Wednesday, 27 July 2011

ചെല്ലപ്പന്‍ കഥ- വോട്ടര്‍ ഐ ഡി -കെ എ സോളമന്‍










ഇതൊരു ചെല്ലപ്പന്‍ കഥ. ചെല്ലപ്പന്‍ എന്നോട് പറഞ്ഞ കഥ. ചെല്ലപ്പനെ നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയില്ല .
ചെല്ലപ്പന്‍ പറഞ്ഞു : " ഞാന്‍ ചെന്ന ഉടനെ മാത്യു സാര്‍ പറഞ്ഞു, ചെല്ലപ്പാ, ഞാന്‍ നോക്കിയിരിക്കുകയയിരിന്നു. എന്താ താമസിച്ചത്? നമ്മുടെ ഗെസ്റ്റ് സെമിനാര്‍ തുടങ്ങി "

"ഏതു മാത്യു സാര്‍ ? " ഞാന്‍ ചെല്ലപ്പനോട് .
"അപ്പൊ ആളെ മനസ്സിലായില്ല, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ മാത്യുസാറേ, എന്റെ സുഹൃത്തല്ലേ, ഞാന്‍ ഇടയ്ക്കിടെ അദ്ധേഹത്തെ കാണാന്‍ പോകുമെന്നു പറഞ്ഞിട്ടില്ലേ"
"പറഞ്ഞിട്ടുണ്ടോ? , എങ്കില്‍ കാര്യം പറ "

അദ്ദേഹം മഹാരാജാസില്‍ വന്നെപിന്നെ എന്നെ കൂടക്കൂടെ വിളിക്കും. പ്രിന്‍സിപ്പാളിന് 10 മിനിട്ട് നേരത്തെ പണിയെ ഉള്ളന്നാണ് മാത്യു സാര്‍ പറയുന്നത്. എന്നാല്‍ മറ്റു ചില പ്രിന്‍സിപ്പാള്‍മാര്‍ വീര്‍ത്തുകെട്ടിയ മുഖവു മായാണ് നടക്കുക. അതെന്തിനെന്നു മാത്യുസാറിനു ഒട്ടു മനസ്സിലായിട്ടുമില്ല.
എനിക്കും പ്രത്യേകിച്ചു പണിയൊന്നു മില്ലല്ലോ , അതുകണ്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
"വാ ചെല്ലപ്പാ, നമുക്ക് സെമിനാര്‍ ഹാളിലേക്ക് പോകാം, അവിടെ ചെല്ലപ്പന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്."
ഏതു ഫ്രണ്ട്, ഞാന്‍ ചോദിച്ചു .
" വാ , അങ്ങോട്ടല്ലേ പോകുന്നത്, നേരില്‍ കാണാമല്ലോ " മാത്യു സാര്‍ .

ഹാളില്‍ ചെന്നപ്പഴല്ലേ ആളെ മനസിലയാത്, തകര്‍ക്കുകയല്ലേ. എന്താ വിഷയം, സ്ടുടെന്റ്സ് ആന്‍ഡ്‌ പൊളിറ്റിക്സ് , വിദ്യാര്‍ഥി രാഷ്ട്രീയം. എത്ര തവണ ഞാന്‍ പ്രസംഗിട്ടുള്ളതാ ഹാളില്‍ പിന്‍ ഡ്രോപ്പ് സൈലെന്‍സ്, മൊട്ടുസൂചി വീഴില്ല.
ഞാനും മാത്യു സാറും ഹാളിനു പുറകിലെ കസാരകിളില്‍ ഇരുന്നു. എന്നെ കണ്ടെങ്കിലും മനസ്സിലായില്ല. എങ്ങനെ മനസ്സിലാകാനാ? . ഞങ്ങള്‍ മുമ്പ് ഒരു പ്രാവശ്യം മാത്രമല്ലേ കണ്ടിട്ടുള്ളു.
ആരാണെന്ന് പറയു ചേട്ടാ " ഞാന്‍
അതല്ലേ പറഞ്ഞു വരുന്നത് , തോക്കിനകത്തു കേറാതെ.
മൂന്നു മണിക്കൂര്‍ ഒരേ നില്പില്‍ തട്ടി . നമ്മുടെ സുകുമാര്‍ അഴിക്കോടിനെ പോലെ, വിളിച്ചവനെ വാഴ്ത്തുന്ന പ്രസംഗമല്ല അത്. ഇഷ്ടമില്ലാത്തവനെ ചീത്ത വിളിക്കുകയുമില്ല.
പ്രസംഗം കഴിഞ്ഞ ഉടനെ നേരിട്ട് എന്റെ അടുത്തേക്ക് വന്നു, എന്നിട്ട് സൂക്ഷിച്ചു നോക്കി.

" യു ആര്‍ മി ചെല്ലപ്പന്‍ ? "അപാരഓര്മശക്തി തന്നെ. എന്നിട്ട് എന്നോട് പറഞ്ഞു.
"ചെല്ലപ്പന്‍ അന്നാ ഐഡിയ പറഞ്ഞില്ലായിരുന്നെങ്കില്‍ നമ്മുടെ ജനാധി പത്യന്റെ ഭാവി എന്താകുമായിരുന്നു?. അന്ന് കള്ള വോട്ടിന്റെ പൂര മായിരുന്നില്ലേ.? ഇപ്പോള്‍ ഒരറ്റ കള്ളവോട്ടുണ്ടോ.? "
ഇപ്പോള്‍ മനസ്സിലായോ , ആരാണ് സെമിനാറില്‍ പ്രസംഗിച്ചതെന്ന് , സാക്ഷാല്‍ ടി എന്‍ ശേഷന്‍ . ഫോട്ടോ വോട്ടര്‍ ഐ ഡി- തിരിച്ചറിയല്‍ കാര്‍ഡിന്റെ ആശയം അദ്ദേഹത്തിനു പറഞ്ഞു കൊടുത്തത് ഞാനാണ് .

Saturday, 23 July 2011

അപ്പുപ്പന്റെ ബലി -കഥ - കെ എ സോളമന്‍

പേടിച്ചു പേടിച്ചാണ് രാജേന്ദ്രബാബു എന്ന രാജു പ്രിന്‍സിപ്പല്‍ ദുരൈ സ്വാമിയേ സമീപിച്ചത്. ഗൌരവക്കരനാണ് പ്രിന്‍സിപ്പല്‍ . ഓരോ സമയത്തും ഓരോരോ മൂട്. ടുട്ടോറിയാല്‍ കോളേജ് ആയതിനാല്‍ അച്ചടക്ക കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ല . ഫീസ് പിരിവും കൃത്യം . ഫീസ്‌ കൊടുത്തവരെ ക്ളാസില്‍ ഇരുത്തി ക്കൊണ്ട് ഫീസ്‌ കൊടുക്കാത്തവരെ പറഞ്ഞുവിടും . അതിങ്ങനെ: " ഫീസ്‌ കൊടുത്ത ---- ന്മാര്‍ ഇരുന്നിട്ട് ഫീസ്‌ കൊടുക്കാത്ത ---- ന്മാര്‍ ഇറങ്ങിപ്പോ ". അതായതു ഫീസ്‌ കൊടുത്തവര്‍ക്ക് ആദ്യം തെറി.

അദ്ധ്യാപകര്‍ ഇങ്ങനെ തെറിവിളിക്കുമോ? എന്ന് ചോദിച്ചാല്‍ ദുരൈ സ്വാമിയുടെകോളേജില്‍ പഠിച്ചിട്ടുള്ളവര്‍ അങ്ങനെ അല്ലെന്നു പറയില്ല

രാജു സ്വരം താഴ്ത്തി സാറിനോട് : " സാര്‍ , സാര്‍ ..... "
സാര്‍ പത്രം വായിക്കുകയാണ്. മഞ്ച്ജേരിയ്ലോ മറ്റോ ഒരു ഖദര്‍ നേതാവിനെ ജനകീയ പോലിസ് വിചാരണ ചെയ്ത സ്റ്റോറി . സാര്‍ പത്രത്തില്‍ നിന്ന് തല പൊക്കുന്നില്ല. .
രാജു വീണ്ടും : " സാര്‍ , സാര്‍ ..... "
സാറിന്റെ വായന പ്രാദേശികം വിട്ടു ദേശീയമായി. ആന്ധ്ര കത്തിയെരിഞ്ഞപ്പോള്‍ ഒരു ഗെവര്‍ണര്‍ വീണ വായിച്ച കഥ. : '' സാര്‍ , സാര്‍ ..... " രാജു ശബ്ദം അല്‍പ മുയര്‍ത്തി.
" വാറ്റ് യു വാണ്ട്‌ ? എന്താടാ.. ?" സാര്‍ പത്രത്തില്‍ നിന്ന് തലപൊക്കി
" ഞാന്‍ നാളെ ക്ളാസില്‍ വരില്ല, അപ്പുപ്പന്റെ ബലി "
തല കുമ്പിട്ടു സാര്‍ വീണ്ടും വായനയിലാണ്.
'' സാര്‍ , സാര്‍ ..... " രാജു
"സാ ......ര്‍ ..... ."
ഒടുക്കം സാര്‍ തലപൊക്കി, അതീവ ഗൌരവത്തോടെ.
" എവിടെങ്കിലും പോ, അവന്റെ അപ്പുപ്പന്റെ മറ്റേടത്തെ ഒരു ....മൈ ----ബലി.
അപ്പുപ്പന്‍ രാജുവിനെ ദയനീയമായി നോക്കി, ആകാശത്തു നിന്ന്.
-----------------------

Friday, 22 July 2011

ജനിക്കും മുമ്പേ ജാതകം -എം ജി സര്‍വകലശാല വക











No Ac1/S/4711/Faculty/2005, M G University notification, Dated 9-2-2010
Amendment to the Mahatma Gandhi University Statutes, 1997

ഇത് കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലശാലയുടെ ഒരു ഉത്തരവ് . ഇത് പ്രകാരം സര്‍വകലശാലയുടെ കീഴില്‍ അഫീലിയറ്റു ചെയ്തിട്ടുള്ള ഐടെഡ്‌ കോളേജുകളില്‍ അധ്യാപക നിയമനത്തിന് മിനിമം പ്രായം 23. സര്‍ക്കാരു കണക്കില്‍ 22 മതി. 9-2 -2010 -ല്‍ ഇറക്കിയ ഉത്തരവിന് 1 -1 -2006 മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ട്.

കുട്ടി ജനിക്കും മുമ്പേ ജാതകം എങ്ങനെ എഴുതാമെന്നു ഈ അമേണ്ട്മെന്റ്റ് നമുക്ക് കാട്ടിത്തരുന്നു.
ജുഡീഷ്യല്‍ റീവ്യൂവില്‍ നിലനില്‍ക്കുന്നതല്ല ഈ ഓര്‍ഡര്‍ എന്ന് ഹയെര്‍ എജുക്കേഷന്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിട്ടുപോലും നിയമനം കിട്ടിയ ആള്‍ കോടതിയില്‍ പോട്ടെ എന്നാ നിലപാടിലാണ് സര്‍വകലശാല.

- കെ എ സോളമന്‍

Wednesday, 20 July 2011

യു ജി സി പാക്കേജ് - കഥ- കെ എ സോളമന്‍


ഡോ. വിദ്യറാണി പി എച് ഡി ഡോക്ടര്‍ബിരുദം പൂര്‍ത്തിയാക്കിയിട്ടു രണ്ടു വര്ഷം കഴിഞ്ഞു. മാന്യമായ ജോലിയൊന്നും ഇതു വരെ തരപ്പെട്ടില്ല എന്നു പറഞ്ഞു കൂടാ .ഒരു സ്വാശ്രയ സ്കൂളില്‍ പള്സ് ടുവിന് ഗസ്റ്റ് ലെക്ച്ചറര്‍ ആയി ജോലി നോക്കിയതാണ് . പക്ഷെ തന്റെ വിഷയം തന്നെ പഠിപ്പിക്കുന്ന പ്രിന്സിപലിന്റെ ഭാര്യയുടെ ടെസ്റ്റ്‌ പേപ്പറുകളും അസ്സ്യ്ന്മെന്ടുകളും താന്‍ തന്നെനോക്കണമെന്ന സ്ഥിതി വന്നപ്പോള്‍ ആ ജോലി വിട്ടു. ഇപ്പോള്‍ ജോലി കണക്കെഴുത്താണ് .
ടൌണിലെ ഒരു ജൌളിക്കടയില്‍ . മെറ്റിരിയല്സ് സയന്‍സിലെ തന്റെ ഡോക്ടോറേറ്റ് തുണിക്കടയിലെ മെറ്റിരിയല്സ് തരം തിരിക്കുന്നതിനു പ്രയോജനപ്പെടുമെന്നു അങ്ങനെയാണ് വിദ്യറാണിക്ക് മനസ്സിലായത്‌. കട മുതലാളി തന്റെ ക്വാളിഫികേഷന്‍ ശരിക്ക് മനസ്സില്ലക്കിയിരിക്കുന്നു, മറ്റുള്ളവരേക്കാള്‍ 500 രൂപ കൂടുതലാണ് തരുന്നത്, മാസം 3500 രൂപ
ശമ്പളം !

അങ്ങനെ ഇരിക്കെ യാണ് പ്രൊഫസര്‍ ജോര്‍ജ് മണിക്കനാം കുന്നിന്റെ "യു ജി സി പാക്കേജ് " എന്ന പ്രൌഡലേഖനം പത്രത്തില്‍ വായിച്ചത് . വിദ്യറാണി ലേഖനം മൂന്നാവര്‍ത്തി വായിച്ചു. എന്തൊക്കെയാണ് പ്രൊഫസര്‍ എഴുതി വെച്ചിരിക്കുന്നത്? കേരളത്തിലെ കലാലയങ്ങളില്‍ രണ്ടായിരത്തോളം വേക്കന്‍സികള്‍ ഉണ്ടെന്നും യോഗ്യ്രരായവരുടെ അഭാവത്തില്‍ അക്കാടെമിക് എക്സെലെന്സു നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നും, അത് കൊണ്ട് നിലവിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 70 ആക്കണമെന്നും മണിക്കനാംകുന്നു ലേഖനത്തില്‍ അടി വരയിടുന്നു . ജൌളി ക്കടയില്‍ നിന്ന് കിട്ടുന്ന മാസവേതനത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ട് ജോലിക്ക് ആപേക്ഷിക്കാമെന്നു അതോടെയാണ് വിദ്യറാണി തീരുമാനിച്ചത്.

ആദ്യ അപേക്ഷ അയച്ചത് മണിമലയാരിന്റെ തീരത്തുള്ള, വാഴ്ത്തപെട്ട പുണ്യാളത്തിയുടെ നാമത്തിലുള്ള വനിതാ കോളേജിലെക്കാണ്. അപേക്ഷ ഫീസ്‌ 750 രൂപ മാത്രം. അടച്ച ഫീസിനുരസീതു നല്‍കാന്‍ കന്യാസ്ട്രീമാര്‍ക്ക് മടി. രസീതുകിട്ടിയില്ല, അല്ലെങ്കില്‍ തന്നെ രസീതു കിട്ടിയിട്ട് എന്തുകാര്യം ? താന്‍ ഉള്‍പ്പടെ 24 അപേക്ഷകര്‍ , അതില്‍ രണ്ടു പി എച് ഡി ക്കാര്‍ . എല്ലാവര്ക്കും നെറ്റ് യോഗ്യത, തനിക്കു ജോലി കിട്ടിപ്പോയെക്കു മെന്നു വിദ്യറാണിശങ്കിച്ചു . റിസള്‍ട്ട്‌ വന്നപ്പോള്‍ ശങ്ക മാറി. ഒരു സെക്കണ്ട് ക്ലാസ്കാരിക്കാണ് നറുക്ക് വീണത്‌. തനിക്കെത്രയാണ് റാങ്ക് എന്ന് വിദ്യറാണി ചോദിച്ചില്ല. നിയമനത്തിന്റെ മാനദെണ്ട്ട മെന്തെന്നത്‌ സിസ്റ്റര്‍മാരുടെ ഉടുപ്പിന്റെ കെട്ടുവള്ളിയില്‍തൂങ്ങുന്ന വാഴ്‌ ത്തപ്പെട്ടവള്‍ക്ക് മാത്രമേ അറിയൂ. പെണ്ണുങ്ങള്‍ മാത്രം പഠിപ്പിക്കാനും പഠിക്കാനുമുള്ള കോളേജില്‍ ആണ്‍കുട്ടികള്‍ എത്താതിരുന്നസാഹചര്യത്തിലാണ് 24 അപേക്ഷകര്‍ .പ്രൊഫസര്‍ മണിക്കനാം കുന്നിന്റെ വിജ്ഞാത്തില്‍ വിദ്യറാണി അത്ഭുതം കൂറി.

രണ്ടാമത്തെ ഇന്റര്‍വ്യൂ സാമ്പത്തിക സംവരണം ഊണിലും ഉറക്കത്തിലും പറയുന്ന സമദൂരക്കാരായ ശരിദൂരക്കാരുടെ കൊളെജിലെക്കായിരുന്നു. ചെന്നഉടനെ അപേക്ഷകള്‍ പരിശോധിക്കുന്ന ക്ളാര്‍ക്ക് ചോദിച്ചു .. " ചുമ്മാ അപേക്ഷിച്ച താണല്ലേ ? 500 രൂപ വെറുതെ കളയേണ്ട കാര്യമുണ്ടോ ? ഇവിടെ മറ്റു ജാതിക്കാര്‍ക്ക് ജോലിയൊന്നു മില്ലെന്നറിഞ്ഞു കൂടെ? ഏതെങ്കിലും നാല് പത്രത്തില്‍ പരസ്യം ചെയ്യണം, അതാണ്‌ നാട്ടുനടപ്പ്, അതൊക്കെ കണ്ടു ഇങ്ങനെ കാശു കളയാന്‍പോയാല്‍ ? വന്നതല്ലേ,അപ്പുറത്ത മുറിയില്‍ ചായ കിട്ടും, അത് കുടിച്ചിട്ട് ഇന്റര്‍വ്യൂവില്‍ പങ്കേടുത്തോള് . ജോലി മാത്രം കിട്ടുമെന്നു കരുതരത്‌ , അതൊക്കെ നേരത്തെ ഏര്‍പ്പാടായികഴിഞ്ഞു" .

" എത്ര നല്ല മനുഷ്യന്‍ " വിദ്യറാണി ഓര്‍ത്തു. .....

ഇന്റര്‍വ്യൂ ബോര്‍ഡിലെ മുഖ്യന്‍ ഒരു ജൂബ്ബ ക്കാരന്‍ . വിരലില്‍ നവരെത്ന മോതിരം, ചന്ദനക്കുറിയുമുണ്ട് .
മുഖ്യന്‍ വിദ്യറാണി യോട് " പി എച് ഡി ആണല്ലേ ? ഈ ഗവേഷണ മൊക്കെ ചെയ്തിട്ട് എന്താ പ്രോയോജനം ? മനുഷ്യന് വല്ല ഉപകാരവും ? "
" അത് സര്‍ , ഗവേഷണം പ്രോത്സാഹിപ്പിക്കണം, നമ്മള്‍ സ്വപ്നം കാണണം, എന്നൊക്കെയല്ലേ ഡോക്ടര്‍ കലാം പറഞ്ഞിട്ടുള്ളത് " - വിദ്യറാണി.
" ആരാണി കലാം ? " വശത്തേക്ക് തിരിഞ്ഞു മുഖ്യന്‍ .
" അത് സാറേ , നമ്മുടെ മുഖ്യമന്ത്രി പറഞ്ഞആള്‍, ആകാശത്തേക്ക് വാണം----" ബോര്‍ഡംഗം.
"വേണ്ട , വേണ്ട , മുഴുവനാക്കണ്ട , മനസ്സിലായി , ... "
വിദ്യ റാണിയെ നോക്കി, " എവിടാ വീടെന്നു പറഞ്ഞത് ? നേരം വൈകാതെ കുട്ടി പോ ..."
ഫയലില്‍ നിന്ന് സര്ടിഫികറ്റ് പുറത്തെടുക്കാതെ തന്നെ വിദ്യറാണി പുറത്തിറങ്ങി.

ജാതി പറയും എന്ന് നിര്‍ബ്ബന്ദ്ധമുള്ള കോര്പേറേറ്റ് മുതലാളിയുടെ കോളേജിലായിരുന്നു അടുത്ത ഇന്റര്‍വ്യൂ.

" അപ്പോള്‍ എന്താണ് കുട്ടിക്കു പറയാനുള്ളത് കേള്‍ക്കട്ടെ. " ബോര്‍ഡു ചെയര്‍മാന്‍ .
" ഞാന്‍ പ്രിന്‍സിപ്പിള്‍ ഓഫ് കൊസാളിറ്റിയെക്കുറിച്ച് പറയാം സാര്‍, എനിക്ക് പി എച് ഡി യുണ്ട്. ന്യൂട്ടന്റെ യുനിവേര്സല്‍ ലോഓഫ് ഗ്രവിട്റെഷന്‍, സര്‍വ മതാകര്‍ഷണം.. "
അതല്ല കൊച്ചെ,
" പതിനഞ്ചോ ഇരുപതോ ...?
കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തന്തപ്പടി മാര്‍ക്ക് വിവരം വേണം. നാട്ടു നടപ്പു ഒന്ന് അന്യോഷിച്ചു കൂടെ ? ഇന്റര്‍ വ്യൂവിനു മുമ്പ് കാര്യങ്ങള്‍ ബന്ധ പെട്ടവോരോട് ഒന്നു അന്യോഷിച്ചു മനസ്സിലാക്കണം. അത് ചെയ്യാതെ ഇവിടെ വന്നു കൈകാലിട്ടടിക്കുക., എന്താ ചെയ്യുക ? "

അച്ഛന്റെ അമ്മക്ക് 10 സെന്റു കുടികിടപ്പ് കിട്ടിയത് പണയം വെച്ചാണ് എം എസ് സി പൂര്‍ത്തി യാക്കിയത്. ഫെല്ലോഷിപ് കിട്ടിയത് കൊണ്ട് പി എച് ഡി എടുത്തു. ഇനിയിപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. അച്ഛന്റെ വിവര മില്ലായ്മയില്‍ വിദ്യറാണിക്കു ആശ്വാസം തോന്നി.

ഹാജിയാരുടെ കോളേജില്‍ ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് വിദ്യറാണിക്കു ഒരു പോസ്റ്റ്‌ കാര്‍ഡ്‌ കിട്ടി. ഇന്റര്‍വ്യൂ അടുത്ത മാസം പത്തിനാണ് കുട്ടിയുടെ അച്ഛന്‍ വന്നു ഹാജിയാരെ കാണണം . പറഞ്ഞു ഉറപ്പിച്ചാല്‍ മാത്രം മതിയല്ലോ ഇന്റര്‍ വ്യൂ എന്ന് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ അറിഞ്ഞു. മൈക്കാടു പണിക്കു പോണോ അതോ തുമ്പപ്പണി മതിയോ എന്നാ സംശയം കാരണം അച്ഛന്‍ ഹാജി യാരെ കാണാന്‍ പോയില്ല. അപേക്ഷക്ക് മുടക്കിയ 500 രൂപയും പോയി.

അങ്ങനെ എത്ര എത്ര ഇന്റര്‍വ്യൂകള്‍ ! വീടിനടുത്തുള്ള ഒരു കോളേജില്‍ റാങ്ക് ലിസ്റ്റില്‍ 10 പേരുടെ ലിസ്റ്റില്‍ ഏഴാമത് എത്തിയതില്‍ വിദ്യറാണിക്കു സന്തോഷമുണ്ട്. പക്ഷെ ലിസ്റ്റുപുറത്തിറങ്ങി ഒരു വര്‍ഷമായിട്ടും ആരെയും നിയമിച്ചിട്ടില്ല. അവശ്യപ്പെട്ട തുക നല്‍കാന്‍ ലിസ്റ്റില്‍ കയറിപ്പെട്ട ആരും തയാറായില്ല. കാശ് കൊടുക്കാ മേന്നെറ്റവന്‍ വേറെ കോളേജില്‍ ജോലി കിട്ടിപ്പോയി. ഇനിയിപ്പോള്‍ മാനേജുമെന്റിന് അടുത്ത ആപ്ലിക്കേഷന്‍ വിളിക്കാം. അങ്ങനെയും ഒരു വരുമാനം.

പതിമൂന്നാമത്തെ ഇന്റര്‍വ്യൂ ആണ് ഇന്ന് കഴിഞ്ഞത്. വീട്ടില്‍ എത്തിയ വിദ്യറാണി പേഴ്സ് തുറന്നുനോക്കി. മൂന്നു കോളേജില്‍ അപേക്ഷ അയക്കാന്‍ ഉള്ളകാശ് ഇനിയും പേഴ്സില്‍ബാക്കി.ഉറക്ക ഗുളിക വാങ്ങണമെന്ന് ഒരിക്കലും തോന്നിയതുമില്ല. ജൌളിക്കടയില്‍ കണക്ക്ഴുത്തുള്ള കാലത്തോളം ആരെ പേടിക്കാന്‍ ?

ക്ഷീണം കാരണം വന്നപാടെ കട്ടിലില്‍ കയറിക്കിടന്നു. പ്രൊഫസര്‍ മണികനാം കുന്നിന്റെ ലേഖനം ഒരിക്കല്‍ ക്കൂടി പത്രം തുറന്നു വായിച്ചു. യോഗ്യരായ അധ്യാപകരെ കിട്ടാനില്ലത്രേ ! ഉടനെ വരൂ മായിരിക്കും അടുത്ത ലേഖനം- "അധ്യാപകരും ഊന്നു വടിയും ". 70 ആയാല്‍ ഊന്നുവടി വേണമല്ലോ ?

പത്രം മടക്കി തലയണക്കീഴില്‍ വെച്ചിട്ടു, വല്ലാതെ ഉഷ്നിക്കുന്നുടെങ്കിലും, വിദ്യറാണി പുതപ്പുവലിച്ചു തല കീഴായി മൂടി, എന്നിട്ട് പതുക്കെ പറഞ്ഞു-" എന്താ ഒരു കൊതുക് കടി, പട്ടികടിക്കുന്നത് പോലെ"


K A Solaman

Thursday, 14 July 2011

ചു തനാക്ക -കഥ- കെ എ സോളമന്‍



ചു തനാക്ക- ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ട് ആണ്. ചലന ശേഷി അല്പം കുറവ് . ഇരുന്നു സംസാരിക്കും, ഭാവി ഫലം പറയുകയും ചെയ്യും.

കോളേജിന്റെ നാക് സന്ദര്‍ശനം പ്രമാണിച്ച് നടത്തുന്ന എക്സിബിഷന്‍ ഗംഭീര മാവണമെന്നാണ് തീരുമാനം. ഊര്‍ജ തന്ത്ര വകുപ്പിന്റെ സ്ടാള്‍ മറ്റേതിനെക്കാളും മികച്ചതാകണമെന്നു വകുപ്പ് തലവന്‍ കൈമള്‍ സാറിനു നിര്‍ബന്ധം. " ചെലവോര്‍ത്തു നിങ്ങള്‍ വിഷമിക്കേണ്ട, മറ്റു സാറന്മാരുടെ സഹായവും പ്രതീക്ഷിക്കേണ്ട, ടീച്ചര്‍ ഫണ്ട് കണ്ടെത്തിക്കൊള്ളാ മെന്നു പറഞ്ഞിട്ടുണ്ട്."

"ആര് വല്യമ്മയോ സാര്‍? " സംശയം വിഷ്ണുപോറ്റിയുടെതാണ് . പ്രിന്സിപാള്‍ മറിയാമ്മ ടീച്ചറെ കുട്ടികളും കുരുത്തം കെട്ട ചില സാറന്മാരും വല്യമ്മ എന്നേ വിളിക്കു ടീചെര്‍ക്ക് കുട്ടികള്‍ മക്കളും കുഞ്ഞു മക്കളുമാണ്.

അങ്ങനെയാണ് വിശ്വാസും അപ്പുണ്ണിയും കൂടി 'ചു തനാക്ക ' യെ നിര്‍മിച്ചത്. റോ മെറ്റീരിയല്‍ ആയി ഒരു ടിന്‍ ഷീറ്റുംവീഡിയോ ക്യാമറയും ടി വി സ്ക്രീനും മൈക്രോഫോണുമേ വേണ്ടി വന്നുള്ളൂ. ടിന്‍ ഷീറ്റ് റോബോട്ടിന്റെ മാതൃകയില്‍ വെട്ടി ശരിയാക്കി, അകത്തു ക്യാമറയും ലൗഡ് സ്പീകെറും ഒളിപ്പിച്ചു. അകലെ ഡാര്‍ക്ക്‌ റൂമില്‍ ടി വിയും മൈക്രോഫോണും ആരുടേയും ശ്രദ്ധയില്‍പെടാതെ വെച്ചു . ചു തനാക്ക റെഡി.

ചു -എന്ന് വെച്ചാല്‍ ജപ്പാനില്‍ സ്വാമി എന്നര്‍ത്ഥം, വിശ്വാസ് വിഷ്ണു പോറ്റിയെ പഠിപ്പിച്ചു. " ആര് വന്നു ചുവിന്റെ മുമ്പില്‍ നിന്നാലും ടി വി യില്‍ നമുക്കവരെ കാണാം, ചോദ്യങ്ങള്‍ ചോദിക്കാം, മറുപടി പറയാം. പക്ഷെ നാം സംസാരം നിയന്ത്രിക്കണം. നമുക്ക് നക്ഷത്ര ഫലം പറയാം. അതാകുമ്പോള്‍ വല്യ പ്രയാസമില്ല, ഈ വീക്കിലികള്‍ നോക്കി വായിച്ചാല്‍ മതി. വായിക്കുന്നത് സാവധാനമാവനം. നീട്ടി മൂളുകയും ചെയ്യണം. റോബോട്ടുകള്‍ക്ക് നീട്ടി മൂളുന്ന ഒരു പൈതൃക സ്വഭാവമുണ്ട്. "

" റോബോട്ട് തനാക്ക- ചു കോളേജില്‍ "പത്ര വാര്‍ത്ത കണ്ടു ജനം ഞെട്ടി. ആയിരങ്ങളാണ് എക്സിബിഷന്‍ കാണാന്‍ കോളെജിലേക്ക് തള്ളിക്കയറിയത്. കൈമള്‍ സാറും വല്യമ്മച്ചിയും അന്തം വിട്ട മട്ടാണ്. സ്ടാളിലെ തന്നെ മറ്റിനങ്ങളായ വൈദ്യുത പെണ്‍കുട്ടി, തീ തുപ്പുന്ന യുവതി, വാനിഷിംഗ് വുമന്‍ തുടങ്ങിവ കാണാന്‍ ആളില്ല. രസതന്ത്ര വകുപ്പിന്റെ 'വോല്കാനോ' ആര്‍ക്കും കാണേണ്ട. ചു-തനാക്ക യുടെ മുന്നിലാണ് നീണ്ട ക്യു

നക്ഷത്ര ഫലം പറഞ്ഞു പറഞ്ഞു വിശ്വാസ് കുഴഞ്ഞു. "എടാ പോറ്റി കുറച്ചു നേരം നീ പറ". വിശ്വാസ് പോറ്റി യോടു പറഞ്ഞു.
"ഏയ് , ഞാനില്ല, എനിക്കിതിന്റെ ഗുട്ടന്‍സ് ഒന്നും അറിഞ്ഞു കൂടാ".
" നീ ഗുട്ടന്‍സ് ഒന്നും പറയണ്ട, മലയാളം വായിക്കാന്‍ അറിയില്ലേ?. ഞാന്‍ പറഞ്ഞോണ്ടിരുന്നത് നീയും കേട്ടതല്ലേ ? വായി തോന്നുന്നത് പോലെപറഞ്ഞാല്‍ മതി. "

മനസില്ല മനസ്സോടെയാണ് പോറ്റി ജോലി ഏറ്റെടുത്തത് . കാട്ടിപ്പറമ്പില്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിക്കയും ചെയ്തു.
ആദ്യമായെത്തിയത് ഒരമ്മയും മകനും.
അമ്മയുടെ മുഖത്തു എന്തോ പ്രയാസമുള്ളത് പോലെ പോറ്റിക്കു തോന്നി.
"എന്താ പേര് ? "
" മീനാക്ഷി "
" നിങ്ങളുടെ അല്ല, കൊച്ചിന്റെ "
" രാജു"
" നക്ഷത്രം? "
" മകം"
വീക്കിലി നോക്കി പോറ്റി വാരഫലം വായിച്ചു..."ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം സാധിക്കും . മകന്‍ പഠിച്ചു വലിയവനാകും. ഭക്ഷണക്രമത്തിലെ അപാകതകള്‍ കൊണ്ട് അസുഖം വരാന്‍ സാധ്യതയുണ്ട്. മകന്‍ ഉദ്യോഗസ്ഥനായ്‌ക്കഴിഞ്ഞാല്‍ അച്ഛനുമമ്മക്കും ആത്മസംതൃപ്തിയുടെ നാളുകളാണ് വരാനിരിക്കുന്നത്"
തനാക്കി-ചു പറഞ്ഞു തീര്‍ന്നതും മീനാക്ഷി മകന്റെ നെറുകയില്‍ മുത്തമിട്ടു.

"എന്റെ കാട്ടിപ്പറന്പിലമമച്ചി , രക്ഷപെട്ടു, ഒരു നെയ്ത്തിരി കൊളുത്തിയേക്കാം " പോറ്റി നേര്‍ന്നു.

വാസുദേവ പണിക്കരും ഭാര്യയും മകളു മാണു ഉഉഴം കാത്തു നില്കുന്നത്. പോറ്റിയുടെ ഉള്ളൊന്നു കാളി. കൂടെ പഠിക്കുന്ന ശരത്തിന്റെ അച്ഛനാണ് . പഠിത്തമല്ല , രാഷ്ട്രീയമാണു ശരത്തിന് മുഖ്യം. ചുവിന്റെ ശാസ്ത്രം അവനു പിടിയില്ല.
പണിക്കരോട് പോറ്റി.
" എന്താ നക്ഷത്രം?"
" മകന്റെ ഭാവി അറിയണം.പൂരുരുട്ടാതി "
" എം എല്‍ എ ആകാന്‍ സാധ്യത ഏറെ. ചിലപ്പോള്‍ മന്ത്രിയും ആകും. പക്ഷെ അതിപ്പോള്‍ കൃത്യമായി പറയാനാകില്ല . ജലപീരങ്കിയുടെ മുന്നില്‍ ചെന്ന് പെടാതെ നോക്കണം. മുണ്ടുരിഞ്ഞ് പോകാന്‍ സാധ്യത യുണ്ട്." പോറ്റി വാചാലനായി.
" എടാ പോറ്റി ? " വിശ്വാസ് അത്ഭുതത്തോടെ ചോദിച്ചു. " നിന്നോട് വീക്കിലി നോക്കി വായിക്കാനല്ലേ പറഞ്ഞത് "
" നമ്മുടെ ശരത്തിന്റെ അച്ഛനല്ലേ, കുഴപ്പമില്ലന്നേ "
പണിക്കരുടെയും കുടുംബത്തിന്റെയും പുറകെ ടൈയും കെട്ടി വന്നവനെ കണ്ടു പോറ്റി വിരണ്ടു.

"എന്റെ കാട്ടിപ്പറന്പിലമമച്ചി, നെയ്ത്തിരി ......." പോറ്റി പ്രാര്‍ഥിച്ചു .
"എനിക്ക് ഭാവിയോന്നും കേള്‍ക്കേണ്ട ..." ആഗതന്‍
"റോബോട്ടിന്റെ പ്രവര്‍ത്തന രീതി ഒന്ന് എക്സ്പ്ലൈന്‍ ചെയ്യ്താല്‍ മതി, ഐ മീന്‍ പ്രിന്സിപിള്‍ . "

വിശ്വാസ് ഒരാളോട് പറഞ്ഞത് പെട്ടന്ന് പോറ്റിയുടെ മനസ്സില്‍ കത്തി.
" റോബോട്ടുകള്‍ ഇലക്ട്രോണിക് മഷീനുകളാണ് . ഞാന് അങ്ങനെ തന്നെ. ഞങ്ങളുടെ ബേസിക് കംപോനെന്റ്സ് ഗേറ്റ് എന്ന് വിളിക്കുന്ന സ്വിച്ചിംഗ് സര്‍ക്യുട്ടുകളാണ് . അതായത് ഓണ്‍-ഓഫ്‌
ഡിവ്യ്സുകള്‍ . ഓര്‍ , ആന്‍ഡ്‌ , നോട്ട്, നാന്ട് , നോര്‍ തുടങ്ങിയ ഗേറ്റുകള്‍ ലഭ്യമാണ്‌ നാന്ട്, നോര്‍ ഗേറ്റുകളെ യുനിവേര്സല്‍ഗേറ്റ് എന്നും വിളിക്കും "
ആഗതന് സംശയം മാറാത്തത് പോലെ പോറ്റിക്കതോന്നി.
" ടോള്‍ ഗേറ്റ് പറ്റുമോ ? " ആഗതന്‍
" പാര്‍ടന്‍ , കേട്ടില്ല... " പോറ്റി
" അല്ല ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ടോള്‍ ഗേറ്റുകള്‍ കൊണ്ട് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പറ്റുമോ എന്ന് ..."
"എന്റെ കാട്ടിപ്പറന്പിലമമച്ചി, ഈ മണഗുണഞ്ചനെ വെച്ചാണല്ലോ ഞാന്‍ തൊണ്ടയിലെ വെള്ളം ഇത്ര നേരം വറ്റിച്ചത് " കൊതുകിനെ അടിച്ചു കൊല്ലുന്ന ദേഷ്യം പോറ്റിക്കു തോന്നിയെങ്കിലും കൈമള്‍ സാറ് പറഞ്ഞത് പെട്ടന്ന് ഓര്‍മയില്‍ എത്തി.
" പലതരം ആളുകളാണ് വരിക, നമ്മള്‍ അങ്ങേയറ്റം ക്ഷമ പരിശീലിക്കണം "
ചു-തനാക്കയുടെ ചുമതല പോറ്റി വിശ്വാസിനു ഹാന്‍ഡ്‌ ഓവര്‍ ചെയ്തു.

Saturday, 9 July 2011

ജീവിതം ഒരു മയില്‍‌പ്പീലി തുണ്ട്, - കെ എ സോളമന്‍













ജീവിതം ഒരു മയില്‍‌പ്പീലി തുണ്ട്,
പുസ്തക താളുകളില്‍ ഒളിപ്പിക്കും കൌതുകം
ഒരിയ്ക്കല്‍ കാണാതെ പോം, തിരയും
താളുകള്‍ മറിക്കും വീണ്ടും , ഒടുങ്ങും കഥനമായി.

എന്‍ നിനവില്‍ എന്നും നിറയും നിന്റെ,
തരളമാം ഓര്‍മ്മകള്‍ ഒരു മിഴി നീര്‍ പൂവുപോല്‍
നിന്‍ മണി വീണയുടെ ശ്രുതിയായ്‌, ശ്രാവ്യമായി
കേഴും എന്നെ നീ ഓര്‍ക്ക്മോ എന്നും നീ മല്‍ സഖി.?

ചിന്തയാം ചില്ലയില്‍ നീ കൂടുകൂടടുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് , നിന്നെ ഞാന്‍ തഴുകാം,
എന്നും നിന്‍ ഉള്ളിലെ പ്രകാശം ചൊരിയുന്ന
നിറ ദീപ മായി, ഞാന്‍ എരിയാം തോഴി.

അനന്തമ മാഴിക്കു കരയെന്നപോല്‍
മറക്കാനാവില്ല നിന്നെ എന്നാകിലും,
ദിക്കറിയാതെ ഇരുളില്‍ ഉഴലുമ്പോള്‍ മിന്നും
പിണരായ് എത്തുമോ തോഴി, കാത്തിരിക്കട്ടെ ഞാന്‍

നോവുമെന്‍ ആത്മാവിന്‍ ചിപ്പിയില്‍
മുത്തായി വിളങ്ങുമോ നീ എന്നുമെന്നും
ഇടറും നിന്‍ സ്വരമതില്‍ നിറയുന്നുവോ
നീറുമെന്‍ ഹൃദയത്തിന്‍ തേങ്ങലുകള്‍

മുന്നോട്ടു പോകുവാന്‍ മോഹിച്ചു ഞാനേറെ
എന്നോ കണ്ടൊരു സ്വപ്നവും തലോടി
ഇല്ല, കിട്ടില്ല, വരും ദിനങ്ങളില്‍
ജീവിതത്തിന്റെ, രസവും, സുഗന്ധവും

വേനല്‍ നദിയാകെ വറ്റി വരണ്ടു പോയ്‌
കാനനയുംച്ഛായയും വെറു മൊരു നിഴല്‍പാട്
കടന്നു പോകട്ടെ തിക്തസത്യങ്ങളെല്ലാം,കണ്ണിന്‍ -
തടങ്ങളില്‍ വീണുണങ്ങുംനനവ്‌ പോല്‍

മറക്കുവാന്‍ കഴിയുമോ, എന്നെനിക്കറിയില്ല ,
മറവി മനുഷ്യനന്നുഗ്രഹം തന്നയോ?
ജീവിതം ഒരു മയില്‍‌പ്പീലി തുണ്ട്,
പുസ്തകതാളുകളില്‍ ഒളിപ്പിക്കും കൌതുകം.

- കെ എ സോളമന്‍

വീട്ടമ്മ മാര്ക് ആസ്തമ ഉള്ളപ്പോള്‍ മാത്രം സിലിന്ടെര്‍!- കെ എ സോളമന്‍

ഗ്യാസ്‌ സിലിണ്ടറുകളുടെ വിതരണത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോടു യോജിക്കാനാവില്ല . ആവശ്യപ്പെടുമ്പോഴെല്ലാം നല്‍കുന്നത്‌ നിറുത്തി പകരം ഒരുകൊല്ലത്തില്‍ നാല്‌ സിലിണ്ടറുകള്‍ മാത്രം നിലവിലുള്ള സബ്‌സിഡി നിരക്കിലും കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ക്ക്‌ നിലവിലുള്ള മാര്‍ക്കറ്റ്‌ വിലയിലും നല്‍കാനുള്ള നീക്കംപെട്രോളിയം കമ്പനികള്‍ക്ക് അമിത ലാഭം നേടിക്കൊടുക്കാനാണ്. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരു വര്‍ഷം നാലു സിലിണ്ടര്‍ മാത്രം മതിയാകുമെന്നുള്ള കണ്ടുപിടുത്തം അതിവിചിത്ര മായിരിക്കുന്നു.

സര്‍ക്കാരിനു ഒരു കാര്യം കൂടി ആലോചിക്കാവുന്നതാണ്. വീട്ടമ്മ മാര്ക് ആസ്തമ ഉള്ളപ്പോള്‍ മാത്രം സിലിന്ടെര്‍ നല്‍കുക, അസുഖം പൂര്‍ണമായും വിട്ടുമാറിയാല്‍സിലിന്ടെര്‍ എല്ലാം കട്ട് ചെയ്യുക.

നാല് സിലിന്ടെര്‍ മാത്രം വാങ്ങിയാല്‍ ബി പി എല്ലില്‍പെടുത്തിമെങ്കില്‍ യു പി എ സര്‍ക്കാരെന്ന പെട്രോളിയം കമ്പനികളുടെ സര്‍ക്കാക്കാരിനെ അടുത്ത തെരഞ്ഞെടുപ്പിലും വിജയിപ്പിച്ചു തരുന്നായിരിക്കും.

-കെ എ സോളമന്‍

Wednesday, 6 July 2011

എന്‍ എസ ജി സംരക്ഷണം!









അങ്ങനെ നിധി കാക്കുന്ന ശ്രീ പദ്മനാഭസ്വാമിയും കോടീശ്വരന്‍മാരായ ചില മന്ത്രിമാരെ പോലെ ആയി, സമ്പൂര്‍ണ എന്‍ എസ ജി സംരക്ഷണം! നിധി സ്വാമിയുടെ പക്കല്ത്തന്നെ ഉണ്ടാങ്കില്‍ , മന്ത്രിമാരുടെത് അങ്ങ് സ്വിസ് ബാങ്കിലാണെന്ന് മാത്രം.

-കെ എ സോളമന്‍

Monday, 4 July 2011

സ്നേഹപൂര്‍വ്വം ഗൌതമന്‍ തുറവൂരിന് ! - കെ എ സോളമന്‍




















പ്രേമത്തിന്‍ തൂവലാല്‍ കവിതകള്‍ ചാലിക്കും
ചേതോഹരാംഗന്‍ നീ ഗൌതമന്‍ തുറവൂര്‍

അക്ഷര മറിയാത്ത കുഞ്ഞുങ്ങള്‍ക്കൊക്കെയും
അക്ഷയപാത്രങ്ങള്‍ നല്കിയോന്‍ നീ,
അറിവിന്‍ നിസ്തുല ഗാനങ്ങള്‍ പാടിയോന്‍ നീ

സ്കൂളിന്റെ മുന്നിലെ തേന്മാവിന്‍ ചോട്ടില്‍ നീ
തേന്‍ കിനിയും പാട്ടുകളേറെ പാടി
നിസ്തന്ദ്ര സേവന ജീവിതയാത്രയില്‍
അക്ഷരപൂജ നടത്തിയോന്‍ നീ.

കുഞ്ഞിളം പാദങ്ങള്‍ പതിയുന്ന മണ്ണിലെ
മുള്ളുകളൊക്കെയും നീക്കി നീ എപ്പൊഴും
ഉത്തമ ഗീതങ്ങള്‍ ചൊല്ലി നീ മക്കളെ
അക്ഷര മുറ്റത്തു കൈ നടത്തി

ഉണ്ട് നിനക്കുണ്ടായിരം സ്വപ്നങ്ങള്‍
വിരിയട്ടെ പൂക്കളായ് ഈ സംഗമങ്ങളില്‍

പ്രേമത്തിന്‍ തൂവലാല്‍ കവിതകള്‍ ചാലിക്കും
ചേതോഹരാംഗന്‍ നീ ഗൌതമന്‍ തുറവൂര്‍!

-- കെ എ സോളമന്‍

Sunday, 3 July 2011

ഭാര്‍ഗവ ചരിതം - കഥ- -കെ എ സോളമന്‍




















ഏറെ സാഹസം കൂടാതെ യാണ് പോലിസ് ഭാര്‍ഗവനെ അറസ്റ്റ് ചെയ്തത് . പോറ്റി ഹോട്ടലില്‍ ഇരുന്നു മസാല ദോശ കഴിക്കുന്നവനെ അറസ്റ്റ് ചെയ്യാന്‍ എന്തിനു സാഹസം? സ്റ്റേഷന്‍ ലോക്കപ്പിലെ പതിവ് മുറക്കുശേഷം എസ് ഐ കുട്ടന്‍ പിള്ള ചോദ്യം ചെയ്യലാരംബിച്ചു.
" എടൈ? എന്താ നിന്റെ പേര്?"
"ഭാര്‍ഗവന്‍ ."
"അവറാന്‍ മുതലാളിയുടെ കടയില്‍ നിന്ന് പയറും പഞ്ചസാരയും കടത്തിയത് നീ അല്ലേട?"
" അതെ സാര്‍ .. "
" ച്ഹി , എന്ത് പറഞ്ഞട റാസ്കേല്‍ ...****** ......"
"സാര്‍ , അല്ല ഏമാനെ ...."
" അങ്ങനെ വഴിക്ക് വാ ..."
"വില്ലേജ് ഓഫീസിരുടെ ഭാര്യാടെ ആറ്‌ ഭവന്‍ താലി മാലപറിച്ചോണ്ടോടിയതു നീ അല്ലേട... ?"
"അത് , വില്ലജ് ഒഫിസ്ര്‍ ഭയങ്കര കൈക്കൂലികാരനാണു, ഏമാനെ"
"റിട്ടയര്‍ഡ് സര്‍ക്കി ളിന്റെ വീട്ടില്‍ കയറി ബ്രാണ്ടിക്കുപ്പി മോഷ്ടിച്ചതോ ? "
"അവിടെ വേറെയാതൊന്നു മില്ലായിരുന്നു... ഏമാനെ...".
"അഞ്ചു വയസു കാരിയെ പീഡിപ്പിച്ചതും നീ തന്നെ...? "
"അത് മാത്രം പറയരത്‌ സാര്‍ ... അല്ല ഏമാനെ.. പീഡനം മന്ത്രിക്കും മന്ത്രി പുത്രന്മാര്‍ക്കും റിസര്‍വ് ചെയ്ടപണിയാണ് "
"നീ കൊള്ളാമല്ലോ , ഒരറ്റ മാസത്തില്‍ ഇത്രയും കുറ്റം ചെയ്യാന്‍ കാരണം ?
അതു .... അതു... 70 വയസ്സ് കഴിഞ്ഞാല്‍ ആരെയും ജയിലിടാന്‍ വകുപ്പില്ല ഏമാനെ. . അടുത്ത ഒന്നിന് എനിക്ക് ഏഴുപതാകും ! ."

-കെ എ സോളമന്‍

നിന്റെ കണ്ണുകള്‍ ഇണപ്രാവുകള്‍ !




















" എന്റെ പ്രിയേ, നീ സുന്ദരിയാണ്‌
നീ അതീവ സുന്ദരി തന്നെ
നിന്റെ അധരം ചെന്നൂല് പോലെയാണ്
നിന്റെ മിഴികള്‍ മധു ഊറുന്നതാണ്
നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെ പ്പോലെയാണ്
നിന്റെ കവിളുകള്‍ മാതളപ്പഴ പകുതികള്‍ പോലയാണ് "

ഉത്തമഗീതാകാരന്റെ വരികള്‍ കേട്ടവള്‍ സ്തബ്ധയായിരുന്നു
പിന്നീടപ്പോഴോ കണ്ണുകള്‍ ഉയര്‍ത്തി.
അവളുടെ കണ്ണുകളിലേക്കു നോക്കിയിരിക്കെ
അവളെന്നോട് ചോദിച്ചു:

എന്താ നീ ഇങ്ങനെ നോക്കുന്നതെന്ന്?
സ്വരമുയര്‍ത്താതെ ഞാന്‍ പറഞ്ഞു:
"ഞാന്‍ പാടിയതും, നീ ചൊല്ലിതരുന്നതുമായ പലതും
ഈ കണ്ണുകളില്‍ ഞാന്‍ കണ്ടു"

ഞാന്‍ പിന്നെയും പാടി
"നിന്റെ ഹൃദയം എനിക്ക് അസ്തമന നിറശോഭയാണ്
ജീവന്റെ നിശ്വാസമാണ്
പകലാണ്‌, രാത്രിയാണ്, നീ മഴയാണ്
മരുഭൂമിയിലെ തണലാണ്‌, മരുപ്പച്ചയാണ്‌
പ്രണയം ദീര്‍ഘമൌനമാണ് "


പിന്നീടൊരിക്കല്‍ അവളെന്നോട് പറഞ്ഞു
"നിന്റെ നോട്ടം പണ്ടത്തെപ്പോലിരിക്കുന്നു
നിനക്ക് സുഖമോ?"
ഞാന്‍ പറഞ്ഞു " നീ ഒത്തിരി മാറിപ്പോയിരിക്കുന്നു"
കേള്‍കാത്ത ഈണം കൂടുതല്‍ ഇമ്പ മുള്ളതെന്ന് പാടിയതേത് ഗായകന്‍ ?
സഫല മാകാത്ത പ്രണയം മധുരതരമെന്നു പാടിയതേത് കവി ?

-കെ എ സോളമന്‍

Saturday, 2 July 2011

കൊഴിഞ്ഞ പൂക്കള്‍ !









എന്റെ ഗാണ്ധീവത്തിന്റെ ഞാണൊലി നിലച്ചുപോയ്‌
എന്റെ തൂണീരത്തില്‍ അന്പുകള്‍ ഒടുങ്ങിപ്പോയ്‌
പാര്‍ഥ സാരഥി യുദ്ധക്കളത്തില്‍ ചൊല്ലിത്തന്ന
ആര്തി നാശന ഗീഥാസുധയും മറന്നുപോയ്‌ .

ചില്ലു കൊട്ടാരങ്ങളില്‍ കോടികള്‍ ഒളിപ്പിച്ചോര്‍
ഇല്ല കണ്ടില്ല കണ്ണീര്‍ വറ്റിയ കണ്ണുകളായിരം
അക്ഷരമറിയ കുഞ്ഞു ങ്ങള്‍ , കോലങ്ങള്‍ നാട്ടില്‍
ലക്ഷങ്ങളല്ല , ശതകോടികള്‍ വിശന്നു വലയുന്നോര്‍

വിട ചൊല്ലിയോര്‍ അറിഞ്ഞില്ല ഉറങ്ങാന്‍
ഇടമില്ല മണ്ണില്‍, കിട്ടില്ല ആചാരവെടി
ഗണ്‍ സല്‍യൂടില്ല ബൂഗില്‍ വാതനുവുമില്ല
പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണങ്ങളായി ഓടുങ്ങിയോര്‍

ചുട്ടു നീറുന്നു വൃദ്ധമാനസങ്ങള്‍ ഏറെയും
പട്ടുപോയ് ആശയും ആവേശത്തിരമാലകളും
കുളിര്‍ കാറ്റില്ല, തണലില്ല, തണ്ണീര്‍ പന്തലില്ല , ഫോണ്‍
വിളിയായി വരാന്‍ ആശ്വാസ മില്ല, നല്ലൊരു വാക്കുമില്ല

ധര്‍മ്മച്യുതി കാലത്തിന്‍ കവചമായ്
കര്‍മ്മ മണ്ഡലമാകെ ഇരുണ്ടു പോയ്‌
കണ്ടില്ല സത്യം നാട്യം നമുക്കിഷ്ടം
പണ്ടെങ്ങോ കളഞ്ഞു പോയ്‌ നീതിയും ധര്‍മ്മനിഷ്ഠയും

സന്ധ്യയില്‍ വിളക്കില്ല, പരിഷ വാദ്യങ്ങളില്ല,
വന്ധ്യയായ് മനസ്സും, മണ്ണും ജലാശയങ്ങളും
നക്ഷത്രങ്ങള്‍ തമോ ഗര്ത്തങ്ങളായ് വിണ്ണില -
ലക്ഷ്യ മാം കയങ്ങളില്‍ മുങ്ങി അദൃശ്യ മായ്

അറിവിന്റെ കൈത്തിരി അറിയാതെ കേട്ട് പോയ്‌ നാട്-
അറിയും മഹത്വങ്ങള്‍ അന്യമേ നിന്നേ പോയ്‌
വഴുതിപ്പോകുന്നു മനസ്സും മന:ശാന്തിയും
എഴുതാന്‍ ഇനിയില്ല, ഹൃദയം മുറിഞ്ഞേ പോയ്‌.

എന്റെ ഗാണ്ധീവത്തിന്റെ ഞാണൊലി നിലച്ചുപോയ്‌
എന്റെ തൂണീരത്തില്‍ അന്പുകള്‍ ഒടുങ്ങിപ്പോയ്‌

-കെ എ സോളമന്‍

Friday, 1 July 2011

KAS Life Blog






Dear friends,

Welcome you all to the songs of Solaman.

Solaman's songs!
kas life blog
K A solaman