Monday, 26 May 2014

ദി നമ്പര്‍ ഈസ് ബിസി.- കഥ- കെ എ സോളമന്‍

Photo: Good Morning ...



രാമന്‍ നായര്‍ മൊബൈല്‍ ഫോണിലേക്ക് നോക്കി, മനോഹരമായ ഫോണ്‍. മരുമകള്‍ ഗള്ഫില്‍ നിന്നു അവധിക്കു വന്നപ്പോള്‍ തന്നതാണ്. തന്റെ ഫോണിലേക്കുവിളിയൊന്നും വരാത്തത് രാമന്‍ നായരെ ഒട്ടൊന്നുമല്ല വിഷണ്ണനാക്കുന്നത്. സുഹൃത്തുക്കള്‍ കുറവായതുകൊണ്ടല്ല, അവര്‍ക്കൊക്കെ അവരുടേതായ ബദ്ധപ്പാടുകള്‍, അതുകൊണ്ടായിരിക്കും വിളിക്കാത്തത്.

തിരിച്ചങ്ങോട്ടൂ ആരെയെങ്കിലും വിളിക്കാമെനന്നു വിചാരിച്ചാല്‍ ആരുടേയും മുഖം അങ്ങനെ തെളിഞ്ഞുവരുന്നില്ല. ഒന്നു രണ്ടു പേരുണ്ട്, വിളിക്കാന്‍ പറ്റിയവരായി. ആദ്യത്തെ ആള്‍ ഒരു റിട്ടയേഡ് കോളേജ് പ്രൊഫസ്സറാണ്. വിഷയം മലയാളമായതുകൊണ്ടു ഏത് സമയവും തകഴിയുടെ ചെമ്മീനെക്കുറിച്ചാണു സംസാരിക്കുക, എന്തു പറഞ്ഞാലും ഒടുക്കം തകഴിയുടെ ചെമ്മീനില്‍ എത്തും. ഒരിക്കല്‍ തനിക്ക് തന്നെ ഇങ്ങനെ പറയേണ്ടി വന്നു: 
“താന്‍ ഒരുദിവസം എന്റെ വീട്ടിലേക്ക് വാ, നല്ല നാരന്‍ ചെമ്മീന്‍ ഉലത്തിയത് എങ്ങനെയുണ്ടെന്ന് കാണിച്ചുതരാം”.  വീണ്ടും തന്നെ “ചെമ്മീന്‍” പഠിപ്പിക്കാന്‍ അരമണിക്കൂര്‍ കുറഞ്ഞത് എടുക്കുമെന്നുള്ളതു കൊണ്ടു അദ്ദേഹത്തെ ഇപ്പോ വിളിക്കേണ്ടെന്ന് തീരുമാനിച്ചു.

രണ്ടാമത് വിളിക്കാന്‍ കൊള്ളാമെന്ന് തോന്നിയതു സുഹൃത്തായ സാമൂഹ്യ പ്രവര്‍ത്തകനെയാണ്. നാട്ടില്‍ നടക്കുന്ന ഏത് സംഗതിയിലും അനീതിഉണ്ടെന്നാണ് വിചാരം. അതുകൊണ്ടു അദ്ദേഹം ഇടപെടും, അഭിപ്രായരൂപീകരണം നടത്തുകയും ചെയ്യും. മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ആദേഹത്തിന്റെ ഇടപെടല്‍ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കണം. എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. വേണ്ടിവന്നാല്‍ പോയെസ് ഗാര്‍ഡെനില്‍ പോയി സത്യാഗ്രഹമിരിക്കുമെന്ന് വരെ പറഞ്ഞുകളഞ്ഞു. പോയെസ് ഗാര്‍ഡനാണു തമിഴ്നാടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഇതു വീണ്ടും കേള്‍ക്കാനുള്ള ക്ഷമ തല്‍കാലം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പിന്നെ വിളിക്കാമെന്ന് കരുതി.  

പിന്നെയുള്ളത് ഒരു കവയിത്രിയാണ്. തന്നെ കവയിത്രി എന്നു വിളിക്കേണ്ട കവിയെന്ന് വിളിച്ചാല്‍ മതി എന്നവര്‍ പലപ്റവശ്യം ഓര്‍മപ്പെടുത്തിയിട്ടുള്ളതാണ്. അവര്‍ എഴുതുന്ന പ്രണയ കവിതകള്‍ ആദ്യം ചൊല്ലിക്കേല്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ താനും അറിയാതെ പെട്ടുപോയതു രാമന്‍ നായര്‍ അഭിമാനത്തോടെ ഓര്‍ത്തു. ഫോണ്‍  വിളിച്ചാല്‍ ഏറ്റവും പുതിയ പ്രണയകവിത ചൊല്ലിക്കേല്‍പ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഇപ്പോ വിളിക്കേണ്ടെന്ന് തീരുമാനിച്ചു.

“കുണുകുണു കവിത”യെന്നും പറഞ്ഞു എന്തോചില  സാധനങ്ങള്‍ ഫേസ്ബുക്കില്‍ നിറക്കുന്ന മറ്റൊരു സുഹൃത്തുണ്ട്.ഫേസ്ബുക്ക് മൂലമുള്ള ദുരന്തങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് കുണുകുണുവിന്റെ മറ്റൊരു  സുഹൃത്ത് രഹസ്യമായി തന്നോടു പറഞ്ഞത്.  എഴുതിപ്പിടിപ്പിക്കുന്നതെല്ലാം  വൃത്തികേടാണെങ്കിലും ആളു ഉള്ളൂ കൊണ്ട് ശുദ്ധനായതിനാല്‍  ഫോണ്‍ വിളിക്കാവുന്നതേയുള്ളൂ. എങ്കിലും ഇപ്പോള്‍ വേണ്ട.

ഇനിയുമൊരാള്‍ ഓര്‍മ്മയില്‍ വരുന്നത്  സ്റ്റേറ്റു ബാങ്കില്‍ നിന്നു റിട്ടയര്‍ ആയി സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍ മാനേജര്‍ ആയ സുഹൃത്താണ്. ആളു വിവരമുള്ളവന്‍, അതുകൊണ്ടുതന്നെ കോളമിസ്റ്റുമാണ്. പത്രപങ്ക്തികളില്‍ അദ്ദേഹം എഴുതുന്ന കാലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ മറ്റാരും വായിക്കുന്നില്ല എന്നതാണു അദ്ദേഹത്തിന്റെ വിഷമം. .ഇതദ്ദേഹം നേരിട്ടു പറഞ്ഞിട്ടുള്ളതാണ്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കംപുട്ടറുകളും ലോക്കറും തുറക്കുന്നതു ബയോമെട്രിക് സംവിധാനത്തില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും വലത്തുകയ്യിലെ അഞ്ചു വിരലുകളും സദാ പ്രവൃത്തിയില്‍ ആയിരിയ്ക്കും, എന്നു വെച്ചാല്‍ ഓഫ്ഫീസ് ഫോണ്‍ അല്ലാതെ സ്വന്തം മൊബൈല്‍പോലും  കൈകൊണ്ടു തൊടാന്‍ സമയം കിട്ടില്ല. അതുകൊണ്ടു അദ്ദേഹത്തെ ഇപ്പോള്‍ വിളിച്ചിട്ടു കാര്യമില്ല.

പിന്നെ വിളിക്കാനുള്ളത് തനിക്ക് മനപ്പാഠമായ ഒരു  നമ്പര്‍ മാത്രമാണു..
രാമന്‍ നായര്‍ തന്റെ മനോഹരമായ ഫോണ്‍ കയ്യിലെടുത്തു കുത്തി, 9897--------
മറുപടി വരാന്‍ അധികം സമയമെടുത്തില്ല. 

“ ദി നംബര്‍ യു ഹാവൂ ഡയല്‍ഡ് ഇസ് ബിസി. പ്ലീസ് ട്രൈ എഗൈന്‍ ലേറ്റര്‍. താങ്കള്‍ വിളിക്കുന്ന നംബര്‍ ഇപ്പോള്‍ ബിസി ആണ്, ദയവായി പിന്നീട് വിളിക്കുക”

, പിന്നെ, എത്ര കൃത്യമായ മറുപടി! നംബര്‍ മാറിയിട്ടില്ലല്ലോ, അതേ തന്റെ   നമ്പര്‍തന്നെ 9897-----  മൊബൈല്‍ ദാതാക്കളുടെ ഒരു തമാശ. ഈ  മനുഷ്യന്‍മാര്‍ക്ക് മറ്റു പണിയൊന്നു മില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?


-കെ എ സോളമന്‍   

5 comments:

  1. പാവം രാമൻനായർ...

    ReplyDelete
  2. 9897.....നമ്പർ പൂർണമായിരുന്നെങ്കിൽ സമയം കിട്ടുമ്പോൾ വിളിച്ചു ബോറടിപ്പിക്കാമായിരുന്നു...:)

    ReplyDelete
    Replies
    1. വിളിച്ചോളൂ 98974747...

      Delete
  3. Chathikkalle ...kochu muthalaalee... (Kalakki...tta)

    ReplyDelete