Monday, 26 May 2014

ദി നമ്പര്‍ ഈസ് ബിസി.- കഥ- കെ എ സോളമന്‍

Photo: Good Morning ...



രാമന്‍ നായര്‍ മൊബൈല്‍ ഫോണിലേക്ക് നോക്കി, മനോഹരമായ ഫോണ്‍. മരുമകള്‍ ഗള്ഫില്‍ നിന്നു അവധിക്കു വന്നപ്പോള്‍ തന്നതാണ്. തന്റെ ഫോണിലേക്കുവിളിയൊന്നും വരാത്തത് രാമന്‍ നായരെ ഒട്ടൊന്നുമല്ല വിഷണ്ണനാക്കുന്നത്. സുഹൃത്തുക്കള്‍ കുറവായതുകൊണ്ടല്ല, അവര്‍ക്കൊക്കെ അവരുടേതായ ബദ്ധപ്പാടുകള്‍, അതുകൊണ്ടായിരിക്കും വിളിക്കാത്തത്.

തിരിച്ചങ്ങോട്ടൂ ആരെയെങ്കിലും വിളിക്കാമെനന്നു വിചാരിച്ചാല്‍ ആരുടേയും മുഖം അങ്ങനെ തെളിഞ്ഞുവരുന്നില്ല. ഒന്നു രണ്ടു പേരുണ്ട്, വിളിക്കാന്‍ പറ്റിയവരായി. ആദ്യത്തെ ആള്‍ ഒരു റിട്ടയേഡ് കോളേജ് പ്രൊഫസ്സറാണ്. വിഷയം മലയാളമായതുകൊണ്ടു ഏത് സമയവും തകഴിയുടെ ചെമ്മീനെക്കുറിച്ചാണു സംസാരിക്കുക, എന്തു പറഞ്ഞാലും ഒടുക്കം തകഴിയുടെ ചെമ്മീനില്‍ എത്തും. ഒരിക്കല്‍ തനിക്ക് തന്നെ ഇങ്ങനെ പറയേണ്ടി വന്നു: 
“താന്‍ ഒരുദിവസം എന്റെ വീട്ടിലേക്ക് വാ, നല്ല നാരന്‍ ചെമ്മീന്‍ ഉലത്തിയത് എങ്ങനെയുണ്ടെന്ന് കാണിച്ചുതരാം”.  വീണ്ടും തന്നെ “ചെമ്മീന്‍” പഠിപ്പിക്കാന്‍ അരമണിക്കൂര്‍ കുറഞ്ഞത് എടുക്കുമെന്നുള്ളതു കൊണ്ടു അദ്ദേഹത്തെ ഇപ്പോ വിളിക്കേണ്ടെന്ന് തീരുമാനിച്ചു.

രണ്ടാമത് വിളിക്കാന്‍ കൊള്ളാമെന്ന് തോന്നിയതു സുഹൃത്തായ സാമൂഹ്യ പ്രവര്‍ത്തകനെയാണ്. നാട്ടില്‍ നടക്കുന്ന ഏത് സംഗതിയിലും അനീതിഉണ്ടെന്നാണ് വിചാരം. അതുകൊണ്ടു അദ്ദേഹം ഇടപെടും, അഭിപ്രായരൂപീകരണം നടത്തുകയും ചെയ്യും. മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ആദേഹത്തിന്റെ ഇടപെടല്‍ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കണം. എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. വേണ്ടിവന്നാല്‍ പോയെസ് ഗാര്‍ഡെനില്‍ പോയി സത്യാഗ്രഹമിരിക്കുമെന്ന് വരെ പറഞ്ഞുകളഞ്ഞു. പോയെസ് ഗാര്‍ഡനാണു തമിഴ്നാടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഇതു വീണ്ടും കേള്‍ക്കാനുള്ള ക്ഷമ തല്‍കാലം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പിന്നെ വിളിക്കാമെന്ന് കരുതി.  

പിന്നെയുള്ളത് ഒരു കവയിത്രിയാണ്. തന്നെ കവയിത്രി എന്നു വിളിക്കേണ്ട കവിയെന്ന് വിളിച്ചാല്‍ മതി എന്നവര്‍ പലപ്റവശ്യം ഓര്‍മപ്പെടുത്തിയിട്ടുള്ളതാണ്. അവര്‍ എഴുതുന്ന പ്രണയ കവിതകള്‍ ആദ്യം ചൊല്ലിക്കേല്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ താനും അറിയാതെ പെട്ടുപോയതു രാമന്‍ നായര്‍ അഭിമാനത്തോടെ ഓര്‍ത്തു. ഫോണ്‍  വിളിച്ചാല്‍ ഏറ്റവും പുതിയ പ്രണയകവിത ചൊല്ലിക്കേല്‍പ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഇപ്പോ വിളിക്കേണ്ടെന്ന് തീരുമാനിച്ചു.

“കുണുകുണു കവിത”യെന്നും പറഞ്ഞു എന്തോചില  സാധനങ്ങള്‍ ഫേസ്ബുക്കില്‍ നിറക്കുന്ന മറ്റൊരു സുഹൃത്തുണ്ട്.ഫേസ്ബുക്ക് മൂലമുള്ള ദുരന്തങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് കുണുകുണുവിന്റെ മറ്റൊരു  സുഹൃത്ത് രഹസ്യമായി തന്നോടു പറഞ്ഞത്.  എഴുതിപ്പിടിപ്പിക്കുന്നതെല്ലാം  വൃത്തികേടാണെങ്കിലും ആളു ഉള്ളൂ കൊണ്ട് ശുദ്ധനായതിനാല്‍  ഫോണ്‍ വിളിക്കാവുന്നതേയുള്ളൂ. എങ്കിലും ഇപ്പോള്‍ വേണ്ട.

ഇനിയുമൊരാള്‍ ഓര്‍മ്മയില്‍ വരുന്നത്  സ്റ്റേറ്റു ബാങ്കില്‍ നിന്നു റിട്ടയര്‍ ആയി സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍ മാനേജര്‍ ആയ സുഹൃത്താണ്. ആളു വിവരമുള്ളവന്‍, അതുകൊണ്ടുതന്നെ കോളമിസ്റ്റുമാണ്. പത്രപങ്ക്തികളില്‍ അദ്ദേഹം എഴുതുന്ന കാലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ മറ്റാരും വായിക്കുന്നില്ല എന്നതാണു അദ്ദേഹത്തിന്റെ വിഷമം. .ഇതദ്ദേഹം നേരിട്ടു പറഞ്ഞിട്ടുള്ളതാണ്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കംപുട്ടറുകളും ലോക്കറും തുറക്കുന്നതു ബയോമെട്രിക് സംവിധാനത്തില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും വലത്തുകയ്യിലെ അഞ്ചു വിരലുകളും സദാ പ്രവൃത്തിയില്‍ ആയിരിയ്ക്കും, എന്നു വെച്ചാല്‍ ഓഫ്ഫീസ് ഫോണ്‍ അല്ലാതെ സ്വന്തം മൊബൈല്‍പോലും  കൈകൊണ്ടു തൊടാന്‍ സമയം കിട്ടില്ല. അതുകൊണ്ടു അദ്ദേഹത്തെ ഇപ്പോള്‍ വിളിച്ചിട്ടു കാര്യമില്ല.

പിന്നെ വിളിക്കാനുള്ളത് തനിക്ക് മനപ്പാഠമായ ഒരു  നമ്പര്‍ മാത്രമാണു..
രാമന്‍ നായര്‍ തന്റെ മനോഹരമായ ഫോണ്‍ കയ്യിലെടുത്തു കുത്തി, 9897--------
മറുപടി വരാന്‍ അധികം സമയമെടുത്തില്ല. 

“ ദി നംബര്‍ യു ഹാവൂ ഡയല്‍ഡ് ഇസ് ബിസി. പ്ലീസ് ട്രൈ എഗൈന്‍ ലേറ്റര്‍. താങ്കള്‍ വിളിക്കുന്ന നംബര്‍ ഇപ്പോള്‍ ബിസി ആണ്, ദയവായി പിന്നീട് വിളിക്കുക”

, പിന്നെ, എത്ര കൃത്യമായ മറുപടി! നംബര്‍ മാറിയിട്ടില്ലല്ലോ, അതേ തന്റെ   നമ്പര്‍തന്നെ 9897-----  മൊബൈല്‍ ദാതാക്കളുടെ ഒരു തമാശ. ഈ  മനുഷ്യന്‍മാര്‍ക്ക് മറ്റു പണിയൊന്നു മില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?


-കെ എ സോളമന്‍   

Saturday, 17 May 2014

ഒ. രാജഗോപാലിന്‍െറ തോല്‍വി പരിശോധിക്കും -എന്‍.എസ്.എസ്


കോട്ടയം: തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാല്‍ നേരിട്ട തോല്‍വി എന്‍.എസ്.എസ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍ ജയിക്കേണ്ടതായിരുന്നു. കേന്ദ്രത്തില്‍ ഭരണമാറ്റം അനിവാര്യമായിരുന്നു. അതിന് അനുകൂലമായ വിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കരുത്തനായി. സംസ്ഥാനത്ത് സ്ഥിരതയുള്ള ഭരണമാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. സമദൂര നിലപാട് വിജയിച്ചെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു.

Comment: 
ഒ. രാജഗോപാലിന്‍െറ തോല്‍വി പരിശോധിക്കും .അതുകഴിഞ്ഞു മുല്ലപ്പെരിയാര്‍ ഡാമിന്റെ ചോര്‍ച്ച പരിശോധിക്കും 
-കെ എ സോളമന്‍

Thursday, 8 May 2014

ഇരുമ്പിന്ടെ അയിര് -കഥ-കെ എ സോളമന്‍

Photo: Goodmorning my dear sweet friends.


അക്കാലത്ത് കോളേജിലും സ്കൂളിലും ഒരു ജോലി കിട്ടാന്‍ എം എസ് സി ബി എഡും, ബി  എസ് സി ബി എഡും മാത്രം പോര, പണവും വേണം. ഇന്നത്തെ പോലെ 30-40 ലക്ഷം രൂപ വേണ്ട. കോളേജിലാണെങ്കില്‍ മുപ്പത്തിനായിരം രൂപ, സ്കൂളില്‍ ഇരുപതിനായിരം. ഈ തുകയൊന്നും എടുക്കാന്‍ കഴിവില്ലാത്തതു-കൊണ്ടാണ് മോഹനന്‍ നായരും രാമന്‍ നായരും കൂടി ടൂറ്റോറിയല്‍ കോളേജ് തുടങ്ങിയത്. ടൂറ്റോറിയല്‍ കോളേജിന് എം ആര്‍ കോളേജ് എന്നു പേരിട്ടതുതന്നെ രണ്ടുപേരുടെയും പേരിന്റെ ആദ്യാക്ഷരം ചേര്‍ത്താണ്.

അഞ്ചാം ക്ലാസുമുതല്‍ ബി എസ് സി വരെയുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യും.ഇംഗ്ലീഷും കണക്കും രണ്ടു പേരും ചേര്‍ന്നാണ് പഠിപ്പിക്കുക. സയന്‍സിന്റെ ഉപവിഷയമായ കെമിസ്ട്രിയും ബൈയോളജിയും മോഹനന്‍ നായര്‍ എടുക്കും. ഫിസിക്സും സോഷ്യല്‍ സ്റ്റഡീസും രാമന്‍ നായര്‍ എടുക്കണമെന്നാണ് കണ്ടീഷന്‍. മലയാളം എടുക്കാന്‍ ഒരു ലളിതാകുമാരി ടീച്ചറുണ്ട്. ടീച്ചര്‍ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായ ആളാണ്. മലയാളം എം എ പാസ്സായ പദ്മജനായരെ നിയമിക്കണമെന്ന് രാമന്‍നായര്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പലിന്റെ പ്രത്യേക അധികാരം  വെച്ചു മോഹനന്‍ നായര്‍ അത് തള്ളിക്കളയുകയായിരുന്നു.

“ പദ്മജ ആകുമ്പോള്‍ കൂടുതല്‍ ശമ്പളം വേണ്ടിവരും, ലളിതയ്ക്ക് അത്രയൊന്നും കൊടുക്കേണ്ട” എന്നാണ് വിശദീകരണമായി മോഹനന്‍ നായര്‍ പറഞ്ഞതെങ്കിലും അതല്ല കാരണമെന്ന് പലകുറി രാമന്‍ നായര്‍ക്കു തോന്നിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പലായ തന്നെക്കാള്‍ കൂടുതല്‍ അധികാരമുള്ളത് പോലെ ലളിത പ്രവര്‍ത്തിക്കുന്നതായി രാമന്‍ നായര്‍ക്ക് തോന്നിയിട്ടുണ്ടെങ്കിലും പരാതി ഉന്നയിച്ചില്ല. അല്ലെങ്കില്‍ തന്നെ ആരോട് പരാതി പറയാനാണ്.

ഹിന്ദി എടുക്കാന്‍ ആളില്ലാതെ കുറെ നാള്‍ വിഷമിച്ചു. “ഹിന്ദി പഠിപ്പിക്കുന്നില്ല, ഹിന്ദി പഠിപ്പിക്കുന്നില്ല” എന്നു കുട്ടികള്‍  പരാതിയുമായി വന്നപ്പോള്‍ മോഹനന്‍ നായര്‍ തന്നെ ഒന്നുരണ്ട് ദിവസം ഹിന്ദി എടുത്തതാണ്. പക്ഷേ അത് തുടരാന്‍ ഒരു രക്ഷകര്‍ത്താവാണു അനുവദിക്കാതിരുന്നത്.

ബിജലീക്കി ബത്തി എന്നതിന് അര്ത്ഥം മണ്ണണ്ണ വിളക്ക് എന്നു മോഹനന്‍ നായര്‍സാര്‍ പഠിപ്പിച്ചെന്നും സ്കൂളില്‍ പഠിപ്പിച്ചത് വൈദ്യുത വിളക്കെന്നാണെന്നും അതുകൊണ്ടു ഇതിലേതാണ് ശരി അച്ഛാ യെന്ന് കുട്ടി അച്ഛനോട് ചോദിച്ചെന്നും കുട്ടിയുടെ അച്ഛന് ഹിന്ദി അറിയാമെന്നതുമാണ് പ്രശ്നമായത്.

വൈദ്യുത വിളക്കുപോലെ മറ്റൊരു വിളക്ക് മാത്രമാണു മണ്ണണ്ണവിളക്കെന്നും അല്ലാതെ മണ്ണണ്ണ വിളക്കെന്ന അര്ത്ഥം താന്‍ കൊടുത്തിട്ടില്ല എന്നൊക്കെ പറഞ്ഞു ഒരുകണക്കിനാണ് തടിതപ്പിയത്.
ഇങ്ങനെയൊക്കെ കുറെ രക്ഷകര്‍ത്താക്കള് ഉണ്ടായാല്‍ കുഴഞ്ഞു പോകത്തെയുള്ളൂ, അതുകൊണ്ടു ഉടന്‍ തന്നെ ഹിന്ദിക്ക് ആളെ വെക്കണം, അല്ലെങ്കില്‍ ഇതുപോലുള്ള വയ്യാവേലികള്‍ ഇനിയും കേറിവരും.”. മോഹനന്‍ നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു. രക്ഷകര്‍ത്താവിന്റെ നടപടിയില്‍ ലളിതാകുമാരിടീച്ചറും  അതൃപ്തി രേഖപ്പെടുത്തി.

അങ്ങനെയാണ് മുത്തുസ്വാമി സാറിനെ ഹിന്ദിപഠിപ്പിക്കാന്‍ വിളിച്ചത്. നാലു ടൂറ്റോറിയലില്‍ ഒരേ സമയം ഹിന്ദി പഠിപ്പിക്കുന്നതിനാല്‍ അഞ്ചാമതൊന്നു ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് മുത്തുസ്വാമിസാര്‍ പറഞ്ഞെങ്കിലും കൊടുക്കാമെന്നു പറഞ്ഞ ശമ്പളത്തില്‍ വീണു ജോലി ഏറ്റെടുക്കയായിരുന്നു.

“ ശരി, ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍, കൃത്യസമയത്തു വരും, ക്ലാസ് കഴിയുമ്പോള്‍ പോകും, പറഞ്ഞതുക കൃത്യമായിരിക്കണം”. അയാളെ വെക്കേണ്ടെന്ന് ആദ്യം തോന്നിയെങ്കിലും ഹിന്ദിയറിയാവുന്ന രക്ഷകര്‍ത്താവിന്റെ കാര്യം ഓര്‍ത്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.

തെറ്റ് പറയരുതല്ലോ, മുത്തുസ്വാമി സാര്‍ കൃത്യസമയത്തു വരും, കൃത്യമായി ക്ലാസ് എടുക്കും, ഡിസിപ്ലിന്റെ പ്രശ്നമില്ല, പിള്ളാര്‍ ഹിന്ദി നന്നായി പഠിക്കുന്നു, ഹിന്ദി അറിയാവുന്ന രക്ഷകര്‍ത്താക്കള്‍ക്കും പരാതിയില്ല.
          .   
എം ആര്‍ ടൂറ്റോറിയലില്‍ പഠിക്കാന്‍ പിള്ളേരുടെ തള്ളിക്കേറ്റ മായിരുന്നു. നന്നായി പഠിപ്പിക്കുന്നതുമാത്രമല്ല കാരണം. സ്കൂളിലാണെങ്കില്‍ ഒന്നും തന്നെ പഠിപ്പില്ല. സാറന്‍മാര്‍ക്കൊക്കെ ഓരോരോ സൈഡ് ബിസിനെസ്. മലയാളം സാറിന് റേഷന്‍കടയുണ്ടെങ്കില്‍ കണക്ക് സാറിന് ബുക്ക്സ്റ്റാളുണ്ട്.

“നിങ്ങളൊക്കെ ടൂറ്റോറിയലില്‍ പോയി പഠിക്കുന്നുണ്ടല്ലോ, പിന്നെ ഞങ്ങള്‍ എന്തിനു മെനക്കെടണം” മലയാളം പഠിപ്പിക്കുന്ന ത്രേസിയാമ്മ ടീച്ചറിന് ഏത് നേരവും ഇതേ ചോദിക്കാനുള്ളൂ.

അടുത്തുതന്നെ മാത്തന്‍ സാറിന്റെ സെയിന്‍റ് മാത്യുസ് ടൂറ്റോറിയല്‍ ഉണ്ടെങ്കിലും അവിടെ കുട്ടികള്‍ കുറവാണ്. സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്ത സാറാണെങ്കിലും മാത്തന്‍ സാറിന്റെ ടൂറ്റോറിയലില്‍ ചേരാന്‍ കുട്ടികള്‍ക്ക് മടി.

“ സ്കൂളിലും അടി, ടൂറ്റോറിയലിലും അടി, കാശു കൊടുത്തു ടൂറ്റോറിയലില്‍ പോയി അടി കൊള്ളേണ്ടതുണ്ടോ” എന്തുകൊണ്ട് സെയിന്‍റ് മാത്യുവില്‍ ചേരാതെ  എം ആറില്‍ ചേര്‍ന്നുവെന്നതിന് പത്താം ക്ലാസ് വിദ്യാര്‍ഥി സന്തോഷ്കുമാര്‍ പറഞ്ഞതിങ്ങനെ.

പ്രിന്‍സിപ്പലാണെങ്കിലും മോഹനന്‍ നായരുടെക്ലാസില്‍ കുട്ടികള്‍ വര്‍ത്തമാനംപറയും. തന്റെ അതികഠിനമായ ശബ്ദം ഉയര്‍ത്തിയാണ് മോഹനന്‍ നായര്‍ ഇതിനെ ഓവര്‍കം ചെയ്യുന്നത്. മോഹനന്‍ നായര്‍ തൊണ്ട കീറി ക്ലാസ് തുടങ്ങിയാല്‍ അടുത്ത മുറിയില്‍ ക്ലാസ് എടുക്കുന്നവര്‍ നന്നേ വിഷമിക്കും.  ഇതു രാമന്‍ നായരുടെ ശ്രദ്ധയില്‍ പെട്ടിടുണ്ട്. മോഹനന്‍ നായരോട് നേരിട്ടുതന്നെഇതുപറഞ്ഞിട്ടുമുണ്ട്
മോഹനനന്‍ നായരും രാമന്‍ നായരും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ശക്തമായ്തുകൊണ്ടു സംഭാഷണ മദ്ധ്യേ ചില അശ്ലീല പദങ്ങള്‍ വന്നാലും കുഴപ്പമില്ല. എങ്കിലും പദപ്രയോഗത്തിന്റെ കാര്യത്തില്‍ മോഹനന്‍ നായര്‍ മിതത്വം പാലിക്കേണ്ടതിന്റെ ആവാശ്യമുണ്ടെന്ന് രാമന്‍ നായര്‍ക്ക് പലകുറി തോന്നിയിട്ടുണ്ട്.

“ഒരുക്ലാസിലും മിണ്ടിപ്പോകരുതു” എന്നു രാമന്‍ നായര്‍ കുട്ടികളെ താക്കീതു ചെയ്യുന്നതു മോഹനന്‍ നായരുകൂടി കേള്‍ക്കാന്‍ വേണ്ടിയാണ്. ക്ലാസുകളുടെ ബെഹളത്തില്‍ഇതൊക്കെ ശ്രദ്ധിക്കാന്‍ മോഹനന്‍ നായര്‍ക്കെവിടെ നേരം?

രാവിലെ എഴുമണിക്കെത്തിയാല്‍ ഒന്‍പതര വരെ ട്യൂഷന്‍, പത്തിന് പാരലല്‍ ക്ലാസുകളാണ്. വൈകീട്ട് നാലു മുതല്‍ ആറ് വരെ പിന്നേയും ട്യൂഷന്‍.  ടൂറ്റോറിയലില്‍ ആകെ മൂന്നു ക്ലാസ്മുറികളാണ് ഉള്ളത്. മാറിമാറി ഓരോരുത്തര്‍ ക്ലാസ് എടുക്കും. ഒന്‍പതര തൊട്ട് പത്തുവരെയുള്ള അരമണിക്കൂറില്‍  കാപ്പികുടി. വീണ്ടും പത്തുമണിക്കൂ തുടങ്ങും പരലല്‍ ക്ലാസുകള്‍. പാരലല്‍ പഠിപ്പിക്കാന്‍ വേറെയും സാര്‍ന്‍മാര്‍ ഉണ്ടെങ്കിലും മോഹനന്‍ നായര്‍ക്ക് ഒട്ടും ഒഴിവില്ല. ഏതുസമയവും അദ്ദേഹത്തിന്റെ കയ്യില്‍ ചോക്കു കാണും. കളര്‍ ഷര്‍ട്ടാണ് മോഹനന്‍ നായര്‍ ധരിക്കുന്നതെങ്കിലും വൈകിട്ടതു വെള്ളനിറത്തിലാകും. 

"മോഹനന്‍ സാര്‍ ചോക്കുകൊണ്ട് ബോര്‍ഡില്‍ എഴുതുന്നതിനുപകരം ഷര്‍ട്ടിലാണോ എഴുതുന്നതു ?"എന്നു ചോദിച്ചു ലളിതകുമാരിടീച്ചര്‍ കളിയാക്കുറുണ്ട്.

പത്താം ക്ലാസ് സെഷന്‍ ആണ്. മോഹനന്‍ നായര്‍ തൊണ്ട കീറി അമറുകയാണ്. ഒഫ്ഫീസിനോട് ചേര്‍ന്നുള്ള മുറിയാണ് ക്ലാസ് റൂം. രാമന്‍ നായരും ലളിതടീച്ചറും പാരലല്‍ പഠിപ്പിക്കാന്‍ വന്ന അജിത്തും ഓഫീസിലുണ്ട്. മോഹനന്‍നായരുടെ ഉച്ചത്തിലുള്ള ക്ലാസ്മൂലം അജിത്ത് പറയുന്നതു പോലും രാമന്‍ നായര്‍ക്ക് കേള്‍ക്കാനാവുന്നില്ല.

“ ഇയാള്‍ക്കു അല്പം ശബ്ദം കുറച്ചു പഠിപ്പിച്ചുകൂടെ?” എന്നു ചോദിക്കണമെന്ന് രാമന്‍ നായ്ര്‍ക്ക് തോന്നിയെങ്കിലും ചോദിച്ചില്ല. പണ്ടൊരു തവണ ഇങ്ങനെ ചോദിച്ചതു ലളിതകുയമാരി ടീച്ചറിന് ഇഷ്ടപ്പെട്ടില്ല.

മോഹനന്‍ നായരുടെ ക്ലാസില്‍ കുട്ടികള്‍ പതിവ് ബഹളത്തിലാണ്. അദ്ദേഹം ആരെയും തല്ലില്ല, വഴക്കു പറയില്ല. കുട്ടികള്‍ ഒച്ചകൂട്ടിയാല്‍ നായരും ഒച്ചകൂടും. ആരവമൊഴിഞ്ഞു ഒരു നേരവുമില്ല മോഹനന്‍ നായരുടെ  ക്ളാസ്സില്‍.
" അലൂമിനിയത്തിന്റെ-----ആയിരാണ്-- ബോക്സൈറ്റ് അലൂമിനിയത്തിന്റെ --- അലിമിനിയത്തിന്റെ ----" മോഹനന്‍ നായര്‍ മുദ്രാവാക്യം വിളി തുടരുകയാണ്.

ഇരുംപിന്റെ ---------രാണു----" 
പെട്ടെന്നാണ് മോഹനന്‍ നായരുടെ ക്ലാസ് നിശബ്ദമായത് ? പിന്‍ ഡ്രോപ് സൈലന്‍സ്! ക്ലാസ് ഒന്നടങ്കം ഞെട്ടി, ഇങ്ങനെ സംഭവിക്കാറുള്ളതല്ല  എന്തുപറ്റി? മോഹനന്‍ നായര്‍ക്കെന്തെങ്കിലും ലളിതാകുമാരിടീച്ചറിന്റെ മുഖം ഉല്‍ക്കന്ഠാകുലമായി.’ 

ഒട്ടും വൈകിയില്ല,
“ -----അയിരാണ്--- ഹീമറ്റൈറ്റ്” മോഹനന്‍ നായരുടെ മുദ്രാവാക്യം വിളി വീണ്ടും, ആശ്വാസമായി. കുട്ടികളുടെ  പതുക്കെ പതുക്കെയുള്ള  ചിരി ആരവത്തിലേക്കും തുടര്‍ന്നു അട്ടഹാസത്തിലേക്കും മാറി.

ഇരുമ്പിന്ടെ "അയിരിന്" പകരം മോഹനന്‍ നായര്‍ പറഞ്ഞിരിക്കാന്‍ ഇടയുള്ളതു ഇരുംപിന്റെ എതു സാധനമാണെന്ന് മാത്രം  ലളിതാകുമാരിയോടും അജിത്തിനോടും രാമന്‍നായര്‍ പറഞ്ഞില്ല.


-കെ എ സോളമന്‍  

Tuesday, 6 May 2014

ആരുമില്ലാത്തവള്‍ ഉസ്മാനിത്താത്ത!


ആരുമില്ലാത്തവളും ആരുമല്ലാത്തവളുമാണുതാനെന്നു ഉസ്മാനിത്താത്ത. കോണ്‍ഗ്രസ് പ്രസിഡന്‍റ് മദാം ഗാന്ധിക്കും എറ്റുചൊല്ലാവുന്ന  ഡയലോഗ്.

മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് എത്രവയസ്സുണ്ടെന്ന് ചോദിച്ചാല്‍, അവരെ സ്ഥിരമായി കാണുന്നവര്‍ പറയും പതിനേഴു-പതിനെട്ടു എന്ന്. ചാനലില്‍ പ്രത്യക്ഷപ്പെട്ട കാലം തൊട്ടു ഷാളും ചുറ്റിയിരിക്കുന്നതിനാല്‍ പ്രായം തോന്നുകയെയില്ല. പാര്‍ട്ടിപാരമ്പര്യം കണക്കുകൂട്ടി ചിലര്‍ പറയും അവര്‍ക്ക് ഷഷ്ഠി പൂര്‍ത്തിയെത്തിയെന്ന്. എന്നാല്‍ ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഒടുക്കം വരുത്തിക്കൊണ്ട് അവര്‍ തന്നെ പറയുന്നു  പ്രായം നാല്‍പ്പത്തിയഞ്ചായെന്ന്. കണക്ക് വളരെ സിമ്പിള്‍. പതിനഞ്ചാം വയസ്സില്‍ കെ എസ് യു വില്‍ തുടങ്ങിയ പ്രവര്‍ത്തനം. എന്തുപ്രവര്‍ത്തനം എന്നു ആരും ഇടക്കുകേറി ചോദിക്കരുത്. മുപ്പതു വര്ഷം പിന്നിട്ട ശേഷമാണ് കെ പി സി സി പ്രസിഡണ്ട് വി എം സുധീരനെ താക്കീതുചെയ്തും ഉപദേശിച്ചുകൊണ്ടുമുള്ള കത്തെഴുതുന്നത്. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ആദര്‍ശവും മൂല്യവും അടിയറവ് വെച്ചിട്ടില്ല . ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡണ്ട് എ എ ഷുക്കൂറോ മാറ്റാരുമോ തനിക്ക് വേണ്ടി പറയാനില്ലാത്തതുകൊണ്ടാണ് താന്‍ തന്നെ ഇക്കാര്യം നേരിട്ടു പറയുന്നത്. അങ്ങനെയുള്ള ഉസ്മാനിത്താത്തായെ പാര്‍ടിവേദികള്‍ പ്രസിഡന്‍റ് അപമാനിച്ചതുകൊണ്ടു പ്രസിഡെന്‍റിനെ പബ്ലിക്കായി ഇന്‍സല്‍റ്റ് ചെയ്യാമെന്നു താത്തായും തീരുമാനിച്ചു.

418 ബാറുകളിലെ മദ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ലെന്ന് പ്രസിഡെന്‍റ് തീരുമാനിച്ചതോടെ യുദ്ധതന്ത്രങ്ങള്‍ മെനയുകയാണ് പ്രായോഗിക വാദികള്‍. ഈ പ്രായോഗികവാദികളുടെ കൂട്ടത്തില്‍ അര പ്രസിഡന്‍റ് മുതല്‍ മുന്‍ പ്രസിഡണ്ടു വരെയുണ്ട്. സ്ത്രീകളോടും ശിഖണ്ഡികളോടും യുദ്ധമരുത് എന്ന പൌരാണിക വാദംവെച്ചുപ്രസിഡണ്ടും കൂട്ടരും പിന്നോട്ടു വലിയും എന്നതാണു പ്രായോഗികവാദികളുടെ കണക്കുകൂട്ടല്‍.

വാര്ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു തന്നെ മാനസികമായി പീഡിപ്പിക്കുന്ന സൈക്കോഫാന്‍ ആണ് പ്രസിഡന്ടെന്നു നിരീക്ഷിച്ചതോടെ താത്തായുടെ ഇംഗ്ലിഷ് പരിജ്ഞ്ജാനത്തില്‍ അല്‍ഭുതം കൂറുകയാണ് ബാറിലിരുന്നും അല്ലാതെയും മദ്യപിക്കുന്നവര്‍. കെ സി വേണുഗോപാലിനെയും  ഷുക്കൂറിനെയും നന്നാക്കുകഎന്നതായിരുന്നു താത്തായുടെ പ്രഥമോദ്ദേശ്യം. എന്നാല്‍ ഇപ്പോള്‍ പ്രസിഡന്റിനെക്കൂടി നന്നാക്കാനുള്ള ശ്രമത്തിലാണു താത്ത. പാര്‍ടിയുടെ മറ്റൊരു അരപ്രസിഡന്‍റ് ഹസ്സന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ തെളിവെടുപ്പുകഴിയുമ്പോള്‍ അറിയാം താത്തായുടെ വഴി പുറത്തേക്കോ അകത്തേക്കോ എന്ന്.


-കെ എ സോളമന്‍      

Saturday, 3 May 2014

വാസവദത്ത –കവിത- കെ എ സോളമന്‍




എന്റെ ഗതിവരും എന്നാണാക്രോശം
എന്താണ് എന്റെ ഗതി?
കൌമാരസ്വപ്നങ്ങള്‍ എല്ലാംമറന്നതോ
കൈകള്‍ വെട്ടിനുറക്കപ്പെട്ടതോ?
കാലുകള്‍ ഛേദിക്കപ്പെട്ടതോ
ശരീരം പുഴുവരിച്ചുകിടന്നതോ
അതോ ഞാന്‍ പശ്ചാത്തപിച്ചതോ?

ഓര്‍ക്കുക സുഹൃത്തെ
നിങ്ങളാരും ചരിത്രത്തിലില്ല
നിങ്ങളെയാരും ഓര്‍ക്കുന്നില്ല
നിങ്ങളെല്ലാവരും മുഖം നഷ്ടപ്പെട്ടവര്‍
മറവിയുടെ പേടകങ്ങളില്‍ ഒളിക്കപ്പെട്ടവര്‍

നിങ്ങളെയാരും അറിയില്ല
അപഥ സഞ്ചാരികള്‍ നിങ്ങള്‍
വിശപ്പെന്തെന്നറിയാത്തവര്‍
സുഖലോലുപര്‍
വേശ്യയെ കല്ലെറിഞ്ഞവര്‍

ഞാന്‍ മിണ്ടരുതെന്നോ
ഇനിയും എത്രനാള്‍ മിണ്ടാതിരിക്കും?
പുഴകള്‍ ഒഴുകേണ്ടെന്നോ?
നക്ഷത്രങ്ങള്‍ തെളിയെണ്ടെന്നോ?
നേരം പുലരേണ്ടന്നോ
പൂവുകള്‍ വിരിയെണ്ടന്നോ
പ്രഭാത ശലഭങ്ങള്‍ പറക്കേണ്ടന്നോ?

നിര്‍ത്തൂ, നിങ്ങളുടെ പരിഹാസങ്ങള്‍
ഞാനെന്നും ഇവിടെയുണ്ടായിരിക്കും
സുഗന്ധമുള്ളപൂക്കള്‍  വിരിയുന്നതും നോക്കി
ശലഭങ്ങള്‍ പാറിപ്പറക്കുന്നതും നോക്കി
മുളന്തണ്ടില്‍ സംഗീതം പൊഴിയുന്നതും കേട്ട്
കാലത്തിന്റെ അവസാന നിമിഷംവരെ
അവസാന അവസാന നിമിഷം വരെ.

        ----------- 

Thursday, 1 May 2014

ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട്‌

Photo

ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട്‌

കെ.എ. സോളമന്‍
നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ വസ്‌തുതകളും തന്റെ കവിതയുടെ ഇതിവൃത്തമായി കവി സ്വീകരിച്ചിരിക്കുന്നു. ഈ കവിതകളില്‍ പ്രേമമുണ്ട്‌, പ്രേമഭംഗമുണ്ട്‌, പ്രകൃതിയുണ്ട്‌, മരമുണ്ട്‌, മഴയുണ്ട്‌, വയോധികരുടെ തേങ്ങലുണ്ട്‌. സമൂഹത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ്‌ ഈ സമാഹാരം.

(കെ.എ.എസ്‌. പബ്ലിക്കേഷന്‍സ്‌, 11-മൈല്‍ , മായിത്തറ പി ഒ , ചേര്‍ത്തല)
വില: 90

For copies contact: K A Solaman, KAS Institute, 11th Mile, Mayithara P O, Cherthala 688539 (Postage free)