക്കുന്നത് പതിവു കാഴ്ചയാണ്. അവിടെനിന്ന് വാഴക്കൈ പെറുക്കി എടുക്കും, അതിന് ആരോടും ചോദിക്കേണ്ട കാര്യമില്ല, അതായിരുന്നു അന്നത്തെ രീതി.
ഇങ്ങനെ പെറുക്കി കൊണ്ടുവരുന്ന വാഴക്കയ്കൾ അര അടി നീളത്തിൽ മുറിക്കും. വാഴക്കൈ കഷ്ണത്തിനു നടുവിൽ ഒരു ചെറിയ വിടവ് ഉണ്ടാക്കും. അതിൽ ഏകദേശം ഒരു മീറ്റർ നീളത്തിൽ തങ്കീസ് ചുറ്റി മറ്റേ അറ്റത്ത് ചൂണ്ട കെട്ടും. ഇതാണ് വരാലിനെ പിടിക്കാനായി വരാൽപാടത്ത് നിരത്തുന്നത്. ഒരു മീറ്റർ നീളത്തിൽ തങ്കീസ് കെട്ടുന്നതിന്റെ ഉദ്ദേശ്യം വരാല് ചൂണ്ടയിൽ കുടുങ്ങിയാലും അവിടൊക്കെ ഒന്ന് കറങ്ങി നടക്കട്ടെ എന്നുള്ള ഒരു സൗജന്യമായിരുന്നു അത്. ഒരു പള്ളത്തി കൂടി കൊളുത്തി വെക്കണം ചൂണ്ടയിൽ, വരാലിനെ കബളിപ്പിക്കാൻ .
പള്ളത്തി മീന് കിട്ടാൻ പ്രയാസം ഇല്ല , ഒന്നുകിൽ സ്വയം പിടിച്ചെടുക്കാം അല്ലെങ്കിൽ മറ്റുള്ളവർ പിടിച്ചത് വാങ്ങാം. അതിന് കാശൊന്നും കൊടുക്കണ്ട, പരസ്പര സഹായം. ആവശ്യം വരുമ്പോൾ അങ്ങോട്ടും സഹായിക്കണം എന്ന് മാത്രം
പറയാതെ വയ്യ, ഈ ചൂണ്ടകൃഷിയിൽ ഞാൻ ഒരു പരാജയമായിരുന്നു.
ഞങ്ങൾ പലരുണ്ടായിരുന്നു പാടത്തിറങ്ങി വരാല് പിടിക്കാൻ . കുഞ്ഞുമണി, മൈക്കൾ , റപ്പേൽ തുടങ്ങിയവർ. എന്നെക്കാൾ അഞ്ചു വയസ്സ് എങ്കിലും കൂടുതൽ ഉള്ള ആളാണ് റപ്പേൽ. പുള്ളിയാണ് ഈ മത്സ്യബന്ധനസംഘത്തിലെ എക്സ്പെർട്ട് . എല്ലാവരും കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങിയാണ് ചൂണ്ടകൾ നിരത്തുന്നത്
ഞങ്ങൾ നാലഞ്ചു ലൈൻ ആയിട്ട് പാടത്തിന് കുറുകെ ചൂണ്ടകൾ നിരത്തും. റപ്പേൽ 25 ചൂണ്ടകൾ നിരത്തുമ്പോൾ എനിക്ക് പത്തിൽ താഴെചൂണ്ടകൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ചൂണ്ടകൾ രാവിലെ നിരത്തിയിട്ട് വൈകുന്നേരം വന്നു നോക്കാം, അല്ലെങ്കിൽ വൈകുന്നേരം സ്ഥാപിച്ചിട്ട് പിറ്റേദിവസം രാവിലെ വന്നു നോക്കാം.
അതിരാവിലെ തണുത്ത വെള്ളത്തിൽ ഇറങ്ങുന്നത് ആലോചിക്കാൻ വയ്യ
പാടത്തുനിന്ന് ചൂണ്ടകൾ തിരികെ എടുക്കുമ്പോൾ റപ്പേലിന്റെ ചൂണ്ടകളിൽ ഭൂരിപക്ഷംഎണ്ണത്തിലും വരാലുകൾ കൊളുത്തിയിട്ടുണ്ടാകും. എനിക്ക് ഒരെണ്ണം കിട്ടിയെങ്കിൽ ആയി. എന്നാൽ തീർച്ചയായും ഒരെണ്ണത്തിൽ ഒരു നീർക്കോലി കൊളുത്തി കിടപ്പുണ്ടാകും
നീർക്കോലി കൊളുത്തിയാൽ ചൂണ്ട ഉപേക്ഷിക്കുകയാണ് പതിവ്. കോലിയുടെ വയറ്റിൽ നിന്ന് ചൂണ്ട വേർപ്പെടുത്തി എടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.
റപ്പേലിന് എങ്ങനെയാണ് ഇത്രയും വരാലുകൾ കിട്ടുയിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ വെളുപ്പിന് ഇയാൾ വന്ന് ചൂണ്ടകൾ മാറ്റിയെടുക്കുന്നുണ്ടോ ? ഏയ്, അങ്ങനെ ചെയ്യാൻ ഇടയില്ല. റപ്പേലിനെ കണ്ടാൽ അങ്ങനെ സംശയിക്കാനെ എനിക്കന്നു കഴിയുമായിരുന്നില്ല. അയാൾ ഒരു പരോപകാരി ആയിരുന്നു. ഒരുപക്ഷേ ദാരിദ്ര്യം കൊണ്ട് കൂടുതൽ വലയുന്ന റപ്പേലിനും വീട്ടുകാർക്കും ആയിരിക്കും നമ്മളെക്കാൾ കൂടുതൽ ഇതിന്റെ ആവശ്യം എന്ന് എനിക്ക് അന്ന് തോന്നിയിരിക്കാൻ ഇടയില്ല. അതി ദരിദ്രമായിരുന്നു റപ്പേലിന്റെ കുടുംബം .
അമ്മ കുഞ്ഞേലിയും സഹോദരി മേരിയും ഞങ്ങളുടെ വീടിൻറെ വടക്ക് ഭാഗത്തുള്ള മുതുകുന്നം പുരയിടത്തിൽ വന്ന് ഓല മെടയുമായിരുന്നു. എൻറെ അമ്മയും അവരുടെ കൂടെ കൂടും. സ്ഥലത്തെ ജന്മിയായ വേലിയകന്റെ ഓലയാണ് മെടഞ്ഞു കൊടുത്തിരുന്നത്. വേലിയകന് വേലികെട്ടാനും വിൽക്കാനും ധാരാളം ഓലമടൽ ഉണ്ട് . പത്തമ്പത് മടൽ ഓല മെടഞ്ഞു കൊടുത്താൽ കിട്ടുന്ന കാശുകൊണ്ട് ദിവസചെലവ് നടന്നുപോകും.
വരാൽപാടത്തെ മീൻപിടുത്തം സീസണൽ ആണ്. സീസൺ കഴിഞ്ഞാൽ മറ്റ് പണി എന്തെങ്കിലും നോക്കണം വരുമാനത്തിന്. വരാൽ പാടംവിട്ടു പടിഞ്ഞാറോട്ട് ഇറങ്ങിയാൽ വലിയ കരപ്പാടം. അതിലൂടെയാണ് മുൻപുപറഞ്ഞ കമ്പി മോഷ്ടാവിന്റെ പതിനെന്നു കെ വി ലൈൻ കടന്നു പോകുന്നത്.
മഴക്കാലത്ത് കരപ്പാടത്ത് ആമ്പൽചെടി നിറയും. എത്രമാത്രം ആമ്പ ചെടിയാണ് അവിടെനിന്ന് ആടിൻറെ തീറ്റയ്ക്കായി പറിച്ചെടുത്തിട്ടുള്ളത്. വേനൽകാലത്ത് ഈ പാടത്ത് കൊണ്ടൽ കൃഷിയാണ് പ്രധാനമായും. അവിടെ കൊണ്ടൽ കൃഷി നടത്തിയിട്ടുള്ളവരിൽ പ്രമുഖൻ പുളിത്തറ ഈശുകുട്ടിയാണ് , ഹൃദയത്തിൽ നന്മകാത്തവൻ. അക്കഥ കേൾക്കണോ ? (തിരക്കില്ലന്നോ , എങ്കിൽ ശരി ....)
No comments:
Post a Comment