മാതൃസാന്ത്വനം
പകലന്തി മാഞ്ഞേറെ -
നേരവും കടന്നു പോയ്
കടൽതീരംഒഴിഞ്ഞിതാ -
ആരവം നിലച്ചുപോയ്.
ഹൃദയം തകർത്താടും
കിതപ്പിന്റെ മുഴക്കങ്ങൾ
കടൽതിര മായ്ക്കാത്ത
ഇളം പാദമുദ്രകള്‍.
തീരത്തെ കുഴികളിൽ
തിമിർത്താടും ഞണ്ടുകൾ
തേങ്ങലായി ഉതിരുന്ന
മൃദു സ്വനം കേട്ടുവോ?
നെഞ്ചിലെ കളിത്തട്ടിൽ
ദുഃഖത്തിൻ നിഴലാട്ടം
ഉള്ളിലായാഴ്ന്നിറങ്ങും
ശോകമാം വജ്രമുന
രാവിന്നു മിഴിവേകാൻ
പാല്‍നിലാ മറന്നു പോയ്
പഞ്ചാരമണിലിലായ്
കണ്ണീർക്കണമലിഞ്ഞു പോയ്
ഓർമ്മകൾ മെല്ലെയീ -
നെഞ്ചകം പിളർക്കുമ്പോൾ
മുകമായി പകച്ചുപോയ്,
മനസ്സും കിനാക്കളും
ഒരു വർണ്ണക്കടലാസിൽ
പൊതിഞ്ഞൊരാ റോസാദളം
വിരലിന്റെ ഞെരുക്കത്തിൽ
പാഴ് മണലിൽ ലയിച്ചു പോയ്
ഓര്‍മ്മകളുറങ്ങുന്ന
വഴിയങ്ങോട്ടദൃശ്യമാ-
ണെങ്കിലും കേൾക്കുന്നു ഞാൻ
അമ്മേ. നിൻ സാന്ത്വനം
നിൻ മൃദുസാന്ത്വനം !
- കെ എ സോളമൻ
No comments:
Post a Comment