#മറക്കാതെ #ബാല്യം - കഥ (ഒന്നാം ഭാഗം)
ബാല്യം എന്ന് പറയുമ്പോൾ 60 കൊല്ലങ്ങൾക്ക് പിന്നിലേക്കുള്ള തിരിഞ്ഞുനോട്ടം. നാട്ടിൽ ഓടിട്ട വീടുകൾ തീരെ കുറവ്. :എല്ലാം ഓലക്കൂരകൾ. അത്തരത്തിൽ ഒന്നിൽ നിന്നാണ് എന്നും പുറത്തേക്ക് ഇറങ്ങാറുള്ളത്
നേരെ കിഴക്കോട്ട് ഇറങ്ങിയാൽ കൊച്ചപ്പന്റെ വീടാണ്. കൊച്ചപ്പന്റെ ഭാര്യ.ത്രേസ്യ. കൊച്ചപ്പന്റെ യഥാർത്ഥ പേര് ജോർജ് തൈപ്പറമ്പിൽ . കൊച്ചപ്പനും കുടുംബവും ഞങ്ങളുടെ വീട്ടിൽ മുന്നിൽ വന്നു താമസിച്ചപ്പോൾ നികർത്തിൽ എന്നായിവീട്ടുപേര്. പണ്ട് പാടമായിരുന്ന സ്ഥലം നികർത്തിയെടുത്തതാണ് ആ പുരയിടം.
കൊച്ചപ്പൻ കയർ കമ്പനി തൊഴിലാളിയാണ്. അങ്ങ് അകലെ ശക്തീശ്വരൻ കവലയിലുള്ള വേലാംമൂപ്പന്റെ കയറുമില്ലിൽ ആണ് ജോലി. വേലാൻ മൂപ്പൻ എന്ന് ഞങ്ങൾ പറയുമെങ്കിലും അദ്ദേഹം വേലായുധൻ മുതലാളിയാണ് . ഇന്നത്തെ ചേർത്തലയിലെ പ്രശസ്തമായ കെ വി എം ഗ്രൂപ്പിൻറെ തുടക്കക്കാരൻ .
കൊച്ചപ്പൻ രാവിലെ ചോറു പാത്രവും തൂക്കി പോകുന്നതും വൈകിട്ട് തിരികെ വരുന്നതും കാണാമായിരുന്നു, സാമാന്യ വിദ്യാഭ്യാസം ഉണ്ട് , അതുകൊണ്ട് നന്നായിട്ട് പുത്തൻ പാനയും അമ്മാനയും വായിക്കും. പെസഹാ നാളുകളിലാണ് അദ്ദേഹത്തിന്റെ വായന ഞങ്ങളെല്ലാവരും കേൾക്കാറുള്ളത്. ഭാര്യക്ക് അത്രവിദ്യാഭ്യാസമില്ല. തൊട്ടടുത്ത വീട് ആയതുകൊണ്ട് കൂടുതൽ വഴക്കും പിണക്കവും സ്നേഹവും അവരുമായിട്ടായിരുന്നു.
അവരുടെ വീടും കഴിഞ്ഞ് മുന്നോട്ട് നടന്നാൽ തോടും ചിറയും കൂടിക്കലർന്ന ഒരു പുരയിടം. അതും കഴിഞ്ഞ് കിഴക്കോട്ട് നടന്നാൽ ബ്രിജിത്ത വല്യമ്മയുടെ വീട്. ബ്രിജിത്ത വല്യമ്മ ഇളയമകൻ വറുതിന്റെ കൂടെയാണ് താമസം. വറുതിന് കടപ്പുറം പണിയാണ്. രണ്ടുമൂന്ന് മൈൽ പടിഞ്ഞാറുള്ള കടപ്പുറത്ത് പോയി പണി ചെയ്യുന്ന അപൂർവ്വം ആളുകളെ ആ ഭാഗത്ത് ഉണ്ടായിരുന്നുള്ളൂ അന്ന്. വറുതിന്റെ ഭാര്യ വിരോണി . വിരോണി വെളുത്തവളും വറുതിനെക്കാൾ പൊക്കവുമുള്ള സ്ത്രീയായിരുന്നു. എൻറെ കാഴ്ചപ്പാടിൽ അവർ തമ്മിൽ ചേർച്ച തോന്നിയിരുന്നില്ലെങ്കിലും സന്തോഷമായിട്ടാണ് അവർകഴിഞ്ഞു പോന്നത്.
വല്യമ്മയുടെ വീട്ടിൽ പോയി കുത്തിയിരുന്നാൽ ഒരു കട്ടൻ കാപ്പി പോലും കിട്ടില്ല. ബിജിത്ത വല്യമമ കൂടുതൽ സമയവും ഞങ്ങടെ വീട്ടിൽ ആയിരുന്നു. എന്റെഅമ്മ തിളപ്പിച്ചു കൊടുക്കുന്ന ഒരു ഗ്ലാസ് കട്ടൻചായയും ഒരു ശർക്കര കഷ്ണവും ബിജിത്ത വല്യമ്മയ്ക്ക് വളരെ കാര്യമായിരുന്നു. പറഞ്ഞ കാര്യങ്ങൾ തന്നെ ബ്രിജിത്ത വല്യമ്മ പറഞ്ഞുകൊണ്ടിരിക്കും. എന്നാലും ഇവയെല്ലാം ആദ്യം കേൾക്കുന്ന മട്ടിൽ എന്റെ അമ്മ കേൾക്കുകയും തൊണ്ടുതല്ലുകയും ചകിരി പിരിക്കുകയും ചെയ്യുമായിരുന്നു. എന്തെങ്കിലും അസുഖം മൂലം വല്യമ്മ വരാത്ത ദിവസങ്ങളിൽ എൻറെ അമ്മയ്ക്കും ചെറിയ വിഷമം തോന്നിയിരുന്നു.
ബ്രജിത്താ വല്യമ്മയുടെ തറയിൽ വീട് കടന്ന് 20 മീറ്റർ കിഴക്കോട്ട് നടന്നാൽ ഞാൻ ചെന്നു കയറുന്നത് പപ്പുണ്ണി ആശാൻറെ വീട്ടിലാണ്. കല്ല് കെട്ടിയ ഓലമേഞ്ഞ വീട്.
പപ്പുണ്ണി ആശാൻ , ഭാര്യ ആശാട്ടി മകൻ തങ്കാലി - മൂന്നു പേരുള്ള വീട് .
കുട്ടികൾക്ക് മുമ്പ് നിലത്തെഴുത്ത് പഠിപ്പിച്ചത് കൊണ്ടാണ് ആശാനെയും ആശാട്ടിയെയുംഅങ്ങനെ വിളിച്ചിരുന്നത്. എന്നെക്കാൾ മൂന്നാല് വയസ്സ് കുറവുള്ള തങ്കാലി അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു. പാട്ട് എഴുതും , നാടകം എഴുതും സ്വന്തമായിട്ട് അഭിനയിച്ച് നാട്ടുകാരെ കാണിക്കുകയും ചെയ്യും.
പപ്പുണ്ണി ആശാന് എന്നോട് വലിയ കാര്യമായിരുന്നു. അതിന് കാരണം ചെറിയ ജോലികളൊക്കെ ചെയ്യാൻ എന്നെക്കാൾ ആദായത്തിൽ അവിടെ ആളെ കിട്ടുന്നത് അന്ന് പ്രയാസമായിരുന്നു. പത്തു രൂപ ഒരാൾക്ക് കൂലി ഉണ്ടായിരുന്ന അക്കാലത്ത് അതിൻറെ അഞ്ചിൽ ഒന്ന് അതായത് രണ്ട് രൂപ മുടക്കിയാൽ എന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാമായിരുന്നു. മറ്റൊരു വഴിയിൽ രണ്ട് രൂപ കിട്ടാൻ മാർഗമില്ലാതിരുന്ന എനിക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു.
ജോലി പ്രധാനമായിട്ടും തൊണ്ട് തല്ലിക്കാൻ വള്ളത്തിൽ ചെങ്ങണ്ട വരെ കൊണ്ടുപോവുക എന്നതായിരുന്നു. ചെങ്ങണ്ടയിലാണ് തൊണ്ടു തല്ലുമില്ല് ഉള്ളത്. വള്ളമൂന്നലും നീന്തലും ആ പ്രായത്തിൽ തന്നെ ഞാൻ പഠിച്ചിരുന്നു. ആശാൻ തൊണ്ട് വള്ളത്തിൻറെ അണിയത്തിരിക്കും ഞാൻ അമരത്തിൽ നിന്ന് വള്ളമൂന്നും .
ഒന്നു രണ്ടു തവണ വലിയ അപകടമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ടായി. ചെങ്ങണ്ട മില്ല് അവധിയാണെങ്കിൽ വള്ളം ചേർത്തലയ്ക്കു വിടണം. ചേർത്തലയിൽ എത്താൻ കായൽ കടക്കണം, കായലിൽ നല്ല ആഴവും ചെളിയുമുള്ള സ്ഥലങ്ങൾ ഉണ്ട് . ഒന്നു രണ്ടു തവണ കഴുക്കോൽ ചെളിയിൽ ഉറച്ചതും ഞാൻ കഴുക്കോലിൽ തൂങ്ങി നിന്നതും ഓർക്കുന്നു.
കഴുക്കോൽ ചെളിയിൽ പൂണ്ടാൽ കുടഞ്ഞു വലിക്കണം എന്നുള്ള ടെക്നിക്ക് എനിക്ക് അറിയാത്തത് അല്ല പക്ഷേ ഒന്ന് രണ്ട് തവണ അത് പറ്റിയില്ല. കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന ഞാൻ നിലയില്ലാ കയത്തിൽ ഒറ്റയ്ക്ക് വള്ളത്തിൽ ഇരിക്കുന്ന ആശാന്റെ അങ്കലാപ്പ് നേരിട്ട് കണ്ടിട്ടുണ്ട്. തൊട്ടടുത്തുള്ള വള്ളക്കാരന്റെ സഹായത്താൽ കഴുക്കോലും പറിച്ച് തിരികെ വള്ളത്തിൽ ചെന്ന് കേറുമ്പോഴാണ് ആശാൻറെ ശ്വാസം നേരെ വീഴുന്നത്. ഏറ്റിരുന്ന കൂലി കൃത്യമായി തരുന്നതിന് ആശാൻ ഒരിക്കലും പോലും വീഴ്ച വരുത്തിയിട്ടുമില്ല.
മകൻ തങ്കാലി അദ്ദേഹത്തിന് ജീവനായിരുന്നു, അവനെക്കൊണ്ട് ഈ ജോലിയൊക്കെ ആകുന്നതേയുള്ളൂ എന്നാലും അതല്ലല്ലോ ശരിയായ രീതി, ജോലി ചെയ്യാൻ വേറെ കുട്ടികൾ ഉള്ളപ്പോൾ .
ആ കുടുംബത്തെ ഒന്നാകെ ഉലച്ച സംഭവം തങ്കാലിയുടെ മരണമായിരുന്നു. തങ്കീ കവലയിൽ വെച്ചു നടന്ന ഒരു ആക്സിഡൻറിൽ തങ്കാലി മരണപ്പെട്ടു. തീവ്റ ദുഃഖം സഹിക്കവയ്യാതെ അമ്മ ആശാട്ടിയും വൈകാതെ മരിച്ചു. ആശാൻ വീണ്ടും വിവാഹിതനായി. പിന്നീട് വന്ന സ്ത്രീ കയർ പിരിയിൽ താല്പര്യം കാണിക്കാതിരുന്നതിനാൽ എൻറെ പണി മുടങ്ങി, വരുമാനവും നിലച്ചു.
പപ്പൂണ്ണി ആശാൻറെ വീടും കടന്നു കുറച്ചു നടന്നാൽ കാളമ്മാമ്മയുടെ വീടാണ്. കാളി എന്നായിരിക്കണം അവരുടെ യഥാർത്ഥ പേര്. ഞങ്ങൾ കാളമ്മാമ്മ എന്ന് വിളിക്കും. കാളമ്മാമ്മയ്ക്ക് ഏഴ് മക്കളായിരുന്നു. അവരുടെ പേര് ഒരു പാട്ടിലൂടെ എനിക്ക് പഠിപ്പിച്ചുതന്നത് റപ്പേലായിരുന്നു.
No comments:
Post a Comment