തന്റെ സാംസ്കാരിക ട്രൂപ്പിന് ഗ്ളാമർ നഷ്ടപ്പെട്ടതും ആളു കുറഞ്ഞതും സെക്രട്ടറിയായ കോയക്കുഞ്ഞ് സാഹിബിനെ വ്യാകുലചിത്തനാക്കി.
"എന്താണിതിന് കാരണം?" കോയാ കുഞ്ഞ് ആത്മഗതം.
ഇതു കണ്ട മുട്ടുവേദനക്കാരനായ പ്രസിഡന്റ് പറഞ്ഞു:
"അതു നമ്മുടെ ആരുടെയും കുഴപ്പമല്ല. പണ്ടെത്ത പോലെയാണോ ഇപ്പോ? നമ്മുടേയും ആ ഉപേന്ദ്രപന്റയും ട്രൂപ്പുകൾ മാത്രമല്ലേ പണ്ടുണ്ടായിരുന്നുള്ളു. നമ്മുടെതിന്റെ പകുതി ആളുകൾ ഉപേന്ദ്രന്റെ ജനനിക്ക് എത്തുന്നില്ല. ഇപ്പോൾ പണ്ടെത്തെ സ്ഥിതിയാണോ? 2-നു പകരം 20 എണ്ണമില്ലേ? എല്ലാവർക്കുമുണ്ടു ആളെ കിട്ടാനുള്ള പരിമിതി"
" എന്നാലും ഇങ്ങനെയുണ്ടോ, ആളുകളുടെ കൊഴിച്ചിൽ? ചായയ്ക്കും വടയ്ക്കും ഹാൾ വാടകയ്ക്കമായി 1000 വെച്ചു മുടക്കുന്നത്, " കോയ
"അതു കോയ വീട്ടീന്നു കൊണ്ടുവന്നതല്ലല്ലോ?
നടന്നു പിരിച്ചതല്ലേ? ആദരിക്കാനും ഷാളു പുതപ്പിക്കാനുമെന്നും പറഞ്ഞു പണം ചോദിച്ചു, കുറെ പേർ വീണു. "എന്നെ ആദരിക്കുന്നില്ലേ "യെന്നു ചോദിച്ചു കൊണ്ടു വരുന്നവരുമുണ്ട്, അതുകൊണ്ട് പണത്തിനു മുട്ടു വരില്ല. ഈ ഷാൾ പുതപ്പിക്കൽ കൂടിയതാണ് ആളുകൾ അടുക്കാത്തത്, കാശു പോകുന്ന പരിപാടിക്ക് ബോധമുള്ളവർ മുതിരില്ല ? " പ്രസിഡന്റ്.
" അപ്പോ, എന്താ ഒരു വഴി?" !കോയ
" അതൊന്നുമല്ല കാരണം, വെറുപ്പിച്ച വിട്ടാൽ ആരെങ്കിലും പിന്നീടു വരുമോ? ആ രണ്ടു പ്രഫസർമാരെ വെറുപ്പിച്ചതു ശരിയായില്ല. അവർക്കു പകരം ഡൽഹീന്നു വന്ന ചെരുപ്പുകടക്കാരനെ പ്രഫസറാക്കി അവതരിപ്പിച്ചതും പാളി, അയാൾ ഒരു യോഗത്തിൽ വിളിച്ചു പറഞ്ഞതു കേട്ടില്ലേ , ഡൽഹിയിൽ ചെരുപ്പിനു വിലക്കുറവാണെന്ന് " അഭിപ്രായം പറഞ്ഞത് കടൽത്തീരം കവി രാഘവനാണ്.
" രാഘവനു വല്ല നിർദ്ദേശവുമുണ്ടോ. ആളുകളെ കൂടുതലായി എത്തിക്കാൻ?":-പ്രസിഡന്റ്
"പ്രഫസർമാർ സാഹിത്യ സമ്മേളനങ്ങൾക്ക് അലങ്കാരമാണ്. നമ്മുടെ പരിപാടി നേരം കൊല്ലിയാണെന്നു വ്യാപക പ്രചരണമുള്ളതിനാൽ പ്രഫസർമാരെ കിട്ടില്ല. അപ്പോൾ പഴയ പരിപാടി ആവർത്തിക്കേണ്ടി വരും
" പുതുതായി വന്ന, അധികം സംസാരിക്കാത്ത, ആരോടും മിണ്ടാത്ത താടിക്കാരനെ, എന്താണയാളുടെ പേര്, അതെ റോഹിത് കുമാരനെ നമുക്ക് പ്രഫസറാക്കി വാഴിക്കാം. അയാളെ ആർക്കും തന്നെ അത്ര പരിചയമില്ല പ്രസിഡന്റിന്റെ കെയറോഫിൽ വന്നതല്ലേ? ഏതു കോളജിലെ പ്രഫസർ എന്ന് ആരെങ്കിലും ചോദിച്ചാൽ ജെ എൻ യു എന്നു പറയാൻ പഠിപ്പിച്ചാൽ മതി. ജെ.എൻ യു പ്രഫസറാവുമ്പോൾ അവിടത്തെ പിള്ളാരെ പോലയാണ്, പല്ലു തേയ്ക്കണ്ട, മുഖം കഴുകണ്ട കുളിക്കില്ല. താടിയും മുടിയും കണ്ടാൽ ബൗദ്ധിക നിലവാരം കൂടിയ ആൾ എന്നു തോന്നുകയും ചെയ്യും. ജെ എൻ യു ആണിപ്പോൾ ട്രൻന്റ്" രാഘവൻ
"എങ്കിൽ അതു മതി. ജെ എൻ യു പ്രഫസർ രോഹിത് കുമാർ അടുത്ത പരിപാടിക്ക് നമ്മുടെ മുഖ്യാതിഥി "
കോയകുഞ്ഞു ചാടി എഴുന്നേറ്റ് രാഘവനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു
- കെ എ സോളമൻ
No comments:
Post a Comment