Monday, 4 December 2017

അമരേന്ദ്ര രാഹുലും കട്ടപ്പ ആന്റണിയും

കോൺഗ്രസിലെ കാര്യങ്ങൾ രസകരമാണ്. കേരളത്തിലെ കോൺഗ്രസ്നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ കലാശക്കൊട്ട് കാറ്റൂതി പോയതാണ് അതിലൊന്ന്. പടയൊരുക്ക സമാപ്തിക്കായി കണ്ടു വെച്ച കടപ്പുറം  കടലു നക്കിപ്പോകയും നിരത്തിയ ആർച്ചുകൾ, കാമാനങ്ങൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ തുടങ്ങി മുഴവൻ സാമഗ്രികളും ഓഖി കൊടുങ്കാറ്റു പറത്തിക്കളയുകയും ചെയ്തു. നഷ്ടം സംഭവിച്ചതു സ്പോൺസർമാർക്കാണെങ്കിലും പ്രതിപക്ഷത്തിന്റെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഭരണപക്ഷത്തിന് കൊടുങ്കാറ്റൊഴിഞ്ഞിട്ടും സന്തോഷം വിട്ടുമാറിയിട്ടില്ല.

രസകരമായ മറ്റൊന്ന് കോണ്‍ഗ്രസ് പ്രസിഡന്റായായുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പാണ്. രാഹുലിനെ കോൺഗ്രസിന്റെ യുവരാജാവായി വാഴിക്കുമെന്നുറപ്പുണ്ടായിട്ടും അദ്ദേഹത്തിനു വേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശത്തിനായി സമർപ്പിച്ചത് 93 പത്രികകളാണ്. ഒരു പത്രിക മാത്രം വേണ്ടിടത്താണ് ഇത്രയുംഎണ്ണം. ആവശ്യപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ നിന്നു തന്നെ ആയിരക്കണക്കിന് പത്രികകൾ എത്തിച്ചു കൊടുക്കാൻ ആൾക്കാരുണ്ടായിരുന്നു. കൂട്ടിയിട്ടു കത്തിക്കാൻ കടലാസ് ശേഖരിക്കുന്ന ഭരണ പരിഷ്കാരങ്ങളാണല്ലോ എല്ലായിടത്തും കാണുന്നത്. റേഷൻ വാങ്ങുന്ന യഥാർത്ഥ ബി .പി . എൽ കാരെ കണ്ടു പിടിക്കാൻ കേരളത്തിൽ  ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും നിർബ്ബന്ധമായി വാങ്ങിക്കുട്ടിയ റേഷൻ കാർഡിന്റെ  പകർപ്പുകൾ തകൃതിയിൽ കത്തിച്ചു കളയുകയാണ്  ഡിപ്പാർട്ടു മേധാവികളും ട്രഷറി ഓഫീസർമാരും.

രാഹുൽ ഗാന്ധിക്കെതിരെ പത്രികയുമായി നട്ടെല്ലു നിവർത്തി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നിരിക്കെയാണ് പത്രികാ സമർപ്പണത്തിന്റെ വലിയ മാമാങ്കം. അമ്മ മകനെ കോൺഗ്രസ് പ്രസിഡന്റിന്റെ കിരീടം ധരിപ്പിക്കുന്ന ചടങ്ങിന്റെ കർമ്മങ്ങൾ യഥാവിധി വേണമെന്നുള്ളതുകൊണ്ട് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങും രാഹുലിന് വേണ്ടി നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും. എ.കെ ആന്റണിയും ഗുലാം നബി ആസാദും പി ചിദംബരവുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും പത്രികയില്‍ ഒപ്പിടുന്നുണ്ട്. ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ അവരും ഒപ്പിടും.

അതെങ്ങനെയായാലും രാഹുൽ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവ് ഔറംഗസേബ് രാജ് സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പ് രീതിയാണെന്നുള്ള പ്രധാന മന്ത്രിയുടെ ട്രോളിന് ഒരു ചെറിയ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു . ഷാജഹാനു ശേഷം ഔറംഗസേബ് എന്നതു സോണിയാ ഗാന്ധിക്കു ശേഷം രാഹുൽ എന്നു പറയുമ്പോൾ ഒരു ലിംഗ പ്രതിസന്ധി ഉടലെടുക്കുന്നുണ്ട്. ഇതിന് പരിഹാരമായി ലോക പ്രസിദ്ധ ഇൻഡ്യൻ സിനിമ ബാഹുബലിയുടെ തീം പരിഗണിച്ചാൽ നന്നായിരിക്കും. രാജമാതാ ശിവകാമിക്കു ശേഷം യുവരാജാവ് അമരേന്ദ്ര ബാഹുബലിയെന്നു പറഞ്ഞാൽ  കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ വ്യക്തമാകും.  ഇനി ജനങ്ങളുടെ അഭിപ്രായം കൂടി മനസ്സിലാക്കേണ്ടതുണ്ടെങ്കിൽ   രാജമാതാവ്,  അമരേന്ദ്ര രാഹുലിനെയും  കട്ടപ്പ ആൻറണിയയെയും ഒരുമിച്ച് മഹിഷമതി ഉൾപ്പെടെ രാജ്യം മുഴുവനും ചുറ്റിസഞ്ചരിച്ചുവരുന്നതിനായി നിയോഗിച്ചാൽ മാത്രംമതി.

- കെ എ സോളമൻ

No comments:

Post a Comment