#മിസ്റ്റർ_പുളിത്തറ
(മറക്കാതെ ബാല്യം -ആറാം ഭാഗം)
പുളിത്തറ ഈശുകുട്ടിചേട്ടൻ ( വല്യപ്പൻ) എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്.
ജീവിതത്തിൽ ഒരിക്കൽ പോലും എന്തെങ്കിലും കാരണത്താൽ എനിക്ക് വെറുപ്പ് തോന്നാത്ത ഒരുമനുഷ്യൻ. അദ്ദേഹത്തിൻറെ സമാന പ്രായക്കാരനായ തറേക്കാരനോടും ചെറേക്കാരനോടും എനിക്ക് ആ തോന്നൽ ഇല്ല. ഒരുപക്ഷെ അത് അവർ കുറക്കുടി അച്ചടക്കത്തിന്റെ ആൾക്കാർ ആയതുകൊണ്ടാവണം. അവർക്കും എന്റെ പ്രായമുള്ള, എന്നെക്കാൾ പ്രായമുള്ള മക്കൾ ഉണ്ടായിരുന്നു.
തൂമ്പപ്പണിയായിരുന്നു പ്രധാന തൊഴിൽ, പക്ഷേ എല്ലാജന്മികൾക്കും സ്വീകാര്യനായ ഒരു പണിക്കാരനായിരുന്നില്ല ഈശുകുട്ടി. ഒരു ശരാശരി ജോലിക്കാരൻ. മറ്റു പ്രധാന പണിക്കാർ അദ്ദേഹത്തെ എപ്പോഴും കൂട്ടില്ലായിരുന്നു. പക്ഷേ ആളുകൾ അധികം വേണ്ട കുളം വെട്ടൽ, പാടത്ത് തുണ്ടം കോറൽ പോലുള്ള ജോലിക്ക് അദ്ദേഹത്തെ കൂട്ടുമായിരുന്നു. അദ്ദേഹത്തിൻറെ തൂമ്പ പോലും മറ്റുള്ളവരുടെതിനേക്കാൾ ചെറുതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ മറ്റ് പലരും കൂട്ടാതിരുന്നത് എങ്കിലും അദ്ദേഹത്തിന് ആരോടും പരിഭവം ഇല്ലായിരുന്നു.
തൂമ്പാപ്പണി ഇല്ലാത്ത സമയങ്ങളിൽ വേലികെട്ട്, പുരമേയൽ, വിത, കളപറിക്കൽ കൊയ്ത്ത്, മെതി കൊണ്ടൽകൃഷി, വേലികെട്ട്, മീൻ പിടുത്തം തുടങ്ങിയ ജോലികൾ ചെയ്തു അദ്ദേഹം സന്തോഷത്തോടെ കുടുംബം പോറ്റിയിരുന്നു. ദാരിദ്ര്യം ആയിരുന്നു പ്രധാന സമ്പാദ്യം. ഭാര്യയും മക്കളും ഒക്കെ കൂടിയിരുന്ന് വൈകുന്നേരവും, രാത്രിയിലും കയർ പിരിക്കുന്നതിനാൽ ഒരു കണക്കിന് രണ്ടറ്റം കൂട്ടിമുട്ടിച്ച് മുന്നോട്ടു പോയിരുന്നു
പണ്ട് സാമ്പത്തികമായി മുന്നിലായിരുന്നു എന്നുള്ളത് അദ്ദേഹത്തിൻറെ പുരയും ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും. ഞങ്ങളെപ്പോലെ കുടികിടപ്പുകാരും കൂടിൽ താമസക്കാരും ആയിരുന്നില്ല അവർ, സ്വന്തമായി ഭൂമിയും വീടും ഉണ്ടായിരുന്നു.
പുര ഓലമേഞ്ഞത് ആണെങ്കിലും പത്തായവും പലക കൊണ്ടുള്ള ഭിത്തിയും നാലഞ്ചു മുറികളും
പുരയ്ണ്ടായിരുന്നു. വീടിൻറെ അടിത്തറ ചെങ്കല്ല് നിർമ്മിതമാണെങ്കിലും കാറ്റൂതി ഊതി കല്ലിൻറെ പുറംഭാഗം എല്ലാം പൊടിഞ്ഞുപോയതിനാൽ അടിത്തറ അകത്തോട്ട് വളഞ്ഞ ആകൃതിയിലാണ് ഇരുന്നിരുന്നത്. ചില കുരുത്തം കെട്ട കുട്ടികൾ പുറത്ത് വീടിനോട് ചേർന്നിരുന്ന് കളിക്കുമ്പോൾ പൊടിഞ്ഞുതീരാറായ അടിത്തറക്കല്ലിൽ വിരലോ , കമ്പോയിട്ട്,കുത്തി പിന്നെയും പൊടിക്കുന്നതിൽ രസം കണ്ടിരുന്നു. ഇത് കാണുമ്പോൾ എലിക്കുട്ടി ചേടത്തിപിള്ളേരെ ഓടിക്കുമെങ്കിലും ഈശുകുട്ടി ചേട്ടൻ അത് കണ്ടതായി നടക്കില്ല
പുറം കളി ഇല്ലാത്തപ്പോൾ വീടിൻറെ തെക്കേ മുറിയിലാണ് ഞങ്ങൾ കുട്ടികൾ സംഗമിക്കുക. ചേട്ടൻറെ മഹാമനസ്കത ഒന്നുകൊണ്ട് മാത്രം സംഭവിച്ച ഒരു സമ്മേളനം ആയിരുന്നു അത് . ആ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും ഇങ്ങനെ ഒരു സംഗമം ആലോചിക്കാൻ കൂടി പറ്റില്ലായിരുന്നു. സ്വന്തം വീടിനുള്ളിൽ കയറിയിരുന്ന് ചന്തപ്പിള്ളേരുടെ കലപില ആരാണ് അനുവദിക്കുക?
ഭാര്യ ഏലിക്കുട്ടിയുടെ എതിർപ്പുണ്ടായിരുന്നിട്ടും കുട്ടികളെ വീട്ടിൽനിന്ന് ഇറക്കിവിടാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല അദ്ദേഹത്തിൻറെ മക്കളിൽ മൂത്ത മകൻ ആൻ്റി ഒഴിച്ച് ബാക്കി എല്ലാവരും ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു.അവരിൽ ജോസയും മോളിയും ഒക്കെയുണ്ട്. സ്കൂളിൽ പോകുന്ന കുട്ടി ആയതുകൊണ്ടാകണം ചേട്ടന് എന്നോട് വലിയ കാര്യമായിരുന്നു.
ഞാൻ അഞ്ചിൽ നിന്ന് ജയിച്ച് ആറിലെ ഉന്നത പഠനം തുടങ്ങിയ കാലം. അഞ്ചാം ക്ളാസിൻ്റെ അവസാനമാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരവും ഞാൻ പഠിച്ചത്. അഞ്ചാം ക്ളാസ് തുടക്കത്തിൽ എനിക്ക് A, B, C എന്നീ മൂന്നക്ഷരം മാത്രമേ അറിയുമായിരുന്നുള്ളു. ബാക്കി അക്ഷരങ്ങൾ പഠിച്ചത് പിന്നീടാണ് അതും ക്ലാസിൽ കൂടെ പഠിച്ചിരുന്ന കടപ്പുറം കൂട്ടുകാരൻ റൈനോൾഡ് പഠിപ്പിച്ചതാണ്. അതെന്താ സാറന്മാര് പഠിപ്പിച്ചില്ലേ എന്ന് ഇതു വായിക്കുന്നവർക്ക് സംശയം തോന്നിയേക്കാം.എന്നെ സാറമ്മാർ പഠിപ്പിച്ചില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. മറ്റൊരു സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസായതിനുശേഷമാണ് തങ്കി സെൻറ് ജോർജ് യുപി സ്കൂളിൽ അഞ്ചാം ക്ലാസ് പഠിക്കാൻ എത്തിയത്. അവിടുത്തെ അഞ്ചാം ക്ലാസിലെ അധ്യാപകർ വിചാരിച്ചു ഇത് നേരത്തെ പഠിച്ചിരിക്കും എന്ന്. പക്ഷേ പഴയ സ്കൂളിൽ നാലാംക്ലാസ് വരെ ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നില്ല.
അതൊക്കെ ഒരു തലലേലെഴുത്ത്. എന്നെ ഇംഗ്ലീഷ് അക്ഷരങ്ങൾപഠിപ്പിച്ച റൈനോൾഡിന് ജീവിതത്തിൽ അത് പിന്നീട് ഉപയോഗിക്കേണ്ടി വന്നില്ല. എനിക്കാകട്ടെ കുറച്ചൊക്കെ ഉപയോഗിക്കേണ്ടിയും വന്നു.
ആറാം ക്ലാസിൽപഠിക്കുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത് പുരുഷന്മാരുടെ പേരിൻറെ കൂടെ മിസ്റ്റർ ചേർക്കാം സ്ത്രീകളുടെ കൂടെ മിസ്സിസ് എന്നും ചേർക്കാമെന്ന്. ഇത് മനസ്സിലാക്കിയ ഞാൻ പ്രാക്ടിക്കലായി അത് പ്രയോഗിച്ചത് ഈശുകുട്ടി ചേട്ടൻറെ കാര്യത്തിലാണ്.
ഈശുകുട്ടി ചേട്ടനെ ഞാൻ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു.
കാണുമ്പോൾ സ്തുതി കൊടുക്കേണ്ട ആളിനെ, ബഹുമാനിക്കേണ്ട ഒരാളിനെ അങ്ങനെ വിളിക്കുന്നത് ശരിയല്ലെങ്കിലും അദ്ദേഹം അനുവദിച്ച സ്വാതന്ത്ര്യമാണ് എന്നെക്കൊണ്ട് അങ്ങനെ വിളിപ്പിച്ചത്. ആദ്യ വിളിയിൽ എനിക്ക് അല്പം ഉത്കണ്ഠ ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഏറെ സന്തോഷപ്പെടുത്തി. എൻറെ "മിസ്റ്റർ പുളിത്തറ " എന്ന വിളി അദ്ദേഹം ഏറെ ആസ്വദിച്ചത് പോലെ എനിക്ക് തോന്നി. പിന്നീട് അങ്ങോട്ട് എല്ലാകാലത്തും ഞാൻ അദ്ദേഹത്തെ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മുഖത്തും ഒരു നേരിയ ചിരി വിടർന്നിരുന്നു. അദ്ദേഹത്തെ കളിയാക്കുന്ന തരത്തിൽ ഒരു ചിന്തയും എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല
ജീവിതത്തിൽ മാനസികസംഘർഷം വരാത്ത മനുഷ്യർ ഇല്ലല്ലോ? ഇതൊന്നും ഓർക്കാനുള്ള തിരിച്ചറിവ് ഇല്ലായിരുന്ന കാലത്ത് എപ്പോഴും ഞാൻ അദ്ദേഹത്തെ ഇങ്ങനെ തന്നെയാണ് വിളിച്ചത്. ഒരിക്കൽ പോലും പരിഭവപ്പെട്ടില്ല, വഴക്കു പറഞ്ഞില്ല, ആ മുഖത്ത് നേരിയ പുഞ്ചിരി എപ്പോഴും ഞാൻ കണ്ടിരുന്നു.
എനിക്ക് സ്കൂളിൽ ഒരു പേരും നാട്ടിൽ വിളിപ്പേരും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്താണ് എന്നെ വിളിച്ചിരുന്നത് എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. കുഞ്ഞാമ്മയുടെ മകൻ എന്നു വിളിച്ചിരുന്നോ? ത്രേസ്യ എന്നുപേരുള്ള എന്റെ അമ്മയെ നാട്ടുകാരിൽ പ്രായമുള്ളവർ വിളിച്ചിരുന്നത് കുഞ്ഞാമ്മയെന്നും പ്രായം കുറഞ്ഞവർ. കുഞ്ഞാമ്മതാത്തി എന്നുമായിരുന്നു.
എന്തു പേരാണ് എന്നെ വിളിച്ചിരുന്നത് എന്ന് ഒന്ന് ചോദിച്ചു മനസ്സിലാക്കാം മെന്നു വിചാരിച്ചാൽ അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല. ആ മനസ്സിൻറെ വലിപ്പം കണ്ട കുറേ നിമിഷങ്ങൾ എൻറെ ജീവിതത്തിലുണ്ട്..
കൊണ്ടൽകൃഷിയുടെ സമയത്ത് കിഴക്കേ പാടം മുഴുവനും പച്ചക്കറി കൃഷി നിറഞ്ഞിരിക്കും. വെള്ളരി, മത്തൻ, തണ്ണിമത്തൻ, ചീര, പാവൽ, പടവലം എന്നിവയുടെ കൃഷി. എല്ലാ കർഷകരും പാടം പകുത്തെടുത്താണ് കൃഷി. ഇങ്ങനെ കൊണ്ടൽ കൃഷിക്കായി പാടം നൽകുന്നതിന് പാടം ഉടമയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു.
പുളിത്തറ വീടിൻറെ മുന്നിലുള്ള പാടത്തിന്റെ കുറെ ഭാഗത്ത് ഈശുകുട്ടി ചേട്ടനായിരുന്നു കൃഷി ചെയ്തിരുന്നത്. ഞാൻ പറഞ്ഞല്ലോ. ഒന്നിലും വലിയ പ്രഗൽഭ്യം കാണിക്കാത്ത അദ്ദേഹത്തിന്റെ കൃഷിയും ശരാശരി ആയിരുന്നു. നന്നായി കൃഷി ചെയ്തു കൂടുതൽ വിളവുണ്ടാക്കുന്നവർ മറ കെട്ടി തങ്ങളുടെ കൃഷി സംരക്ഷിച്ചപ്പോൾ ചേട്ടൻ പാടത്ത് വേലി കെട്ടി മറച്ചിരുന്നില്ല.
അന്നത്തെ സ്കൂൾ പാഠ്യ പദ്ധതി പ്രകാരം അഞ്ചാം ക്ലാസ് തൊട്ട് കുട്ടികൾക്ക് സ്കൂളിൽഉച്ചഭക്ഷണം ഇല്ല. വീട്ടിൽ പോയിട്ട് കാര്യമില്ലാത്തതുകൊണ്ട് പച്ചവെള്ളം കുടിച്ച് വരാന്തയിലെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു പരിപാടി. ക്ലാസ്സ് മുറിയിൽ ഇരുന്നാൽ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് അത് പ്രയാസമാകുമല്ലോ എന്ന വിചാരം കൊണ്ടാണ് വരാന്തയിൽ അങ്ങനെ ഇരുന്നത്. ഓരോ ദിവസവും ഓരോന്നായതുകൊണ്ട് ഞാൻ ഉച്ചയ്ക്ക് ചാരി ഇരിക്കാത്ത തൂണുകൾ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നില്ല
നാലുമണിക്ക് സ്കൂളും വിട്ട് വീട്ടിലെത്തിയാൽ ഭയങ്കര വിശപ്പാണ്. അപ്പോഴും ചില ദിവസങ്ങളിൽ കുടിക്കാൻ പച്ചവെള്ളം മാത്രം എന്ന അവസ്ഥയിൽ പുളിത്തറ വീട്ടിലേക്കു നടക്കും. ചേട്ടനോട് ഒരു വെള്ളരിക്ക തരുമോ എന്ന് ചോദിക്കും.
" നീ എന്തിനാ അങ്ങനെ ചോദിക്കുന്നത് നിനക്ക് എടുത്തുകൂടെ എന്ന് പറയും "
ഇത് എത്ര തവണ ആവർത്തിച്ചിരിക്കുന്നു
അദ്ദേഹം ഒരിക്കൽപറഞ്ഞു: " ഞാൻ ഇവിടെ ഇല്ലെങ്കിലും നീ ആരോടും ചോദിക്കാൻ നിൽക്കണ്ട ആവശ്യമുള്ളത് എടുക്കാം, വിശപ്പുമാറാനല്ലേ? "
ഈ സമയങ്ങളിൽ ഒരിക്കലും അദ്ദേഹത്തോടുള്ള എൻ്റെ തമാശ പുറത്ത് വരുമായിരുന്നില്ല. അപ്പോഴൊന്നും ഞാൻ അദ്ദേഹത്തെ "മിസ്റ്റർ പുളിത്തറ " എന്നുവിളിച്ചിരുന്നുമില്ല.
അദ്ദേഹമിതാ എൻറെ കൺമുന്നിൽ തൻ്റെ പകുതി തുമ്പായുടെ കൈയ്യിൽ ചാരി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
(ഇനിയും പടിഞ്ഞാറോട്ടു വഴിയുണ്ട് - തുടരണോ ?)
No comments:
Post a Comment