Thursday, 8 May 2014

ഇരുമ്പിന്ടെ അയിര് -കഥ-കെ എ സോളമന്‍

Photo: Goodmorning my dear sweet friends.


അക്കാലത്ത് കോളേജിലും സ്കൂളിലും ഒരു ജോലി കിട്ടാന്‍ എം എസ് സി ബി എഡും, ബി  എസ് സി ബി എഡും മാത്രം പോര, പണവും വേണം. ഇന്നത്തെ പോലെ 30-40 ലക്ഷം രൂപ വേണ്ട. കോളേജിലാണെങ്കില്‍ മുപ്പത്തിനായിരം രൂപ, സ്കൂളില്‍ ഇരുപതിനായിരം. ഈ തുകയൊന്നും എടുക്കാന്‍ കഴിവില്ലാത്തതു-കൊണ്ടാണ് മോഹനന്‍ നായരും രാമന്‍ നായരും കൂടി ടൂറ്റോറിയല്‍ കോളേജ് തുടങ്ങിയത്. ടൂറ്റോറിയല്‍ കോളേജിന് എം ആര്‍ കോളേജ് എന്നു പേരിട്ടതുതന്നെ രണ്ടുപേരുടെയും പേരിന്റെ ആദ്യാക്ഷരം ചേര്‍ത്താണ്.

അഞ്ചാം ക്ലാസുമുതല്‍ ബി എസ് സി വരെയുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യും.ഇംഗ്ലീഷും കണക്കും രണ്ടു പേരും ചേര്‍ന്നാണ് പഠിപ്പിക്കുക. സയന്‍സിന്റെ ഉപവിഷയമായ കെമിസ്ട്രിയും ബൈയോളജിയും മോഹനന്‍ നായര്‍ എടുക്കും. ഫിസിക്സും സോഷ്യല്‍ സ്റ്റഡീസും രാമന്‍ നായര്‍ എടുക്കണമെന്നാണ് കണ്ടീഷന്‍. മലയാളം എടുക്കാന്‍ ഒരു ലളിതാകുമാരി ടീച്ചറുണ്ട്. ടീച്ചര്‍ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായ ആളാണ്. മലയാളം എം എ പാസ്സായ പദ്മജനായരെ നിയമിക്കണമെന്ന് രാമന്‍നായര്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പലിന്റെ പ്രത്യേക അധികാരം  വെച്ചു മോഹനന്‍ നായര്‍ അത് തള്ളിക്കളയുകയായിരുന്നു.

“ പദ്മജ ആകുമ്പോള്‍ കൂടുതല്‍ ശമ്പളം വേണ്ടിവരും, ലളിതയ്ക്ക് അത്രയൊന്നും കൊടുക്കേണ്ട” എന്നാണ് വിശദീകരണമായി മോഹനന്‍ നായര്‍ പറഞ്ഞതെങ്കിലും അതല്ല കാരണമെന്ന് പലകുറി രാമന്‍ നായര്‍ക്കു തോന്നിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പലായ തന്നെക്കാള്‍ കൂടുതല്‍ അധികാരമുള്ളത് പോലെ ലളിത പ്രവര്‍ത്തിക്കുന്നതായി രാമന്‍ നായര്‍ക്ക് തോന്നിയിട്ടുണ്ടെങ്കിലും പരാതി ഉന്നയിച്ചില്ല. അല്ലെങ്കില്‍ തന്നെ ആരോട് പരാതി പറയാനാണ്.

ഹിന്ദി എടുക്കാന്‍ ആളില്ലാതെ കുറെ നാള്‍ വിഷമിച്ചു. “ഹിന്ദി പഠിപ്പിക്കുന്നില്ല, ഹിന്ദി പഠിപ്പിക്കുന്നില്ല” എന്നു കുട്ടികള്‍  പരാതിയുമായി വന്നപ്പോള്‍ മോഹനന്‍ നായര്‍ തന്നെ ഒന്നുരണ്ട് ദിവസം ഹിന്ദി എടുത്തതാണ്. പക്ഷേ അത് തുടരാന്‍ ഒരു രക്ഷകര്‍ത്താവാണു അനുവദിക്കാതിരുന്നത്.

ബിജലീക്കി ബത്തി എന്നതിന് അര്ത്ഥം മണ്ണണ്ണ വിളക്ക് എന്നു മോഹനന്‍ നായര്‍സാര്‍ പഠിപ്പിച്ചെന്നും സ്കൂളില്‍ പഠിപ്പിച്ചത് വൈദ്യുത വിളക്കെന്നാണെന്നും അതുകൊണ്ടു ഇതിലേതാണ് ശരി അച്ഛാ യെന്ന് കുട്ടി അച്ഛനോട് ചോദിച്ചെന്നും കുട്ടിയുടെ അച്ഛന് ഹിന്ദി അറിയാമെന്നതുമാണ് പ്രശ്നമായത്.

വൈദ്യുത വിളക്കുപോലെ മറ്റൊരു വിളക്ക് മാത്രമാണു മണ്ണണ്ണവിളക്കെന്നും അല്ലാതെ മണ്ണണ്ണ വിളക്കെന്ന അര്ത്ഥം താന്‍ കൊടുത്തിട്ടില്ല എന്നൊക്കെ പറഞ്ഞു ഒരുകണക്കിനാണ് തടിതപ്പിയത്.
ഇങ്ങനെയൊക്കെ കുറെ രക്ഷകര്‍ത്താക്കള് ഉണ്ടായാല്‍ കുഴഞ്ഞു പോകത്തെയുള്ളൂ, അതുകൊണ്ടു ഉടന്‍ തന്നെ ഹിന്ദിക്ക് ആളെ വെക്കണം, അല്ലെങ്കില്‍ ഇതുപോലുള്ള വയ്യാവേലികള്‍ ഇനിയും കേറിവരും.”. മോഹനന്‍ നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു. രക്ഷകര്‍ത്താവിന്റെ നടപടിയില്‍ ലളിതാകുമാരിടീച്ചറും  അതൃപ്തി രേഖപ്പെടുത്തി.

അങ്ങനെയാണ് മുത്തുസ്വാമി സാറിനെ ഹിന്ദിപഠിപ്പിക്കാന്‍ വിളിച്ചത്. നാലു ടൂറ്റോറിയലില്‍ ഒരേ സമയം ഹിന്ദി പഠിപ്പിക്കുന്നതിനാല്‍ അഞ്ചാമതൊന്നു ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് മുത്തുസ്വാമിസാര്‍ പറഞ്ഞെങ്കിലും കൊടുക്കാമെന്നു പറഞ്ഞ ശമ്പളത്തില്‍ വീണു ജോലി ഏറ്റെടുക്കയായിരുന്നു.

“ ശരി, ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍, കൃത്യസമയത്തു വരും, ക്ലാസ് കഴിയുമ്പോള്‍ പോകും, പറഞ്ഞതുക കൃത്യമായിരിക്കണം”. അയാളെ വെക്കേണ്ടെന്ന് ആദ്യം തോന്നിയെങ്കിലും ഹിന്ദിയറിയാവുന്ന രക്ഷകര്‍ത്താവിന്റെ കാര്യം ഓര്‍ത്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.

തെറ്റ് പറയരുതല്ലോ, മുത്തുസ്വാമി സാര്‍ കൃത്യസമയത്തു വരും, കൃത്യമായി ക്ലാസ് എടുക്കും, ഡിസിപ്ലിന്റെ പ്രശ്നമില്ല, പിള്ളാര്‍ ഹിന്ദി നന്നായി പഠിക്കുന്നു, ഹിന്ദി അറിയാവുന്ന രക്ഷകര്‍ത്താക്കള്‍ക്കും പരാതിയില്ല.
          .   
എം ആര്‍ ടൂറ്റോറിയലില്‍ പഠിക്കാന്‍ പിള്ളേരുടെ തള്ളിക്കേറ്റ മായിരുന്നു. നന്നായി പഠിപ്പിക്കുന്നതുമാത്രമല്ല കാരണം. സ്കൂളിലാണെങ്കില്‍ ഒന്നും തന്നെ പഠിപ്പില്ല. സാറന്‍മാര്‍ക്കൊക്കെ ഓരോരോ സൈഡ് ബിസിനെസ്. മലയാളം സാറിന് റേഷന്‍കടയുണ്ടെങ്കില്‍ കണക്ക് സാറിന് ബുക്ക്സ്റ്റാളുണ്ട്.

“നിങ്ങളൊക്കെ ടൂറ്റോറിയലില്‍ പോയി പഠിക്കുന്നുണ്ടല്ലോ, പിന്നെ ഞങ്ങള്‍ എന്തിനു മെനക്കെടണം” മലയാളം പഠിപ്പിക്കുന്ന ത്രേസിയാമ്മ ടീച്ചറിന് ഏത് നേരവും ഇതേ ചോദിക്കാനുള്ളൂ.

അടുത്തുതന്നെ മാത്തന്‍ സാറിന്റെ സെയിന്‍റ് മാത്യുസ് ടൂറ്റോറിയല്‍ ഉണ്ടെങ്കിലും അവിടെ കുട്ടികള്‍ കുറവാണ്. സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്ത സാറാണെങ്കിലും മാത്തന്‍ സാറിന്റെ ടൂറ്റോറിയലില്‍ ചേരാന്‍ കുട്ടികള്‍ക്ക് മടി.

“ സ്കൂളിലും അടി, ടൂറ്റോറിയലിലും അടി, കാശു കൊടുത്തു ടൂറ്റോറിയലില്‍ പോയി അടി കൊള്ളേണ്ടതുണ്ടോ” എന്തുകൊണ്ട് സെയിന്‍റ് മാത്യുവില്‍ ചേരാതെ  എം ആറില്‍ ചേര്‍ന്നുവെന്നതിന് പത്താം ക്ലാസ് വിദ്യാര്‍ഥി സന്തോഷ്കുമാര്‍ പറഞ്ഞതിങ്ങനെ.

പ്രിന്‍സിപ്പലാണെങ്കിലും മോഹനന്‍ നായരുടെക്ലാസില്‍ കുട്ടികള്‍ വര്‍ത്തമാനംപറയും. തന്റെ അതികഠിനമായ ശബ്ദം ഉയര്‍ത്തിയാണ് മോഹനന്‍ നായര്‍ ഇതിനെ ഓവര്‍കം ചെയ്യുന്നത്. മോഹനന്‍ നായര്‍ തൊണ്ട കീറി ക്ലാസ് തുടങ്ങിയാല്‍ അടുത്ത മുറിയില്‍ ക്ലാസ് എടുക്കുന്നവര്‍ നന്നേ വിഷമിക്കും.  ഇതു രാമന്‍ നായരുടെ ശ്രദ്ധയില്‍ പെട്ടിടുണ്ട്. മോഹനന്‍ നായരോട് നേരിട്ടുതന്നെഇതുപറഞ്ഞിട്ടുമുണ്ട്
മോഹനനന്‍ നായരും രാമന്‍ നായരും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ശക്തമായ്തുകൊണ്ടു സംഭാഷണ മദ്ധ്യേ ചില അശ്ലീല പദങ്ങള്‍ വന്നാലും കുഴപ്പമില്ല. എങ്കിലും പദപ്രയോഗത്തിന്റെ കാര്യത്തില്‍ മോഹനന്‍ നായര്‍ മിതത്വം പാലിക്കേണ്ടതിന്റെ ആവാശ്യമുണ്ടെന്ന് രാമന്‍ നായര്‍ക്ക് പലകുറി തോന്നിയിട്ടുണ്ട്.

“ഒരുക്ലാസിലും മിണ്ടിപ്പോകരുതു” എന്നു രാമന്‍ നായര്‍ കുട്ടികളെ താക്കീതു ചെയ്യുന്നതു മോഹനന്‍ നായരുകൂടി കേള്‍ക്കാന്‍ വേണ്ടിയാണ്. ക്ലാസുകളുടെ ബെഹളത്തില്‍ഇതൊക്കെ ശ്രദ്ധിക്കാന്‍ മോഹനന്‍ നായര്‍ക്കെവിടെ നേരം?

രാവിലെ എഴുമണിക്കെത്തിയാല്‍ ഒന്‍പതര വരെ ട്യൂഷന്‍, പത്തിന് പാരലല്‍ ക്ലാസുകളാണ്. വൈകീട്ട് നാലു മുതല്‍ ആറ് വരെ പിന്നേയും ട്യൂഷന്‍.  ടൂറ്റോറിയലില്‍ ആകെ മൂന്നു ക്ലാസ്മുറികളാണ് ഉള്ളത്. മാറിമാറി ഓരോരുത്തര്‍ ക്ലാസ് എടുക്കും. ഒന്‍പതര തൊട്ട് പത്തുവരെയുള്ള അരമണിക്കൂറില്‍  കാപ്പികുടി. വീണ്ടും പത്തുമണിക്കൂ തുടങ്ങും പരലല്‍ ക്ലാസുകള്‍. പാരലല്‍ പഠിപ്പിക്കാന്‍ വേറെയും സാര്‍ന്‍മാര്‍ ഉണ്ടെങ്കിലും മോഹനന്‍ നായര്‍ക്ക് ഒട്ടും ഒഴിവില്ല. ഏതുസമയവും അദ്ദേഹത്തിന്റെ കയ്യില്‍ ചോക്കു കാണും. കളര്‍ ഷര്‍ട്ടാണ് മോഹനന്‍ നായര്‍ ധരിക്കുന്നതെങ്കിലും വൈകിട്ടതു വെള്ളനിറത്തിലാകും. 

"മോഹനന്‍ സാര്‍ ചോക്കുകൊണ്ട് ബോര്‍ഡില്‍ എഴുതുന്നതിനുപകരം ഷര്‍ട്ടിലാണോ എഴുതുന്നതു ?"എന്നു ചോദിച്ചു ലളിതകുമാരിടീച്ചര്‍ കളിയാക്കുറുണ്ട്.

പത്താം ക്ലാസ് സെഷന്‍ ആണ്. മോഹനന്‍ നായര്‍ തൊണ്ട കീറി അമറുകയാണ്. ഒഫ്ഫീസിനോട് ചേര്‍ന്നുള്ള മുറിയാണ് ക്ലാസ് റൂം. രാമന്‍ നായരും ലളിതടീച്ചറും പാരലല്‍ പഠിപ്പിക്കാന്‍ വന്ന അജിത്തും ഓഫീസിലുണ്ട്. മോഹനന്‍നായരുടെ ഉച്ചത്തിലുള്ള ക്ലാസ്മൂലം അജിത്ത് പറയുന്നതു പോലും രാമന്‍ നായര്‍ക്ക് കേള്‍ക്കാനാവുന്നില്ല.

“ ഇയാള്‍ക്കു അല്പം ശബ്ദം കുറച്ചു പഠിപ്പിച്ചുകൂടെ?” എന്നു ചോദിക്കണമെന്ന് രാമന്‍ നായ്ര്‍ക്ക് തോന്നിയെങ്കിലും ചോദിച്ചില്ല. പണ്ടൊരു തവണ ഇങ്ങനെ ചോദിച്ചതു ലളിതകുയമാരി ടീച്ചറിന് ഇഷ്ടപ്പെട്ടില്ല.

മോഹനന്‍ നായരുടെ ക്ലാസില്‍ കുട്ടികള്‍ പതിവ് ബഹളത്തിലാണ്. അദ്ദേഹം ആരെയും തല്ലില്ല, വഴക്കു പറയില്ല. കുട്ടികള്‍ ഒച്ചകൂട്ടിയാല്‍ നായരും ഒച്ചകൂടും. ആരവമൊഴിഞ്ഞു ഒരു നേരവുമില്ല മോഹനന്‍ നായരുടെ  ക്ളാസ്സില്‍.
" അലൂമിനിയത്തിന്റെ-----ആയിരാണ്-- ബോക്സൈറ്റ് അലൂമിനിയത്തിന്റെ --- അലിമിനിയത്തിന്റെ ----" മോഹനന്‍ നായര്‍ മുദ്രാവാക്യം വിളി തുടരുകയാണ്.

ഇരുംപിന്റെ ---------രാണു----" 
പെട്ടെന്നാണ് മോഹനന്‍ നായരുടെ ക്ലാസ് നിശബ്ദമായത് ? പിന്‍ ഡ്രോപ് സൈലന്‍സ്! ക്ലാസ് ഒന്നടങ്കം ഞെട്ടി, ഇങ്ങനെ സംഭവിക്കാറുള്ളതല്ല  എന്തുപറ്റി? മോഹനന്‍ നായര്‍ക്കെന്തെങ്കിലും ലളിതാകുമാരിടീച്ചറിന്റെ മുഖം ഉല്‍ക്കന്ഠാകുലമായി.’ 

ഒട്ടും വൈകിയില്ല,
“ -----അയിരാണ്--- ഹീമറ്റൈറ്റ്” മോഹനന്‍ നായരുടെ മുദ്രാവാക്യം വിളി വീണ്ടും, ആശ്വാസമായി. കുട്ടികളുടെ  പതുക്കെ പതുക്കെയുള്ള  ചിരി ആരവത്തിലേക്കും തുടര്‍ന്നു അട്ടഹാസത്തിലേക്കും മാറി.

ഇരുമ്പിന്ടെ "അയിരിന്" പകരം മോഹനന്‍ നായര്‍ പറഞ്ഞിരിക്കാന്‍ ഇടയുള്ളതു ഇരുംപിന്റെ എതു സാധനമാണെന്ന് മാത്രം  ലളിതാകുമാരിയോടും അജിത്തിനോടും രാമന്‍നായര്‍ പറഞ്ഞില്ല.


-കെ എ സോളമന്‍  

No comments:

Post a Comment