Sunday, 21 April 2024

മിസ്റ്റർ പുളിത്തറ -മറക്കാതെ ബാല്യം ആറാം ഭാഗം

#മിസ്റ്റർ_പുളിത്തറ
(മറക്കാതെ ബാല്യം -ആറാം ഭാഗം)
പുളിത്തറ ഈശുകുട്ടിചേട്ടൻ ( വല്യപ്പൻ) എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്.

ജീവിതത്തിൽ ഒരിക്കൽ പോലും എന്തെങ്കിലും കാരണത്താൽ എനിക്ക് വെറുപ്പ് തോന്നാത്ത ഒരുമനുഷ്യൻ. അദ്ദേഹത്തിൻറെ സമാന പ്രായക്കാരനായ തറേക്കാരനോടും ചെറേക്കാരനോടും എനിക്ക് ആ തോന്നൽ ഇല്ല. ഒരുപക്ഷെ അത് അവർ കുറക്കുടി അച്ചടക്കത്തിന്റെ ആൾക്കാർ ആയതുകൊണ്ടാവണം. അവർക്കും എന്റെ പ്രായമുള്ള, എന്നെക്കാൾ പ്രായമുള്ള മക്കൾ ഉണ്ടായിരുന്നു.  

തൂമ്പപ്പണിയായിരുന്നു പ്രധാന തൊഴിൽ, പക്ഷേ എല്ലാജന്മികൾക്കും സ്വീകാര്യനായ ഒരു പണിക്കാരനായിരുന്നില്ല ഈശുകുട്ടി.  ഒരു ശരാശരി ജോലിക്കാരൻ. മറ്റു പ്രധാന പണിക്കാർ അദ്ദേഹത്തെ എപ്പോഴും കൂട്ടില്ലായിരുന്നു. പക്ഷേ ആളുകൾ അധികം വേണ്ട കുളം വെട്ടൽ, പാടത്ത് തുണ്ടം കോറൽ പോലുള്ള ജോലിക്ക് അദ്ദേഹത്തെ കൂട്ടുമായിരുന്നു. അദ്ദേഹത്തിൻറെ തൂമ്പ പോലും  മറ്റുള്ളവരുടെതിനേക്കാൾ ചെറുതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ മറ്റ് പലരും കൂട്ടാതിരുന്നത് എങ്കിലും അദ്ദേഹത്തിന് ആരോടും പരിഭവം ഇല്ലായിരുന്നു. 

തൂമ്പാപ്പണി ഇല്ലാത്ത സമയങ്ങളിൽ വേലികെട്ട്,  പുരമേയൽ, വിത, കളപറിക്കൽ കൊയ്ത്ത്, മെതി  കൊണ്ടൽകൃഷി, വേലികെട്ട്, മീൻ പിടുത്തം തുടങ്ങിയ ജോലികൾ ചെയ്തു അദ്ദേഹം സന്തോഷത്തോടെ കുടുംബം പോറ്റിയിരുന്നു. ദാരിദ്ര്യം ആയിരുന്നു പ്രധാന സമ്പാദ്യം. ഭാര്യയും മക്കളും ഒക്കെ കൂടിയിരുന്ന് വൈകുന്നേരവും, രാത്രിയിലും കയർ പിരിക്കുന്നതിനാൽ ഒരു കണക്കിന് രണ്ടറ്റം കൂട്ടിമുട്ടിച്ച് മുന്നോട്ടു പോയിരുന്നു

പണ്ട് സാമ്പത്തികമായി മുന്നിലായിരുന്നു എന്നുള്ളത് അദ്ദേഹത്തിൻറെ പുരയും ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും. ഞങ്ങളെപ്പോലെ കുടികിടപ്പുകാരും കൂടിൽ താമസക്കാരും ആയിരുന്നില്ല അവർ, സ്വന്തമായി ഭൂമിയും വീടും ഉണ്ടായിരുന്നു.

പുര ഓലമേഞ്ഞത് ആണെങ്കിലും പത്തായവും പലക കൊണ്ടുള്ള ഭിത്തിയും നാലഞ്ചു മുറികളും
പുരയ്ണ്ടായിരുന്നു. വീടിൻറെ അടിത്തറ ചെങ്കല്ല് നിർമ്മിതമാണെങ്കിലും കാറ്റൂതി ഊതി കല്ലിൻറെ പുറംഭാഗം എല്ലാം പൊടിഞ്ഞുപോയതിനാൽ അടിത്തറ അകത്തോട്ട് വളഞ്ഞ ആകൃതിയിലാണ് ഇരുന്നിരുന്നത്. ചില കുരുത്തം കെട്ട കുട്ടികൾ പുറത്ത് വീടിനോട് ചേർന്നിരുന്ന്  കളിക്കുമ്പോൾ പൊടിഞ്ഞുതീരാറായ അടിത്തറക്കല്ലിൽ വിരലോ , കമ്പോയിട്ട്,കുത്തി പിന്നെയും പൊടിക്കുന്നതിൽ രസം കണ്ടിരുന്നു. ഇത് കാണുമ്പോൾ എലിക്കുട്ടി ചേടത്തിപിള്ളേരെ ഓടിക്കുമെങ്കിലും ഈശുകുട്ടി ചേട്ടൻ അത് കണ്ടതായി നടക്കില്ല

പുറം കളി ഇല്ലാത്തപ്പോൾ വീടിൻറെ തെക്കേ മുറിയിലാണ് ഞങ്ങൾ കുട്ടികൾ സംഗമിക്കുക. ചേട്ടൻറെ മഹാമനസ്കത ഒന്നുകൊണ്ട് മാത്രം സംഭവിച്ച ഒരു സമ്മേളനം ആയിരുന്നു അത് . ആ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും ഇങ്ങനെ ഒരു സംഗമം ആലോചിക്കാൻ കൂടി പറ്റില്ലായിരുന്നു. സ്വന്തം വീടിനുള്ളിൽ കയറിയിരുന്ന് ചന്തപ്പിള്ളേരുടെ കലപില ആരാണ് അനുവദിക്കുക?

ഭാര്യ ഏലിക്കുട്ടിയുടെ എതിർപ്പുണ്ടായിരുന്നിട്ടും കുട്ടികളെ വീട്ടിൽനിന്ന് ഇറക്കിവിടാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല അദ്ദേഹത്തിൻറെ മക്കളിൽ മൂത്ത മകൻ ആൻ്റി ഒഴിച്ച് ബാക്കി എല്ലാവരും ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു.അവരിൽ ജോസയും മോളിയും ഒക്കെയുണ്ട്. സ്കൂളിൽ പോകുന്ന കുട്ടി ആയതുകൊണ്ടാകണം ചേട്ടന് എന്നോട് വലിയ കാര്യമായിരുന്നു.

ഞാൻ അഞ്ചിൽ നിന്ന് ജയിച്ച് ആറിലെ ഉന്നത പഠനം തുടങ്ങിയ കാലം. അഞ്ചാം ക്ളാസിൻ്റെ അവസാനമാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരവും ഞാൻ പഠിച്ചത്. അഞ്ചാം ക്ളാസ് തുടക്കത്തിൽ എനിക്ക് A, B, C എന്നീ മൂന്നക്ഷരം മാത്രമേ അറിയുമായിരുന്നുള്ളു.  ബാക്കി അക്ഷരങ്ങൾ പഠിച്ചത് പിന്നീടാണ് അതും ക്ലാസിൽ കൂടെ പഠിച്ചിരുന്ന കടപ്പുറം കൂട്ടുകാരൻ റൈനോൾഡ് പഠിപ്പിച്ചതാണ്. അതെന്താ സാറന്മാര് പഠിപ്പിച്ചില്ലേ എന്ന് ഇതു വായിക്കുന്നവർക്ക് സംശയം തോന്നിയേക്കാം.എന്നെ സാറമ്മാർ പഠിപ്പിച്ചില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. മറ്റൊരു സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസായതിനുശേഷമാണ് തങ്കി സെൻറ് ജോർജ് യുപി സ്കൂളിൽ  അഞ്ചാം ക്ലാസ് പഠിക്കാൻ എത്തിയത്.  അവിടുത്തെ അഞ്ചാം ക്ലാസിലെ അധ്യാപകർ വിചാരിച്ചു ഇത് നേരത്തെ പഠിച്ചിരിക്കും എന്ന്. പക്ഷേ പഴയ സ്കൂളിൽ നാലാംക്ലാസ് വരെ ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നില്ല.

അതൊക്കെ ഒരു തലലേലെഴുത്ത്. എന്നെ ഇംഗ്ലീഷ് അക്ഷരങ്ങൾപഠിപ്പിച്ച റൈനോൾഡിന് ജീവിതത്തിൽ അത് പിന്നീട് ഉപയോഗിക്കേണ്ടി വന്നില്ല. എനിക്കാകട്ടെ കുറച്ചൊക്കെ ഉപയോഗിക്കേണ്ടിയും വന്നു.

ആറാം ക്ലാസിൽപഠിക്കുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത് പുരുഷന്മാരുടെ പേരിൻറെ കൂടെ മിസ്റ്റർ ചേർക്കാം സ്ത്രീകളുടെ കൂടെ മിസ്സിസ് എന്നും ചേർക്കാമെന്ന്.  ഇത് മനസ്സിലാക്കിയ ഞാൻ പ്രാക്ടിക്കലായി അത് പ്രയോഗിച്ചത് ഈശുകുട്ടി ചേട്ടൻറെ കാര്യത്തിലാണ്. 
ഈശുകുട്ടി ചേട്ടനെ ഞാൻ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു.

കാണുമ്പോൾ സ്തുതി കൊടുക്കേണ്ട ആളിനെ, ബഹുമാനിക്കേണ്ട ഒരാളിനെ അങ്ങനെ വിളിക്കുന്നത് ശരിയല്ലെങ്കിലും അദ്ദേഹം അനുവദിച്ച സ്വാതന്ത്ര്യമാണ് എന്നെക്കൊണ്ട് അങ്ങനെ വിളിപ്പിച്ചത്. ആദ്യ വിളിയിൽ എനിക്ക് അല്പം ഉത്കണ്ഠ ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഏറെ സന്തോഷപ്പെടുത്തി. എൻറെ "മിസ്റ്റർ പുളിത്തറ " എന്ന വിളി  അദ്ദേഹം ഏറെ ആസ്വദിച്ചത് പോലെ എനിക്ക് തോന്നി. പിന്നീട് അങ്ങോട്ട് എല്ലാകാലത്തും ഞാൻ അദ്ദേഹത്തെ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു അപ്പോഴെല്ലാം  അദ്ദേഹത്തിന്റെ മുഖത്തും ഒരു നേരിയ ചിരി വിടർന്നിരുന്നു. അദ്ദേഹത്തെ കളിയാക്കുന്ന തരത്തിൽ ഒരു ചിന്തയും എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല

ജീവിതത്തിൽ മാനസികസംഘർഷം വരാത്ത മനുഷ്യർ ഇല്ലല്ലോ? ഇതൊന്നും ഓർക്കാനുള്ള തിരിച്ചറിവ് ഇല്ലായിരുന്ന കാലത്ത് എപ്പോഴും ഞാൻ അദ്ദേഹത്തെ ഇങ്ങനെ തന്നെയാണ് വിളിച്ചത്. ഒരിക്കൽ പോലും പരിഭവപ്പെട്ടില്ല, വഴക്കു പറഞ്ഞില്ല, ആ മുഖത്ത് നേരിയ പുഞ്ചിരി എപ്പോഴും ഞാൻ കണ്ടിരുന്നു. 

എനിക്ക് സ്കൂളിൽ ഒരു പേരും നാട്ടിൽ വിളിപ്പേരും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്താണ് എന്നെ വിളിച്ചിരുന്നത് എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. കുഞ്ഞാമ്മയുടെ മകൻ എന്നു വിളിച്ചിരുന്നോ? ത്രേസ്യ എന്നുപേരുള്ള എന്റെ അമ്മയെ നാട്ടുകാരിൽ  പ്രായമുള്ളവർ വിളിച്ചിരുന്നത് കുഞ്ഞാമ്മയെന്നും പ്രായം കുറഞ്ഞവർ.  കുഞ്ഞാമ്മതാത്തി എന്നുമായിരുന്നു.

 എന്തു പേരാണ് എന്നെ വിളിച്ചിരുന്നത് എന്ന് ഒന്ന് ചോദിച്ചു മനസ്സിലാക്കാം മെന്നു വിചാരിച്ചാൽ അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല. ആ മനസ്സിൻറെ വലിപ്പം കണ്ട കുറേ നിമിഷങ്ങൾ എൻറെ ജീവിതത്തിലുണ്ട്..

കൊണ്ടൽകൃഷിയുടെ സമയത്ത് കിഴക്കേ പാടം മുഴുവനും പച്ചക്കറി കൃഷി നിറഞ്ഞിരിക്കും. വെള്ളരി, മത്തൻ, തണ്ണിമത്തൻ, ചീര, പാവൽ, പടവലം എന്നിവയുടെ കൃഷി. എല്ലാ കർഷകരും പാടം പകുത്തെടുത്താണ് കൃഷി. ഇങ്ങനെ  കൊണ്ടൽ കൃഷിക്കായി പാടം നൽകുന്നതിന് പാടം ഉടമയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു.

പുളിത്തറ വീടിൻറെ മുന്നിലുള്ള പാടത്തിന്റെ കുറെ ഭാഗത്ത്  ഈശുകുട്ടി ചേട്ടനായിരുന്നു കൃഷി ചെയ്തിരുന്നത്. ഞാൻ പറഞ്ഞല്ലോ.  ഒന്നിലും വലിയ പ്രഗൽഭ്യം കാണിക്കാത്ത അദ്ദേഹത്തിന്റെ കൃഷിയും ശരാശരി ആയിരുന്നു. നന്നായി കൃഷി ചെയ്തു കൂടുതൽ വിളവുണ്ടാക്കുന്നവർ മറ കെട്ടി തങ്ങളുടെ കൃഷി സംരക്ഷിച്ചപ്പോൾ  ചേട്ടൻ പാടത്ത് വേലി കെട്ടി മറച്ചിരുന്നില്ല.

അന്നത്തെ സ്കൂൾ പാഠ്യ പദ്ധതി പ്രകാരം അഞ്ചാം ക്ലാസ് തൊട്ട് കുട്ടികൾക്ക്  സ്കൂളിൽഉച്ചഭക്ഷണം ഇല്ല. വീട്ടിൽ പോയിട്ട് കാര്യമില്ലാത്തതുകൊണ്ട് പച്ചവെള്ളം കുടിച്ച് വരാന്തയിലെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു പരിപാടി. ക്ലാസ്സ് മുറിയിൽ ഇരുന്നാൽ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക്  അത് പ്രയാസമാകുമല്ലോ എന്ന വിചാരം കൊണ്ടാണ് വരാന്തയിൽ അങ്ങനെ ഇരുന്നത്. ഓരോ ദിവസവും ഓരോന്നായതുകൊണ്ട് ഞാൻ ഉച്ചയ്ക്ക് ചാരി ഇരിക്കാത്ത തൂണുകൾ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നില്ല

നാലുമണിക്ക് സ്കൂളും വിട്ട് വീട്ടിലെത്തിയാൽ ഭയങ്കര വിശപ്പാണ്.  അപ്പോഴും ചില ദിവസങ്ങളിൽ കുടിക്കാൻ പച്ചവെള്ളം മാത്രം എന്ന അവസ്ഥയിൽ പുളിത്തറ വീട്ടിലേക്കു നടക്കും. ചേട്ടനോട് ഒരു വെള്ളരിക്ക തരുമോ എന്ന് ചോദിക്കും.

" നീ എന്തിനാ അങ്ങനെ ചോദിക്കുന്നത് നിനക്ക് എടുത്തുകൂടെ എന്ന് പറയും "

ഇത് എത്ര തവണ ആവർത്തിച്ചിരിക്കുന്നു 
അദ്ദേഹം ഒരിക്കൽപറഞ്ഞു: " ഞാൻ ഇവിടെ ഇല്ലെങ്കിലും നീ ആരോടും ചോദിക്കാൻ നിൽക്കണ്ട  ആവശ്യമുള്ളത് എടുക്കാം, വിശപ്പുമാറാനല്ലേ? "

ഈ സമയങ്ങളിൽ ഒരിക്കലും അദ്ദേഹത്തോടുള്ള എൻ്റെ തമാശ പുറത്ത് വരുമായിരുന്നില്ല. അപ്പോഴൊന്നും ഞാൻ അദ്ദേഹത്തെ  "മിസ്റ്റർ പുളിത്തറ " എന്നുവിളിച്ചിരുന്നുമില്ല.

അദ്ദേഹമിതാ  എൻറെ കൺമുന്നിൽ തൻ്റെ പകുതി തുമ്പായുടെ കൈയ്യിൽ ചാരി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

(ഇനിയും പടിഞ്ഞാറോട്ടു വഴിയുണ്ട് - തുടരണോ ?)
            *  *  *

Thursday, 18 April 2024

തുമ്പിപ്പട - പാട്ട്

#തുമ്പിപ്പട - പാട്ട്
കുഞ്ഞുങ്ങളെ, ചിത്രശലഭങ്ങളെ
തുമ്പിപ്പടയിലെ കൂട്ടുകാരെ
നിങ്ങടെ ലോകത്തെ സ്നേഹം കാണാൻ
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?

സ്നേഹം നിറഞ്ഞൊരീ നവ്യലോകം 
സൗമ്യം സമാധാനമാണിവിടം
കൂട്ടരെ നിങ്ങളെ കാണുമ്പോഴെൻ
ബാല്യവും കണ്ണിൽ തെളിമയോടെ.

ഓര്‍ത്താല്‍ അഭിമാനം ബാല്യകാലം
സ്കൂളിൽ നടന്നങ്ങു പോയ കാലം
മാവുകൾ കുശലം  പറഞ്ഞ കാലം
മാമ്പൂക്കൾ വാരി എറിഞ്ഞ കാലം

കുഞ്ഞുമോഹങ്ങൾ വര്‍ണ്ണക്കുടകളായി
തുമ്പികൾ പോലെ പറന്ന കാലം
ആ നല്ലകാലം തിരികെ നൽകാൻ
കഴിയുമോ നിങ്ങൾക്ക് കൂട്ടുകാരെ,
തുമ്പിപ്പടയിലെ കൂട്ടുകാരെ?

കുഞ്ഞുങ്ങളെ, ചിത്രശലഭങ്ങളെ
തുമ്പിപ്പടയിലെ കൂട്ടുകാരെ
നിങ്ങടെ ലോകത്തെ സ്നേഹം കാണാൻ
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?
-കെ എ സോളമൻ

Thursday, 11 April 2024

ഏലിക്കുട്ടിയും.ധർമ്മാശുപത്രിയും - കഥ

#ഏലിക്കുട്ടിയും ധർമ്മാശുപത്രിയും
(മറക്കാതെ ബാല്യം -അഞ്ചാം ഭാഗം).

ഹൃദയത്തിൽ നന്മകാത്തവൻ പുളിത്തറ ഈശു കുട്ടി. ഈശുകൂട്ടിയെക്കുറിച്ച് ഞാൻ  കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു.
ഇത് അതിൻറെ തുടർച്ചയാണ്

കുഞ്ഞയ്യൻറെ പുറകിലെ വരാൽ പാടവും 11 കെ വി ലൈനും കഴിഞ്ഞാൽ എത്തിച്ചേരുന്നത് പുളിത്തറ വീട്ടിലാണ്. ഗൃഹനാഥൻ ഈശുകുട്ടി, ഭാര്യ ഏലിക്കുട്ടി.  മക്കൾ നാലഞ്ച് പേർ, മോളി അക്കൂട്ടത്തിൽ ഒന്നാണ്. മോളിയെക്കുറിച്ച് ഞാൻ  പറഞ്ഞിരുന്നു.?

ഗൃഹനാഥനേക്കാൾ ഗൃഹനാഥ ക്കായിരുന്നു ആ വീട്ടിൽ പ്രാമുഖ്യം. മുൻമന്ത്രി തിലോത്തമൻ സാറിൻറെ റേഷൻ കാർഡിലെ കുടുംബനാഥനെ വെട്ടി പകരം കുടുംബനാഥയ്ക്കു് പ്രാമുഖ്യം കൊടുത്തത് നാട്ടിൽ ഇത്തരം ഒത്തിരി വീടുകൾ ഉള്ളതുകൊണ്ടാവണം.

ഏലിക്കുട്ടി ചേടത്തിയ്ക്കു സംഭവിച്ച ഒരു അമളിയെ കുറിച്ച് ആകട്ടെ ആദ്യം.   അവർക്ക് എന്നെക്കാൾ പ്രായം കൂടിയ മക്കൾ ഉള്ളത് കൊണ്ട് അവരെ വല്യമ്മ എന്നാണ് ഞാൻ വിളിക്കുക

എന്തെങ്കിലും അസുഖം വന്നാൽ ഞങ്ങൾ ആ നാട്ടുകാർക്ക് ആശ്രയം ചേർത്തലയിലെ സർക്കാർ ആശുപത്രിയാണ്, ധർമ്മാശുപത്രി എന്ന് വിളിക്കും. . ഏഴു കിലോമീറ്റർ യാത്ര ചെയ്താലേ ആശുപത്രിയിൽ എത്തു. ബസ് സൗകര്യം ഇല്ലായിരുന്ന അക്കാലത്ത് നടന്നാണ് ആശുപത്രിയിൽ പോവുക. ഏഴു കിലോമീറ്റർ ഒറ്റയടിക്ക് അങ്ങോട്ടു നടക്കാൻ പറ്റാത്തതുകൊണ്ട് ഇടയ്ക്ക് ഇരുന്നും കഥ പറഞ്ഞു 'വിശ്രമിച്ചതിനു ശേഷം അടുത്തുള്ള മുറുക്കാൻ കടയിൽ നിന്ന് ഒരു മോരും വെള്ളം കുടിച്ചതിനുശേഷമാണ് യാത്ര തുടരുക. 

കാലുകഴപ്പ്, തലവേദന, പനി ഇതൊക്കെ ആയിരിക്കും  സാധാരണരോഗങ്ങൾ. ഏഴു കിലോമീറ്റർ നടക്കാൻ കഴിവുള്ളവർക്ക് ഈ രോഗം പ്രശ്നമാകില്ല എന്ന് ഇന്നാണെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യം അങ്ങനെ അല്ലായിരുന്നു. എങ്ങനെയെങ്കിലും നടന്നെത്തി ആശുപത്രിയിലെ മഞ്ഞനിറത്തിലുള്ള കലക്കുവെള്ളം കുടിച്ചാൽ രോഗം മാറുമെന്നാണ്  അന്നത്തെ വിശ്വാസം. മരുന്നു വാങ്ങാൻ ചെല്ലുന്നവർ  സാമാന്യം വലിപ്പമുള്ള ഒരു ഒരു കുപ്പി കൂടെ കൊണ്ട് ചെല്ലണം എന്നത് അലിഖിത നിയമം. കുപ്പിയിലേക്കാണ് മഞ്ഞ വെള്ളം - മരുന്ന് പകർന്നു കൊടുക്കുന്നത്. കൃത്യമായ അളവൊന്നും മരുന്നിനില്ല, കമ്പോണ്ടർ തീരുമാനിക്കുന്ന ഒരു കൊട്ടത്താപ്പ് കണക്ക്

ഇങ്ങനെ നൽകുന്ന മഞ്ഞവെള്ളം ശരിക്കുള്ള മരുന്നല്ല, വയറു ഇളകാൻ വേണ്ടിയുള്ള ഒന്ന്  എന്നാണ് വിമർശകർ പറഞ്ഞിരുന്നത്. വയറിളകിപ്പോയാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളും ഭേദമാകുമെന്നു ചുരുക്കം
പക്ഷേ ഈ മരുന്ന് കിട്ടാനായി ആശുപത്രിയിൽ പോയി പേരെഴുതിക്കണം, മണിക്കുറുകൾ ക്യു നിൽക്കണം

ഒരിക്കൽ ആശുപത്രിയിൽ പോകേണ്ട ഏതോ രോഗം ഏലിക്കുട്ടി ചേടത്തിയ്ക്കും ഉണ്ടായി- 
ചേടത്തി ആശുപത്രിയിൽ എത്തി. ഒരു ലേഡി ഡോക്ടറാണ് പരിശോധിക്കുന്നത്, കണ്ടാൽ പച്ച പരിഷ്കാരി ആണെന്ന് തോന്നും. ഡോക്ടർമാർ അന്നും ഇന്നും ഒരു പ്രത്യേക പ്രതലത്തിൽ സഞ്ചരിക്കുന്നവർ ആണല്ലോ?

 പക്ഷെ ഏറെ നേരം കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിനയ്ക്കു വിളിച്ചില്ല. തന്റെ മുന്നിലും പിന്നിലുംലും ഉള്ള രോഗികൾ മരുന്നും വാങ്ങി പിരിഞ്ഞുപോയിട്ടും തന്നെ വിളിക്കാത്തതിൽ ചേട്ടത്തി ആശ്ചര്യപ്പെട്ടു. വലിയ കുപ്പികളിൽ ഉള്ള മഞ്ഞ വെള്ളം കാനുകളിലേക്ക് തിരിച്ചൊഴിക്കാൻ കമ്പൗണ്ടർ
തയ്യാറെടുക്കുന്നതായി ചേട്ടത്തിക്കു തോന്നി -

കമ്പൗണ്ടറെ നോക്കി ചേട്ടത്തിവിളിച്ചു പറഞ്ഞു: " സാറേ എന്നെ വിളിച്ചില്ല, എനിക്കു മരുന്നു കിട്ടിയില്ല "

ഡോക്ടറുടെ മേശപ്പുറത്ത് മാറ്റിവച്ചിരിന്ന ചീട്ടുകൾ കമ്പൗണ്ടർ ഓരോന്നായി എടുത്തു പരിശോധിച്ചു. 
ദാ ഇരിക്കുന്നു ഏലിക്കുട്ടിയുടെ ചീട്ട് - കമ്പൗണ്ടർ ചീട്ടെടുത്ത് ഡോക്ടറെ ഏൽപ്പിച്ചു.
ചീട്ട് കിട്ടിയതും ഡോക്ടർ ഏലിക്കുട്ടിയെ നോക്കി പറഞ്ഞു:
" നിങ്ങളെ എത്ര തവണ വിളിച്ചു, നിങ്ങൾ എവിടെയായിരുന്നു. മരുന്നു വാങ്ങാൻ വന്നാൽ അതിൻറെതായ റെസ്പോൺസിബിലിറ്റി  വേണ്ടേ? ഇതേതാണ്ട്......" ഡോക്ടർ മുഴുമിപ്പിച്ചില്ല

ഭയന്നുപോയ ഏലിക്കുട്ടി ഒന്നും മിണ്ടാതെ കൈയും കുപ്പിനിന്നു
തുടർന്നു ഡോക്ടർ ഏലിക്കുട്ടിയെ പരിശോധിക്കുകയും ഒരു കുപ്പി നിറയെ മഞ്ഞവെള്ളം നൽകുകയും ചെയ്തു.

അതിനുള്ളിൽ ഒരു കാര്യം ഏലിക്കുട്ടി മനസ്സിലാക്കി. എല്ലാവർക്കും നൽകുന്നത് ഒരേ മരുന്നാണ്, ഏത് രോഗത്തിനും വലിയ വെള്ളക്കുപ്പി ചരിച്ച് രോഗി കൊണ്ടുവന്നിരിക്കുന്ന ചെറിയ കുപ്പി നിറയെഫണൽ വെച്ച്  പകർന്നാണ് കൊടുക്കുന്നത്.

മരുന്നും വാങ്ങി ഇറങ്ങാൻ നേരത്ത് ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ടിരുന്ന ആശുപത്രിയിലെ ഒരു കിടപ്പു രോഗിയുടെ ബന്ധു ഏലിക്കുട്ടിയോടു ചോദിച്ചു 
"എന്താ നിങ്ങടെ പേര്?"
" ഏലിക്കുട്ടി"
"ഓ അങ്ങനെയാണോ ? ഇലിക്കുറ്റി, ഇലി ക്കുറ്റി എന്ന് ഡോക്ടർ കുറെ തവണ വിളിക്കുന്നത് ഞാൻ കേട്ടതാണ്.  അത് നിങ്ങളെ ആയിരുന്നു എന്ന കാര്യം ഇപ്പോഴാണ് എനിക്കും മനസ്സിലായത്. വലിയ പഠിത്തംപഠിച്ച ഡോക്ടർക്ക് ദേഷ്യം വരാൻ മറ്റു വല്ലകാരണവും വേണോ?
എന്തായാലും തന്ന മരുന്ന് കഴിക്കാതിരിക്കേണ്ട "

കോമ്പൗണ്ടർ ചീട്ടിൽ പേര് എഴുതിയതിലാണോ അതോ ഡോക്ടർ വായിച്ചതിലാണോ പിശക് എന്നു വ്യക്തമല്ല. മരത്തടി (Marathadi) എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ മാറത്തടി എന്ന് വായിക്കുന്നതാണല്ലോ നാട്ടുനടപ്പ്.

പിന്നീട് ഒരിക്കലും ഏലിക്കുട്ടി ചികിത്സയ്ക്കും മരുന്നിനുമായി ധർമ്മാശുപത്രിയിൽ പോയിട്ടില്ല. പനിവന്നാൽ പനിക്കൂർക്ക, ചുമ വന്നാൽ ചുക്കും കുരുമുളകും, ഇതായിരുന്നു പിന്നീടുള്ള ചിട്ട.
പുളിത്തറ ഈശുകുട്ടിചേട്ടൻ (വല്യപ്പൻ)  അവിടെ എന്നെയും നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു (തുടരും.... )
- കെ എ സോളമൻ

.

കൂപ്പറുടെ തോക്ക് - കഥ

കൂപ്പറുടെ തോക്ക് - കഥ
വെടിവെയ്പ് പരിശീലനത്തിന് അത്യാവശ്യം വേണ്ടത് ഒരു നല്ലതോക്കാണ്. ഇത് ആദ്യമായി പറഞ്ഞത് ഞാനല്ല, യു.എസ്. മറെൻസിലെ പ്രശസ്തനായ ഉദ്യോഗ്രസ്ഥൻ ജെഫ് കൂപ്പർ .  മുഴുവൻ പേര് ജോൺ ഡീൻ ജെഫ് കൂപ്പർ .

വെടിവെപ്പ് പരിശീലനത്തിന് തോക്ക്, പ്രത്യേകിച്ച് കൈതോക്ക് എങ്ങനെ വിദഗ്ധമായി ഉപയോഗിക്കാം എന്നതിന്റെ ആധികാരികപഠനം നടത്തിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ പട്ടാള പരിശീലന ക്യാമ്പുകളിൽ വിദ്യാർഥികൾക്കുള്ള പാഠ്യഭാഗമാണ്.

ഇതിപ്പോൾ ഇവിടെപറയാൻ എന്താണ് കാരണം എന്ന ചോദിച്ചാൽ എപ്പോഴും ഒരു വിദ്യ അറിഞ്ഞിരിക്കുന്നത് ആ രംഗത്ത് ശോഭിക്കാൻ നല്ലതാണ് എന്ന് സൂചിപ്പിക്കാനാണ്

പലർക്കും വിശ്വാസമായിട്ടില്ലെങ്കിലും ഞാനൊരു കോളേജ് അധ്യാപകനായിരുന്നു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. എൻറെ കൈവശം ഉണ്ടായിരുന്ന തോക്കിന്റെ വിദഗ്ധമായ ഉപയോഗത്തിന്റെ കഥയാണ് ഇവിടെ വിവരിക്കുന്നത്.

എൻ്റെ തോക്ക് 
എന്താണെന്ന് വെച്ചാൽ ഞാൻ  പഠിച്ച ചില പാഠഭാഗങ്ങളിൽ എനിക്കുള്ള .
അവഗാഹം തന്നെ!

ഞങ്ങൾക്ക് ശമ്പളം ലഭിച്ചിരുന്നത് ഓരോ മാസത്തിന്റെയും 6, 7 പോലുള്ള തീയതികളിൽ ആയിരുന്നു. എല്ലാവരും അത്യാവശ്യക്കാർ ആയതുകൊണ്ട് ആറാം തീയതി തന്നെ ഭൂരിഭാഗം പേർക്കും ശമ്പളം കൊടുത്തു കഴിഞ്ഞിരിക്കും. അപ്പോഴും അവശേഷിക്കും കുറച്ചു പേർ. രാഹുകാലം നോക്കിശമ്പളം വാങ്ങുന്നവർ പോലും അക്കൂട്ടത്തിൽ ഉണ്ട് . അവർ എട്ടാം തീയതിയോ ഒമ്പതാം തീയതിയോ പത്താം തീയതിയോ ഒക്കെ ആയിരിക്കും ശമ്പളം വാങ്ങാൻ ഓഫീസിൽ ചെല്ലുക.

:ശമ്പള വിതരണത്തിന് ഇരിക്കുന്ന മധ്യവയസ്യായ മഹതി ഇതു മൂലം പലപ്പോലും ശുണ്ഠിപിടിച്ചിരിക്കുകയും ചെയ്യും. അവർക്ക് മറ്റൊരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥ ഓരോരുത്തരായി സൃഷ്ടിക്കുന്നു എന്നതാണ് അവരുടെ പരാതി. അവരുടെ പേര് പറയാൻ വിട്ടു - മാർഗരീത്ത

ഭേദപ്പെട്ട മുഖശ്രീഉണ്ടെങ്കിലും അത് സംരക്ഷിക്കാൻ മാർഗരീത്ത ശ്രദ്ധിക്കാറില്ല. സാരി വില കൂടിയതാണ് ധരിക്കുന്നതെങ്കിലും പലപ്പോഴും വലിച്ചുവാരിക്കെട്ടിയാണ് നടപ്പ് . മുടി നന്നായി ഒതുക്കി വയ്ക്കുന്ന പ്രകൃതമല്ല. ജീവിതം ഒരുപക്ഷേ സംഘർഷം പൂരിതം എന്ന് സ്വയം വിചാരിക്കുന്നത് കൊണ്ടാകാം ഈ അലസത . രണ്ടു മക്കൾ ഉണ്ട്, ആദ്യത്തേത് ആണും രണ്ടാമത്തെത്രത് പെണ്ണും. ആൺകുട്ടി പതിനൊന്നാംക്ലാസിൽ പഠിക്കുന്നു, പെൺകുട്ടി 9 ലും.


മക്കളുടെ കാര്യത്തിൽ ഭർത്താവിന് വേണ്ടത്രശ്രദ്ധ ഇല്ലാത്തതുകൊണ്ടാകണം ഇവർ ഭർത്താവിനെ അത്ര ശ്രദ്ധിക്കാറില്ല, ഭർത്താവ് മറിച്ചും. ഭാര്യയും ഭർത്താവും തമ്മിലുള്ള വർത്തമാനം പോലും തീരെ കുറവ്. മക്കളെ രണ്ടുപേരെയും പഠിപ്പിച്ച ഡോക്ടർമാർ ആക്കണം എന്നാണ് ഏതൊരു രക്ഷകർത്താവിനെയും പോലെ ഇവരുടെയും ആഗ്രഹം. മറ്റു പലരോടും ഇവർ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്

ഓരോരുത്തരും ഓരോരോ സമയത്ത് ശമ്പളം വാങ്ങാൻ എത്തുമ്പോൾ മാർഗരിത്ത ഏർപ്പെട്ടിരിക്കുന്ന   മറ്റുജോലി ഉടൻ നിർത്തിവയ്ക്കേണ്ടി വരും. വേറിട്ടുള്ള ജോലികൾ ഒന്നും തന്നെ ശമ്പള വിതരണ ദിവസങ്ങളിൽ കൃത്യമായി ചെയ്യാൻ പറ്റാത്ത അവസ്ഥ. ശമ്പളം വാങ്ങുന്നതിൽ മറ്റുള്ളവരുടെ കൃത്യതയില്ലായ്മ മാർഗരീത്തയെ അലോസരപ്പെടുത്തിയിരുന്നു




ഇത് അറിയാവുന്ന ഞാൻ ഒട്ടുമിക്ക മാസങ്ങളിലും ആദ്യ ദിവസം തന്നെ ശമ്പളം വാങ്ങാൻ ശ്രമിക്കും. എന്നാൽ യാദൃച്ഛികമായി ഉണ്ടാകുന്ന കാരണത്താൽ ചില മാസങ്ങളിൽ അത് നടക്കാതെ വരും.

അങ്ങനെ ഒരിക്കൽ മാർഗരീത്തയുടെ മുന്നിൽ ചെന്നു പെട്ടത് രണ്ട് ദിവസം വൈകിയാണ്. പുതുതായി ജോലിക്ക് എത്തിയ ഒരു ജൂനിയർ സ്റ്റാഫുമായി അവർ എന്തോ ഡിസ്ക്ഷനിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ.

ശമ്പളം തന്ന കവറിൽ എഴുതിയതും  അക്വിറ്റൻസ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതുമായ  തുകകൾ തമ്മിൽ അഞ്ചു രൂപയുടെ വ്യത്യാസം കണ്ടത് ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്തി.

" സാറങ്ങോട്ട് പോയി  പറയൂ "  ഗൗരവത്തിൽ ആയിരുന്ന അവർ ഒട്ടും മയമില്ലാതെ ഓഫീസിൻ്റെ ഒരു മൂലയിലേക്കു കൈ ചൂണ്ടിക്കാണിച്ചു പറഞ്ഞു. 

ഫയലിൽ നിന്ന് തല ഒരിക്കലും മേല്ലോട്ടു പൊക്കാത്ത ആൻ്റണി എന്ന മനുഷ്യൻ  ആ മൂലയിൽ ഇരിപ്പുണ്ട്.

അദ്ദേഹമാണ് കവറിൻ്റെ പുറത്ത് തുക എഴുതുന്നതും അക്യൂറ്റൻസ് ഷീറ്റ് തയ്യാറാക്കുന്നതും. ശമ്പളം വിതരണം ചെയ്യുന്ന മാർഗരീത്തക്ക് വിതരണം ചെയ്യുക എന്ന ജോലി മാത്രമേ ഉള്ളൂ. .

എന്നെ അവഗണിച്ചു കൊണ്ട് അവർ അടുത്തിരിക്കുന്ന പുതിയ സ്റ്റാഫിനോടായി പറഞ്ഞു  "വായിക്കു കൊച്ചേ "
കൊച്ചു വായിച്ചു:
A man aims at a monkey sitting on a tree at a distance. At the instant he fires at it,.....

ബാക്കി ഞാനാണ് പറഞ്ഞത്
.....the monkey falls. Will the bullet hit the monkey?
(ദൂരെ മരക്കൊമ്പിൽ ഇരിക്കുന്ന ഒരു കുരങ്ങിനെ ഒരാൾ ഉന്നം പിടിക്കുന്നു. അയാൾ വെടിവെക്കുന്ന സമയത്ത് കുരങ്ങ് താഴെ വീഴുന്നു.  വെടിയുണ്ട കുരങ്ങന് ഏറ്റോ ഇല്ലയോ?)
(ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചിട്ടാണ് കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരും ഒക്കെ ആകുന്നത്)

അവർ രണ്ടു പേരുംതലയുയർത്തി എന്നെ നോക്കി
ഞാൻ ചോദിച്ചു : ഇത് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലേക്കുള്ള ചോദ്യമാണല്ലോ, ആര് ആരെയാണ് പഠിപ്പിക്കുന്നത്?"

മാർഗരീത്തയുടെ മുഖത്തെ ഗൗരവം അല്പം കുറഞ്ഞു. 
"സാറിന് ഇതൊക്കെ കാണാതെ അറിയാമോ? എന്റെ മകനുവേണ്ടിയാണ് ഈ ചോദ്യങ്ങൾ ഈ കൊച്ചിനോടു ചോദിച്ചു മനസ്സിലാക്കുന്നത്.  ഇവൾ എം എസ് സി ഫിസിക്സ് കാരിയാണ്, പേര് ജ്യോതി  "

" അതിന് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ, മകനെ ഏതെങ്കിലും എൻട്രൻസ് കോച്ചിംഗ് സെൻററിൽ ചേർത്താൽ പോരെ ? " ഞാൻ

" ചേർത്തു സാർ,  അഡ്മിഷൻ കിട്ടാൻ പ്രയാസമായിരുന്നു.കൊളംബിയ എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ അഡ്മിഷൻ ടെസ്റ്റ് എൻ്റെ മകൻ പാസായിട്ടുണ്ട്, ഒമ്പതാം റാങ്ക്. വെക്കേഷനാണ് റഗുലർ ക്ളാസ് ആരംഭിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ ക്ളാസ് "

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലെ അഡ്മിഷൻ ടെസ്റ്റ് റാങ്ക് മിക്കവാറും 10-ൽ താഴെ ആയിരിക്കും എന്നത് ഞാൻ അവരോട് പറഞ്ഞില്ല.

" എത്രയാണ്  ഫീസ് ? "

"എല്ലാം കൂടി ഒരു ലക്ഷം രൂപ വരും , അത് അടച്ചു കഴിഞ്ഞു, ടെസ്റ്റിൽ നന്നായി തിളങ്ങിയാൽ സ്കോളർഷിപ്പ് തരാമെന്നാണ്  കൊളംബിയ പറഞ്ഞിരിക്കുന്നത്. "

മാർഗരിത്ത കാണേണ്ട എന്ന് കരുതി ഞാൻ ചിരിച്ചില്ല.
" സാറിൻറെ ചെറിയ സഹായം ഒക്കെ ഉണ്ടാകണം, ചില കണക്കുകൾ സാർ മകന് ചെയ്തു കൊടുക്കണം"

ഓഫീസിൻറെ മൂലക്കിരുന്നു കീഴോട്ട് മാത്രം നോക്കിയിരുന്നു പണിയെടുക്കുന്ന ആൻ്റണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അക്വിറ്റൻസ് പ്രകാരമുള്ള ശമ്പളം സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് മാർഗരീത്ത  എന്നെ ഏൽപ്പിച്ചു.

ജെഫ് കൂപ്പറെ ഞാൻ  ഓർത്തു. നമ്മുടെ കൈവശമുള്ള ആയുധം സന്ദർഭികമായി പ്രയോഗിക്കാൻ നാം  പഠിക്കണം .അതായത്, വെടിവെപ്പ് പരിശീലനത്തിന് ഒരു തോക്ക് അത്യാവശ്യമുണ്ടായിരിക്കണം

തുടർന്ന് പലപ്പോഴായി കുറെ ചോദ്യങ്ങളുടെ ഉത്തരം എന്നെക്കൊണ്ട് എഴുതിച്ച് മർഗരീത്ത മകന് കൊണ്ടുപോയി കൊടുത്തു. മകൻ ഡോക്ടറായോ ഇല്ലയോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. അതുതന്നെയാണ് ഈ കഥയുടെ സസ്പെൻസും * * *
         









Monday, 8 April 2024

മന്ദാര അനിയൻ - ആസ്വാദനം

#മന്ദാര അനിയൻ -ആസ്വാദനം
ജീവിതത്തിൻ്റെ രേഖാചിത്രത്തിൽ, പലപ്പോഴും ചെറിയ, അപ്രസക്തമെന്ന് തോന്നുന്ന നിമിഷങ്ങളാണ് ഏറ്റവും മനോഹരമായ കഥകൾ നെയ്യുന്നത്. ഒരു മനുഷ്യൻ ഈ കഥകൾ പങ്കുവെക്കുമ്പോൾ, ഓരോരുത്തർക്കും അവൻ്റെ കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങൾ - മകൻ, ഭാര്യ, മകൾ, അമ്മ എന്നിവരും മറ്റുള്ളവരും ഉൾപ്പെടുന്നു - അത് പ്രേക്ഷകരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഊഷ്മളതയുടെയും വാത്സല്യത്തിൻ്റെയും ഒരു രംഗം സൃഷ്ടിക്കുന്നു. 

കോപ്പിയടിയോ അനുകരണമോ ഇല്ലാത്ത ഈ കഥകൾക്ക് അവയുടെ ആധികാരികതയിൽ നിന്നും ആത്മാർത്ഥതയിൽ നിന്നും ഉത്ഭവിക്കുന്ന ഒരു അതുല്യമായ ചാരുതയുണ്ട്. അവ ദൈനംദിന അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു, എന്നിട്ടും അവയുടെ ഉള്ളിൽ വികാരങ്ങളുടെ ഒരു നിധി തന്നെയുണ്ട് - സ്നേഹം, പുഞ്ചിരി, സന്തോഷം, ചിലപ്പോൾ സങ്കടം പോലും. 

സമാഹാരം ആരംഭിക്കുന്നത് മന്ദാര അനിയൻ എന്ന ടൈറ്റിൽ കഥയിലൂടെയാണ്. അച്ഛനും മകനും മന്ദാരമരവും ഇഴപിരിയുന്ന കഥ.  മന്ദാരം മകൻ്റെ  ഒരു വയസ്സ് പ്രായം കുറഞ്ഞ അനിയൻ. ഊഷ്മളമാണ് അവർ മൂവരും തമ്മിലുള്ള ബന്ധം. ഇത്തരം കഥകൾ കുട്ടികളെ പ്രകൃതിയോടു ചേർത്തു നിർത്തും, അവർ മരങ്ങളെ സ്നേഹിച്ചു തുടങ്ങും.

ഗോവ വിനോദയാത്രയെ കുറിച്ചുള്ള ഒരു ചെറുവിവരണമാണ് ക്ഷമിക്കണം എന്ന രണ്ടാമത്തെ കഥ. ഗോവ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരിൽ ആരാണ് മദ്യപിക്കാതിരിക്കുന്നത്? മകൻ തന്നോടൊപ്പം വലിയ ആളായി എന്ന് കരുതുന്ന അച്ഛൻ ബിയർ കുടിക്കുന്നതിന് മകനെ ക്ഷണിക്കുന്നതും മകൻ അച്ഛനെ ഞെട്ടിക്കുന്നതും സരസമായി വിവരിച്ചിരിക്കുന്നു. മകൻ പിതാവിനെ ശരിക്കും മനസ്സിലാക്കിയതുപോലെ.

ഒരു പെണ്ണുകാണലിലെ തമാശയാണ് സത്യം എന്ന് മൂന്നാമത്തെ കഥയുടെ  വിഷയം. അമളി എവിടെയാണ് സംഭവിച്ചതെന്നു് കഥാകൃത്ത് കൃത്യമായി വ്യക്തമാക്കുന്നില്ല. പെണ്ണുകാണലിന് പ്രേരിപ്പിച്ച സുഹൃത്തുക്കളെ കുറ്റപ്പെടുത്താനും അദ്ദേഹം മുതിരുന്നില്ല. ഇങ്ങനെ പോകുന്നു സമാഹാരത്തിലെ ഇരുപത്തിയഞ്ചോളം ചെറു കഥകൾ

ഈ ലളിതമായ ഉപകഥകളുടെ ലെൻസിലൂടെ, കുടുംബ ബന്ധങ്ങളുടെ സാർവത്രിക സത്യങ്ങൾ, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, പങ്കിട്ട നിമിഷങ്ങളുടെ  ശക്തി എന്നിവ നാം കാണുന്നു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ കാര്യങ്ങളെ വിലമതിക്കാൻ നമ്മെ ഓർമ്മിപ്പിക്കുന്ന ഓരോ കഥയും സാധാരണരീതിയിൽ കാണപ്പെടുന്ന സൗന്ദര്യത്തിൻ്റെ സാക്ഷ്യമാണ്. ഈ കഥകൾ വികസിക്കുമ്പോൾ, മനുഷ്യാനുഭവത്തിൻ്റെ കേവലമായ സമ്പന്നതയാൽ നാം ആകർഷിക്കപ്പെടുന്നു, ലൗകികമായത് ശരിക്കും മാന്ത്രികമായി രൂപാന്തരപ്പെടുന്ന ഒരു ലോകത്തേക്ക് നമ്മേ കൊണ്ടുപോകുന്നു.

 ആത്യന്തികമായി, മഹത്തായ ആംഗ്യങ്ങളോ അതിരുകടന്ന കഥകളോ ശാശ്വതമായ മതിപ്പ് അവശേഷിപ്പിക്കുന്നില്ല. മറിച്ച് അസ്തിത്വ ലാളിത്വത്തിലും സ്നേഹത്തിൻ്റെ വിശാലതയിലും സൗന്ദര്യം കണ്ടെത്തുന്ന ഒരു മനുഷ്യൻ ആർദ്രമായി പങ്കിടുന്ന ദൈനംദിന ജീവിതത്തിൻ്റെ എളിയ ആഖ്യാനങ്ങൾ നമ്മെ സ്വാധ്രീനിക്കും. അത്തരം ആഖ്യാനങ്ങളുടെ ഒരു സമാഹാരമാണ് കെ പി രാധാകൃഷ്ണപണിക്കരുടെ മന്ദാര അനിയൻ എന്ന ചെറിയ പുസ്തകം
ആശംസകൾ!
കെ എ സോളമൻ
7-4-2024

Saturday, 6 April 2024

വേനൽക്കാലം -കവിത

#വേനൽക്കാലം 
നിറങ്ങളാൽ നിറയുമൊരു  വേനൽക്കാലം
മരച്ചില്ലകളിൽ നൃത്തം വയ്ക്കും ഇളങ്കാറ്റിലാടി
സ്വർണ്ണനിറമേറും സൂര്യകിരണങ്ങൾ പേറി
കാവിയുടുക്കും മരങ്ങൾ,. വയലുകൾ ചേതോഹരം

ജ്വലിക്കുന്ന നിറങ്ങൾ, പ്രകൃതിയുടെ സമ്മാനം
പറന്നുയരും പക്ഷികൾ, കലപില പാട്ടുകൾ 
ഓരോ താളചലനത്തിലും നിറയെ ആഹ്ളാദം 
വേനൽകാലത്തിൻ  അലസമാം നിമിഷങ്ങൾ

നീലാകാശത്തിന് കീഴെ,ചക്രവാള  സീമയിൽ 
സമയം താനെ ഉദിക്കുന്നതായി തോന്നുന്നിടത്ത്. 
നദികളിൽ തെറിച്ച്, കുളിരണിയും അരുവികൾ, 

നൂതന സ്വപ്നം കാണുന്ന കളിക്കൂട്ടങ്ങൾ 
പിക്നിക്കുകളിൽ നെയ്തെടുക്കും പട്ടുവസ്ത്രങ്ങളിൽ
ചിരിയുടെ സ്ഫുരണങ്ങളാൽ ഉൽസാഹം പകർന്ന്
ഹൃദയങ്ങൾ ചിറകടിച്ചുയരുന്ന നിമിഷങ്ങൾ

പകൽ , സൗമ്യമാം രാത്രിയെ വരവേറ്റു നിൽക്കുമ്പോൾ
ആകാശം വരയ്ക്കുന്നു, വർണ്ണ വിസ്മയങ്ങൾ
 വേനൽച്ചൂടിൻ്റെ ആർദ്രമാം ആലിംഗനം, ഹൃദയങ്ങളിൽ ഊഷ്മളത നിറയ്ക്കുന്നു. ഓരോ നിമിഷവും ജീവിതം ചലിക്കുന്നു
വേനൽക്കാലത്തിൻ്റെ കഥ, എന്നേക്കും മനോഹരം

കെ എ സോളമൻ