കാറ്റടങ്ങിയിട്ടില്ല ,അതിനു മുമ്പേ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തി ക്കഴിഞ്ഞു. രണ്ട് മിനിട്ട് വീശിയടിച്ച ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടം അഞ്ച് കോടി രൂപയെന്നതാണ് കണക്ക്.
വൈദ്യതിക്കമ്പി പൊട്ടിവീണതു ചെന്നറിയിച്ചാൽ തിരകെ വലിച്ചുകെട്ടാൻ ദിവസങ്ങൾ എടുക്കുന്ന ബോർഡിൽ നിന്നാണ് ഇത്തരമൊരു ദ്രുത പരിശോധിക്കാക്കണക്ക്. രണ്ടായിരത്തി അഞ്ഞൂറോളം വൈദ്യുതി തുണുകള്‍ ഒടിഞ്ഞു പോയത്രേ . ഇതില്‍ 11 കെവിയുടെ 500 കൂറ്റന്‍ പോസ്റ്റുകളും 150 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും ഒടിഞ്ഞും പൊട്ടിയും വീണു. ഇതു കേട്ടാൽ തോന്നുക കൊടുങ്കാറ്റിൽ പെട്ടവർക്കുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പടുന്നതിനു പകരം ജീപ്പുകളിൽ പാഞ്ഞു നടന്നു ഒടിഞ്ഞ പോസ്റ്റുകൾ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നെന്ന്. ഇനി ഏതായാലും ഒരു മാസക്കാലത്തേക്ക് പോസ്റ്റു ഒടിഞ്ഞ സ്ഥലങ്ങളിൽ വൈദ്യുതി പ്രതീക്ഷിക്കേണ്ടതില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാശനഷ്ടം സംഭവിച്ചതെന്നുംഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇടുക്കിയിലെ മലയോരമേഖലയിലാണെന്നും കണക്കുണ്ട്. അതെന്തായാലും ആലപ്പുഴ ജില്ലയിൽ കടലോര മേഖലയിൽ ഒഴിച്ചുള്ള വർ രക്ഷപെട്ടിരിക്കുകയാണ്. തീരദേശ മേഖലയിലെ പോസ്റ്റുകൾ ഒടിയാത്തതാണോ അതോ കണക്കെടുക്കാൻ കടൽവെള്ളം അനുവദിക്കാത്തതാണോയെന്നു വ്യക്തമല്ല.
നൂറ്റാണ്ടു മുമ്പുള്ള പോസ്റ്റും കമ്പിയുമുപയോഗിച്ചുള്ള വൈദ്യതി വിതരണ സമ്പ്രദയമാണ് കേരളത്തിൽ എല്ലായിടത്തും . വിദേശ രാജ്യങ്ങളിൽ കാണാത്ത കാഴ്ചയാണിതു്. അവിടങ്ങളിലെല്ലാം അണ്ടർ ഗ്രൗണ്ട് കേബിളുകളിൽ വൈദ്യുതി വിതരണത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ ഇവിടെ കോൺക്രീറ്റു പോസ്റ്റുകൾ വാർത്ത് ലാഭമെടുക്കുകയാണ്. ഇവയൊക്കെ റോഡിലും റോഡ്സൈഡിലും കുഴിച്ചിട്ടാലല്ലേ വാഹനാപകടം സൃഷ്ടിക്കാനും അതിന്റെ പേരിൽ വൈദ്യുതി തടസ്സപ്പെടുത്താനും കഴിയൂ?
കേരളത്തിൽ നിരന്തരം വൈദ്യതി തടസ്സമുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. വൈദ്യുതി കമ്പിയിലെ ടച്ചിംഗ്സ് വെട്ടുക എന്നതിന്റെ പേരിൽ എത്ര ദിവസങ്ങളാണ് കറണ്ട് തടസ്സപ്പെടുത്തുന്നത് ? ഓവർ ഹെഡ് ലൈനുകൾ മാറ്റി അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിച്ചാൽ അപകടം കുറയും, വൈദ്യതി തടസ്സം മാറും, നഷ്ടവും കുറയും, പക്ഷെചെയ്യില്ല. ചെയ്താൽ ചിലരുടെ കീശയിലോട്ടുള്ള പണമൊഴുക്കു കുറയും.
നാഷണൽ ഹൈവേ വികസനം പോലെ പ്രധാനപ്പെട്ടതാണ് ആതിരപ്പള്ളി പദ്ധതിയെന്ന് വൈദ്യുതി ബോർഡും മന്ത്രിയും പറയുന്നു. .കമ്പിയും സിമന്റും വാങ്ങി കാശടിക്കുകയും മരങ്ങൾ വെട്ടിക്കൊടുത്തു കൊള്ള നടത്തുകയുമാണ് ഈ ഉദ്ദേശ്യത്തിനു പിന്നിൽ. ആവാസ വ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം ഇവരുടെ പാഠ്യപദ്ധതിയിലില്ല. പക്ഷെആർക്കും ചേതമില്ലാത്ത ഗീർവാണങ്ങൾ കൂടെക്കൂടെ തൊടുത്തുവിടുകയും ചെയ്യും. അധികാരത്തിൽ ഇരിക്കുന്ന മുന്നണി ഡാമിനു വേണ്ടി വാദിക്കുക്കുകയും പ്രതിപക്ഷം എതിരുനില്ക്കുകയും ചെയ്യുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതായില്ല, ഏവർക്കുമറിയാം. ആതിരപ്പള്ളി ഡാമിനു മുടക്കുന്നതിന്റെ പത്തിലൊന്നു പണംപോലും തിരികെ ലഭില്ലെന്നു വിദഗ്ധർ പറയുമ്പോഴാണ് വിടുവായനായ മന്ത്രി ആതിരപ്പള്ളിക്കു വേണ്ടി നാഴികയ്ക്കു നാല്പതു വട്ടം കുരവയിടുന്നത്.
കാറ്റടങ്ങും മുമ്പേ നഷ്ടക്കണക്കുമായെത്തിയ വൈദ്യതി വകുപ്പ് പുതുതായി ഏർപ്പെടുത്താൻ പോകുന്ന 'ഫയർസെസ്' പോലെ ഒരെണ്ണം ഏർപ്പെടുത്തി ഉപഭോക്താവിന്റെ തലയിൽ ഷോക്കടിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ട കാര്യം.
- കെ എ സോളമൻ
No comments:
Post a Comment