Saturday, 4 November 2017

കേരളപ്പിറവിയും മാങ്ങാ അച്ചാറും !

കേരളപ്പിറവിയും മാങ്ങാ അച്ചാറും !- കഥ
-കെ എ സോളമൻ

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു സംസ്ഥാനമാണ് കേരളംഎന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ, മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

സംസ്ഥാന രൂപീകരണ സമയത്തു 5 ജില്ലകളാണ് ആകെ ഉണ്ടായിരുന്നത് . അതു വർദ്ധിച്ചിപ്പോൾ 14 ജില്ലകളായി. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ ഒന്നു മാത്രമാണ് കേരളം. കേരളത്തെ മലയാള നാട് എന്നും വിളിക്കാം, മലയാളമാണ് കേരളീയരുടെ മാതൃഭാഷ.

ഇത്രയും  ഓർത്തു വെച്ചാണ് കേരളപ്പിറവി ദിനാഘോഷത്തിൽ എൽ പി സ്കൂൾ കുട്ടികളെ അഭിസംബോധന ചെയ്യുവാൻ എത്തിച്ചേർന്നത്. കുട്ടികളോടാവുമ്പോൾ അവരുടെ ഭാഷയിൽ സംസാരിക്കണം, അവർക്കു മനസ്സിലാകുകയും വേണം. ഇടയ്ക്കിടെ അവരോടു ചോദ്യം ചോദിക്കുകയും വേണം. കുസൃതി ചോദ്യമാണെങ്കിൽ വളരെ നല്ലത് .

എല്ലാ കുഞ്ഞുങ്ങളും ബുധനാഴ്ചയിലെ കടും ചുമപ്പ് യൂണിഫോമിട്ടു മുന്നിൽ നിരന്നിരിക്കുകയാണ്.
മീറ്റിംഗ് ആരംഭിക്കുന്നത് 2 മണിക്കായതിനാൽ അതിഥികൾക്ക് ആഹാരം ഹെഡ്മിസ്ത്ര സ് കരുതിയിരുന്നു. വിഭവസമൃദ്ധമായ ഊണു തന്നെ യാണ് ഒരുക്കിയിരുന്നത്‌. എനിക്കു വല്ലാതെ അത്ഭുതം തോന്നി, ഇത്ര സമ്പന്നമായി എങ്ങനെ ഒരു എയിഡഡ് എൽ പി സ്കൂളിന് സൗകര്യം ഒരുക്കാൻ കഴിയുന്നു? മുമ്പ് പല കോളജുകളിലും സെമിനാറും ക്വിസും അസോസിയേഷൻ ഇനാ ഗുറേഷനുമായി എത്തിയപ്പോഴെല്ലാം കിട്ടിയത് ഒരു ഗുഡ് ഡേ ബിസ്കറ്റ്, രണ്ടു വാഴയ്ക്കാ ചിപ്സ്, ഒരു ചായ. "അയ്യോ ദാരിദ്യം " എന്നു അത്തരം അവസരങ്ങളിൽ തോന്നിയിട്ടുണ്ട് . കോളജുകളിൽ നിന്ന് നല്ല ഭക്ഷണം ലഭിക്കണമെങ്കിൽ കോഴ്സ് പരിശോധന യ്ക്കോ, നാക് അക്രിഡിറ്റേഷനോ ചെല്ലണം. നാക് അക്രഡിറ്റേഷന് ചെല്ലുന്നവർക്ക് ലോകത്തു കിട്ടാവുന്ന ഏറ്റവും രുചികരമായ ഭക്ഷണ സാമഗ്രികൾ ഒരുക്കിയിരിക്കും. വിഭവങ്ങൾ വിപുലവും സമ്പന്നവുമായാൽ അക്രിഡിറ്റേഷൻ ഗ്രേഡ് കൂടും.
ആലപ്പുഴ ജില്ലയിലെ ഒരു കോളജിന് നാക് അക്രിഡിറ്റേഷൻ ബി യിൽ നിന്ന് എ-യിലേക്കു ഉയർന്ന ചരിത്രമിങ്ങനെ. മൂന്നു ദിവസത്തെ പരിശോധന കഴിഞ്ഞു ഗ്രേഡ് കണക്കുകൂട്ടി സീല്ഡുക വറിൽ പ്രിൻസിപ്പലിനെ ഏല്പിച്ചു. അതിനു ശേഷം നാലാമത്തെ ദിവസം നന്ദിസൂചകമായി ടീമംഗങ്ങൾക്ക് കുട്ടനാട്ടിൽ ആർ- ബ്ളോക്കിൽ ബോട്ടു യാത്ര ക്രമീകരിച്ചിരിന്നു. ബോട്ടുയാത്രയോടൊപ്പം തോമസ് ചാണ്ടിയുടെ ലേക്കു റിസർട്ടിൽ കൊണ്ടുപോയി കരിമീൻ പൊള്ളിച്ചതും പുലരിക്കള്ളും  വാങ്ങിക്കൊടുത്തു. ഇളംള്ള് അകത്തു തോടെ ഭൂലോകം " തരികിട തിം തത്തൈ " ആയി ടീമംഗത്തിൽ ഒരാൾക്ക്. കള്ള് അകത്തുചെന്നാൽ വിസി., പി .സി തുടങ്ങി സകല മനുഷ്യരുടെയും കഥ ഒന്നു തന്നെ. കോളജിനു കൊടുത്ത ബി ഗ്രേഡ് പോരെന്ന് ഒരു തോന്നൽ. കോളജിലെത്തി സീൽഡ് കവർ തിരികെ വാങ്ങി പുതിയൊരെണ്ണം കൊടുത്തു. ആ വർഷമാണ് കോളജിന് എ ഗ്രേഡ് കിട്ടിയത്!

നാക് ടീമിൽ അംഗമാകണമെങ്കിൽ ഏതെങ്കിലും യൂണിവേഴ്സിറ്റി വി സി ആകണം, അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഒരു കോളജിന്റെ പ്രിൻസിപ്പൽ എങ്കിലുമാകണം . സാദാ പ്രഫസർമാർ ഏതു കോളജ് സന്ദർശിച്ചാലും ഗുഡ് ഡേ ബാസ്കറ്റുമായുള്ള തണുപ്പൻ സ്വീകരണമാണ് ലഭിക്കുക . പ്രാക്ടിക്കൽ പരീക്ഷയ്ക്കെങ്കിൽ ചിലപ്പോൾ ഊണു കിട്ടും, സ്പെഷലായി വായിൽ വെയ്ക്കാൻ കൊള്ളാത്ത വല്ല കടവരാൽ പൊള്ളിച്ചതോ മറ്റോ ആവും‌

പക്ഷെ എൽ പി സ്കൂളിലെ കാര്യം, അതു അത്ഭുത പ്പെടുത്തുന്നതായിരുന്നു. ഊണിന്റെ കൂടെ ചിക്കൺ ഫ്രൈ, ചിക്കൺ കറി, നെമ്മീൻ കറി, അവിയൽ, തോരൻ, സ്റ്റൂ , മോരു കാച്ചിയത്, മാങ്ങ അച്ചാർ, സ്കൂൾതോട്ടത്തിൽ വിളഞ്ഞ ഞാലിപ്പൂവൻ പഴം എന്നിങ്ങനെ. മാങ്ങാ അച്ചാറിലെ മാങ്ങാ കഷണം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടികളുടെ യൂണിഫോമിന്റെ  നിറമുള്ള വലിയ മാങ്ങാക്കഷ്ണങ്ങൾ. ഊണിനിടെ ഒരു കഷണത്തിൽ ഞാൻ വട്ടം പിടിച്ചെങ്കിലും പിടുത്തത്തിന്റെ ശക്തിയിൽ അത് തെറിച്ചു പോയി. പക്ഷെ മേശപ്പുറത്തും താഴെ ടൈൽസിലും നോക്കിയിട്ടും തെറിച്ചു പോയ മാങ്ങാ കഷണം കണ്ടെത്താനായില്ല. മാങ്ങാക്കഷണം അന്വേഷിച്ചു വട്ടം കറങ്ങുന്നതു കൊണ്ടാവണം സഹ പ്രാസംഗികൻ എന്നെ ശ്രദ്ധിക്കുന്നതായി തോന്നി. അതോടെ അന്വേഷണം നിർത്തി.

ഊണിന് ശേഷം കൃത്യസമയത്തു തന്നെ യോഗം തുടങ്ങി . ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. ശ്രോതാക്കളായി ഒന്നു മുതൽ നാലുവരെ ക്ളാസിലെ കുട്ടികളും അവരുടെ ഏതാനും രക്ഷിതാക്കളും അധ്യാപകരും. ഇവർക്കെല്ലാവർക്കും പറ്റിയ പ്രസംഗം എങ്ങനെയിരിക്കണമെന്നു ആലോചിച്ച വിഷമിക്കുകയായിരുന്നു ഞാൻ അപ്പോൾ. മുന്നിലിരിക്കുന്ന കുട്ടികളിൽ രണ്ടു പേർ എന്നെ നോക്കി ചിരിക്കുകയും ചെയ്യുന്നു. ഇത്രയും പേരിരിക്കുന്ന വേദിയിൽ എന്നെ മാത്രം നോക്കി ഈ കുട്ടികൾ ചിരിക്കുന്ന തെന്താണ് ?

എനിക്കു മുമ്പുള്ള പ്രാസംഗികൻ കത്തിക്കേറുകയാണ് . അമേരിക്കയിലെ സ്കൂളകൾ എങ്ങനെ, ജർമ്മനി, ചൈന, റഷ്യ വിദ്യാഭ്യാസ നിലപാടുകൾ , നമ്മുടെ ഡി - പി .ഇ.പി , എസ് എസ് എ , ആൾ പ്രമോഷൻ എന്നിവയുടെ നേട്ടങ്ങൾ, കുട്ടികളുടെ ആരവം കൂടിക്കൊണ്ടിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം കുട്ടികളെ ശാസിക്കുകയും ഹെഡ്മിസ്ട്രസിനെ ഗൗരവത്തിൽ നോക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് അച്ചടക്കമില്ലാതെ പോകുന്നത് അധ്യാപകരുടെ കുഴപ്പം കൊണ്ടാണെന്ന് ആ നോട്ടത്തിൽ വ്യക്തം.

അടുത്ത പ്രസംഗം എന്റെ ഊഴമാണ്. കുട്ടികളുടെ ആരവം അല്പം കുറഞ്ഞു. 'ഹായ് ' എന്ന് അവരെ അഭിസംബോധന ചെയ്തു. ഹായ് തങ്ങളെക്കല്ലെന്നു കരുതി അവർ കേട്ടതായി ഭാവിച്ചില്ല. രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയത്‌. ഹാവൂ ആശ്വാസമായി. കേരളപ്പിറവിയെക്കുറിച്ചും കേരള മുഖ്യമന്ത്രി പിണറായിയെക്കുറിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ചുമൊക്കെ പറഞ്ഞു. എങ്കിലും നേരെത്തെ മുതൽ എന്നെ നോക്കിയിരുന്നവരുടെ ചിരിയടങ്ങിയിട്ടില്ലെന്നു മാത്രമല്ല, ചിരിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. പ്രസംഗത്തിനു താല്കാലിക വിരാമം കൊടുത്ത് ഞാൻ ചിരിക്കാരെ അടുത്തേക്കു വിളിച്ചു.

" മക്കളെ, നിങ്ങൾ എന്തു കണ്ടിട്ടാണ് ഇങ്ങനെ നിർത്താതെ ചിരി ക്കുന്നത്, എന്നോടു കൂടി പറയരുതോ?"

അവർ ചിരിച്ചു കൊണ്ടു പറഞ്ഞു " സാറിന്റെ ഉടുപ്പിന്റെ പോക്കറ്റ് ചുമന്നിരിക്കുന്നു"

ഞാൻ പോക്കറ്റിലോട്ടു നോക്കി, ശരിയാണ് എന്റെ വെള്ള യുടുപ്പിന്റെ പോക്കറ്റിന്റെ അടിഭാഗം ചുമന്നിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? ഞാൻ കൈയിട്ടു നോക്കി, തെറിച്ചു പോയ അച്ചാറിലെ മാങ്ങാക്കഷണം!  മൊബൈൽ വെയ്ക്കുന്നതിനാൽ വാ തുറന്നിരുന്ന പോക്കറ്റിലോട്ടു വീണതാണ്. അതെവിടെ കളയുമെന്നായി എന്റെ ചിന്ത . താഴെയി ട്ടാൽ അതു കുട്ടികൾക്കു നൾകുന്ന
മോശപ്പെട്ട സന്ദേശമാകും , വലിച്ചെറിയാമെന്നു വെച്ചാൽ അതും മോശം.മാങ്ങാക്കഷണം കൈയ്യിലിരുന്നതിനാൽ പിള്ളാരെ ചിരിക്കാൻ വിട്ടു കൊണ്ട് ഞാൻ എന്തോ യൊക്കെ പ്രസംഗിച്ചു.  എന്തൊക്കെയാണ് പ്രസംഗിച്ചതെന്ന്  എത്ര ശ്രമിച്ചിട്ടും ഇപ്പോൾ എനിക്ക്ഓർത്തെടുക്കാൻ പറ്റുന്നില്ല.

No comments:

Post a Comment