Monday, 10 November 2014

ചുംബന കാപ്സ്യൂളുകള്‍ -കഥകള്‍

 

1 സ്വപ്നം

സ്വപ്നങ്ങള്‍ കുത്തി നിറച്ച ചാക്കു കെട്ടും ചുമന്നു അയാള്‍ മകളെ കോളേജില്‍ ചേര്‍ത്തു. അധികം വൈകിയില്ല, കെട്ടുപൊട്ടി സ്വപ്നങ്ങളെല്ലാം ചാക്കില്‍നിന്ന് ചിതറിത്തെറിച്ചു. മകളെ കോളേജില്‍ നിന്നു പുറത്താക്കി. ചുംബനസമരമെന്നും  പറഞ്ഞു കൂടെ പഠിക്കുന്ന ഒരു ആടുമീശക്കാരന്‍പയ്യന്റെ കഴുത്തില്‍  അവള്‍ തൂങ്ങിയത്രേ!

2 ഉറക്കം

ഭാരിച്ച ചുമതലകള്‍ക്കിടയിലും പ്രിന്‍സിപ്പാളിന് നന്നായി ഉറക്കം കിട്ടിയിരുന്നതാണ്. .പെട്ടെന്നൊരുദിവസം അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടു. നാലുപാട് നിന്നും ജനം ആണ്‍-പെണ്‍ വെത്യാസമില്ലാതെ തന്നെ ചുംബിക്കുന്നതായി ഒരു തോന്നല്‍. പരിസരബോധമില്ലാതെ ആലിംഗന ബദ്ധരായിക്കിടന്ന നാലു കമിതാക്കളെ അദ്ദേഹം കോളേജില്‍ നിന്നു പുറത്താക്കിയിരുന്നു!

3 ഹീറോ

ഒന്നിന്നും കൊള്ളാത്ത ചില ഗോട്ടികളുമായി കറങ്ങുകയായിരുന്നു ഇത്രനാള്‍. ബീഡിയിലയില്‍ തെറുത്തെടുത്ത കഞ്ചാവു പുകയുടെ ഭംഗി ആസ്വദിക്കുന്ന ശീലമുണ്ട് ബീഡിപ്പുകയില്‍ ചുംബനദൃശ്യങ്ങള്‍ പ്രത്യ ക്ഷമായതോടെ ഒരുചുംബനമേള നടത്തിയാല്‍ എന്തെന്ന ചിന്തയുണ്ടായി. മേള വന്‍ ഹിറ്റ്! അതോടെ നവോത്ഥാന നായകന്‍, കേരളരക്ഷകന്‍, പ്രണയഗോപാലന്‍ എന്നൊക്കെയായി വിളിപ്പേര്‍. ഇപ്പോള്‍ ബീഡിവലിക്കാന്‍ പോലും നേരമില്ല. ചാനല്‍ മുതലാളിമാര്‍ വിട്ടിട്ടുവേണ്ടേ ബീഡിപുകയ്ക്കാന്‍.?

4 ഭാഗ്യം

യുക്തിചിന്തക്കാരനും മിശ്രവിവാഹിതനുമായ് കോരന്‍കുമാരന് ഭഗീരഥി തമ്പുരാട്ടിയില്‍ ജനിച്ച തന്റെ മകന്‍ ഗോപാലകൃഷ്ണന്ടെ ചുംബന പ്രേമത്തെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സ്ഥിര ചുംബനത്തിനായി ഗോപാലകൃഷ്ണന്‍ കൂടെ പഠിക്കുന്ന പെണ്ണിനെ വീട്ടിലേക്കുകൂട്ടിയപ്പോള്‍ കുമാരന്‍ ഞെട്ടി. തനിക്ക് കിട്ടാതെ പോയതും മകന് കിട്ടാമായിരുന്നതുമായ വലിയ സൌഭാഗ്യം കൈവിട്ടുപോയല്ലോ എന്നതായിരുന്നു ഞെട്ടലിന് കാരണം.

5 നോട്ടിസ്

ആലിംഗന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സസ്പെന്ടു ചെയ്ത പ്രിന്‍സിപ്പാള്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്കു അയച്ച നോടീസില്‍ എഴുതിയതിങ്ങനെ:  “Come to the college and explain. Please avoid kissing in my office.” കോളേജിലെത്തി വിശദീകരിക്കുക. ദയവായി എന്റെ ഒഫ്ഫീസിലിരുന്നു ചുംബിക്കരുത് “


-കെ എ സോളമന്‍      

4 comments:

  1. പൂതി മനസ്സിലിരിക്കട്ടെ കൊച്ചു കള്ളന്‍ മക്കള്‍ ഇതൊന്നും കാണണ്ട

    ReplyDelete
    Replies
    1. അപ്പന്‍ കാണരുത് എന്നാണ് അവരുടെ ചിന്ത

      Delete
  2. ഒരു ഉമ്മ സമരം സംഘടിപ്പിച്ചാലോ, ഉമ്മസമരം ഉമ്മച്ചനുദ്ഘാടിക്കട്ടെ,

    ReplyDelete
  3. ഉമ്മച്ചനും അമ്മച്ചനും വേണ്ട, പ്രകാശന്‍ മതി

    ReplyDelete