Monday, 10 April 2023

കുഞ്ഞയ്യൻ വാപ്പൻ (കഥ)

#കുഞ്ഞയ്യൻ #വാപ്പൻ
മറക്കാതെ ബാല്യം - കഥ (മൂന്നാം ഭാഗം )

അപ്പോൾ പറഞ്ഞവസാനിപ്പത്. കുഞ്ഞച്ചൻ വാപ്പനെ കുറിച്ച്. അദ്ദേഹം ഒരുസംഭവം തന്നെ ആയിരുന്നു , പരിണിതപ്രജ്ഞനായ  ചെത്തുകാരൻ . ഇന്നാണെങ്കിൽ എമിരറ്റസ് ടോഡി ടെക്നീഷ്യൻ എന്നു വിളിക്കാമായിരുന്ന ആൾ.

തന്റെ ആയകാലത്ത് തന്നെ ചെത്ത് തൊഴിലിൽ നിന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് പോകുന്നതുപോലെ ചെത്തുകാരന് റിട്ടയർമെൻറ് ഉണ്ടോ എന്ന് ചിലർ സംശയിക്കാം. അങ്ങനെ കമ്പൽസറി റിട്ടയർമെൻറ് ഒന്നുമില്ല പണിമതിയാക്കാം എന്ന് തോന്നുമ്പോൾ നിർത്താം.  കുറച്ച് ആനുകൂല്യം കള്ള് ഊറ്റിയ ഷാപ്പ് വഴി കിട്ടുകയും ചെയ്യും. ചെത്ത് തൊഴിലാളി യൂണിയൻ അന്ന് വളരെ സജീവമാണ്. ജില്ലാകളക്ടറുടെ ശമ്പളത്തിന് തുല്യമാണ് ചെത്ത് തൊഴിലാളിയുടെ ശമ്പളം എന്നാണ് അന്ന് പറഞ്ഞു കേട്ടിട്ടുള്ളത്.

കുഞ്ഞയ്യൻ വാപ്പൻ വെറുതെ അങ്ങ് ചെത്ത് നിർത്തുകയായിരുനില്ല.
പുറകെ വരുന്ന ആളിന് ബാറ്റൺകൈമാറുന്നത് പോലെ ചെത്തുകത്തിയും കൂടും കുടുക്കയും മകൻ തങ്കന് കൈമാറിയാണ് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചത്. തങ്കൻ അച്ഛനേക്കാൾ മിടുക്കൻ, വെളുത്ത സുന്ദരൻ, പലരുടെയും ആരാധനപാത്രം 

മകന് ജോലി കൈമാറാൻ വേണ്ടി മാത്രമല്ല കുഞ്ഞയ്യൻ വാപ്പൻ ജോലി മതിയാക്കിയത്.  പുതിയ ഒരു സംരംഭം തുടങ്ങാൻ കൂടിയാണ് ടാപ്പിംഗ് മതിയാക്കിയത്. ഇന്നാണെങ്കിൽ അതിനെ സ്റ്റാർട്ടപ്പ് എന്ന് വിളിക്കും.

പ്രധാന പള്ളികൾക്കെല്ലാം കുരിശുപള്ളികൾ ഉള്ളതുപോലെ പ്രധാന ഷാപ്പുകൾക്കെല്ലാം അന്ന് ഉപ ഷാപ്പുകൾ ഉണ്ടായിരുന്നു. ഷാപ്പുകളിൽ കള്ളും കറിയും കിട്ടും. വിൽക്കുന്ന കള്ളിന് ഒരു കണക്ക് മെയിൻ ഷാപ്പിൽ കൊടുക്കണം എന്ന് മാത്രം. അതും അത്ര കൃത്യമായിക്കൊള്ളണമെന്നില്ല -

തെങ്ങുചെത്തി കിട്ടിയ കള്ള് മെയിൻ ഷാപ്പിൽ എത്തിച്ചാൽ അവിടെ അളക്കുന്ന കള്ളിനെ കാശു കിട്ടു . ഉപ ഷാപ്പിൽ ആണെങ്കിൽ കള്ളിനും സ്വന്തമായി ഉണ്ടാക്കി വിൽക്കുന്ന കറിക്കും കാശും കിട്ടും, ലാഭകരമായ ബിസിനസ് . കാരി , കരിയണ്ണി , കരിമീൻ , വരാല് , കക്കാറച്ചി ഇതൊക്കെ ആയിരുന്നു ഷാപ്പിലെ കറി വിഭവങ്ങൾ . അത്യാവശ്യഘട്ടങ്ങളിൽ മണങ്ങും നങ്കും ചൂടനും റെഡി.. തിലോപ്പിയ, കടൽഞണ്ട്, കൂന്തൽ പോലെയുള്ളവയൊന്നും ഷാപ്പിൽ കയറ്റില്ല.  ആവശ്യക്കാർ ഇല്ലാതിരുന്നതാണ് കാരണം. അന്ന് കടപ്പുറത്ത് കമ്പാലയിൽ കിട്ടുന്ന ഞണ്ടുകളെല്ലാം പെറുക്കി കടലിലേക്ക് തന്നെ എറിഞ്ഞു കളയുന്ന രീതിയായിരുന്നു.

 ഉപഷാപ്പിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ നല്ല കള്ളു കിട്ടും, നല്ല കറി കിട്ടും, ചിലപ്പോൾ കടവും കിട്ടും, യാതൊരുവിധ മായവും ഇല്ല .

അങ്ങനെയാണ് ചാലുമാട്ടയിൽ ഒരു കുടിലുകെട്ടി ഷാപ്പ് വ്യവസായം വാപ്പൻ  തുടങ്ങിയത്. മകൻ തങ്കനും വേറെ ഒന്ന് രണ്ട് പേരും ആവശ്യത്തിന് കള്ള് ചെത്തി ഷാപ്പിലെത്തിക്കും. കടക്കരപ്പള്ളി ചന്തയിലാണ് മെയിൻ ഷാപ്പ് എങ്കിലും അവിടുന്ന് വരെ ആൾക്കാര്  കുഞ്ഞയ്യൻ വാപ്പന്റെ ഷാപ്പിൽ കുടിക്കാൻ എത്തുമായിരുന്നു.
ഗൂഗിൾ മാപ്പ് ഒന്നും നിലവിൽ ഇല്ലാതിരുന്ന കാലമാതിനാൽ കുഞ്ഞയ്യൻ വാപ്പന്റെ ഉപഷാപ്പു കണ്ടുപിടിക്കാനാവാതെ തോടുനീന്തി  കടന്നുപോയവരും ഉണ്ട് .

കുഞ്ഞയൻ വാപ്പന്റെ ഷാപ്പിൽ നിന്ന് എനിക്ക് കള്ള് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യം എൻറെ ഓർമ്മയിൽ കൃത്യമായി തെളിയുന്നില്ല എങ്കിലും ഷാപ്പിനുള്ളിലെ ബെഞ്ചിൽ ഇരിക്കാൻ അനുവദിച്ച്  എന്നെക്കൊണ്ട് പഞ്ചാംഗം വായിപ്പിച്ച കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു. പഞ്ചാംഗം എന്ന പേരിൽ ഒരു പുസ്തകം ഉണ്ട് എന്ന് ഞാൻ അറിയുന്നതുപോലും അപ്പോഴാണ്

ഷാപ്പിനു മുന്നിലേ കിഴക്കേചാലിൽ ആണല്ലോ ഞാൻ പതിവായി കുളിക്കാനെത്തുന്നത്. എന്നോട് വാപ്പന് കാര്യമായിരുന്നെങ്കിലും എപ്പോഴോ ഒരു പിണക്കം സംഭവിച്ചു. കള്ളുകുടിച്ചിട്ട് കാശ് കൊടുക്കാത്തതു കൊണ്ടായിരുന്നില്ല ആ പിണക്കം.

ഉപഷാപ്പ് നടത്തുക എന്ന ഏക ഉദ്ദേശ്യം മാത്രമായിരുന്നില്ല വാപ്പന്റെ  ഏകാന്ത വാസത്തിന് പിന്നിൽ. ഷാപ്പ് നിൽക്കുന്നത് വലിയ ഒരു പുരയിടത്തിന്റെ മൂലയ്ക്കാണ്. പുരയിടത്തിൽ ജന്മി ഏതോ കർത്താക്കന്മാരോ ചേർത്തലയിലുള്ള പ്രഭുക്കന്മാരോ ആണ് . ലക്ഷ്മണ പ്രഭു, വാമന പ്രഭു, ശിവദാസനുണ്ണി, ഉണ്ണിത്തമ്പുരാൻ തുടങ്ങിയ പ്രഭുക്കന്മാരൊക്കെ ചേർത്തല ഭാഗത്ത് ഉണ്ട് . വലിയ വലിയ കാര്യങ്ങൾ നോക്കാൻ ഉള്ളതുകൊണ്ടാകണം വാപ്പൻ താമസിക്കുന്ന പുരയിടത്തിന്റെ ഉടമ അങ്ങോട്ട് തിരിഞ്ഞു നോക്കാറെ ഇല്ല . തെങ്ങുകേറ്റ സമയമാകുമ്പോൾ ജന്മിയുടെ കാര്യസ്ഥൻ വന്നാണ് ആ ജോലി നടത്തിക്കൊണ്ടു പോവുക. പുരയിട സൂക്ഷിപ്പും കേരസംരക്ഷണവും വാപ്പന്റെ പൂർണ്ണചുമുതലയിൽ  വിട്ട് കൊടുത്തിരിക്കുകയായിരുന്നു ജന്മി . വാപ്പൻ ഇത് കൃത്യമായി ചെയ്യുന്നുമുണ്ടായിരുന്നു.. ചാലിന്റെ മാട്ടയും പറമ്പിന്റെ വശങ്ങളും പാടത്തോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളും എല്ലാം തൂമ്പാപണിക്കാരെ നിർത്തി ജോലി ചെയ്യിപ്പിച്ച് നന്നായി സൂക്ഷിച്ചിരുന്നു വാപ്പൻ. ഷാപ്പിൽ വന്നുകള്ളു കുടിച്ചതിനുശേഷം പെട്ടെന്ന് തിരികെ പോകാതെ കുറച്ചുനേരംപറമ്പിൽ ചുറ്റിക്കറങ്ങാം , ഇരുന്ന് വിശ്രമിക്കാം എന്ന് ആരെങ്കിലും കരുതിയാൽ അത് നടക്കില്ല , വാപ്പൻ അതിനു സമ്മതിക്കില്ല. തന്ത്രപരമായ രീതിയിൽ ആയിരുന്നു വാപ്പൻ ഇത് പ്രാവർത്തികമാക്കിയിരുന്നത്.

ചെത്തു തൊഴിലിൽ നിന്ന് രാജിവെക്കുന്ന സമയത്ത് മകൻ തങ്കന് കൂടും കുടുക്കയും ഒക്കെ കൈമാറിയപ്പോൾ ഒരു സ്പെയർ കൂടും കത്തിയും വാപ്പൻ സ്വന്തമായി കരുതി വെച്ചു. കുടിയന്മാർ കുടിച്ച് ആഹ്ലാദിക്കുമ്പോൾ വാപ്പൻ തന്റെ ചെത്തുകത്തിയെടുത്ത് പുറത്തേക്ക് ഇറങ്ങും. തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാരയെടുത്ത് അതിൻറെ വശത്ത് കത്തി കുടിയന്മാർ കാണ്കെ ഉരസും. എന്നിട്ട് മൂർച്ച കൂട്ടി തിരികെ കൊണ്ടുവന്ന് വീണ്ടും കൂട്ടിൽ ഇട്ട് വെക്കും. ഇത് കാണുന്ന പലകൂടിയന്മാരും അന്നേരം തന്നെ അർഝപ്രാണരാകും, ഷാപ്പിലെ ബഹളവും നിലയ്ക്കും. 

വാപ്പന്റെ കത്തി പ്രയോഗം പല കുറി കണ്ടിട്ടുള്ള എനിക്കും വല്ലാത്ത  പേടി പലപ്പോഴും തോന്നിയിരുന്നു. വാപ്പൻ ചിരിക്കുന്നത് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുമില്ല.

പാടവരമ്പത്തും ചിറയിലും കളിക്കാൻ വരുന്ന കുട്ടികളിൽ വേറെയും അലവലാതികൾ ഉണ്ടല്ലോ? തൂമ്പ പണിക്കാരെ കൊണ്ട് നന്നായി പണി ചെയ്യിപ്പിച്ച്, ഒരുക്കി മിനുക്കി തയ്യാറാക്കി വെച്ചിരുന്ന  പുരയിടത്തിന്റെ മട്ടൽ ഒരുത്തൻ ഓടി നടന്ന് ചവിട്ടിത്തെറിപ്പിച്ച് നാശമാക്കി. ഞാനും കൂടി ചേർന്നാണ് മട്ടൽ ചവിട്ടി നശിപ്പിച്ചത് എന്ന് വിചാരിച്ച വാപ്പൻ ചെത്തുകത്തി കൂട്ടിൽ നിന്നെടുത്ത് വീണ്ടും പാരയിൽ തേക്കാൻ തുടങ്ങി. അന്ന് തുടങ്ങിയ പിണക്കം പിന്നെ എപ്പോഴാണ് മാറിയത് എന്ന് ഓർമ്മയില്ല.

നടപ്പ് ഇനി പടിഞ്ഞാറോട്ട് ആണ് . വാപ്പന്റെ പുരയിടത്തിനോട് ചേർന്ന് തൊട്ടു പടിഞ്ഞാറ് ഒരു നെൽപ്പാടമുണ്ട് അത് വാപ്പന്റെ സൂക്ഷിപ്പ് പരിധിയിലുള്ളതല്ല. അവിടെയാണ് അടുത്ത വിളയാട്ടം. അതിനെക്കുറിച്ച് കേൾക്കണ്ടേ ? (വേണ്ടാ .....?)

No comments:

Post a Comment