Monday, 25 November 2019

ജെ എൻ യു പ്രഫസർ - കഥ


തന്റെ സാംസ്കാരിക ട്രൂപ്പിന് ഗ്ളാമർ നഷ്ടപ്പെട്ടതും ആളു കുറഞ്ഞതും സെക്രട്ടറിയായ കോയക്കുഞ്ഞ് സാഹിബിനെ വ്യാകുലചിത്തനാക്കി.

"എന്താണിതിന് കാരണം?" കോയാ കുഞ്ഞ് ആത്മഗതം.

ഇതു കണ്ട മുട്ടുവേദനക്കാരനായ പ്രസിഡന്റ് പറഞ്ഞു:

"അതു നമ്മുടെ ആരുടെയും കുഴപ്പമല്ല. പണ്ടെത്ത പോലെയാണോ ഇപ്പോ? നമ്മുടേയും ആ ഉപേന്ദ്രപന്റയും ട്രൂപ്പുകൾ മാത്രമല്ലേ പണ്ടുണ്ടായിരുന്നുള്ളു. നമ്മുടെതിന്റെ പകുതി ആളുകൾ ഉപേന്ദ്രന്റെ ജനനിക്ക് എത്തുന്നില്ല. ഇപ്പോൾ പണ്ടെത്തെ സ്ഥിതിയാണോ? 2-നു പകരം 20 എണ്ണമില്ലേ? എല്ലാവർക്കുമുണ്ടു ആളെ കിട്ടാനുള്ള പരിമിതി"

" എന്നാലും ഇങ്ങനെയുണ്ടോ, ആളുകളുടെ കൊഴിച്ചിൽ? ചായയ്ക്കും വടയ്ക്കും ഹാൾ വാടകയ്ക്കമായി 1000 വെച്ചു മുടക്കുന്നത്, " കോയ

"അതു കോയ വീട്ടീന്നു കൊണ്ടുവന്നതല്ലല്ലോ?
നടന്നു പിരിച്ചതല്ലേ? ആദരിക്കാനും ഷാളു പുതപ്പിക്കാനുമെന്നും പറഞ്ഞു പണം ചോദിച്ചു, കുറെ പേർ വീണു. "എന്നെ ആദരിക്കുന്നില്ലേ "യെന്നു ചോദിച്ചു കൊണ്ടു വരുന്നവരുമുണ്ട്, അതുകൊണ്ട് പണത്തിനു മുട്ടു വരില്ല. ഈ ഷാൾ പുതപ്പിക്കൽ കൂടിയതാണ് ആളുകൾ അടുക്കാത്തത്, കാശു പോകുന്ന പരിപാടിക്ക് ബോധമുള്ളവർ മുതിരില്ല ? " പ്രസിഡന്റ്.

" അപ്പോ, എന്താ ഒരു വഴി?" !കോയ

" അതൊന്നുമല്ല കാരണം, വെറുപ്പിച്ച വിട്ടാൽ ആരെങ്കിലും പിന്നീടു വരുമോ? ആ രണ്ടു പ്രഫസർമാരെ വെറുപ്പിച്ചതു ശരിയായില്ല. അവർക്കു പകരം ഡൽഹീന്നു വന്ന ചെരുപ്പുകടക്കാരനെ പ്രഫസറാക്കി അവതരിപ്പിച്ചതും പാളി, അയാൾ ഒരു യോഗത്തിൽ വിളിച്ചു പറഞ്ഞതു കേട്ടില്ലേ , ഡൽഹിയിൽ ചെരുപ്പിനു വിലക്കുറവാണെന്ന് " അഭിപ്രായം പറഞ്ഞത് കടൽത്തീരം കവി രാഘവനാണ്.

" രാഘവനു വല്ല നിർദ്ദേശവുമുണ്ടോ. ആളുകളെ കൂടുതലായി എത്തിക്കാൻ?":-പ്രസിഡന്റ്

"പ്രഫസർമാർ സാഹിത്യ സമ്മേളനങ്ങൾക്ക് അലങ്കാരമാണ്‌. നമ്മുടെ പരിപാടി നേരം കൊല്ലിയാണെന്നു വ്യാപക പ്രചരണമുള്ളതിനാൽ പ്രഫസർമാരെ കിട്ടില്ല. അപ്പോൾ പഴയ പരിപാടി ആവർത്തിക്കേണ്ടി വരും

" പുതുതായി വന്ന, അധികം സംസാരിക്കാത്ത, ആരോടും മിണ്ടാത്ത താടിക്കാരനെ, എന്താണയാളുടെ പേര്, അതെ റോഹിത് കുമാരനെ നമുക്ക് പ്രഫസറാക്കി വാഴിക്കാം. അയാളെ ആർക്കും തന്നെ അത്ര പരിചയമില്ല പ്രസിഡന്റിന്റെ കെയറോഫിൽ വന്നതല്ലേ? ഏതു കോളജിലെ പ്രഫസർ എന്ന് ആരെങ്കിലും ചോദിച്ചാൽ ജെ എൻ യു എന്നു പറയാൻ പഠിപ്പിച്ചാൽ മതി. ജെ.എൻ യു പ്രഫസറാവുമ്പോൾ അവിടത്തെ പിള്ളാരെ പോലയാണ്, പല്ലു തേയ്ക്കണ്ട, മുഖം കഴുകണ്ട കുളിക്കില്ല. താടിയും മുടിയും കണ്ടാൽ ബൗദ്ധിക നിലവാരം കൂടിയ ആൾ എന്നു തോന്നുകയും ചെയ്യും. ജെ എൻ യു ആണിപ്പോൾ ട്രൻന്റ്" രാഘവൻ

"എങ്കിൽ അതു മതി. ജെ എൻ യു പ്രഫസർ രോഹിത് കുമാർ അടുത്ത പരിപാടിക്ക് നമ്മുടെ മുഖ്യാതിഥി "

 കോയകുഞ്ഞു ചാടി എഴുന്നേറ്റ് രാഘവനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു

- കെ എ സോളമൻ

Saturday, 9 November 2019

തണ്ണിമത്തൻ ഡേയ്സ്

കഥ - കെ എ സോളമൻ

ഇടിമുറിയുടെ വരാന്തയിൽ കരിഓയിൽ പൂശണമോ അതോ ഗ്രീസ് പുരട്ടിയാൽ മതിയോ എന്നു ശങ്ക തോന്നിയിട്ടു കുറച്ചു നാളായി.  അത്രമാത്രമുണ്ട് ശല്യം.

ഇടിമുറി എന്നു പറഞ്ഞത് ആലങ്കാരികമായാണ്. ശരിക്കും ഇതു ക്ളാസ് മുറിയാണ്. ഡിഗ്രി പിള്ളാരെ, 10-17 വയസ്സു പിന്നിട്ട കുട്ടികളെ, പഠിപ്പിക്കുന്ന മുറി. ക്ളാസ് റൂം പഠനം പീഡനമെന്നു വിശേഷിപ്പിക്കുന്ന ഇക്കാലത്ത് ക്ളാസ് മുറികളെ ഇടി മുറികളെന്നു വിളിച്ചാൽ തെറ്റില്ല.

" നടന്നാൽ നടക്കും, കിടന്നാൽ കിടക്കും" എന്നറിയാവുന്നതു കൊണ്ടാണ്  കോളജിനു മുന്നിലെ കടമുറികളിൽ ഒന്നിൽ ട്യൂഷൻ ക്ളാസ് ആരംഭിച്ചത്. ട്യൂഷൻ ക്ളാസെന്നു പറയാൻ കാര്യമായിട്ടൊന്നുമില്ല. ലൈൻ ബിൽഡിംഗിലെ കടമുറി. കാറ്റു വീശി വരുന്ന പടിഞ്ഞാറു ഭാഗത്ത് ജനൽ ഇല്ലാത്തതിനാൽ ഫ്റണ്ട് ഷട്ടർ പൂർണ്ണമയും തുറന്നിടണം. അല്ലെങ്കിൽ കാറ്റുകയറില്ല.

ഹൈവേയിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പലും തൊട്ടടുത്തുള്ള വർക്ക് ഷാപ്പിലെ ഒച്ചയും അധ്യയനത്തെ സാരമായി ബാധിക്കുകമെങ്കിലും കാലം കുറച്ചധികമായതിനാൽ ഒരു ശീലമായി. പക്ഷെ പുതിയ വിപത്ത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഇടിമുറി തുടങ്ങിയതിനു ശേഷം തൊട്ടടുത്ത മുറിയിൽ നാലു സംരംഭകർ വ്യാപാരം തുടങ്ങിയെങ്കിലും ഒന്നും ക്ളച്ചു പിടിച്ചില്ല. ആദ്യം ഒരു പച്ചക്കറി സ്റ്റാൾ, തുടർന്ന് ആട്ടമാവ് ഹോൾസെയിൽ, പിന്നീട് സ്റ്റേഷനറി, ഒടുക്കം ടെക്സ്റ്റയിൽസ്. എല്ലാം പൂട്ടിക്കെട്ടി പോയി. പൊളിയാൻ ഓരോരുത്തർക്കും ഓരോരോ മാർഗ്ഗം

ഒടുക്കം വന്ന അഞ്ചാമത്തെ സ്ഥാപനമാണ് കൂൾബാർ, ഗംഭീര സക്സസ്. കോളജിലെ സകല കമിതാക്കളും അതിനകത്താണ്. കട് ലറ്റ്, പഫ്സ്, പരിപ്പുവട, പലതരം ഐസ് ക്രീമുകൾ എല്ലാം ഉണ്ട്. ഫുൾജാർ സോഡ ഉദ്ഘാടന ദിവസം എന്തായിരുന്നു ബഹളം. പക്ഷെ സോഡ അതു പെട്ടെന്നു ചീറ്റി.

കടയുടമ ജോലിക്കാർക്ക് പ്രത്യേക നിർദ്ദേശം കൊടുത്തു കാണണം കമിതാക്കളെ ശല്യം ചെയ്യാൻ പാടില്ലെന്ന്. എത്ര മണിക്കുറാണ് കമിതാക്കൾ ഐസ് ക്രീം ടേസ്റ്റു ചെയ്ത് കൂൾബാറിൽ കുത്തിയിരിക്കുന്നത്.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു സംഭവമാണ്. ഞാൻ മുൻവഷം ഡിഗ്രി പഠിപ്പിച്ചു വിട്ട കുട്ടിയാണ്.     അടുത്ത കോളജിൽ എം എസ് സി ക്കു അഡ്മിഷൻ കിട്ടി പഠിക്കാൻ ചേർന്നു. അവളും ഒരുത്തനേം കൂട്ടി കഴിഞ്ഞ ദിവസം ഈ കൂൾബാറിൽ കുത്തിയിരുന്നത് മൂന്നു മണിക്കൂറാണ്‌.  11 മണിക്ക്  ഞാൻ വീട്ടിലേക്കു പോകാൻ നേരം കൂൾ ബാറിലേക്ക് കയറിപ്പോയ അവർ രണ്ടു പേരും രണ്ടു മണിക്ക് ഞാൻതിരികെ വന്നപ്പോൾ മാത്രമാണ് ഇറങ്ങിപ്പോയത്. പഠിപ്പിച്ച സാറിന്റെ മുന്നിലൂടെ കാമുകനുമായി ഇങ്ങനെ പോകുന്നതിൽ ബഹുമാനക്കുറവ് ഉണ്ടെന്നു പറഞ്ഞു കൂടാ. നോട്ടുബുക്ക് കൊണ്ട് മുഖം മറച്ചിട്ടുണ്ട്, സാറു കാണാതിരിക്കാൻ.

കോളജിൽ ഇരിക്കപ്പൊറുതി ഇല്ലാത്തതിനാലും ബസ്റ്റാന്റിൽ ഏറെ നേരം നിന്നാൽ സെക്യൂരിറ്റിക്കാർ ചോദ്യം ചെയ്യുമെന്നതിനാലും കൂൾ ബാറിൽ കൊള്ളാത്ത കമിതാക്കൾ കെട്ടിടത്തിന്റെ വരാന്തയിലാണ് മണിക്കൂറുകളോളം കുത്തിയിരിക്കുക. കൂൾബാർ കാരനുൾപ്പെടെ സകല കടക്കാരനും ബാരിക്കേഡ് വെച്ച് വരാന്ത സംരക്ഷിച്ചിട്ടുള്ളതിനാൽ ട്യൂഷൻ മുറിയുടെ മുന്നിൽ 4 ജോടി  കമിതാക്കൾ എപ്പോഴും കാണും. മുറിയിലേക്കു കയറാനും ഇറങ്ങാനും ഇവരോടു അനുവാദം വാങ്ങണം .

കമിതാക്കളെ ശല്യം ചെയ്യാൻ പാടില്ലായെന്ന അപ്രഖ്യാപിത നയം നിലവിലുള്ളതിനാൽ "എന്തിനിവിടെയിരിക്കുന്നു?" എന്നു ചോദിക്കാൻ ഒരിക്കൽ പോലും ധൈര്യം കിട്ടിയിട്ടില്ല.

പക്ഷെ ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തിച്ചത് "തണ്ണീർമത്തൻ ഡേയ്സി ''ലെ നായകനാണ്, അല്ലെങ്കിൽ അവനെപ്പോലുരുത്തൻ. അതേ ലുക്ക്, അതേ തരത്തിലുള്ള അവിഞ്ഞ സംസാരം. ആറു പെണ്ണുങ്ങളുടെ നടുവിലാണ് ഇവന്റെ ഇരുപ്പ്. 3 പേർ വലത്തും മൂന്നു പേർ ഇടത്തും. പെമ്പിള്ളേരുടെ കവിളിൽ തൊടുന്നു, തലയിൽ കൈവെയ്ക്കുന്നു, പിടിച്ചു വലിക്കുന്നു,  മൊബൈലിൽ തോണ്ടിക്കാണിക്കുന്നു, അട്ടഹസിക്കുന്നു. ഒരു തരത്തിലും അകത്തു ക്ളാസ് എടുക്കാൻ പറ്റാത്ത അവസ്ഥ. സാറിന്റെയും വിദ്യാർത്ഥികളുടെ ശ്രദ്ധ തകർക്കുന്ന ഒച്ച. മിണ്ടാതിരിക്കണം എന്നു പറയാൻ ഒരു മടി. ഈ പെമ്പിള്ളേർക്ക് വീട്ടിൽ ഒരു ജോലിയുമില്ലേ, ഇങ്ങനെ ഇവിടെ കുത്തിയിരിക്കാൻ?

ശല്യം വളരെ കൂടിയ ഒരു ദിവസം പുറത്തിറങ്ങി തണ്ണി മത്തനോടു പറയുകെ തന്നെ ചെയ്തു. "ഇവിടെ ഇരുന്നു ബഹളം വയ്ക്കരുത്, ഡോണ്ട് ഡിസ്റ്റർബ്"

തണ്ണി മത്തൻ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. " ഇതു പൊതു സ്ഥലമാണ്, സേട്ടാ "

സേട്ടാന്നെങ്കിലും വിളിച്ചല്ലോ? വരാന്തയിൽ ഞാനും ബാരിക്കേഡ് തീർക്കണോ, അതോ കരിഓയിൽ, ഗ്രീസ് പ്രയോഗം മതിയോ എന്നാലോചിച്ചു. വേണ്ട , അതൊന്നും ശരിയാകില്ല . ചില പാവങ്ങൾ രാത്രി ഈ വരാന്തയിൽ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

തണ്ണിമത്തനും പെൺപിള്ളേരും വരാന്തയിലെ നാടകം തുടർന്നുകൊണ്ടിരുന്നു

അങ്ങനെയിരിക്കെ നാട്ടുകാരൻ വേണു എന്തോ ആവശ്യത്തിന്എന്നെ കാണാൻ വന്നു. പെമ്പിള്ളേരുടെ കവിളിൽ തലോടി കളിക്കുന്ന തണ്ണിമത്തനെയാണ് ആദ്യം കണ്ടത്.

"സാറിന് ആളെ മനസ്സിലായില്ലേ? നമ്മുടെ അടുത്തുള്ള രഘുവിന്റെ മകൻ . പായസം ഗോപാലന്റെ ചെറുമകൻ "

" ഓ പായസത്തിന്റെ പേരക്കുട്ടിയാണോ, അഡ്മിഷൻ സമയത്ത് ഇവന്റ അമ്മ ശാരദ ഡസൻ പ്രാവശ്യമെങ്കിലും എന്നെ വിളിച്ചിട്ടുണ്ട്, മോനു കോളജിൽ അഡ് മിഷൻ ശരിയാക്കുന്നതിന്.

അതേതായാലും വേണ്ടി വന്നില്ല, അല്ലാതെ തന്നെ അഡ്മിഷൻ കിട്ടി. പ്ളസ് കഴിയുന്നവനെല്ലാം 90 ശതമാനത്തിൽ കൂടുതലാണല്ലോ ഇപ്പോൾ മാർക്ക് "

" ശല്യം കൂടുതലാണെങ്കിൽ സാർ രഘുവിനോടു പറയൂ, അല്ലെങ്കിൽ പ്രിൻസിപ്പാളിനെ അറിയിക്കു"

" അതൊന്നും വേണ്ട വേണു. പല കാരണങ്ങളാൽ കസേരയ്ക്കു തീപിടിച്ച മട്ടിലാണ് ഒരോ കോളജിലും പ്രിൻസിപ്പൽമാർ കഴിയുന്നത്, അതിനിടയ്ക്കാണ് ഈ ലൊട്ടുലൊടുക്കു പരാതി. കഷ്ടപ്പെട്ടു ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന രക്ഷകർത്താക്കളെ അലോസര പ്പെടുത്തുന്നതും ശരിയല്ല "

ആ പയ്യനോടു ഞാൻ നാളെ ഒന്നുകൂടി സംസാരിച്ചു നോക്കാം "

പിറ്റേ ദിവസം തണ്ണിമത്തനും കൂട്ടുകാരികളും പതിവു കേളികൾ ആരംഭിച്ചപ്പോൾ ഞാൻ തണ്ണിമത്തനോടു ചോദിച്ചു
" നീ പായസം ഗോപാലന്റെ ചെറുമകനല്ലേ, രഘുവിന്റെ മകൻ? ഞാൻ രഘുവിനെ കാണുന്നുണ്ട് "

" അയാൾ എന്റെ അച്ഛനല്ല "

" ങേ,എങ്കിൽ പറയൂ, നിന്റെ അച്ഛനാരാണ്.  നിന്റെ അമ്മ ശാരദ നിന്റെ അഡ് മിഷന് വേണ്ടി ഡസൻ തവണയെങ്കിലും എന്നെ വിളിച്ചിട്ടുണ്ട്"

" അവരെയൊന്നും ഞാൻ അറിയില്ല, സേട്ടൻ സേട്ടന്റെ കാര്യം നോക്കു "

ഒടുക്കം തണ്ണീർ മത്തൻ സിനിമയിലെ തള്ളയുടെ മാതിരി ഒരു ചോദ്യം ഞാൻ അവനോടു ചോദിച്ചു , " നിന്റെ അമ്മ ചത്തോ?"

രൂക്ഷമായ ഒരു നോട്ടത്തോടെ തണ്ണി മത്തനും കൂട്ടരും വരാന്തയുമുപേക്ഷിച്ച നടന്നകന്നു. പിന്നെ അവരെ  ആ പരിസരത്തു കണ്ടിട്ടില്ല!
                           * * *

Monday, 21 October 2019

ഒരുമുതിർന്ന #പൗരന്റെ അപേക്ഷ.

#ഒരുമുതിർന്ന #പൗരന്റെ അപേക്ഷ.  'കഥ- കെ എ സോളമൻ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമാൻ കെ റ്റി ജലീൽ സാഹിബ്ബ് വായിച്ചറിയുന്നതിനും അനുകൂലമായ നടപടി സ്വീകരിക്കുന്നതിനനും, ഒരു മുതിർന്ന പൗരനായ രാമൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

തിരുരങ്ങാടി പി എസ് എം ഒ കോളജിൽ ഹിസ്റ്ററിപ്രഫസറായ അങ്ങേക്ക് ഇപ്പോൾ പ്രായം 52. കേരള സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതിനാൽ ലീവിലാണെന്നും അറിയാം. രണ്ടു വർഷം കൂടി കഴിഞ്ഞ് മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുമ്പോൾ 54 വയസ്. അപ്പോഴും റിട്ടയർമെന്റ് പ്രായം ആകുന്നില്ല. തിരികെ ചെന്നു വീണ്ടും സർവീസിൽ പ്രവേശിക്കുന്നതിന് തടസ്സവുമില്ല. മറ്റധ്യാപകരെ പോലെ പിള്ളേരെ പഠിപ്പിച്ചോ കളിപ്പിച്ചോ  56 വയസ്സാകുന്നതുവരെ തുടരാം. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി, കിഫ്ബിലേക്കുള്ള ആസ്തി വരവ് മുന്നിൽ കണ്ട്  ധനമന്ത്രി തോമസ് ജി ഐസക് ജിക്ക്‌  പെൻഷൻ പ്രായം അറുപതാക്കാൻ തോന്നിയാൽ  പിന്നെയും തുടരാം നാലു കൊല്ലം കൂടി ചരിത്ര പ്രഫസറായി.

അങ്ങയെക്കാൾ 10-15 കൊല്ലം പ്രായക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിലവിൽ ക്ഷീരകർഷകനാണ്, വരുമാനം തീരെ കുറവ്. മുഴവൻ മേൽവിലാസവും മൊബൈൽ നമ്പരും ഭാര്യ കാർത്യായനി പിള്ളയുടെ പേരിലുള്ള റേഷൻ കാർഡു നമ്പറും ഈ അപേക്ഷയുടെ അവസാനം കൊടുത്തിട്ടുണ്ട്

എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ എന്ന് അണു സംശയിക്കുന്നുണ്ടാകും. അതിലേക്കാണ് വരുന്നത്.

അങ്ങയെപ്പോലെ ഹിസ്റ്ററി തന്നെയായിരുന്നു എന്റെ ഡിഗ്രി കോഴ്സിന്റെയും വിഷയം. 1973-ൽ ചേർത്തല എൻ എസ് എസ് കോളജിൽ നിന്നാണ് ഡിഗ്രി പാസ്സായത്. 3 വർഷം കൊണ്ടു തന്നെ ഡിഗ്രി പാസ്സായെങ്കിലും മൂന്നാം വർഷത്തെ ഡിഗ്രി പഠനം വളരെ ക്ളേശ പൂർണ്ണമായിരുന്നു. അതിന് മുഖ്യ കാരണം രണ്ടാം വർഷം എനിക്ക് ഇംഗ്ലീഷ് വിഷയം പാസ്സാകാൻ പറ്റാതിരുന്നതാണ്. ഇംഗ്ളിഷിന് ഞാൻ തോറ്റു പോയത് ശ്രമിക്കതിരുന്നിട്ടല്ല. ഷേക്സ്പീയറിന്റെ മക്ബത്ത് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടറും ലേഡി മാക്ബത്തിന്റെ ക്യാരക്ടറും ഒക്കെ പഠിച്ചോണ്ടു പോയതാണ്. പക്ഷെ അന്നു പേപ്പർ നോക്കിയ കോളജ് സാറന്മാർക്ക് എന്റെ ഇംഗ്ലീഷ് തീരെപിടിച്ചു കാണില്ല. അല്ലെങ്കിൽ തന്നെ ഈ കോളജ് സാറന്മാരെല്ലാം ഒരു പ്രത്യേക ക്ളാസാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ അവർക്കാവില്ല. അവരുടെ ഒക്കെവിചാരം അവരൊഴിച്ച് വേറെ യാർക്കും ഇംഗ്ലീഷ് അറിയില്ല എന്നാണ്. അതു കൊണ്ട് കുട്ടികൾക്ക്‌ അവർ മാർക്കു കൊടുക്കാറില്ല. അവർ തന്നെ വല്ലപ്പോഴും തരുന്ന  ക്ളാസ് നോട്സ് അതേപടി, ഉത്തരക്കടലാസിൽ  പകർത്തി കൊടുത്താലും അവർ തരുന്ന പരമാവധി മാർക്ക് പത്തിൽ നാല്.  അവരുടെ കൂട്ടത്തിൽ ഒരാളെക്കൊണ്ട് എഴുതിച്ച് മറ്റൊരാളെക്കൊണ്ട് ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയാലും പരമാവധി  മാർക്ക് നാല് തന്നെ!

കേരളത്തിലെ കൂട്ടികൾക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞു സെന്റൻസ് മേക്കിംഗ് മൊത്തം വെട്ടുന്ന ഒരു കോട്ടയം കാരൻ സാറിനെ പിന്നീട് പരിചയപ്പെടാൻ ഇട വന്നിട്ടുണ്ട്. ഉത്തരക്കടലാസിൽ ചുവപ്പു മഷി കൊണ്ടു വരയിട്ട് മർക്കു കുറച്ച സാറിനോട് ഉത്തരത്തിലെ തെറ്റ് എവിടെയാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് തഴത്തെ വരിയിൽ തെറ്റുണ്ട് എന്നാണ്‌. എന്നാൽ പിന്നെ അവിടെയല്ലേ വരയിടേണ്ടത് എന്നു ചോദിച്ചതിന്  " കൃത്യമായി വരയ്ക്കാൻ ഞാൻ ആശാരിയല്ല, ഇനി മുതൽ താൻ ക്ളാസിൽ കേറണ്ട " എന്നു പറഞ്ഞു എന്നെ ഇതികർത്തവ്യഥാ മൂഢനാക്കുകയായിരുന്നു സാറ് ചെയ്തത്.  ഇത് ഒറ്റപ്പെട്ട അനുഭവമല്ല.

എന്താ ചെയ്യുക, ഞാൻ പരീക്ഷയിൽ തോറ്റു. ജയിക്കാനുള്ള മാർക്ക് 105-ആയിരിക്കേ എനിക്ക് കിട്ടിയത് 101. നാലു മാർക്കിനാണ് തോറ്റത്.

തോറ്റ വിഷയം ജയിക്കാനായിരുന്നു പിന്നീടുള്ള പഠിത്തം. ചേർത്തലയിൽ തന്നെയുള്ള കുറുപ്പു സാറിന്റെ ട്വീട്ടോറിയലിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. ഇത് മെയിൻ പഠനമായ ഹിസ്റ്ററിയെ സാരമായി ബാധിച്ചെങ്കിലും അടുത്ത സെപ്തംബറിൽ 120 മാർക്കു വാങ്ങി ഇംഗ്ലീഷ് നല്ല രീതിയിൽ പാസ്സായി. ട്യൂട്ടോറിയലിൽ പോയി പഠിക്കുന്നതിന് 150 രുപാ അന്ന്  ഫീസായി നൾകേണ്ടിയും വന്നു.

ട്യൂട്ടോറിയൽ കോളജിലേക്കുള്ള പോക്കും ബസ് യാത്രയും മറ്റു കഷ്ടപ്പാടുകളും പോട്ടെന്ന് വച്ചാൽ തന്നെ ഫീസായി കൊടുത്ത 150 രൂപ 1972-ൽ വലിയ തുകയാണു്.

കർഷക വികാസ് പത്ര പോലുള്ള സാമ്പാദ്യ പദ്ധതിയിൽ തുക നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് ഇരട്ടിക്കുന്ന ഒരു പദ്ധതി അന്നുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ 1972-ലെ 150 രൂപ ഇന്ന് 2019-ൽ ഏകദേശം ഒരു ലക്ഷത്തി പതിനാലായിരം രൂപായാകും. പണക്കണക്ക് അല്പം കൂടി ലളിതമാക്കിയാൽ അന്നത്തെ 150 രൂപയ്ക്ക് ഇന്ന് ഒരു ലക്ഷം രൂപയുടെ മൂല്യമുണ്ട്,

ഞാൻ പറഞ്ഞു വരുന്നത് ഇത്രേയുളളു.
പരീക്ഷയിൽ പാസ്സാകാൻ അർഹതയുള്ള എന്നെ നാലു മാർക്കിനാണ് അന്നു തോല്പിച്ചത്. അങ്ങായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെങ്കിൽ എന്റെ അർഹത നേരിട്ടു കണ്ടു ബോധ്യപ്പെട്ടു 5 മാർക്കു കൂട്ടിത്തരുമായിരുന്നു. എനിക്ക് 150 രൂപ നഷ്ടം വരില്ലായിരുന്നു. അർഹരെ കണ്ടെത്തിയാൽ നിയമവും ചട്ടവും മുന്നും പിന്നും നോക്കില്ല എന്ന് അങ്ങ് ചാനലിൽ കേറി പറഞ്ഞതു ഞാൻ കണ്ടു.

കാലം കുറെ കഴിഞ്ഞതിനാലും പട്ടാമ്പി പുഴ കുറെ ഒഴുകിയതിനാലും അഞ്ചു മർക്കു ഇനി കൂട്ടിത്തരുന്നതിൽ വലിയ പ്രസക്തിയില്ല. പക്ഷെ എന്റെ അന്നത്തെ 150 രൂപക്ക് പകരമായ ഒരു ലക്ഷം രൂപാ തന്നു സഹായിച്ചാൽ അതു വളരെ ഉപകാരമാകും. ആയതിനാൽ ഒരു ലക്ഷം രൂപയ്ക്കു അർഹനായ എന്നെആ തുക തന്നു സഹിയിക്കണമെന്നു അപേക്ഷിക്കുന്നു.

ഈ പറഞ്ഞതൊക്കെ സത്യമാണോയെന്ന ന്യായമായ സംശയം അങ്ങേയ്ക്കു ഉണ്ടാവാം. അതിനും പരിഹാരമുണ്ട്. എന്റെ കൂടെ അന്നു പഠിച്ച സുഹൃത്ത് കോളജ് അധ്യാപകനായി റിട്ടയർ ചെയ്തതിന് ശേഷം ജില്ലയിലെ ചില സാംസ്കാരിക സദസ്സുകളിൽ പോയിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്- തെളിവിനായി അദ്ദേഹത്തെ ഞാൻ അങ്ങയുടെ മുന്നിൽ ഹാജരാക്കാം. അദ്ദേഹം പറയും എല്ലാ സത്യവും. ഉപേക്ഷ വിചാരിക്കരത്, എനിക്കർഹരായ നഷ്ടപരിഹാരം ഒരു ലക്ഷം രൂപാ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചു തരാൻ എത്രയും വേഗം നടപടിയുണ്ടാകണം
എന്ന്
വിശ്വസ്തൻ
രാമൻ നായർ (ഒപ്പ്)

Saturday, 27 July 2019

മറവി - കഥ

പനി ബാധിച്ചു ആശുപത്രിയിൽ കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ നോക്കാൻ ഭാര്യ അടുത്തുണ്ടായിരുന്നു. അപ്പോഴാണ് പഴയ കാമുകി മുറിയുടെ മുന്നിലൂടെ പോയതും കാണാൻ ഇടയായതും. പെട്ടെന്നു അടുത്തെത്തി രോഗവിവരങ്ങൾ തിരക്കി ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

അവൾ പോയ്ക്കഴിഞ്ഞപ്പോൾ ഭാര്യ:
ഏതാണവൾ? നാലു കാലേൽ കിടക്കയാണ്. എന്നിട്ടും കൊഞ്ചലിനു ഒരുകുറവുമില്ല.

ആശ്വാസം. പത്തിരുപതു കൊല്ലം മുമ്പ് അവളെ കണ്ടപ്പോൾ സത്യം പാഞ്ഞതിന്  ഉണ്ടായ പൊല്ലാപ്പ് ചില്ലറയല്ല. കാലം വരുത്തിവെച്ച മറവി. ഹൊ , എന്തൊരാശ്വാസം!
- കെ എ സോളമൻ

Sunday, 21 July 2019

ചട്ടിക്കണക്ക് - കഥ

യുവസുഹൃത്ത് തോമസുകുട്ടി
റപ്പേലിനോടു ചോദിച്ചു:
"ചേട്ടാ, കുത്തു കേസ് പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത പരീക്ഷ പേപ്പറുകൾ യൂണിവേഴ്സിറ്റി കോളജിൽ നിന്നു പോയതല്ലേ? ഇതിനു ആരു സമാധാനം പറയും? സാറന്മാരെ സ്ഥലം മാറ്റിയാൽ പരിഹാരമാകുമോ?"

റപ്പേൽ: " എടാ, തോമസുകുട്ടി, പോയതു പോയി, ഇതിന്റെ പേരിൽ ആരെയും ശിക്ഷിക്കാൻ പോണില്ല. സംഗതി ഒന്നു തണുപ്പിച്ചെടുക്കൻ മന്ത്രി അങ്ങനെ പറഞ്ഞെന്നേയുള്ളൂ

കുറെ പേരെ മാറ്റിയാൽ അവർ ചെല്ലുന്ന സ്ഥലത്തെ സാറന്മാരെയും മറ്റണ്ടേ? ചെയ്യാത്ത കുറ്റത്തിന് അവരെ ശിക്ഷിക്കുന്നതെന്തിന്?"

" അപ്പോ, നടപടി ഉണ്ടാകില്ലെന്നാണോ ചേട്ടൻ പറയുന്നത് ? പരീക്ഷാപേപ്പറുകൾ നഷ്ടപ്പടുത്തിയത് കുറ്റകരമല്ലേ?"

" പേപ്പറുകൾ നഷ്ടപ്പെടുത്തുന്നത് കുറ്റം തന്നെ. പക്ഷെ നഷ്ടപ്പെട്ടതു ഈ കോളജിൽ നിന്നാണെന്നു എന്താണ് ഉറപ്പ് ? "

"അങ്ങനെയാണ് പ്രതി പറഞ്ഞത് "

"കള്ളന്മാർക്കും തെമ്മാടികൾക്കും എന്തും പറയാം. പേപ്പറുകൾ നഷ്ടപ്പെട്ടോ എന്നറിയാൻ സ്റ്റോക്കെടുക്കണം . സ്റ്റോക്കെടുപ്പിന്റെ ഒരു കഥയുണ്ട്, കേൾക്കണോ?

നീ തങ്കി സെന്റ് മേരീസ് പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ, ഇവിടെ നിന്ന് കുറച്ചകലെയാണ്, ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ. അതി പുരാതന പള്ളിയാണ്, തീർത്ഥാടന കേന്ദ്രം. അവിടത്തെ വിശുദ്ധവാര കർമ്മങ്ങൾ ഏറെ  പ്രസിദ്ധമാണ്. എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടകർ എത്തും. പെസഹാ വ്യാഴം, ദു:ഖവെള്ളി എന്നീ ദിവസങ്ങളിലാണ് ജനത്തിരക്ക്'"

തോമസ് കുട്ടി, നീ കേൾക്കുന്നുണ്ടോ "

" ഉണ്ടു ചേട്ടാ, തുടർന്നോളു "

" ഞാനിവിടെ വരുന്നതിനു വർഷങ്ങൾക്കു മുമ്പുള്ള സംഭവമാണ്.

തീർത്ഥാടകരെ സഹായിക്കാൻ അവിടെ വാളണ്ടിയർമാരെ നിയമിക്കും
ഇടവകക്കാരു തന്നെയാണ് വാളണ്ടിയർമാർ. വാളണ്ടിയർമാരെ മൂന്നു ഗ്രൂപ്പുകളായി വിഭജിക്കും, പരിസര കമ്മിറ്റി, രൂപ സന്നിധാനം, നേർച്ചക്കഞ്ഞി കമ്മിറ്റി.

തങ്കീപ്പള്ളിയിലെ കഞ്ഞി നേർച്ച പേരുകേട്ടതാണ്. തീർത്ഥാടകർക്കെല്ലാം ചൂടു കഞ്ഞിയാണ് നേർച്ചയായി നൾ കുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ ഇടതടവില്ലാതെ കഞ്ഞി വിതരണം ഉണ്ട്.. അതു കൊണ്ടു തന്നെ കഞ്ഞിക്കമ്മിറ്റി വാളണ്ടിയർമാരുടെ അംഗബലം കൂടുതലാണ്, ജോലിയും കൂടുതലാണ്. കമ്മറ്റിക്ക് കൺവീനറുമുണ്ട്
.
കഞ്ഞി വിതരണം മൺചട്ടിയിൽ ആയതിനാൽ ചട്ടികളുടെ പർചേസും മെയിൻറനൻസും കൺവീനറുടെ ചുമതലയാണ്. അര ഡസൻ തവണ ഞാനായിരുന്നു കൺവീനർ. ഒരിക്കലുണ്ടായ ഒരു സംഭവം നിന്റെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ്

കഞ്ഞിക്കമ്മറ്റി യോഗത്തിൽ വർക്കി എന്ന ഒരു വിദ്വാന് കൺവീനറാകാൻ മോഹം. കഴിഞ്ഞ മൂന്നാലു കൊല്ലമായി പരാതിയില്ലാത്തതിനാൽ  കമ്മറ്റിക്കാർ തെരഞ്ഞെടുത്തത് എന്നെത്തന്നെയാണ്. ഇതു കണ്ട് വർക്കിക്ക് കലി കേറി. എങ്കിൽ ഇത്തവണ കഞ്ഞിക്കമ്മറ്റിയുടെ പ്രവർത്തനം പരാജയപ്പെടുത്തിയിട്ടു തന്നെ കാര്യമെന്നു അവൻ കരുതി. അവനു പണ്ടേ മുതൽ എന്നോടൊരു കലിപ്പുണ്ട്. അക്കഥ പിന്നീടൊരിക്കൽ പറയാം

കർത്താവിനെ പേടി ഉള്ളതിനാൽ ഇവന്മാർ കഞ്ഞിയിൽ ഉപ്പു വാരിയിടില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

എല്ലാ വർഷവും വിശുദ്ധവാരം കഴിയുമ്പോൾ പത്തുനൂറു ചട്ടികൾ കാണാതെ വരും. രണ്ടായിരം ചട്ടി വാങ്ങുന്നതിൽ കുറെയെണ്ണം പൂർണ്ണമായും പൊട്ടും. വളരെ കുറച്ചെണ്ണം ചിലർ എടുത്തു കൊണ്ടു പോകും. പണ്ടെത്ത കാലമല്ലേ? പലരുടേയും വീടുകളിൽ ആവശ്യത്തിനു പാത്രങ്ങൾ പോലുംകാണില്ല.

ചട്ടി എടുത്തോണ്ടു പോകുന്നതുകണ്ടാൽ പോലും കണ്ണടച്ചുകളയുകയാണ് പതിവ്. പാവങ്ങളല്ലേ കൊണ്ടു പോട്ടെന്ന് കരുതും. ആരും തന്നെ ചട്ടിയുടെ കണക്ക് പിന്നീട് അന്വേഷിക്കാറുമില്ല

അവന്മാർ ചട്ടിക്കണക്കിലാണ് കേറിപ്പിടിച്ചത്. കൺവീനറും കൂട്ടരും  കൂടി ചട്ടി കടത്തി, അന്വേഷണം വേണം, കമ്മീഷനെ വയ്ക്കണം എന്നൊക്കെയായി ഡിമാന്റ്,

"അന്വേഷണം നടത്തിയെ പറ്റൂ, ചട്ടി എണ്ണി തിട്ടപ്പെടുത്തണം, കുറവുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്മറ്റി അതിനു മറുപടി പറയണം"

വികാരി ഫാദർ നെൽപുൽപ്പറമ്പിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലായിരുന്നു. പള്ളിക്കമ്മിറ്റിയിൽ അദ്ദേഹം കർശനനിലപാടു വ്യക്തമാക്കി.

ചട്ടി എണ്ണി തിട്ടപ്പെടുത്തുക, കുറവുള്ള ചട്ടികളുടെ എണ്ണത്തിനുള്ള വില കൺവീനർ പള്ളിയിലടക്കുക , ഇതായിരുന്നു തീരുമാനം

എന്നാൽ പിന്നെ അങ്ങനെ തന്നെയെന്നു ഞങ്ങളും സമ്മതിച്ചു, പൊതുവെ നിഷ്പക്ഷരായ മത്തായി ചേട്ടൻ, ജോൺ കുട്ടി, വർഗീസ് കുഞ്ഞ് എന്നിങ്ങന്നെ മൂന്നു പേരെ ചട്ടി ക്കണക്കെടുക്കാനും നിയോഗിച്ചു.

ചട്ടി എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 50 ചട്ടി കൂടുതൽ, മൊത്തം 2050 ! ഇങ്ങനെ വരാൻ ഒരു വഴിയുമില്ലെന്ന് വർക്കിയും കൂട്ടരും. 50 ചട്ടി ആരെങ്കിലും രഹസ്യ നേർച്ചയായി കൊണ്ടുവന്നതാകാമെന്നു ഞങ്ങളും

"സാത്താന്റെ സന്തതികളെ " എന്ന് വിളിച്ച്  ഫാദർ നെൽപുൽപ്പറമ്പിൽ വർക്കിയെയും കൂട്ടരെയും അനുമോദിക്കുന്നതാണ് പിന്നീടു കണ്ടത്

ഇതു തന്നെയായിരിക്കും കോളജിലെ പരീക്ഷാ കടലാസുകളുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്.

" പരീക്ഷാ പേപ്പറിന്റെ കാര്യം അവിടെ നില്ക്കട്ടെ, ചട്ടികളുടെ എണ്ണം എങ്ങനെ കൂടി? "

അതു തികച്ചും സ്വാഭാവികം.  ചട്ടി എണ്ണൽ ടീമിലെ മത്തായി ചേട്ടൻ ഇടയ്ക്കിടെ മിനുങ്ങുന്ന ആളാണ്. രണ്ടു കുപ്പി കളളിന്റെ കാശ് തലേ ദിവസം ഞാൻഏല്പിച്ചിരുന്നു!
- കെ എ സോളമൻ

Sunday, 14 July 2019

ഭ്രാന്ത് - കവിത

അതിരുകളില്ലാത്ത ചിന്ത
അതവനെ  ഭ്രാന്തനാക്കി
അതുകൊണ്ട്
അവൻ നടക്കുമ്പോൾ
മരങ്ങൾ ഉലയുന്നതായും
ഭൂമി ഉരുളുന്നതായും
പ്രളയം വരുന്നതായും
സുനാമി തിരകൾ ഉയരുന്നതായും
കാറ്റു വീശുന്നതായും
അവനു തോന്നി

നിങ്ങൾ അവനെ കണ്ടതോ?
കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ
മുടി ജഡ പിടിച്ച്
മുഖം കരിപിടിച്ച്
ചിരി മറന്ന് വെച്ച്
ആരെയും നോക്കാതെ
വിദൂരതയിലേക്കു കണ്ണു പായിച്ച്
ആരെയും കൂസാതെ
പുരികം ചുളിച്ചു കൊണ്ട്
അവൻ നടന്നു പോകുന്നത്

നിങ്ങളിൽ ഒരാൾ പറഞ്ഞു
ദേ, അവൻ ചിരിക്കുന്നുണ്ട്
ചിരിയുടെ താളത്തിലാണ്
അവൻ നടക്കുന്നത്.
ഉച്ചവെയിലിനു കനം കൂടിയിട്ടും
അവനെന്താ വിശ്രമമില്ലാത്തത്
അവന്റെ കണ്ണിനു കാഴ്ചയില്ലേ?
അവനെ കാത്തിരിക്കാൻ
ആരുമില്ലേ?

അവനെ തടയരുത്i പ്ളീസ്
അല്ല, എന്തിനാണ് നിങ്ങൾ അവനെ തടയുന്നത്?
അവന് ഭക്ഷണം കൊടുക്കാനോ?
അവന്റെ ജഡ മുറിച്ചുമാറ്റാനോ
കുളിപ്പിച്ചു പൗഡറിട്ടു
നല്ല വസ്ത്രം അണിയിക്കാനോ?
നടന്നിട്ടും തീരാത്ത വഴിയിൽ നിന്ന്
എങ്ങോട്ടാണവനെ കൂട്ടുന്നത്?
നിങ്ങളുടെ സത്രത്തിലേക്ക്
അഗതിമന്ദിരത്തിലേക്ക്?
എന്നിട്ടു നിങ്ങൾ വിളിച്ചു പറയും
ഇതാ ആയിരത്തിൽ ഒരുവൻ

അവൻ വ്യാധി പിടിച്ചവൻ
നിങ്ങളെ ഭ്രാന്തു പിടിപ്പിച്ചവൻ
നിങ്ങളുടെ ഖ്യാതി പറന്നു പൊങ്ങാൻ
നിങ്ങളവന്റെ ജഡ പിഴുതെടുക്കുന്നു
വെള്ളം പായിച്ചു കളിപ്പിക്കുന്നു
പുത്തൻ വസ്ത്രമണിയിക്കുന്നു
ദാ, അവൻ മിടുക്കനായി

പിന്നീടവന്; ഞരുവ് സ്വന്തമല്ല
വിദൂരതയിലേക്കു നോട്ടമില്ല
നിർത്താതെ സംസാരമില്ല
മൗനത്തിലൊളിപ്പിച്ച ശബ്ദമില്ല
അവനെ ആരും കാണാറുമില്ല
കണ്ണിനും കരളിനും കിഡ്നിക്കും
പിന്നെ ഹൃദയത്തിനും
വിദേശത്തെന്താ ഡിമാന്റ്
സ്വശായ തദ്ദേശ മെഡിക്കൽ ശിശുക്കൾ
ഡെഡ് ബോഡിയിൽ പഠിക്കുന്നതെങ്ങനെ?

അവൻ തെരുവില്‍ വരച്ച ചിത്രം
പൂർത്തിയാക്കാൻ
ഇതാ വരുന്നു വീണ്ടുമൊരുത്തൻ
ജഡയും താടിയും മുഴിഞ്ഞ വസ്ത്രവുമായി.
അതിരുകളില്ലാത്ത ചിന്ത
അതു ഭ്രാന്താണ്
-കെ എ സോളമൻ.

Monday, 8 July 2019

ഉത്തോലകം -ഒന്നാം വർഗ്ഗം.


കഥ

സംഭവം നടന്നത് പത്തമ്പതു കൊല്ലം മുമ്പാണ്. തങ്കീ സ്കൂളിൽ പഠിക്കുന്ന കാലം. ഏഴാംക്ളാസിലാണെന്നു തോന്നുന്നു, സയൻസ് വളരെ രസകരമായി പഠിച്ചു നടന്ന കാലം. നന്നായി പഠിപ്പിക്കുന്ന  ഒരു സിസ്റ്റർ അവിടെ ഉണ്ടായിരുന്നു, നല്ല കാപ്പിപ്പൊടി നിറമുള്ള ഉടുപ്പു ധരിച്ച സിസ്റ്റർ. തല മൂടുന്നത് കറപ്പു തുണികൊണ്ടാണ്, കഴുത്തിൽ മാത്രം കുറച്ചു വെള്ളത്തുണി, പള്ളി മണികളുടെ ഷേപ്പിൽ. എന്തിനാണ് ഇത്രയും ഭാഗത്തു മത്രം വെള്ള നിറം. ഞാൻ എന്റെ കൂട്ടുകാരൻ ഫീൽഡിനോട് ചോദിച്ചിട്ടുണ്ട്

" അതു പിന്നെ അവർ ഇരുട്ടത്തൊക്കെ നടക്കുമ്പോൾ കാണണ്ടേ, വെള്ളായമില്ലെങ്കിൽ കാണാൻ പറ്റൂല"

ഫീൽഡ് - വിചിത്രമായ പോരായി എനിക്കു തോന്നിയിരുന്നു. കൂടെയുള്ള വരൊക്കെ ജോസഫ്, ആന്റണി, റെയ്നോൾഡ്, കുമാർ, ശുഭ, പുഷ്പലത, അന്നമ്മ, ലളിത, അയിഷ, ജുനൈത്ത്  എന്നൊക്കെ ആകുമ്പോൾ ഇവൻ മാത്രം ഫീൽഡ് ആയത് എങ്ങനെ?

ഇത്തരം പേരുകൾ ഉണ്ട് എന്നുള്ളത് ഡേവിഡ് കോപ്പർ ഫീൽഡ് ഒക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ്. എരുമ വളർത്തു കാരനായ ഇവന്റെ അപ്പന് ഇങ്ങനെയൊരു പേരു കണ്ടു പിടിക്കാൻ എങ്ങനെ സാധിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി.

കർമ്മലീത്ത സഭാംഗമായ സിസ്റ്ററിന്റെ വേഷത്തെക്കുറിച്ച് ഫീൽഡിന്റെ വിശദീകരണം തൃപ്തികരമായി തോന്നിയെങ്കിലും അവർ തിരിഞ്ഞു നിന്നാൽ കഴുത്തിലെ വെള്ള നിറം കാണില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫീൽഡിന് മറുപടി ഇല്ലായിരുന്നു.

ഞങ്ങളുടെ സയൻസ് സിസ്റ്ററിന്റെ പേര് സെനറ്റിത്ത മരിയ എന്നോ മറ്റോ ആണ് - ഞങ്ങളെല്ലാം മദർ എന്നാണ് വിളിച്ചിരുന്നത് . അങ്ങനെ കേൾക്കുന്നതായിരിക്കും സിസ്റ്ററിന് ഇഷ്ടപ്പെടുകയെന്ന് ഞാനും ഫീൽഡും മറ്റുള്ളവരും കരുതിയിരുന്നു.

പിന്നെ പഠിത്തത്തിന്റെ കാര്യം. ഞാൻ തന്നെയാണ് ക്ളാസിൽ ഫസ്റ്റ്. തൊട്ടടുത്ത് രാജൻ എന്നൊരുത്തനുണ്ട്. അവന്റെ അപ്പൻ പള്ളിക്കമ്മറ്റിയിലെ അംഗമായിരുന്നതിനാൽ പള്ളി സ്കൂളിൽ ഒരു പിടിയുമുണ്ടായിരുന്നു. അതിന്റെ മേൽകൈ രാജന് കിട്ടുകയും ചെയ്തിരുന്നു. ടീച്ചർമാർക്കെല്ലാം രാജനെയായിരുന്നു ഇഷ്ടം. ഫീൽഡും ഞാനും പിന്നാമ്പുറത്തായിരുന്നു. ഫീൽഡിന്റെ കാര്യമായിരുന്നു കഷ്ടം. കൂടുതൽ മാർക്കു വാങ്ങി ഞാൻ ഒരു വിധം പിടിച്ചു നിന്നപ്പോൾ ഫീൽഡ് ഗതി കിട്ടാതെ വലയുകയായിരുന്നു. ഏതു പരീക്ഷയ്ക്കും അവന്റെ മാർക്ക് 9 -ൽ താഴെ. എന്നു വെച്ചാൽ ഒറ്റയക്കത്തിലാണ് എപ്പോഴും മാർക്ക്. ഫീൽഡിനെ കുറ്റം പറയാൻ പറ്റില്ല. വീട്ടിൽ ചെന്നാൽ ഏരുമകളുമായി മൽപിടിക്കുന്ന അവന് പുസ്തകം തുറക്കാൻ എവിടെ നേരം. പഠിപ്പിച്ചഭാഗം വായിച്ചു കേൾപ്പിക്കാൻ എന്റെ അമ്മ പറയും പോലെ  അവന്റെ അപ്പൻ അവനോടു പറഞ്ഞിട്ടില്ല.

ഞങ്ങളെ മദർ അന്നു പഠിപ്പിച്ച ഉത്തോലക തത്വം ഇന്നും മനസ്സിലുണ്ട്. തുടർപഠനത്തിൽ കോളജ് ക്ളാസുകളിൽ വരെ ഉത്തോലക തത്വം കേൾക്കേണ്ടി വന്നെങ്കിലും മദർ അന്നു പഠിപ്പിച്ചതിന് ഒരു മാറ്റവും വേണ്ടി വന്നില്ല

അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം. ഇംഗ്ളീഷിൽ ലിവർ എന്ന വിളിക്കും. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ധാരത്തെ ഫൽക്രം (fulcrum) എന്ന് ഇംഗ്ലീഷിൽ പറയാമെന്ന് മദർ പറഞ്ഞപ്പോൾ കേട്ടു നിന്ന സദാശിവൻ മാഷ് പറഞ്ഞത് അത് ഫുൽക്രം എന്നു വായിക്കണമെന്നാണ്. ആലോചനയിൽ പോലും അലോഹ്യമില്ലാത്ത മദർ അരയിൽ തൂക്കിയിട്ട കൊന്ത മണിയിൽ തെരുപ്പിടിക്കുന്നതാണ് അപ്പോൾ കണ്ടത്

ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.

ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം. കത്രിക ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം, അതായത് ഇതിലെ ധാരം, രോധത്തിനും യത്നത്തിനും ഇടയിലാണ്.

രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം.

യത്നം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗം.  ഫോർസെപ്സ് മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്

മദർ ഇതു നന്നായി പഠിപ്പിച്ചുവെങ്കിലും ഫീൽഡിനു ഒന്നും മനസ്സിലായില്ല. മുഖ്യ പഠിപ്പി രാജന് ഇതു മനസ്സിലായെങ്കിലും  അവന് വർഗ്ഗം ഒന്നും രണ്ടും എപ്പോഴുംമാറിപ്പോകും. ഇതു ഞാൻ മനസ്സിലാക്കുകയും ചെയ്തു.

കുട്ടികൾ പഠിച്ചോയെന്നു മദർ ചെക്കു ചെയ്യുന്നത് മത്സരം നടത്തിയാണ്. വളർന്നു പന്തലിച്ച ഒരു മാവു സ്കൂൾ മുറ്റത്തുണ്ട്. സയൻസ് കോമ്പറ്റീഷൻ മാവിൻ ചുവട്ടിൽ വെച്ചു നടത്തും. ക്ളാസിലെ കുട്ടികളെ മദർ രണ്ടായി വിഭജിക്കും. ഒരു ടീമിന്റെ ക്വാപ്റ്റൻ രാജനും മറ്റേതിന്റെ ചുമതല എനിക്കും. ക്യാപ്റ്റൻ ആകാൻ പറ്റിയ പെൺകുട്ടികൾ ക്ളാസിൽ ഇല്ലാത്തതിനാൽ ക്യാപ്റ്റൻ പദവി സ്ഥിരം ഞങ്ങൾക്കാണ്. ക്യാപ്റ്റൻമാരാണ് ടീമംഗങ്ങളെ സെല്ക് ടു ചെയ്യുക. ഫീൽഡിനെ ഒരിക്കൽ പോലും രാജൻ ടീമിലെടുക്കില്ലെന്നു എനിക്കറിയാം. അതുകൊണ്ട് ഞാൽ ആദ്യമേ തന്നെ ഫീൽഡിനെ സെലക്ടു ചെയ്യും. അവനു വിഷമം തോന്നരുതല്ലോ? അതിന്റെ നന്ദി അവന് എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ ചായക്കടയിൽ കൊടുക്കാൻ കൊണ്ടു പോയ എരുമപ്പാൽ  കുപ്പിയിൽ പകർന്ന് പലദിവസം എന്നെ ഏല്പിക്കുമോ? വേണ്ടെന്നു പറഞ്ഞാലും അവൻ സമ്മതിക്കില്ല.

മത്സരമാരംഭിക്കുമ്പോൾ  നറുക്കു കിട്ടുന്നതു രാജന് ആണെങ്കിൽ ആദ്യം അവൻ ഫീൽഡിനോടു ചോദ്യം ചോദിച്ച് ഔട്ടാക്കും. ഉത്തരം അറിയാൻ പാടില്ലാത്തതു കൊണ്ട് അവന് സങ്കടവുമില്ല.  ഒരോരുത്തർ ഔട്ടാകുന്നത് അനുസരിച്ചാണ് സ്കോർ കിട്ടുന്നത്. ഏതു ടീമിൽ എല്ലാവരും ഔട്ടാകുന്നു അവർ തോറ്റു.

പക്ഷെ ഈ പഠനകളരിയിൽ കൂടുതൽ ജയവും ഞങ്ങളുടെ ടീമിനായിരുന്നു. അതിനു ഞാനൊരു വിദ്യ കണ്ടു വെച്ചിരുന്നു. രാജൻ വായിച്ചു പഠിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാഠഭാഗം ഞാൻ കാണാതെ പഠിച്ചു വെയ്ക്കും. ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ചോദ്യം രാജനോടാവും ആദ്യം. ,രാജൻ ഔട്ട്. പിന്നെ ബാക്കിയുള്ളതുങ്ങളുടെ കാര്യം പറയേണ്ടല്ലോ? മന്ത്രിയും തേരുകളും നഷ്ടപ്പെട്ട ചതുരംഗ കളത്തിലെ കാലാളുകളുടെ അവസ്ഥ. ക്യാപ്റ്റൻ ഇല്ലാതാകുന്നതോടെ എല്ലാം ഔട്ട്. രാജൻ ഔട്ടാകുന്നതു കാണുമ്പോൾ ഫീൽഡിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് മൽസരത്തിനിടയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
ഉത്തോലക പാഠ മത്സരത്തിൽ രാജൻ ടീമിന് ഒരിക്കൽ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല

ഈ ഉത്തോലകക്ളാസ് അവസാനിക്കും മുമ്പ് രണ്ടു പേരെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. ഒന്ന് മത്തോമാപ്ള എന്ന മത്തായി ചേട്ടൻ. തൊണ്ടഴുക്കു-കയർപിരിയാണ് തൊഴിൽ. അപ്പനപ്പുപ്പൻമാർ തുടങ്ങി ചെയ്തു പോരുന്നതാണ്. പക്ഷെ കാര്യമായ പുരോഗതിയില്ല. കഷ്ടിച്ചു കഴിഞ്ഞു പോകാമെന്ന് മാത്രം. പക്ഷെ പി എച്ച് ഡി പ്രബന്ധത്തിൽ വരെ മത്തായി ചേട്ടന്റെ തൊണ്ട ഴക്കും കയറു പിരിയും കയറിക്കൂടിയിട്ടുണ്ട്. പ്രമുഖനായ ഒരു രാഷ്ടീയ നേതാവ് തന്റെ പി എച്ച്‌ ഡി തിസീസിൽ മത്തോ ചേട്ടന്റെ ഇന്റർവ്യൂ ചേർത്തിട്ടുണ്ട്‌. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഒട്ടേറെ ഗവേഷകർ മത്തോ ചേട്ടനുമായി അഭിമുഖവും നടത്തുകയുമുണ്ടായി'. ഒരു അഭിമുഖം നടന്ന അവസരത്തിൽ മത്തായിയുടെ വിവിധ ജോലികളുടെ ഫോട്ടോയെടുത്തത് ചേർത്തലയിലെ പ്രമുഖ ഫാട്ടോഗ്രാഫറായ ഷേണായിയാണ്. അദ്ദേഹം അന്നെടുത്ത ഒരു ഫോട്ടോയ്ക്കു രാജ്യാന്തരതലത്തിൽ സമ്മാനവും കിട്ടി. മത്തോമപ്ളയ്ക്ക് എന്തു പഠിത്തമുണ്ടെന്നോ  അദ്ദേഹം ഉത്തോലകതത്വം പഠിച്ചിട്ടുണ്ടോയെന്നോ ആർക്കുമറിയില്ല.

അടുത്ത ആൾ മാസ്റ്റർ പ്രഭാകരൻ ആണ്. അദ്ദേഹം ഒരു സ്കൂളിലെയും മാസ്റ്ററല്ല, കാഥികനാണ്. മജീഷ്യൻമാർ പ്രഫസർ എന്നു പേരിനു കൂടെ ചേർക്കുന്നതു പോലെ, മലയാളം മുന്ഷികൾ വിദ്വാൻ എന്നു ചേർക്കന്നതു പോലെ ഒരു ആചാരം . കേട്ടിട്ടില്ലേ, മജീഷ്യൻ പ്രഫസർ ഭാഗ്യനാഥ്, വിദ്വാൻഗോപാലകൃഷ്ണൻ എന്നൊക്കെ? മാസ്റ്റർ പ്രഭാകരൻ ബി എസ് സി ബോട്ടണി സെക്കന്റ് ക്ളാസ് ആണ്. ജോലി കൊടുക്കാമെന്ന് സ്ഥലം സ്കൂൾ മാനേജർ പറഞ്ഞെങ്കിലും പ്രഭാകരൻ വേണ്ടെന്നു വെച്ചു. ഏഴാം ക്ളാസുകാരൻ പോലും പോലിസിൽ സി ഐ ഡി ആകുന്ന കാലം.

കാഥികനുള്ള പ്രശസ്തിയും സ്വീകരണവും വരുമാനവും സ്കൂൾ മാസ്റ്ററിനില്ലായെന്നതായിരുന്നു പ്രഭാകരന്റെ കണ്ടെത്തൽ. അന്നത്തെ നിലയിൽ അതു ശരിയായിരുന്നു. സാംബശിവനും കെടാമംഗലവുമൊക്കെ കഥാപ്രസംഗ കൊടുമുടിയിൽ നില്ക്കുന്ന കാലം. താനും അവർക്കൊപ്പം എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറയും പോലെ മാസ്റ്റർ പ്രഭാകരന് നാട്ടിൽ വലിയ മതിപ്പില്ലായിരുന്നു. സാംബശിവനും കെടാമംഗലവും കുമ്പനാടനുമൊക്കെ വന്നു കഥ പറഞ്ഞു പോയിട്ടും പ്രഭാകരന് നാട്ടിൽ അവസരം കിട്ടിയില്ല.

ഈ കുറവ് പരിഹരിച്ചത് മറ്റൊരു മാർഗ്ഗത്തിലാണ്. രാവിലെ പതിനൊന്നു മണിയാകുമ്പോൾ അമ്പാസഡർ കാറിൽ അദ്ദേഹം ട്രൂപ്പുമായി ചന്തക്കവലയിൽ വന്നിറങ്ങും. ഇന്നലെ രാത്രി കഥ തലശ്ശേരിയിലായിരുന്നു, തിരികെ എത്താൻ വൈകിയതാണെന്ന് ഇതു കാണുന്ന ജനം ഊഹിക്കും. അല്ലെങ്കിൽ അങ്ങനെ യാണെന്നു പറഞ്ഞു കൊടുക്കാൻ പ്രഭാകരൻ തന്നെ ആളെ ചട്ടം കെട്ടിയിരിക്കും.. ബി എസ് സി ബോട്ടണി പാസ്സാകും മുമ്പേ തന്നെ അദ്ദേഹം ഉത്തോലകതത്വം നന്നായി പഠിച്ചിരുന്നു എന്ന കാര്യവും മറക്കണ്ട. ചിന്താവിഷ്ടയായ സീത എന്ന സ്വന്തം കഥാ പ്രസംഗത്തിൽ ഉത്തോലകതത്വം എത്ര നന്നായി അദ്ദേഹം അവതരിപ്പിച്ചിരുന്നുവെന്നു കഥ കേട്ടവർക്കേ അറിയൂ.

ഇനിയാണ് പ്രധാന സംഭവം. സ്കൂളു നേരെത്തെ വിടുകയും ഞാൻ കൊന്തിക്കളി കഴിഞ്ഞു വീട്ടിലേക്കു പോരുകയും ചെയ്യുന്ന നേരം. മത്തായി ചേട്ടൻ ഒരു ഉന്തുവണ്ടി നിറയെ അഴുകിയ തൊണ്ട് കയറ്റിക്കൊണ്ടു വരുന്നു. രണ്ടു പേർ വേണ്ടി വരുന്ന ജോലി ഒറ്റയ്ക്കു ചെയ്യുന്നതു കണ്ടപ്പോൾ സഹായിക്കാമെന്നു ഞാനും കരുതി. പുറകിൽ ഭാരം കൂടുതലായതിനാൽ വണ്ടി ഒന്നാം വർഗ്ഗഉത്തോലക തത്വമനുസരിച്ചല്ല നീങ്ങുന്നത് എന്ന് എനിക്കു മനസ്സിലായി. പുറകിൽ നിന്ന് തള്ളുന്നതിനു ഒപ്പം മേല്പോട്ടു പൊക്കിയിട്ടും മുമ്പിലെ വണ്ടിക്കൈക്കൊപ്പം മത്തായി ചേട്ടൻ കാലുറക്കാതെ മേലോട്ടു പൊങ്ങുന്നുണ്ടായിരുന്നു. മത്തായി ചേട്ടനെ നിലത്തു നിർത്താൻ ഏഴാം ക്ളാസ് കാരന്റെ ശക്തി മതിയാകില്ലെന്നും തോന്നി. വളരെ വിഷമം പിടിച്ചാണ് അദ്ദേഹം വണ്ടി നിയന്ത്രിക്കുന്നത്. എങ്ങനെയെങ്കിലും തൊണ്ട് വീട്ടുമുറ്റത്തെത്തിച്ചാൽ മതി എന്ന സ്ഥിതി. ചക്രശ്വാസം വലിക്കുക എന്നു പറയുന്നത് ഇത്തരം അവസ്ഥയെയാണ്

വണ്ടി ചന്തക്കവലയിൽ എത്തി. വണ്ടിയിൽ നിന്ന് തൊണ്ടുചീഞ്ഞ വെള്ളം റോഡിലേക്കു ഒഴുകുന്നുണ്ട്- അതാ ചന്തക്കവലയിൽ നില്ക്കുന്നു കാഥികൻ മാസ്റ്റർ പ്രഭാകരൻ.  ഇന്നു കഥാപ്രസംഗമില്ലെന്നു തോന്നുന്നു. അമ്പാസഡർ കാർ കണ്ടില്ല.

വണ്ടിക്കൈയ്യിൽ പൊങ്ങിക്കളിക്കുന്ന മത്തായി ചേട്ടനോട് പ്രഭാകരൻ
"മിസ്റ്റർ മത്തായി, ഡോണ്ട് യു നോ പ്രിൻസിപ്പിൾ ആഫ് ലിവർ, ഫസ്റ്റ് ഓർഡർ? " ഉത്തോലക തത്വം അറിയില്ലേടോ മാപ്ളേ എന്നു ശ്രേഷ്ഠ ഭാഷ.

" ഫ് ഭാ, പട്ടിക്കഴുവറീട മോനെ, ഡാ ഷേ, @& *? നിന്റെ ചോകോത്തിയോടു പോയി ചോദിക്കടാ, അവന്റെ കോ. . . ലെ ഒരു ചോദ്യം " മത്തോമാപ്ള തന്റെ എല്ലാ ഭാരവും അവിടെ ഇറക്കി വെച്ചു.

കാഥികൻ മാസ്റ്റർ പ്രഭാകരൻ അന്നു പോയ വഴിയിൽ പിന്നീടു പുല്ലുമുളച്ചിട്ടില്ല.
- കെ എ സോളമൻ