Monday, 21 October 2019

ഒരുമുതിർന്ന #പൗരന്റെ അപേക്ഷ.

#ഒരുമുതിർന്ന #പൗരന്റെ അപേക്ഷ.  'കഥ- കെ എ സോളമൻ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമാൻ കെ റ്റി ജലീൽ സാഹിബ്ബ് വായിച്ചറിയുന്നതിനും അനുകൂലമായ നടപടി സ്വീകരിക്കുന്നതിനനും, ഒരു മുതിർന്ന പൗരനായ രാമൻ നായർ ബോധിപ്പിക്കുന്ന അപേക്ഷ.

തിരുരങ്ങാടി പി എസ് എം ഒ കോളജിൽ ഹിസ്റ്ററിപ്രഫസറായ അങ്ങേക്ക് ഇപ്പോൾ പ്രായം 52. കേരള സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതിനാൽ ലീവിലാണെന്നും അറിയാം. രണ്ടു വർഷം കൂടി കഴിഞ്ഞ് മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുമ്പോൾ 54 വയസ്. അപ്പോഴും റിട്ടയർമെന്റ് പ്രായം ആകുന്നില്ല. തിരികെ ചെന്നു വീണ്ടും സർവീസിൽ പ്രവേശിക്കുന്നതിന് തടസ്സവുമില്ല. മറ്റധ്യാപകരെ പോലെ പിള്ളേരെ പഠിപ്പിച്ചോ കളിപ്പിച്ചോ  56 വയസ്സാകുന്നതുവരെ തുടരാം. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി, കിഫ്ബിലേക്കുള്ള ആസ്തി വരവ് മുന്നിൽ കണ്ട്  ധനമന്ത്രി തോമസ് ജി ഐസക് ജിക്ക്‌  പെൻഷൻ പ്രായം അറുപതാക്കാൻ തോന്നിയാൽ  പിന്നെയും തുടരാം നാലു കൊല്ലം കൂടി ചരിത്ര പ്രഫസറായി.

അങ്ങയെക്കാൾ 10-15 കൊല്ലം പ്രായക്കൂടുതൽ ഉള്ള ആളാണ് ഞാൻ. നിലവിൽ ക്ഷീരകർഷകനാണ്, വരുമാനം തീരെ കുറവ്. മുഴവൻ മേൽവിലാസവും മൊബൈൽ നമ്പരും ഭാര്യ കാർത്യായനി പിള്ളയുടെ പേരിലുള്ള റേഷൻ കാർഡു നമ്പറും ഈ അപേക്ഷയുടെ അവസാനം കൊടുത്തിട്ടുണ്ട്

എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ എന്ന് അണു സംശയിക്കുന്നുണ്ടാകും. അതിലേക്കാണ് വരുന്നത്.

അങ്ങയെപ്പോലെ ഹിസ്റ്ററി തന്നെയായിരുന്നു എന്റെ ഡിഗ്രി കോഴ്സിന്റെയും വിഷയം. 1973-ൽ ചേർത്തല എൻ എസ് എസ് കോളജിൽ നിന്നാണ് ഡിഗ്രി പാസ്സായത്. 3 വർഷം കൊണ്ടു തന്നെ ഡിഗ്രി പാസ്സായെങ്കിലും മൂന്നാം വർഷത്തെ ഡിഗ്രി പഠനം വളരെ ക്ളേശ പൂർണ്ണമായിരുന്നു. അതിന് മുഖ്യ കാരണം രണ്ടാം വർഷം എനിക്ക് ഇംഗ്ലീഷ് വിഷയം പാസ്സാകാൻ പറ്റാതിരുന്നതാണ്. ഇംഗ്ളിഷിന് ഞാൻ തോറ്റു പോയത് ശ്രമിക്കതിരുന്നിട്ടല്ല. ഷേക്സ്പീയറിന്റെ മക്ബത്ത് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടറും ലേഡി മാക്ബത്തിന്റെ ക്യാരക്ടറും ഒക്കെ പഠിച്ചോണ്ടു പോയതാണ്. പക്ഷെ അന്നു പേപ്പർ നോക്കിയ കോളജ് സാറന്മാർക്ക് എന്റെ ഇംഗ്ലീഷ് തീരെപിടിച്ചു കാണില്ല. അല്ലെങ്കിൽ തന്നെ ഈ കോളജ് സാറന്മാരെല്ലാം ഒരു പ്രത്യേക ക്ളാസാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ അവർക്കാവില്ല. അവരുടെ ഒക്കെവിചാരം അവരൊഴിച്ച് വേറെ യാർക്കും ഇംഗ്ലീഷ് അറിയില്ല എന്നാണ്. അതു കൊണ്ട് കുട്ടികൾക്ക്‌ അവർ മാർക്കു കൊടുക്കാറില്ല. അവർ തന്നെ വല്ലപ്പോഴും തരുന്ന  ക്ളാസ് നോട്സ് അതേപടി, ഉത്തരക്കടലാസിൽ  പകർത്തി കൊടുത്താലും അവർ തരുന്ന പരമാവധി മാർക്ക് പത്തിൽ നാല്.  അവരുടെ കൂട്ടത്തിൽ ഒരാളെക്കൊണ്ട് എഴുതിച്ച് മറ്റൊരാളെക്കൊണ്ട് ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയാലും പരമാവധി  മാർക്ക് നാല് തന്നെ!

കേരളത്തിലെ കൂട്ടികൾക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞു സെന്റൻസ് മേക്കിംഗ് മൊത്തം വെട്ടുന്ന ഒരു കോട്ടയം കാരൻ സാറിനെ പിന്നീട് പരിചയപ്പെടാൻ ഇട വന്നിട്ടുണ്ട്. ഉത്തരക്കടലാസിൽ ചുവപ്പു മഷി കൊണ്ടു വരയിട്ട് മർക്കു കുറച്ച സാറിനോട് ഉത്തരത്തിലെ തെറ്റ് എവിടെയാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് തഴത്തെ വരിയിൽ തെറ്റുണ്ട് എന്നാണ്‌. എന്നാൽ പിന്നെ അവിടെയല്ലേ വരയിടേണ്ടത് എന്നു ചോദിച്ചതിന്  " കൃത്യമായി വരയ്ക്കാൻ ഞാൻ ആശാരിയല്ല, ഇനി മുതൽ താൻ ക്ളാസിൽ കേറണ്ട " എന്നു പറഞ്ഞു എന്നെ ഇതികർത്തവ്യഥാ മൂഢനാക്കുകയായിരുന്നു സാറ് ചെയ്തത്.  ഇത് ഒറ്റപ്പെട്ട അനുഭവമല്ല.

എന്താ ചെയ്യുക, ഞാൻ പരീക്ഷയിൽ തോറ്റു. ജയിക്കാനുള്ള മാർക്ക് 105-ആയിരിക്കേ എനിക്ക് കിട്ടിയത് 101. നാലു മാർക്കിനാണ് തോറ്റത്.

തോറ്റ വിഷയം ജയിക്കാനായിരുന്നു പിന്നീടുള്ള പഠിത്തം. ചേർത്തലയിൽ തന്നെയുള്ള കുറുപ്പു സാറിന്റെ ട്വീട്ടോറിയലിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. ഇത് മെയിൻ പഠനമായ ഹിസ്റ്ററിയെ സാരമായി ബാധിച്ചെങ്കിലും അടുത്ത സെപ്തംബറിൽ 120 മാർക്കു വാങ്ങി ഇംഗ്ലീഷ് നല്ല രീതിയിൽ പാസ്സായി. ട്യൂട്ടോറിയലിൽ പോയി പഠിക്കുന്നതിന് 150 രുപാ അന്ന്  ഫീസായി നൾകേണ്ടിയും വന്നു.

ട്യൂട്ടോറിയൽ കോളജിലേക്കുള്ള പോക്കും ബസ് യാത്രയും മറ്റു കഷ്ടപ്പാടുകളും പോട്ടെന്ന് വച്ചാൽ തന്നെ ഫീസായി കൊടുത്ത 150 രൂപ 1972-ൽ വലിയ തുകയാണു്.

കർഷക വികാസ് പത്ര പോലുള്ള സാമ്പാദ്യ പദ്ധതിയിൽ തുക നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് ഇരട്ടിക്കുന്ന ഒരു പദ്ധതി അന്നുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ 1972-ലെ 150 രൂപ ഇന്ന് 2019-ൽ ഏകദേശം ഒരു ലക്ഷത്തി പതിനാലായിരം രൂപായാകും. പണക്കണക്ക് അല്പം കൂടി ലളിതമാക്കിയാൽ അന്നത്തെ 150 രൂപയ്ക്ക് ഇന്ന് ഒരു ലക്ഷം രൂപയുടെ മൂല്യമുണ്ട്,

ഞാൻ പറഞ്ഞു വരുന്നത് ഇത്രേയുളളു.
പരീക്ഷയിൽ പാസ്സാകാൻ അർഹതയുള്ള എന്നെ നാലു മാർക്കിനാണ് അന്നു തോല്പിച്ചത്. അങ്ങായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെങ്കിൽ എന്റെ അർഹത നേരിട്ടു കണ്ടു ബോധ്യപ്പെട്ടു 5 മാർക്കു കൂട്ടിത്തരുമായിരുന്നു. എനിക്ക് 150 രൂപ നഷ്ടം വരില്ലായിരുന്നു. അർഹരെ കണ്ടെത്തിയാൽ നിയമവും ചട്ടവും മുന്നും പിന്നും നോക്കില്ല എന്ന് അങ്ങ് ചാനലിൽ കേറി പറഞ്ഞതു ഞാൻ കണ്ടു.

കാലം കുറെ കഴിഞ്ഞതിനാലും പട്ടാമ്പി പുഴ കുറെ ഒഴുകിയതിനാലും അഞ്ചു മർക്കു ഇനി കൂട്ടിത്തരുന്നതിൽ വലിയ പ്രസക്തിയില്ല. പക്ഷെ എന്റെ അന്നത്തെ 150 രൂപക്ക് പകരമായ ഒരു ലക്ഷം രൂപാ തന്നു സഹായിച്ചാൽ അതു വളരെ ഉപകാരമാകും. ആയതിനാൽ ഒരു ലക്ഷം രൂപയ്ക്കു അർഹനായ എന്നെആ തുക തന്നു സഹിയിക്കണമെന്നു അപേക്ഷിക്കുന്നു.

ഈ പറഞ്ഞതൊക്കെ സത്യമാണോയെന്ന ന്യായമായ സംശയം അങ്ങേയ്ക്കു ഉണ്ടാവാം. അതിനും പരിഹാരമുണ്ട്. എന്റെ കൂടെ അന്നു പഠിച്ച സുഹൃത്ത് കോളജ് അധ്യാപകനായി റിട്ടയർ ചെയ്തതിന് ശേഷം ജില്ലയിലെ ചില സാംസ്കാരിക സദസ്സുകളിൽ പോയിരുന്നു ഉറക്കം തൂങ്ങുന്നുണ്ട്- തെളിവിനായി അദ്ദേഹത്തെ ഞാൻ അങ്ങയുടെ മുന്നിൽ ഹാജരാക്കാം. അദ്ദേഹം പറയും എല്ലാ സത്യവും. ഉപേക്ഷ വിചാരിക്കരത്, എനിക്കർഹരായ നഷ്ടപരിഹാരം ഒരു ലക്ഷം രൂപാ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചു തരാൻ എത്രയും വേഗം നടപടിയുണ്ടാകണം
എന്ന്
വിശ്വസ്തൻ
രാമൻ നായർ (ഒപ്പ്)

No comments:

Post a Comment