ആലപ്പുഴ ജില്ലയിലെ കവികളുടെയും മറ്റ് സാഹിത്യകാരന്മാരുടെയും
തീര്‍ഥാടനകേന്ദ്രങ്ങളാണ് തകഴിയിലെ തകഴി സ്മാരകം, അമ്പലപ്പുഴയിലെ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം, ചേര്‍ത്തല
വയലാറിലെ വയലാര്‍ സ്മൃതിമണ്ഡപം എന്നിവ . ഇരയിമ്മന്‍ തമ്പിയുടെ നാമത്തില്‍ വാരനാട് ഒരു സ്മാരകമുണ്ടെങ്കിലും
അങ്ങോട്ടുഅധികം പേര്‍ ആകര്‍ഷിക്കപ്പെട്ടു കാണുന്നില്ല. ഇരയിമ്മന്‍ തമ്പി ഒന്നരവയസ്സുള്ളപ്പോള്‍
മുറ്റത്തു ഓടിനടന്നിട്ടുണ്ട് എന്ന സ്മാരകം സൂക്ഷിപ്പുകാരുടെ സാക്ഷ്യപ്പെടുത്തല്‍ അല്ലാതെ
മറ്റ് രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതുകൊണ്ടാണ് തമ്പിസ്മാരകത്തോടു സാഹിത്യ നായകരുടെ
ഈ അനാദരവ്. എന്നാല്‍ ആദ്യം പറഞ്ഞ മൂന്നു സ്മാരകങ്ങളുടെയും കാര്യംഅങ്ങനെയല്ല. ആലപ്പുഴ-
ചേര്‍ത്തല പ്രദേശങ്ങളിലെ ഒരുവിധപ്പെട്ട അര-മുക്കാല്‍ കവികള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും
ഈ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചിരിക്കും.സ്മരിക്കപ്പെടുന്ന വലിയ മനുഷ്യരോടുള്ള ആദരവിനൊപ്പം
തന്നോടു സ്വയം തോന്നുന്ന ആദരവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. ഇവിടങ്ങള്‍ സന്ദര്‍ശിച്ചില്ലെങ്കില്‍
മറ്റുള്ളവര്‍ തന്നെ കവിയായി പരിഗണിച്ചില്ലെങ്കിലോ.?
സ്മാരകങ്ങള്‍ സന്ദരിശിക്കാതെ തന്നെ ആളാകാന്‍ വിദ്യയുണ്ട്. ഉദാഹരണത്തിന്
ജന്മദിനത്തിനൊ വിവാഹവാര്‍ഷികത്തിനോ സഹകവികളെ വിളിച്ച് അവര്‍ക്ക് ഊണോ ബിരിയാണിയോ കൊടുത്തു
സന്തോഷിപ്പിക്കുക. അവരെ ക്കൊണ്ടുതന്നെ മാലയോ ഷാളോഅണിയിപ്പിക്കുക തുടങ്ങിയവ. സാധാരണ വിവാഹത്തിന്റെ
രജതജൂബിലിയും സുവര്‍ണ്ണജൂബിലിയും ആണ് ഇങ്ങനെ ആഘോഷിക്കുക. വജ്രം, പ്ലാറ്റിനം എന്നിവ വരെ കാത്തിരിക്കുക ശ്രമകരമാണ്.
ഇവിടെയൊരു കവി സുവര്‍ണജൂബിലിക്ക്കാത്തുനില്‍ക്കാതെ നല്പ്പത്തിനാലാം വിവാഹവാര്‍ഷിക മാഘോഷിക്കുകയും
തുടര്‍ന്നു എല്ലാ വര്‍ഷവും ഈ പരിപാടി ആവര്‍ത്തിക്കുകയും ചെയ്യുമെന്നും പറഞ്ഞതോടെ മംഗളലപത്രമെഴുത്തിന്റെയും
വായനയുടെയും പണിപ്പുരയിലാണ് ഇതര കവികള്‍.
ആലപ്പുഴ കവികള്‍ക്ക് മൂന്നു സ്മൃതിമണ്ഡപങ്ങള്‍ ഉണ്ടെങ്കിലും
ചേരിതിരിവ് വളരെ പ്രകടം. ആലപ്പുഴക്കാര്‍ ചേര്‍ത്തലക്കാരെ അങ്ങോട്ടു അടുപ്പിക്കാറില്ല, ചേര്‍ത്തലക്കാര്‍ മറിച്ചും.
കവിയായി അറിയപ്പെടണം
എന്ന ഒടുങ്ങാത്ത ആഗ്രഹമുള്ളതിനാല്‍ ആരും ക്ഷണിച്ചില്ലെങ്കിലും തകഴി സ്മാരകം സന്ദര്‍ശിക്കാന്‍
തന്നെ ഞാന്‍ തീരുമാനിച്ചു. ഏപ്രില് 10 മുതല്‍ 17 വരെ നിരന്തരം പരിപാടിയാണ് ശങ്കരമംഗലത്ത്
എന്നാണ് പത്രത്തില്‍ വായിച്ചത്.
ആരും ക്ഷണിച്ചില്ലെന്ന് തീര്‍ത്തൂം പറഞ്ഞുകൂടാ. ആലപ്പുഴയിലെ
പ്രമുഖ സ്ഥാപനമായ എ എ കോമിന്റെചെയര്‍മാന്‍ ഖാലിദിക്കക്ഷണിച്ചിരുന്നു. . എ എ കോം എന്നു
വെച്ചാല്‍ ആര്‍ കോം, ടി കോം പോലുള്ള
സ്ഥാപനങ്ങള്‍ ആണെന്ന് ആരും കരുതേണ്ട. ആലപ്പുഴ ആര്‍ട്സ് ആന്ഡ് കമ്മുണിക്കേഷന്‍സ്(എ
എ കോം)കുറച്ചധികം മാസങ്ങളായി ആലാപ്പുഴയിലും പരിസരങ്ങളിലും സെമിനാര്‍, കവിയരണ്ട്, കഥാപ്രസംഗം തുടങ്ങിയ സാഹിത്യ മേളകള്‍ നടത്തിപ്പോരുന്നു.
പോസ്റ്റ് ഓഫീസില്‍ നിന്നു റിട്ടയര്‍ ചെയ്തതിന് ശേഷം ഇക്കായ്ക്കു ണ്ടായ ഉള്‍വിളിയാണ് എ എ കോമിന്റെ
സ്ഥാപനത്തിലും നടത്തിപ്പിലും കലാശിച്ചത്. പോസ്റ്റ് ഓഫീസില്‍ ക്ലാര്‍ക്കായും മാസ്റ്ററായും
ജോലിചെയ്തപോള്‍ ചെയ്ത കൊള്ളുരുതായ്മയ്ക്ക് പ്രായശ്ചിത്തമായാണ് കമ്മുണികേഷന്‍സ് ആരഭിച്ചതും
മാസാമാസം ചായവാങ്ങി കൊടുക്കുന്നതെന്നും നാട്ടുകാര്‍. ഖാലിദിക്കായുടെ സാംസ്ക്കാരിക മേളനങ്ങളില്‍
പങ്കെടുക്കുന്ന എല്ലാവര്ക്കും ചായയും രണ്ടു ടൈഗര്‍ ബിസ്ക്കറ്റും ഫ്രീ. മാസ പെന്‍ഷനിലെ
500രൂപ മാറ്റി വെച്ചാണ് ഖാലിദിക്ക കമ്മുണികേഷന്‍സ് നടത്തിക്കൊണ്ട് പോകുന്നത്. ആരോടെങ്കിലും
സംഭാവന്‍ വാങ്ങുന്നുണ്ടോ എന്നറിയില്ല.
“പോര്, പോര്, ഇവിടെ വന്നു കുത്തീരിക്കാം , 15-നു വിഷുവിന്‍റന്നു ഗംഭീരപരിപാടിയാണ്
കഥ-കാവ്യ സംഗമം, തകഴി സ്മാരകത്തില്‍, കൃത്യം
3 മണിക്ക്”
ഒരു സാംസ്ക്കാരിക പരിപാടിയില്‍ ഉടന്‍ പങ്കെടുക്കാതെ ഒട്ടും വയ്യ
എന്ന അവസ്ഥയില്‍ ഇരുന്ന എനിക്കു വലിയ ആശ്വാസമായിരുന്നു ഇക്കായുടെ വിളി. ചെല്ലാമെന്ന്
ഉടന്‍ സമ്മതിക്കുകയായിരുന്നു ഞാന്‍.
ചേര്‍ത്തല നിന്നു തകഴി സ്മാരകത്തില്‍ എത്തി തിരികെപ്പോരരാന്‍ 84 രൂപ വേണം ബസ് ഫെയര്‍ . ഒരുനല്ല കാര്യത്തിന് പോകുമ്പോള്‍ ചെറിയ ചെലവ് കാര്യമാക്കേണ്ടതില്ല.കൃത്യം മൂന്നു മണിക്ക് തന്നെ സ്മാരകത്തില്‍ എത്തി
മൂന്നു മണിക്ക് പരിപാടി ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും
അവിടെ അപ്പോള്‍ പത്തുപേരെ ഉണ്ടായിരുന്നുള്ളൂ.
എന്നെ കണ്ടതോടെ ഖാലിദിക്കയ്ക്ക് പെരുത്ത് സന്തോഷമായി. ഇനിയാരും വന്നില്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടായിരുന്നു
ഇക്കായ്ക്ക്. അത്രമേലുണ്ട് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം . പരിചയം തുടങ്ങിയത് ഏകദേശം
25 കൊല്ലം മുന്പാണ്, മംഗളം പത്രം
ആരംഭിച്ചകാലം. പത്രത്തിലെ സ്ഥിരം പ്രതികരണവേദിക്കാരായിരുന്നു ഞങ്ങള്‍. ഞങ്ങളുടെയൊക്കെ
പേരുകള്‍ ഫോട്ടോസഹിതം അന്ന് പത്രത്തില്‍ വരുമായിരുന്നു. സൂര്യന് കീഴെയുള്ള ഏതിനെക്കുറിച്ചും
ഖലീദിനും എനിക്കും കൃത്യമായ അഭിപ്രായം ഉണ്ടായിരുന്നു. പ്രതികരണപംക്തിക്കു മംഗളംപിന്നീട് പ്രധാന്യം കുറച്ചെങ്കിലും മനോരമ മാധ്യമം, തേജസ്, മാതൃഭൂമി തുടങിയവയില്‍ ഖാലിദ് എഴുത്ത് പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
തക്‍ഴി സ്മാരകത്തിന്റെ ന്നടത്തിപ്പുകാരന്‍ പി എസ് സി മെമ്പറായി
ഇരുന്നതിന് ശേഷം വിരമിച്ച ദേവദത്ത് ജി പുറക്കാട്ട്ജിയാണ്. ആദ്ദേഹം കോണ്‍ഗ്രാസ് കാരനായതുകൊണ്ടാവണം
ഇടതുസഖാക്കള്‍ ആറരെയും തന്നെ കണ്ടില്ല. എന്നാല്‍ ഇതിന് വിപരീതമാണ് വയലാര്‍ സ്മാരകം നടത്തിപ്പ്. അവിടെ
കൂടുതലായി പെരുമാറുന്നത് സാംസ്കാരികത്തിന്റെ ഇടത്തു ഭാഗത്തുള്ളവരാണ്..
പുറക്കാട്ടിജിയുടെ അസിസ്സ്റ്റന്‍റ് എന്നു തോന്നിക്കുമാറ് ഒരു
വിദ്വാന്‍ തണലത്തുകിടന്ന പ്ലാസ്ടിക്ക് കസേരകല്‍
വെയിലത്ത്നിരത്തുകയും വെയിലത്തുകിടന്നവ കുറെക്കൂടി വെയിലത്തീക്ക് മാറ്റുകയും ചെയ്യുന്നണ്ടായിരുന്നു.
സമയം മൂന്നര. സമ്മേളനത്തില്‍
സംബന്ധിക്കാനെത്തിയവരുടെ എണ്ണം 15 കവിഞ്ഞു. വിഷൂവായതുകൊണ്ടു ചായപ്പീടികകളെല്ലാം അടഞ്ഞുകിടന്നതിനാല്‍
വന്നവര്‍ക്ക് ചായ എത്തിച്ചുകിടക്കാനുള്ള ബദ്ധപ്പാടിലായിരുന്നു സൌമ്യനായ പുറക്കാട്ടുജി.
ഇതിനിടെ അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് അടുത്തപരിപാടിയിലേക്ക് കടന്നുകഴിഞ്ഞു. ഓലപ്പടക്കം
കത്തിച്ചു അവിടെക്കൂടിയിരുന്നവരുടെ ഇടയിലിട്ടു പൊട്ടിക്കുന്നതായിരുന്നു പരിപാടി. ഓരോ പടക്കം പൊട്ടുമ്പോഴും
ഖാലിദിക്ക ദ്വേഷ്യത്തോടെ എന്‍റെമുഖത്തേക്ക് നോക്കും. നോട്ടം കണ്ടാല്‍ തോന്നും ഞാനാണ്
പടക്കം പൊട്ടിക്കുന്നതെന്ന്.
.
ഞെട്ടുന്നവരുടെ എണ്ണം പോരെന്ന് തോന്നിയതിനാലാവണം പുറക്കാട്ടുജിയുടെ
അസിസ്റ്റന്‍റ് വെടിക്കെട്ടിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നു. ഒരു പഴയപത്രം നീളത്തില്‍ചുരുട്ടിയെടുത്ത്
അതിനകത്ത് നാലഞ്ച് ഓലപ്പടക്കം തിരുകി നിലത്തു വെച്ചിട്ടു പത്രക്കുഴലിന്റെ അറ്റത്ത്
തീയിട്ടു.പത്രം പകുതികത്തിയതോടെ എല്ലാപടക്കവും ഒരുമിച്ച് പൊട്ടിയതിനാല്‍ മുന്പ് ഞെട്ടാത്തവരും
ഞെട്ടി. ചാടിയെഴുന്നേറ്റ ഖാലിദിക്കാ എന്തോ പറയാന്‍ ഭാവിക്കേ പുറക്കാട്ടുജി ഒരു ഓലക്കണയുമായി
കോഴിക്കുപുറകെയെന്ന മാതിരി പടക്കക്കാരന് ഓടിച്ചിടുന്നതാണ് കണ്ടത്
സമയം 4മണി.
പരിചയമുള്ളവരും ഇല്ലാത്തവരുമായ 32 പേരെ ഖാലിദിക്കഎണ്ണി.ബാലകവി
വയലാര്‍ ഗോപാലകൃഷ്ണന്‍ ലോകകവി ഫിലിപ്പോസ് തത്തംപള്ളി, നോവലിസ്റ്റും കവിയും മുന്‍ കോളേജ് പ്രിന്‍സിപ്പാളുമായ
പ്രൊഫ് ജോസ് കാട്ടൂര്‍, കവി ദേവസ്യ അരമന, കവി ഓമന തിരുവിഴ, കവി മുരളി ആലിശ്ശേരി, കവി ശോഭ രാജപ്പന്‍, സാഹിത്യകാരന്‍ ബി ജോസുകുട്ടി, അഡ്വ. വേണു തുടങ്ങിയ പരചയമുള്ളവരും ഇല്ലാത്തവരും. ഇവരുടെയൊക്കെ പേരുകള്‍ അന്നൌന്‍സ്
ചെയ്തു അറിയിക്കുന്ന കൂട്ടത്തില്‍ ചില അന്യദേശക്കാരുടെയും പേരുകള്‍ വിളിച്ചുകൂവുന്നുണ്ടായിരരുന്നു.
വൈരം വിശ്വന്‍, കെ പി ശശിശരന്‍ നായര്‍,
കോയിക്കലേത്ത് രാധാകൃഷ്ണന്‍, വര്ഗീസ് കൊല്ലായനി തുടങ്ങിയ പേരുകള്‍
വിളിച്ചുപറഞ്ഞെങന്കിലും വൈകീട്ട് ആറുമണിവരെ ഇവരെയൊന്നും അവിടെ കണ്ടുകിട്ടിയില്ല. കൊല്ലേനി, കൊല്ലേനി എന്നു വിളിച്ചുകേട്ടപ്പോള്‍ കൊല്ലല്ലേ, കൊല്ലല്ലേ
എന്നാണ് അവിടെ കൂടിയിരുന്നവര്‍ക്ക് തോന്നിയത്.
സമയം 4.15.
നിശ്ചയിച്ച
സമയത്തില്‍ നിന്നു ഒന്നേകാല്‍ മണിക്കൂര്‍ വൈകി ഉദ്ഘാടകനും മുഖ്യ പ്രഭാഷകയും എത്തി.
രണ്ടും റിട്ടയാര്‍ഡ് മലയാളം പ്രൊഫസര്‍മാര്‍. ഒരാള്‍ കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യത്തില്‍
ഗവേഷണം ചെയ്തു ഡോക്ടറേറ്റ് നേടിയതെങ്കില്‍ രണ്ടാമത്തെയാള്‍ ഒഎന്‍ വി കവിതയിലാണു റിസേര്‍ച്ച് നടത്തിയത്. ചങ്ങംപുഴ
കവിതകളില്‍ എത്ര ‘ഴ’. ഉണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തിയാല്‍ മലയാള ഭാഷയില്‍ പി എച്ച് ഡി കിട്ടുമെന്ന്
അനാവശ്യക്കാര്‍ പറയുമെന്കിലും ഇവരുടെ ഗവേഷണത്തെ അത്രയ്ക്ക് വിലകുറച്ചു കാണേണ്ടതില്ല.
അതെന്തായാലും രണ്ടുപേരും തകഴി സാഹിത്യത്തില്‍ ഗവേഷണം നടത്താതിരുന്നത് നന്നായി. അല്ലായിരുന്നെങ്കില്‍
പ്രസംഗം അരമണിക്കൂര്‍ എന്നത് ഒരുമണിക്കോറോ കൂടുതലോ ആകുമായിരുന്നു.
ഉന്നത വിദ്യാഭ്യാസം മലയാളത്തില്‍ തന്നെ വേണം എന്നത് പോലുള്ള
സ്ഥിരം വങ്കത്തരമൊന്നും ഉദ്ഘാടകന്‍ ഇക്കുറി എഴുന്നള്ളിച്ചില്ല. തക്‍ഴി ചേട്ടനുമായി
ചില ഡിസ്കഷനുകള്‍ ഒക്കെ പണ്ടു നടത്തിയിരുന്നു എന്നു മാത്രമേ പറഞ്ഞുള്ളൂ.
--------------------------------------
തുടര്‍ന്നു ഉദ്ഘാടകന്റെ തന്നെ ശിഷ്യയുടെ മുഖ്യ പ്രഭാഷണമായിരുന്നു.
തകഴിച്ചേട്ടന്റെ മുന്നില്‍ കവിതയവതരിപ്പിക്കാന്‍ അവസരം കിട്ടാതെ പോയത്തിലുള്ള വിഷമം
പങ്കുവെയ്ക്കുകയായിരുന്നു അവര്‍. എങ്കിലും
ആശ്വാസത്തിന് വകയുണ്ട്. പിന്നീട് അനേകം തവണ ശങ്കരമംഗലത്ത്എത്തി കവിത അവതരിപ്പിക്കാന്‍
അവസരം കിട്ടിയിട്ടുണ്ട്.അപ്പോഴെല്ലാം തകഴിയുടെ പത്നി കാത്തചേച്ചി അടുക്കളയുടെ ഉമ്മറപ്പടിയില്‍
ഇരുന്നു ഒളിഞ്ഞു നോക്കി തന്റെ കവിത ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.
ഉദ്ഘാടകനും ശിഷ്യയും സ്വന്തം ഗവേഷണ കവിതകള്‍ അവതരിപ്പിക്കുകയും
ചെയ്തു. ബൌദ്ധിക നിലവാരത്തില്‍ ഉദ്ഘാടകനും ശിഷ്യയുംതങ്ങള്‍ക്കൊപ്പമാവില്ലെന്നു ശ്രോതാക്കളായ
കവികള്‍ ചിന്തിച്ചിരുന്നതുകൊണ്ടു കയ്യടി ഒട്ടുമുണ്ടായില്ല.തങ്ങളുടെ ഊഴം കഴിഞ്ഞതോടെ
അവിടെ കൂടിയിരുന്ന ഇതര കവികളേ ശ്രദ്ധിക്കാതെ രണ്ടുപേരും വേദിയില്‍ നിന്നറങ്ങി. ഇതുകണ്ട
ലോക കവി ഫിലിപ്പോസ് തത്തംപള്ളി അവരുടെ പിന്നാലേഓടുകയും ഫോട്ടോ എടുക്കകയും ചെയ്തു..
മഹാകവികളെന്ന്നടിക്കുന്നവരെ കൂടെ നിര്‍ത്തി മൊബയില്‍കാമെറയില്‍ ഫോട്ടോപകര്‍ത്തി ഫേസ്ബുക്കിലുടുന്നത്
ഈയിടെയായി അദ്ദേഹം ഡവലപ് ചെയ്ത ഹോബിയാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തു അപ്പോള്‍ പറഞ്ഞത്.
ഉദ്ഘാടനത്തിന് മുന്പ് തകഴി സ്മൃതിമണ്ഡപത്തില്‍ വലം വെയ്ക്കലും
പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു. മഹാകവികള്‍ സ്മൃതിമണ്ഡപം ചുറ്റി പൂവിതറിയപ്പോള്‍ ചെറുകവികള്‍
പുറത്തുനിന്നാണ് പുഷ് പാ ര്‍ച്ചന നടത്തിയത്.
കവിസമ്മേളനം നടത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന്
പുറക്കാട്ടുജി തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശം നടത്തിയിരുന്നു. കവികള്‍
എത്രവേണമെങ്കിലുമുണ്ട്, പക്ഷേ എല്ലാവരെയും
കൃത്യസമയത്തു അറിയിക്കാനായില്ല. നോട്ടീസ് അടിച്ചു എത്തിക്കാമെന്ന് കരുത്തിയപ്പോള്‍
അമിതമായ തപാല്‍ചെലവ്.. അതുകൊണ്ടു അവയെല്ലാം കൃത്യമായി വിതരണം ചെയ്യാമെന്നേറ്റ ജോസ്കൂട്ടിയെ
ഏല്‍പ്പിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആലപ്പുഴ കടല്‍പ്പാലത്തിനുകീഴെ കണ്ടെത്തിയ
നോട്ടീസ് കെട്ടുകള്‍ ജോസുകുട്ടി ഉപേക്ഷിച്ചിട്ടു പോയതാണെന്ന പരാതി ഒരിടത്തുനിന്നും ഉണ്ടായതുമില്ല.
സമയം 5.25
പകര്‍ന്നാട്ടം തുടങ്ങിയത് തുടര്ന്നാണ്. ആരാണ് അദ്ധ്യക്ഷന്‍, ആരാണ് പ്രസംഗികന്‍, ആരാണ്
പാരായണന്‍ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥ. തകഴി ശൃംഗാര പ്രിയനാണെന്നും, തകഴിഫലിതങ്ങള്‍ എല്ലാം പ്രായപൂര്‍ത്തിയായരെ
ഉദ്ദേശിച്ചുള്ളതാണെന്നും ഒരുത്തന്‍. റിട്ടയര്‍ ചെയ്താല്‍ മനുഷ്യനു ഭ്രാന്തുപിടിക്കുമോ
എന്നു തോന്നുന്നതായിരുന്നു ഒരു കോളേജ് പ്രൊഫസ്സറുടെ പ്രകടനം.
തിരിഞ്ഞിനൊക്കിയപ്പോള്‍ വേദിയില്‍ അഞ്ചുപേരും സദ്സ്സില്‍ മൂന്നു
പേരുംഉണ്ടായിരുന്നു. ഗോപാലകൃഷ്ണനും. ഖാലിദിക്കയും, ആലിശേരിയും പ്രസംഗിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഞാന്‍ വാച്ചില്‍ല്‍ നോക്കി സമയംആറുമണി, വന്നിട്ട് കൃത്യം മൂന്നു മണിക്കൂര്‍ പിന്നിട്ടു. ഞാന്‍ ആംഗ്യം കാട്ടിയിപ്പോള്‍
ഖാലിദിക്ക തിരികെ ആംഗ്യംകാട്ടിയത് എനിക്കു മനസ്സിലായി.. തന്‍റേകൂടി പ്രസംഗം കേട്ടിട്ടുപോയല്‍
മതിയെന്നായിരുന്നു ആംഗ്യ സൂചന.
വീട്ടിലെത്തിയ ശേഷം ഞാന്‍ ഖാലിദിക്കയെ വിളിച്ചു.” എങ്ങനെയുണ്ടായിരുന്നു
പ്രസംഗം?”
ദീര്‍ഘ കാലത്തെ പരിചയം കൊണ്ടാവണം, അധികം കനപ്പിക്കാതെ അദ്ദേഹം എന്തോ പറഞ്ഞു.
ഇതിലും മോശമായി ഒരുപരിപാടി സംഘടിപ്പിക്കാനാവില്ല എന്നതായിരുന്നു
അദ്ദേഹം പറഞ്ഞതിന്റെസൂചന എന്നകാര്യത്തില്‍ എനിക്കു അശേഷം സംശയമില്ല.
. .
It is sincere. And good. KPS
ReplyDelete