KAS Life Blog
Contains Solaman's songs, poems and more
Wednesday, 31 December 2025
നാളെയുടെ ഉദ്യാനം - കവിത
Sunday, 14 December 2025
കാണാമറയത്തെ പൂച്ച - കഥ
സ്കോട്ട്‌ലൻഡ് യാർഡിനും മേലെ
കേരളാ പോലീസിന്റെ ക്രൈം ഡിറ്റാച്ച്മെന്റ് റൂമിലെ വലിയ സ്ക്രീനിൽ നീല വെളിച്ചം മിന്നിമറയുന്നു. ചുറ്റും കമ്പ്യൂട്ടറുകൾ, സാറ്റലൈറ്റ് മാപ്പുകൾ, പിന്നെ മുഖത്ത് ഗൗരവം തളം കെട്ടിനിൽക്കുന്ന ഉന്നത ഉദ്യോഗസ്ഥർ. അന്തരീക്ഷത്തിൽ ആകാംക്ഷയുടെയും അല്പം നാണക്കേടിന്റെയും മണം തങ്ങിനിൽക്കുന്നു.
"സർ, നമ്മുടെ ഡ്രോണുകൾ വയനാട്ടിലെ കാട്ടാനകൾക്ക് വരെ മുഖം തിരിച്ചറിയൽ നടത്തിക്കഴിഞ്ഞു. റിസോർട്ടുകളിലെ ഓരോ തലയിണക്കവറുകൾക്കടിയിലും നമ്മൾ നോക്കി. എന്തിന്, സംശയം തോന്നിയ ചില ആളുകളെ വരെ നമ്മൾ ചോദ്യം ചെയ്തു. എന്നിട്ടും...!"
കൺട്രോൾ റൂമിലെ ചുമതലക്കാരനായ എ.സി.പി ദയനീയമായി ഐ.ജി.യെ നോക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്. യുവ എം.എൽ.എ എവിടെ? ഒരു കേസിന്റെ പേരിൽ പോലീസ് വല വിരിച്ചിട്ട് 14 ദിവസമായി. ആധുനിക സാങ്കേതികവിദ്യയുണ്ട്, മൊബൈൽ ടവർ ലൊക്കേഷനുണ്ട്, എന്തിനും പോന്ന സൈബർ ഡോമുണ്ട്. എന്നിട്ടും, മഴക്കാലത്തെ സൂര്യനെപ്പോലെ യുവ എം എൽ എ അപ്രത്യക്ഷനായിരിക്കുന്നു.
"നമുക്ക് തെറ്റുപറ്റാൻ പാടില്ല," ഐ.ജി. കടുപ്പിച്ചു പറഞ്ഞു. "ഇത് കേരളാ പോലീസാണ്. നമ്മൾ അന്വേഷിച്ചാൽ പാതാളത്തിലെ മായാവി വരെ പുറത്തുവരും. പിന്നെയാണോ ഒരു രാഷ്ട്രീയക്കാരൻ?"
പുറത്ത്, ചാനൽ മൈക്കുകളുമായി 'മാപ്രകൾ' (മാധ്യമപ്രവർത്തകർ) കാത്തിരിക്കുന്നു. ഓരോ തവണ പോലീസ് ജീപ്പ് അനങ്ങുമ്പോഴും ബ്രേക്കിംഗ് ന്യൂസ് പായുന്നു: "
" ചുവ എം എൽ എ യെവളഞ്ഞു? ഒളിത്താവളം കണ്ടെത്തി?"
ഇവൻമാർക്ക് നൊസ്തായോ, ദിവസങ്ങളായി ഇതു തന്നെയാണല്ലോ പറയുന്നത്. ചാനൽ വാർത്ത കണ്ടവർ അന്യോന്യം മുഖത്തോടു മുഖം നോക്കി
പക്ഷേ, സത്യം പോലീസിന് മാത്രമേ അറിയൂ. അവർ ഇരുട്ടിൽ തപ്പുകയാണ്. എം.എൽ.എ വായുവിലലിഞ്ഞോ? അതോ അദൃശ്യനാകാനുള്ള മഷി ഇട്ടു നോക്കിയോ?
പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഹൈവേകളിൽ പോലീസ് പരുന്തുകളെപ്പോലെ വട്ടമിട്ടു പറന്നു. കറുത്ത ഗ്ലാസ് വെച്ച ഓരോ കാറും അവർ തടഞ്ഞുനിർത്തി. കാറിനുള്ളിലുള്ളവർ എം.എൽ.എ ആണോ അതോ എം.എൽ.എ യുടെ അമ്മായിയപ്പനാണോ എന്ന് ഉറപ്പുവരുത്തി.
ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. "ഇതൊരു മാന്ത്രിക ഒളിത്താവളമാണ്. ഗൂഗിൾ മാപ്പിൽ പോലും കാണാത്ത സ്ഥലം. മുൻകൂർ ജാമ്യം കിട്ടൻ സാധ്യത ഉള്ളവർക്ക് മാത്രം ഇവിടെ പ്രവേശനം."
പോലീസ് സേനയുടെ ആത്മവീര്യം കെട്ടുതുടങ്ങിയിരുന്നു. 14 ദിവസങ്ങൾ! ഇതിനിടയിൽ അവർ പരിശോധിക്കാത്ത സ്ഥലങ്ങളില്ല. ബന്ധുവീടുകൾ, പാർട്ടി ഓഫീസുകൾ, പഴയ സുഹൃത്തുക്കളുടെ ഫ്ലാറ്റുകൾ..., എം.എൽ.എ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള തട്ടുകടകൾ. ഒടുക്കം ഹോട്ടലിലെ ടോയ്‌ലറ്റുകൾ.
ഓക്കെ നോക്കിയെന്ന് കിംവദന്തി പരന്നു.
പക്ഷേ, നമ്മുടെ നായകൻ ശാന്തനായിരുന്നു. എവിടെയോ ഇരുന്ന്, ഒരുപക്ഷേ പോലീസിന്റെ ഈ പരക്കംപാച്ചിൽ ലൈവ് സ്ട്രീമിൽ കണ്ട് ആസ്വദിക്കുകയാവാം.. ആ ചിരിയിൽ ഒരു സന്ദേശമുണ്ടായിരുന്നു: "എന്നെ പിടിക്കാൻ നിങ്ങൾ വല വിരിച്ചു, പക്ഷേ ഞാൻ നിൽക്കുന്നത് കടലിലല്ല, കരയിലുമല്ല, നിങ്ങൾ നോക്കാത്ത ഏതോ ഒരു ഇടനാഴിയിലാണ്." അടുത്തിടെ കണ്ട " ക്യാച്ച് മി ഇഫ് യു ക്യാൻ " എന്ന സിനിമയിലെ രംഗങ്ങൾ അദ്ദേഹം ഓർത്തെടുത്തു.
പതിനാലാം നാൾ പുലർന്നു. കൽപ്പാത്തി മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം. പാലക്കാട്ടെ വെയിലിന് കാഠിന്യം കൂടുതലായിരുന്നു, പക്ഷേ അതിലും ചൂടേറിയതായിരുന്നു അവിടെ തടിച്ചുകൂടിയ പാവം ജനക്കൂട്ടത്തിന്റെയും പോലീസിന്റെയും ശ്വാസം.
വിവരമറിഞ്ഞ് പോലീസ് സേന സ്കൂൾ കോമ്പൗണ്ട് വളഞ്ഞു. "ഇന്ന്... ഇന്ന് അവൻ വരും. പോളിംഗ് ബൂത്തിൽ വരാതെ എവിടെപ്പോകാൻ?" ഐ.ജി. മീശ പിരിച്ചു. ഒരു വലിയ പട തന്നെ അവിടെയുണ്ട്. ഏത് നിമിഷവും ചാടിവീഴാൻ തയ്യാറായി നിൽക്കുന്നവർ. മാധ്യമങ്ങൾ ക്യാമറകൾ ഫോക്കസ് ചെയ്തു വെച്ചു.
പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.
ഒരു സിനിമാ സ്റ്റൈൽ എൻട്രി പ്രതീക്ഷിച്ചവർക്ക് തെറ്റി. ആകാശത്തുനിന്ന് ഹെലികോപ്റ്ററിൽ വന്നിറങ്ങുകയോ, അണ്ടർഗ്രൗണ്ട് ടണലിലൂടെ പ്രത്യക്ഷപ്പെടുകയോ ചെയ്തില്ല. വളരെ ശാന്തനായി, ഒരു ചിരിയോടെ, അലക്കി തേച്ച വെള്ള ഷർട്ടും ധരിച്ച് യുവ എംഎൽഎ ജനക്കൂട്ടത്തിനിടയിലൂടെ നടന്നു വരുന്നു. പാർട്ടി പ്രവർത്തകർ ബൊക്കെ കൊടുത്തും മാലയിട്ടും സ്വീകരിച്ചു.
പോലീസുകാർ സ്തംഭിച്ചുപോയി. രണ്ടാഴ്ചയായി അവർ കാടും മേടും അരിച്ചുപെറുക്കി തേടിയ ആ മനുഷ്യൻ, ഇതാ കൈയെത്തും ദൂരത്ത്!
അദ്ദേഹം നേരെ പോളിംഗ് ബൂത്തിലേക്ക് കയറി. മഷി പുരട്ടാൻ വിരൽ നീട്ടി, ബട്ടൺ അമർത്തി. 'ബീപ്പ്' ശബ്ദം. ജനാധിപത്യം അതിന്റെ കടമ നിർവഹിച്ചു. പുറത്തിറങ്ങിയ എം എൽ എയെ മാധ്യമങ്ങൾ പൊതിഞ്ഞു. മൈക്കുകൾക്ക് മുന്നിൽ നിന്ന് അദ്ദേഹം ചിരിച്ചു.
പോലീസ് സേനയ്ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതി അതിനക പിൻവലിച്ചിരുന്നു. മുൻകൂർ ജാമ്യത്തിൽ എത്തിയ ആളെ പോലീസിന് അറസ്റ്റ് ചെയ്യാൻ ആവില്ല
.
എം എൽ എ കാറിൽ കയറി പോയി. പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയിൽ നിന്ന്, കൺമുന്നിലൂടെ അദ്ദേഹം രാജാവായി മടങ്ങി.
പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയ ഐ.ജി. തലയിൽ കൈവെച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് ലീവ് പ്രഖ്യാപിച്ചു.
അപ്പോഴാണ് ടേബിളിലിരുന്ന ഒരു ജൂനിയർ കോൺസ്റ്റബിൾ പതുക്കെ ചോദിച്ചത്: "സർ, ശരിക്കും അദ്ദേഹം ഇത്രയും നാൾ എവിടെയായിരുന്നു? ഏതാണ് ആ മാന്ത്രിക ഒളിത്താവളം?"
ഐ.ജി. ഒന്ന് നെടുവീർപ്പിട്ടു. പിന്നെ പറഞ്ഞു:
"അതാണ് ഈ കഥയിലെ ട്വിസ്റ്റ്, എടോ.. അദ്ദേഹം എവിടെയും ഒളിച്ചിരിക്കുകയായിരുന്നില്ല. അദ്ദേഹം നമ്മൾ എല്ലാവരും നോക്കുന്ന ഒരിടത്ത് തന്നെ ഉണ്ടായിരുന്നു."
"എവിടെയാണ് സർ?" സി പി ഒ ആകാംക്ഷയോടെ ചോദിച്ചു.
"ടിവിയിൽ!" ഐ.ജി. ചിരിച്ചുകൊണ്ട് പറഞ്ഞു. "കഴിഞ്ഞ 14 ദിവസവും നമ്മൾ സിസിടിവിയിലും കാട്ടിലും റിസോർട്ടിലും തിരയുകയായിരുന്നു. പക്ഷേ, അദ്ദേഹം എല്ലാ ദിവസവും വാർത്തകളിൽ ഉണ്ടായിരുന്നു, ചർച്ചകളിൽ ഉണ്ടായിരുന്നു, ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. ഏറ്റവും നല്ല ഒളിത്താവളം എപ്പോഴും വെളിച്ചം ഏറ്റവും കൂടുതൽ വീഴുന്ന സ്ഥലമാണ്. കാരണം, അവിടെ ആരും തിരയാൻ മെനക്കെടില്ല. ചാനലിൽ വന്ന് നമ്മളെ നോക്കി ചിരിച്ച് വിഡ്ഢികളാക്കിയ എല്ലാ മുൻനിര നേതാക്കൾക്ക് അറിയാമായിരുന്നു എംഎൽഎ എവിടെ ആയിരുന്നെന്ന്. അപ്പോൾ എന്തുകൊണ്ട് കസ്റ്റഡിയിൽ എടുത്തില്ല എന്നല്ലേ ?"
ഐ.ജി. ആത്മഗതമെന്നോണം കൂട്ടിച്ചേർത്തു:
"പിന്നെ ഒരു കാര്യം കൂടി... യഥാർത്ഥത്തിൽ ആ മാന്ത്രിക ഒളിത്താവളം എവിടെയാണെന്ന് വെളിപ്പെടുത്തിയാൽ, അടുത്ത തവണ ഞാൻ എവിടെ പോകും? പെൻഷൻ പറ്റിയ ശേഷം എനിക്ക് ഒളിക്കാൻ സ്ഥലം കിട്ടണമല്ലോ."
പുറത്ത് അപ്പോഴും ചാനൽ മാപ്രകൾ ബ്രേക്കിംഗ് ന്യൂസ് കൊടുത്തു.ജനങ്ങളെ പൊട്ടന്മാർ ആക്കി കൊണ്ടിരുന്നു: "കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ച് എം.എൽ.എ എവിടെ എങ്ങനെ ജീവിച്ചു? അന്വേഷണം തുടരുന്നു!"
യഥാർത്ഥത്തിൽ, പോളിംഗ് ബൂത്ത് എന്ന മാന്ത്രിക പെട്ടിക്ക് മാത്രമേ അദൃശ്യരായവരെ ദൃശ്യമാക്കാൻ കഴിയൂ എന്ന കാര്യം മാത്രം ആരും തിരിച്ചറിഞ്ഞില്ല.
(ശുഭം)
Friday, 5 December 2025
മുതിർന്ന പൗരന്മാർക്ക് സൗജന്യ കുപ്പി
Saturday, 29 November 2025
നന്ദിപൂർവം - കഥ
Sunday, 23 November 2025
പ്രത്യേക അറിയിപ്പ്
Friday, 21 November 2025
ഡിവൈൻ കോമഡി
കഥ - കെ എ സോളമൻ
പത്മനാഭൻ, ചന്ദ്രശേഖരൻ, വാസുദേവൻ, മൂന്ന് പ്രബലരായ രാഷ്ട്രീയ നേതാക്കൾ. കേരള രാഷ്ട്രീയത്തിലെ സകല കളികളും കണ്ടവരും, കളിച്ചവരും.അവസാനത്തെ കളിയും അവർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു
പ്രത്യക്ഷത്തിൽ അവർ അയ്യപ്പഭക്തർ ആണ്. കുളിച്ചു കുറിയും തൊട്ട് ക്ഷേത്രത്തിൻറെ അകത്തും പുറത്തും കറങ്ങി നടക്കുന്നവർ. പ്രസംഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കാനുള്ള' പോരാളികൾ. എന്നാൽ, അവരുടെ മനസ്സിന്റെ അറകളിൽ ഒളിപ്പിച്ച മറ്റൊരു സത്യമുണ്ട്.
ക്ഷേത്രത്തിന്റെ കട്ടിളപ്പടികളിലും ചുമരുകളിലും പൂശാനായി കൊണ്ടുവന്ന സ്വർണ്ണ ത്തകിടുകൾ അവർ തന്ത്രി അറിയാതെ തന്ത്രപൂർവ്വം മാറ്റി.
മൂവർ കൂട്ടത്തിൽ, വിലകുറഞ്ഞ ചെമ്പുതകിടുകൾ വച്ച ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് പത്മനാഭനായിരുന്നു. ചന്ദ്രശേഖരൻ ഭരണസംവിധാനത്തിലെ നൂലാമാലകൾ എളുപ്പമാക്കി. വാസുദേവൻ എന്ന മുൻ ദേവസ്വം ഉദ്യോഗസ്ഥൻ അതിന് ഒത്താശ ചെയ്തു. സ്വർണ്ണത്തിന്റെ തിളക്കം അവരുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു,
വിശ്വാസത്തെക്കാൾ വലുത് പണമാണെന്ന് അവർ സ്വയം തിരിച്ചറിഞ്ഞു.
കൊള്ള പുറത്തുവന്നപ്പോൾ നാടൊന്നാകെ ഇളകിമറിഞ്ഞു. പക്ഷെ, അധികാരത്തിന്റെ മറവിൽ അവർ നിയമത്തിന്റെ പിടിയിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറി. കാലം കടന്നുപോയി. അവരുടെ ബാങ്കിലെ അക്കൗണ്ടുകളിൽ പണം പെരുകി.
അങ്ങനെയിരിക്കെ ഒരു മണ്ഡലകാലം കൂടി വന്നു
മൂവർക്കും ഒരേ ദിവസം, ഒരേ സമയം, ഒരേ സ്വപ്നം ഉണ്ടായി.
ശബരിമലയിലെ പതിനെട്ടാം പടിക്ക് മുകളിൽ, കരിമ്പടം പുതച്ച ഒരു വിഗ്രഹം. അവരുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. അടുത്ത ദിവസം, ഒരു അദൃശ്യശക്തിയാൽ പ്രേരിതരായി അവർ മലകയറാൻ തീരുമാനിച്ചു. ഇത്തവണ വി.ഐ.പി. പരിവേഷമില്ല, അംഗരക്ഷകരില്ല. സാധാരണ തീർത്ഥാടകരെപ്പോലെ, കാൽനടയായി.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ അവർ വിയർത്തുലഞ്ഞു നടന്നു.
പക്ഷെ അവരുടെ യഥാർത്ഥ ശിക്ഷ ആരംഭിച്ചത് സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് താഴെയായിരുന്നു.
തിരക്കേറിയ ആ മണ്ഡലകാലത്ത്, തലയിൽ ഒഴിഞ്ഞ ഇരുമുടിക്കെട്ടുമായി അവർ ക്യൂവിൽ നിന്നു. ഒരടി മുന്നോട്ടു നടക്കാൻ പറ്റുന്നില്ല പത്മനാഭന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ കണ്ണിലേക്കിറങ്ങി നീറി. സാധാരണക്കാർ തോളോട് തോൾ ചേർന്ന് നീങ്ങുന്ന ക്യൂ. ഓരോ നിമിഷവും ഓരോ തീർത്ഥാടകൻ അവരെ കടന്നുപോകുമ്പോൾ ഒരു നേർത്ത ശബ്ദം ഉയരും.
“സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
ചന്ദ്രശേഖരന്റെ താടിരോമങ്ങളിൽ വിരലോടിച്ച ഒരു വൃദ്ധ തീർത്ഥാടകൻ, കണ്ണിൽ ദയയുടെ ലാശം പോലുമില്ലാതെ ചോദിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു?”
വാസുദേവന്റെ തോളിൽ ഒരു നിമിഷം കൈവെച്ച്, അവന്റെ ചെവിയിൽ ഒരു ചെറുപ്പക്കാരൻ മന്ത്രിച്ചു: “സ്വർണ്ണം എവിടെ ഒളിപ്പിച്ചു, ചേട്ടാ?”
ശബ്ദത്തിൽ കോപമില്ല, ദുഃഖവുമില്ല. വെറും ചോദ്യം മാത്രം. എന്നാൽ ആ ചോദ്യം അവരുടെ ഹൃദയത്തെ നൂറായി കീറിമുറിച്ചു. ആ ചോദ്യം ഒരു ശിക്ഷാമുറയായി അവരെ വേട്ടയാടി. അവരുടെ പേജിൽ അവർ VIP-കൾ ആയിരുന്നു. ഇവിടെ അവർ മോഷ്ടാക്കൾ മാത്രമായി ചുരുങ്ങി.
ഈ ചോദ്യങ്ങൾ നിർത്താതെ ഒഴുകി. ക്യൂ നീങ്ങും തോറും, ചോദിക്കുന്നവരുടെ എണ്ണം കൂടി. അവർ തലകുനിച്ചു നിന്നു. മരണം കാത്തിരിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥ.
ഒടുവിൽ, മരണത്തിന്റെ നിഴലിൽ നിന്ന് അവർക്ക് മോചനം കിട്ടി. മൂവരും ഒരേ രാത്രി, ഏകദേശം ഒരേ സമയം മരണപ്പെട്ടു. രാഷ്ട്രീയ ലോബിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത ദുരൂഹതയായി അവരുടെ അന്ത്യം.
എന്നാൽ, അത് അവരുടെ കഥയുടെ അന്ത്യമായിരുന്നില്ല, മറിച്ച് ഒരു ദിവ്യനാടകത്തിന്റെ രണ്ടാം അങ്കമായിരുന്നു.
കണ്ണ് തുറന്നപ്പോൾ അവർ മൂന്നുപേരും ഒരു വിശാലമായ, ഇരുണ്ട ഇടത്തിൽ എത്തിച്ചേർന്നു. ആകാശമോ ഭൂമിയോ ഇല്ല, സമയത്തിന് അവിടെ ഒട്ടും പ്രസക്തിയില്ല:സമയമാം രഥം അവിടെ പ്രവർത്തിക്കില്ല. ചുറ്റും നേരിയൊരു മണിനാദം മാത്രം.
അവരുടെ മുന്നിലായി, അനേകം ക്ഷേത്ര മണികൾ തൂങ്ങിക്കിടക്കുന്നു.. ചെറുത് മുതൽ ഭീമാകാരമായത് വരെ. ഓരോ മണിയിലും സ്വർണ്ണത്തിന്റെ നേർത്ത ഒരു പൊടിപോലും കാണാനില്ല. എല്ലാം വൃത്തികേടായ, പഴകി ദ്രവിച്ച് ക്ളാവ് പിടിച്ച ചെമ്പുമണികൾ.
"നിങ്ങൾ സ്വന്തം ദൈവത്തെയാണ് കബളിപ്പിച്ചത്. അതുകൊണ്ട്, നിങ്ങൾക്കായുള്ള നരകവും, അല്പം കടുപ്പമേറിയതാണ്," മുന്നിൽ പ്രകാശത്തിന്റെ രൂപത്തിൽ അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു.
"ഇതാണ് നിങ്ങളുടെ സേവന നരകം.. സ്വർണ്ണം എവിടെ ഒളിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് നിങ്ങൾ മോചിതരായി. ഇനി നിങ്ങൾ ഈ മണികൾ പോളിഷ് ചെയ്യണം. നിത്യതയിലുടനീളം."
ആദ്യമൊക്കെ ഇതൊരു ലളിതമായ ശിക്ഷയായി അവർക്ക് തോന്നി. ഒരു മണി പോളിഷ് ചെയ്യാൻ എന്താണ് പ്രയാസം?.
പക്ഷെ, പോളിഷിംഗിനായി അവർക്ക് നൽകപ്പെട്ട തുണിക്കഷ്ണം പഴയതും പരുപരുത്തതുമായിരുന്നു. അവർ പോളിഷ് ചെയ്യുന്ന ഓരോ മണിയും നിമിഷങ്ങൾക്കുള്ളിൽ പഴയതുപോലെ മങ്ങാൻ തുടങ്ങി. അവർ എത്ര വേഗത്തിൽ ജോലി ചെയ്താലും, അവർക്ക് പൂർണ്ണ തിളക്കമുള്ള ഒരു മണി പോലും പുനർസൃഷ്ടിക്കാൻ കഴിഞ്ഞില്ല.
ഏറ്റവും വലിയ ശിക്ഷ മറ്റൊന്നായിരുന്നു:
അവർ പോളിഷ് ചെയ്ത് വൃത്തിയാക്കുന്ന ഓരോ മണിയുടെയും ഉപരിതലത്തിൽ, അവരുടെ മുഖം പ്രതിഫലിക്കില്ല. പകരം, അവർ മോഷ്ടിച്ച സ്വർണ്ണ തകിടുകളുടെ രൂപം തെളിഞ്ഞുവന്നു. മണി പൂർണ്ണമായി തിളങ്ങുമ്പോൾ, അതിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മിന്നുന്ന സ്വർണ്ണപ്രഭയുടെ പ്രതിഫലനം തെളിഞ്ഞു. അടുത്ത നിമിഷം അത് വീണ്ടും മാഞ്ഞുപോകുകയും ചെയ്തു.
പത്മനാഭൻ ഒരു മണി പോളിഷ് ചെയ്ത് അതിൽ തെളിഞ്ഞ സ്വർണ്ണത്തെ നോക്കി ദീർഘമായി നിശ്വസിച്ചു.
"ഇതാണ് പുണ്യ മോഷണങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രതിഫലനങ്ങൾ," അയ്യപ്പൻ അരുളിച്ചെയ്തു.
ചന്ദ്രശേഖരൻ തുണികൊണ്ട് മണിയിൽ നിർത്താതെ ഉരച്ചു കൊണ്ടിരുന്നു. വിരലുകൾ പൊട്ടി ചോരയൊലിച്ചിട്ടും എ അയാൾ നിർത്തിയില്ല. ഓരോ നിമിഷവും, സ്വർണ്ണത്തെക്കുറിച്ചുള്ള ചിന്തകൾ അയാളുടെ സമനില തെറ്റിച്ചു.
ദിവസങ്ങൾ, മാസങ്ങൾ, യുഗങ്ങൾ കടന്നുപോയി. സമയത്തിന്റെ കണക്കെടുക്കാൻ അവർ ശ്രമിച്ചില്ല. അവരുടെ ജീവിതം ഒരേയൊരു പ്രവൃത്തിയിലേക്ക് ചുരുങ്ങി: ചെമ്പുമണികൾ പോളിഷ് ചെയ്ത്, സ്വർണ്ണത്തിന്റെ മായക്കാഴ്ച കാണുക.
ചിലപ്പോൾ, ഏറ്റവും വൃത്തികേടായ മണിയിൽ, അവർ കഷ്ടപ്പെട്ട് പോളിഷ് ചെയ്ത് കഴിഞ്ഞാൽ, അതിൽ അവരുടെ ഇപ്പോഴത്തെ, ദുരിതമയമായ മുഖം ഒരു നിമിഷം പ്രതിഫലിക്കും. ആ കാഴ്ച അവരെ ഭയപ്പെടുത്തി. ജീവിച്ചിരുന്നപ്പോൾ അവർ ധരിച്ച VIP മുഖം അവിടെ ഉണ്ടായിരുന്നില്ല. ഭയവും, നിരാശയും, ചെയ്ത തെറ്റിന്റെ കുറ്റബോധവും മാത്രം പേറുന്ന മൂന്ന് മനുഷ്യരുടെ രൂപമായിരുന്നു അത്.
"നിങ്ങൾ സ്വന്തം ദൈവത്തെ കബളിക്കാൻ കഴിയുമെന്ന് കരുതി. എന്നാൽ, ഈ ക്ഷേത്രമണികൾ നിങ്ങളെ കബളിപ്പിക്കില്ല. അവർ നിങ്ങളുടെ പാപത്തെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോകും," അയ്യപ്പൻ പറയുന്നതായി അവർക്ക് തോന്നി.
വർഷങ്ങൾക്കു ശേഷം...
വാസുദേവൻ ചിരിക്കാൻ തുടങ്ങി. ആദ്യം ചെറുതായി, പിന്നെ ഉറക്കെ. അയാളുടെ ചിരിയിൽ ഭ്രാന്തിന്റെ ലക്ഷണമുണ്ടായിരുന്നു.
"സ്വർണ്ണം! സ്വർണ്ണം! ഇവിടെ സ്വർണ്ണമില്ല! എങ്കിലും ഞാൻ അത് കാണുന്നു!" അയാൾ മണിയിലേക്ക് ആവേശത്തോടെ നോക്കി.
പത്മനാഭൻ അയാളെ പിടിച്ചുമാറ്റി. അവന്റെ കണ്ണുകളിൽ ജ്ഞാനത്തിന്റെ ഒരു നേർത്ത തിളക്കം. "ഇത് നമ്മുടെ ശിക്ഷയാണ്, നമ്മുടെ വിധിയാണ് വാസു. നമ്മൾ കണ്ട സ്വർണ്ണമെല്ലാം മായയായിരുന്നു. ഈ മണിയിൽ തെളിയുന്ന തിളക്കം പോലും ശാശ്വതമല്ല. നമ്മൾ മോഷ്ടിച്ചത് വെറും ചെമ്പ് മാത്രമായിരുന്നു, അതിന് സ്വർണ്ണം പൂശാൻ ശ്രമിച്ച നമ്മളും ചെമ്പായി മാറി. സത്യമായ സ്വർണ്ണം ഭക്തരുടെ വിശ്വാസമായിരുന്നു. നമ്മളത മനസ്സിലാക്കിയില്ല."
അവൻ പോളിഷിംഗ് നിർത്തി.
"ഞാൻ പോളിഷിംഗ് നിർത്തിയിരിക്കുന്നു. ഇനി എന്നെ ശിക്ഷിക്കൂ," പത്മനാഭൻ വിളിച്ചുപറഞ്ഞു.
അയ്യപ്പൻ പുഞ്ചിരിച്ചു. "നീ മനസ്സിലാക്കിയെങ്കിൽ നിനക്ക് മോചനം. ഈ നരകത്തിന്റെ ശിക്ഷ, നീ ചെയ്ത പാപത്തെക്കുറിച്ച് നിത്യമായി ബോധവാനായിരിക്കുക എന്നതാണ്. നീ അത് നേടിയെടുത്തു."
അങ്ങനെ, സ്വന്തം ദൈവത്തെ കബളിപ്പിക്കാൻ കഴിയുമെന്ന് കരുതിയ ശബരിമലയിലെ സ്വർണ്ണ മോഷ്ടാക്കൾ അഭിനയിച്ച നിത്യതയിലെ ഡിവൈൻ കോമഡിക്ക് ഒരു താൽക്കാലിക തിരശ്ശീല വീണു. അവരിൽ ഒരാൾ മാത്രം മോചനം നേടി. മറ്റുള്ളവർ, സ്വർണ്ണത്തിന്റെ മായക്കാഴ്ചയിൽ എന്നും പോളിഷ് ചെയ്തുകൊണ്ടേയിരുന്നു.
Saturday, 15 November 2025
രമണിയും രഥോത്സവവും
കഥ - കെ എ സോളമൻ
ചേർത്തലക്കാരനായ ഞാനാണ് കഥാകാരൻ, വേണമെങ്കിൽ വി.ഡി. എന്നു വിളിക്കാം.വി. ദാസപ്പൻ എന്നാണെൻ്റെ മുഴുവൻ പേര്
കൈയ്യിലൊരു മുഷിഞ്ഞ കൈയ്യെഴുത്തുപ്രതിയും പേനയും തോൾസഞ്ചിയുമില്ലെങ്കിൽ എന്നെ ഒരു സാധാരണക്കാരനായേ ആരും കണക്കാക്കൂ. പക്ഷേ എൻ്റെ മനസ്സിൽ അപ്പോൾത്തന്നെ ഒരു വായനാവാരം ഒതുങ്ങിക്കിടപ്പുണ്ടാവും.
എൻ്റെ കഥാപാത്രങ്ങൾ പലപ്പോഴും ഒരു പ്രത്യേക സമുദായത്തിലോ ഭൂപ്രദേശത്തോ ഒതുങ്ങിനിൽക്കാറില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ പാലക്കാട്ടെ കൽപ്പാത്തിയിലാണ്. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ രഥോത്സവം കാണാൻ.
1425-ൽ നിർമ്മിച്ചതാണത്രേ ഈ പുരാതന ക്ഷേത്രം! അത്രയും പഴക്കമുണ്ടെങ്കിൽത്തന്നെ അതൊരു കഥാപാത്രമായി എൻ്റെ കഥയിൽ. അങ്ങനെ ഒരു നവംബർ മാസത്തെ തണുപ്പിൽ, പത്തുദിവസത്തെ ഉത്സവത്തിൻ്റെ ചൂടിലേക്ക് ഞാനങ്ങു പറിച്ചുനടപ്പെടുകയായിരുന്നു.
അവസാനത്തെ മൂന്നുദിവസത്തെ കാഴ്ചയാണ് ഹൈലൈറ്റ്. നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവരഥങ്ങൾ ഒരുമിച്ചുചേരുന്ന 'ദേവരഥ സംഗമം'.
ആർത്തുല്ലസിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കിടയിൽ തലയിൽ കൈവെച്ച് അത്ഭുതത്തോടെ ഞാൻ നിന്നു. ഒരല്പം മാറി, ആ നാല് രഥങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ച് വലിക്കുന്ന ഘോഷയാത്ര കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു മിന്നായം പോലെ ചില ചിന്തകൾ.
"അല്ലയോ രഥങ്ങളേ, നിങ്ങളെന്തിനാണ് കൽപ്പാത്തിയുടെ തെരുവുകളിൽ മാത്രം കറങ്ങുന്നത്? നിങ്ങൾക്കൊരു ബ്രേക്ക് എടുത്ത് വെളിനിലം വരെ വന്നാൽ എന്താണ് കുഴപ്പം?"
അതെ, എൻ്റെ സ്വന്തം ചേർത്തലയിലെ വെളിനിലം അമ്പലം. അവിടെയിപ്പോൾ 'തുള്ളുന്ന അമ്മംകുടങ്ങൾ' എന്ന പേരിൽ കുറച്ച് ചായപ്പൊടി ടിന്നുകൾക്ക് മുകളിൽ കുടങ്ങൾ വെച്ച് കറങ്ങുന്നതല്ലാതെ ഒരു രഥപ്രതാപവും ഇല്ല. ഈ കൽപ്പാത്തി രഥങ്ങളെപ്പോലെ നാലെണ്ണം വെളിനിലത്തെത്തിയാൽ എങ്ങനെയുണ്ടാവും?
ആ നാല് രഥങ്ങളിലും എൻ്റെ നാല് പ്രധാന കഥാപാത്രങ്ങളെ ഇരുത്തണം.
അങ്ങനെ വെളിനിലം രഥോത്സവത്തിൻ്റെ തിരക്കഥ മനസ്സിൽ എഴുതി മുന്നോട്ട് പോകുമ്പോളാണ് രഥം വലിക്കാൻ ഉപയോഗിക്കുന്ന വലുപ്പമുള്ള കയറുകൾ ഞാൻ ശ്രദ്ധിച്ചത്.
"ഹും, എന്ത് മനോഹരമായ കയറുകൾ! രഥം വലിക്കാൻ എന്നതിലുപരി ഇതിന് മറ്റുപയോഗങ്ങളുണ്ട്." എൻ്റെ കണ്ണുകൾ തിളങ്ങി.
രമണിപ്പശു. അമ്മ പോയപ്പോൾ എനിക്ക് ബാക്കിവെച്ച് പോയതാണ്. എന്തുകൊണ്ടോ അവളെ ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല. രമണിക്ക് , അതിപ്പോൾ കെട്ടഴിച്ചാൽ കാളയുടെ ചൈതന്യമാണ്. എവിടെപ്പോയാലും അതിന് കെട്ടാൻ കട്ടിയുള്ള കയറുകൾ കിട്ടാനില്ല. കടയിൽ ചോദിച്ചാൽ 300 രൂപ പറയും. ഈ ദേവരഥം വലിക്കുന്ന കമ്പാകളിൽ ഒരെണ്ണം സംഘടിപ്പിച്ചാൽ?
'രമണിക്ക് പുതിയ കയറ്, ഫ്രീ ഓഫ് കോസ്റ്റ്, അതും പുണ്യത്തിൻ്റെ കെട്ടുകൾ! കഥാകാരനെന്ന നിലയിൽ എനിക്കീ നർമ്മരസ സാധ്യത എങ്ങനെ ഒഴിവാക്കാൻ കഴിയും?' രഥത്തെ നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ നടന്നു.
കൽപ്പാത്തി രഥോത്സവം കാണാൻ വന്നതാണെങ്കിലും എൻ്റെ താമസരീതി ഒരു ആഢംബര ഹോട്ടലിലായിരുന്നില്ല. അല്ല അതിനവിടെ ആഡംബര ഹോട്ടൽ ഏതാണ് ഉള്ളത് ?
എന്നെ ഹഠാതാകർഷിച്ചത് ബ്രാഹ്മണ സമൂഹം മഠത്തിലെ 10 ദിവസത്തെ താമസമാണ്.
"അതിപ്പോൾ ഒരാൾക്ക് 100 രൂപ റൂം ഉണ്ട്. ഒരു ദിവസം രണ്ട് നേരം ശുദ്ധമായ വെജിറ്റേറിയൻ ഫുഡ് തൈര് സാദം അടക്കം."
ഈ 'തൈര് സാദം അടക്കം' എന്ന വാചകമാണ് എന്നെ പിടിച്ചിരുത്തിയത്. എൻ്റെ വീട്ടിലാണെങ്കിൽ, കടുക് താളിച്ച തൈര് ഒരു സാദമായി കൂട്ടാൻ പോലും എളുപ്പമല്ല. എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ അത് ഞാൻ തന്നെ ഉണ്ടാക്കണം. ഭാര്യ ആകും ഒരിക്കൽ എന്ന് ഉദ്ദേശിച്ച് നടന്നവൾ കൂടെ കൂടിയില്ല, അതാണ് കാരണം.
എന്നാൽ ഇവിടെ ഈ പത്തുദിവസം? വെറും തൈര് സാദവും, പായസവും, പരിപ്പു കറിയും. ഉരുളന്നാണെങ്കിൽ തൊലി കളയില്ല, തൊലിയിലാണ് ഗുണമത്രയും അത്യധികം ചെലവ് കുറഞ്ഞ, ശുദ്ധമായ ആഹാരം!
പത്താം ദിവസം, ഞാനാ മഠത്തിൽ വെച്ച് ഒരു തീരുമാനമെടുത്തു: "ഇനി വീട്ടിൽ ചെന്നാൽ വെജിറ്റേറിയൻ ആഹാരം മാത്രം! അത് ഞാൻ തന്നെ എൻറെ കൈകൊണ്ട് തയ്യാറാക്കും, എന്തുകൊണ്ടെന്നാൽ അത് തയ്യാറാക്കാൻ വേറെ ആരും എൻറെ കൂടെയില്ല ഞാൻ ഒറ്റയ്ക്കാണ്. അതുകൊണ്ട് എപ്പോഴും എൻ്റെ വയറും ആത്മാവും ശുദ്ധമാണ്. ഒരു കഥാകാരനാകുമ്പോൾ സ്വന്തമായി ഒരു ഉറച്ച നിലപാട് ഉണ്ടാകണം
ഈ തീരുമാനത്തിൽ ഞാൻ തെരുവിലൂടെ നടക്കുമ്പോളാണ് വഴിയോരക്കച്ചവടക്കാരുടെ മുത്തുമാല കടകൾ എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പല വർണ്ണത്തിലുള്ള മുത്തുകൾ. കണ്ടാൽ പഴയ കാലത്തിലേക്ക് മനസ്സു പറന്നു പോകും.
അവിടെ ഒരു മുത്തുമാല കഴുത്തിൽ അണിഞ്ഞ, ചിരിക്കുന്ന ഒരു യുവതിയുടെ ചിത്രം എൻ്റെ മനസ്സിൽ തെളിഞ്ഞു. ശ്രീദേവി. എൻ്റെ പ്രിയകാമുകിയായിരുന്നു അവൾ. എപ്പോഴും ചിരിക്കുന്ന അവൾക്ക് മുത്തു പോലുള്ള പല്ലുകൾ ആയിരുന്നു.
വർഷങ്ങൾക്കുമുമ്പ്, ഞാനവൾക്ക് ഒരു മുത്തുമാല വാങ്ങി നൽകിയിട്ടുണ്ട്. അതിന് പിന്നിലൊരു രഹസ്യമുണ്ട്. അന്ന് എൻ്റെ കൈയ്യിൽ അധികം പണയില്ല. അവളുടെ പിറന്നാളിന് കൊടുക്കാൻ വേണ്ടിയുള്ള പണവുമായി കടയിൽ പോയപ്പോൾ, "ഇതൊരു പ്ലാസ്റ്റിക് മുത്തുമാലയാണ് ചേട്ടാ, ഒറിജിനലിൻ്റെ രൂപത്തിലുള്ളത്. വില 25 രൂപ."
ഞാനത് വാങ്ങി, വലിയ വില കൊടുത്ത് വാങ്ങിയതാണെന്ന് അവളോട് കള്ളം പറഞ്ഞു. അവളത് വിശ്വസിച്ചു.
"ശ്രീദേവി, ആ മുത്തുമാല ഇന്നും നിൻ്റെ അലമാരയിൽ ഉണ്ടാകുമോ?" ഞാനൊരു നെടുവീർപ്പിൽ വീണു.
വിധി മറ്റൊന്ന് ആയതിനാൽ, പിന്നീട് അവളുടെ ജീവിതത്തിൽ എനിക്ക് സ്ഥാനമുണ്ടായില്ല.
കയ്യിൽ, പ്ലാസ്റ്റിക് മുത്തുമാല വാങ്ങാൻ പോലും പൈസയില്ലാത്ത ഒരു കഥാകാരന്, ഒരു ഡോക്ടറെ കാത്തിരുന്ന അവളുടെ ലോകത്ത് എങ്ങനെ ഇടം കിട്ടാനാണ്? അവളെവിടെയെന്ന് പിന്നീട് ഞാൻ അന്വേഷിച്ചില്ല
'കൽപ്പാത്തിയിലെ ഈ മുത്തുകൾ പോലും എന്നെ വേദനിപ്പിക്കുന്നുണ്ടല്ലോ,' ഞാൻ നിർവികാരതയോടെ ഓർത്തു.
മുത്തുമാലക്കടയിലെ ഓർമ്മകളിൽനിന്നും ബ്രാഹ്മണ മഠത്തിലെ തൈര് സാദത്തിൻ്റെ രുചിയിലേക്ക് ഞാൻ പെട്ടെന്ന് മടങ്ങി വന്നു. എന്തിനാണ് പഴയ കാര്യങ്ങൾ ഓർത്ത് എൻ്റെ വെജിറ്റേറിയൻ തീരുമാനങ്ങളുടെ പവിത്രത കളയുന്നത്?
ഞാൻ വീണ്ടും രഥോത്സവത്തിൻ്റെ മനോഹാരിതയിലേക്ക് ശ്രദ്ധ കൊടുത്തു
വിളനിലം ക്ഷേത്രത്തിൽ ഒരു മെഗാ ദേവരഥ സംഗമം സംഘടിപ്പിക്കണം. എല്ലാവർഷവും അത് ആവർത്തിക്കുകയും വേണം. രഥങ്ങൾ ഉണ്ടാക്കാനുള്ള പണം കണ്ടെത്തുന്നതെങ്ങനെ? നിസ്സാരം, ഭക്തിയുടെ കാര്യം പറഞ്ഞാൽ പണം മുടക്കാൻ ഒരു പടതന്നെ ഉണ്ട് നാട്ടിൽ.
വീട്ടിലെ രമണിക്ക് രഥം വലിക്കുന്ന കമ്പാകൾ സംഘടിപ്പിക്കണം. ആരും കാണാതെ ഒരെണ്ണം മുറിച്ചെടുത്താലോ? എന്നാലേ രഥോത്സവത്തിൻ്റെ പുണ്യം പൂർണ്ണമാവൂ.
ഇനി ജീവിതത്തിൽ വെജിറ്റേറിയൻ മാത്രം. ഇതൊരു ഉറച്ച തീരുമാനമാണ്, തൈര് സാദത്തിൻ്റെ മണം എപ്പോഴും പിന്തുടരുന്നു
ഇങ്ങനെയുള്ള ഒത്തിരി സ്മരണകളും ഭാവനകളുമാണ് എൻ്റെ ചിന്തയിലൂടെ കടന്നുപോയത്. കൽപ്പാത്തിയുടെ പത്തുദിവസത്തെ മഠം വാസവും, രഥോത്സവത്തിലെ കാഴ്ചകളും, പഴയ പ്രണയത്തിൻ്റെ മുത്തുമാലയും - എല്ലാം എൻ്റെ മനസ്സിൽ ഒരു വലിയ ബാഗിലാക്കി ഞാൻ തോളത്തിട്ടു. ഒരു തമിഴ് നോവൽ " അഗ്രഹാരത്തിൽ കളുതൈ " എഴുതണം.
"എൻ്റെ കഥാകാരജീവിതത്തിന് ഒരു ബൂസ്റ്റ് നൽകുന്നതായിരുന്നു കൽപ്പാത്തി വാസം, "ആണ്ടവാ , കാത്തുകൊള്ളണേ!"
ഈ ചിന്തകളോടെ, കൽപ്പാത്തിയിലെ അഗ്രഹാരത്തിൽ നിന്നും ഞാൻ ചേർത്തലയിലേക്ക് യാത്ര തിരിച്ചു.
വീട്ടിലെത്തിയതിൻ്റെ പിറ്റേന്ന് രാവിലെ, തൊഴുത്തിൽ ചെന്നപ്പോൾ രമണി സന്തോഷവതിയായി കാണപ്പെട്ടു. 10 ദിവസവും അയൽ വീട്ടിലെ തങ്കമ്മ ചേച്ചി രമണിയെ നന്നായി പരിപാലിച്ചിരിക്കുന്നു. അമ്മ വഴി ചേച്ചി ഒരു ബന്ധു കൂടിയാണ്.
എൻ്റെ കയ്യിലെ സാധാരണ കയറിൽ കിടന്ന് കറങ്ങുന്നവളായിരുന്നു രമണി.
"നിനക്കൊരു രഥക്കയർ ഒപ്പിക്കാൻ ഞാൻ ശ്രമിച്ചില്ലേ രമണീ...?" അവളോട് ഞാൻ ചോദിച്ചു. അവൾ തലയാട്ടി.
രഥോത്സവത്തിൻ്റെ എല്ലാ പുണ്യവും, രമണിയുടെ കയറും, തൈര് സാദത്തിൻ്റെ ഓർമ്മകളും എൻ്റെ മനസ്സിൽ ഒരു കഥയായി അലയടിക്കുന്നുണ്ടായിരുന്നു. ആ കഥയ്ക്ക് ഒരു പേരും ഞാനിട്ടു: 'രമണിയും രഥോത്സവവും,
* * *