Thursday, 11 April 2024

കൂപ്പറുടെ തോക്ക് - കഥ

കൂപ്പറുടെ തോക്ക് - കഥ
വെടിവെയ്പ് പരിശീലനത്തിന് അത്യാവശ്യം വേണ്ടത് ഒരു നല്ലതോക്കാണ്. ഇത് ആദ്യമായി പറഞ്ഞത് ഞാനല്ല, യു.എസ്. മറെൻസിലെ പ്രശസ്തനായ ഉദ്യോഗ്രസ്ഥൻ ജെഫ് കൂപ്പർ .  മുഴുവൻ പേര് ജോൺ ഡീൻ ജെഫ് കൂപ്പർ .

വെടിവെപ്പ് പരിശീലനത്തിന് തോക്ക്, പ്രത്യേകിച്ച് കൈതോക്ക് എങ്ങനെ വിദഗ്ധമായി ഉപയോഗിക്കാം എന്നതിന്റെ ആധികാരികപഠനം നടത്തിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ പട്ടാള പരിശീലന ക്യാമ്പുകളിൽ വിദ്യാർഥികൾക്കുള്ള പാഠ്യഭാഗമാണ്.

ഇതിപ്പോൾ ഇവിടെപറയാൻ എന്താണ് കാരണം എന്ന ചോദിച്ചാൽ എപ്പോഴും ഒരു വിദ്യ അറിഞ്ഞിരിക്കുന്നത് ആ രംഗത്ത് ശോഭിക്കാൻ നല്ലതാണ് എന്ന് സൂചിപ്പിക്കാനാണ്

പലർക്കും വിശ്വാസമായിട്ടില്ലെങ്കിലും ഞാനൊരു കോളേജ് അധ്യാപകനായിരുന്നു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. എൻറെ കൈവശം ഉണ്ടായിരുന്ന തോക്കിന്റെ വിദഗ്ധമായ ഉപയോഗത്തിന്റെ കഥയാണ് ഇവിടെ വിവരിക്കുന്നത്.

എൻ്റെ തോക്ക് 
എന്താണെന്ന് വെച്ചാൽ ഞാൻ  പഠിച്ച ചില പാഠഭാഗങ്ങളിൽ എനിക്കുള്ള .
അവഗാഹം തന്നെ!

ഞങ്ങൾക്ക് ശമ്പളം ലഭിച്ചിരുന്നത് ഓരോ മാസത്തിന്റെയും 6, 7 പോലുള്ള തീയതികളിൽ ആയിരുന്നു. എല്ലാവരും അത്യാവശ്യക്കാർ ആയതുകൊണ്ട് ആറാം തീയതി തന്നെ ഭൂരിഭാഗം പേർക്കും ശമ്പളം കൊടുത്തു കഴിഞ്ഞിരിക്കും. അപ്പോഴും അവശേഷിക്കും കുറച്ചു പേർ. രാഹുകാലം നോക്കിശമ്പളം വാങ്ങുന്നവർ പോലും അക്കൂട്ടത്തിൽ ഉണ്ട് . അവർ എട്ടാം തീയതിയോ ഒമ്പതാം തീയതിയോ പത്താം തീയതിയോ ഒക്കെ ആയിരിക്കും ശമ്പളം വാങ്ങാൻ ഓഫീസിൽ ചെല്ലുക.

:ശമ്പള വിതരണത്തിന് ഇരിക്കുന്ന മധ്യവയസ്യായ മഹതി ഇതു മൂലം പലപ്പോലും ശുണ്ഠിപിടിച്ചിരിക്കുകയും ചെയ്യും. അവർക്ക് മറ്റൊരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥ ഓരോരുത്തരായി സൃഷ്ടിക്കുന്നു എന്നതാണ് അവരുടെ പരാതി. അവരുടെ പേര് പറയാൻ വിട്ടു - മാർഗരീത്ത

ഭേദപ്പെട്ട മുഖശ്രീഉണ്ടെങ്കിലും അത് സംരക്ഷിക്കാൻ മാർഗരീത്ത ശ്രദ്ധിക്കാറില്ല. സാരി വില കൂടിയതാണ് ധരിക്കുന്നതെങ്കിലും പലപ്പോഴും വലിച്ചുവാരിക്കെട്ടിയാണ് നടപ്പ് . മുടി നന്നായി ഒതുക്കി വയ്ക്കുന്ന പ്രകൃതമല്ല. ജീവിതം ഒരുപക്ഷേ സംഘർഷം പൂരിതം എന്ന് സ്വയം വിചാരിക്കുന്നത് കൊണ്ടാകാം ഈ അലസത . രണ്ടു മക്കൾ ഉണ്ട്, ആദ്യത്തേത് ആണും രണ്ടാമത്തെത്രത് പെണ്ണും. ആൺകുട്ടി പതിനൊന്നാംക്ലാസിൽ പഠിക്കുന്നു, പെൺകുട്ടി 9 ലും.


മക്കളുടെ കാര്യത്തിൽ ഭർത്താവിന് വേണ്ടത്രശ്രദ്ധ ഇല്ലാത്തതുകൊണ്ടാകണം ഇവർ ഭർത്താവിനെ അത്ര ശ്രദ്ധിക്കാറില്ല, ഭർത്താവ് മറിച്ചും. ഭാര്യയും ഭർത്താവും തമ്മിലുള്ള വർത്തമാനം പോലും തീരെ കുറവ്. മക്കളെ രണ്ടുപേരെയും പഠിപ്പിച്ച ഡോക്ടർമാർ ആക്കണം എന്നാണ് ഏതൊരു രക്ഷകർത്താവിനെയും പോലെ ഇവരുടെയും ആഗ്രഹം. മറ്റു പലരോടും ഇവർ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്

ഓരോരുത്തരും ഓരോരോ സമയത്ത് ശമ്പളം വാങ്ങാൻ എത്തുമ്പോൾ മാർഗരിത്ത ഏർപ്പെട്ടിരിക്കുന്ന   മറ്റുജോലി ഉടൻ നിർത്തിവയ്ക്കേണ്ടി വരും. വേറിട്ടുള്ള ജോലികൾ ഒന്നും തന്നെ ശമ്പള വിതരണ ദിവസങ്ങളിൽ കൃത്യമായി ചെയ്യാൻ പറ്റാത്ത അവസ്ഥ. ശമ്പളം വാങ്ങുന്നതിൽ മറ്റുള്ളവരുടെ കൃത്യതയില്ലായ്മ മാർഗരീത്തയെ അലോസരപ്പെടുത്തിയിരുന്നു




ഇത് അറിയാവുന്ന ഞാൻ ഒട്ടുമിക്ക മാസങ്ങളിലും ആദ്യ ദിവസം തന്നെ ശമ്പളം വാങ്ങാൻ ശ്രമിക്കും. എന്നാൽ യാദൃച്ഛികമായി ഉണ്ടാകുന്ന കാരണത്താൽ ചില മാസങ്ങളിൽ അത് നടക്കാതെ വരും.

അങ്ങനെ ഒരിക്കൽ മാർഗരീത്തയുടെ മുന്നിൽ ചെന്നു പെട്ടത് രണ്ട് ദിവസം വൈകിയാണ്. പുതുതായി ജോലിക്ക് എത്തിയ ഒരു ജൂനിയർ സ്റ്റാഫുമായി അവർ എന്തോ ഡിസ്ക്ഷനിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ.

ശമ്പളം തന്ന കവറിൽ എഴുതിയതും  അക്വിറ്റൻസ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതുമായ  തുകകൾ തമ്മിൽ അഞ്ചു രൂപയുടെ വ്യത്യാസം കണ്ടത് ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്തി.

" സാറങ്ങോട്ട് പോയി  പറയൂ "  ഗൗരവത്തിൽ ആയിരുന്ന അവർ ഒട്ടും മയമില്ലാതെ ഓഫീസിൻ്റെ ഒരു മൂലയിലേക്കു കൈ ചൂണ്ടിക്കാണിച്ചു പറഞ്ഞു. 

ഫയലിൽ നിന്ന് തല ഒരിക്കലും മേല്ലോട്ടു പൊക്കാത്ത ആൻ്റണി എന്ന മനുഷ്യൻ  ആ മൂലയിൽ ഇരിപ്പുണ്ട്.

അദ്ദേഹമാണ് കവറിൻ്റെ പുറത്ത് തുക എഴുതുന്നതും അക്യൂറ്റൻസ് ഷീറ്റ് തയ്യാറാക്കുന്നതും. ശമ്പളം വിതരണം ചെയ്യുന്ന മാർഗരീത്തക്ക് വിതരണം ചെയ്യുക എന്ന ജോലി മാത്രമേ ഉള്ളൂ. .

എന്നെ അവഗണിച്ചു കൊണ്ട് അവർ അടുത്തിരിക്കുന്ന പുതിയ സ്റ്റാഫിനോടായി പറഞ്ഞു  "വായിക്കു കൊച്ചേ "
കൊച്ചു വായിച്ചു:
A man aims at a monkey sitting on a tree at a distance. At the instant he fires at it,.....

ബാക്കി ഞാനാണ് പറഞ്ഞത്
.....the monkey falls. Will the bullet hit the monkey?
(ദൂരെ മരക്കൊമ്പിൽ ഇരിക്കുന്ന ഒരു കുരങ്ങിനെ ഒരാൾ ഉന്നം പിടിക്കുന്നു. അയാൾ വെടിവെക്കുന്ന സമയത്ത് കുരങ്ങ് താഴെ വീഴുന്നു.  വെടിയുണ്ട കുരങ്ങന് ഏറ്റോ ഇല്ലയോ?)
(ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചിട്ടാണ് കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരും ഒക്കെ ആകുന്നത്)

അവർ രണ്ടു പേരുംതലയുയർത്തി എന്നെ നോക്കി
ഞാൻ ചോദിച്ചു : ഇത് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലേക്കുള്ള ചോദ്യമാണല്ലോ, ആര് ആരെയാണ് പഠിപ്പിക്കുന്നത്?"

മാർഗരീത്തയുടെ മുഖത്തെ ഗൗരവം അല്പം കുറഞ്ഞു. 
"സാറിന് ഇതൊക്കെ കാണാതെ അറിയാമോ? എന്റെ മകനുവേണ്ടിയാണ് ഈ ചോദ്യങ്ങൾ ഈ കൊച്ചിനോടു ചോദിച്ചു മനസ്സിലാക്കുന്നത്.  ഇവൾ എം എസ് സി ഫിസിക്സ് കാരിയാണ്, പേര് ജ്യോതി  "

" അതിന് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ, മകനെ ഏതെങ്കിലും എൻട്രൻസ് കോച്ചിംഗ് സെൻററിൽ ചേർത്താൽ പോരെ ? " ഞാൻ

" ചേർത്തു സാർ,  അഡ്മിഷൻ കിട്ടാൻ പ്രയാസമായിരുന്നു.കൊളംബിയ എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ അഡ്മിഷൻ ടെസ്റ്റ് എൻ്റെ മകൻ പാസായിട്ടുണ്ട്, ഒമ്പതാം റാങ്ക്. വെക്കേഷനാണ് റഗുലർ ക്ളാസ് ആരംഭിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ ക്ളാസ് "

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലെ അഡ്മിഷൻ ടെസ്റ്റ് റാങ്ക് മിക്കവാറും 10-ൽ താഴെ ആയിരിക്കും എന്നത് ഞാൻ അവരോട് പറഞ്ഞില്ല.

" എത്രയാണ്  ഫീസ് ? "

"എല്ലാം കൂടി ഒരു ലക്ഷം രൂപ വരും , അത് അടച്ചു കഴിഞ്ഞു, ടെസ്റ്റിൽ നന്നായി തിളങ്ങിയാൽ സ്കോളർഷിപ്പ് തരാമെന്നാണ്  കൊളംബിയ പറഞ്ഞിരിക്കുന്നത്. "

മാർഗരിത്ത കാണേണ്ട എന്ന് കരുതി ഞാൻ ചിരിച്ചില്ല.
" സാറിൻറെ ചെറിയ സഹായം ഒക്കെ ഉണ്ടാകണം, ചില കണക്കുകൾ സാർ മകന് ചെയ്തു കൊടുക്കണം"

ഓഫീസിൻറെ മൂലക്കിരുന്നു കീഴോട്ട് മാത്രം നോക്കിയിരുന്നു പണിയെടുക്കുന്ന ആൻ്റണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അക്വിറ്റൻസ് പ്രകാരമുള്ള ശമ്പളം സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് മാർഗരീത്ത  എന്നെ ഏൽപ്പിച്ചു.

ജെഫ് കൂപ്പറെ ഞാൻ  ഓർത്തു. നമ്മുടെ കൈവശമുള്ള ആയുധം സന്ദർഭികമായി പ്രയോഗിക്കാൻ നാം  പഠിക്കണം .അതായത്, വെടിവെപ്പ് പരിശീലനത്തിന് ഒരു തോക്ക് അത്യാവശ്യമുണ്ടായിരിക്കണം

തുടർന്ന് പലപ്പോഴായി കുറെ ചോദ്യങ്ങളുടെ ഉത്തരം എന്നെക്കൊണ്ട് എഴുതിച്ച് മർഗരീത്ത മകന് കൊണ്ടുപോയി കൊടുത്തു. മകൻ ഡോക്ടറായോ ഇല്ലയോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. അതുതന്നെയാണ് ഈ കഥയുടെ സസ്പെൻസും * * *
         









No comments:

Post a Comment