കഥ
പടിഞ്ഞാറൻ കാറ്റ്
മാസാന്ത്യ സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കവിത യെഴുതാൻ ഇരുന്നതാണ്, വിഷയം കിഴക്കൻകാറ്റ്.
മാസത്തിൽ നാലെണ്ണമെന്ന കണക്കിൽ സാഹിത്യ ട്രൂപ്പുകളുടെ സംഗമമുണ്ട്. ഒരെണ്ണത്തിൽ ഏതെങ്കിലും വിഷയ കേന്ദ്രീകൃത ചർച്ചയാണെങ്കിൽ മറ്റൊല്ലാറ്റിലും കഥ, കവിത എന്നിവയുടെ ആവിഷ്കാരമാണ്. കവി സ്വന്തം കവിത ചൊല്ലുക, കഥാകാരൻ സ്വന്തം കഥ വായിക്കുക, ഊഴം കാത്തിരിക്കുക, മറ്റു കവികൾ ഇവയെല്ലാം കേൾക്കുക എന്നതാണ് ചിട്ട
ഒരേ രണ്ടുവരിക്കവിത തന്നെ പല വേദികളിൽ പലതവണ വായിക്കുന്ന കവികളുമുണ്ട്. രണ്ടുവരിക്കവിതയെ രണ്ടുതരിക്കവിത യെന്നു വിളിച്ചാലും തെറ്റില്ല. കവിത വായിക്കാൻ എഴുന്നേറ്റു പോകുകയും പെട്ടെന്നു തിരികെ എത്തുകയും ചെയ്യുന്നതാണ് ഇത്തരം കവിതകളുടെ പ്രധാന ലക്ഷണം.
എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഒരേ കവിത തന്നെ പല വേദികളിൽ ആവർത്തിക്കുന്നതിൽ താല്പര്യമില്ല. അതു കൊണ്ടാണ് പുതിയ വിഷയമായ കിഴക്കൻ കാറ്റിനെക്കുറിച്ചെഴുതാൻ തെക്കു- വടക്കു വീണു കിടക്കുന്ന ചില്ലിത്തെങ്ങിന്റെ നടുവിൽ കയറി ഇരുന്നത്. നല്ല കിഴക്കൻ കാറ്റ് കിട്ടുകയും ചെയ്യും
വീണു കിടക്കുന്ന തെങ്ങിനെ പറ്റി പറയാവുണ്ട്, തെക്കോട്ടു വീണാണ് കിടക്കുന്നതെങ്കിൽ അത് അവിടെത്തന്നെ കിടക്കും. ഈ തെങ്ങിന്റെ കാര്യം വെച്ചു നോക്കിയാൽ അതും ശരിയുമാണ്. എത്ര മാസമായി ഈ തെങ്ങു ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ഇതിന്റെ ഉടമസ്ഥന് തെങ്ങ് വേണ്ട. എടുത്തോണ്ടു പോയ്ക്കോ എന്നു പറഞ്ഞിട്ടും ആർക്കും വേണ്ട, കൂലി ചെലവാണ് പ്രശ്നം
വീണു കിടക്കുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. ആർക്കും വേണ്ടാത്ത അവസ്ഥ, അത് അതിദയനീയമാണ്.
ആരെങ്കിലും തന്നെ നോക്കി വരുന്നുണ്ടോ എന്ന മട്ടിൽ തെങ്ങിന്റെ തല തൊണ്ണൂറു ഡിഗ്രി വളവിൽ മേലോട്ടു വളർന്നിട്ടുണ്ട്, തേങ്ങയില്ലാതെ ഏതാനും ഓലകളുമായി
കിഴക്കൻ കാറ്റിനായി കാത്തിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറുനിന്നു കാറ്റു വീശാൻ തുടങ്ങി, കാറ്റിന്റെ ശക്തി കൂടി വന്നു. ഒരു പക്ഷെ, അല്ല തീർച്ചയായും മഴ പെയ്യും
പടിഞ്ഞാറൻ കാറ്റ് എന്നെ തോളിലേറ്റിയത് പഴയൊരു കാലത്തേയ്ക്കാണ്, കോളജിലെ പ്രീഡിഗ്രി കാലം, കൗമാര പ്രണയത്തിന്റെയും അനശ്വര പ്രേമത്തിന്റെയും കാലം.
പക്ഷെ ഇവിടെ പ്രണയത്തിനു തത്കാലം സ്ഥാനമില്ല. പ്രണയ ഭക്ഷ്യമേളയൊക്കെ നടക്കുന്ന ഇക്കാലത്തെ പ്രണയമായിരുന്നില്ല, അന്നത്തെ വിഷാദഗാന പ്രണയങ്ങൾ
ജനൽ തുറന്നിട്ടാൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കടന്നു പോകും ക്ളാസ് മുറിയിലൂടെ. വീട്ടിൽ നിന്നു തന്നു വിടുന്ന ചോറും കടല മെഴുക്കുപുരട്ടിയും കഴിച്ചാൽ ഉച്ചയ്ക്കുശേഷം ഉറങ്ങിയാൽ എന്തെന്ന തോന്നലാണ് എപ്പോഴും.
രണ്ടു മണിക്കാണ് തോമച്ചൻ സാറിന്റെ ഫിസിക്സ് ക്ളാസ്. കെ എക്സ് തോമസ് എന്നാണ് ശരിക്കും പേര്.
തോമാച്ചൻ സാറിനെക്കുറിച്ചു പറഞ്ഞില്ല. സാറു് അതിബുദ്ധിമാനെന്നു ഒരു കൂട്ടം കൂട്ടികളും ഇത്തരം ബുദ്ധി കൊണ്ട് ആർക്കെന്തു പ്രയോജനമെന്നു ചിന്തിക്കുന്ന മറ്റൊരു വിഭാഗം കുട്ടികളുമാണ് ക്ളാസിൽ. സാറ് അതിബുദ്ധിമാനെന്നു ഒരു വിഭാഗം കുട്ടികൾ ചിന്തിക്കാൻ കാരണമെന്തെന്നു വെച്ചാൽ മരപ്പല കയിൽ തയ്യാറാക്കിയ ഒരു റേഡിയോ സർക്യൂട്ട് അദ്ദേഹം ക്ളാസിൽ കൊണ്ടുവരുകയും അതിൽ നിന്ന് ആദ്യമേ തന്നെ പാട്ടുകേൾപ്പിക്കുകയും ചെയ്തിരുന്നു. ഡയോഡ് വാൽവ്, ട്രയോഡ് വാൽവ് എന്നിവ അധ്യാപകർക്കു പോലും ശരിക്കറിയാത്ത കാലത്ത് ഇങ്ങനെയൊരു നിർമ്മതി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സാറിനെ ഭക്ത്യാദരവോടെ നോക്കാൻ ഇതായിരുന്നു ഒരു കാരണം. പിന്നെ ഓരോ ചോദ്യത്തിനും എങ്ങും തൊടാതുള്ള അദ്ദേഹത്തിന്റെ മറുപടിയും.
പക്ഷെ സത്യം പറയാമല്ലോ, സാറിന്റെ ക്ളാസ് അറുബോറായിരുന്നു. സാറ് എന്താണ് പഠിപ്പിക്കുന്നതെന്നു പല കുട്ടികൾക്കും മനസ്സിലായിരുന്നില്ല. പക്ഷെ അധ്യാപകരായാൽ ഇങ്ങനെ വേണം എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞിരുന്നത്.
പുസ്തകം നോക്കി പഠിപ്പിക്കുന്നതാണ് സാറിന്റെ രീതി. അല്ലാതെ .വീട്ടിലിരുന്നു കാണാതെ പഠിച്ചു വന്നിട്ടു ക്ളാസിലെത്തി. മറന്നു പോയാൽ തെറ്റു പഠിപ്പിക്കുന്നത രീതി സാറിനില്ല.
പത്താം ക്ളാസിലെ പോലെ എല്ലാ കോളജുകളിലും ഫിസിക്സ് പഠിപ്പിക്കാൻ ഒരേ പുസ്തകമല്ല ഉപയോഗിച്ചിരുന്നത്. വിഷയം ഒന്നുതന്നെ യാണെങ്കിലും വ്യത്യസ്ത എഴുത്തുകാരുടെ പുസ്തകമാണ് ഫോളോ ചെയ്തിരുന്നത്. പത്തമ്പതു കൊല്ലം മുമ്പ് പ്രീ ഡിഗ്രി പഠിച്ചവർക്ക് ഈ കാര്യമൊക്കെ നന്നായറിയാം
ക്രിസ്ത്യൻ കോളജായതുകൊണ്ടാവണം ഞങ്ങളുടെ കോളജിൽ സി .ജെ ഡാനിയേൽ, പി-എ ഡാനിയേൽ, യു-വി ജോൺ, പി ഐ പോൾ എന്നിവരുടെ പുസ്തകമാണ് ഫിസിക്സ് പഠിക്കാനായി വാങ്ങിയിരുന്നത്. എസ്.എൻ കോളജിലാവട്ടെ കേശവൻ, കുമാരൻ, വൽസൻ എന്നിവരുടെ പുസ്തകമായിരുന്നു. കുറച്ചങ്ങോട്ടു മാറി കായംകുളം എം എസ് എം കോളജിൽ സിറാജുദ്ദീൻ, മൊയ്ദീൻ കുഞ്ഞ്, ഹസൻ, ഫാത്തിമ എന്നിവരുടെ പുസ്തകമായിരുന്നു. ജാതീയമായ വേർതിരിവ് പുസ്തകം ഫോളോ ചെയ്യുന്ന കാര്യത്തിൽ പ്രകടമായിരുന്നെങ്കിലും ന്യൂട്ടന്റെ ചലന നിയമങ്ങളും, ഉത്തോലകതത്വങ്ങളും ഡാനിയേലിന്റെയും, കേശവന്റെയും സിറാജുദ്ദീന്റെയും പുസ്തകങ്ങളിൽ ഒന്നു തന്നെയായിരുന്നു. അന്നും ഇന്നും ശാസ്ത്ര വിഷയങ്ങളുടെ പുസ്തകമെഴുത്തെന്നത് പുരാണങ്ങൾ പകർത്തുന്നതു പോലെ വരുമാനം കിട്ടുന്ന ഒരു വിനോദമായിരുന്നു.
ഡാനിയേലിന്റെ പുസ്തകവുമായി തോമച്ചൻ സാർ ഉച്ചയ്ക്കു രണ്ടു മണിക്ക് ക്ളാസിൽ കയറിവരും. അപ്പോൾ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ടായിരിക്കും. പാതി കൂമ്പിയ കണ്ണൂകൾ പണിപ്പെട്ടുതുറന്ന് അക്ഷമരാകാൻ ഞങ്ങൾ കുട്ടികൾ പാടുപെടും.
തോമച്ചൻസാർ വലതു കൈയ്യിൽ ചോക്കു പിടിക്കും. ഇടതു കൈയ്യ് കൊണ്ട് ഡാനിയേലിന്റെ പുസ്തകത്തിന്റെ നട്ടെല്ലിൽ പിടിച്ച് പടിഞ്ഞാറൻ കാറ്റിനെതിരെ കാണിക്കും. കാറ്റടിച്ചു തുറന്നു വരുന്ന പുസ്തകത്താൾ അദ്ദേഹം വിരൽ കടത്തി വേർതിരിക്കും. എന്നിട്ട് അതങ്ങു പഠിപ്പിക്കും. അങ്ങനെ ഓരോ ദിവസവും കാറ്റത്തു തുറന്നു വരുന്ന പേജാണ് ഫിസിക്സ് എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. ഒരു ദിവസം തുറന്നു വീണത് ഓതേഴ്സിന്റെ പേരെഴുതിയ ആദ്യ പേജായിരുന്നു. അദ്ദേഹം പറഞ്ഞു, സി.ജെ ഡാനിയേൽ തേവര എസ് എച്ച് കോളെജിലെ പ്രഫസറാണ്, പി എ ഡാനിയേലും അവിടെ തന്നെ പ്രഫസർ, യു. വി ജോണും പി ഐ പോളും തൊടുപുഴ ന്യൂമാൻ കോളജ് പ്രഫ സേഴ്സ്. കൈവെട്ടു ജോസഫ് സാറിന്റെ പൂർവികർ എന്നുകൂടി പറഞ്ഞേനെ ഇന്നായിരുന്നെങ്കിൽ.
ഈ പടിഞ്ഞാറൻ കാറ്റ് അഭ്യാസത്തിൽ മറ്റുള്ള അധ്യാപകരുടെ പോർഷനും തോമാച്ചൻ സാർ ഞങ്ങളെ പഠിപ്പിച്ചു. അത് ഡിപ്പാർട്ടുമെന്റിൽ സംഘർഷത്തിനു കാരണമായിട്ടുണ്ടോ യെന്ന കാര്യം വ്യക്തമായി ഓർക്കുന്നില്ല. അന്നുമിന്നും ഒരധ്യാപകന്റെ ടോപ്പിക് വേറൊരു അധ്യാപകൻ കയറിയെടുക്കുന്നത് ആരും ഇഷ്ട്ടപെട്ടിരുന്നില്ല.
കാറ്റു അതിശക്തമായി വീശിത്തുടങ്ങി. മഴത്തുള്ളികൾ കനത്തിൽ തലയിലും ഇരിക്കുന്ന തെങ്ങിലുംപതിച്ചു. കിഴക്കൻ കാറ്റിനെക്കുറിച്ച് കവിത പിന്നീടാകാം എന്ന് കരുതി ഞാൻ വീട്ടിലേക്ക് അതിവേഗം നടന്നു.
No comments:
Post a Comment