#ഡെസ്ഡിമോണ
അംഗലകവിതാ സ്വപ്നറാണിയാം ആയുവസുന്ദരി ഡെസ്ഡിമോണയോ ?
1971-ൽ ഇറങ്ങിയ ലങ്കാദഹനം എന്ന സിനിമയിലെ "പഞ്ചവടിയിലെ മായാസീതയോ" എന്ന ശ്രീകുമാരൻ തമ്പി രചിച്ച് ജയചന്ദ്രൻ പാടിയ ഗാനത്തിലാണ് ഈ വരികളുള്ളത്.
പ്രേംനസീറും വിജയശ്രീയും ചേർന്ന് അഭിനയിച്ച രംഗങ്ങളിൽ വിജയശ്രീ, ഡെസ്‌ഡി മോണയുടെ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. ലോകം കണ്ടിട്ടുള്ള അതിസുന്ദരിമാരിൽ ഒരാളാണ് ഡെസ്ഡിമോണയെന്ന് ആ ഗാനം ആദ്യമായി കേട്ട നാൾ മുതൽ തോന്നിയിരുന്നു. എഴുപതുകളിൽ മലയാള സിനിമ പ്രേക്ഷകരായ യുവാക്കളുടെ ഹാർട്ട് ത്രോബ് ആയിരുന്നു വിജയശ്രീ
വിശ്വ മഹാകവി ഷെയ്ക്സ്പിയറുടെ മാനസപുത്രിമാരിൽ സൗന്ദര്യവും സ്വഭാവ മഹിമയും കൊണ്ട് മുന്നിലാണ് ഡെസ്ഡിമോണ . അവൾക്ക് കാമുകനും പിന്നീടു ഭർത്താവുമായി മാറിയ ഒഥല്ലോയോടു നിസ്സീമ സ്നേഹമായിരുന്നു. കുലീനയും സമ്പന്നയുമായ ഡെസ്ഡിമോണയുടെ കരംഗ്രഹിക്കാൻ സുന്ദരന്മാരും സമ്പന്നന്മാരുമായ കമിതാക്കൾ നിരവധി പേരുണ്ടായിന്നു. എങ്കിലും അവളുടെ മനോഗതി വേറൊരു വഴിക്കായിരുന്നു.
പുരുഷന്മാരുടെ നിറത്തെക്കാൾ, ബാഹ്യപ്രകൃതിയേക്കാൾ ആരോഗ്യത്തിനും പെരുമാററ - ഗുണത്തിനുമാണ് മുൻതൂക്കം എന്ന് ഡെസ്ഡിമോണ കരുതി.
ഒഥല്ലോയുടെ വീരസാഹസിക കഥകൾ സ്ത്രീസഹജമായ കൗതുകത്തോടെ അവൾ കേട്ടിരുന്നു. ഒടുക്കം. ഒഥല്ലോയുമായി രഹസ്യ വിവാഹം നടത്തുകയും വിവാദമായപ്പോൾ അവൾ ഒഥല്ലയോടൊപ്പം ചേർന്നു നിന്നു. സ്വന്തംപിതാവിനോടുള്ള കടപ്പാട് അംഗീകരിച്ചുകൊണ്ടുതന്നെ ഭർത്താവിനോടു അവൾ ഹൃദയബന്ധം സ്ഥാപിച്ചു. സംഘർഷഭരിതമായിരുന്നു അക്കാലത്ത് അവളുടെ ജീവിതം .
പക്ഷേ കൂടുതൽ സംഘർഷഭരിതം ആകുന്നത് ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവ് തന്നെ സംശയിക്കുമ്പോഴാണ് . അതിനു കാരണമായി ഒരു തൂവാല കൈമാറ്റവും അതിൻറെ നഷ്ടപ്പെടലുമുണ്ട്. സംശയത്തിന്റെ കരാള ഹസ്തത്തിൽ അകപ്പെട്ട
ഭർത്താവിൽ നിന്ന് സ്നേഹം നഷ്ടപ്പെടുമോ എന്ന് അവൾ ഭയപ്പെട്ടു
അവളുടെ ഭയം അസ്ഥാനത്തായില്ല. കോപാക്രാന്തനായ ഒഥല്ലോ അവളെ കഴുത്ത് ഞെരിച്ച കൊല്ലുകയായിരുന്നു
ഭർത്താവിനോടുള് സ്നേഹത്തിൽ അധിഷ്ഠിതമായ നിഷ്കളങ്കത ചിറകറ്റു വീഴുന്ന കാഴ്ചയാണ് നാടകാന്ത്യത്തിൽ നാം കാണുന്നത്.
ഡെസ്ഡിമോണയുടെ കഥാപാത്രസൃഷ്ടിയിൽ ഷെയ്ക്സ്പിയർ പ്രദർശിപ്പിച്ച അതുല്യ സർഗവൈഭവമാണ്. അവളെ വിശ്വസുന്ദരിയാക്കിയത്
മാർഗരറ്റ് ഹഗ്സ്, സാറാ സിദോൺ, അന്ന മോവറ്റ്, ഹെലൻ ഫൗസിററ്, എലൻ ടെറി , പെഗ്ഗി ആഷ് കോഫ്റ്റ്, ഉതാ ഹേഗൻ, എലിസബത് സ്‌ലേഡൻ, മാഗി സ്മിത്ത്, വിജയശ്രീ , കറീന കപൂർ, ജന്നി അഗുറ്റർ, ജൂലിയ സ്‌റ്റെൽസ് തുടങ്ങി മഞ്ജു വാര്യർ വരെ ഡെസ്ഡിമോണയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.
ഡെസ്ഡിമോണ എന്ന വിശ്വസുന്ദരിയുടെ പരകായ പ്രവേശത്തിന് എത്രയോ സുന്ദരിമാരെ കാലം ഇനിയും കാത്തു വെച്ചിട്ടുണ്ടാകും.
No comments:
Post a Comment