Thursday, 11 April 2024

ഏലിക്കുട്ടിയും.ധർമ്മാശുപത്രിയും - കഥ

#ഏലിക്കുട്ടിയും ധർമ്മാശുപത്രിയും
(മറക്കാതെ ബാല്യം -അഞ്ചാം ഭാഗം).

ഹൃദയത്തിൽ നന്മകാത്തവൻ പുളിത്തറ ഈശു കുട്ടി. ഈശുകൂട്ടിയെക്കുറിച്ച് ഞാൻ  കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു.
ഇത് അതിൻറെ തുടർച്ചയാണ്

കുഞ്ഞയ്യൻറെ പുറകിലെ വരാൽ പാടവും 11 കെ വി ലൈനും കഴിഞ്ഞാൽ എത്തിച്ചേരുന്നത് പുളിത്തറ വീട്ടിലാണ്. ഗൃഹനാഥൻ ഈശുകുട്ടി, ഭാര്യ ഏലിക്കുട്ടി.  മക്കൾ നാലഞ്ച് പേർ, മോളി അക്കൂട്ടത്തിൽ ഒന്നാണ്. മോളിയെക്കുറിച്ച് ഞാൻ  പറഞ്ഞിരുന്നു.?

ഗൃഹനാഥനേക്കാൾ ഗൃഹനാഥ ക്കായിരുന്നു ആ വീട്ടിൽ പ്രാമുഖ്യം. മുൻമന്ത്രി തിലോത്തമൻ സാറിൻറെ റേഷൻ കാർഡിലെ കുടുംബനാഥനെ വെട്ടി പകരം കുടുംബനാഥയ്ക്കു് പ്രാമുഖ്യം കൊടുത്തത് നാട്ടിൽ ഇത്തരം ഒത്തിരി വീടുകൾ ഉള്ളതുകൊണ്ടാവണം.

ഏലിക്കുട്ടി ചേടത്തിയ്ക്കു സംഭവിച്ച ഒരു അമളിയെ കുറിച്ച് ആകട്ടെ ആദ്യം.   അവർക്ക് എന്നെക്കാൾ പ്രായം കൂടിയ മക്കൾ ഉള്ളത് കൊണ്ട് അവരെ വല്യമ്മ എന്നാണ് ഞാൻ വിളിക്കുക

എന്തെങ്കിലും അസുഖം വന്നാൽ ഞങ്ങൾ ആ നാട്ടുകാർക്ക് ആശ്രയം ചേർത്തലയിലെ സർക്കാർ ആശുപത്രിയാണ്, ധർമ്മാശുപത്രി എന്ന് വിളിക്കും. . ഏഴു കിലോമീറ്റർ യാത്ര ചെയ്താലേ ആശുപത്രിയിൽ എത്തു. ബസ് സൗകര്യം ഇല്ലായിരുന്ന അക്കാലത്ത് നടന്നാണ് ആശുപത്രിയിൽ പോവുക. ഏഴു കിലോമീറ്റർ ഒറ്റയടിക്ക് അങ്ങോട്ടു നടക്കാൻ പറ്റാത്തതുകൊണ്ട് ഇടയ്ക്ക് ഇരുന്നും കഥ പറഞ്ഞു 'വിശ്രമിച്ചതിനു ശേഷം അടുത്തുള്ള മുറുക്കാൻ കടയിൽ നിന്ന് ഒരു മോരും വെള്ളം കുടിച്ചതിനുശേഷമാണ് യാത്ര തുടരുക. 

കാലുകഴപ്പ്, തലവേദന, പനി ഇതൊക്കെ ആയിരിക്കും  സാധാരണരോഗങ്ങൾ. ഏഴു കിലോമീറ്റർ നടക്കാൻ കഴിവുള്ളവർക്ക് ഈ രോഗം പ്രശ്നമാകില്ല എന്ന് ഇന്നാണെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യം അങ്ങനെ അല്ലായിരുന്നു. എങ്ങനെയെങ്കിലും നടന്നെത്തി ആശുപത്രിയിലെ മഞ്ഞനിറത്തിലുള്ള കലക്കുവെള്ളം കുടിച്ചാൽ രോഗം മാറുമെന്നാണ്  അന്നത്തെ വിശ്വാസം. മരുന്നു വാങ്ങാൻ ചെല്ലുന്നവർ  സാമാന്യം വലിപ്പമുള്ള ഒരു ഒരു കുപ്പി കൂടെ കൊണ്ട് ചെല്ലണം എന്നത് അലിഖിത നിയമം. കുപ്പിയിലേക്കാണ് മഞ്ഞ വെള്ളം - മരുന്ന് പകർന്നു കൊടുക്കുന്നത്. കൃത്യമായ അളവൊന്നും മരുന്നിനില്ല, കമ്പോണ്ടർ തീരുമാനിക്കുന്ന ഒരു കൊട്ടത്താപ്പ് കണക്ക്

ഇങ്ങനെ നൽകുന്ന മഞ്ഞവെള്ളം ശരിക്കുള്ള മരുന്നല്ല, വയറു ഇളകാൻ വേണ്ടിയുള്ള ഒന്ന്  എന്നാണ് വിമർശകർ പറഞ്ഞിരുന്നത്. വയറിളകിപ്പോയാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളും ഭേദമാകുമെന്നു ചുരുക്കം
പക്ഷേ ഈ മരുന്ന് കിട്ടാനായി ആശുപത്രിയിൽ പോയി പേരെഴുതിക്കണം, മണിക്കുറുകൾ ക്യു നിൽക്കണം

ഒരിക്കൽ ആശുപത്രിയിൽ പോകേണ്ട ഏതോ രോഗം ഏലിക്കുട്ടി ചേടത്തിയ്ക്കും ഉണ്ടായി- 
ചേടത്തി ആശുപത്രിയിൽ എത്തി. ഒരു ലേഡി ഡോക്ടറാണ് പരിശോധിക്കുന്നത്, കണ്ടാൽ പച്ച പരിഷ്കാരി ആണെന്ന് തോന്നും. ഡോക്ടർമാർ അന്നും ഇന്നും ഒരു പ്രത്യേക പ്രതലത്തിൽ സഞ്ചരിക്കുന്നവർ ആണല്ലോ?

 പക്ഷെ ഏറെ നേരം കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിനയ്ക്കു വിളിച്ചില്ല. തന്റെ മുന്നിലും പിന്നിലുംലും ഉള്ള രോഗികൾ മരുന്നും വാങ്ങി പിരിഞ്ഞുപോയിട്ടും തന്നെ വിളിക്കാത്തതിൽ ചേട്ടത്തി ആശ്ചര്യപ്പെട്ടു. വലിയ കുപ്പികളിൽ ഉള്ള മഞ്ഞ വെള്ളം കാനുകളിലേക്ക് തിരിച്ചൊഴിക്കാൻ കമ്പൗണ്ടർ
തയ്യാറെടുക്കുന്നതായി ചേട്ടത്തിക്കു തോന്നി -

കമ്പൗണ്ടറെ നോക്കി ചേട്ടത്തിവിളിച്ചു പറഞ്ഞു: " സാറേ എന്നെ വിളിച്ചില്ല, എനിക്കു മരുന്നു കിട്ടിയില്ല "

ഡോക്ടറുടെ മേശപ്പുറത്ത് മാറ്റിവച്ചിരിന്ന ചീട്ടുകൾ കമ്പൗണ്ടർ ഓരോന്നായി എടുത്തു പരിശോധിച്ചു. 
ദാ ഇരിക്കുന്നു ഏലിക്കുട്ടിയുടെ ചീട്ട് - കമ്പൗണ്ടർ ചീട്ടെടുത്ത് ഡോക്ടറെ ഏൽപ്പിച്ചു.
ചീട്ട് കിട്ടിയതും ഡോക്ടർ ഏലിക്കുട്ടിയെ നോക്കി പറഞ്ഞു:
" നിങ്ങളെ എത്ര തവണ വിളിച്ചു, നിങ്ങൾ എവിടെയായിരുന്നു. മരുന്നു വാങ്ങാൻ വന്നാൽ അതിൻറെതായ റെസ്പോൺസിബിലിറ്റി  വേണ്ടേ? ഇതേതാണ്ട്......" ഡോക്ടർ മുഴുമിപ്പിച്ചില്ല

ഭയന്നുപോയ ഏലിക്കുട്ടി ഒന്നും മിണ്ടാതെ കൈയും കുപ്പിനിന്നു
തുടർന്നു ഡോക്ടർ ഏലിക്കുട്ടിയെ പരിശോധിക്കുകയും ഒരു കുപ്പി നിറയെ മഞ്ഞവെള്ളം നൽകുകയും ചെയ്തു.

അതിനുള്ളിൽ ഒരു കാര്യം ഏലിക്കുട്ടി മനസ്സിലാക്കി. എല്ലാവർക്കും നൽകുന്നത് ഒരേ മരുന്നാണ്, ഏത് രോഗത്തിനും വലിയ വെള്ളക്കുപ്പി ചരിച്ച് രോഗി കൊണ്ടുവന്നിരിക്കുന്ന ചെറിയ കുപ്പി നിറയെഫണൽ വെച്ച്  പകർന്നാണ് കൊടുക്കുന്നത്.

മരുന്നും വാങ്ങി ഇറങ്ങാൻ നേരത്ത് ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ടിരുന്ന ആശുപത്രിയിലെ ഒരു കിടപ്പു രോഗിയുടെ ബന്ധു ഏലിക്കുട്ടിയോടു ചോദിച്ചു 
"എന്താ നിങ്ങടെ പേര്?"
" ഏലിക്കുട്ടി"
"ഓ അങ്ങനെയാണോ ? ഇലിക്കുറ്റി, ഇലി ക്കുറ്റി എന്ന് ഡോക്ടർ കുറെ തവണ വിളിക്കുന്നത് ഞാൻ കേട്ടതാണ്.  അത് നിങ്ങളെ ആയിരുന്നു എന്ന കാര്യം ഇപ്പോഴാണ് എനിക്കും മനസ്സിലായത്. വലിയ പഠിത്തംപഠിച്ച ഡോക്ടർക്ക് ദേഷ്യം വരാൻ മറ്റു വല്ലകാരണവും വേണോ?
എന്തായാലും തന്ന മരുന്ന് കഴിക്കാതിരിക്കേണ്ട "

കോമ്പൗണ്ടർ ചീട്ടിൽ പേര് എഴുതിയതിലാണോ അതോ ഡോക്ടർ വായിച്ചതിലാണോ പിശക് എന്നു വ്യക്തമല്ല. മരത്തടി (Marathadi) എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ മാറത്തടി എന്ന് വായിക്കുന്നതാണല്ലോ നാട്ടുനടപ്പ്.

പിന്നീട് ഒരിക്കലും ഏലിക്കുട്ടി ചികിത്സയ്ക്കും മരുന്നിനുമായി ധർമ്മാശുപത്രിയിൽ പോയിട്ടില്ല. പനിവന്നാൽ പനിക്കൂർക്ക, ചുമ വന്നാൽ ചുക്കും കുരുമുളകും, ഇതായിരുന്നു പിന്നീടുള്ള ചിട്ട.
പുളിത്തറ ഈശുകുട്ടിചേട്ടൻ (വല്യപ്പൻ)  അവിടെ എന്നെയും നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു (തുടരും.... )
- കെ എ സോളമൻ

.

No comments:

Post a Comment