Tuesday, 19 December 2017

സോളാർ അന്വേഷണം അഥവാ കോഴിയുടെ മുലയൂട്ട്


" ഇപ്പ പൊട്ടിക്കും " എന്നും പറഞ്ഞു് വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച സോളാർ റിപ്പാർട്ട് അന്വേഷണം കോഴിയുടെ മുലയൂട്ട് പോലെ നീളുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതോടെ ആ വഴിക്കു വന്നു ചേരാവുന്ന മേൽ ഗതിയും നഷ്ടമായി. കത്ത് ചര്‍ച്ച ചെയ്യരുതെന്ന കോടതിയുടെ താക്കീത് അന്തി ചർച്ചയിലൂടെ ഗ്രഹാന്തരീക്ഷം മലീമസമാക്കുന്ന ചാനലുകളുടെ അതീവ ഗുരുതരമായ ക്രിമിനൽ പ്രവൃത്തി തടയുകയും ചെയ്തു. ചാനൽ ചർച്ച കുട്ടികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ന്യൂസ് ചാനലുകൾ കാണുന്നത് ഒഴിവാക്കിയിരിക്കുകയാണ് മിക്ക വീടുകളിലും രക്ഷാകർത്താക്കൾ.

വിവിധ പ്രശ്‌നങ്ങളില്‍പെട്ട് നട്ടംതിരിയുമ്പോൾ   ജനശ്രദ്ധ തിരിച്ചുവിടേണ്ടത് സർക്കാരിന്റെ ആവശ്യമായി. ഓഖി ദുരന്തം തൽക്കാലത്തേക്ക് ജനശ്രദ്ധ തിരിച്ചുവിട്ടെങ്കിലും  കാതലായ പ്രശ്നങ്ങൾ അവശേഷിക്കുന്നതിനാൽ ജനങ്ങളെ സോളാർ പോലുള്ള ഇക്കിളി കളിൽ തളിച്ചിടേണ്ടത് അത്യാവശ്യമാണ്

സോളാര്‍ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടർക്കഥയായി. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചെ ഉത്തരവ് പുറത്തിറക്കാമെന്നു  വിചാരിച്ചിട്ടു ഒരു വിധ നിയമ വശവും ശരിയാകുന്നില്ല.
സോളാര്‍ കേസില്‍ സർക്കാർ ഭാഗത്ത് ഇപ്പോൾ ഒരടി മുന്നോട്ടു ഒന്നരയടി പിന്നോട്ടു എന്ന മട്ടാണ്. ജുഡീഷ്യല്‍ കമ്മിഷന്‍ പരിഗണനാ വിഷയങ്ങളുടെ പരിധി ലംഘിച്ചുവെന്ന് വ്യാപകമായ പരാതിയുണ്ട്. കേസിലെ ക്രിമിനൽ ഗൂഡാലോചനയും ചതിയും അദ്വേഷിക്കുന്നതിനു പകരം കമ്മീഷന് ഇഷ്ടപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ടുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം.  പരിഗണനാവിഷയങ്ങളുടെ പരിധിലംഘിച്ച് കമ്മീഷൻ നടത്തിയ ശുപാര്‍ശകളുടെ നിയമപരമായ പഴുതുകൾ കണ്ടത്താൻ നാട്ടിലെ വിവിധ നിയമ വിദഗ്ധരുടെ പുറകെ നടക്കയാണ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ,  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ , സുപ്രീം കോടതി ജഡ്ജി എന്നിവരെ സമീപച്ചെങ്കിലും അവർ പഠിച്ച നിയമ പാഠങ്ങളിൽ ഇത്തരമൊരു കേസ് പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ കൃത്യമായ ഉപദേശം സർക്കാരിനു ലഭിച്ചിട്ടില്ല.
സോളാറുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും ഉയര്‍ന്നുവന്ന ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമായിരുന്നു കമ്മിഷന്റെ പരിഗണനാ വിഷയം. എന്നാല്‍, സരിതയെ ലൈംഗികമായി നേതാക്കള്‍ ഉപയോഗിച്ചുവെന്ന പരാതിയാണു് കമ്മിഷന്‍ പ്രധാനമായി കണ്ടത്.  കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറംപോയെന്നും പരാതിതന്നെ രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റപ്പെടുത്തുന്ന സാഹചര്യം അതോടെ സംജാതമായി

സാധാരണ മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുകയാണ് പതിവ്.. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും നിയമവശം സുരക്ഷിതമാക്കാൻ സർക്കാരിന് ആയിട്ടില്ല. നിലവിലെ സാഹ'ചര്യത്തിൽ ക്രിമിനല്‍ കേസുമായി മുന്നോട്ടു ചെന്നാൽ കേസ് കെട്ടു കോടതിമുഖത്തേക്കു വലിച്ചെറിയുമോ എന്നതാണ് സർക്കാരിന് റ പേടി.

അന്വേഷണ ഉത്തരവിറക്കുന്നതിന് അനുകൂലമായ നിയമോപദേശം എപ്പോൾ എവിടെ നിന്നു കിട്ടുമെന്ന് സർക്കാരിന് ഉറപ്പില്ല.  പ്രതിപക്ഷ നേതാക്കളെ മനപ്പൂര്‍വം വേട്ടയാടൻ വേണ്ടിയൊരു കേസ് എന്ന ചിന്ത വ്യാപകമായതിനാൽ പോലീസിന്റ തലപ്പത്തും കേസ് അന്വേഷണത്തിനു ഇറങ്ങിപ്പുറപ്പെടാൻ മടി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുള്ളതിനാൽ തങ്ങൾക്കെതിരെയും ഭാവിയിൽ ഇത്തരം ലൈംഗികാപവാദ കേസ് ഉണ്ടായിക്കൂടെ എന്ന ന്യായമായ ആശങ്കയും ഇടതുമുന്നണിയിലെ ചില നേതാക്കൾക്കുണ്ട് -
പ്രതിപക്ഷനേതാക്കള്‍ക്ക് കൂടുതല്‍ മാനഹാനി സൃഷ്ടിച്ച് അവരെ രാഷ്ടീയമായി ഉന്മൂലനം ചെയ്യുന്നതിനെ ചിലർ പിന്തുണയ്ക്കാതിരിക്കുന്നതിന്റെ  കാരണവും മറ്റൊന്നല്ല. ഇത്തരമൊരു സാഹചര്യത്തിൽ സോളാർ കേസ് തന്നെ പൂട്ടിക്കെട്ടാനാണ് സാധ്യത.  ഇവിടെ ഭരണ-പ്രതിപക്ഷം കളിക്കുന്നവർക്ക് കേന്ദ്രത്തിൽ മുഖ്യഎതിരാളി ബി.ജെ.പി ആയതു കൊണ്ട് സോളാർ കേസിൽ ഒരു രമ്യതപ്പെടലിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.
-കെ എ സോളമൻ

Monday, 4 December 2017

അമരേന്ദ്ര രാഹുലും കട്ടപ്പ ആന്റണിയും

കോൺഗ്രസിലെ കാര്യങ്ങൾ രസകരമാണ്. കേരളത്തിലെ കോൺഗ്രസ്നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ കലാശക്കൊട്ട് കാറ്റൂതി പോയതാണ് അതിലൊന്ന്. പടയൊരുക്ക സമാപ്തിക്കായി കണ്ടു വെച്ച കടപ്പുറം  കടലു നക്കിപ്പോകയും നിരത്തിയ ആർച്ചുകൾ, കാമാനങ്ങൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ തുടങ്ങി മുഴവൻ സാമഗ്രികളും ഓഖി കൊടുങ്കാറ്റു പറത്തിക്കളയുകയും ചെയ്തു. നഷ്ടം സംഭവിച്ചതു സ്പോൺസർമാർക്കാണെങ്കിലും പ്രതിപക്ഷത്തിന്റെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഭരണപക്ഷത്തിന് കൊടുങ്കാറ്റൊഴിഞ്ഞിട്ടും സന്തോഷം വിട്ടുമാറിയിട്ടില്ല.

രസകരമായ മറ്റൊന്ന് കോണ്‍ഗ്രസ് പ്രസിഡന്റായായുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പാണ്. രാഹുലിനെ കോൺഗ്രസിന്റെ യുവരാജാവായി വാഴിക്കുമെന്നുറപ്പുണ്ടായിട്ടും അദ്ദേഹത്തിനു വേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശത്തിനായി സമർപ്പിച്ചത് 93 പത്രികകളാണ്. ഒരു പത്രിക മാത്രം വേണ്ടിടത്താണ് ഇത്രയുംഎണ്ണം. ആവശ്യപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ നിന്നു തന്നെ ആയിരക്കണക്കിന് പത്രികകൾ എത്തിച്ചു കൊടുക്കാൻ ആൾക്കാരുണ്ടായിരുന്നു. കൂട്ടിയിട്ടു കത്തിക്കാൻ കടലാസ് ശേഖരിക്കുന്ന ഭരണ പരിഷ്കാരങ്ങളാണല്ലോ എല്ലായിടത്തും കാണുന്നത്. റേഷൻ വാങ്ങുന്ന യഥാർത്ഥ ബി .പി . എൽ കാരെ കണ്ടു പിടിക്കാൻ കേരളത്തിൽ  ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും നിർബ്ബന്ധമായി വാങ്ങിക്കുട്ടിയ റേഷൻ കാർഡിന്റെ  പകർപ്പുകൾ തകൃതിയിൽ കത്തിച്ചു കളയുകയാണ്  ഡിപ്പാർട്ടു മേധാവികളും ട്രഷറി ഓഫീസർമാരും.

രാഹുൽ ഗാന്ധിക്കെതിരെ പത്രികയുമായി നട്ടെല്ലു നിവർത്തി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നിരിക്കെയാണ് പത്രികാ സമർപ്പണത്തിന്റെ വലിയ മാമാങ്കം. അമ്മ മകനെ കോൺഗ്രസ് പ്രസിഡന്റിന്റെ കിരീടം ധരിപ്പിക്കുന്ന ചടങ്ങിന്റെ കർമ്മങ്ങൾ യഥാവിധി വേണമെന്നുള്ളതുകൊണ്ട് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങും രാഹുലിന് വേണ്ടി നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും. എ.കെ ആന്റണിയും ഗുലാം നബി ആസാദും പി ചിദംബരവുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും പത്രികയില്‍ ഒപ്പിടുന്നുണ്ട്. ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ അവരും ഒപ്പിടും.

അതെങ്ങനെയായാലും രാഹുൽ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവ് ഔറംഗസേബ് രാജ് സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പ് രീതിയാണെന്നുള്ള പ്രധാന മന്ത്രിയുടെ ട്രോളിന് ഒരു ചെറിയ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു . ഷാജഹാനു ശേഷം ഔറംഗസേബ് എന്നതു സോണിയാ ഗാന്ധിക്കു ശേഷം രാഹുൽ എന്നു പറയുമ്പോൾ ഒരു ലിംഗ പ്രതിസന്ധി ഉടലെടുക്കുന്നുണ്ട്. ഇതിന് പരിഹാരമായി ലോക പ്രസിദ്ധ ഇൻഡ്യൻ സിനിമ ബാഹുബലിയുടെ തീം പരിഗണിച്ചാൽ നന്നായിരിക്കും. രാജമാതാ ശിവകാമിക്കു ശേഷം യുവരാജാവ് അമരേന്ദ്ര ബാഹുബലിയെന്നു പറഞ്ഞാൽ  കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ വ്യക്തമാകും.  ഇനി ജനങ്ങളുടെ അഭിപ്രായം കൂടി മനസ്സിലാക്കേണ്ടതുണ്ടെങ്കിൽ   രാജമാതാവ്,  അമരേന്ദ്ര രാഹുലിനെയും  കട്ടപ്പ ആൻറണിയയെയും ഒരുമിച്ച് മഹിഷമതി ഉൾപ്പെടെ രാജ്യം മുഴുവനും ചുറ്റിസഞ്ചരിച്ചുവരുന്നതിനായി നിയോഗിച്ചാൽ മാത്രംമതി.

- കെ എ സോളമൻ

Friday, 1 December 2017

കാറ്റടങ്ങും മുമ്പേ കണക്ക്!

കാറ്റടങ്ങിയിട്ടില്ല ,അതിനു മുമ്പേ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തി ക്കഴിഞ്ഞു. രണ്ട് മിനിട്ട് വീശിയടിച്ച ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടം അഞ്ച് കോടി രൂപയെന്നതാണ് കണക്ക്.
വൈദ്യതിക്കമ്പി പൊട്ടിവീണതു ചെന്നറിയിച്ചാൽ തിരകെ വലിച്ചുകെട്ടാൻ ദിവസങ്ങൾ എടുക്കുന്ന ബോർഡിൽ നിന്നാണ് ഇത്തരമൊരു ദ്രുത പരിശോധിക്കാക്കണക്ക്. രണ്ടായിരത്തി അഞ്ഞൂറോളം വൈദ്യുതി തുണുകള്‍ ഒടിഞ്ഞു പോയത്രേ . ഇതില്‍ 11 കെവിയുടെ 500 കൂറ്റന്‍ പോസ്റ്റുകളും 150 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും ഒടിഞ്ഞും പൊട്ടിയും വീണു. ഇതു കേട്ടാൽ തോന്നുക കൊടുങ്കാറ്റിൽ പെട്ടവർക്കുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പടുന്നതിനു പകരം ജീപ്പുകളിൽ പാഞ്ഞു നടന്നു ഒടിഞ്ഞ പോസ്റ്റുകൾ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നെന്ന്. ഇനി ഏതായാലും ഒരു മാസക്കാലത്തേക്ക് പോസ്റ്റു ഒടിഞ്ഞ സ്ഥലങ്ങളിൽ വൈദ്യുതി പ്രതീക്ഷിക്കേണ്ടതില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം സംഭവിച്ചതെന്നുംഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇടുക്കിയിലെ മലയോരമേഖലയിലാണെന്നും കണക്കുണ്ട്. അതെന്തായാലും ആലപ്പുഴ ജില്ലയിൽ കടലോര മേഖലയിൽ ഒഴിച്ചുള്ള വർ രക്ഷപെട്ടിരിക്കുകയാണ്. തീരദേശ മേഖലയിലെ പോസ്റ്റുകൾ ഒടിയാത്തതാണോ അതോ കണക്കെടുക്കാൻ കടൽവെള്ളം അനുവദിക്കാത്തതാണോയെന്നു വ്യക്തമല്ല.

നൂറ്റാണ്ടു മുമ്പുള്ള പോസ്റ്റും കമ്പിയുമുപയോഗിച്ചുള്ള വൈദ്യതി വിതരണ സമ്പ്രദയമാണ് കേരളത്തിൽ എല്ലായിടത്തും . വിദേശ രാജ്യങ്ങളിൽ കാണാത്ത കാഴ്ചയാണിതു്. അവിടങ്ങളിലെല്ലാം അണ്ടർ ഗ്രൗണ്ട് കേബിളുകളിൽ വൈദ്യുതി വിതരണത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ ഇവിടെ കോൺക്രീറ്റു പോസ്റ്റുകൾ വാർത്ത് ലാഭമെടുക്കുകയാണ്. ഇവയൊക്കെ റോഡിലും റോഡ്സൈഡിലും കുഴിച്ചിട്ടാലല്ലേ വാഹനാപകടം സൃഷ്ടിക്കാനും അതിന്റെ പേരിൽ വൈദ്യുതി തടസ്സപ്പെടുത്താനും കഴിയൂ?

കേരളത്തിൽ നിരന്തരം വൈദ്യതി തടസ്സമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. വൈദ്യുതി കമ്പിയിലെ ടച്ചിംഗ്സ് വെട്ടുക എന്നതിന്റെ പേരിൽ എത്ര ദിവസങ്ങളാണ് കറണ്ട് തടസ്സപ്പെടുത്തുന്നത് ? ഓവർ ഹെഡ് ലൈനുകൾ മാറ്റി അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിച്ചാൽ അപകടം കുറയും, വൈദ്യതി തടസ്സം മാറും, നഷ്ടവും കുറയും, പക്ഷെചെയ്യില്ല. ചെയ്താൽ ചിലരുടെ കീശയിലോട്ടുള്ള പണമൊഴുക്കു കുറയും.

നാഷണൽ ഹൈവേ വികസനം പോലെ പ്രധാനപ്പെട്ടതാണ് ആതിരപ്പള്ളി പദ്ധതിയെന്ന് വൈദ്യുതി ബോർഡും മന്ത്രിയും പറയുന്നു.  .കമ്പിയും സിമന്റും വാങ്ങി കാശടിക്കുകയും മരങ്ങൾ വെട്ടിക്കൊടുത്തു കൊള്ള നടത്തുകയുമാണ് ഈ ഉദ്ദേശ്യത്തിനു പിന്നിൽ. ആവാസ വ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം ഇവരുടെ പാഠ്യപദ്ധതിയിലില്ല. പക്ഷെആർക്കും ചേതമില്ലാത്ത ഗീർവാണങ്ങൾ കൂടെക്കൂടെ തൊടുത്തുവിടുകയും ചെയ്യും. അധികാരത്തിൽ ഇരിക്കുന്ന മുന്നണി  ഡാമിനു വേണ്ടി വാദിക്കുക്കുകയും പ്രതിപക്ഷം എതിരുനില്ക്കുകയും ചെയ്യുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതായില്ല, ഏവർക്കുമറിയാം. ആതിരപ്പള്ളി ഡാമിനു മുടക്കുന്നതിന്റെ പത്തിലൊന്നു പണംപോലും തിരികെ ലഭില്ലെന്നു വിദഗ്ധർ പറയുമ്പോഴാണ് വിടുവായനായ മന്ത്രി ആതിരപ്പള്ളിക്കു വേണ്ടി നാഴികയ്ക്കു  നാല്പതു വട്ടം കുരവയിടുന്നത്.

കാറ്റടങ്ങും മുമ്പേ നഷ്ടക്കണക്കുമായെത്തിയ വൈദ്യതി വകുപ്പ് പുതുതായി ഏർപ്പെടുത്താൻ പോകുന്ന 'ഫയർസെസ്' പോലെ ഒരെണ്ണം ഏർപ്പെടുത്തി ഉപഭോക്താവിന്റെ തലയിൽ ഷോക്കടിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ട കാര്യം.
- കെ എ സോളമൻ

Tuesday, 28 November 2017

ആവിഷ്കാര വൈകൃതങ്ങൾ

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയത് വളരെ ഉചിതമായ നടപടി. സിനിമയുടെ ആദ്യ പേരു സെക്സി ദുർഗ്ഗ.  പിന്നീട് പരിഷ്കരിച്ചു എസ് ദുർഗ്ഗ. ദുർഗ്ഗയെന്ന പേര് ഹിന്ദു മത വിശ്വാസമായി ബന്ധപ്പെട്ടതാണ്. സിനിമയ്ക്കു ഇത്തരമൊരു പേരും തുടർന്നുള്ള മാറ്റവും ആവിഷ്കാരസ്വാതന്ത്ര്യമല്ല, മറിച്ച് അഹങ്കാരവും അറിവില്ലായ്മയുമാണ്. വില കുറഞ്ഞ പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം കാടത്തങ്ങൾ മത വിശ്വാസങ്ങളിലുള്ള കടന്നുകയറ്റമാണ്, ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തത്.

ഡാവിഞ്ചിക്കോട് എന്ന ഹോളിവുഡ് സിനിമക്കു വിലക്കു ഏർപ്പെടുത്തിയ രാജ്യങ്ങളുണ്ട്. സൽമൻറുഷ്ദിയുടെ സാത്താനിക് വേഴ്സ് നിരോധിച്ചിട്ടുണ്ട്. തസ്ലിമ നസ്റിന് ബംഗ്ളാദേശിലേക്കു തിരികെ ചെല്ലാൻ പറ്റാത്തതു മത വിശ്വാസത്തെ നിന്ദിക്കുന്ന പുസ്തക രചന നടത്തിയതുകൊണ്ടാണ്‌. നാടക കലാകാരൻ പി എം ആന്റണിയുടെ '.ആറാം തിരുമുറിവ് ' നാടകത്തിനു കേരളത്തിൽ അവതരണാനുമതി നിഷേധിച്ചത് ക്രിസ്തുമത വിശ്വാസത്തെ അധിക്ഷേപിച്ചതുകൊണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഭാരതത്തിലെഹിന്ദു വിശ്വാസത്തെ  സിനിമാ പേരിലൂടെ അധിക്ഷേപിക്കുന്ന സ്യഷ്ടി നിരോധിക്കേണ്ടതു തന്നെ.

ആവിഷ്കാര സ്വാതന്ത്ര്യമെന്നത് പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാവണം, സൃഷ്ടിക്കാനുള്ളത് ആകരുത്.  അതു കൊണ്ടു തന്നെ ഗോവ ഫിലിംഫെസ്റ്റിവല്‍ ജൂറിയില്‍ നിന്നു സിനിമയുടെ പേര് സംബന്ധിച്ച പരാതി ഉയർന്നത് സ്വാഗതാർഹമാണ്.

ആദ്യം ചിത്രം പരിശോധിച്ച സെന്‍സര്‍ ബോര്‍ഡ്, സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയും ചെയ്തതാണ്. അതിനിടയിലാണ്  പുതിയ ടൈറ്റില്‍ കാര്‍ഡില്‍ എസ് എന്നതിനൊപ്പം ചില ചിഹ്നങ്ങള്‍ കൂടി ഉപയോഗിച്ചത്.  അത് അങ്ങേയറ്റം അപലപനീയവും മതവൈരം സൃഷ്ടിച്ചു മുതലെടുപ്പു നടത്താൻ ഉദ്ദേശി ച്ചുള്ളതുമായും കരുതണം. സെക്സി ദുര്‍ഗ, ന്യൂഡ് എന്നൊക്കെ പേരിട്ടു സിനിമ പടച്ചു വിടുന്നവരുടെ ലക്ഷ്യം എളുപ്പത്തിൽ പണമുണ്ടാക്കുക മാത്രമല്ല, കലാപം സ്പഷ്ടിച്ചു മുതലെടുപ്പു നടത്തുക യെന്നതുകൂടിയാണ്

എസ് ദുർഗ്ഗയെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനത്തെ അപലപിച്ച് എത്തിയിട്ടുള്ള കേരളത്തിലെ ചില സിനിമ പ്രവർത്തകരുടെ പേരു വിവരം വായിച്ചാൽ അറിയാം സിനിമ ഏതു പരുവത്തിൽപ്പെട്ടതാകുമെന്ന് .  ആദ്യത്തെ ആള് ഹാഷിഷ് അബു എന്നറിയപ്പെടുന്ന  ആഷിഖ് അബു ആണ് . സ്ത്രീ ശാക്തീകരണമെന്നാൽ പുരുഷലിംഗം മുറിക്കൽ ആണെന്നു സിനിമയിലൂടെ തെളിയിച്ച സംവിധയാകനാണ് അദ്ദേഹം, കൂടെ നടിയും ഭാര്യയുമായ കല്ലുങ്കലുമുണ്ട്. പിന്നെത്തെ ആൾ ലിജോ ജോസ്പല്ലിശ്ശേരിയാണ്. സിനിമയിൽ എങ്ങനെ അധോവായുവും തെറി അഭിഷേകവും സമ്മേളിപ്പിക്കാമെന്നു തെളിയിച്ച സംവിധായകൻ. തിരക്കഥാ അ വാർഡിന്റെ തളളിച്ചയിൽ കൂടെ നിന്നില്ലെങ്കിൽ അവസരം കിട്ടില്ലയെന്നു ഭയപ്പെടുന്ന ശ്യാം പുഷ്കർ, ദിലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുമുണ്ട്. വയലാർ കവിയല്ലായെന്നു പറഞ്ഞു നടക്കുന്നറഫീഖ് അഹമ്മദ് പെട്ടു പോയത് സുടാപ്പി  സൗഹൃദത്തിന്റെ പേരിലാവണം. പിന്നെയുമുണ്ട്   വിധു വിന്‍സെന്റ്, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, ഷഹബാസ് തുടങ്ങിയവർ. പേരുകൊണ്ടുതന്നെ വ്യക്തമാണ് ഇവരൊക്കെ എന്തുകൊണ്ടു എസ്. ദുർഗ്ഗയ്ക്കു വേണ്ടി വാദിക്കുന്നുവെന്ന്.

ആവിഷ്കാര സ്വാതന്ത്ര്യം സ്വന്തം കൈ ഉയർത്തുന്നതും പോലെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷെ കൈ ഉയർത്തുന്നത് മറ്റൊരുത്തന്റെ താടിക്കൂ കീഴെ കൊണ്ടു ചെന്നിട്ടല്ല. ഒരു ജനവിഭാഗത്തിന്റെ, മത വിശ്വാസികളുടെ  വികാരങ്ങളെ വ്രണപ്പെടുത്തി എന്താവിഷ്‌കാരമാണ് ഇവിടെ ഇക്കൂട്ടർ നടത്താൻ പോകുന്നത്? ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞു നിയമ വ്യവസ്ഥയുള്ള രാജ്യത്ത് എന്തും മോശമായി ചിത്രീകരിക്കാമോ? പ്രകോപനകരമായ ടൈറ്റിൽ തിരഞ്ഞെടുക്കുന്നത് തന്നെ വില കുറഞ്ഞ ഒരു കച്ചവടതന്ത്രമാണ്

സാധാരണ ജനം അവഗണിക്കുന്നഇത്തരം സൃഷ്ടികൾ കാണാൻ കുറെ കിസ് ഓഫ് ലൗ ആളുകളും  സണ്ണി ലിയോൺ ആരാധകരും കാണും. അക്കൂട്ടരെ ആകർഷിക്കാൻ സിനിമയുടെ പേരിലും പോസ്റ്ററിലും വിവാദം വേണം. അല്ലാതെ അവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഒരു പുല്ലും ഈ സിനിമാ തലക്കെട്ടിലില്ല.

ആവിഷ്കാര സ്വാതന്ത്ര്യത്തിനു ഒരു പരിധി യുണ്ട്. പണം സമ്പാദിക്കണമെന്ന ഒറ്റ ലക്ഷ്യത്തിന്റെ പേരിൽ രതിവൈകൃതസിനിമാക്കാർ
വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കുന്ന സാഹചര്യം അനുവദിച്ചു കൊടുക്കാൻ പാടില്ല.
-കെ എ സോളമൻ

Friday, 24 November 2017

പരാതി ധിക്കാരപരം

കുവൈറ്റ് ചാണ്ടി എന്ന മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പണത്തിന്റെ ഹുങ്ക് അവസാനിക്കുന്നില്ല. കായല്‍ കൈയേറ്റക്കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ ചാണ്ടിയുടെ പരാതി ൻൾകന്ന സൂചന അതാണ്.   തന്റെ രാജി ലക്ഷ്യവച്ചാണ് ഹൈക്കോടതി ജഡ്ജി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന തോമസ് ചാണ്ടിയുടെ പരാതി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരഹസിക്കുന്നതാണ്.

മാത്തൂര്‍ ദേവസ്വത്തിനെതിരെ 2010 ല്‍ ചാണ്ടിയുടെ  ബന്ധുക്കള്‍ നല്‍കിയ കേസുകളില്‍ ദേവസ്വത്തിനുവേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ദേവന്‍ രാമചന്ദ്രനായിരുന്നുവെന്നും അതുകൊണ്ടു ഇപ്പോൾ ചണ്ടിക്കെതിരെ വിധി പറഞ്ഞത് തെറ്റായിപ്പോയെന്നും പറയുന്നത് വിവരക്കേടാണ്. കളക്ടറുടെ റിപ്പാർട്ട് അടിസ്ഥാനമാക്കി പ്രസ്താവിച്ച വിധി തെറ്റാണെന്നു പറയുന്ന ഈ എ എൽ എ അദ്ദേഹം പിന്തുണയ്ക്കുന്ന സർക്കാരിനു തന്നെ അപമാനം .ജസ്റ്റിസ്  ദേവന്‍ രാമചന്ദ്രനെ പരിഹസിക്കുന്നോൾ  അദ്ദേഹത്തിന്റെ കൂടെ വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ സമഗ്രതയും ചാണ്ടി ചോദ്യം ചെയ്യുന്നു. ഇതു തികച്ചും അപലപനീയമാണ്

കുവൈറ്റ് ദിനാർ കൊണ്ട് വോട്ടും മന്ത്രി സ്ഥാനവും വാങ്ങിയ പോലെ കളക്ടർ തുടങ്ങിയ ഉദ്യോസ്ഥരെയും ന്യായാധിപന്മാരെയും വിലയ്ക്കു വാങ്ങാമെന്ന ചാണ്ടിയുടെ കണക്കുകൂട്ടൽതെറ്റി.  സാമാന്യ ജനത്തെ വിഡ്ഢികളാക്കുന്ന ചാണ്ടിയുടെ വേലത്തരങ്ങൾക്കു കുട പിടിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണി നേതാക്കളെയും ന്യായീകരിക്കാൻ ഭരണ കക്ഷിയിലെ ന്യായീകരണ തൊഴിലാളികൾ പാടുപെടുകയാണ്. കായല്‍ വ്യാപകമായി കയ്യേറി റിസർട്ടും റോഡുകളും പണിത ചാണ്ടി ഇനിയും കയ്യേറുമെന്നു വീമ്പടിക്കുന്നോൾ അതിനെതിരെ ഒന്നും മിണ്ടാൻ കഴിയാത്ത ഇടതുമുന്നണി നേതാക്കളുടെ അവസ്ഥ അതിദയനീയം .
തനിക്കെതിരെ നിയമ നടപടിക്ക് ശുപാർശ ചെയ്ത കളക്ടർക്കെതിരെ അരി ശം കേറി നടക്കുന്ന ചാണ്ടി ഇപ്പോൾ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെയും  തിരിഞ്ഞിരിക്കുന്നു.  അതു കൊണ്ട് കുടുതൽ സാഹസത്തിലേക്കു കടക്കും മുമ്പ് ചാണ്ടി കൈയേറിയ സർക്കാർഭൂമി കണ്ടുകെട്ടി ചെയ്ത കുറ്റത്തിന് എം എൽ എ സ്ഥാനം റദ്ദാക്കുകയും  ജയിൽ ശിക്ഷ നൾ കുകയുമാണ് അയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നത്.
-കെ എ സോളമൻ

Tuesday, 21 November 2017

ഡോക്ടര്‍മാരുടെ ആയുസ്സ്: റിപ്പോര്‍ട്ടിനു പിന്നില്‍ ഗൂഢലക്ഷ്യം?


November 22, 2017
കേരളത്തിലെ ഡോക്ടര്‍മാരുടെ ശരാശരി ആയുസ്സ് പൊതുജനങ്ങളേക്കാള്‍ കുറവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്. കേരളിയരുടെ ശരാശരി ആയുസ്സ് 75 ആണ്. പക്ഷേ ഡോക്ടര്‍മാരുടെ ആയുസ്സ് സംസ്ഥാന ശരാശരിയേക്കാളും വളരെ പുറകില്‍-വെറും 62.

സര്‍വേയുടെ ആധികാരിതയില്‍ വ്യക്തത ഇല്ലെങ്കിലും പെന്‍ഷന്‍ പ്രായം 65 ലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ഇതുധാരളം മതി. മരണംവരെ സേവനം, അതു സര്‍ക്കാര്‍ ജീവനമെങ്കില്‍ ആശ്രിതര്‍ക്കും ജോലി.

2007നും 2017നും ഇടയിലെ പത്ത് വര്‍ഷക്കാലയളവില്‍ നടത്തിയെന്നു പറയപ്പെടുന്ന ഈ പഠനത്തിന് വേറെയും പ്രയോജനമുണ്ട്. മക്കളെ, പേരക്കുട്ടികളെ യൊക്കെ ഡോക്ടര്‍മാര്‍ ആക്കിയേ അടങ്ങൂ എന്ന് ആര്‍ത്തിമൂത്തവര്‍ക്ക് ഒരുചെറിയ ശമനം കിട്ടും റിപ്പോര്‍ട്ടു വായിച്ചാല്‍. സര്‍വേയുടെ കണ്ടെത്തല്‍ അനുസരിച്ചുള്ള അതിസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാന്‍സറിനും അടിമപ്പെടാന്‍ ആരാണ് മക്കളെ വിട്ടുകൊടുക്കുക?

നഴ്‌സുമാര്‍ക്കു ശമ്പളം കൂട്ടിക്കൊടുക്കേണ്ട, പകരം സമരംമൂലം അടച്ചിട്ട ഡോക്ടര്‍ മുതലാളിയുടെ ആശുപത്രി തുറന്നുപ്രവര്‍ത്തിച്ചാല്‍ മതി എന്നു നിലപാടെടുത്ത ഐഎംഎ കേരള ഘടകം ആയുര്‍സര്‍വേ നടത്തി പ്രസിദ്ധീകരിച്ചതിലും ഉണ്ടാകും ഒരു ഗൂഢലക്ഷ്യം. ഒരു കാരണവുമില്ലാതെ വെളിച്ചപ്പാടു കുളത്തില്‍ ചാടില്ലല്ലോ?

കെ. സോമരാജന്‍
(രാമൻ നായർ എന്നു മതിയായിരുന്നു)
ആലപ്പുഴ
ജന്മഭൂമി

ഞാനും അപ്ഫനും സുഭദ്രയും

പ്രിന്റ്‌ എഡിഷന്‍  ·  November 22, 2017

പേരിനൊപ്പം മാസ്റ്റര്‍, ടീച്ചര്‍ എന്നാക്കെ ചേര്‍ത്ത് ചുളുവില്‍ ബഹുമാനം ആര്‍ജ്ജിച്ചിരുന്ന കുറെ നേതാക്കളുണ്ട് കേരള രാഷ്ട്രീയത്തില്‍. അക്കൂട്ടരുടെ ഗണത്തില്‍പ്പെട്ട ആളായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബര്‍ജിയെ ആരും കണ്ടിരുന്നില്ല. എന്നാല്‍ തോമസ് ചാണ്ടി കുറ്റം ചെയ്തതായി വ്യക്തമായതിനെ തുടര്‍ന്നല്ല രാജിവച്ചതെന്നും, അങ്ങനെ ഒരു അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും ന്യായികരിച്ച് പീതാംബര്‍ജി വന്നതോടെ അദ്ദേഹം വെറും എന്ന ന്യായീകരണ തൊഴിലാളിയായി മാറി.

തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് പീതാംബര്‍ജിയുടെ അഭിപ്രായം. ചാനലുകള്‍ ചര്‍ച്ച ചെയ്തതും, കളക്ടര്‍ റിപ്പോര്‍ട്ടെഴുതിയതുമൊക്കെ പിശക്. ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സംശയമൊന്നുമില്ല.
അവ എന്തൊക്കെയായാലും എന്‍സിപിയും രണ്ടു എംഎല്‍എമാരും ആരോപണവിേധയരായതിനാല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു.

ഒരുത്തന് പെണ്ണുകേസ് മറ്റവന് മണ്ണുകേസ്. മണ്ണു കേസെന്നു വെച്ചാല്‍ കണ്ണില്‍ കണ്ട സര്‍ക്കാര്‍ ചതുപ്പുകളല്ലാം സ്വന്തം പേരിലാക്കിയ കേസ്. മണ്ണിട്ടു നികത്തി സ്വന്തമാക്കിയ സ്ഥലങ്ങങ്ങളുടെ നിജസ്ഥിതി സത്യസന്ധരായ ഉദേ്യാഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ അവര്‍ക്കെതിരെ കോടതി കയറ്റം.

തോമസ് ചാണ്ടി, ശശീന്ദ്രന്‍ എന്നീ എന്‍സിപിയുടെ രണ്ടു എംഎല്‍എമാരില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിരപരാധിയാണെന്ന് ആദ്യം തെളിയുന്നത് ആരാണോ അയാള്‍ക്ക് മന്ത്രിയാകാന്‍ അവസരം നല്‍കുമെന്ന് പീതാംബരന്‍. എന്നുവച്ചാല്‍ ഈ മന്ത്രിസഭയില്‍ തുടര്‍ന്നങ്ങോട്ടു എന്‍സിപിയുടെ മന്ത്രി ഉണ്ടാകില്ലായെന്നു ചുരുക്കം.
സിപിഐയോടു പീതാംബര്‍ജി പ്രകടിപ്പിക്കുന്നകലി വെറുംപ്രകടനമായി കണ്ടാല്‍ മതി.

എംഎല്‍എമാര്‍ രണ്ടും മൂലയെക്കാതുങ്ങിയ സ്ഥിതിക്ക് ഇനി നറുക്കു വീഴുക തനിക്കാണെന്നു പീതാംബര്‍ജിക്കറിയാം. അങ്ങനെയെങ്കില്‍ ആറു മാസത്തേക്കെങ്കിലും മന്ത്രിയാകാം. പക്ഷേ ആറു മാസം കഴിയുന്ന മുറയ്ക്ക് മത്സരിച്ചു ജയിച്ച് എംഎല്‍എയായി മുഴുവന്‍ സമയമന്ത്രിയാകാമെന്ന മോഹമുണ്ടെങ്കില്‍ അതു നടക്കില്ല. പീതാംബര്‍ജിക്ക് ജയിക്കാന്‍ പാകത്തില്‍ കേരളത്തില്‍ ആരും മണ്ഡലം ഒഴിഞ്ഞു കൊടുക്കാന്‍ പോകുന്നില്ല
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമായാണ് പീതാംബര്‍ജി കാണുന്നത്. അത് കൂട്ടുത്തരാവാദിത്വത്തെ ബാധിക്കുന്നതും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം. സിപിഐക്ക് കായല്‍ കള്ളന്മാരുടെയും പെണ്‍വിഷയക്കാരുടെയും സംബന്ധം വേണ്ടെന്നാണെങ്കിലോ?

സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അവമതിയായി കാര്യങ്ങള്‍ നീങ്ങിയ സാഹചര്യത്തെ ക്കുറിച്ച് പീതാംബര്‍ജിക്ക് ഉത്കണ്ഠയുണ്ട്. സംഗതി നേരാണെന്നു തന്നെയാണ് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ശാരിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ പാലസ് റിസോര്‍ട്ടിലാണ് നടന്നതെന്നും, അതിന്റ സിഡി തോമസ് ചാണ്ടിയുടെ കൈവശമുണ്ടെന്നുള്ളതുമാണ് ആ ദിശയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. സിഡിയിലെ ദൃശ്യങ്ങള്‍ പരസ്യമാക്കിയാല്‍ അവമതിപ്പുണ്ടാകുമെന്നു മാത്രമല്ല മന്ത്രിസഭ തന്നെ ഇല്ലാതാകും. മുഖ്യമന്ത്രിയുടെ ചാണ്ടി ഭക്തിക്കു പിന്നില്‍ ഇത്തരമൊരു സിഡിയുടെ സാധ്യത തള്ളിക്കളയാത്ത ഒത്തിരി പേര്‍ സംസ്ഥാനത്തുണ്ട്.

ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്കോ പീതാംബര്‍ജിക്കോ സംശയമൊന്നുമില്ല. ആര്‍ക്കെങ്കിലും സംശയുണ്ടെങ്കില്‍ അതു ജനത്തിനു മാത്രമാണ്.
രാജിവെച്ചതോടെ ചാണ്ടി കുറ്റവിമുക്തനായി എന്നു പറയാന്‍ വരട്ടെ.
ഞാനും അപ്ഫനും സുഭദ്രയും എന്ന മട്ടില്‍ ചാണ്ടി സഹോദന്‍ സഹോദരി ട്രസ്റ്റു നടത്തിയ കായല്‍ കയ്യേറ്റത്തിന് ആറു വര്‍ഷം വരെ ശിക്ഷ ലഭിക്കും. പീതാംബര്‍ജിയുടെ പേര് ചാണ്ടി ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു നീക്കിക്കിട്ടുവാന്‍ കളക്ടര്‍ക്ക് അപേക്ഷ കൊടുക്കുന്നത് നന്നായിരിക്കും.

കെ.എ. സോളമന്‍
ജന്മഭൂമി