Wednesday, 20 July 2011

യു ജി സി പാക്കേജ് - കഥ- കെ എ സോളമന്‍


ഡോ. വിദ്യറാണി പി എച് ഡി ഡോക്ടര്‍ബിരുദം പൂര്‍ത്തിയാക്കിയിട്ടു രണ്ടു വര്ഷം കഴിഞ്ഞു. മാന്യമായ ജോലിയൊന്നും ഇതു വരെ തരപ്പെട്ടില്ല എന്നു പറഞ്ഞു കൂടാ .ഒരു സ്വാശ്രയ സ്കൂളില്‍ പള്സ് ടുവിന് ഗസ്റ്റ് ലെക്ച്ചറര്‍ ആയി ജോലി നോക്കിയതാണ് . പക്ഷെ തന്റെ വിഷയം തന്നെ പഠിപ്പിക്കുന്ന പ്രിന്സിപലിന്റെ ഭാര്യയുടെ ടെസ്റ്റ്‌ പേപ്പറുകളും അസ്സ്യ്ന്മെന്ടുകളും താന്‍ തന്നെനോക്കണമെന്ന സ്ഥിതി വന്നപ്പോള്‍ ആ ജോലി വിട്ടു. ഇപ്പോള്‍ ജോലി കണക്കെഴുത്താണ് .
ടൌണിലെ ഒരു ജൌളിക്കടയില്‍ . മെറ്റിരിയല്സ് സയന്‍സിലെ തന്റെ ഡോക്ടോറേറ്റ് തുണിക്കടയിലെ മെറ്റിരിയല്സ് തരം തിരിക്കുന്നതിനു പ്രയോജനപ്പെടുമെന്നു അങ്ങനെയാണ് വിദ്യറാണിക്ക് മനസ്സിലായത്‌. കട മുതലാളി തന്റെ ക്വാളിഫികേഷന്‍ ശരിക്ക് മനസ്സില്ലക്കിയിരിക്കുന്നു, മറ്റുള്ളവരേക്കാള്‍ 500 രൂപ കൂടുതലാണ് തരുന്നത്, മാസം 3500 രൂപ
ശമ്പളം !

അങ്ങനെ ഇരിക്കെ യാണ് പ്രൊഫസര്‍ ജോര്‍ജ് മണിക്കനാം കുന്നിന്റെ "യു ജി സി പാക്കേജ് " എന്ന പ്രൌഡലേഖനം പത്രത്തില്‍ വായിച്ചത് . വിദ്യറാണി ലേഖനം മൂന്നാവര്‍ത്തി വായിച്ചു. എന്തൊക്കെയാണ് പ്രൊഫസര്‍ എഴുതി വെച്ചിരിക്കുന്നത്? കേരളത്തിലെ കലാലയങ്ങളില്‍ രണ്ടായിരത്തോളം വേക്കന്‍സികള്‍ ഉണ്ടെന്നും യോഗ്യ്രരായവരുടെ അഭാവത്തില്‍ അക്കാടെമിക് എക്സെലെന്സു നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നും, അത് കൊണ്ട് നിലവിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 70 ആക്കണമെന്നും മണിക്കനാംകുന്നു ലേഖനത്തില്‍ അടി വരയിടുന്നു . ജൌളി ക്കടയില്‍ നിന്ന് കിട്ടുന്ന മാസവേതനത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ട് ജോലിക്ക് ആപേക്ഷിക്കാമെന്നു അതോടെയാണ് വിദ്യറാണി തീരുമാനിച്ചത്.

ആദ്യ അപേക്ഷ അയച്ചത് മണിമലയാരിന്റെ തീരത്തുള്ള, വാഴ്ത്തപെട്ട പുണ്യാളത്തിയുടെ നാമത്തിലുള്ള വനിതാ കോളേജിലെക്കാണ്. അപേക്ഷ ഫീസ്‌ 750 രൂപ മാത്രം. അടച്ച ഫീസിനുരസീതു നല്‍കാന്‍ കന്യാസ്ട്രീമാര്‍ക്ക് മടി. രസീതുകിട്ടിയില്ല, അല്ലെങ്കില്‍ തന്നെ രസീതു കിട്ടിയിട്ട് എന്തുകാര്യം ? താന്‍ ഉള്‍പ്പടെ 24 അപേക്ഷകര്‍ , അതില്‍ രണ്ടു പി എച് ഡി ക്കാര്‍ . എല്ലാവര്ക്കും നെറ്റ് യോഗ്യത, തനിക്കു ജോലി കിട്ടിപ്പോയെക്കു മെന്നു വിദ്യറാണിശങ്കിച്ചു . റിസള്‍ട്ട്‌ വന്നപ്പോള്‍ ശങ്ക മാറി. ഒരു സെക്കണ്ട് ക്ലാസ്കാരിക്കാണ് നറുക്ക് വീണത്‌. തനിക്കെത്രയാണ് റാങ്ക് എന്ന് വിദ്യറാണി ചോദിച്ചില്ല. നിയമനത്തിന്റെ മാനദെണ്ട്ട മെന്തെന്നത്‌ സിസ്റ്റര്‍മാരുടെ ഉടുപ്പിന്റെ കെട്ടുവള്ളിയില്‍തൂങ്ങുന്ന വാഴ്‌ ത്തപ്പെട്ടവള്‍ക്ക് മാത്രമേ അറിയൂ. പെണ്ണുങ്ങള്‍ മാത്രം പഠിപ്പിക്കാനും പഠിക്കാനുമുള്ള കോളേജില്‍ ആണ്‍കുട്ടികള്‍ എത്താതിരുന്നസാഹചര്യത്തിലാണ് 24 അപേക്ഷകര്‍ .പ്രൊഫസര്‍ മണിക്കനാം കുന്നിന്റെ വിജ്ഞാത്തില്‍ വിദ്യറാണി അത്ഭുതം കൂറി.

രണ്ടാമത്തെ ഇന്റര്‍വ്യൂ സാമ്പത്തിക സംവരണം ഊണിലും ഉറക്കത്തിലും പറയുന്ന സമദൂരക്കാരായ ശരിദൂരക്കാരുടെ കൊളെജിലെക്കായിരുന്നു. ചെന്നഉടനെ അപേക്ഷകള്‍ പരിശോധിക്കുന്ന ക്ളാര്‍ക്ക് ചോദിച്ചു .. " ചുമ്മാ അപേക്ഷിച്ച താണല്ലേ ? 500 രൂപ വെറുതെ കളയേണ്ട കാര്യമുണ്ടോ ? ഇവിടെ മറ്റു ജാതിക്കാര്‍ക്ക് ജോലിയൊന്നു മില്ലെന്നറിഞ്ഞു കൂടെ? ഏതെങ്കിലും നാല് പത്രത്തില്‍ പരസ്യം ചെയ്യണം, അതാണ്‌ നാട്ടുനടപ്പ്, അതൊക്കെ കണ്ടു ഇങ്ങനെ കാശു കളയാന്‍പോയാല്‍ ? വന്നതല്ലേ,അപ്പുറത്ത മുറിയില്‍ ചായ കിട്ടും, അത് കുടിച്ചിട്ട് ഇന്റര്‍വ്യൂവില്‍ പങ്കേടുത്തോള് . ജോലി മാത്രം കിട്ടുമെന്നു കരുതരത്‌ , അതൊക്കെ നേരത്തെ ഏര്‍പ്പാടായികഴിഞ്ഞു" .

" എത്ര നല്ല മനുഷ്യന്‍ " വിദ്യറാണി ഓര്‍ത്തു. .....

ഇന്റര്‍വ്യൂ ബോര്‍ഡിലെ മുഖ്യന്‍ ഒരു ജൂബ്ബ ക്കാരന്‍ . വിരലില്‍ നവരെത്ന മോതിരം, ചന്ദനക്കുറിയുമുണ്ട് .
മുഖ്യന്‍ വിദ്യറാണി യോട് " പി എച് ഡി ആണല്ലേ ? ഈ ഗവേഷണ മൊക്കെ ചെയ്തിട്ട് എന്താ പ്രോയോജനം ? മനുഷ്യന് വല്ല ഉപകാരവും ? "
" അത് സര്‍ , ഗവേഷണം പ്രോത്സാഹിപ്പിക്കണം, നമ്മള്‍ സ്വപ്നം കാണണം, എന്നൊക്കെയല്ലേ ഡോക്ടര്‍ കലാം പറഞ്ഞിട്ടുള്ളത് " - വിദ്യറാണി.
" ആരാണി കലാം ? " വശത്തേക്ക് തിരിഞ്ഞു മുഖ്യന്‍ .
" അത് സാറേ , നമ്മുടെ മുഖ്യമന്ത്രി പറഞ്ഞആള്‍, ആകാശത്തേക്ക് വാണം----" ബോര്‍ഡംഗം.
"വേണ്ട , വേണ്ട , മുഴുവനാക്കണ്ട , മനസ്സിലായി , ... "
വിദ്യ റാണിയെ നോക്കി, " എവിടാ വീടെന്നു പറഞ്ഞത് ? നേരം വൈകാതെ കുട്ടി പോ ..."
ഫയലില്‍ നിന്ന് സര്ടിഫികറ്റ് പുറത്തെടുക്കാതെ തന്നെ വിദ്യറാണി പുറത്തിറങ്ങി.

ജാതി പറയും എന്ന് നിര്‍ബ്ബന്ദ്ധമുള്ള കോര്പേറേറ്റ് മുതലാളിയുടെ കോളേജിലായിരുന്നു അടുത്ത ഇന്റര്‍വ്യൂ.

" അപ്പോള്‍ എന്താണ് കുട്ടിക്കു പറയാനുള്ളത് കേള്‍ക്കട്ടെ. " ബോര്‍ഡു ചെയര്‍മാന്‍ .
" ഞാന്‍ പ്രിന്‍സിപ്പിള്‍ ഓഫ് കൊസാളിറ്റിയെക്കുറിച്ച് പറയാം സാര്‍, എനിക്ക് പി എച് ഡി യുണ്ട്. ന്യൂട്ടന്റെ യുനിവേര്സല്‍ ലോഓഫ് ഗ്രവിട്റെഷന്‍, സര്‍വ മതാകര്‍ഷണം.. "
അതല്ല കൊച്ചെ,
" പതിനഞ്ചോ ഇരുപതോ ...?
കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തന്തപ്പടി മാര്‍ക്ക് വിവരം വേണം. നാട്ടു നടപ്പു ഒന്ന് അന്യോഷിച്ചു കൂടെ ? ഇന്റര്‍ വ്യൂവിനു മുമ്പ് കാര്യങ്ങള്‍ ബന്ധ പെട്ടവോരോട് ഒന്നു അന്യോഷിച്ചു മനസ്സിലാക്കണം. അത് ചെയ്യാതെ ഇവിടെ വന്നു കൈകാലിട്ടടിക്കുക., എന്താ ചെയ്യുക ? "

അച്ഛന്റെ അമ്മക്ക് 10 സെന്റു കുടികിടപ്പ് കിട്ടിയത് പണയം വെച്ചാണ് എം എസ് സി പൂര്‍ത്തി യാക്കിയത്. ഫെല്ലോഷിപ് കിട്ടിയത് കൊണ്ട് പി എച് ഡി എടുത്തു. ഇനിയിപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. അച്ഛന്റെ വിവര മില്ലായ്മയില്‍ വിദ്യറാണിക്കു ആശ്വാസം തോന്നി.

ഹാജിയാരുടെ കോളേജില്‍ ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് വിദ്യറാണിക്കു ഒരു പോസ്റ്റ്‌ കാര്‍ഡ്‌ കിട്ടി. ഇന്റര്‍വ്യൂ അടുത്ത മാസം പത്തിനാണ് കുട്ടിയുടെ അച്ഛന്‍ വന്നു ഹാജിയാരെ കാണണം . പറഞ്ഞു ഉറപ്പിച്ചാല്‍ മാത്രം മതിയല്ലോ ഇന്റര്‍ വ്യൂ എന്ന് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ അറിഞ്ഞു. മൈക്കാടു പണിക്കു പോണോ അതോ തുമ്പപ്പണി മതിയോ എന്നാ സംശയം കാരണം അച്ഛന്‍ ഹാജി യാരെ കാണാന്‍ പോയില്ല. അപേക്ഷക്ക് മുടക്കിയ 500 രൂപയും പോയി.

അങ്ങനെ എത്ര എത്ര ഇന്റര്‍വ്യൂകള്‍ ! വീടിനടുത്തുള്ള ഒരു കോളേജില്‍ റാങ്ക് ലിസ്റ്റില്‍ 10 പേരുടെ ലിസ്റ്റില്‍ ഏഴാമത് എത്തിയതില്‍ വിദ്യറാണിക്കു സന്തോഷമുണ്ട്. പക്ഷെ ലിസ്റ്റുപുറത്തിറങ്ങി ഒരു വര്‍ഷമായിട്ടും ആരെയും നിയമിച്ചിട്ടില്ല. അവശ്യപ്പെട്ട തുക നല്‍കാന്‍ ലിസ്റ്റില്‍ കയറിപ്പെട്ട ആരും തയാറായില്ല. കാശ് കൊടുക്കാ മേന്നെറ്റവന്‍ വേറെ കോളേജില്‍ ജോലി കിട്ടിപ്പോയി. ഇനിയിപ്പോള്‍ മാനേജുമെന്റിന് അടുത്ത ആപ്ലിക്കേഷന്‍ വിളിക്കാം. അങ്ങനെയും ഒരു വരുമാനം.

പതിമൂന്നാമത്തെ ഇന്റര്‍വ്യൂ ആണ് ഇന്ന് കഴിഞ്ഞത്. വീട്ടില്‍ എത്തിയ വിദ്യറാണി പേഴ്സ് തുറന്നുനോക്കി. മൂന്നു കോളേജില്‍ അപേക്ഷ അയക്കാന്‍ ഉള്ളകാശ് ഇനിയും പേഴ്സില്‍ബാക്കി.ഉറക്ക ഗുളിക വാങ്ങണമെന്ന് ഒരിക്കലും തോന്നിയതുമില്ല. ജൌളിക്കടയില്‍ കണക്ക്ഴുത്തുള്ള കാലത്തോളം ആരെ പേടിക്കാന്‍ ?

ക്ഷീണം കാരണം വന്നപാടെ കട്ടിലില്‍ കയറിക്കിടന്നു. പ്രൊഫസര്‍ മണികനാം കുന്നിന്റെ ലേഖനം ഒരിക്കല്‍ ക്കൂടി പത്രം തുറന്നു വായിച്ചു. യോഗ്യരായ അധ്യാപകരെ കിട്ടാനില്ലത്രേ ! ഉടനെ വരൂ മായിരിക്കും അടുത്ത ലേഖനം- "അധ്യാപകരും ഊന്നു വടിയും ". 70 ആയാല്‍ ഊന്നുവടി വേണമല്ലോ ?

പത്രം മടക്കി തലയണക്കീഴില്‍ വെച്ചിട്ടു, വല്ലാതെ ഉഷ്നിക്കുന്നുടെങ്കിലും, വിദ്യറാണി പുതപ്പുവലിച്ചു തല കീഴായി മൂടി, എന്നിട്ട് പതുക്കെ പറഞ്ഞു-" എന്താ ഒരു കൊതുക് കടി, പട്ടികടിക്കുന്നത് പോലെ"


K A Solaman

No comments:

Post a Comment