യുവസുഹൃത്ത് തോമസുകുട്ടി
റപ്പേലിനോടു ചോദിച്ചു:
"ചേട്ടാ, കുത്തു കേസ് പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത പരീക്ഷ പേപ്പറുകൾ യൂണിവേഴ്സിറ്റി കോളജിൽ നിന്നു പോയതല്ലേ? ഇതിനു ആരു സമാധാനം പറയും? സാറന്മാരെ സ്ഥലം മാറ്റിയാൽ പരിഹാരമാകുമോ?"
റപ്പേൽ: " എടാ, തോമസുകുട്ടി, പോയതു പോയി, ഇതിന്റെ പേരിൽ ആരെയും ശിക്ഷിക്കാൻ പോണില്ല. സംഗതി ഒന്നു തണുപ്പിച്ചെടുക്കൻ മന്ത്രി അങ്ങനെ പറഞ്ഞെന്നേയുള്ളൂ
കുറെ പേരെ മാറ്റിയാൽ അവർ ചെല്ലുന്ന സ്ഥലത്തെ സാറന്മാരെയും മറ്റണ്ടേ? ചെയ്യാത്ത കുറ്റത്തിന് അവരെ ശിക്ഷിക്കുന്നതെന്തിന്?"
" അപ്പോ, നടപടി ഉണ്ടാകില്ലെന്നാണോ ചേട്ടൻ പറയുന്നത് ? പരീക്ഷാപേപ്പറുകൾ നഷ്ടപ്പടുത്തിയത് കുറ്റകരമല്ലേ?"
" പേപ്പറുകൾ നഷ്ടപ്പെടുത്തുന്നത് കുറ്റം തന്നെ. പക്ഷെ നഷ്ടപ്പെട്ടതു ഈ കോളജിൽ നിന്നാണെന്നു എന്താണ് ഉറപ്പ് ? "
"അങ്ങനെയാണ് പ്രതി പറഞ്ഞത് "
"കള്ളന്മാർക്കും തെമ്മാടികൾക്കും എന്തും പറയാം. പേപ്പറുകൾ നഷ്ടപ്പെട്ടോ എന്നറിയാൻ സ്റ്റോക്കെടുക്കണം . സ്റ്റോക്കെടുപ്പിന്റെ ഒരു കഥയുണ്ട്, കേൾക്കണോ?
നീ തങ്കി സെന്റ് മേരീസ് പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ, ഇവിടെ നിന്ന് കുറച്ചകലെയാണ്, ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ. അതി പുരാതന പള്ളിയാണ്, തീർത്ഥാടന കേന്ദ്രം. അവിടത്തെ വിശുദ്ധവാര കർമ്മങ്ങൾ ഏറെ പ്രസിദ്ധമാണ്. എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടകർ എത്തും. പെസഹാ വ്യാഴം, ദു:ഖവെള്ളി എന്നീ ദിവസങ്ങളിലാണ് ജനത്തിരക്ക്'"
തോമസ് കുട്ടി, നീ കേൾക്കുന്നുണ്ടോ "
" ഉണ്ടു ചേട്ടാ, തുടർന്നോളു "
" ഞാനിവിടെ വരുന്നതിനു വർഷങ്ങൾക്കു മുമ്പുള്ള സംഭവമാണ്.
തീർത്ഥാടകരെ സഹായിക്കാൻ അവിടെ വാളണ്ടിയർമാരെ നിയമിക്കും
ഇടവകക്കാരു തന്നെയാണ് വാളണ്ടിയർമാർ. വാളണ്ടിയർമാരെ മൂന്നു ഗ്രൂപ്പുകളായി വിഭജിക്കും, പരിസര കമ്മിറ്റി, രൂപ സന്നിധാനം, നേർച്ചക്കഞ്ഞി കമ്മിറ്റി.
തങ്കീപ്പള്ളിയിലെ കഞ്ഞി നേർച്ച പേരുകേട്ടതാണ്. തീർത്ഥാടകർക്കെല്ലാം ചൂടു കഞ്ഞിയാണ് നേർച്ചയായി നൾ കുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ ഇടതടവില്ലാതെ കഞ്ഞി വിതരണം ഉണ്ട്.. അതു കൊണ്ടു തന്നെ കഞ്ഞിക്കമ്മിറ്റി വാളണ്ടിയർമാരുടെ അംഗബലം കൂടുതലാണ്, ജോലിയും കൂടുതലാണ്. കമ്മറ്റിക്ക് കൺവീനറുമുണ്ട്
.
കഞ്ഞി വിതരണം മൺചട്ടിയിൽ ആയതിനാൽ ചട്ടികളുടെ പർചേസും മെയിൻറനൻസും കൺവീനറുടെ ചുമതലയാണ്. അര ഡസൻ തവണ ഞാനായിരുന്നു കൺവീനർ. ഒരിക്കലുണ്ടായ ഒരു സംഭവം നിന്റെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ്
കഞ്ഞിക്കമ്മറ്റി യോഗത്തിൽ വർക്കി എന്ന ഒരു വിദ്വാന് കൺവീനറാകാൻ മോഹം. കഴിഞ്ഞ മൂന്നാലു കൊല്ലമായി പരാതിയില്ലാത്തതിനാൽ കമ്മറ്റിക്കാർ തെരഞ്ഞെടുത്തത് എന്നെത്തന്നെയാണ്. ഇതു കണ്ട് വർക്കിക്ക് കലി കേറി. എങ്കിൽ ഇത്തവണ കഞ്ഞിക്കമ്മറ്റിയുടെ പ്രവർത്തനം പരാജയപ്പെടുത്തിയിട്ടു തന്നെ കാര്യമെന്നു അവൻ കരുതി. അവനു പണ്ടേ മുതൽ എന്നോടൊരു കലിപ്പുണ്ട്. അക്കഥ പിന്നീടൊരിക്കൽ പറയാം
കർത്താവിനെ പേടി ഉള്ളതിനാൽ ഇവന്മാർ കഞ്ഞിയിൽ ഉപ്പു വാരിയിടില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
എല്ലാ വർഷവും വിശുദ്ധവാരം കഴിയുമ്പോൾ പത്തുനൂറു ചട്ടികൾ കാണാതെ വരും. രണ്ടായിരം ചട്ടി വാങ്ങുന്നതിൽ കുറെയെണ്ണം പൂർണ്ണമായും പൊട്ടും. വളരെ കുറച്ചെണ്ണം ചിലർ എടുത്തു കൊണ്ടു പോകും. പണ്ടെത്ത കാലമല്ലേ? പലരുടേയും വീടുകളിൽ ആവശ്യത്തിനു പാത്രങ്ങൾ പോലുംകാണില്ല.
ചട്ടി എടുത്തോണ്ടു പോകുന്നതുകണ്ടാൽ പോലും കണ്ണടച്ചുകളയുകയാണ് പതിവ്. പാവങ്ങളല്ലേ കൊണ്ടു പോട്ടെന്ന് കരുതും. ആരും തന്നെ ചട്ടിയുടെ കണക്ക് പിന്നീട് അന്വേഷിക്കാറുമില്ല
അവന്മാർ ചട്ടിക്കണക്കിലാണ് കേറിപ്പിടിച്ചത്. കൺവീനറും കൂട്ടരും കൂടി ചട്ടി കടത്തി, അന്വേഷണം വേണം, കമ്മീഷനെ വയ്ക്കണം എന്നൊക്കെയായി ഡിമാന്റ്,
"അന്വേഷണം നടത്തിയെ പറ്റൂ, ചട്ടി എണ്ണി തിട്ടപ്പെടുത്തണം, കുറവുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്മറ്റി അതിനു മറുപടി പറയണം"
വികാരി ഫാദർ നെൽപുൽപ്പറമ്പിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലായിരുന്നു. പള്ളിക്കമ്മിറ്റിയിൽ അദ്ദേഹം കർശനനിലപാടു വ്യക്തമാക്കി.
ചട്ടി എണ്ണി തിട്ടപ്പെടുത്തുക, കുറവുള്ള ചട്ടികളുടെ എണ്ണത്തിനുള്ള വില കൺവീനർ പള്ളിയിലടക്കുക , ഇതായിരുന്നു തീരുമാനം
എന്നാൽ പിന്നെ അങ്ങനെ തന്നെയെന്നു ഞങ്ങളും സമ്മതിച്ചു, പൊതുവെ നിഷ്പക്ഷരായ മത്തായി ചേട്ടൻ, ജോൺ കുട്ടി, വർഗീസ് കുഞ്ഞ് എന്നിങ്ങന്നെ മൂന്നു പേരെ ചട്ടി ക്കണക്കെടുക്കാനും നിയോഗിച്ചു.
ചട്ടി എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 50 ചട്ടി കൂടുതൽ, മൊത്തം 2050 ! ഇങ്ങനെ വരാൻ ഒരു വഴിയുമില്ലെന്ന് വർക്കിയും കൂട്ടരും. 50 ചട്ടി ആരെങ്കിലും രഹസ്യ നേർച്ചയായി കൊണ്ടുവന്നതാകാമെന്നു ഞങ്ങളും
"സാത്താന്റെ സന്തതികളെ " എന്ന് വിളിച്ച് ഫാദർ നെൽപുൽപ്പറമ്പിൽ വർക്കിയെയും കൂട്ടരെയും അനുമോദിക്കുന്നതാണ് പിന്നീടു കണ്ടത്
ഇതു തന്നെയായിരിക്കും കോളജിലെ പരീക്ഷാ കടലാസുകളുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്.
" പരീക്ഷാ പേപ്പറിന്റെ കാര്യം അവിടെ നില്ക്കട്ടെ, ചട്ടികളുടെ എണ്ണം എങ്ങനെ കൂടി? "
അതു തികച്ചും സ്വാഭാവികം. ചട്ടി എണ്ണൽ ടീമിലെ മത്തായി ചേട്ടൻ ഇടയ്ക്കിടെ മിനുങ്ങുന്ന ആളാണ്. രണ്ടു കുപ്പി കളളിന്റെ കാശ് തലേ ദിവസം ഞാൻഏല്പിച്ചിരുന്നു!
- കെ എ സോളമൻ
No comments:
Post a Comment