കഥ
സംഭവം നടന്നത് പത്തമ്പതു കൊല്ലം മുമ്പാണ്. തങ്കീ സ്കൂളിൽ പഠിക്കുന്ന കാലം. ഏഴാംക്ളാസിലാണെന്നു തോന്നുന്നു, സയൻസ് വളരെ രസകരമായി പഠിച്ചു നടന്ന കാലം. നന്നായി പഠിപ്പിക്കുന്ന ഒരു സിസ്റ്റർ അവിടെ ഉണ്ടായിരുന്നു, നല്ല കാപ്പിപ്പൊടി നിറമുള്ള ഉടുപ്പു ധരിച്ച സിസ്റ്റർ. തല മൂടുന്നത് കറപ്പു തുണികൊണ്ടാണ്, കഴുത്തിൽ മാത്രം കുറച്ചു വെള്ളത്തുണി, പള്ളി മണികളുടെ ഷേപ്പിൽ. എന്തിനാണ് ഇത്രയും ഭാഗത്തു മത്രം വെള്ള നിറം. ഞാൻ എന്റെ കൂട്ടുകാരൻ ഫീൽഡിനോട് ചോദിച്ചിട്ടുണ്ട്
" അതു പിന്നെ അവർ ഇരുട്ടത്തൊക്കെ നടക്കുമ്പോൾ കാണണ്ടേ, വെള്ളായമില്ലെങ്കിൽ കാണാൻ പറ്റൂല"
ഫീൽഡ് - വിചിത്രമായ പോരായി എനിക്കു തോന്നിയിരുന്നു. കൂടെയുള്ള വരൊക്കെ ജോസഫ്, ആന്റണി, റെയ്നോൾഡ്, കുമാർ, ശുഭ, പുഷ്പലത, അന്നമ്മ, ലളിത, അയിഷ, ജുനൈത്ത് എന്നൊക്കെ ആകുമ്പോൾ ഇവൻ മാത്രം ഫീൽഡ് ആയത് എങ്ങനെ?
ഇത്തരം പേരുകൾ ഉണ്ട് എന്നുള്ളത് ഡേവിഡ് കോപ്പർ ഫീൽഡ് ഒക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ്. എരുമ വളർത്തു കാരനായ ഇവന്റെ അപ്പന് ഇങ്ങനെയൊരു പേരു കണ്ടു പിടിക്കാൻ എങ്ങനെ സാധിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി.
കർമ്മലീത്ത സഭാംഗമായ സിസ്റ്ററിന്റെ വേഷത്തെക്കുറിച്ച് ഫീൽഡിന്റെ വിശദീകരണം തൃപ്തികരമായി തോന്നിയെങ്കിലും അവർ തിരിഞ്ഞു നിന്നാൽ കഴുത്തിലെ വെള്ള നിറം കാണില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫീൽഡിന് മറുപടി ഇല്ലായിരുന്നു.
ഞങ്ങളുടെ സയൻസ് സിസ്റ്ററിന്റെ പേര് സെനറ്റിത്ത മരിയ എന്നോ മറ്റോ ആണ് - ഞങ്ങളെല്ലാം മദർ എന്നാണ് വിളിച്ചിരുന്നത് . അങ്ങനെ കേൾക്കുന്നതായിരിക്കും സിസ്റ്ററിന് ഇഷ്ടപ്പെടുകയെന്ന് ഞാനും ഫീൽഡും മറ്റുള്ളവരും കരുതിയിരുന്നു.
പിന്നെ പഠിത്തത്തിന്റെ കാര്യം. ഞാൻ തന്നെയാണ് ക്ളാസിൽ ഫസ്റ്റ്. തൊട്ടടുത്ത് രാജൻ എന്നൊരുത്തനുണ്ട്. അവന്റെ അപ്പൻ പള്ളിക്കമ്മറ്റിയിലെ അംഗമായിരുന്നതിനാൽ പള്ളി സ്കൂളിൽ ഒരു പിടിയുമുണ്ടായിരുന്നു. അതിന്റെ മേൽകൈ രാജന് കിട്ടുകയും ചെയ്തിരുന്നു. ടീച്ചർമാർക്കെല്ലാം രാജനെയായിരുന്നു ഇഷ്ടം. ഫീൽഡും ഞാനും പിന്നാമ്പുറത്തായിരുന്നു. ഫീൽഡിന്റെ കാര്യമായിരുന്നു കഷ്ടം. കൂടുതൽ മാർക്കു വാങ്ങി ഞാൻ ഒരു വിധം പിടിച്ചു നിന്നപ്പോൾ ഫീൽഡ് ഗതി കിട്ടാതെ വലയുകയായിരുന്നു. ഏതു പരീക്ഷയ്ക്കും അവന്റെ മാർക്ക് 9 -ൽ താഴെ. എന്നു വെച്ചാൽ ഒറ്റയക്കത്തിലാണ് എപ്പോഴും മാർക്ക്. ഫീൽഡിനെ കുറ്റം പറയാൻ പറ്റില്ല. വീട്ടിൽ ചെന്നാൽ ഏരുമകളുമായി മൽപിടിക്കുന്ന അവന് പുസ്തകം തുറക്കാൻ എവിടെ നേരം. പഠിപ്പിച്ചഭാഗം വായിച്ചു കേൾപ്പിക്കാൻ എന്റെ അമ്മ പറയും പോലെ അവന്റെ അപ്പൻ അവനോടു പറഞ്ഞിട്ടില്ല.
ഞങ്ങളെ മദർ അന്നു പഠിപ്പിച്ച ഉത്തോലക തത്വം ഇന്നും മനസ്സിലുണ്ട്. തുടർപഠനത്തിൽ കോളജ് ക്ളാസുകളിൽ വരെ ഉത്തോലക തത്വം കേൾക്കേണ്ടി വന്നെങ്കിലും മദർ അന്നു പഠിപ്പിച്ചതിന് ഒരു മാറ്റവും വേണ്ടി വന്നില്ല
അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ് ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ് ഉത്തോലകം. ഇംഗ്ളീഷിൽ ലിവർ എന്ന വിളിക്കും. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ധാരത്തെ ഫൽക്രം (fulcrum) എന്ന് ഇംഗ്ലീഷിൽ പറയാമെന്ന് മദർ പറഞ്ഞപ്പോൾ കേട്ടു നിന്ന സദാശിവൻ മാഷ് പറഞ്ഞത് അത് ഫുൽക്രം എന്നു വായിക്കണമെന്നാണ്. ആലോചനയിൽ പോലും അലോഹ്യമില്ലാത്ത മദർ അരയിൽ തൂക്കിയിട്ട കൊന്ത മണിയിൽ തെരുപ്പിടിക്കുന്നതാണ് അപ്പോൾ കണ്ടത്
ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
ധാരം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് ഒന്നാം വർഗ്ഗ ഉത്തോലകം. കത്രിക ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം, അതായത് ഇതിലെ ധാരം, രോധത്തിനും യത്നത്തിനും ഇടയിലാണ്.
രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം.
യത്നം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് മൂന്നാം വർഗ്ഗം. ഫോർസെപ്സ് മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്
മദർ ഇതു നന്നായി പഠിപ്പിച്ചുവെങ്കിലും ഫീൽഡിനു ഒന്നും മനസ്സിലായില്ല. മുഖ്യ പഠിപ്പി രാജന് ഇതു മനസ്സിലായെങ്കിലും അവന് വർഗ്ഗം ഒന്നും രണ്ടും എപ്പോഴുംമാറിപ്പോകും. ഇതു ഞാൻ മനസ്സിലാക്കുകയും ചെയ്തു.
കുട്ടികൾ പഠിച്ചോയെന്നു മദർ ചെക്കു ചെയ്യുന്നത് മത്സരം നടത്തിയാണ്. വളർന്നു പന്തലിച്ച ഒരു മാവു സ്കൂൾ മുറ്റത്തുണ്ട്. സയൻസ് കോമ്പറ്റീഷൻ മാവിൻ ചുവട്ടിൽ വെച്ചു നടത്തും. ക്ളാസിലെ കുട്ടികളെ മദർ രണ്ടായി വിഭജിക്കും. ഒരു ടീമിന്റെ ക്വാപ്റ്റൻ രാജനും മറ്റേതിന്റെ ചുമതല എനിക്കും. ക്യാപ്റ്റൻ ആകാൻ പറ്റിയ പെൺകുട്ടികൾ ക്ളാസിൽ ഇല്ലാത്തതിനാൽ ക്യാപ്റ്റൻ പദവി സ്ഥിരം ഞങ്ങൾക്കാണ്. ക്യാപ്റ്റൻമാരാണ് ടീമംഗങ്ങളെ സെല്ക് ടു ചെയ്യുക. ഫീൽഡിനെ ഒരിക്കൽ പോലും രാജൻ ടീമിലെടുക്കില്ലെന്നു എനിക്കറിയാം. അതുകൊണ്ട് ഞാൽ ആദ്യമേ തന്നെ ഫീൽഡിനെ സെലക്ടു ചെയ്യും. അവനു വിഷമം തോന്നരുതല്ലോ? അതിന്റെ നന്ദി അവന് എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ ചായക്കടയിൽ കൊടുക്കാൻ കൊണ്ടു പോയ എരുമപ്പാൽ കുപ്പിയിൽ പകർന്ന് പലദിവസം എന്നെ ഏല്പിക്കുമോ? വേണ്ടെന്നു പറഞ്ഞാലും അവൻ സമ്മതിക്കില്ല.
മത്സരമാരംഭിക്കുമ്പോൾ നറുക്കു കിട്ടുന്നതു രാജന് ആണെങ്കിൽ ആദ്യം അവൻ ഫീൽഡിനോടു ചോദ്യം ചോദിച്ച് ഔട്ടാക്കും. ഉത്തരം അറിയാൻ പാടില്ലാത്തതു കൊണ്ട് അവന് സങ്കടവുമില്ല. ഒരോരുത്തർ ഔട്ടാകുന്നത് അനുസരിച്ചാണ് സ്കോർ കിട്ടുന്നത്. ഏതു ടീമിൽ എല്ലാവരും ഔട്ടാകുന്നു അവർ തോറ്റു.
പക്ഷെ ഈ പഠനകളരിയിൽ കൂടുതൽ ജയവും ഞങ്ങളുടെ ടീമിനായിരുന്നു. അതിനു ഞാനൊരു വിദ്യ കണ്ടു വെച്ചിരുന്നു. രാജൻ വായിച്ചു പഠിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാഠഭാഗം ഞാൻ കാണാതെ പഠിച്ചു വെയ്ക്കും. ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ചോദ്യം രാജനോടാവും ആദ്യം. ,രാജൻ ഔട്ട്. പിന്നെ ബാക്കിയുള്ളതുങ്ങളുടെ കാര്യം പറയേണ്ടല്ലോ? മന്ത്രിയും തേരുകളും നഷ്ടപ്പെട്ട ചതുരംഗ കളത്തിലെ കാലാളുകളുടെ അവസ്ഥ. ക്യാപ്റ്റൻ ഇല്ലാതാകുന്നതോടെ എല്ലാം ഔട്ട്. രാജൻ ഔട്ടാകുന്നതു കാണുമ്പോൾ ഫീൽഡിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് മൽസരത്തിനിടയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
ഉത്തോലക പാഠ മത്സരത്തിൽ രാജൻ ടീമിന് ഒരിക്കൽ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല
ഈ ഉത്തോലകക്ളാസ് അവസാനിക്കും മുമ്പ് രണ്ടു പേരെക്കൂടി പരിചയപ്പെടേണ്ടതുണ്ട്. ഒന്ന് മത്തോമാപ്ള എന്ന മത്തായി ചേട്ടൻ. തൊണ്ടഴുക്കു-കയർപിരിയാണ് തൊഴിൽ. അപ്പനപ്പുപ്പൻമാർ തുടങ്ങി ചെയ്തു പോരുന്നതാണ്. പക്ഷെ കാര്യമായ പുരോഗതിയില്ല. കഷ്ടിച്ചു കഴിഞ്ഞു പോകാമെന്ന് മാത്രം. പക്ഷെ പി എച്ച് ഡി പ്രബന്ധത്തിൽ വരെ മത്തായി ചേട്ടന്റെ തൊണ്ട ഴക്കും കയറു പിരിയും കയറിക്കൂടിയിട്ടുണ്ട്. പ്രമുഖനായ ഒരു രാഷ്ടീയ നേതാവ് തന്റെ പി എച്ച് ഡി തിസീസിൽ മത്തോ ചേട്ടന്റെ ഇന്റർവ്യൂ ചേർത്തിട്ടുണ്ട്. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ഒട്ടേറെ ഗവേഷകർ മത്തോ ചേട്ടനുമായി അഭിമുഖവും നടത്തുകയുമുണ്ടായി'. ഒരു അഭിമുഖം നടന്ന അവസരത്തിൽ മത്തായിയുടെ വിവിധ ജോലികളുടെ ഫോട്ടോയെടുത്തത് ചേർത്തലയിലെ പ്രമുഖ ഫാട്ടോഗ്രാഫറായ ഷേണായിയാണ്. അദ്ദേഹം അന്നെടുത്ത ഒരു ഫോട്ടോയ്ക്കു രാജ്യാന്തരതലത്തിൽ സമ്മാനവും കിട്ടി. മത്തോമപ്ളയ്ക്ക് എന്തു പഠിത്തമുണ്ടെന്നോ അദ്ദേഹം ഉത്തോലകതത്വം പഠിച്ചിട്ടുണ്ടോയെന്നോ ആർക്കുമറിയില്ല.
അടുത്ത ആൾ മാസ്റ്റർ പ്രഭാകരൻ ആണ്. അദ്ദേഹം ഒരു സ്കൂളിലെയും മാസ്റ്ററല്ല, കാഥികനാണ്. മജീഷ്യൻമാർ പ്രഫസർ എന്നു പേരിനു കൂടെ ചേർക്കുന്നതു പോലെ, മലയാളം മുന്ഷികൾ വിദ്വാൻ എന്നു ചേർക്കന്നതു പോലെ ഒരു ആചാരം . കേട്ടിട്ടില്ലേ, മജീഷ്യൻ പ്രഫസർ ഭാഗ്യനാഥ്, വിദ്വാൻഗോപാലകൃഷ്ണൻ എന്നൊക്കെ? മാസ്റ്റർ പ്രഭാകരൻ ബി എസ് സി ബോട്ടണി സെക്കന്റ് ക്ളാസ് ആണ്. ജോലി കൊടുക്കാമെന്ന് സ്ഥലം സ്കൂൾ മാനേജർ പറഞ്ഞെങ്കിലും പ്രഭാകരൻ വേണ്ടെന്നു വെച്ചു. ഏഴാം ക്ളാസുകാരൻ പോലും പോലിസിൽ സി ഐ ഡി ആകുന്ന കാലം.
കാഥികനുള്ള പ്രശസ്തിയും സ്വീകരണവും വരുമാനവും സ്കൂൾ മാസ്റ്ററിനില്ലായെന്നതായിരുന്നു പ്രഭാകരന്റെ കണ്ടെത്തൽ. അന്നത്തെ നിലയിൽ അതു ശരിയായിരുന്നു. സാംബശിവനും കെടാമംഗലവുമൊക്കെ കഥാപ്രസംഗ കൊടുമുടിയിൽ നില്ക്കുന്ന കാലം. താനും അവർക്കൊപ്പം എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറയും പോലെ മാസ്റ്റർ പ്രഭാകരന് നാട്ടിൽ വലിയ മതിപ്പില്ലായിരുന്നു. സാംബശിവനും കെടാമംഗലവും കുമ്പനാടനുമൊക്കെ വന്നു കഥ പറഞ്ഞു പോയിട്ടും പ്രഭാകരന് നാട്ടിൽ അവസരം കിട്ടിയില്ല.
ഈ കുറവ് പരിഹരിച്ചത് മറ്റൊരു മാർഗ്ഗത്തിലാണ്. രാവിലെ പതിനൊന്നു മണിയാകുമ്പോൾ അമ്പാസഡർ കാറിൽ അദ്ദേഹം ട്രൂപ്പുമായി ചന്തക്കവലയിൽ വന്നിറങ്ങും. ഇന്നലെ രാത്രി കഥ തലശ്ശേരിയിലായിരുന്നു, തിരികെ എത്താൻ വൈകിയതാണെന്ന് ഇതു കാണുന്ന ജനം ഊഹിക്കും. അല്ലെങ്കിൽ അങ്ങനെ യാണെന്നു പറഞ്ഞു കൊടുക്കാൻ പ്രഭാകരൻ തന്നെ ആളെ ചട്ടം കെട്ടിയിരിക്കും.. ബി എസ് സി ബോട്ടണി പാസ്സാകും മുമ്പേ തന്നെ അദ്ദേഹം ഉത്തോലകതത്വം നന്നായി പഠിച്ചിരുന്നു എന്ന കാര്യവും മറക്കണ്ട. ചിന്താവിഷ്ടയായ സീത എന്ന സ്വന്തം കഥാ പ്രസംഗത്തിൽ ഉത്തോലകതത്വം എത്ര നന്നായി അദ്ദേഹം അവതരിപ്പിച്ചിരുന്നുവെന്നു കഥ കേട്ടവർക്കേ അറിയൂ.
ഇനിയാണ് പ്രധാന സംഭവം. സ്കൂളു നേരെത്തെ വിടുകയും ഞാൻ കൊന്തിക്കളി കഴിഞ്ഞു വീട്ടിലേക്കു പോരുകയും ചെയ്യുന്ന നേരം. മത്തായി ചേട്ടൻ ഒരു ഉന്തുവണ്ടി നിറയെ അഴുകിയ തൊണ്ട് കയറ്റിക്കൊണ്ടു വരുന്നു. രണ്ടു പേർ വേണ്ടി വരുന്ന ജോലി ഒറ്റയ്ക്കു ചെയ്യുന്നതു കണ്ടപ്പോൾ സഹായിക്കാമെന്നു ഞാനും കരുതി. പുറകിൽ ഭാരം കൂടുതലായതിനാൽ വണ്ടി ഒന്നാം വർഗ്ഗഉത്തോലക തത്വമനുസരിച്ചല്ല നീങ്ങുന്നത് എന്ന് എനിക്കു മനസ്സിലായി. പുറകിൽ നിന്ന് തള്ളുന്നതിനു ഒപ്പം മേല്പോട്ടു പൊക്കിയിട്ടും മുമ്പിലെ വണ്ടിക്കൈക്കൊപ്പം മത്തായി ചേട്ടൻ കാലുറക്കാതെ മേലോട്ടു പൊങ്ങുന്നുണ്ടായിരുന്നു. മത്തായി ചേട്ടനെ നിലത്തു നിർത്താൻ ഏഴാം ക്ളാസ് കാരന്റെ ശക്തി മതിയാകില്ലെന്നും തോന്നി. വളരെ വിഷമം പിടിച്ചാണ് അദ്ദേഹം വണ്ടി നിയന്ത്രിക്കുന്നത്. എങ്ങനെയെങ്കിലും തൊണ്ട് വീട്ടുമുറ്റത്തെത്തിച്ചാൽ മതി എന്ന സ്ഥിതി. ചക്രശ്വാസം വലിക്കുക എന്നു പറയുന്നത് ഇത്തരം അവസ്ഥയെയാണ്
വണ്ടി ചന്തക്കവലയിൽ എത്തി. വണ്ടിയിൽ നിന്ന് തൊണ്ടുചീഞ്ഞ വെള്ളം റോഡിലേക്കു ഒഴുകുന്നുണ്ട്- അതാ ചന്തക്കവലയിൽ നില്ക്കുന്നു കാഥികൻ മാസ്റ്റർ പ്രഭാകരൻ. ഇന്നു കഥാപ്രസംഗമില്ലെന്നു തോന്നുന്നു. അമ്പാസഡർ കാർ കണ്ടില്ല.
വണ്ടിക്കൈയ്യിൽ പൊങ്ങിക്കളിക്കുന്ന മത്തായി ചേട്ടനോട് പ്രഭാകരൻ
"മിസ്റ്റർ മത്തായി, ഡോണ്ട് യു നോ പ്രിൻസിപ്പിൾ ആഫ് ലിവർ, ഫസ്റ്റ് ഓർഡർ? " ഉത്തോലക തത്വം അറിയില്ലേടോ മാപ്ളേ എന്നു ശ്രേഷ്ഠ ഭാഷ.
" ഫ് ഭാ, പട്ടിക്കഴുവറീട മോനെ, ഡാ ഷേ, @& *? നിന്റെ ചോകോത്തിയോടു പോയി ചോദിക്കടാ, അവന്റെ കോ. . . ലെ ഒരു ചോദ്യം " മത്തോമാപ്ള തന്റെ എല്ലാ ഭാരവും അവിടെ ഇറക്കി വെച്ചു.
കാഥികൻ മാസ്റ്റർ പ്രഭാകരൻ അന്നു പോയ വഴിയിൽ പിന്നീടു പുല്ലുമുളച്ചിട്ടില്ല.
- കെ എ സോളമൻ
No comments:
Post a Comment